2015, ഡിസംബർ 2, ബുധനാഴ്‌ച

അഭിസാരിക


ഏകാന്തതയുടെ കരാളഹസ്തത്തിലകപ്പെട്ടൊരു
തരുണിയെ പ്രണയമാം ചാപല്യം കൊണ്ടുനീ
കീഴ്പെടുത്തിയിന്നുനീയവളുടെ നഗ്നമാം
ചിത്രം കാട്ടി വിലപേശീടുന്നുവോ
എന്നിട്ടും നീ വിളിക്കുന്നു അഭിസാരികയെന്ന്.


ജീവിതത്തിന്‍കയ്പേറും നുകംപേറുമവള്‍
നിന്‍ പ്രലോഭനങ്ങളില്‍ വീണൊരുനിമിഷം
എല്ലാംനിന്‍മുന്നിലര്‍പ്പിച്ചു സര്‍വ്വവുംനഷ്ടമാക്കി
നിര്‍വികാരയായി നില്‍ക്കുന്നുനിന്‍മുന്നില്‍
എന്നിട്ടും നീ വിളിക്കുന്നു അഭിസാരികയെന്ന്.

വിശക്കുമൊരുചാണ്‍ വയറിനായി കേഴുമവളുടെ
ശരീരത്തില്‍ പതിക്കുന്നു കഴുകന്‍പോല്‍
നിനക്ഷികള്‍ കാമാവേശത്തോടെ വിലപേശുന്നു
എന്നിട്ടും നീ വിളിക്കുന്നു അഭിസാരികയെന്ന്.

രാത്രിയുടെ യാമങ്ങളില്‍ ആസക്തി പൂണ്ട് പുണരുന്നു
നീയവളെ രാവില്‍ എല്ലാംമറന്നീടുന്നു നാലാള്‍ കൂടും-
കവലയിലവളെ കണ്ട്മുട്ടിയാല്‍ നിനക്കപരിചിത
കാര്‍ക്കിച്ചു തുപ്പുന്നു ഉണരുന്നു സദാചാരബോധം
എന്നിട്ട് നീ വിളിക്കുന്നു അഭിസാരികയെന്ന്.

മക്ഷികളെ പിടിക്കാനായി വലനെയ്യുമെട്ടുകാലിപോല്‍
ഉറക്കമിളച്ചു കാത്തിരിക്കുന്നു കാപാലികര്‍
മൊഴിയുന്നുവാക്കുകള്‍ പലതും കെണിയിലാക്കാന്‍
കാഴ്ചവക്കുന്നുപലര്‍ക്കുമിരകളെ വഴിപിഴച്ചൊരുസമൂഹം,
എന്നിട്ട് വിളിക്കുന്നു അഭിസാരികയെന്ന്.



.