2015, ഡിസംബർ 2, ബുധനാഴ്‌ച

അഭിസാരിക


ഏകാന്തതയുടെ കരാളഹസ്തത്തിലകപ്പെട്ടൊരു
തരുണിയെ പ്രണയമാം ചാപല്യം കൊണ്ടുനീ
കീഴ്പെടുത്തിയിന്നുനീയവളുടെ നഗ്നമാം
ചിത്രം കാട്ടി വിലപേശീടുന്നുവോ
എന്നിട്ടും നീ വിളിക്കുന്നു അഭിസാരികയെന്ന്.


ജീവിതത്തിന്‍കയ്പേറും നുകംപേറുമവള്‍
നിന്‍ പ്രലോഭനങ്ങളില്‍ വീണൊരുനിമിഷം
എല്ലാംനിന്‍മുന്നിലര്‍പ്പിച്ചു സര്‍വ്വവുംനഷ്ടമാക്കി
നിര്‍വികാരയായി നില്‍ക്കുന്നുനിന്‍മുന്നില്‍
എന്നിട്ടും നീ വിളിക്കുന്നു അഭിസാരികയെന്ന്.

വിശക്കുമൊരുചാണ്‍ വയറിനായി കേഴുമവളുടെ
ശരീരത്തില്‍ പതിക്കുന്നു കഴുകന്‍പോല്‍
നിനക്ഷികള്‍ കാമാവേശത്തോടെ വിലപേശുന്നു
എന്നിട്ടും നീ വിളിക്കുന്നു അഭിസാരികയെന്ന്.

രാത്രിയുടെ യാമങ്ങളില്‍ ആസക്തി പൂണ്ട് പുണരുന്നു
നീയവളെ രാവില്‍ എല്ലാംമറന്നീടുന്നു നാലാള്‍ കൂടും-
കവലയിലവളെ കണ്ട്മുട്ടിയാല്‍ നിനക്കപരിചിത
കാര്‍ക്കിച്ചു തുപ്പുന്നു ഉണരുന്നു സദാചാരബോധം
എന്നിട്ട് നീ വിളിക്കുന്നു അഭിസാരികയെന്ന്.

മക്ഷികളെ പിടിക്കാനായി വലനെയ്യുമെട്ടുകാലിപോല്‍
ഉറക്കമിളച്ചു കാത്തിരിക്കുന്നു കാപാലികര്‍
മൊഴിയുന്നുവാക്കുകള്‍ പലതും കെണിയിലാക്കാന്‍
കാഴ്ചവക്കുന്നുപലര്‍ക്കുമിരകളെ വഴിപിഴച്ചൊരുസമൂഹം,
എന്നിട്ട് വിളിക്കുന്നു അഭിസാരികയെന്ന്.



.

2015, നവംബർ 23, തിങ്കളാഴ്‌ച

കണ്‍തുറക്കു

                               
                                                                                                                             
