2018, ജനുവരി 22, തിങ്കളാഴ്‌ച

വീണ്ടും ജനുവരി


     
 
പര്‍ണം പൊഴിച്ചു വര്‍ണ്ണം വിതച്ച്
ഭൂമിയെ പുണര്‍ന്ന് വൃക്ഷലതാദികള്‍
മഞ്ഞില്‍ കുളിച്ചൊരു ശിഖരവുമായി
ജനുവരി പെണ്ണിനെ കാത്തിരിക്കുന്നു

പുതുവര്‍ഷത്തിന് നറുമണം പകര്‍ന്നിതാ
തൂവെള്ള പൂക്കള്‍ നിറഞ്ഞു നിരന്നിതാ
പ്രണയവും മോഹവും ചിന്തയുമെല്ലാം
ജനുവരി പെണ്ണേ നിനക്ക്  മാത്രം !

കുലായമൊരുക്കി കുഞ്ഞിനെ കാണാന്‍
കാത്തിരിക്കുന്നു വാനമ്പാടികള്‍
സ്വപ്നങ്ങളൊന്നായ് പൂക്കുന്ന മാസം
സുന്ദരിപെണ്ണേ ജനുവരി നീയേ !

കാലത്തിന്‍ വേദനയൊന്നു മറക്കുവാന്‍
പ്രതീക്ഷതന്‍ നൗകയില്‍ യാത്രയായിടുവാന്‍
ധനുമാസകുളിരില്‍ പൂത്തുലയുമീ
ജനുവരിയെ  നിന്നെ സ്വഗതമേകുന്നു

ചൂടിനാല്‍ മൂടിയ ഭൂമിക്ക് പുതപ്പായ്
നിരന്നു നിരയായ മഞ്ഞുകണങ്ങളും
മഞ്ഞിനാല്‍ തീര്‍ക്കും മഞ്ഞുമനുഷ്യനും
ജനുവരി പെണ്ണേ നിന്‍റെ മാത്രം

ധനുവും മകരവും പങ്കിട്ടെടുത്ത്
കൈരളിക്കിവള്‍ അലങ്കാരമായി
ആദിയുമന്ത്യവും പ്രവചിച്ചിതാ
ജാനുസ്ദേവന്‍ ജനുവരിയായ്

മരുപ്പച്ച




2018, ജനുവരി 21, ഞായറാഴ്‌ച

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍-ജേക്കബ് തോമസ്‌

             

ആത്മകഥകള്‍ ഓരോ കാലഘട്ടത്തിലേയും ചരിത്രമാണ്, ഒരാളുടെ കാലശേഷം പുറത്ത് വരുന്ന ജീവചരിത്രത്തേക്കാളും  എഴുതിയ ആളുടെ വര്‍ത്തമാനകാലത്തിലൂടെ ആ പുസ്തകം ചര്‍ച്ച ചെയ്യപ്പെടുന്നുവെങ്കില്‍ അതാണ്‌ ചരിത്രത്തോട് കാണിക്കുന്ന നീതിബോധമെന്ന് പറയാം. ഇത്തരം ചിന്തക്ക് ആക്കം കൂട്ടുന്നതാണ് അടുത്ത കാലത്തായി കേരളസമൂഹത്തേയും ഭരണസിരാകേന്ദ്രത്തേയും രാഷ്ട്രീയ കോമരങ്ങളുടേയുമിടയില്‍ ചര്‍ച്ചക്കും കുറെയേറെ അധികാരകേന്ദ്രങ്ങളുടെ എതിര്‍പ്പിനും കാരണമായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം. ഈ പുസ്തകം സാധാരനക്കാരായ  നമുക്ക്  മുന്നില്‍ തുറന്നുവയ്ക്കുന്നത്  രണ്ട് തരത്തിലുള്ള ചിന്തകളാണ്.പുതുതലമുറയ്ക്ക് ഉന്മേഷവും നേര്‍കാഴ്ചയും ഈ പുസ്തകത്തിന്‍റെ ആദ്യഭാഗങ്ങള്‍ നല്കുമ്പോള്‍ രണ്ടാം ഭാഗം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും രാഷ്ട്രീയ-ഉദ്യോഗസ്ഥതലത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളും കേരളത്തിന്‍റെ വികസന സാധ്യതകളും തടസ്സങ്ങളും ചൂണ്ടിക്കാണിക്കുന്നു. സരളമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ടതും സമഗ്രമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുമാണ്.

