2017, ജനുവരി 30, തിങ്കളാഴ്‌ച

മനുഷ്യരിലെ നന്മയും തിന്മയും

              മനുഷ്യരിലെ നന്മയും തിന്മയും
              *********************************            

നന്മയും തിന്മയും ഒരോ മനുഷ്യരിലും എത്രത്തോളമുണ്ട്
 എന്നത്  അളക്കാനുള്ള ഏകകം  ഒരോരുത്തരുടെയും
പ്രവര്‍ത്തിയാണ്,നന്മയും തിന്മയും  ഓരോ മനുഷ്യനിലും
അന്തര്‍ലീനമായ രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ്. ഏതിനെ
നമ്മള്‍ കൂടുതല്‍ പോഷിപ്പിക്കുന്നുവോ അതിന്
മുന്‍തൂക്കം കൂടും, ലിയോനാര്‍ഡോ ഡാവിഞ്ചി തന്‍റെ
അന്ത്യഅത്താഴം എന്ന വിഖ്യാതമായ ചിത്രം വരച്ചപ്പോള്‍
വളരെ ചിന്തനീയമായ ഒരു അനുഭവം പറയുന്നുണ്ട്.
യേശുക്രിസ്തുവിനെയും തന്‍റെ പന്ത്രണ്ട് ശിഷ്യന്‍മാരെയും
വളരെ കരുതലോടും ശ്രദ്ധയോടുമാണ് കാന്‍വാസില്‍
പകര്‍ത്തിയത്. ഒരോ കഥാപാത്രത്തേയും പകര്‍ത്തിയത്
സമാനമായ മുഖഭാവമുള്ള ആള്‍ക്കാരെ കണ്ടെത്തിയാണ്
. യേശുക്രിസ്തുവിന്‍റെ ചിത്രം വരക്കാന്‍  കണ്ടെത്തിയത്                    പത്തൊന്‍പത് വയസ്സ് പ്രായമുള്ള ഒരു
യുവാവിനെ ആയിരുന്നു. ആ ഉദ്യമം കഴിഞ്ഞ ഡാവിഞ്ചി
അടുത്ത ആറു വര്‍ഷം കാത്തിരുന്നു യേശുവിനെ ഒറ്റിക്കൊടുത്ത
യൂദാസിന് സമനായ ഒരാളെ കണ്ടെത്താന്‍. തീവ്രമായ അന്വേഷണവും
നീണ്ട കാത്തിരിപ്പിന് ശേഷവും  ഡാവിഞ്ചി കണ്ടത്തിയ  യൂദാസിന്
സമനായ മനുഷ്യന്‍ കൊലപാതകത്തിനും പിടിച്ചുപറിക്കും
ശിക്ഷിക്കപ്പെട്ട്ജയിലില്‍ കഴിയുന്ന ആള്‍ ആയിരുന്നു. തന്‍റെ ഉദ്യമത്തിനായി
ജയിലില്‍നിന്ന് പ്രത്യേക അനുവാദത്തോടെ ഡാവിഞ്ചി യുവാവിനെ
പുറത്തുകൊണ്ടുവന്നു. ഒരു മാസത്തോളം ചിത്രപ്പണി തീരും വരെ
കൂടെ നിര്‍ത്തിയ ശേഷം  ഡാവിഞ്ചി യുവാവിനെ തിരിച്ച്
ജയിലില്‍ പോകാന്‍ നിര്‍ദ്ദേശിക്കുന്നു.വളരെ സങ്കടത്തോടും
അരിശത്തോടും യുവാവ് ഡാവിഞ്ചിയോട് ചോദിക്കുന്നു അവിടുന്ന്
എന്നെ ഇതിന് മുന്‍പ് അറിയുമോ ? ഉത്തരമായി ഡാവിഞ്ചി
പറയുന്നു ഇല്ല ഇതിന് മുന്‍പ് ഞാന്‍ നിന്നെ കണ്ടിട്ടില്ല, യുവാവ്
ആകാശത്തിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ദൈവമേ
 ഇത്രത്തോളം ഞാന്‍ താഴേക്ക്‌ വീണല്ലോ ? അതിന് ശേഷം ഡാവിഞ്ചിയെ
നോക്കി യുവാവ് പറഞ്ഞു ആറു വര്‍ഷം മുന്‍പ് യേശുവിന്‍റെ പടം
വരയ്ക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്എന്നെ ആയിരുന്നു
അന്ന് യുവാവിന്‍റെ മുഖത്തിന്‌  ദൈവീകമായ ശോഭയും നൈര്‍മ്മല്യവും
ഉണ്ടായിരുന്നു. യേശുവിന്‍റെ രൂപത്തില്‍ നിന്ന് യൂദാസിന്‍റെ രൂപത്തിലേക്കുള്ള
മാറ്റം എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള സാധ്യതകളാണ്----

