2018, മാർച്ച് 6, ചൊവ്വാഴ്ച

വാണിജ്യം

മണ്ണും മലയും മാമരചില്ലയും
ഗേഹവും ഗേഹിയും മറന്നൊരു കൂട്ടര്‍
മാതൃത്വമേറും അമ്മിഞ്ഞപ്പാലിലും
വാണിജ്യതന്ത്രങ്ങള്‍ മെനയുന്നുവോ!

സേവനം മാറി സമ്പാദ്യമേറുമ്പോള്‍
ആദര്‍ശത്തിലെങ്ങും മാറാല മൂടുന്നു
അക്കങ്ങള്‍ക്കായി വെമ്പുന്ന ലോകമേ
ബന്ധങ്ങളൊക്കെ ബന്ധനമാകുന്നുവോ

വീണ്ടുമുയരുന്നു മനുസ്മൃതികള്‍
കാലചക്രങ്ങള്‍ തിരിഞ്ഞു കറങ്ങുന്നു
ശിലായുഗവും നാണിച്ചു പോകും
ശിലാഹൃദയത്തിനവകാശികളെങ്ങും


ചൂഷണമേറിയ ചഷകമേറെ
കഞ്ചുകം മൂടിയ കാപട്യമെങ്ങും
ഉപഭോഗമാക്കുന്നു പെണ്ണുടലെങ്ങും
കൂട്ടിനായെങ്ങും കാമിനികളേറെ


തൂലിക ചലിച്ചാല്‍ കൊല്ലുന്നു കൂട്ടര്‍
ഭിക്ഷുവിന്‍ കരങ്ങള്‍ അരിയുന്ന ലോകം
അന്നത്തിനായി പൊരിയുന്ന വയറുകള്‍
വിലയായി നല്കുന്നു വിലപ്പെട്ട ജീവന്‍

കാക്കുക കരുതുക കാത്തിരിക്ക
മണ്ണും മനസ്സും പൂക്കളും പോലും
വര്‍ഗീയവാദികള്‍ മുദ്ര പതിക്കുന്നു
കാഴ്ചകളെല്ലാമേ മരീചികയാകുന്നു-


മരുപ്പച്ച