                                                            കോട്ടയം ജില്ലയിലെ തീക്കോയിയെന്ന ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച് ഭരണസിരാകേന്ദ്രത്തിലെ പ്രധാന പങ്ക് വഹിച്ച് വര്‍ത്തമാനകാലത്ത് മലയാളി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണ് ജേക്കബ് തോമസ്‌ എന്ന  IPS-കാരന്‍. തീക്കോയി ഗ്രാമത്തിലെ ഒരു മലയാളം പള്ളിക്കൂടത്തില്‍ പഠിച്ച് മണ്ണിനേയും മരങ്ങളേയും മീനാച്ചലാറിനെയും മനുഷ്യരേയും സ്നേഹിച്ച് പ്രകൃതിയുടെ സ്പന്ദനമറിഞ്ഞ്  സിവില്‍ സര്‍വീസ് കരസ്ഥമാക്കി മാതൃരാജ്യത്തിനുവേണ്ടി സേവനം ചെയ്യാന്‍ താല്പര്യം കാണിച്ച  വ്യക്തി തീര്‍ച്ചയായും പുതുതലമുറയ്ക്ക് ഒരു വഴികാട്ടി തന്നെയാണ്. ജന്മം കൊള്ളുമ്പോള്‍ മുതല്‍ എന്‍ജിനിയറെയോ ഡോക്ടറെയോ സിവില്‍ സര്‍വീസ് കാരനെയോ വാര്‍ത്തെടുക്കാന്‍ വെമ്പുന്ന പുതുവിദ്യാഭ്യാസസമ്പ്രദായങ്ങള്‍ക്ക് ഇത്തരം വായനകള്‍ നന്നായിരിക്കും.

                                                     രാഷ്ട്രീയക്കാര്‍ക്ക് ദല്ലാള്‍ പണി ചെയ്യുന്നതല്ല ഒരു സിവില്‍ സര്‍വീസ്സ് കാരന്‍റെ പണിയെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് തന്‍റെ ഔദ്യോഗിക ജീവിതമെന്ന് മുന്നോട്ടുള്ള വായനയില്‍ കാണാം. സാമൂഹിയസേവനം ചെയ്യാന്‍ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന് തന്‍റെ മുപ്പത്‌ വര്‍ഷത്തെ സേവനത്തിനിടയില്‍ മുപ്പതിലേറെ സ്ഥലമാറ്റം, ഇതുതന്നെയാണ് രാഷ്ട്രീയരംഗത്തെ മലീമസമായ ഇന്നത്തെ അന്തരീക്ഷത്തെ ചൂണ്ടികാട്ടാന്‍ പറ്റിയ ഉദാഹരണവും. ഓരോ സ്ഥലമാറ്റവും  ഒരു വ്യക്തിയുടെ മനോവീര്യത്തെ എത്രത്തോളം ബാധിക്കുമെന്ന്‍ ഈ പുസ്തകത്തിന് മനോഹരമായ ആമുഖമെഴുതിയ  ഇ -ചന്ദ്രശേഖര്‍ വ്യക്തമായി പറയുന്നു.
കൊച്ചിയിലെ ഒരു ബാറില്‍ നടന്ന റയിഡും അതോടൊപ്പം അറസ്റ്റിലാകുന്ന പോലീസ് ഏമാന്മാരും കൊച്ചിയില്‍ നിന്നുമുള്ള സ്ഥാനചലനവും ഒരു സിനിമാ കഥപോലെ വായിച്ചെടുക്കാം.ബാര്‍കോഴവിവാദവും അഗ്നിശമന സേനയിലേയ്ക്കുള്ള മാറ്റവും അടൂര്‍ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ഫയര്‍ എന്‍ജിന്‍  കൊടുക്കാഞ്ഞതും പാറ്റൂര്‍ കേസും ഉയര്‍ന്ന കെട്ടിടങ്ങളില്‍  അഗ്നിശമനത്തിനായുള്ള അവശ്യസര്‍വീസുകള്‍ സ്വീകരിച്ചതുംഫ്ലാറ്റ് നിര്‍മ്മനക്കാരുടെ അപ്രിയങ്ങള്‍ക്കും നിയമം പാലിക്കാത്ത ഉദ്യോഗസ്ഥസമൂഹത്തിനും അപ്രിയക്കാരനായി മാറുന്നു.ഹോര്‍ട്ടി കോര്‍പ്പറേഷനില്‍ വരുത്തിയ  മാറ്റങ്ങളും ജലഗതാഗതത്തില്‍ കേരളത്തിന്‌ മുന്നിലുള്ള സാധ്യതകളും ഒരു സൂചിക പോലെ ഈ പുസ്തകത്തില്‍  തെളിഞ്ഞു കാണാം. കടലും കായലും കൃഷി ഭൂമിയും കൊണ്ട് സമ്പന്നമായ കേരളം ജലഗതാഗതവും കൃഷിയും അപ്പാടെ അവഗണിക്കുകയാണ്, മണ്ണിന്‍റെ മണമറിഞ്ഞ ഒരാള്‍ക്ക്‌ മാത്രമേ ഇത്തരം ചിന്തകള്‍ നമുക്ക് തരാന്‍ സാധിക്കൂ.