മരുപ്പച്ച





ബന്ധങ്ങള്‍

 കുടുംബബന്ധങ്ങളില്‍, സമൂഹത്തില്‍ അല്ലായെങ്കില്‍
രണ്ടുപേര്‍ക്കിടയിലുള്ള  ബന്ധത്തില്‍ നീയും ഞാനും
എന്ന വാക്ക് ഞങ്ങള്‍ എന്നതിന് പകരം ഉപയോഗിച്ച്
തുടങ്ങിയാല്‍  അവിടെ നിന്നാവാം നല്ല ബന്ധങ്ങള്‍ക്കിടയില്‍
വിള്ളല്‍ ഉണ്ടാവാനേറെ സാധ്യത. വിശുദ്ധ ബൈബിള്‍
പഴയ നിയമത്തില്‍ കര്‍ത്താവ്‌ കായേനോട് ചോദിച്ചു
നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ ? അവന്‍ പറഞ്ഞു
എനിക്കറിഞ്ഞുകൂടാ സഹോദരന്‍റെ കാവല്‍ക്കാരനാണോ
ഞാന്‍ - ?  കൊച്ചു നാളുകളില്‍  എനിക്ക് എത്ര ശ്രമിച്ചിട്ടും
മനസ്സിലാകാതിരുന്ന ഒരു ഉത്തരമാണിത്.  സ്വാര്‍ത്ഥതയുടെ
പര്യായമാണ് കായേനെന്ന്‍   മനസ്സിലാക്കാന്‍ ബാല്യകാലം
കഴിയേണ്ടിവന്നു  .പ്രപഞ്ചത്തിലെ
സര്‍വ്വ ചരാചരങ്ങളും ഒന്ന് മറ്റൊന്നിനോട്
കടപ്പെട്ടിരിക്കുന്നുവെന്നും ഒന്ന് മറ്റൊന്നിന്‍റെ കാവലാളി
ആയിരിക്കേണ്ടതാണെന്നുമുള്ള പരമ സത്യവും  ഞാനും
നീയും എന്നല്ല നമ്മള്‍, ഞങ്ങള്‍ എന്നായിരിക്കണമെന്ന
സത്യം മനസ്സിലാക്കുക എന്നതാണ് പരമമായ കണ്ടെത്തലെന്നും
ശാന്തമായ ജീവിതത്തിനും  മനുഷ്യന്‍റെയും പ്രകൃതിയുടെയും
നിലനിപ്പിനും  ഇത്തരം ചിന്ത ആവശ്യമെന്ന്‍ തോന്നുന്നു ----      

മരുപ്പച്ച













2017, ജനുവരി 29, ഞായറാഴ്‌ച

അകലങ്ങള്‍

അകലങ്ങളില്‍ കണ്ണ് നട്ട് സകലതും
വീക്ഷിച്ച് എല്ലാം കാണുന്നുവെന്ന്
എല്ലാപേരെയും ബോധ്യപ്പെടുത്തുമ്പോഴും
ഹൃദയം എല്ലാത്തില്‍ നിന്ന് അകന്ന്
വിദൂരത്തായിരിക്കും-ഇതാണ്
ഓരോരുത്തരും ജീവിതത്തില്‍
അനുഭവിക്കുന്ന ശൂന്യത.  ഇത് ചിലപ്പോള്‍
മനപ്പൂര്‍വ്വമാകാം അത്തരക്കാര്‍ കാപട്യത്തിന്‍റെ
മൂടുപടം അണിഞ്ഞവരായിരിക്കും
കാപട്യത്തേയും നേരിനെയും തിരിച്ചറിഞ്ഞ്
ജീവിതത്തില്‍ പുതു വഴി തുറക്കുക
ക്ലേശകരം-അങ്ങനെ പുതു പാതയിലൂടെ
സഞ്ചരിക്കുന്നവന്‍ ജീവിത വിജയം
കണ്ടെത്തും---.

മരുപ്പച്ച


2017, ജനുവരി 25, ബുധനാഴ്‌ച

റിപ്പബ്ലിക് ദിനാശംസകള്‍--

ഒരു ജനാധിപത്യരാജ്യം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും
സമ്പൂര്‍ണ്ണമായത് അതിന് സ്വന്തമായി ഒരു നിയമ
സംഹിത നിലവില്‍ വന്നപ്പോഴാണ്.1947 ആഗസ്റ്റ് 15 ന്
സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അന്ന് മുതല്‍ തുടങ്ങിയ
കഠിനമായ പരിശ്രമം കൊണ്ട് 1950 ജനുവരി 26ന്
അത് നമുക്ക് സാധ്യമായി.  68 -മത് റിപ്പബ്ലിക് ദിനം
ആഘോഷിക്കുമ്പോഴും ഭരണഘടന വിഭാവനം
ചെയ്യുന്ന  വിദ്യഭ്യാസപരവും  സാമ്പത്തികവുമായ  
സമത്വവും വികസനവും താഴേക്കിടയില്‍
എത്രത്തോളം എത്തിയെന്ന്‍ ചിന്തിക്കേണ്ട ഒരു
നിമിഷം കൂടിയാണ്.സ്വതന്ത്ര്യാനന്തരം ഒറ്റപ്പെട്ട
തുരുത്ത് പോലെ നിന്ന നാട്ടു രാജ്യങ്ങളെ ഒരുമിച്ച്
ചേര്‍ക്കാന്‍ നെഹ്‌റു വിന്‍റെ നേതൃത്വത്തിന് ഒത്തിരി
പാടുപെടേണ്ടി വന്ന്, എന്നാല്‍ ഇന്ന് മതത്തിന്‍റെ
പേരില്‍ സങ്കുചിത ചിന്തയുടെ പേരില്‍ നമ്മുടെ
മണ്ണിനെ കീറിമുറിക്കാന്‍ കാത്തിരിക്കുന്നു പലരും.
ഈ നിമിഷത്തില്‍ സ്വതന്ത്ര്യത്തിനുവേണ്ടി
പോരാടിയവരെ ഓര്‍ത്തു കൊണ്ട് എല്ലാവര്‍ക്കും
റിപ്പബ്ലിക് ദിനാശംസകള്‍--

