2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

വിഭജനങ്ങള്‍ --ആനന്ദ്


                                       
മാനവികതയെ ഉയര്‍ത്തികാട്ടാന്‍ ശ്രമിക്കുന്ന ഏതൊരു സൃഷ്ടിയും മനുഷ്യഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സാഹിത്യമെന്നത് കുറെ അക്ഷരങ്ങളുടെ കൂടിചേരലുകളല്ല മറിച്ച് ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാന്‍ കഴിയുന്ന വികാരമായിരിക്കണം, അത്തരം കൈമാറ്റം നടക്കണമെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും, പാര്‍ശ്വവല്ക്കരിക്കപ്പെട്ടവന്‍റെയും കൈപിടിച്ചുനടത്താനുതകുന്ന ചിന്തകള്‍ തൂലികയില്‍ വിരിയണം. തന്‍റെ ചുറ്റും നടക്കുന്ന നീതിനിഷേധവും ചൂഷണവും, പലായനങ്ങളും, അധിനിവേശവും ചൂണ്ടികാട്ടുന്ന ഏതൊരു ചിന്തയും, അത് നോവലാകാം, സഞ്ചാര സാഹിത്യമാകാം, കഥകള്‍ ആകാം, ചരിത്രമാകാം- പരിധിയില്ലാത്ത കലാരൂപങ്ങള്‍ ആകാം,  വെട്ടിമുറിക്കപ്പെടുന്ന ഒരു മരചില്ലയുടെ  വേദനയാകാം  ആത്യന്ത്യകമായി മനുഷ്യനന്മയായിരിക്കണം   ഉന്നം, അതാണ്‌ സാഹിത്യം. ശ്രീ ആനന്ദിന്‍റെ വിഭജനങ്ങളെന്ന നോവല്‍ ഇതില്‍ ഏത് ശാഖയില്‍ ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ച് അനുവാചകന് തെല്ല് സംശയമുണ്ടാകാം, കാരണം ശാസ്ത്രവും. ചരിത്രവും, വിഭജനങ്ങളും ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒത്തിരി എഴുത്തുകാരെക്കുറിച്ചുള്ള പരാമര്‍ശവും കൊണ്ടു വരിഞ്ഞുകെട്ടിയ ഒരു സൃഷ്ടിയാണ്, ഇത് പൂര്‍ണ്ണമായും വിവരങ്ങള്‍ നല്‍കുന്ന പുസ്തകത്തെക്കാളുപരി അറിവിന്‍റെ വലിയ ഒരു ലോകത്തിലേക്കുള്ള ചെറിയ ഒരു വാതിലാണ്.