                            ആകാശത്തു വിരിയും നക്ഷത്രങ്ങളെ കാണാന്‍  കണ്ണുകള്‍ ഇല്ലാത്തവര്‍
പഞ്ചനക്ഷത്രങ്ങളെ നോക്കി  പായുന്നു , സൂര്യന്‍റെ വിരഹം  വിതറും
അസ്തമയത്തിനുശേഷം വിടരും പൂര്‍ണചന്ദ്രനെ നോക്കാന്‍ കഴിയാത്തവര്‍
ഡാന്‍സ് ബാറുകള്‍ക്കു  പിന്നാലെ പായുന്നു. പ്രഭാതംതോറും പ്രതീക്ഷ നല്‍കി
കുന്നിറങ്ങി വരുന്ന സൂര്യരശ്മികളെ നോക്കി പുഞ്ചിരിക്കുന്ന പുല്‍കൊടിയെ
കാണാത്ത  മനുഷ്യന്‍, സ്വയം ഹത്യ ചെയ്യുന്നു. വിത്തുകള്‍ ഉള്ളില്‍  ഒളിപ്പിച്ച്
മഴ കാത്തു  കിടക്കുന്ന മണ്ണിന് തുല്ല്യമല്ലേ  മനുഷ്യഹൃദയം വളര്‍ന്നു  പന്തലിച്ച ഒരു വൃക്ഷത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും അതിന്ടെ ശിഖരങ്ങൾ  എത്രത്തോളം പക്ഷികൾക്ക്
കൂട് കൂട്ടാൻ ഇടം നല്കിയെന്ന് .
                                                ഒരു മനുഷ്യൻ വിദ്യഭ്യസപരമായുംസാമ്പത്തികപരമായും എത്രത്തോളം ഉന്നതി  പ്രാപിച്ചു എന്നതിലല്ല അവന്റെ അസ്ഥിത്വം  മറിച്ചു അവന്റെ നേട്ടങ്ങൾ മറ്റു മനുഷ്യര്‍ക്ക്  എത്രത്തോളം സഹായകമായിയെന്നതാണ് പരിഗണിക്കപ്പെടെണ്ടത്. വിളഞ്ഞു നില്ക്കുന്ന നെൽപാടങ്ങളിൽ നിന്ന് നെൽകതിരുകൾകൊത്തി കൊണ്ട് പോകുന്ന പക്ഷികളെ ഒന്ന് നോക്കുക അത് ആ ദിവസത്തേക്കുള്ള നെന്മണികൾ മാത്രമേയെടുക്കാറുള്ളൂ , ആർത്തി
പൂണ്ടു പ്രകൃതിയെ പോലും ചൂഷണം ചെയ്യ്തു  പല തലമുറകള്‍ക്കായി സംബാധിച്ചു കൂട്ടുന്ന മാനുഷ്യർ  ഇതൊന്നു കണ്ടിരുന്നുയെങ്കിൽ ,ആഹാരം  സംഭരിക്കാനായി കൂട്ടത്തോടെ  ഒരേ മനസോടെ വരി വരിയായി നീങ്ങുന്ന ഉറുമ്പുകളെ ഒന്ന് നോക്കുക വര്‍ഷകാലത്തേക്കായി
എത്ര തീവ്രമായാണ് അത് ജോലി ചെയ്യുന്നത്,കൂട്ടത്തിൽ ഒരു ഉറുമ്പ് മൃതി ആയാൽ അതിനെ ഒരിക്കലും വഴിയിൽ ഉപേക്ഷികാതെ അവിടെ നിന്ന് കൊണ്ട് പോകുന്നതും , ഇന്നത്തെ കാലത്ത് മനുഷ്യന് നഷ്ടപെട്ട ചില ഗുണങ്ങൾ അല്ലെയിത് . ഒരു നിമിഷത്തെ  ധ്യാനം കൊണ്ട് ഒരു സ്നേഹസ്പര്‍ശംകൊണ്ട്  മാറ്റിമറിയ്ക്കപ്പെടേണ്ട ജീവിതങ്ങള്‍ പ്രകൃതിയെ കണ്ടു  പഠിച്ചിരുന്നെങ്കില്‍--
---                                                                                                                                                                                                                        "അമ്മ തൻ മാറിൽ മയങ്ങും
                                                             കുഞ്ഞുപോൽ പ്രകൃതി തൻ
                                                              മാറിൽ ഉറങ്ങുവാൻ
                                                              കൊതിച്ചീടുന്നു ഞാൻ "                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                      മരുപ്പച്ച                                                                                                                                     

2015, നവംബർ 16, തിങ്കളാഴ്‌ച

ഭൂമിദേവി മാപ്പ്


പ്രവാസത്തില്‍  വീണുകിട്ടിയൊരു സമയം
നാട്ടിലേക്കൊരു മടക്കയാത്ര
ചായംപൂശണം വീടിന്, കാലില്‍
മണ്ണ് പറ്റാതെമുറ്റത്ത്  പാകേണമിഷ്ടിക
അങ്ങനെയാശകള്‍ പലതുമുണ്ടെന്നില്‍

സൂര്യോദയത്തിന് മുന്നേയെത്തിയെന്‍ നാട്ടില്‍
കടല്‍വറ്റും ചൂടെന്ന് പഴമക്കാര്‍ ചൊല്ലും കന്നിമാസത്തില്‍,
വിശ്വസിക്കാന്‍ കഴിയുന്നില്ലെനിക്കിന്ന്
 തോരാത്തമഴയും വെള്ളപ്പൊക്കവും
റോഡുകള്‍ തോടുകള്‍ കുളങ്ങല്‍ നദികളെല്ലാമൊരുപോല്‍
നാട്ടിലെങ്ങുംപെരുകുന്നു രോഗങ്ങള്‍  ദുരിതങ്ങള്‍
ഒരിക്കല്‍ഞാന്‍ സ്നേഹിച്ചിരിന്നൊരു മഴയെപഴിച്ചു
ചിന്താനിമഗ്നനായി  നിന്നൊരു നിമിഷം
അന്താരാത്മാവില്‍ നിന്നുയര്‍ന്നു ഭൂമിദേവിതന്‍ രോദനം--

 ഹേ മനുഷ്യ ഭൂമിക്ക് കാവലാകേണ്ട  നീ-
യെന്ന് ഭൂമിക്കധിപനായി
കാട്ടാറിന്‍ സ്വാതന്ത്ര്യം  കവര്‍ന്നെടുത്തില്ലേ
സ്വാതന്ത്രമായ് വിഹരിച്ചോരു നദിയുടെ
തീരങ്ങള്‍  നീ കൈയ്ക്കലാക്കിയില്ലേ ?

പച്ചപ്പ് നിറഞ്ഞൊരുപാടങ്ങള്‍ നികത്തിയില്ലേ?
ഗ്രാമത്തിന്‍ ഭംഗിനിറഞ്ഞൊരാമ്പല്‍കുളം മലിനമാക്കിയില്ലേ ?
ജീവവായുനല്‍കും വൃക്ഷങ്ങളെ നശിപ്പിച്ചില്ലേ ?
ചില്ലയില്‍ കൂടൊരുക്കിയ പക്ഷിക്കൂട്ടത്തെ കൊന്നോടുക്കിയില്ലേ ?
ജീവാരുവിയെ  പ്ലാസ്റ്റിക്‌ കൊണ്ട് മൂടിയില്ലേ
നിന്‍ മനസ്സ് ലാഭക്കൊതിയാല്‍ നിറഞ്ഞില്ലേ
അന്നംതന്നോരുമണ്ണിനെ വിഷക്കൂമ്പാരമാക്കിയില്ലേ?

ഇനിയും തീര്‍ന്നില്ലേ നിന്‍ ക്രൂരത ---
മറുപടിയില്ലാത്ത സമസ്യക്കുമുന്നില്‍ നമ്രശിരസ്കരായി
 മാപ്പിന്പോലും അര്‍ഹതയില്ലാത്തൊരു
മനുഷ്യന്‍ ഞാന്‍---ഭൂമിദേവി മാപ്പ്-----ഭൂമിദേവി മാപ്പ്

2015, നവംബർ 5, വ്യാഴാഴ്‌ച

സ്നേഹമെവിടെ

                                       


