2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ദനാ മജിയെന്ന മനുഷ്യന്‍

 ദനാ മജിയെന്ന   മനുഷ്യന്‍
 **************************
ഭാര്യ ഭാരമാകുന്ന നാട്ടില്‍
ഭാര്യയുടെ ശവം ചുമക്കുന്നൊരുവന്‍
പ്രണയമെന്തെന്നറിയാത്തവര്‍
നോക്കുക കാണുകയിതാണ്
പ്രണയമെന്ന മന്ത്രം--

പരിഭവമില്ല പരാതിയില്ല
ചുമക്കുന്നു പവിഴം പോല്‍
പ്രാണപ്രയസിതന്‍ നിര്‍ജീവമാം മേനി

താണ്ടുന്നു ദൂരങ്ങള്‍
താങ്ങുവാനാരുമില്ലാതെ
വിളികേള്‍ക്കാത്ത ദൈവങ്ങളെ
കാണുന്നില്ലേ നിങ്ങളിതൊന്നും

പെറ്റമ്മ തന്‍ ജഡംപേറുമച്ഛന്
കൂട്ടായനുഗമിക്കും മകളുടെ
വേദനയൊന്നകയറ്റാനാകുമോയീ
തമസ്സാല്‍നിറഞ്ഞ ലോകത്തിന് ?

മൊഴിയുവാനില്ലയേറെ വാക്കുകള്‍
പിളരുന്ന ഹൃദയത്തില്‍ നിന്നു
ഉതിരുന്ന രുധിരം തൂകുന്നു
നിന്‍പാദത്തില്‍ മാപ്പിനായി-

നിന്‍ പാദം പതിക്കും കല്ലുകള്‍
എല്ലാമേ തീരട്ടെ അഹല്യയായി
സഹനത്തിന്‍ മൂര്‍ത്തിയായി-
വിളങ്ങട്ടെയെന്നും നീയീ ഭൂമിയില്‍

പ്രണയത്തിനമൂര്‍ത്ത ഭാവം കാട്ടി
മനുഷ്യമനസ്സിനെ പിളര്‍ത്തി നീ
ദീപം തെളിച്ചു കാത്തിരിക്കും
ദൈവമെന്ന സത്വം നീയല്ലേ--?

നീയാണ് ക്രിസ്തു നീയാണ് ബുദ്ധന്‍
നീയാണ് സ്നേഹത്തിന്‍ മൂര്‍ത്തി
നമിക്കുന്നു നിന്‍ മുന്നില്‍----

മരുപ്പച്ച-








2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

അന്നയുടെ അക്ഷരത്താളുകള്‍--മിനി ജോണ്‍സന്‍

         അന്നയുടെ അക്ഷരത്താളുകള്‍--മിനി ജോണ്‍സന്‍
        **************************************************

