2017, ജനുവരി 5, വ്യാഴാഴ്‌ച

ക്രിസ്തുമസ്സ് ചില ചിന്തകള്‍

                  ക്രിസ്തുമസ്സ് ചില ചിന്തകള്‍
               ********************************

ത്യാഗത്തിന്‍റെയും കരുണയുടെയും പ്രതീകമായ ക്രിസ്തുദേവന്‍റെ ഒരു ജനനത്തിരുനാള്‍കൂടി നമ്മെ സമീപിച്ചിരിക്കുന്നു. കാലം കഴിയുന്തോറും മാനവികതക്ക് ഉണ്ടാകുന്ന കുറവുകള്‍ പോലെ ആത്മീയമായ തകര്‍ച്ചയും മനുഷ്യനെ വേട്ടയാടുന്നു. ഒരു പക്ഷേ ആത്മീയതയ്ക്കുണ്ടായ തകര്‍ച്ചയാകാം
മാനവികതയുടെ തകര്‍ച്ചക്കും കാരണം. എല്ലാം വാണിജ്യവല്ക്കരിക്കപ്പെട്ട കാലത്ത് ക്രിസ്തുമസ്സും വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നുവോ ? ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങള്‍ളിലൂടെയും മനുഷ്യര്‍ക്ക്‌ ദൈവത്തെ കണ്ടെത്താന്‍ കഴിയുമോ ? യേശുവിന്‍റെ ജന്മസ്ഥലം കാണിച്ചു കൊടുക്കുവാന്‍ ജ്ഞാനികള്‍ക്ക്‌ വഴികാട്ടിയ നക്ഷത്രത്തിന്‍റെ സ്ഥാനമിന്നെവിടെ ?  ഒരോ വീടിന് മുന്നിലും തെളിക്കുന്ന നക്ഷത്ര ദീപം പോലെ മനുഷ്യരുടെ ഹൃദയം ജ്വലിച്ചിരുന്നുവെങ്കില്‍ എത്ര മനോഹരമായേനെ ലോകം.  ആര്‍ഭാടവും ആട്യത്വവും വിളിച്ചോതുവാന്‍ നാട്ടുന്ന നക്ഷത്രവിളക്കുകളുടെ പണംകൊണ്ട് പട്ടിണിമാത്രം കൈമുതലായുള്ള പലരുടെയും ഒരു നേരത്തെ വിശപ്പടക്കാന്‍ നമ്മെ കൊണ്ട് കഴിയില്ലേ. ഒരമ്മപ്രസവിച്ച തന്‍റെ കുഞ്ഞിനെ കിടത്താനിടമില്ലാതെ അലയുമ്പോള്‍ ആരും വില മതിക്കാത്ത ആട്ടിടയര്‍ അമ്മയ്ക്കും കുഞ്ഞിനും കിടക്കാന്‍, വിശ്രമിക്കാന്‍ ഇടം നല്‍കി മാതൃകയായത്‌ എന്ത് കൊണ്ട് നമ്മള്‍ മറന്നു പോകുന്നു, ആ ഭവനത്തിന്‍റെ ഓര്‍മ്മക്കായി നമ്മളൊരുക്കുന്ന  പുല്ക്കൂടുകള്‍ ഇന്ന് പൂര്‍ണ്ണമായും വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു.സ്നേഹത്തിന്‍റെ പ്രതീകമായ സാന്താക്ലോസിന്നു മുഖംമൂടികള്‍ക്ക് മാത്രമായി അധപതിച്ചിരിക്കുന്നു.


