2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

പ്രതീക്ഷ

കൊഴിഞ്ഞുപോയോരു ഫലത്തെയോര്‍ത്ത്
ഒരുവൃക്ഷവും കണ്ണീര്‍പൊഴിക്കാറില്ലല്ലോ

കഴിഞ്ഞതോര്‍ത്ത് ഞാനെന്തിനു
വിലപിക്കേണമീ ജീവിതത്തില്‍

ഇനിയുമുണ്ടെന്‍ മുന്നിലീഭൂവില്‍
ശൈത്യവും ഗ്രീഷ്മവും വസന്തവും

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

വിദ്യാഭ്യാസം

നാലുമതിലുകള്‍ക്കുള്ളില്‍  തളച്ചിട്ട്
കച്ചവടമാക്കും വിദ്യാഭ്യാസം
ചിന്തകള്‍ക്ക്  വിലക്കേകിടുന്നു
മാര്‍ക്കിനു മാത്രമായി പഠനം


മണ്ണില്ല  മണ്ണിന്‍റെ  മണമില്ല
സ്നേഹമെന്നവികാരമില്ല


മാര്‍ക്കും റാങ്കും മാത്രം വേണം
പിന്നെ അഞ്ചക്ക ശമ്പളംനേടേണം
സിലബസ് പലതാണ്പോലും
ഹൃദയമെന്നൊരു പാഠമില്ല

പാചകം തെല്ലുമറിയേണ്ട പോലും
എല്ലാമേ ഫാസ്റ്റ്ഫുഡ്‌ ആണ് പോലും
പിതൃമാതൃബന്ധം മാനിക്കേണ്ട
സ്വാര്‍ത്ഥത നിറഞ്ഞോരുലോകം

അക്ഷരത്തെ സ്നേഹിക്കേണ്ടവര്‍
ചിന്തയെന്ന അഗ്നിയെ ജ്വലിപ്പിക്കേണ്ടവര്‍
പണമെന്ന പിണത്തിനു പിന്നാലെ പോകുന്നുവോ
കലുഷിതമാം ലോകത്തില്‍ സ്നേഹമെന്ന
ദീപം തെളിക്കാനായി വിദ്യയെന്ന
രണ്ടക്ഷരം തപസ്യയായി മാറ്റീടുക-

ഭാരതത്തിനാത്മാക്കളാകും താപസര്‍
ചൊല്ലിക്കൊടുത്തോരു ദര്‍ശനം
മറന്നുപോയോനമ്മള്‍




2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

തീന്‍മേശ

അപരന്‍റെ തീന്‍ മേശക്ക്
കാവലിരിക്കുന്നവനും

അപരന്‍റെ കുഞ്ഞിനെ
മുലയൂട്ടുന്നവളും

അപരന്റെ കുഞ്ഞിനെ
വാടകയ്ക്ക് ഉദരത്തില്‍
പേറുന്നവളും

ദൈവത്തിന്‍റെ പ്രതിബിംബമല്ലോ

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

വിശപ്പ്‌

വിശപ്പടക്കാനായി നടുവൊടിഞ്ഞ്
പണിയെടുക്കുന്നോരനവധി

തിന്നയന്നം ദഹിക്കാനായി
പണിപ്പെടുന്നോര്‍ അതിലധികം

പരസ്പരം കൂടാത്തരണ്ടുകൂട്ടര്‍
കാണുന്ന യാഥാര്‍ഥ്യങ്ങള്‍

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

അകന്നു പോയ ദൈവം

കുന്തിരിക്കത്തിനും മെഴുകിതിരിക്കിടയിലും
നീതേടും ദൈവമെങ്ങോ പോയിമറഞ്ഞു
തേടുകനീയവനെ ആശുപത്രികളിലും
ആതുരാലയത്തിലും വഴിവക്കിലും

ചിത്തഭ്രമം പിടിച്ചലയുന്നവരുടെ
കണ്ണില്‍ കാണാം നീതേടുംദൈവത്തെ
അന്നത്തിനായന്തിക്ക് കൂട്ട്കിടക്കും
അവളുടെപിടയുംനെഞ്ചില്‍ കാണാമവനെ

 ബാല്യ കൗമാരവാര്‍ദ്ധക്യമെന്തെന്നറിയാതെ
തെരുവിലയുന്നോരില്‍നിനക്കവനെക്കാണാം

 നീ മുറിപ്പെടുത്തിയോരോ വൃക്ഷത്തിലും
ചവിട്ടിമെതിച്ചോരോപുല്‍ക്കൊടിയിലും
നീ കെടുത്തിയോരോ ചെരാതിലും
നിന്‍ മുമ്പിലക്ഷരത്തിനായി കൈനീട്ടിയോരോ
ബാല്യത്തിലുമുണ്ടായിരുന്നു നീ തേടുന്ന ദൈവം