കവിതയും കഥയും മാറ്റി നിര്‍ത്തി ഒരു സംസ്കാരത്തിന് നിലനില്ക്കാന്‍ കഴിയില്ല, ഒരു ചരിത്രം ഉറങ്ങുന്നത് ഇത്തരം കലകളിലൂടെയാകം. കാലഘട്ടം
മാറുന്നതിനനുസരിച്ച് എല്ലാം  വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന കാലത്തില്‍
ആണല്ലോ നമ്മള്‍ ജീവിക്കുന്നത് അതുകൊണ്ടാകാം കവിതയും ഇന്ന് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും വിധേയമാകുന്നത്. കവിതകള്‍ പലപ്പോഴും
മനസ്സിന്‍റെ നിറഞ്ഞു തുളുമ്പുന്ന വികാരമോ മനോവിചാരങ്ങളോ ഒക്കെ ആകാം
അത് എങ്ങനെ ആകണം എത്രത്തോളം ആകാം എന്നൊരു മാനദണ്ഡം ഇല്ല, എല്ലാത്തിനും സ്വാതന്ത്ര്യം ഉള്ളപോലെ കവിതക്കും അത് ഉണ്ട്.  പച്ചയായ മനുഷ്യന്‍റെ മനോ വികാരങ്ങളും വിചാരങ്ങളും  തുറന്ന് കാട്ടുന്ന നാല്‍പ്പത് കവിതകള്‍ അടങ്ങിയ ഒരു കൊച്ചു സമാഹാരമാണ് മിനി ജോണ്‍സന്‍ ന്‍റെ അന്നയുടെ അക്ഷരതാളുകള്‍ , കവിതാസമാഹാരത്തിനു ആമുഖം എഴുതിയ
ബഹുമാപ്പെട്ട മോഹന്‍ദാസ്‌ മൊകേരി സര്‍ പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. വിമര്‍ശനത്തിന് വേണ്ടി മാത്രം  വിമര്‍ശിക്കാന്‍ വിഷയം കണ്ടെത്തുന്ന ഈ കാലഘട്ടത്തില്‍ അതിനൊക്കെ വിപരീതമായി വളര്‍ച്ചയുടെ പാതയില്‍ പൂക്കള്‍ വിതറുന്ന നല്ല ഓര്‍മ്മപ്പെടുത്തലുകള്‍  ആമുഖത്തില്‍ കാണാം. മനുഷ്യസ്നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രത്യകിച്ച് മാതാപിതാക്കളെ പോലും തള്ളിക്കയുന്ന മക്കള്‍ ഉള്ളപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി വാടക വീടെന്ന ഒന്നാമത്തെ കവിത കാണാം, പത്ത് മാസം കിടന്ന അമ്മയുടെ ഗര്‍ഭപാത്രത്തെ വാടകയില്ലാത്ത വാടകവീടെന്ന  കവിയുടെ പ്രയോഗം  നല്ല ഒരു ചിന്തയാണ്. ചില കവിതകളില്‍ ഉപയോഗിച്ചിട്ടുള്ള പുതിയ ചില പദങ്ങള്‍ കൃത്രിമത്വം ആരോപിക്കാമെങ്കിലും
അതിനെ പദങ്ങളുടെ പരിചയപ്പെടുത്തലായി കാണാനും, അതിന്‍റെ അര്‍ത്ഥം
പേജുകളില്‍ സൂചിപ്പിച്ചത് എന്നെപ്പോലുള്ള  പുതുഎഴുത്തുകാര്‍ക്ക്  ഒരു
പാഠമായി കാണാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാപട്യമേറുന്ന ഹൃദയങ്ങളെ
തുറന്ന് കാട്ടുന്ന കവിതയാണ് തമോമയം, ഒരു ഗുണപാഠം പോലെ ചില പരാമര്‍ശങ്ങള്‍ നന്നായിട്ടിണ്ട്‌.അക്ഷരങ്ങള്‍ക്കായി  മനസ്സിന്‍റെ വാതായനം തുറന്നിട്ട്‌ കാത്തിരിക്കുന്ന കവിയുടെ വികാരം നന്നായി പ്രതിഫലിക്കുന്നു ഭാവാക്ഷരങ്ങളില്‍. ഇന്നിന്‍റെ നഷ്ടം ശരിക്കും  ചൂണ്ടികാട്ടുന്നു പാരിന്‍റെ പൈദാഹം എന്ന കവിത, നഷ്ടപ്പെടുന്ന മരങ്ങളും, മരിച്ചു വീഴുന്ന പക്ഷികളും,
വര്‍ദ്ധിക്കുന്ന സൂര്യതാപവും എല്ലാം വികാരമാകുന്നു. നക്ഷ്ടബോധത്തില്‍ നിന്ന് മാറി എങ്ങോ കാണുന്ന ഒരു പ്രതീക്ഷയുടെ കിരണmaanu വജ്രപ്രഭ, വായനക്കാര്‍ക്ക് ഒരു പ്രതീക്ഷയും കുളിരും നല്‍കുന്നു. പ്രവാസിയുടെ വേദന
നന്നായി വിലയിരുത്തി- പ്രവാസിയുടെ ദിനങ്ങള്‍ എന്ന കവിത.  നടന്നു പോയി പൈസ നാട്ടില്‍ അയക്കുന്ന പ്രവാസിയും  കാറില്‍ പോയി പൈസ എടുത്തു ചിലവാക്കുന്ന വീട്ടുകാരും, യാഥാര്‍ത്യങ്ങള്‍ വരച്ചുകാട്ടുന്നു.ഗ്രാമശുദ്ധിയും ഊഷ്മാഗമവും എന്ന കവിതകള്‍ കവയത്രിയുടെ പ്രകൃതിയുമായുള്ള അടുപ്പവും വികാരവുംആകുലതയുമാണ്  . (മലമേടുകള്‍ ചുറ്റി ഹരിത ഭൂമി പാലരുവി പ്രവാഹമായി നീര്‍ച്ചാലുകള്‍ മരതകപ്പട്ട് പുതച്ചു നില്‍ക്കും എത്ര മനോഹരമാണെന്‍റെ ഗ്രാമം ) എന്ന മനോഹരമായ വരികള്‍   വായനക്ക് കുളിര്‍മ്മയേകുന്നു.