മരുപ്പച്ച

2017, ജനുവരി 24, ചൊവ്വാഴ്ച

പൗലോ കൊയ്‌ലോ-ഇലവന്‍ മിനിറ്റ്സ്

പൗലോ കൊയ്‌ലോ-ഇലവന്‍ മിനിറ്റ്സ്
*****************************************
അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പൗലോ കൊയ്‌ലോയുടെ മറ്റൊരു വിസ്മയമാണ് ഇലവന്‍ മിനിറ്റ്സ്. പൗലോയുടെ മറ്റു കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി തോന്നിക്കുന്ന ഈ കഥ നഗ്നമായ എഴുത്തിലൂടെ  ആരും തിരിഞ്ഞു നോക്കാന്‍, അല്ലെങ്കില്‍  ആരും വിഷയമാക്കാന്‍ ശ്രമിക്കാത്ത ഒരു ജീവിതത്തിലൂടെ കടന്നുപോകുന്നതോടൊപ്പം നമ്മുടെ കപട സദാചാര ബോധത്തെയും ചോദ്യം ചെയ്യുന്നു. മരിയ എന്ന ഒരു വേശ്യയുടെ കഥ പറയാന്‍ ശ്രമിക്കുന്ന കഥാകൃത്ത് പിഴച്ചുപോയവരെന്നു സമൂഹം വിരല്‍ ചൂണ്ടുന്ന ഒരു വിഭാഗത്തിന്‍റെ  കഥയാണ് പറയുന്നത്.മരിയയുടെ കഥ പറയുന്നതോടൊപ്പം മരിയ ദിവസവും കുറിച്ച ഡയറി കുറിപ്പുകള്‍ ഈ  കഥയുടെ മാറ്റ് കൂട്ടുന്നു. ബ്രസീലിയന്‍ യുവതിയായ സോണിയയുടെ അനുഭവങ്ങള്‍ പൗലോ കൊയ്‌ലോയുടെ മാന്ത്രിക തൂലികയിലൂടെ ഇലവന്‍ മിനിറ്റ്സ് ആയി ഒരു  സാഹിത്യ വിപ്ലവം സൃഷ്ടിച്ചു.
       
                                        ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന
പോലെ സാധാരണമായിരുന്നു മരിയയുടെ വിദ്യാഭ്യാസകാലം.എല്ലാ പെണ്‍കുട്ടികളും കാണുന്ന പോലെ അവളും സ്വപ്നങ്ങള്‍ നെയ്തു, പ്രണയവും  വിവാഹവും കുടുംബവും അങ്ങനെ എല്ലാം, ഒരു സാധാരണ കുടുംബത്തില്‍ പിറന്ന മരിയ നിഷ്ക്കളങ്കയും കന്യകയും ആയിരുന്നു. പഠനകാലത്ത് തന്നോടൊപ്പം സ്കൂളില്‍ പോകുവാന്‍ കൂട്ടായിരുന്ന ബാലന്‍ ഒരു നാള്‍ മരിയയോട് ഒരു പെന്‍സില്‍ ഉണ്ടോ എന്ന് ചോതിച്ചത് തന്നോട് ഒന്ന് മിണ്ടാനുള്ള അവന്‍റെ ശ്രമം ആയിരുന്നുവെന്ന് മരിയക്ക്‌ വൈകിയാണ് മനസ്സിലായത്‌. ഒരു പെന്‍സില്‍ കയ്യില്‍ പിടിച്ചു മരിയ പലപ്പോഴും കാത്തിരുന്നു ഒരിക്കല്‍ കൂടി അവന്‍ അടുക്കല്‍ വരുമോ എന്നറിയാന്‍ , എന്നാല്‍ പിന്നീടോരിക്കലും അതുണ്ടായില്ല.പതിനഞ്ച് വയസ്സ് തികഞ്ഞ മരിയ പള്ളിയില്‍ വച്ച് തന്‍റെ മനസ്സ് പങ്കുവയ്ക്കാന്‍ ഒരു യുവാവുമായി പ്രണയത്തിലാകുന്നു. അവനായിരിക്കും തന്‍റെ രാജകുമാരനെന്ന്‍ മനസ്സില്‍ കരുതിയ മരിയ അവനുമായി വിവാഹ ജീവിതം ആകാമെന്ന്‍ ചിന്തിച്ച് മനസ്സും ശരീരവും പങ്കുവയ്ക്കുന്നു. മൂന്ന് ദിവസങ്ങള്‍ക്കുശേഷം വീണ്ടും  മരിയ തന്‍റെ
പ്രിയനെ കണ്ടുമുട്ടുന്നത്  മറ്റു പെണ്ണുങ്ങളുമായി നൃത്തത്തിലായിരിക്കുന്നതാണ്. അവളുടെ തകര്‍ന്ന മനസ്സുമായി വിവാഹ ജീവിതം വേണ്ട ഒരു കന്യാസ്ത്രീ ആയാല്‍ മതിയെന്നു പോലും അവള്‍ ചിന്തിക്കുന്നു. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അവളുടെ തീരുമാനത്തിനും മാറ്റം വന്നു. പിന്നെയുള്ള അവളുടെ ജീവിതം യാന്ത്രികമായിരുന്നു. പല പുരുഷന്മ്മാരുമായും ശരീരം പങ്കിടുന്ന മരിയ ഒന്നിലും പ്രണയമോ സ്നേഹമോ കാണുന്നില്ല. പതിനേഴാമത്തെ വയസ്സില്‍ മരിയ ഇങ്ങനെ തന്‍റെ ഡയറിയില്‍ എഴുതി എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചവര്‍ക്ക് എന്‍റെ ശരീരത്തെ ഉണര്‍ത്താനായില്ല, എന്‍റെ ശരീരത്തെ  ഉണര്‍ത്താനായവര്‍ക്ക് എന്‍റെ ഹൃദയത്തെ സ്പര്ശിക്കാനായില്ല. പത്തൊന്‍പതാമത്തെ വയസ്സില്‍ ഒരു വ്യവസായിയുമായി പ്രണയത്തിലായ
മരിയ തന്‍റെ സ്വപ്നലോകമായ റിയോഡി-ജനിറോ-യില്‍ പോകാനുള്ള പണം സമ്പാദിച്ചശേഷം റിയോഡിയില്‍ ചേക്കേറുന്നു, നാഗരികതയുടെ മാസ്മരികതയില്‍ അകപ്പെടുന്ന മരിയ സമ്പത്തിനു നേരെ ഓടുന്നു.

                                                  വളരെ ഉദ്വേഗജനകമായ വിവരണമാണ് പൗലോ കൊയ്‌ലോ നഗരത്തെക്കുറിച്ചും നിശാക്ലബ്‌ കളെക്കുറിച്ചും ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നത്. നിശാക്ലബ്ബില്‍ വരുന്ന പുരുഷന്മ്മാരെ എങ്ങനെ  അഭിമുഖീകരിക്കണമെന്നും എത്ര സമയമാണ് അവരോടൊപ്പം ചിലവഴിക്കേണ്ടതെന്നും കുത്തഴിഞ്ഞ നഗരത്തിന്‍റെ നിശാസംസ്കാരവും,
ശരീരം വില്‍ക്കുന്നവരുടെ പങ്ക് പറ്റുന്നവരും അങ്ങനെ സാധാരണക്കാരന്‍റെ മനസ്സിന് അപ്രാപ്യമെന്നു കരുതുന്ന ചിന്തകളും സംഭവങ്ങളും ഇവിടെ കാണാം.  ധനികനായ ഒരുവനോടൊപ്പം ദുഖിതയായി കഴിയുന്നതാണ് ദരിദ്രനായ ഒരുവനോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലതെന്ന് മറിയയുടെ അമ്മയുടെ ഉപദേശം സമ്പത്തിന്  പിന്നാലെ പരക്കം പായാന്‍ മരിയയെ പ്രേരിപ്പിക്കുന്നു .പ്രണയ ചതിവിലൂടെ സ്വിറ്റ്സര്‍ലണ്ടിലെ നിശാക്ലബ്ബില്‍ എത്തുന്ന മരിയ കഥയുടെ പുതിയ താളുകളിലേക്ക് നീങ്ങുന്നു. അടിമയായി  തുച്ചമായ ശമ്പളത്തിനായി  വേശ്യാവൃത്തി ചെയ്യുന്നവളായി ജീവിക്കുക--ഭയാനകം-

പ്രതീക്ഷ കൈവിടാതെ മരിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു ഫ്രഞ്ച് ഭാഷ പഠിക്കയും പുതിയ  ബന്ധങ്ങളില്‍ എത്തുകയും ആയിരം ഫ്രാങ്ക് ഒരു രാത്രി നേടുന്നവളായി മാറുന്നു.പലരുമായി കിടക്ക പങ്കിടുന്ന മരിയ ഓരോ പുരുഷന്മ്മാരും എങ്ങനത്തെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ ആണെന്നും ഓരോ ബന്ധംപ്പെടലിനും വെറും പതിനൊന്നു മിനിട്ടിന് മാത്രമേ പ്രാധാന്യം ഉള്ളൂവെന്നും  ഈ ഭാഗങ്ങളില്‍ പങ്കുവയ്ക്കുന്നു. താന്‍ കിടപ്പറ പങ്കിട്ട ഒരു പുരുഷനും തന്നെ സന്തോഷിപ്പിക്കാന്‍  കഴിഞ്ഞിട്ടില്ലെന്നും  പുരഷനെ സന്തോഷിപ്പിക്കുക മാത്രമാണ് ഒരു വേശ്യയുടെ കടമയെന്നും
ബാക്കിയെല്ലാം വെറും അഭിനയം മാത്രമാണെന്നുമുള്ള സത്യസന്ധമായ ചില വിലയിരുത്തലുകള്‍ ഇവിടെ കാണാം.വ്യത്യസ്തമായ സാഹചര്യങ്ങളില്‍
നിന്ന് വേശ്യാവൃത്തിയിലേക്ക് എറിയപ്പെടുന്ന പലരും ഉയര്‍ന്ന തലങ്ങളില്‍
ചിലപ്പോള്‍ എത്തിയാലും ആത്യന്തികമായി പരാജയമാണെന്ന് റോമിന്‍റെ ചക്രവര്‍ത്തിയായിരുന്ന മാറിന മേസാലിനയേയും ചാര പ്രവര്‍ത്തകയായിരുന്ന മാതഹരിയെയും പേരെടുത്തു ഉദാഹരണമാക്കുന്നു
പൗലോ കൊയ്‌ലോ.


                            
                                   അവിചാരിതമായി അവള്‍ കണ്ടുമുട്ടിയ റാല്‍ഫ് എന്ന ഒരു ചിത്രകാരന്‍ അവളുടെ ഒരു ചിത്രം വരക്കാന്‍ ആഗ്രഹിക്കുന്നു അതുകൂടാതെ മരിയയില്‍ ഒരു പ്രകാശം തുളുമ്പുന്നു എന്ന   ചിത്രകാരന്‍റെ വാക്കുകള്‍ അവളെ ചിന്താനിമഗ്നയാക്കി. ഇതു വരെ അവള്‍ കണ്ട പുരുഷന്മ്മരെല്ലാം അവളുടെ ശരീരത്തെ മാത്രമേ വര്‍ണ്ണിച്ചിട്ടുള്ളൂ. അവരുടെ സംഭാഷണം നീണ്ടു അതില്‍ രതിയുടെ ഭാവമില്ലായിരുന്നു പ്രണയത്തിന്‍റെ പുതിയ ഭാവമാണോ അതും അവള്‍ക്കറിയില്ല എന്തോ ചില മാറ്റം മനസ്സില്‍.നിരന്തരമുള്ള കൂടികാഴ്ചകള്‍ ചില കാത്തിരിപ്പുകള്‍ അവളെ അവള്‍ ആഗ്രഹിക്കാത്ത പ്രണയമെന്ന ആഴങ്ങളില്‍ തള്ളിയിട്ടോ-.അടുത്ത മൂന്ന് മാസങ്ങള്‍ക്കകം അവള്‍ക്ക് തിരികെ ബ്രസീലില്‍ പോകണം കുറച്ചു കൃഷി ഭൂമി വാങ്ങണം ശിഷ്ടകാലം അവിടെ കഴിയണം--ഇതിനിടയില്‍ ഈയൊരു പ്രണയം ---എന്തോ  അവള്‍ റാള്‍ഫില്‍ ഒരു സുരക്ഷിതത്വം കണ്ടെത്തി. ക്രമേണയായി അവള്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലിനോട് അവള്‍ക്ക് വിരക്തി അനുഭവപ്പെട്ടുതുടങ്ങി.അവള്‍ ഡയറിയില്‍ ഇങ്ങനെ എഴുതി എനിക്ക് പ്രണയം വേണം എനിക്ക് പ്രണയിക്കണം ജീവിതം
ഹ്രസ്വമോ ദീര്‍ഘമോ ആണ്. അതെനിക്ക് ജീവിതം ജീവിക്കുക എന്നആഡംബരം
തികച്ചും നല്കിയിരിക്കുന്നു.

                                                           അവള്‍ തിരിച്ച് ബ്രസീലില്‍ പോകാനുള്ള ടിക്കറ്റ്
തരപ്പെടുത്തി തന്‍റെ എല്ലാ സാധനങ്ങളും പെട്ടിയിലാക്കി തന്‍റെ സമ്പാദ്യമെല്ലാം
ബാങ്കില്‍ നിന്ന് പിന്‍വലിച്ചു ഇനി യാത്രയാകണം. അപ്പോഴും അവളുടെ മനസ്സില്‍ ഒരു പിന്‍വിളി  -റാള്‍ഫ് --അവന്‍ പോകണ്ടാ എന്ന് പറഞ്ഞാലോ-
യാത്രയുടെ തലേദിവസം  അവര്‍ ഒരുമിച്ചു -ഒരു പ്രണയത്തിന്‍റെ ഒത്തു ചേരല്‍
ആദ്യമായി അവള്‍ എല്ലാം മറന്ന് സന്തോഷിച്ച ദിനം-അവള്‍ ഡയറിയില്‍ എഴുതി വാക്കുകള്‍ കാറ്റിനൊപ്പം കടന്നു പോയി പക്ഷേ എനിക്ക് അവയെ കേള്‍ക്കണമായിരുന്നുഅയാള്‍ ആ വാക്കുകള്‍ പറയണമായിരുന്നു ഞാന്‍ ഉറങ്ങി എപ്പോഴെന്ന് എനിക്കറിയില്ല, ഞാന്‍ സ്വപ്നം കണ്ടു അത് ഒരു വ്യക്തിയെയോ സാഹചര്യത്തെക്കുറിച്ച് ആയിരുന്നില്ല വായുവില്‍ പടര്‍ന്ന സുഗന്ധത്തെക്കുറിച്ചായിരുന്നു എന്‍റെ സ്വപ്നം. അവന്‍ ഉണരും മുന്‍പ് അവള്‍ യാത്ര തിരിച്ചു  എയര്‍പോര്‍ട്ടില്‍ അവള്‍ അവനെ പ്രതീക്ഷിച്ചു  -പ്രതീക്ഷകള്‍ അസ്ഥാനത്തായി  അവന്‍ വന്നില്ല--ജനീവയില്‍ നിന്ന് പാരിസ് വരെയുള്ള യാത്ര  അവള്‍ ഉറങ്ങിപ്പോയി--പാരിസില്‍ അവള്‍ വിശ്രമിക്കും നേരം-പിന്നില്‍ ഒരു
ശബ്ദംകേട്ട് കേട്ടു നിനക്ക് ഈഫല്‍ ടവര്‍ കാണാന്‍ ആഗ്രഹമുണ്ടോ--ഒരു പൂച്ചെണ്ടുമായി റാല്‍ഫ് ആയിരുന്നു--------ഒരു കൂടിച്ചേരലിന് സാക്ഷ്യം
വഹിച്ച നിമിഷങ്ങള്‍------

മരുപ്പച്ച

2017, ജനുവരി 22, ഞായറാഴ്‌ച

പ്രകാശം

പ്രകാശമില്ലാത്ത ഒരു മുറിയില്‍ ഒരു
തിരി തെളിച്ചാല്‍ ആ മുറിയില്‍
പ്രകാശം പരക്കും അതോടൊപ്പം
അന്ധകാരം അകലുന്നതായും കാണാം.
പ്രകാശം തെളിച്ച നെരിപ്പോടിന് ചുറ്റും
ഇയ്യാം പാറ്റകള്‍ വട്ടമിട്ടു ഉല്ലസിക്കും
കൂടെ  ദുഃശ്ശകുനമായി തിരി കെടുത്താന്‍
കരിവണ്ടുകളും കൂടും------

മനുഷ്യ ജീവിതത്തിലും ഇതല്ലേ ഉണ്ടാകാറ്
നന്മ കളിയാടുന്നിടത്ത് -ഒത്തിരി
സന്തോഷവും ഉണ്ടാകാറുണ്ട്--അത്തരം
നന്മയെ കെടുത്താന്‍ തിന്മയും വന്നേക്കാം--
നന്മ ഉള്ളയിടങ്ങളിള്‍ മാത്രമേ  തിന്മ ഉണ്ടാകൂ--
നന്മയാകുന്ന വിളക്ക് കെടാതെ തിന്മയുടെ
സ്വാധീനം നമുക്ക് കുറയ്ക്കാം----

മരുപ്പച്ച


2017, ജനുവരി 20, വെള്ളിയാഴ്‌ച

ചിന്തകള്‍

പട്ടിണിക്കാരന്‍ ഒരു നേരത്തെ ആഹാരത്തിനായി
 ദൈവത്തോട് യാചിക്കുമ്പോള്‍,പണക്കാരന്‍ നൂറു
കാര്യങ്ങള്‍ ദൈവത്തോട് യാചിക്കുന്നു.ദാരിദ്ര്യം
അനുഭവിക്കുന്നവന് നല്ല ഉറക്കം ലഭിക്കുമ്പോള്‍
സമ്പന്നന്‍ ഉറക്കത്തിനായി  കഷ്ടപ്പെടുന്നു.
ഒരു കൂട്ടര്‍ വിശപ്പ്‌ മാറ്റാനായി നെട്ടോട്ടമോടുമ്പോള്‍
കുറെപ്പേര്‍ വിശപ്പിനായി പലതും ചെയ്യുന്നു---
ഇവിടെ ആരാണ് സമ്പന്നന്‍---വിശപ്പുള്ളവനോ
വിശപ്പിനായി അധ്വനിക്കുന്നവാണോ-?---
ദൈവത്തിന്‍റെ മുന്നില്‍ ആരാണ് സ്വീകാര്യന്‍
ഒരു  നേരത്തെ ആഹാരം ചോദിക്കുന്നവനോ
അതോ ലോകം വെട്ടിപ്പിടിക്കാന്‍ ആയിരം കാര്യം
ചോദിക്കുനവനോ--?

മരുപ്പച്ച

2017, ജനുവരി 17, ചൊവ്വാഴ്ച

പ്രണയം

അനന്തവിഹായസ്സില്‍ പറന്നു വിലസുന്ന
പക്ഷിയെപ്പോലെയാണ് പ്രണയം. അതിന്
സ്വതന്ത്രമായ ഒരു രൂപവും ഭാവവുമുണ്ട്
ആത്മീയവും സത്തയേറിയതുമായ ഒരു
ഭാവം. അതിനെ കൂട്ടിലടക്കാന്‍ കഴിയില്ല
കൂട്ടിലടച്ചാല്‍ സ്വതന്ത്ര്യം നക്ഷ്ടപ്പെട്ട
പക്ഷിയെപ്പോലെ, ആത്മാവ് നഷ്ടപ്പെട്ട
മനുഷ്യനെപ്പോലെ നിര്‍ജ്ജീവമാകും-
അര്‍ക്കരശ്മികളേറ്റ് പുഞ്ചിരിക്കാന്‍
കാത്തുനില്‍ക്കുന്ന പുല്‍ക്കൊടി പോലെ
നീലാകാശത്തിലെ പറവപോലെ
ആഴിയുടെ അടിത്തട്ടില്‍ കാണും പവിഴം
പോലെ എന്നും പ്രണയമുണ്ടാകട്ടെയീ
ഭൂവില്‍----


മരുപ്പച്ച


2017, ജനുവരി 14, ശനിയാഴ്‌ച

രാഷ്ട്രീയക്കാരന്‍

അഷ്ടിക്ക് വകയില്ലാത്തവന്‍റെ
കാഷ്ടത്തിനുപോലും വില
പേശുന്ന കുഷ്ടം പിടിച്ചവരാണ്
ഇന്നത്തെ രാഷ്ട്രീയക്കാര്‍-

2017, ജനുവരി 13, വെള്ളിയാഴ്‌ച

ഓര്‍ക്കുക ഭാരതത്തിനാത്മാവാം ചര്‍ക്കയെ-
*******************************************
ഖദര്‍ എന്തെന്നറിയില്ല
ഖാദി എന്തെന്നറിയില്ല
ചര്‍ക്കപോലുമെന്തെന്ന-
റിയാത്തൊരു കൂട്ടര്‍-


രാഷ്ട്രമെന്തെന്നറിയാതെ
രാഷ്ട്രപിതാവിനെ
കല്ലെറിയുന്നവര്‍

ഗോട്സേക്ക് ബിരിയാണി വിളമ്പി
ഗാന്ധിജിക്ക് കഞ്ഞി കൊടുക്കാന്‍
വെമ്പുന്നവര്‍

ദേശമെന്തെന്നറിയാതെ
ദേശീയ ഗാനം പാടുന്നവര്‍

കാരണമില്ലാതെ കാരണവരെ
കൊന്നൊരു കൂട്ടര്‍
പുലമ്പുന്നു കുടുംബ സ്നേഹം

ഇല്ല മാപ്പില്ല
നിങ്ങള്‍ക്ക്-ചരിത്ര മേകില്ല
മാപ്പൊരിക്കലും

മരുപ്പച്ച


2017, ജനുവരി 12, വ്യാഴാഴ്‌ച

സ്നേഹം

സൂര്യപ്രകാശം അരിച്ചിറങ്ങാന്‍ ഏതൊരു ഭവനത്തിനും
ജാലകങ്ങള്‍ ആവശ്യമാണ്‌,   ഇരുട്ട് അകറ്റാന്‍ അതാവശ്യവും
നല്ല വായുസഞ്ചാരവും പ്രകാശവും വീടിന് അവശ്യമെന്ന പോലെ
സ്നേഹവും കരുണയും മനുഷ്യന്‍റെ സന്തോഷപൂര്‍ണ്ണമായ ജീവിതത്തിന്
അനിവാര്യമല്ലേ. --മനുഷ്യ മനസ്സുകളെ തമ്മില്‍ അടുപ്പിക്കുന്ന സ്നേഹമെന്ന
 വികാരം  പ്രവേശിക്കാനും വിദ്വഷമെന്ന വികാരം പുറത്തേക്കു പോകാനും --
ചില വാതിലുകള്‍ ആവശ്യമല്ലേ---അടഞ്ഞ വാതിലുകള്‍ തുറന്നു  സ്നേഹത്തിന്‍റെ  കരുണയുടെ   പുതിയ പാതകള്‍ തീര്‍ക്കാം--

മരുപ്പച്ച

2017, ജനുവരി 10, ചൊവ്വാഴ്ച

വീഴ്ച

 അര്‍ക്കരശ്മിയേകും ചെറു-
ചൂടിനെപോലും പഴിക്കുന്നോര്‍
വീഴ്ചകള്‍ മാത്രം തേടി
മനുഷ്യന്‍റെ പിന്നാലെ പായുന്നതില്‍ 
 അതിശയത്തിനെന്ത്‌ പ്രസക്തി-

മരുപ്പച്ച



2017, ജനുവരി 5, വ്യാഴാഴ്‌ച

ക്രിസ്തുമസ്സ് ചില ചിന്തകള്‍

                  ക്രിസ്തുമസ്സ് ചില ചിന്തകള്‍
               ********************************

ത്യാഗത്തിന്‍റെയും കരുണയുടെയും പ്രതീകമായ ക്രിസ്തുദേവന്‍റെ ഒരു ജനനത്തിരുനാള്‍കൂടി നമ്മെ സമീപിച്ചിരിക്കുന്നു. കാലം കഴിയുന്തോറും മാനവികതക്ക് ഉണ്ടാകുന്ന കുറവുകള്‍ പോലെ ആത്മീയമായ തകര്‍ച്ചയും മനുഷ്യനെ വേട്ടയാടുന്നു. ഒരു പക്ഷേ ആത്മീയതയ്ക്കുണ്ടായ തകര്‍ച്ചയാകാം
മാനവികതയുടെ തകര്‍ച്ചക്കും കാരണം. എല്ലാം വാണിജ്യവല്ക്കരിക്കപ്പെട്ട കാലത്ത് ക്രിസ്തുമസ്സും വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നുവോ ? ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങള്‍ളിലൂടെയും മനുഷ്യര്‍ക്ക്‌ ദൈവത്തെ കണ്ടെത്താന്‍ കഴിയുമോ ? യേശുവിന്‍റെ ജന്മസ്ഥലം കാണിച്ചു കൊടുക്കുവാന്‍ ജ്ഞാനികള്‍ക്ക്‌ വഴികാട്ടിയ നക്ഷത്രത്തിന്‍റെ സ്ഥാനമിന്നെവിടെ ?  ഒരോ വീടിന് മുന്നിലും തെളിക്കുന്ന നക്ഷത്ര ദീപം പോലെ മനുഷ്യരുടെ ഹൃദയം ജ്വലിച്ചിരുന്നുവെങ്കില്‍ എത്ര മനോഹരമായേനെ ലോകം.  ആര്‍ഭാടവും ആട്യത്വവും വിളിച്ചോതുവാന്‍ നാട്ടുന്ന നക്ഷത്രവിളക്കുകളുടെ പണംകൊണ്ട് പട്ടിണിമാത്രം കൈമുതലായുള്ള പലരുടെയും ഒരു നേരത്തെ വിശപ്പടക്കാന്‍ നമ്മെ കൊണ്ട് കഴിയില്ലേ. ഒരമ്മപ്രസവിച്ച തന്‍റെ കുഞ്ഞിനെ കിടത്താനിടമില്ലാതെ അലയുമ്പോള്‍ ആരും വില മതിക്കാത്ത ആട്ടിടയര്‍ അമ്മയ്ക്കും കുഞ്ഞിനും കിടക്കാന്‍, വിശ്രമിക്കാന്‍ ഇടം നല്‍കി മാതൃകയായത്‌ എന്ത് കൊണ്ട് നമ്മള്‍ മറന്നു പോകുന്നു, ആ ഭവനത്തിന്‍റെ ഓര്‍മ്മക്കായി നമ്മളൊരുക്കുന്ന  പുല്ക്കൂടുകള്‍ ഇന്ന് പൂര്‍ണ്ണമായും വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു.സ്നേഹത്തിന്‍റെ പ്രതീകമായ സാന്താക്ലോസിന്നു മുഖംമൂടികള്‍ക്ക് മാത്രമായി അധപതിച്ചിരിക്കുന്നു.


                                                       ക്രിസ്തുവിന്‍റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ജനനവും കുരിശുമരണവും മാത്രമല്ല
ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്ത മുതല്‍ ഉയര്‍പ്പ് വരെ ചിന്തനീയമാക്കണം.  നമ്മുടെ ഹൃദയങ്ങളില്‍  ക്രിസ്തു ജനിക്കുന്നില്ലെങ്കില്‍ അതിന് കാരണം നമ്മില്‍ ത്യാഗപൂര്‍ണ്ണമായ ഒരു മറിയവും  അപരനെ
 കരുതുന്ന ജോസഫും ഇല്ല എന്നല്ലേ. നിസ്വനായി പിറന്ന്   മരക്കുരിശില്‍ മരിച്ചവന്‍റെ ഓര്‍മ്മക്കായി പൊന്‍കുരിശും ആര്‍ഭാടമായ ജീവിതവും നയിക്കുന്നവര്‍ ഫലത്തില്‍   ക്രിസ്തുവിനെ അപമാനിക്കയല്ലേ ചെയ്യുന്നത്.
ഗര്‍ഭിണിയായ മറിയം വളരെ ദൂരം കാല്‍നടയായി എലിശാ പുണ്യവതിയെ ചെന്ന് കണ്ട് ശുശ്രൂഷിക്കുന്ന രംഗം ഹൃദയത്തിലേറ്റാന്‍ എത്ര പേര്‍ക്ക് കഴിയും.
ഗര്‍ഭിണിയായ മറിയത്തേയും കൊണ്ട്  മരുഭൂമിയിലൂടെയുള്ള     യാത്രയും
 പുല്‍ത്തൊട്ടിയില്‍  കാവലാകുന്നതും  ഹേറോദോസിന്‍റെ കയ്യില്‍നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താനായി പാലായനം ചെയ്യുന്നതും  ജോസഫെന്ന പിതാവിന്‍റെ   കരുതലിന്‍ ഉദാഹരണമല്ലേ..

                                                             ക്രിസ്തു പിറവിയുടെ ഓര്‍മ്മക്കായി   ആദ്യമായി  പുല്ക്കൂട് ഒരുക്കിയത്    പന്ത്രണ്ടാം   നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് അസ്സിസ്സി ആയിരുന്നു. അന്നേ ദിവസം ധാന്യമണികള്‍ മുറ്റത്ത്‌ പറവകള്‍ക്കായി
വിതറി  കാലികളെ  ചൂട് വെള്ളത്തില്‍ കുളിപ്പിച്ച് നല്ല ആഹാരം കൊടുത്തും
പ്രകൃതിയിലെ  എല്ലാ     ജീവജാലങ്ങളെയും   സ്നേഹിച്ചും ദൈവസ്നേഹത്തിന് മാതൃക കാട്ടിയിരുന്നു. ചൂഷണമിന്ന് പുതിയ തലങ്ങളില്‍ എത്തിനില്‍ക്കുന്നു. മനുഷ്യനുനേരെ മാത്രം ഒരിക്കല്‍ ഉണ്ടായിരുന്ന ചൂഷണമിന്ന് ഭൂമിയോടും പ്രകൃതിയോടും പരോക്ഷമായി അടുത്ത തലമുറയോടും  ആയിരിക്കുന്നു.നല്ല മണ്ണ് നല്ല വായു, നല്ല വെള്ളം, ഒരു കിടപ്പാടം, വിദ്യാഭ്യാസം  ഇതൊക്കെ മനുഷ്യന്‍റെ അടിസ്ഥാനപരമായ അവകാശങ്ങളായി നിലനില്ക്കെ  ഇതെല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന തലമുറ
തികച്ചും ക്രിസ്തുവിരോധിയാകുന്നു.  രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്ന വചനം പാലിച്ചില്ലെങ്കില്‍ പോലും ഒന്നുമില്ലാത്തവനെ ചൂഷണം ചെയാതിരുന്നാല്‍ അതുതന്നെയാകും ഈ നൂറ്റാണ്ടിലെ വലിയ പുണ്യം.  ക്രിസ്തുമസ്സും പുതുവര്‍ഷവും ആഗതമായിരിക്കുന്ന ഈ വേളയില്‍
നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ ക്രിസ്തു ജനിക്കട്ടെയെന്ന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാപേര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട്---

ഡൊമിനിക് വര്‍ഗ്ഗീസ്(മരുപ്പച്ച)
അബുദാബി