                                             ലോകത്തില്‍ വച്ച് ഏറ്റവും വലിയ അത്ഭുതം സ്നേഹമെന്നാണെനിക്ക്  തോന്നിയത് . സ്നേഹം നിറഞ്ഞ  ഹൃദയത്തോടെയുള്ള ഇടപെടലുകള്‍ ചില ജീവിതങ്ങളെ  ഒത്തിരി മാറ്റിയതായി കണ്ടിട്ടുണ്ട്. ലോകത്തിലെ സകല ചരാചരങ്ങളും സ്നേഹം ആഗ്രഹിക്കുന്നുണ്ട്  അത് പ്രകടിപ്പിക്കാറുണ്ട്. മണ്ണില്‍നിന്നും ഉടലെടുത്ത മനുഷ്യന്‍ മണ്ണിനെ സ്നേഹിക്കേണ്ടത് അനിവാര്യമല്ലേ?  മണ്ണിനെ സ്നേഹിക്കാത്ത മനുഷ്യന് , മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുമോ ?
                                                   പാദരക്ഷകള്‍ ഉപേക്ഷിച്ച ഒരു മനുഷ്യസ്നേഹിയുടെ ചില നിരീക്ഷണം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി, കാലിനടിയില്‍  ഞെരിഞ്ഞമരുന്ന സൂക്ഷ്മപ്രപഞ്ചത്തോട് ഉണര്‍വുപുലര്‍ത്താത്ത നമ്മുടെ ചെരുപ്പുകള്‍  വേണ്ട - പുല്‍കൊടിയേപോലും വേദനിപ്പിക്കാന്‍ തയ്യാറല്ലപോലും---പ്രകൃതിയോടുള്ള  സ്നേഹം---.

                                                      മാറ് മറക്കാന്‍ വസ്ത്രം ഇല്ലാതിരുന്ന സ്ത്രീക്ക് സ്വന്തം മേല്‍വസ്ത്രം അഴിച്ചുകൊടുത്തു , പാവപ്പെട്ടവര്‍ ജീവിക്കുന്ന രാജ്യത്ത്‌ മുഴുവസ്ത്രം ധരിക്കാന്‍ യോഗ്യതയില്ലന്നു   തീരുമാനിച്ച് വെടിയേറ്റുമരിക്കുംവരെ  അര്‍ത്ഥനഗ്നനായി  ജീവിച്ച  ബാപ്പുജി സ്നേഹത്തിന്റെ അമൂര്‍ത്തമായ ഒരു ഉദാഹരണമല്ലേ.  സ്നേഹം മാത്രം പഠിപ്പിക്കുന്ന മതങ്ങള്‍, സ്നേഹിക്കുന്ന ദൈവത്തെ   വിഗ്രഹമായി പള്ളിയിലും അമ്പലത്തിലും കുടിയിരുത്തിയില്ലേ. ദൈവം  മനുഷ്യനെ തേടി തെരുവിലും, ആശുപത്രിയിലും, അലയുന്നു, മനുഷ്യന്‍ സ്നേഹമാം ദൈവത്തെ  തേടി വിജനതയിലും ,  ചില വൈരുദ്ധ്യങ്ങള്‍---.സകല ചരാചരങ്ങളിലും ചൈതന്യംമുണ്ടെന്ന് പഠിപ്പിക്കുന്ന മതങ്ങള്‍ പലതും മറന്നുപോയോ ? മനുഷ്യന്റെ നിലനില്പിനു ആധാരമായ ഓക്സിജന്‍ നല്‍കുന്ന മരങ്ങള്‍ ഇന്ന് അന്യമാകുകയാണോ . പ്രസവം എന്ന പ്രകൃതിയുടെ ദാനം മറന്ന് സിസേറിയനിലേക്ക്  പോകുന്ന ലോകം, സ്നേഹത്തെയും സേവനത്തെയും മറയാക്കി കപട്യത്തില്‍ ഉയരുന്നു ബഹുനിലആശുപത്രികള്‍, മനുഷ്യനന്മയുടെ പേരില്‍ പലതും കാട്ടിക്കൂട്ടുമ്പോള്‍  എന്തേ നീ പ്രകൃതിയെ മറന്നോ--.എവിടെയും നന്മ വറ്റാതെ ചില കരങ്ങള്‍ -കണ്ടല്‍കാടുകള്‍ക്കും- അവയവദാനത്തിനും--സാന്ത്വനസ്പര്‍ശത്തിനുമായി ഇപ്പോഴും ജന്മമെടുക്കുന്നു ,അവസാനമായി സാനുമാഷിന്റെ ഒരു വരി കടം എടുത്തോട്ടെ.
                     "മൃത്യു ജയിക്കുന്നില്ല ജയിക്കുന്നത് സ്നേഹമാണ്."