                                                     തെരുവിന്‍റെ മക്കള്‍ക്കായി ഒരു തുള്ളി കണ്ണുനീര്‍ മാറ്റി വക്കുന്നു ഹതഭാഗ്യകള്‍ എന്ന കവിതയിലൂടെ. ( നിഷാദിയായി മാറും ചിലപ്പോള്‍ നെറ്റിമേല്‍ രുധിരം പരക്കുന്നു മുറിവേറ്റതറിയാതട്ടഹസിക്കുന്നു വാടിത്തളര്‍ന്നൊരിതളാകും വരെ). എന്ന വരികളിലൂടെ ഭ്രാന്ത് എന്ന കവിതയുടെ മാറ്റ് കൂട്ടുന്നു, ഒപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും. അഗ്നിയുടേയും ചുംബനത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങള്‍ കാട്ടുന്ന കവിതകള്‍ ആണ്  അഗ്നിയും ചുംബനവും. ചുംബനസമരങ്ങള്‍ കൊടുംബിരിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍  ഉചിതമായ  ചില എഴുത്തുകള്‍  കാണാം. എല്ലാ വിഷയങ്ങളെപ്പറ്റിയും പ്രതിപാദിച്ച കവയത്രി മനോഹരമായി ഒരു ഗസല്‍ എഴുതാനും മറന്നില്ല. ( അകലല്ലേ മറയല്ലേയെന്‍ കനവേ എന്നുമെന്‍ ചാരെയിരിക്കുകില്ലേ ഗസലിനീണമായൊഴുകിവന്നിന്നു നീ സുരഭില വസന്തമായി പുണരുകില്ലേ ) മനോഹരമായ ഒരു പ്രണയ കാവ്യം പോലുണ്ട് ഗസല്‍പ്പൂക്കള്‍ . മണ്ണിനെക്കുറിച്ച് മനുഷ്യനെ ക്കുറിച്ച് അവന്‍റെ ആകുലതകള്‍, അവസ്ഥകള്‍, പ്രകൃതിയെക്കുറിച്ച്, , പ്രണയം, വിരഹം, കൊച്ചു ചിന്തകള്‍ എല്ലാം നിറഞ്ഞ ഒരു കുഞ്ഞു സമാഹാരമാണ് നാല്പത് കവിതകള്‍ അടങ്ങിയ അന്നയുടെ അക്ഷരതാളുകള്‍ എന്ന് പറയാം.
മരുപ്പച്ച