                                                                     ചരിത്രത്തിന്‍റെ താളുകളിലോ ഭൂമിയില്‍ പ്രത്യകയിടമോ  കിട്ടാതെ പോയ ഒരു വിഭാഗമാണ്‌ ജിപ്സികള്‍ അവര്‍ മറ്റൊരു സംസ്കാരം കടമെടുക്കയോ അധിനിവേശങ്ങല്‍ക്ക് ശ്രമിച്ചതായോ രേഖകള്‍ ഇല്ല, എന്നാല്‍ അവര്‍ വഴിയാണ് കലകളും ചില സംസ്കാരങ്ങളും ഭൂമിയില്‍ നിലനിന്നിരുന്നത്.അഹമ്മദാബാദിലെ പ്രാന്തപ്രദേശവും ചേരികളും അവിടുത്തെ സംസ്കാരത്തേയും കുറിച്ചുള്ള നേര്‍ഴ്ചകളുമായി  കാംജിലാല്‍ എന്ന വക്കീലിലൂടെ എഴുത്തുകാരന്‍ നമ്മെ നടത്തുന്നു.രാജസ്ഥാനില്‍ നിന്ന് ഗുജറാത്തിലേയ്ക്ക് വന്ന ഒരു നാടോടി സംഘം അവിടെ സ്ഥിരമാകുന്നതും,  സുന്ദരിയായ പെണ്ണുങ്ങള്‍ ഖില്‍വാഡികള്‍ ആകുന്നതും, വ്യഭിചാരം വഴി ജീവിക്കുന്ന ബെന്‍ജാര സമൂഹത്തെക്കുറിച്ചും ഹര്‍ഷ് മന്‍ടെര്‍ എന്ന സാമൂഹികപ്രവര്‍ത്തകന്‍റെ റിപ്പോര്‍ട്ടുകളെക്കുറിച്ചും പരാമര്‍ശിക്കുന്നു. ഗുജറാത്തിലെ എണ്ണപ്പാടങ്ങളിലെ തന്‍റെ ഔദ്യോഗിക ജീവിതവും, ചര്‍ച്ചകള്‍ക്കിടയില്‍ പ്രതിപാദിക്കുന്ന കോങ്കോ പ്രധാനമന്ത്രി പാട്രിസ് ലുമുമ്പേ എന്ന കറുത്തവര്‍ഗ്ഗക്കാരനെ  കറുത്തവര്‍ഗ്ഗക്കാരനെ കൊണ്ട് കൊല്ലിച്ച അമേരിക്കയുടെ കിരാത നടപടിയും, കറുത്തവനുവേണ്ടി നിലകൊണ്ട റിപ്പോര്‍ട്ടൂകളെക്കുറിച്ചുംചേവും നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു. റഷ്യന്‍ കമ്മുണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പരാജയവും, ട്രോട്സ്കിയും, മാക്സിംഗോര്‍ക്കിയും, ലെനിന്‍-സ്റ്റാലിന്‍ കാലത്ത് കൊലചെയ്യപ്പെട്ട ലക്ഷങ്ങളും, കംബോഡിയയിലെ പോള്‍പോട്ടും വായനയ്ക്ക്മുന്നില്‍ വരുന്നുണ്ട്.ആര്യദ്രാവിഡ സംസ്കാരവും, മോസോപൊട്ടോമ്യന്‍ സംസ്കാരം, സൗരാഷ്ട്രക്കാരുടെ വരവുകള്‍ പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന മാണിയേക്കന്‍ വിശ്വാസങ്ങളും ചരിത്രത്തിലേയ്ക്കുള്ള ഒരു വെളിച്ചമായി കാണാം.