നീയോരുക്കി ക്കാത്തിരിക്കുമള്‍ത്താരയില്‍ അവനില്ല
പോയിമറഞ്ഞു -എങ്ങോ പോയ്മറഞ്ഞു



                                                    നീ തേടുന്ന ദൈവം



2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

കുറ്റം പറച്ചില്‍

വെളുത്ത പ്രതലത്തിലൊട്ടിയൊരു
 കറുത്ത പൊട്ടിനെ കണ്ടവര്‍

കറുത്തപൊട്ടിനു ചുറ്റുമുള്ള
വെളുത്ത പ്രതലത്തെയെന്തേ
കാണാതെപോയി

 മനുഷ്യന്‍റെ  തിന്മകളെമാത്രം
കാണുന്നവര്‍   നന്മ കൂടി
കാണാന്‍ ശ്രമിച്ചെങ്കില്‍---

താമര

ചേറില്‍ വേരൂന്നിനില്‍ക്കും
താമരയുടെഭംഗി അവര്‍ണനീയം

ഇല്ല ലവലേശം ചേറിന്‍ഗന്ധംമീ
 ചൈതന്യമേറുംതാമരയിതളില്‍

എവിടെജനിച്ചാലുംമെവിടെ വളര്‍ന്നാലും
വേണേല്‍സുഗന്ധംപ്പരത്താംമീയുലകില്‍,



.


2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

സൂര്യന്‍

ജനാലയും വാതിലുമടച്ച്
സൂര്യകിരണങ്ങള്‍ക്കകത്തേക്ക്
കടക്കാന്‍വിഘാതംനില്‍കും ഭവനവും

അപരനെക്കാണാന്‍ കണ്ണില്ലാതെ
ഇടുങ്ങിയമനസ്സുമായി ജീവിക്കുന്ന
മനുഷ്യനും സമം---

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

ന്യൂ ജെനെരേഷന്‍

ചുണ്ണാമ്പ് തടവാനൊരു വെറ്റിലയും
മുറുക്കിത്തുപ്പാനൊരു കോളാമ്പിയും
കിട്ടിയാല്‍ കുശാലൊരു ദിനം പഴമക്കാര്‍ക്ക്

വിരലോടിക്കാനൊരു സ്മാര്‍ട്ട്‌ഫോണും
മുഖപുസ്ത്തകത്തിലൊരു ഐടിയും
വാട്സ്പ്പ്‌ന്നോരു ഏര്‍പ്പാടും
കുറെ നമ്പറുമായാല്‍ കുശാലൊരു
സുദിനം നമ്മുടെ ന്യൂജനേരേഷന്---.




കേരം

കലക്കവെള്ളംകൊടുത്താല്‍
ഇളനീര്‍നല്‍കുംകേരവൃക്ഷവും

 മനുഷ്യന്‍ പുറംതള്ളും വിഷം തിന്നു
 ഫലം പുറപ്പെടുവിക്കും വൃക്ഷവും

മനുഷ്യനുപേക്ഷിക്കും ആഹാരം കഴിച്ച്
വീടിനുകാവല്‍  നല്‍കും ശ്വനനും


സ്നേഹവും കരുതലും കൊടുത്താല്‍
കവിളില്‍തല്ലും പരിഹാസവും നല്‍കും
മനുഷ്യനുമീഭൂവിന്‍റെ സമ്മാനം-----.




2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ചിറക്

പ്രണയമില്ലാത്ത മനുഷ്യനും
സംഗീതമില്ലാത്തലോകവും
സ്വപ്നങ്ങളില്ലാത്ത ജീവിതവും
ചിറകൊടിഞ്ഞ പക്ഷിയുമൊന്നു
പോല്‍മീയുലകില്‍.

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

മൃതം

മൃതപ്പെട്ടവര്‍ക്ക്  ചന്ദനമുട്ടിയും
വെണ്ണക്കല്ലുംചേര്‍ന്നകിടക്കയും
ജീവിച്ചിരിപ്പോര്‍ക്ക് പട്ടിണിയും
തെരുവിലുറക്കവും അപമാനവും

മരിച്ചവന്സ്മ്രിതിമണ്ഡപം ഒരുക്കാന്‍
വെമ്പുന്നോര്‍ ജീവിച്ചിരിപ്പോരുടെ
പശിയും വേദനയും വിസ്മരിക്കുന്നു

മൃതശേഷം വാതോരാതെ പുകഴ്‌ത്തുന്നോര്‍
ജീവിച്ചിരിക്കുമ്പോള്‍ നല്ല വാക്കുകള്‍ മറന്നീടുന്നു.