സൗമ്യമാരെ---മാപ്പ്

           സൗമ്യമാരെ---മാപ്പ്
            *******************  
പട്ടിണിക്കാരന്‍റെ പാത്രത്തില്‍ കയ്യിട്ട്
നികുതിപ്പണം പിരിച്ചിവര്‍
ഗോവിന്ദച്ചാമികള്‍ക്ക് ജന്മമേകുന്നു
ക്രൂരതയേല്ക്കുവാന്‍ മാത്രം ജന്മം
പൂണ്ട സൗമ്യമാരിന്നു ഓര്‍മ്മകള്‍
മാത്രമായീടുന്നു

നിരാലംമ്പരാമമ്മമാരുടെ
നിലവിളികള്‍ പലതായി
പിളര്‍ത്തുന്നു ധരണിയെ
സഹനമറ്റ പ്രകൃതിപോലും
കണ്ണടക്കുന്നുയീ നിലവിളികള്‍
കേള്‍ക്കുവാനാകാതെ-

പൊളിമാത്രം ചൊല്ലുവാന്‍ ജനിച്ചോരോ
കാപാലികന്മാരിന്നു തച്ചുടക്കുന്നു
നീതിശാസ്ത്രങ്ങള്‍

വളച്ചൊടിക്കുന്നു നിയമങ്ങള്‍
ശാപം പോലുമേല്ക്കാത്ത
സര്‍പ്പജന്മങ്ങള്‍
സുനാമികള്‍ പലതും പേറുന്ന
ഭൂമിയെന്തേ കണ്ണടക്കുന്നുയീ-
ദുഷ്ടജന്മങ്ങളെ വിഴുങ്ങാതെ-

ദാത്രിയില്‍ നിന്നുയരുന്ന രോദനം
തകര്‍ക്കുന്നു മേഘപാളികളും
മഴപോലുമുതിരില്ലയീമണ്ണില്‍
വഞ്ചകര്‍ വാഴും കാലം

പൊഴിക്കുവാന്‍ കണ്ണുനീരില്ല
നെഞ്ച് കുത്തിപ്പിളര്‍ക്കുവാന്‍
കഠാരയൊന്നു കരുതേണമോരോ
സൌമ്യയുമീ ഭൂവില്‍--

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ലഹരികള്‍---ചില ചിന്തകള്‍

                ലഹരികള്‍---ചില ചിന്തകള്‍
                ******************************

തലമുറകളുടെ നിലനില്‍പ്പിന് ലൈംഗീകത ആവശ്യമാണ്‌, പക്ഷികളും മൃഗങ്ങളും എല്ലാം ഈ വഴിയിലൂടെ കടന്നുപോകേണ്ടതുണ്ട്. മൃഗങ്ങള്‍
സന്താനോല്പാതനത്തിനുവേണ്ടി  മാത്രം ലൈംഗീകതയെ കാണുമ്പോള്‍ മനുഷ്യന്‍ അതിന് പരിശുദ്ധമായ മറ്റു പല തലങ്ങളും കാണുന്നു. അത്
ഒരു പക്ഷെ മനുഷ്യന്‍റെ ചിന്തിക്കാനുള്ള കഴിവ് ആയിരിക്കാം. മൃഗങ്ങള്‍
ലൈഗീകതക്കായി ലഹരി വസ്തുക്കളെ ആശ്രയിക്കാറില്ല. എന്നാല്‍ മനുഷ്യരില്‍
കുറച്ചുപേരെങ്കിലും ലൈഗീകത ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കാറുണ്ട്, ഉപയോഗിക്കുന്ന ലഹരികള്‍ ശരീരത്തെയും  മനസ്സിനെയും കുടുംബത്തെയും സമൂഹത്തേയും
എങ്ങനെ ബാധിക്കുമെന്ന് ഇവര്‍ ചിന്തിക്കാറില്ല, ഇതിന്‍റെ തിക്താനുഭവങ്ങള്‍
അനുഭവിക്കുന്നത് ഇവരില്‍നിന്ന് ജനിക്കുന്ന അടുത്ത തലമുറകള്‍ ആയിരിക്കും.  ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കുറവുകള്‍ കാണാന്‍
കഴിയില്ലെങ്കിലും മാനസികമായി അവര്‍ക്ക് ഉണ്ടാകുന്ന കുറവുകള്‍ അവരുടെ
ജീവിതത്തെയും സമൂഹത്തേയും ഒരുപോലെ ബാധിക്കും. കുറെ കാലങ്ങള്‍ക്ക്
മുന്‍പ് വരെ കേരളത്തില്‍ വിവാഹ ആലോചനകള്‍ക്ക് ചെറുക്കന്‍ മദ്യപാനിയാണോ എന്ന ചോദ്യം പ്രസക്തമായിരുന്നു, ചിലപ്പോള്‍ മേല്‍പ്പറഞ്ഞ ചിന്തകള്‍ മദ്യപാനവുമായി കൂട്ടിവായിക്കേണ്ടതാണ്. മാറിയ സാമൂഹികാന്തരീക്ഷത്തില്‍ മദ്യപാനം പരിഷ്കാരത്തിന്‍റെ ഭാഗമായപ്പോള്‍ സമൂഹത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തികള്‍ കൂടിത്തുടങ്ങി. ഒരു വൃക്ഷത്തില്‍ എന്തേലും ക്ഷതമേറ്റാല്‍ ആ ഭാഗം കേടുവന്ന് മരത്തെയും ചിലപ്പോള്‍ അതില്‍ കൂടുകൂട്ടുന്ന പുഴുക്കള്‍ അടുത്ത ചില്ലകളേയും ചിലപ്പോള്‍ ബാധിച്ചേക്കാം ഇത് പോലെയാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സമൂഹത്തിനും കുടുംബത്തിനും ദോഷമാകുന്നത്. ലഹരി മുക്തമായ നല്ല ദിനങ്ങള്‍ക്കായി ഒരുമിച്ചു പരിശ്രമിക്കാം--പ്രാര്‍ത്ഥിക്കാം--

മരുപ്പച്ച---






2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഓണക്കാഴ്ചകള്‍

                            ഓണക്കാഴ്ചകള്‍
                             *****************

വാണിജ്യവല്‍ക്കരിക്കപ്പെട്ട ഒരോണം വീണ്ടും കടന്നുപോയി, ബഹുരാഷ്ട്രകുത്തകളുടെ കച്ചവടകേന്ദ്രമായിപ്പോലും കേരളം
മാറിപ്പോയോ എന്നൊരു തോന്നല്‍. വിളവെടുപ്പ് മഹോത്സവമായ
ഓണമിന്ന്‍ മദ്യപാന്‍മ്മാരുടെ ദിനമായോ ? ഓരോ വര്‍ഷവും
മദ്യവില്‍പ്പന ഘട്ടം ഘട്ടമായി ഉയരുന്നു. ഒരു പക്ഷെ കോലാഹലങ്ങളില്‍
നിന്നു മാറിനിന്ന് ഓണത്തെ വീക്ഷിച്ചാല്‍ നമ്മള്‍ കാണാതെ പോകുന്ന
അല്ലെങ്കില്‍ കണ്ടിട്ടും മൌനം പാലിക്കുന്ന പലതും കാണാന്‍ കഴിയും.
ഈ ഓണം എന്‍റെ നാടിന്‍റെ പോക്ക് പഠിക്കാനും എല്ലാം സസൂക്ഷ്മം
നിരിക്ഷിക്കാനും ഒക്കെ കഴിഞ്ഞു. തിരുഓണത്തിന്‍റെ തലേനാള്‍ എന്‍റെ
നാടായ നെടുമങ്ങാട്‌ ടൌണില്‍ ഒന്ന് നടന്നു കണ്ടു,  രണ്ട് എടുത്താല്‍ ഒന്ന്
ഫ്രീ ആയി കിട്ടുന്ന ഓഫറുകള്‍, വീഴുന്നത് ചതിക്കുഴിയില്‍ ആണെന്ന്
അറിയാതെ പൊലിപ്പിക്കുന്ന വര്‍ണങ്ങളില്‍ കാണുന്ന ലോണുകള്‍,
രക്തം കുടിച്ചു ചീര്‍ത്ത മൂട്ട പോലെ വളരുന്ന പണമിടപാട് സ്ഥാപനങ്ങള്‍
എല്ലാപേര്‍ക്കും കൊയ്ത്തിന്‍റെ കാലം ഓണം ആണ്.

                                        ഈ തിരക്കിനിടയില്‍ അപ്രതീക്ഷിതമായി കണ്ണില്‍പെട്ട
ഒരു കാഴ്ച അത്യന്തം വേദനാജനകമായിരുന്നു. മാനസിക അസ്വാസ്ഥ്യം
ബാധിച്ച ഒരു അമ്മയും മകനും റോഡിലൂടെ തമ്മില്‍ തല്ലിയും വഴക്ക് പറഞ്ഞും  നീങ്ങുന്നു, അലക്ഷ്യമായി വസ്ത്രധാരണം, ഒരു നിമിഷം
പോലും  നോക്കി നില്ക്കാന്‍ കഴിയില്ല. ഓണനാളില്‍ ആര്‍ക്കും വേണ്ടാത്തവര്‍ക്കായി ഒരു കവര്‍ ബ്രഡും കുറച്ചു ആഹാരവും വാങ്ങി വന്നപ്പോള്‍ കണ്ണില്‍ നിന്ന് മറഞ്ഞുപോയി രണ്ടുപേരും. എന്തായാലും അവരെ കണ്ടുപിടിക്കുക എന്ന ചിന്തയോടെ  ഞാനും  എന്‍റെ ഭാര്യയും അവര്‍ പോയ വഴിയെ  അവരെ പിന്തുടര്‍ന്നു,  അവര്‍  പ്രധാന വീഥിയില്‍ നിന്ന് ചെറിയ ഒരു വഴിയിലൂടെ   നടക്കുന്നതാണ് കണ്ടത്. അടുത്ത് ചെന്ന് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ആ മകന്‍ പറഞ്ഞത് മലമൂത്രവിസര്‍ജ്ജനം നടത്താന്‍ ഒരിടം തേടുന്നു എന്നായിരുന്നു.  ഹൃദയം പലതായി നുറുങ്ങിയ നിമിഷമായിരുന്നു,
ആഘോഷങള്‍ തകര്‍ക്കുമ്പോള്‍ ആരോരുമില്ലാത്ത ചിത്തഭ്രമം ബാധിച്ച രണ്ട് ജന്മങ്ങള്‍ , സകലതും വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ലോകത്ത് സ്വകാര്യകാര്യങ്ങള്‍
നിര്‍വഹിക്കാന്‍ പരസ്പരം കാവല്‍ നില്കുന്ന രണ്ട് ജീവിതങ്ങള്‍, എന്‍റെ കയ്യില്‍ കരുതിയ ഭക്ഷണം കൊടുത്തിട്ട് തിരിഞ്ഞ് നടന്നപ്പോള്‍   ആ മകന്‍ പറഞ്ഞു എന്‍റെ അമ്മ ബ്രഡ് കഴിക്കില്ല  അതിനാല്‍ തിരിച്ച് തന്നു. മറുപടിയായി
കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ മാത്രമായിരുന്നു എനിക്ക്. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ കൂട്ടായി അവരെപ്പറ്റിയുള്ള ചിന്തയും നുറുങ്ങിയ ഹൃദയവും മാത്രമായിരുന്നു .പിന്നെ ഓണത്തിന്‍റെ പേരില്‍ കാണുന്ന ആഘോഷങ്ങളോട് പുച്ഛവും----