                                                  വിഭജനങ്ങളില്‍ നഷ്ടങ്ങല്‍ മാത്രമേ സമൂഹത്തിന് ഉണ്ടായിട്ടുള്ളൂ, ഇന്ത്യയിലെയ്ക്ക് കുടിയേറിയ സൗരാഷ്ട്രീയര്‍  ഇന്നും അവരുടെ സംസ്കാരവും ഭാഷയും കൈവിട്ടിട്ടില്ല, എന്നാല്‍ സിന്ധികള്‍  ചിതറിയ ഒരു സമൂഹമായി മാറികഴിഞ്ഞു.സ്വതന്ത്ര്യാനന്തരം നെഹ്രുവിന് ഗോവയ്ക്ക് മേല്‍ ചെയ്യേണ്ടിവന്ന സമ്മര്‍ദവും അതോടൊപ്പമുള്ള അമേരിക്കയുടെ പ്രതികരണവും, താന്‍ കണ്ടുമുട്ടിയ ബോര്‍ക്കറെന്ന ഗോവക്കാരന്‍റെ ആത്മഹത്യയും ഒരു സാധാരനമനുഷ്യനിലുളവാക്കുന്ന വികാരങ്ങളിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു. 1962-ലെ ഇന്ത്യ ചൈനാ യുദ്ധവും രുട്കി , നെഫാ, ബ്രഹ്മപുത്ര , സോനാരിഘട്ട്, അങ്ങനെ പല പ്രദേശങ്ങളും, യുദ്ധകെടുതികളും, തന്‍റെ ഔദ്യോഗിക-യാത്രാവിവരണവും ഒഴുക്കോടെ ഈ പുസ്തകം വായിക്കാന്‍ നമ്മെ സഹായിക്കുന്നു.പുതുതായി കണ്ടെത്തുന്ന ജയ്‌കിഷനെന്ന സുഹൃത്ത് വഴി എഴുത്ത് മറ്റൊരു ദിശയിലേയ്ക്ക് മാറുകയാണ്. രണ്ട് പേര്‍ തമ്മിലുള്ള ചര്‍ച്ചയും പങ്ക് വയ്ക്കലും യാത്രയും, രാഷ്ട്രീയം, ജനാധിപത്യം , സര്‍വ്വാധിപത്യം,  ലോകസാഹിത്യം അങ്ങനെ പലതിലേയ്ക്കും നീങ്ങുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഹാന്‍ രാജവംശവും ഇന്നത്തെ ചൈന വരെയുള്ള ചരിത്രവും ചില കഥകളും, 1421-ലെ നാവികപര്യടനവും ചൈനാ ചരിത്രം പഠിക്കാന്‍ നമ്മില്‍ താല്പര്യം ഉളവാക്കുന്നു. ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തതും തിബറ്റിലെ കലാപവും, ഹിമാലയ കടന്ന് ചൈന ഇന്ത്യയെ ആക്രമിച്ചതും നെഹ്രുവിന്‍റെ വാക്കുകളും, ഇന്ത്യന്‍ ജനതയുടെ വികാരങ്ങളും ചരിത്രത്തിന്‍റെ ഏടുകളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു.

                                                                ചരിത്രത്തില്‍നിന്നും സയന്‍സിലേയ്ക്കാണ് നമ്മെ  എഴുത്തുകാരന്‍ കൂട്ടികൊണ്ടു പോകുന്നത്.മേയ്റ്റ്നറും. ഓട്ടോ ഹാനും. ഐന്‍സ്റ്റീന്‍, മാക്സ്പ്ലാന്‍, ആ നൂറ്റാണ്ടിലെ പല ശാസ്ത്രഞ്ജന്‍മാരും വായനയില്‍ വരുന്നുണ്ട്. ഹിറ്റ്ലര്‍ ആസ്ട്രിയയെ പിടിച്ചടക്കുന്നതോടെ, ജൂത സ്ത്രീയെന്ന  പേരില്‍ പാസ്പോര്‍ട്ട്‌ നഷ്ടമാകുന്ന മേയ്റ്റ്ണര്‍  ഹോളണ്ടിലെയ്ക്ക് പോകുന്നു.പില്‍കാലത്ത് .അണുവിസ്ഫോടനവുമായി ബന്ധപ്പെട്ട ഒത്തിരി സംഭാവനകള്‍ ലോകത്തിന് നല്കിയത് ഇവര്‍ ആയിരുന്നു.ഹിരോഷിമയും നാഗസാക്കിയും സഖ്യസേനയും നാല്പത് വര്‍ഷം നീണ്ടുനിന്ന ശീതസമരവും അക്കാലത്തെ ശാസ്ത്രലോകത്തെ ഇടപെടലുകളും , ചില പുസ്തകങ്ങളെക്കുറിച്ചുള്ള പരാമര്‍ശവും നമ്മള്‍ അറിയേണ്ട ചില ലോകത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകുന്നു.1914-ല്‍  ഹേബര്‍ എന്ന ശാസ്ത്രഞ്ജന്‍റെ നൈട്രജന്‍ കണ്ടുപിടുത്തം കാര്‍ഷികമേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. ഒരു സമൂഹത്തിന് നന്മ ചെയ്ത അതെ ഹേബര്‍ ആണ് ഒന്നാം ലോകമഹായുദ്ധത്തിന് ജര്‍മനിക്ക് വേണ്ടി വിഷവാതകം നിര്‍മ്മിച്ചതും. ജൂദനായ ഹേബര്‍ നിര്‍മ്മിച്ച വിഷവാതകമാണ് ഹിറ്റ്ലര്‍ ജൂദന്മാര്‍ക്ക് എതിരെ പ്രയോഗിച്ചതുമെന്നത് ചിലപ്പോള്‍ ചരിത്ര നിയോഗമായിരിക്കാം. ഹെബറിന്‍റെ പ്രവര്‍ത്തിയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ആത്മഹത്യചെയ്യുകയും ഹേബര്‍ മനമുരുകി മരിക്കുകയും ചെയ്തു.

                                                                പുസ്തകത്തിന്‍റെ അവസാന ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ ചൈനയുടെ ആരും അറിയപ്പെടാത്ത ഒരു കഥയിലൂടെ യാത്ര ചെയ്യാം. 1421-ചൈനയുടെ പുതുവത്സരദിനത്തില്‍ ചക്രവര്‍ത്തി ഷൂദായ്  ബയ്ജിംഗ് എന്ന പേരുകൊടുത്ത പുതിയ നഗരത്തിന്‍റെ  ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ ലോകത്തിന്‍റെ  നാനാഭാഗത്ത്‌നിന്നും ആയിരക്കണക്കിന് പ്രധിനിധികള്‍ പങ്കെടുത്തു, അവര്‍ക്കെല്ലാം ഒത്തിരി സമ്മാനങ്ങള്‍ നല്കി  ചൈനയുടെ നാവികര്‍ അവരെ തിരികെ സ്വദേശങ്ങളില്‍ എത്തിക്കുകയും ലോകം ചുറ്റി ചൈനയില്‍ ഇല്ലാത്ത സസ്യങ്ങളും ജന്തുക്കളേയും ചൈനയില്‍ കൊണ്ടുവരികയും ചെയ്തു.ചെങ്കിസ്ഖാന്‍റെയും കുംബ്ലാന്‍ഖാന്‍റെയും പിന്ഗാമികളായിരുന്നു അപ്പോള്‍ ചൈന ഭരിച്ചിരുന്നത്.1932-ല്‍ മഞ്ഞനദിയിലുണ്ടായ ക്ഷാമവും രോഗങ്ങളും മംഗോള്‍ ഭരണത്തിനെതിരെ കലാപം ഉയരുവാന്‍ കാരണമായി.
പുതിയ ഭരണകൂടം മിങ്ങ്‌ വംശമെന്നറിയപ്പെട്ടു ശരിക്കും  ഷണ്ഡന്‍മാരുടെ  ഭരണമായിരുന്നു ഇത്. മംഗോള്‍ തലമുറയിലെ ചെറുപ്പക്കാരെ ലിംഗം ഛെദിച്ച് ഷണ്ഡന്‍മാരാക്കി, ശരിക്കും ആ ഭരണത്തിന്‍റെനെടുംതൂണ്‍ ഇവര്‍ ആയിരുന്നു.
വിഭജനങ്ങളും പറിച്ചുനടലും, പുതുസംസ്കാരങ്ങളും, പിന്നെ ഇന്ത്യയെ ഉലച്ച ഭൂകമ്പങ്ങളും, ഭൂകമ്പത്തിന് നിദാനമാകുന്ന പ്ലേറ്റുകളെകുറിച്ചുള്ള അറിവും പുരാതനമായ ഹരിപ്പന്‍ നാഗരികതയും അറിവുകളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ നമ്മെ കൊണ്ടുപോകുന്നു.പുസ്തകങ്ങളെ പ്രണയിച്ച ഹരികിഷിന്‍റെ തിരോധാനവും ഗുജറാത്തിലെ ഭൂകമ്പവും-വിവരണങ്ങളുമായി---അവസാനിക്കുന്നു.


മരുപ്പച്ച











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