അല്ല, എല്ലാവര്‍ഷവും വരാറുണ്ടല്ലോ അപ്പോള്‍ എന്തിനാ കത്ത് എന്നല്ലേ ?, ചിലപ്പോള്‍ നമ്മള്‍ പരസ്പരം കണ്ടില്ലെങ്കിലോ!. പാതാളജീവിതം
സുഖമല്ലേ ? അല്ല അങ്ങ് ഒരു വാമനനെയല്ലേ കണ്ടിട്ടുള്ളൂ . ഭൂമിയില്‍ ഇപ്പോള്‍ വാമാനന്മാര്‍ ദിനം പ്രതി കൂടുകയാണേ. ക്ഷമിക്കണം കഴിഞ്ഞവര്‍ഷം അങ്ങേക്ക് തന്ന ഓണപ്പൂക്കള്‍ പ്ലാസ്റ്റിക് പൂക്കളായിപ്പോയി ഒന്നും മനപ്പൂര്‍വമല്ലാട്ടോ ഇപ്പോള്‍ ഇവിടെ ഇതൊക്കേ കിട്ടാനുള്ളൂ. പിന്നെ അങ്ങ് കഴിഞ്ഞതവണ പറഞ്ഞിരുന്നല്ലോ ഇനി വരുമ്പോള്‍ ഒത്തിരി വസ്ത്രങ്ങള്‍ കൊണ്ട് വരാം ഇവുടുത്തെ കുട്ടികള്‍ കീറിയ വസ്ത്രം ധരിച്ചാണ് നടക്കുന്നത് എന്നൊക്കെ, അത് അങ്ങേക്ക് പിണഞ്ഞ തെറ്റിദ്ധാരണയാണ്. അതൊക്കെ നമ്മുടെ നാട്ടിലെ പുതിയ തലമുറയാ, ഫ്രീക്കന്മാരും, ഫ്രീക്കത്തികളുമാ, വസ്ത്രം ഊര്‍ന്നുപോകും പോലെ തോന്നും ഇതൊന്നും ആഹാരവും വസ്ത്രവും കുറഞ്ഞിട്ടല്ലാട്ടോ കൂടിയിട്ടാ, അല്ലാ ഇതൊക്കെ ഞാന്‍ പറഞ്ഞതായി അവര്‍ അറിയണ്ടാട്ടോ . പണ്ട് മാവേലി കൊമ്പത്ത് എന്നൊക്കെ പറഞ്ഞ് അങ്ങയെ പുകഴ്ത്തിയവരൊക്കെ ഇപ്പോള്‍ പുറത്തില്ലാട്ടോ.പിന്നെ സമരവും ഹര്‍ത്താലും മുറയ്ക്ക് നടക്കുന്നുണ്ട്, ഇപ്പോള്‍ ചില സമരത്തിന്‍റെ ശൈലിയൊക്കെ മാറിയിട്ടുണ്ട് അങ്ങ് മറൈന്‍ഡ്രൈവിലായിരുന്നു തുടക്കം. നാല്കാലികള്‍ക്ക് ഇപ്പോള്‍ പരിഗണന കൂടിയിട്ടുണ്ട്, അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സംവരണം വരുമെന്നൊക്കെ കേള്‍ക്കുന്നുണ്ട് ശരിക്കും അറിയില്ലാട്ടോ. ഗോമൂത്രത്തില്‍ പ്രോട്ടീന്‍ ഉണ്ടെന്നാ പുതിയ കണ്ടുപിടുത്തം, ഗോക്കളുടെ പുറകെ പോയപ്പോള്‍ കുട്ടികളുടെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായത് അറിഞ്ഞില്ല, അല്ല തിരക്ക് കൊണ്ടായിരിക്കാം. വിലക്കയറ്റം സാധാരണ പോലെ തുടരുന്നു.ഒരു കാര്യം പറയാന്‍ വിട്ടുപോയി ഊണ് കഴിക്കാന്‍ ഒരു വാഴയില കഴിയുമെങ്കില്‍ കൊണ്ടുവരണേ, അങ്ങയെ ചെറുതാക്കാന്‍ പറഞ്ഞതല്ല ഇവിടെ ഇല്ലഞ്ഞിട്ടാണേ, തേങ്ങ ഞങ്ങള്‍ തമിഴന്‍റെ കയ്യില്‍ നിന്ന് വാങ്ങാം.ചക്ക വറുത്തത് വാങ്ങാന്‍ കിട്ടും, ഇപ്പോള്‍ ഞങ്ങള്‍ പച്ച ചക്ക മൂന്ന് രൂപയ്ക്കു തമിഴന് കൊടുക്കും, മുന്നൂറ് രൂപയ്ക്ക് ഞങ്ങള്‍ ചക്ക വറുത്തത് വാങ്ങും. ഞങ്ങളുടെ ചെറുകിട വ്യവസായം അങ്ങനെ വികസിക്കുകയാണേ.ചക്കക്കുരു, ചക്കയരി, ചക്ക വറുത്തത് എന്നൊക്കെ കവറില്‍ എഴുതിയാല്‍ ഞങ്ങള്‍ വാങ്ങില്ല കവറില്‍ JACK FRUIT, JACK FRUIT CHIPS, അങ്ങനെ ഇഗ്ലീഷില്‍ എഴുതിയിരിക്കണം കാരണം അങ്ങേയ്ക്കറിയാമല്ലോ ഞങ്ങളുടെ മക്കള്‍ പഠിക്കുന്നത് ഇഗ്ലീഷ് മീഡിയമാണ് മലയാളം ഞങ്ങള്‍ FORGET ആയിത്തുടങ്ങി. I HOPE YOU UNDERSTAND,
ഇടയ്ക്ക് ഞങ്ങള്‍ അങ്ങനാ ഇഗ്ലീഷ് ചേര്‍ക്കും.വരുന്ന വഴിയില്‍ ഡല്‍ഹി വഴി വരണ്ട അവിടെ ഒരു ദൈവം ഇറങ്ങിയിരിക്കയാ മാവേലി അതൊന്നും കാണണ്ട, കേള്‍ക്കണ്ട, അതൊക്കെ കേട്ടാല്‍ ചിലപ്പോള്‍ അങ്ങ് വഴിപിഴച്ചുപോകും. ഈ കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് പറഞ്ഞ കാര്യം ആരും അറിയണ്ട പ്രത്യകിച്ച് ചാനല്‍ കാരും മുഖപുസ്തകത്തിലെ ആള്‍ക്കാരും. ചാനലുകാരറിഞ്ഞാല്‍ പിന്നെ ഇതാവും ചര്‍ച്ച അടുത്ത ഓണം വരേയും. മുഖപുസ്തകത്തിലെ കൂട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ അറിയാമല്ലോ
പിന്നെ ഷെയറിംഗ് ആവും, രണ്ടോമൂന്നോ മൂന്നോ പേര്‍ ഒരുമിച്ച് കൂടിയാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാകുമെന്നാ കേള്‍ക്കുന്നത്-----അപ്പോള്‍ എല്ലാം പറഞ്ഞപോലെ.
മരുപ്പച്ച