                                         കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തീര്‍ന്ന വീട്ടുകാര്‍ ആദ്യം അവരുടെ പ്രശ്നം ഉന്നയിച്ചത്  കന്യകാമാതാവിനോടായിരുന്നു അതുകൊണ്ടുതന്നെ എന്‍റെ എല്ലാ വേദനകളും പരിഭവങ്ങളും ഞാനും മാതാവിനോട് പറഞ്ഞു ആ ദിവസത്തെ പ്രാര്‍ത്ഥനയില്‍. അടുത്ത ദിവസം തിരുവോണം അന്ന് ഞാന്‍ കഴിച്ച ഒരു വറ്റു ചോറില്‍ പോലും അവരെ പറ്റിയുള്ള  ചിന്തയായിരുന്നു. അടുത്ത ദിവസം രാവിലെ ഞാന്‍  ടൌണില്‍ എത്തി എങ്ങും ശാന്തത വഴിവാണിഭക്കാര്‍ ഉപേക്ഷിച്ചു പോയ കടലാസുകളും
പ്ലാസ്റ്റിക്കും മാത്രം. ഒരു പക്ഷെ  തിരക്കൊഴിഞ്ഞ മൂകതയാണോ  നെടുമങ്ങാടിന്‍റെ ഭംഗി  ?  കച്ചേരി നടയില്‍  എല്ലാത്തിനും മൂകസാക്ഷിയായി നഗരത്തിന്‍റെ  വിഷവായു ശ്വസിച്ച് നില്‍ക്കുന്ന ആല്‍ മരം മാത്രം ----. അപ്രതീക്ഷിതമായി ഞാന്‍ വീണ്ടും ആ അമ്മയേയും മകനെയും കാണുന്നു, ഞാന്‍ അടുത്തു ചെന്നു കൂടുതല്‍ ഒന്നും അന്വേഷിച്ചില്ല, എന്തേലും കഴിച്ചോ എന്ന് മാത്രം, വാക്കുകള്‍ കൊണ്ടുള്ള ഭാഷയെക്കാള്‍ ചിലപ്പോള്‍ ഹൃദയം കൊണ്ടുള്ള ഭാഷക്ക് സംവദിക്കാന്‍  പെട്ടെന്ന് സാധിക്കും. അവരെ കൂട്ടി  ഹോട്ടലില്‍ പോയി ആഹാരം വാങ്ങിക്കൊടുത്ത്  ഉച്ചക്കുള്ള ഭക്ഷണവും പാര്‍സല്‍ ആക്കി  ക്കൊടുത്ത് അവിടെ നിന്നു പോരുമ്പോള്‍ ശരിക്കും മഹാബലിയെക്കണ്ട് ഓണം ആഘോഷിച്ച പ്രതീതിയാണ് ഉണ്ടായത്---.
ഇത് പോലെയെത്ര ജന്മങ്ങള്‍ ഉണ്ടാകും ആരും കാണാതെ --ആര്‍ക്കും വേണ്ടാതെ-------?


മരുപ്പച്ച-----







2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

മഹാബലി

            മഹാബലി
            ***********
ഗോഡ്സെക്ക് നെയ്ച്ചോറ് വിളമ്പി
ഗാന്ധിജിയെ റേഷന്‍ കടയുടെ
വരിയില്‍ നിര്‍ത്തിയവരിന്ന്
മഹാബലിയെ വീണ്ടും വീണ്ടും
ചവിട്ടി വാമനന് സ്തുതി പാടുന്നു ---


2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

പട്ടി നിയമം


       പട്ടി നിയമം
       *************
ചന്തിക്ക് തല്ലുന്ന മാഷിന്‍റെ
മോന്തക്ക് തല്ലുന്ന നാട്ടില്‍
മോന്തക്ക് കടിക്കുന്ന പട്ടിയുടെ
ചന്തിക്ക് തല്ലാനൊരു നിയമം
പോലുമില്ലേ-------?