                                                       ക്രിസ്തുവിന്‍റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ജനനവും കുരിശുമരണവും മാത്രമല്ല
ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്ത മുതല്‍ ഉയര്‍പ്പ് വരെ ചിന്തനീയമാക്കണം.  നമ്മുടെ ഹൃദയങ്ങളില്‍  ക്രിസ്തു ജനിക്കുന്നില്ലെങ്കില്‍ അതിന് കാരണം നമ്മില്‍ ത്യാഗപൂര്‍ണ്ണമായ ഒരു മറിയവും  അപരനെ
 കരുതുന്ന ജോസഫും ഇല്ല എന്നല്ലേ. നിസ്വനായി പിറന്ന്   മരക്കുരിശില്‍ മരിച്ചവന്‍റെ ഓര്‍മ്മക്കായി പൊന്‍കുരിശും ആര്‍ഭാടമായ ജീവിതവും നയിക്കുന്നവര്‍ ഫലത്തില്‍   ക്രിസ്തുവിനെ അപമാനിക്കയല്ലേ ചെയ്യുന്നത്.
ഗര്‍ഭിണിയായ മറിയം വളരെ ദൂരം കാല്‍നടയായി എലിശാ പുണ്യവതിയെ ചെന്ന് കണ്ട് ശുശ്രൂഷിക്കുന്ന രംഗം ഹൃദയത്തിലേറ്റാന്‍ എത്ര പേര്‍ക്ക് കഴിയും.
ഗര്‍ഭിണിയായ മറിയത്തേയും കൊണ്ട്  മരുഭൂമിയിലൂടെയുള്ള     യാത്രയും
 പുല്‍ത്തൊട്ടിയില്‍  കാവലാകുന്നതും  ഹേറോദോസിന്‍റെ കയ്യില്‍നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താനായി പാലായനം ചെയ്യുന്നതും  ജോസഫെന്ന പിതാവിന്‍റെ   കരുതലിന്‍ ഉദാഹരണമല്ലേ..

                                                             ക്രിസ്തു പിറവിയുടെ ഓര്‍മ്മക്കായി   ആദ്യമായി  പുല്ക്കൂട് ഒരുക്കിയത്    പന്ത്രണ്ടാം   നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് അസ്സിസ്സി ആയിരുന്നു. അന്നേ ദിവസം ധാന്യമണികള്‍ മുറ്റത്ത്‌ പറവകള്‍ക്കായി
വിതറി  കാലികളെ  ചൂട് വെള്ളത്തില്‍ കുളിപ്പിച്ച് നല്ല ആഹാരം കൊടുത്തും
പ്രകൃതിയിലെ  എല്ലാ     ജീവജാലങ്ങളെയും   സ്നേഹിച്ചും ദൈവസ്നേഹത്തിന് മാതൃക കാട്ടിയിരുന്നു. ചൂഷണമിന്ന് പുതിയ തലങ്ങളില്‍ എത്തിനില്‍ക്കുന്നു. മനുഷ്യനുനേരെ മാത്രം ഒരിക്കല്‍ ഉണ്ടായിരുന്ന ചൂഷണമിന്ന് ഭൂമിയോടും പ്രകൃതിയോടും പരോക്ഷമായി അടുത്ത തലമുറയോടും  ആയിരിക്കുന്നു.നല്ല മണ്ണ് നല്ല വായു, നല്ല വെള്ളം, ഒരു കിടപ്പാടം, വിദ്യാഭ്യാസം  ഇതൊക്കെ മനുഷ്യന്‍റെ അടിസ്ഥാനപരമായ അവകാശങ്ങളായി നിലനില്ക്കെ  ഇതെല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന തലമുറ
തികച്ചും ക്രിസ്തുവിരോധിയാകുന്നു.  രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്ന വചനം പാലിച്ചില്ലെങ്കില്‍ പോലും ഒന്നുമില്ലാത്തവനെ ചൂഷണം ചെയാതിരുന്നാല്‍ അതുതന്നെയാകും ഈ നൂറ്റാണ്ടിലെ വലിയ പുണ്യം.  ക്രിസ്തുമസ്സും പുതുവര്‍ഷവും ആഗതമായിരിക്കുന്ന ഈ വേളയില്‍
നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ ക്രിസ്തു ജനിക്കട്ടെയെന്ന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാപേര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട്---

ഡൊമിനിക് വര്‍ഗ്ഗീസ്(മരുപ്പച്ച)
അബുദാബി    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