                                                ഒരു കാലത്ത് കേരളത്തില്‍ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ജനങ്ങള്‍ക്കിടയില്‍  ഏറ്റവും കൂടുതല്‍ ഇടപെട്ടത് സപ്ലൈകൊയാണ് അത് അഴിമതിയുടെ കേദാരമായി മാറിയതും അന്വേഷണങ്ങളും  വ്യക്തമായി പരാമര്‍ശിക്കുന്നു. അഴിമതിക്കാരനായ ഒരാളെ കുരുക്കാന്‍ ഋഷിരാജ് സിങ്ങുമായി ചേര്‍ന്ന് നടത്തിയ ശ്രമവും, ആ ഉദ്യമത്തില്‍ ജേക്കബ് തോമസ്‌ എന്ന IPS കാരന് സ്ഥലമാറ്റവും, പത്തൊന്‍പത് കേസുള്ള അഴിമതിക്കാരന്‍ രക്ഷപ്പെട്ടതും വായിക്കുമ്പോള്‍ -ഒരു IPS കാരനായ ഉദ്യോഗസ്ഥന് ഈ ഗതിയെങ്കില്‍ ഈ നാട്ടില്‍ സാധാരണക്കാരനോ നേരായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജോലിക്കാരനോ എന്ത് നീതി ലഭിക്കും അല്ലെങ്കില്‍ നീതിക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുമോ ? ചെറിയ അഴിമതിയെ നമ്മള്‍ തുടച്ചുമാറ്റുമ്പോള്‍ വലിയ അഴിമതികള്‍ നമ്മളെ തുടച്ചുമാറ്റുമെന്ന് ഈ പുസ്തകം മുന്നറിയിപ്പ് നല്കുന്നു. അഞ്ച് കോടി രൂപയ്ക്ക് പലവ്യന്ജനങ്ങള്‍ക്ക് കരാര്‍ നേടിയ ആള്‍ അഞ്ഞൂറ് രൂപപോലുമില്ലാത്ത ഒരു ഡ്രൈവര്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തല്‍ ബിനാമി അഴിമതിയുടെ അദ്ധ്യായം തുറന്നു കാട്ടുന്നു.Kerala Filim Development Corporation -ല്‍ ഡയറക്ടര്‍ ആയിരിക്കെ ചെയ്ത സേവനവും അന്‍പത് ഏക്കര്‍ കാട് പിടിച്ചു കിടന്ന ഭൂമി ഉദ്യോഗസ്ഥരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം മൂലം പൂന്തോട്ടമാക്കിയത്, നല്ല നേതൃത്വമുണ്ടെങ്കില്‍ കേരള സമൂഹം ഉന്നതി പ്രാപിക്കുമെന്നുള്ളതിന് തെളിവാണ്.

                                                സുഗതകുമാരിയുമായി വനിതാ കമ്മിഷനിലുള്ള പ്രവര്‍ത്തനവും ഡോക്ടര്‍ വല്യത്താനുമൊത്തുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിലെ  പ്രവര്‍ത്തനവും ലോകായുക്തും അങ്ങനെ ഒത്തിരി സ്ഥാപനങ്ങളിലെ സാഹചര്യങ്ങളും സാധാരണക്കാരന് ഈ പുസ്തകത്തില്‍ നിന്ന് കിട്ടും. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒരു ഉദ്യോഗസ്ഥനെ ഭയപ്പെടേണ്ട കാര്യമുണ്ടോ എങ്കില്‍ എന്തിന് ? ഇതൊക്കെ വ്യക്തമാക്കേണ്ടത് മാറി മാറി വരുന്ന സര്‍ക്കാരുകളാണ്. ഇലക്ഷനില്‍ മത്സരിക്കുന്ന ക്രിമിനല്‍ സ്വഭാവമുള്ളവരെക്കുറിച്ചും അവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും കുറെയേറെ വിലയിരുത്തലുകള്‍ കാണാം.തൊഴില്‍ സംബന്ധമായ വേര്‍തിരിവുകളും മാറിവരേണ്ട തൊഴില്‍ സംസ്കാരത്തെയും കുറിച്ച് അവസാന ഭാഗങ്ങളില്‍ വിവരിക്കുന്നതോടൊപ്പം അധ്യാപകരാണ് ഒരു സമൂഹത്തിന്‍റെ ഭാവി തീരുമാനിക്കുന്നതെന്നും അധ്യാപക സമൂഹത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ചില ഉദാഹരണങ്ങളിലൂടെ വിവരിക്കുന്നു. തികച്ചും കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം അതിലുപരി    എല്ലാ സാധാരണമനുഷ്യരും  വായിച്ചിരിക്കേണ്ട പുസ്തകം---സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാകുന്ന അഴിമതിയെ തുടച്ചുമാറ്റാന്‍ കഴിവുള്ള നല്ല മനുഷ്യര്‍ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നതോടൊപ്പം  അന്ധമായ രാഷ്ട്രീയ തിമിരങ്ങല്‍ക്കപ്പുറം ഈ പുസ്തകം കടന്നു ചെല്ലട്ടെയെന്ന്‍ ആശംസിക്കുന്നു.

മരുപ്പച്ച
ഡൊമിനിക് വര്‍ഗീസ്‌
അബുദാബി