2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ആകാശം

നയനമനോഹരമാമീ  നീലാകാശത്തെ
മറയ്ക്കാനായിവെമ്പുമിരുണ്ട മേഘമേ
വെറും ക്ഷണികവും വ്യര്‍ത്ഥവുമാണ്
നിന്‍റെയാഗ്രഹമെന്നറിഞ്ഞുകൊല്‍ക-

കലങ്ങിയയേത്  ജലാശയവും  തെളിനീരാകും
നിമിഷനേരത്തെ കാത്തിരിപ്പിനോടുവില്‍

കലുഷിതമാമേതുമനസ്സും നിര്‍മലമാകും
ധ്യാനാത്മകമാം ക്ഷമയെന്ന സുഹൃതത്താല്‍

ഈലോകംനല്‍കുമേതുകഷ്ടവും സഹനവും
നൈമിഷികമാണെന്നോര്‍ക്കുക-

ആത്മാവില്‍തെളിയുംപ്രകാശത്തിനായി
ദിനവും നെരിപ്പോട്കത്തിച്ചു കാത്തിരിക്ക നീ----



2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഉപവാസം

സ്വര്‍ഗ്ഗരാജ്യമെന്ന ഭാഗ്യം  നേടാനായൊരുനേരം
ഭക്ഷണം വര്‍ജ്ജിച്ചുപവസിക്കും  ഭക്തനും
ഒരു നേരം വിശപ്പടക്കനായിപ്പരക്കംപ്പായും
ദരിദ്രനാരായണനുമീഭൂമിയിലെ വൈരുധ്യങ്ങള്‍----

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

മൂല്യശോഷണം

അടുത്തസമയങ്ങളില്‍ കണ്ടുവരുന്ന ചില നേര്‍കാഴ്ചകളും എഴുത്തുകളുടെ
പോക്കും കാണുമ്പോള്‍ സാഹിത്യമേഖലയില്‍ കൂടി സമൂഹത്തിന്‍റെ ജീര്‍ണത
ബാധിച്ചോന്നൊരു തോന്നല്‍. സാഹിത്യവും സമൂഹവും തമ്മില്‍ എപ്പോഴും
ഒരു നാഭീ നാള ബന്ധമാണല്ലോ സാഹിത്യത്തിന്‍റെ അപചയം സമൂഹത്തിനും
സമൂഹത്തിന്‍റെ അപചയം സാഹിത്യമേഖലയേയും ബാധിക്കാറുണ്ട് സ്ത്രീയുംപുരുഷനും  തുല്ല്യരെന്നു പ്രസംഗിക്കയും എഴുതുകയും സ്ത്രീക്കും പുരുഷനും വെവ്വേറെ എഴുത്തുകള്‍ വിഭാവനം ചെയ്യുന്നതിലും ഒരു വൈരുധ്യo ഇല്ലേ,സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടി പോരാടെണ്ട എഴുത്തുകാര്‍ക്കിടയില്‍ പെണ്ണെഴുത്തും ആണെഴുത്തുമെന്ന വിഭാഗിയതയുടെയാവശ്യമുണ്ടോ ?ചിലയവസരങ്ങളില്‍സ്വാതന്ത്ര്യമായി  ചിന്തിക്കെണ്ടവര്‍പോലും രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകം ആകാറില്ലേ ?ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ വേണ്ടി  ശരീരംപങ്കുവയ്ക്കുന്നവരെ ഒറ്റപ്പെടുത്തുന്ന  ഈ സമൂഹത്തില്‍ അവര്‍ക്ക് വേണ്ടി പെണ്ണെഴുത്ത്‌കാര്‍ എന്ത് ചെയ്യ്തു ? മദ്യത്തിനും അടിമയായി കൊണ്ടിരിക്കുന്നഒരു സമൂഹത്തിനു ബാര്‍ അടയ്ക്കുന്നതും തുറക്കുന്നതും ഒരു പരിഹാരമാണോ ? സമൂഹത്തില്‍  ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുംഅപചയവും അവരെ ബോധ്യപെടുത്തേണ്ടതലേ ? മണ്ണിനേയും മനുഷ്യനേയും
പ്രക്രിതിയേയും സ്നേഹിക്കാത്ത വിദ്യാഭ്യാസ സംബ്രദായം എത്രകണ്ട്
വിജയിക്കും ? കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തേണ്ട വേദികള്‍പോലും
കച്ചവടവേദികളായിരിക്കുന്നു-ഇത്തരം മേഖലകളില്‍ മുഖപുസ്തകത്തിലെ എഴുത്തുകാര്‍ക്ക് ഒത്തിരി പ്രതികരിക്കാന്കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു.