2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

മോട്ടോര്‍ സൈക്കിള്‍ ഡയറി--ഏണസ്റ്റോ ചെ ഗുവാര

                       
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും തത്വശാസ്ത്രവും ഉണ്ടായതോ അല്ലെങ്കില്‍ നിലനില്ക്കുന്നതോ മാനവികതയെന്ന അടിസ്ഥാന മൂല്യത്തിലോ അല്ലങ്കില്‍ മൂല്യങ്ങള്‍ക്കോ വേണ്ടിയായിരിക്കും. അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളില്‍ നിന്നുയരുന്ന രോദനങ്ങള്‍ ഒരു പൊട്ടിത്തെറിയാകാന്‍ ഒരു തീപ്പൊരി മതിയാകും. ഒരു മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യപ്പെട്ടാലും ഒരു പരിധിവരെ അവന്‍ പിന്‍വലിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും, ആഹാരവും പാര്‍പ്പിടവും കിട്ടിയാല്‍ മതിയെന്ന് വിചാരിക്കുന്ന സമൂഹങ്ങളും അത്തരം സമൂഹത്തെപോലും ചൂഷണം ചെയ്യുന്ന അധിനിവേശങ്ങളും ചരിത്രത്തിലോ, വര്‍ത്തമാനകാലഘട്ടങ്ങളിലോ വായിച്ചെടുക്കാന്‍ സാധിക്കും. എന്നും മനുഷ്യമനസാക്ഷിയെ തൊട്ടറിഞ്ഞതും, അവനുവേണ്ടി ശബ്ദമുയര്‍ത്തിയവരേയും ഇടതുപക്ഷചിന്താഗതിയുള്ളവര്‍ എന്നൊക്കെ   വിശേഷിപ്പിക്കാറുണ്ട്. 1928-ജൂണ്‍-2-ന് ജനിച്ച്-1967 -ഒക്ടോബര്‍-9,വരെ ജീവിച്ച് അമേരിക്കന്‍ അധിനിവേശത്തിനും കൊളോണിയന്‍ സമ്പത്ത്‌ വ്യവസ്ഥകള്‍ക്കുമെതിരെ പോരാടി ഗ്രാമങ്ങള്‍ തോറും  ചുറ്റി സഞ്ചരിച്ച് പാവപ്പെട്ടവന്‍റെ രോദനം മനസ്സിലാക്കി അവന്‍റെ കണ്ണുനീരൊപ്പി കുഷ്ഠരോഗികളെ ചികിത്സിച്ച്, മൂന്നാം ലോകരാജ്യങ്ങളുടെ നേതാവായി ഒരു നൂറ്റാണ്ടിന്‍റെ പ്രതിപുരുഷനായി ജനങ്ങളുടെ ഹൃദയത്തെ കീഴ്പ്പെടുത്തിയ ഏണസ്റ്റോ ചെഗുവേരയെ---- വായിക്കപ്പെടുമ്പോള്‍ അതിന്‍റെ പ്രസക്തി വര്‍ത്തമാനകാലത്തില്‍ ദിനം പ്രതി  കൂടുകയാണ്. കുട്ടിക്കാലങ്ങളില്‍
ചെറിയ മുറിവുകള്‍ ഉണ്ടായാല്‍ അതില്‍ കമ്മുണിസ്റ്റ്‌ പച്ചിലയെടുത്ത് അതിന്‍റെ നീര് പ്രയോഗിക്കാറുണ്ട്, എന്ത്കൊണ്ട് ആ പച്ചിലയ്ക്ക് കമ്മ്യുണിസ്റ്റ് പച്ചയെന്ന്‍ പേര് വന്നു ?  ഒരു മുറിവുണക്കാന്‍ അത് സഹായിക്കുന്നു അതാണ്‌ അതിനുത്തരം. മനുഷ്യരുടെ മുറിവുണക്കാന്‍ കഴിയുന്നവനാകണം ഓരോ കമ്മ്യുണിസ്റ്റ്കാരനുമെന്നാണ്. അപരനുവേണ്ടി സ്വയം ഇല്ലാതാകുന്ന ഒരവസ്ഥ അപ്പോള്‍ മാത്രമേ ഓരോ മനുഷ്യസ്നേഹിയും രൂപപ്പെടുകയുള്ളൂ---.


                                                       യാത്രകളാണ് ജീവിതങ്ങളെ തൊട്ടറിയാനും  ഞാനെന്ന അഹം കുറയ്ക്കാനും  സഹായിക്കുന്നത് 1952-ല്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഏണസ്റ്റോ ചെഗുവേരയും ബയോകെമിസ്റ്റ് ആയ ആല്‍ബെര്‍ട്ട് ഗ്രനാദോയും ലാറ്റിന്‍ അമേരിക്കയുടെ ഹൃദയത്തുടിപ്പുകള്‍ മനസ്സിലാക്കാന്‍ നടത്തിയ യാത്ര  ചരിത്രത്തിന്‍റെ ഭാഗമാവുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ച് കാണില്ല. ഈ പുസ്തകത്തിന്‍റെ ആമുഖത്തില്‍  ചെഗുവേരയുടെ മകള്‍ അലിഡാ ഗുവേര പറയും പോലെ ഈ ഡയറികുറിപ്പുകള്‍ വായിക്കുമ്പോള്‍ ഞാന്‍ ചെഗുവേരയുമായി അനുരാഗത്തിലേര്‍പ്പെടുന്നു, കൂടാതെ ആ മോട്ടോര്‍സൈക്കിളില്‍ അയാളോടൊപ്പം ഞാന്‍ യാത്ര ചെയ്യാറുണ്ട്, ചരിത്രമുറങ്ങുന്ന  അര്‍ജന്‍റീന, ചിലി. പെറു.കൊളംബിയ വെനിസ്വോല, അമേരിക്കന്‍ ഐക്യനാടുകള്‍--ചുറ്റിയുള്ള യാത്ര -ഒരു ലോകം ചുറ്റല്‍ അല്ല മറിച്ച് കുഷ്ഠരോഗികളെ ചികിത്സിച്ചു ഓരോ ദേശത്തേയും മനുഷ്യഹൃദയങ്ങളേയും സംസ്കാരങ്ങളേയും തന്നിലേയ്ക്ക് ആവാഹിച്ച് ചൂഷണവും, വിദേശ സംസ്കാരങ്ങളുടെ കടന്നുകയറ്റവും ലോകജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ ഒന്‍പത് മാസം നീണ്ടുനിന്ന യാത്രയുടെ  ഈ ഡയറികുറിപ്പുകള്‍ സഹായിക്കുന്നു. ആന്റീസ് പര്‍വ്വത നിരകളിലൂടെയുള്ള യാത്രയും ലഗുന ലാക്കാര്‍ തടാകവും അര്‍ജന്‍റീനയില്‍ നിന്നുള്ള യാത്രയയപ്പും, ജുനിന്‍ ഡി ലോസ് ആന്റിസ് എന്ന തടാകവും വനത്തില്‍ കൂടിയുള്ള യാത്രയും പരിവേക്ഷണവും  ദുര്‍ഘടമായ വഴിയിലൂടെയുള്ള യാത്രയും പലപ്പോഴും യാത്രക്കിടയില്‍ തടസ്സം സൃഷ്ടിക്കുന്ന ബൈക്കിന്‍റെ രോഗവും വായനയ്ക്ക് നല്ല ഒരു തുടക്കവും സാഹസികതയും നല്കുന്നു. ചിലിയിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും കഠിനാധ്വാനവും  അവരുടെ രീതികളും ചിലിയുടെ ഒരു ചിത്രം നമുക്ക് നല്കുന്നു. മുന്നോട്ടുള്ള യാത്രക്ക് തടസ്സമായ മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിക്കുന്നതും  ആല്‍ബര്‍ട്ടോ യുടെ വികാരവും , ചേര്‍ന്ന് യാത്ര പുതിയ വഴികളിലേയ്ക്ക് നീങ്ങുന്നു.

                                                   ഉത്തര ചിലിയിലേയ്ക്കുള്ള യാത്ര തരപ്പെടുത്തിയത് ഒരു ബോട്ടില്‍ ആയിരുന്നു,മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്യുന്ന അവര്‍ പിടിക്കപ്പെടുന്നതും പരിഹാരമായി  കപ്പലില്‍ ജോലി ചെയ്യുന്നതും  യാത്രയോടുള്ള അവരുടെ തീവ്രമായ തീക്ഷ്ണത വെളിപ്പെടുത്തുന്നു. കപ്പലില്‍ നിന്ന് പുറത്ത് വന്ന ശേഷം തെരുവില്‍ ഉറങ്ങുന്നതും അവിടെ അവര്‍ ആദ്യമായി കാണുന്ന അധ്വനിക്കുന്നവരുടെ പ്രതീകമായ കമ്മ്യുണിസ്റ്റ് ദമ്പതികളേയും അവരുമായുള്ള ചര്‍ച്ചകളും , ഖനിതൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളും നന്നായി  വിവരിക്കുന്നു. ചുക്വികമാറ്റ എന്ന ചിലിയിലെ പ്രധാന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഖനികള്‍ ഉള്ളത്. ലോകത്തില്‍ ഉല്പ്പാദിപ്പിക്കുന്ന ചെമ്പിന്‍റെ ഇരുപത് ശതമാനവും ചിലിയില്‍ നിന്നാണ് അതുകൊണ്ടുതന്നെ ഖനിയിലെ തൊഴിലാളികല്‍ക്കിടയിലെ ചൂഷണവും കൂടുതലാണ്.ചിലിയിലെ കൊടും ചൂടില്‍ 60 കിലോമീറ്റര്‍ നടന്ന വാല്‍ഡിയയും സീസറുമൊക്കെ ഈ ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ചിലിയുടെ അന്നത്തെ രാഷ്ട്രീയ പാശ്ചാത്തലവും ഭൂമിശാസ്ത്രവും കുറെയേറെ വായിച്ചെടുക്കാന്‍ കഴിയും.പെറുവിലേയ്ക്കുള്ള ട്രക്ക് യാത്രയും എസ്താക്ക് എന്ന പ്രദേശവും മലനിരകളും  അവിടുത്തെ സംസ്കാരവും മുന്നോട്ടുള്ള വായനയില്‍ കാണാം. പെറുവില്‍ വസിക്കുന്ന ഇന്ത്യന്‍ വംശജരായവരെക്കുരിച്ചുള്ള നല്ല ഒരു പഠനം ഇതില്‍ ഉണ്ട്.പെറുവില്‍ വച്ച് കണ്ടുമുട്ടുന്ന ഒരു അദ്ധ്യാപകനിലൂടെ അവിടുത്തെ രാഷ്ട്രീയമായ അന്തരീക്ഷം വെളിവാക്കപ്പെടുന്നു. ഇന്ത്യന്‍ വംശജരുടെ അധപതനവും, ലാറ്റിന്‍ അമേരിക്കയുടെ വിദ്യഭ്യാസമേഖലയിലെ കുറവുകളുമെല്ലാം ചര്‍ച്ചയില്‍ വരുന്നു.പശ്ചത്യവിദ്യാഭ്യാസം ഒരു വ്യക്തിയെ തകര്‍ക്കുമെന്നും, ഒരു ജോലി നേടുക എന്നതില്‍ കവിഞ്ഞ് വേറെ ഒരു ചിന്തയും ഉണ്ടാകില്ലെന്ന് വിശദീകരിക്കുന്നു. ഈ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍  എങ്ങനെയാണെന്നു കൂടി അനുവാചകര്‍ ചിന്തിക്കുന്നത്  നന്നായിരിക്കും. കുസ്കോ നഗരവും ഇന്‍ക സംസ്കാരവും , ആദിമചരിത്രവും അതെകുറിച്ചുള്ള ബിംഗ്ഹാമിന്റെ പഠനവും മുന്നോട്ടൂള്ള വായനയില്‍ കാണാം.

                                                           വിശപ്പും ദാഹവും കിടക്കാനുള്ള ഒരു സ്ഥലത്തിന് വേണ്ടിയുള്ള കഷ്ടതയും ഓരോ യാത്രയിലും നേരിടുന്ന യാതനകളും വായിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. അത്തരം കഷ്ടപ്പാടുകളെ അവഗണിച്ച് ഓരോ നാട്ടിലെ ജനങ്ങളുമായി സംവദിക്കയും അവരുടെ ജീവിതത്തെ പഠിക്കയും ചെയ്യുന്നതിന് ഉദാഹരണമായി കുസ്കൊയുടെയും ലിമയെന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരണങ്ങളെ കാണാം.സാന്‍പാബ്ലോയെന്ന കുഷ്ടരോഗാശുപത്രിയിലെ സേവനവും, കോളനി സന്ദര്‍ശനവും മാനവികത ഉയര്‍ത്തിപ്പിടിച്ച ഒരു ലോകനേതാവിന്‍റെ എടുത്തുപറയേണ്ട  ഗുണങ്ങളിലൊന്നാണ്, മെക്സിക്കോ മുതല്‍ മെഗല്ലന്‍ ഉള്‍ക്കടല്‍ വരെ നീളുന്ന പ്രദേശത്ത് ജീവിക്കുന്നവരെല്ലാം മെസ്റ്റിസൊ സങ്കരയിനത്തില്‍പ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കന്‍  ഭൂഖണ്ഡത്തെ ദുര്‍ബലവും കാല്പനികവുമായ മതിലുകള്‍ കൊണ്ട് വേര്‍തിരിച്ചത് സാങ്കല്പികമായ ഒരു പ്രവര്‍ത്തിയാണെന്ന് ഈ യാത്രയിലൂടെ അടിവരയിടുന്നു.ഗ്വോട്ടിമാലയില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവര്‍മെന്റിനെ അമേരിക്കയുടെ സഹായത്തോടെ താഴെയിറക്കിയപ്പോള്‍ ചെഗുവേര തീവ്രവാദരാഷ്ട്രീയത്തിലേയ്ക്ക് തിരിയുന്നു.ക്യുബയില്‍ കാസ്ട്രോയുമായി ചേര്‍ന്ന് ഗറില്ല സമരം നയിക്കുന്നു.കോങ്ഗോയിലേയ്ക്കും ബൊളിവിയയിലേയ്ക്കും തന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.അമേരിക്കന്‍ കുതന്ത്രത്താല്‍ വധിക്കപ്പെടും വരെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി, ചൂഷണമില്ലാത്ത ഒരു രാജ്യം സ്വപ്നംകണ്ട് മനുഷ്യനുവേണ്ടി ജീവിച്ച ഒരു രക്തസാക്ഷിയാകുമ്പോള്‍, ശരിക്കും മരിക്കയല്ല ലക്ഷക്കണക്കിന്‌ ജനഹൃദയങ്ങളിലൂടെ ചെഗുവേര ഉയരത്തെഴുന്നേല്ക്കയാണ് ചെയ്തത്,

മരുപ്പച്ച















2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

അവന്‍റെ സ്മരണകള്‍ -തകഴി

                               
 കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ എഴുതിയ  കഥ ഒരു പക്ഷേ കുട്ടനാടിന്‍റെയോ കേരളത്തിന്‍റെയോ ജനങ്ങളെ മാത്രം പ്രതിപാതിക്കുന്ന കഥയല്ല മറിച്ച് ലോകമെമ്പാടുമുള്ള പാര്‍ശ്വവല്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കഥയാണ്‌. ചൂഷണം ഈ ലോകമുള്ളടത്തോളം കാലം നിലനില്കും, കാലത്തിനനുസരിച്ച് അതിന്‍റെ ഭാവങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുമെന്ന് മാത്രം. ചൂഷണത്തിനെതിരെ മനുഷ്യര്‍ പ്രതികരിക്കാന്‍ തുടങ്ങിയത് തത്വശാസ്ത്രങ്ങള്‍ പഠിച്ചിട്ടല്ല മറിച്ച് ജീവിക്കാനുള്ള അവന്‍റെ സ്വതന്ത്ര്യത്തെ അമിതമായി ഹനിക്കുമ്പോള്‍ ആണ്.
ചൂഷകര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു പരിധി വരെ സഹായിച്ചത് തകഴിയെ പോലെയുള്ളവരുടെ തൂലികകള്‍ ആണെന്ന് പറയാം. നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് വേണം തകഴിയുടെ അവന്‍റെസ്മരണകള്‍ എന്ന കഥയെ നോക്കിക്കാണാന്‍. തെരുവില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണെന്ന് തോന്നുമെങ്കിലും അതിനെക്കാളുപരി ചൂഷണത്തിന് വിധേയമാക്കപ്പെടുന്നവരുടെ രോദനമാണ്.


                                                     തെരുവില്‍ ആരോ വലിച്ചെറിഞ്ഞ ഒരു കുഞ്ഞ്, അവന്‍ തെരുവിലെ പട്ടികളോടൊപ്പം എച്ചില്‍ കൂനയില്‍ നിന്ന് ആഹാരം കഴിച്ച് പട്ടികളുടെ സംരക്ഷണത്തില്‍ വളര്‍ന്നത്‌ കൊണ്ട് പട്ടികുട്ടിയെന്ന പേരില്‍ വളരുന്നു. പട്ടിയോടൊപ്പം വളര്‍ന്നത്‌ കൊണ്ട് നഗ്നതയെക്കുറിച്ച് അവന്‍ ചിന്തിച്ചിട്ടേയില്ല. തെരുവില്‍ അലഞ്ഞു നടന്നിരുന്ന ഒരു മാനസിക രോഗി അവന് ആദ്യമായി  ഒരു കീറ് തുണി കൊടുത്തു അന്നാണ്  നഗ്നന്‍ ആയിരുന്നുവെന്ന തോന്നല്‍ അവനുണ്ടായത്. തനിക്ക് ചൂടും കരുതലും തന്നിരുന്ന പട്ടി  ചത്തു പോയപ്പോള്‍ തെരുവില്‍ അലഞ്ഞിരുന്ന കുട്ടികളോടൊപ്പം അവന്‍ ചേര്‍ന്നു അങ്ങനെ അവന്‍ ഒരു മനുഷ്യകുട്ടിയാണെന്ന തോന്നലുമുണ്ടായി. ഹോട്ടലില്‍ നിന്ന് വലിച്ചെറിയുന്ന ഇലയില്‍ നിന്നുള്ള എച്ചില്‍ തിന്ന് ജീവിക്കുന്നതിനിടയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ കൊടുത്ത ഒരു ഉരുള ചോറ് അയാള്‍ തന്‍റെ ആരോ ആണെന്നുള്ള തോന്നല്‍ അവനിലുണ്ടാക്കി .
തനിക്ക് തുണി തന്ന സ്ത്രീയെ അമ്മയായും ചോറ് തന്ന മനുഷ്യനെ അവന്‍ അച്ഛനായും കരുതി. കുറച്ച് ദിവസശേഷം അവര്‍ രണ്ട് പേരും അപ്രത്യക്ഷമായി. ആരെങ്കിലും വലിച്ചെറിയുന്ന ഇലയില്‍ നിന്ന് കിട്ടുന്ന ആഹാരം കഴിക്കുമ്പോള്‍  അവന് വേണ്ടി ആരെങ്കിലും മനപ്പൂര്‍വം വലിച്ചെറിഞ്ഞതായിരിക്കില്ലെന്ന അവന്‍റെ ചിന്ത ഹൃദയഭേദകവും സമൂഹത്തിന് നേരെപതിക്കുന്ന ഒരു ശരവുമാണ്. തെരുവില്‍ അവന് കിട്ടുന്ന കേശുവും ഔവ്വക്കരും അവന്‍റെ ജീവിതം പുതിയ വഴിയിലൂടെ നയിക്കുന്നു.തെരുവില്‍ ആരോ വലിച്ചെറിഞ്ഞ കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെടാത്ത തെരുവിന്‍റെ നന്മയെയാണ് തകഴി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കേശുവെന്ന സുഹൃത്തിനെ ഒരു  മുതലാളി പുതുജീവന്‍ നല്കുന്നതും കേശു ഷംസുദീന്‍ ആകുന്നതും ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്ന അധാര്‍മികമായ ചിന്തയിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു.

                                                   യുവത്വത്തിലേയ്ക്ക് കടക്കുമ്പോള്‍ തന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന  റിക്ഷാക്കാരന്‍ ചാക്കോയെന്ന സുഹൃത്ത്‌ ജീവിതത്തെ  പുതിയ ദിശയിലേയ്ക്ക് നയിക്കുന്നു. റിക്ഷ വലിക്കുന്ന ജോലിയിലേയ്ക്ക് ഏര്‍പ്പെടുന്നവന്‍ ആദ്യമായി മദ്യഷാപ്പില്‍ പോകുന്നതും. ഷാപ്പുകാരിയുടെ മാദകത്വത്തില്‍ വീഴുന്നതും അതിലേയ്ക്കായി അമിതമായി അധ്വനിച്ച് പണം കണ്ടെത്തുന്നതും പോയ വഴിയില്‍ ചെളി പറ്റാതെയുള്ള തിരിച്ചു വരവും ഒരു തെരുവിനെക്കുറിച്ചുള്ള സത്യസന്ധമായ എഴുത്തുകളാണ്. നാല്പത് വര്‍ഷം മുന്‍പ് കള്ള് ഷാപ്പും അതിലെ മദ്യവില്പനക്കാരിയും ചൂഷണത്തിന് പര്യായമായപ്പോള്‍ ഇന്നതിന്‍റെ സ്ഥാനം, പഞ്ചനക്ഷത്രഹോട്ടലുകളും ബാറുകളുമായി മാറിയിരിക്കുന്നു. ആലപ്പുഴയിലെ വലിയ മുതലാളിമാര്‍ക്ക് രാത്രി ബംഗ്ലാവില്‍ പെണ്ണുങ്ങളെ എത്തിക്കുക അവരെ തിരിച്ചു കൊണ്ടുവിടുകയെന്ന ജോലിയൊക്കെ ഈ രിക്ഷാക്കാരനില്‍ നിക്ഷിപ്തമായിരുന്നു. തന്‍റെ സുഹൃത്തായ ചാക്കോചേട്ടന് പെട്ടെന്ന് അസുഖം ബാധിക്കുന്നതും ആ കുടുംബത്തിന്‍റെ ഭാരമേറ്റെടുക്കുന്നതും ചാക്കോചേട്ടന്‍റെ മരണവും ഈ കഥയെ ഒരു കുടുംബപശ്ചാത്തലത്തിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു. കുരുമുളക്‌ കച്ചവടക്കാരനായ ഗോപാലന്‍ മുതാളായിയെ അപമാനിക്കാന്‍ റഹ്മാന്‍ മുതലാളി അവനെ ഉപയോഗിക്കുന്നത് എക്കാലത്തെയും മുതലാളിമാര്‍ തമ്മിലുള്ള കുടിപ്പകയെ സൂചിപ്പിക്കുമ്പോള്‍ റഹ്മാന്‍ കൊടുക്കുന്ന 500 രൂപ ചാക്കോയുടെ ഭാര്യയായ ക്ലാരയെ ഏല്പിക്കുന്നതും ഇത്തരം ജോലി ഇനി മേല്‍ ചെയ്യരുതെന്ന് പറയുന്ന നല്ല ഒരു സ്ത്രീയും എക്കാലത്തേയും വൈരുധ്യങ്ങളാണ്.

                                                     സേട്ടിന്‍റെ പണ്ടകശാലയില്‍ ജോലിക്ക് പോയിരുന്ന 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയോട് കൊച്ചുമുതലാളിയെന്ന ബേബികുട്ടിക്കുണ്ടാകുന്ന  താല്പര്യം, പട്ടികുട്ടിയെന്ന റിക്ഷാക്കാരനിലൂടെ നിവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു.പാവപ്പെട്ടവന്‍റെ മുന്നില്‍ പ്രലോഭനങ്ങള്‍ ഉളവാക്കി  ചൂഷണം ചെയ്യുന്ന   ഒരു വിഭാഗം എന്നും ഉണ്ടായിട്ടുണ്ട്. വസ്ത്രവും സമ്മാനവുമായി ആ വീട്ടില്‍ ചെല്ലുന്ന പട്ടികുട്ടിയേയും, സമ്പത്തിനായി തന്‍റെ മകളെ മുതലാളിയുടെ കൂടെ പോകാന്‍ നിര്‍ബന്ധിക്കുന്ന അമ്മയും , ആനുകാലികവാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന കഥാപാത്രങ്ങളല്ലേ ?. താന്‍ അമ്മാവനെ പോലെ കാണുന്ന മനുഷ്യനാണ് റിക്ഷാക്കാരനെന്നും പെണ്‍കുട്ടി നല്ലവള്‍ ആണെന്നുള്ള തോന്നല്‍ അവനെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു സാഹചര്യത്തില്‍ മുതലാളിയുടെ കിടപ്പറയില്‍ കാണുന്ന പെണ്‍കുട്ടിയെ കണ്ട് റിക്ഷാക്കാരന്‍ അതിശയിച്ചു, അന്നവളെ അവിടെ എത്തിച്ചത് അവളുടെ കെട്ടിയവന്‍ ആയിരുന്നു കണ്ണുനീരോടെ നിന്നിരുന്ന പെണ്‍കുട്ടിക്ക് മുന്നില്‍  റിക്ഷാക്കാരന്‍ നിസ്സഹായന്‍----..അവന്‍റെ മനസ്സില്‍ ഇടിത്തീപോലെയായിരുന്നു ആ ചിന്ത, താന്‍ വളര്‍ത്തുന്ന ചാക്കോചേട്ടന്‍റെ മകള്‍ ത്രേസ്യ എന്നെ അമ്മാവാ എന്നല്ലേ വിളിക്കുക, അവളേയും മുതലാളി വീട്ടില്‍ വിളിച്ചാലോ, അവരെ അവന്‍ അവിടെ നിന്ന് ചങ്ങനാശ്ശേരിയില്‍ ക്ലാരയുടെ ബന്ധുവിന്‍റെ അടുത്തേയ്ക്ക്  അയക്കുന്നു. ചാക്കോയുടെ മരണ ശേഷം അല്ലലില്ലാതെ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്‍റെ വേര്‍പിരിയല്‍.

                                                        പുലയന്‍ പറമ്പില്‍ മുതലാളിക്ക് പുര പണിയണം, അതിനായി അവിടെയുള്ള വരെ പുറത്താക്കണം, അവിടുത്തെ സ്ത്രീകള്‍ എന്നും മുതലാളിയുടെ ചൂഷണവസ്തുക്കള്‍ ആയിരുന്നു. ചേരിയൊഴിപ്പിക്കല്‍ വളരെ നന്നായി തകഴി വിവരിക്കുന്നുണ്ട്.ചേരിയില്‍ മുതലാളിക്ക് മറിയയെന്ന സ്ത്രീയില്‍ ഒരു കുഞ്ഞുണ്ട്‌. കൊച്ചുമുതലാളിയുടെ ഭാര്യ ഒരാണ്‍കുഞ്ഞിന് ജന്മമേകിയ ദിവസം, അവരുടെ വീട്ടൂ പടിയില്‍ ഒരു കുട്ടിയുടെ ജഡം കാണുന്നു, അത് ചേരിയിലെ മറിയത്തിന്‍റെ മകന്‍ ആയിരുന്നു.അന്ന് രാത്രി അവിടുത്തെ ജോലിക്കാരന്‍ മത്തായി കൊല്ലപ്പെടുന്നു. ആ കൊലപാതകത്തിന്‍റെ  ഉത്തരവാദിത്വം പട്ടികുട്ടിയുടെ  തലയില്‍ വയ്ക്കുന്നു . വലിയ മുതലാളി അവനോട് പറയുന്നു കോടതി നിന്നെ ശിക്ഷിക്കില്ല ഞാന്‍ രക്ഷിക്കാം   .  മുതലാളിയുടെ മകന്‍ ബേബികുട്ടിയാണ് ഇതിന് പിന്നിലെന്ന് അറിയാമായിരുന്നിട്ടും ആ കുറ്റം അവന്‍ ഏറ്റെടുക്കുന്നു.അവസാനം അവന്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു.  കാലശേഷം മോചിതനായ അവനെ ആലപ്പുഴ കൊണ്ടുവിട്ടു അന്ന് അധ്വനിക്കുന്നവരുടെ ഒരു ജാഥ പോകുന്നുണ്ടായിരുന്നു അവന്‍ അറിയുന്ന പല സ്ത്രീകളും അതില്‍ ഉണ്ടായിരുന്നു എല്ലാപേരും വയസ്സായിരിക്കുന്നു, ഇപ്പോഴും മുതലാളിക്ക് വേണ്ടി ബംഗ്ലാവില്‍ കൂട്ടികൊണ്ടുപോകാന്‍ അവനെ പോലെ പട്ടികുട്ടികള്‍ ഉണ്ടാകുമോ----...ചൂഷണം തകരട്ടെ--അവനും കൂടി ആ ജാഥയില്‍.--

മരുപ്പച്ച










അന്യര്‍

അന്യനല്ലെന്ന് ചൊല്ലുവരേറെ
അന്നം കൊടുക്കുവാന്‍
കൈകളില്ലെങ്ങും
അന്യമായ് തീരുന്ന ലോകം
ആരാലും മാറ്റുവാന്‍ കഴിയില്ലയിന്ന്-

വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ വിലപേശുന്നുവെങ്ങും
ഭാഷകള്‍ ദേശങ്ങള്‍ വാദങ്ങളാകുന്നു
ദേശവാദങ്ങള്‍ മുളയ്ക്കുന്നുവെങ്ങും
ശാന്തിമന്ത്രങ്ങള്‍ പാഴ്വാക്കാകുന്നു

വീഥികളിന്നിതാ യുദ്ധക്കളങ്ങളാകുന്നു
ശാന്തിസേനകള്‍ പെരുകുന്നുവെങ്ങും
ശാന്തിതന്‍ പേരിലും കുരുതികളേറുന്നു
പക്ഷം പിടിക്കുവാന്‍ ദൈവങ്ങളേറുന്നു

തീക്കലം പോലുരുകുന്ന ജന്മങ്ങള്‍
ഉല്‍ക്കകള്‍ പേറുന്ന ബാല്യങ്ങളെങ്ങും
അനാഥത്വത്തിന്‍ കയ്പുനീരെങ്ങും
കിനാവ് പോലും ഓടിയൊളിക്കുന്നു

പലായനങ്ങള്‍ പെരുകുന്നുവെങ്ങും
അന്ത്യമില്ലാത്ത യാത്രകളെങ്ങും
ലക്ഷ്യം കാണാതെയലയുന്ന ജന്മങ്ങള്‍
പുതുയുഗത്തിന്‍ സൃഷ്ടികളല്ലോ !


മനസ്സുകളെങ്ങും കമ്പോളമാകുന്നു
മനുഷ്യത്വമെങ്ങും മരവിച്ചുപോയോ
ലാളിത്യമില്ലാത്ത ചിന്തകളെങ്ങും
അധിനിവേശങ്ങള്‍ക്ക് കളമൊരുക്കുന്നുവോ ?

മരുപ്പച്ച














2018, ഏപ്രിൽ 17, ചൊവ്വാഴ്ച

തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്--കെ പി അപ്പന്‍

             
മലയാള സാഹിത്യലോകത്ത്പ്രത്യേകിച്ച് നിരൂപണ സാഹിത്യമേഖലയില്‍ കെ പി അപ്പന്‍ എന്ന മഹാനെ മാറ്റി നിര്‍ത്തി   ഒരു ചരിത്രം അസാധ്യമാണ്. മലയാള നിരൂപണ സാഹിത്യത്തിലെ അപ്പോസ്തലനെ പറ്റി പഠിക്കുന്നത് മലയാളികള്‍ക്ക് പ്രത്യേകിച്ച് സാഹിത്യരംഗത്ത് വിരാജിക്കുന്നവര്‍ക്കും, സാഹിത്യരംഗത്ത് കാലെടുത്തുവയ്ക്കുന്നവര്‍ക്കും വളരെ ഉപകരിക്കും.  സാഹിത്യസൃഷ്ടികളെ    വ്യക്തിവിരോധം തീര്‍ക്കാനുള്ള ഉപായമാക്കി മാറ്റുകയും എന്തിനും ഏതിനും  ശരങ്ങള്‍ തൊടുത്ത്  അതിനെ വിമര്‍ശനമെന്ന ഓമന പേര് നല്കി മഹാനും മഹതികളുമായി നവ സാഹിത്യലോകത്ത് പേരുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു സുവിശേഷമാണ് കെ പി എന്ന ജീവിതം. ജീവചരിത്രങ്ങള്‍ എപ്പോഴും ഒരു കാലഘട്ടത്തിന്‍റെ പുസ്തകമാണ്,
അതുകൊണ്ടുതന്നെ കഴിഞ്ഞ കാലഖട്ടത്തിലെ മലയാള സാഹിത്യത്തെയും സാഹിത്യകാരന്മാരെയും കുറിച്ചുള്ള ഒരു സൂചികയായി ഇതിനെ കാണാം. സ്വര്‍ണ്ണം ഉലയില്‍ ശുദ്ധി വരുത്തി  മനോഹരമായ ആഭരണം ഉണ്ടാക്കുന്ന പോലെ  അക്ഷരങ്ങളെ  ചൂളയില്‍ വാര്‍ത്ത് മനോഹരങ്ങളായ വാക്കുകളും വരികളും ചേര്‍ത്തിണക്കാനുള്ള കഴിവ്കെ പി അപ്പന് സ്വന്തമാണ്,

                                                      പന്ത്രണ്ട് അദ്ധ്യായങ്ങളിലായി കോറിയിട്ട അനുഭവങ്ങള്‍ ഒരു കാവ്യമായി അനുവാചകന് അനുഭവപ്പെടും. കുട്ടിക്കാലത്ത്  തന്‍റെ ഗ്രാമീണജീവിതത്തില്‍ നിന്ന് സാഹിത്യവളര്‍ച്ചക്ക് കിട്ടിയ
അനുഭവങ്ങളിലൂടെ നമ്മെ നടത്തുന്നു.ബ്രഹ്മസമാജം പ്രവര്‍ത്തകനായിരുന്ന  കുഞ്ഞുരാമനുമായുള്ള അടുപ്പവും അവര്‍ക്കിടയില്‍ കടന്നുവരുന്ന വിക്തോര്‍ യോഗോ-യും പാവങ്ങളും നല്ല ചര്‍ച്ചകള്‍ക്ക് വളമേകുന്നു.കടപ്പുറത്ത് കഥപറഞ്ഞു നടന്നിരുന്ന കടലമ്മാവാന്‍ എന്ന മനുഷ്യനില്‍ നിന്ന് കിട്ടുന്ന ഒരു
തിമിംഗലങ്ങളെകുറിച്ചുള്ള  കഥയും അത് പിന്നീട് കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി പങ്കുവയ്ക്കുന്നതും, അതിന്‍റെ മിത്തിനെ കുറിച്ചുള്ള  പഠനവും സാഹിത്യ മേഖലയിലേയ്ക്ക് കടന്നുപോകുന്ന ഏതോരാല്‍ക്കും അനിവാര്യമാണ്. യു സി കോളേജിലെ പഠനകാലവും  ആ സമയത്ത് വായനയില്‍ കടന്നുവന്നിരുന്ന പാസ്കലും, ആല്‍ബെര്‍ട്ട്കമ്യുവും, നീത്ഷേയും, ദാസ്തയോവ്സ്കി, സാര്‍ത്രും, ആ നിര  എഴുത്തുകാരെക്കുറിച്ചുള്ള വിശകലനവും കാണാം. തുറവൂരില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍വച്ച് റ്റി എന്‍ ജയചന്ദ്രനെതിരെ തെറ്റായ ഒരു വിമര്‍ശനം ഉന്നയിക്കുന്നതും കെ പി പിന്നീട് മാപ്പ് ചോദിക്കുന്നതും നിത്യചൈതന്യയതിയുമായി ഉണ്ടായ ഒരു പ്രശ്നത്തിന്‍റെ പേരില്‍ തന്‍റെ കുറവുകള്‍ ഏറ്റുപറയുന്നതും ഇന്നത്തെ എഴുത്തുകാര്‍ക്ക് നഷ്ടപ്പെട്ടുപോയ നന്മകളാണ്. പഠനകാലത്തെ അദ്ധ്യാപക വിദ്യാര്‍ഥി ബന്ധവും, വൈക്കം മുഹമ്മദ്‌ബഷീറുമായുള്ള കൂടികഴ്ചയും
നല്ല കുളിര്‍മ്മയുള്ള വായനാനുഭവം തരുന്നു
.
                                                                നാലാം അദ്ധ്യായത്തിലേയ്ക്ക് കടക്കുമ്പോള്‍ ബെര്‍ദിയേവ് എന്ന റഷ്യന്‍ ചിന്തകനും ടോള്‍സ്റ്റോയിയും  ദാസ്തയോസ്ക്കിയും തന്‍റെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരും കടന്നുവരുന്നു. പാര്‍ട്ടിക്ക് വേണ്ടി വിപ്ലവഗാനം എഴുതിയിരുന്ന ഭാസ്കരന്‍ സഖാവും
കുടുംബവും നാട്ടിന്‍പുറത്തെ ജീവിതങ്ങളും ചെറിയ പരിസ്ഥിതി പ്രശ്നങ്ങളും വളരെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. തന്നെ പഠിപ്പിച്ച താണു സാറും, മുത്തശ്ശിയും  ജീവിതത്തില്‍ സ്വധീനിച്ച ഒത്തിരി എഴുത്തുകാരും ഇതില്‍ ഓരോ ഭാഗത്തും കടന്നുവരുന്നുണ്ട്, കാപട്യക്കാരയ സദാചാരവാദികള്‍ക്കുള്ള ഒരു ഉത്തരം കെ പി ആയിരുന്നു. മുപ്പത്തിയൊന്ന് വര്‍ഷം സെന്‍സര്‍ഷിപ്പ് നേരിട്ട  ഡി എച്ച് ലോറന്‍സിന്‍റെ  ചാട്ടര്‍ലി പ്രഭ്വിയുടെ കാമുകന്‍ എന്ന നോവല്‍ താന്‍ അദ്ധ്യാപകന്‍ ആയിരുന്ന കോളേജില്‍ കൊണ്ടുപോയപ്പോള്‍ സഹഅദ്ധ്യാപകരില്‍ നിന്നുണ്ടായ അനുഭവം  കപടസദാചാരം എല്ലാ മേഖലയിലും നിലനില്ക്കുന്നുവെന്ന് കെ പി ചൂണ്ടികാട്ടുന്നു,കൊല്ലം നഗരവും പ്രൊഫസര്‍  വൈക്കം ചന്ദ്രശേഖറും  വി കെ എന്‍----വാഗ്മിയായ കെ ദാമോദരനും അവരുടെ സാഹിത്യ ചര്‍ച്ചകളും നിറഞ്ഞുനില്ക്കുന്നു ഇതിന്‍റെ അവസാനഭാഗങ്ങളില്‍, സി വി രാമന്‍പിള്ള യേയും ആശാനെയും കുറിച്ചുള്ള ചര്‍ച്ചകളും ജി ശങ്കരപ്പിള്ളയുടെ പ്രസംഗങ്ങളുടെ പരാമര്‍ശവും കാണാം.ജോണ്‍ എബ്രഹാമുമായുള്ള കൂടികാഴ്ചയും  ലൈബ്രറിയില്‍ നിന്നുള്ള ചില അനുഭവക്കുറിപ്പുകളും നമ്മെ മാറി മാറി സാഹിത്യലോകത്തേയ്ക്ക് കൊണ്ടുപോകുന്നു.ഒ വി വിജയനും ധര്‍മ്മ പുരാണവും, എങ്ങനെ മലയാളസാഹിത്യലോകത്തെ സ്വധീനിച്ചിരുന്നുവെന്ന ചെറുവിവരണം ഇതില്‍ കാണാം



                                                     വിമര്‍ശകന്‍ അനേകം കണ്ണുകളും കാതുകളുമുള്ള ഒരു നിരീക്ഷണജീവി ആയിരിക്കും, അതുകൊണ്ടുതന്നെ തന്‍റെ വായനയിലൂടെ കടക്കുമ്പോള്‍  ചില കഥാപാത്രത്തോടൊപ്പമോ അതല്ലങ്കില്‍ കഥാപാത്രമായോ സഞ്ചരിക്കാറുണ്ട്‌, ഒരു പരിധിവരെയെങ്കിലും അത് വിമര്‍ശകനെ സ്വധീനിക്കാറുണ്ട് ഇതിന് ഉദാഹരണമായി ഇയ്യോബിന്‍റെ പുസ്തകവും കാരമസോവ് സഹോദരരും ചൂണ്ടികാണിക്കപ്പെടുന്നു,ഏതൊരു സാഹിത്യസംവാദങ്ങള്‍ക്കായാലും വിമര്‍ശനങ്ങല്‍ക്കായാലും വിശ്വാസാഹിത്യത്തില്‍ തൊട്ടാല്‍ ടോള്‍സ്റ്റോയിയും, യുദ്ധവും സമാധാനവും, കാഫ്കയുടെ കഥകളൊക്കെ ചര്‍ച്ചയ്ക്ക് വരും, ആ ഒഴുക്ക് പോലെ കെ പിയുടെ പുസ്തകത്തിലും ഇതെല്ലം പരാമര്‍ശിക്കപ്പെടുന്നു.സ്ഥിരമായി മാതൃഭൂമിയിലും കൗമുദിയിലും പടിഞ്ഞാറന്‍ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ കെ പിക്ക് തിരിഞ്ഞ് ചിന്തിക്കാനുള്ള അവസരമായിരുന്നു നമ്മുടെ നാട്ടിലും കുറെ കിഴവന്‍മാര്‍ ഉണ്ടല്ലോ എന്ന കെ ബാലകൃഷ്ണന്‍റെ പരാമര്‍ശം. ഒരു നിരൂപകന്‍ വിമര്‍ശിക്കുക മാത്രമല്ല വിമര്‍ശനമേറ്റുവാങ്ങുകയും അത് തിരുത്താന്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരു പൂര്‍ണ്ണനായ മനുഷ്യനോ നിരൂപകനോ ആയിതീരുന്നത്. അറുപതു കഴിഞ്ഞ ജീവിതം ചിലര്‍ക്കെങ്കിലും  മരണഭയം ഉണ്ടാക്കാറുണ്ട്, ആ മരണഭയമായിരിക്കാം തോമസ്‌ അക്വനാസിന്‍റെ  ക്രിസ്ത്വനുകരണം എന്ന കൃതിയിലേയ്ക്ക് കൊണ്ടെത്തിച്ചത്, ഉത്തരാധുനികത എന്ന വാക്ക് മലയാളസാഹിത്യത്തില്‍ കൊണ്ടുവന്നതും സാഹിത്യലോകം മാറ്റത്തിന് തയ്യാറാകണമെന്ന  ചിന്ത നവഎഴുത്തുകാര്‍ക്ക് നല്കിയതും ഒരു പക്ഷേ കെ പി ആയിരിക്കാം, ഒരു തികഞ്ഞ സാഹിത്യസൃഷ്ടിയും, അക്ഷരസ്നേഹികളുടെ ഒരു സുവിശേഷവുമാണ് ഈ ജീവചരിത്രമെന്നുള്ളതിന് ഒരു സംശയവുമില്ല.

മരുപ്പച്ച









പുതുരാഷ്ട്രീയം

രാമ രാമ മന്ത്രം ചൊല്ലിയ സത്യം
വെടിയേറ്റു പിടയുമ്പോള്‍
രാമ കഥകള്‍ കച്ചവടമാക്കിയവര്‍
അധികാര കൊത്തളങ്ങള്‍ കയ്യടക്കുന്നു

ആദര്‍ശങ്ങള്‍ തെന്നിമാറുന്നു
ഗാന്ധിയില്‍ നിന്ന് ഗോട്സയിലേയ്ക്ക്
ഭൂമി കീഴ്മേല്‍ മറിയുന്നു
തലമുറകള്‍  തലകുത്തി വീഴുന്നു

നിഘണ്ടുവില്‍ നിന്ന്  പോലും അഹിംസ
അപ്രത്യക്ഷമാകുന്നുവോയിന്ന്
അക്ഷരങ്ങളിലും വിഷം കലരുന്നുവോ
കലര്‍പ്പിന്‍ തത്വശാസ്ത്രം ജനിക്കുന്നുവോ

അന്നത്തിനും മതത്തിന്‍ പേരോ
വിശപ്പിനും പുതുമന്ത്രമോ
പുഞ്ചിരി പോലും നഷ്ടമാകുന്നു
എങ്ങും ചായംതേച്ച കോമരങ്ങള്‍


നൈര്‍മല്ല്യമില്ലാത്ത പ്രണയങ്ങളിവിടെ
ഹൃദയങ്ങള്‍ ചേരാത്ത ബന്ധങ്ങളല്ലോ
മതമെന്ന നാഗമെവിടേയുംകാണാം
പ്രണയത്തിന്‍ പേരിലും മതം മാറ്റമിവിടെ

മാനിഷാദ ചൊല്ലിയ മണ്ണില്‍
അരുതെന്ന് ചൊല്ലുവാനാരുമില്ല
അരുതാത്തത് മാത്രം കേള്‍ക്കുന്നു
അവസാന നിമിഷങ്ങളടുക്കുന്നുവോ !


മരുപ്പച്ച








പ്ലേഗ് ---ആല്‍ബെര്‍ട്ട് കമു

                         
                                   
എഴുത്തുകാരനെ വര്‍ത്തമാനകാലവുമായി ബന്ധിക്കുന്ന പാലമാണ് അനുവാചകര്‍ കൃതിയുടെ ഭാഷയും ദേശവും മറികടന്നു അനുവാചകര്‍ നില്ക്കുന്ന പ്രദേശത്തെ സംസ്കാരത്തേയും ജീവിതത്തേയും സ്വധീനിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ് ഒരു എഴുത്തുകാരന്‍റെ കൃതിയുടേയും വിജയവും പ്രസക്തിയും.ഫ്രഞ്ച് തത്വചിന്തകനായ ആല്‍ബെര്‍ട്ട് കമു എങ്ങനെയാണ്‌ മലയാളി മനസ്സുകളില്‍ സ്ഥാനം പിടിച്ചതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്, അതിനുള്ള ശരിയായ ഉത്തരം പ്ലേഗ് എന്ന അദ്ധേഹത്തിന്‍റെ കൃതി  ആയിരിന്നു .1940-കാലഘട്ടത്തില്‍ അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് എന്ന മാരക രോഗം ഒരു ദേശത്തെ എല്ലാവരില്‍ നിന്നും ഒറ്റപ്പെടുത്തി, ആരും മരണത്തിന് അന്യരല്ലെന്ന്‍  തെളിയിച്ചു. വര്‍ത്തമാനകാലത്ത് ഈ കൃതി വായിക്കപ്പെടുമ്പോള്‍ പ്ലേഗ് എന്ന മാരകരോഗമായോ അതല്ലെങ്കില്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന മറ്റ് പല ബിംബങ്ങളേയോ മുന്നില്‍ നിര്‍ത്തി ചിന്തിക്കാം. ഏത് തലത്തില്‍ നിന്ന് ചിന്തിച്ചാലും ഇന്നത്തെ മലയാളി സമൂഹത്തിന് ചിന്തിക്കേണ്ട പല ചോദ്യങ്ങളും ഈ കൃതി നമുക്ക് മുന്നില്‍ നിരത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചുകേരളത്തില്‍ പടര്‍ന്നുപിടിച്ച ചിക്കന്‍ ഗുനിയ എന്ന രോഗം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് സ്വകാര്യആശുപത്രികള്‍ക്കായിരുന്നു, ഒറ്റ മുറിയില്‍ കഴിഞ്ഞിരുന്ന ക്ലിനിക്കുകള്‍ പനിയുടെ കാലംകഴിഞ്ഞപ്പോള്‍ ബഹുനിലആശുപത്രികളായി. ആതുരസേവമെന്നത്   കഴുത്തറുപ്പന്‍ സംസ്കാരത്തിലേയ്ക്ക്  നീങ്ങുകയും, ചൂഷണവും സ്വാര്‍ത്ഥതയും സമയക്രമമില്ലാതെ വളരുകയും ചെയ്യുന്ന കാലത്ത് ഇത്തരം വായനകള്‍ ഒരു തരി വെളിച്ചം തരട്ടെയെന്ന്‍ ആശംസിക്കുന്നു. ഇതിന് സമാനമായ ഒരു സംഭവം  ശ്രീ തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന കഥയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്
                                                       
                                                   1940-ലെ ഒറാനിലേയ്ക്ക് പോകാം, ഒറാന്‍  അല്‍ജീരിയന്‍ തീരത്തുള്ള  ഒരു തുറമുഖമാണ് പറയത്തക്ക മനോഹാരിതയൊന്നും  ഒറാന് അവകാശപ്പെടാനില്ല, ഏപ്രില്‍ 16 -ജോലി കഴിഞ്ഞ് പോകുമ്പോള്‍ ഡോ.ബര്‍ണാഡ് റിയൂ  അറിയാതെ എന്തിനേയോ ചവിട്ടുന്നു, അത് ഒരു ചത്ത എലിയായിരുന്നു.മിഷേലിനെ വിളിച്ച് അതിനെ മാറ്റാന്‍ ഏര്‍പ്പടാക്കി, അന്ന് വൈകുന്നേരം തന്‍റെ മുറിയുടെ പുറത്ത് നില്ക്കുമ്പോള്‍ ഒരു എലി  ലക്കില്ലാതെ ഓടി വായില്‍ നിന്ന് രക്തം തുപ്പി കറങ്ങി വീഴുന്നു, അവ്യക്തമായ സംഭവങ്ങള്‍ ഡോക്ടറുടെ ഉറക്കം കെടുത്തി.അടുത്ത ദിവസം ഏപ്രില്‍ -17,പ്രാന്തപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഡോക്ടര്‍ക്ക് ചത്തുകിടക്കുന്ന എലികളെ കാണാന്‍ കഴിഞ്ഞു. ഏപ്രില്‍ 18 -എല്ലാ വീടുകളുടേയും ചവറ്റുകുട്ടയില്‍ ചത്ത എലികള്‍ കൊണ്ടുനിറഞ്ഞു, മുന്‍സിപ്പല്‍ ഉദ്യോഗസ്ഥനായ മേര്‍സിയറുമായി ഡോക്ടര്‍ ആലോചന നടത്തി ശുചീകരണപ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു.ഏപ്രില്‍-28 ആയപ്പോള്‍ ചത്ത എലികള്‍ 8000-കവിഞ്ഞു പലര്‍ക്കും ശാരീരികമായി അസ്വസ്ഥകള്‍ തുടങ്ങി അതോടൊപ്പം നാട്ടുകാര്‍ക്കിടയില്‍ അങ്കലാപ്പും.മിഷേലിനെ പെട്ടെന്ന് ബാധിച്ച പനിയും  സന്നിപാതവും  അദ്ദേഹത്തെ പകര്‍ച്ചവ്യാധിയുടെ ആദ്യ രക്തസാക്ഷിയാക്കി.ഒറാനില്‍ നടക്കുന്ന ഓരോ കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്ന ഒരു യുവാവായിരുന്നു , ടറോ,ജസ്യൂട്ട് പുരോഹിതനായ ഫാദര്‍ പനെലുവും, പത്രപ്രവര്‍ത്തകനായ റംബോര്‍ട്ടും , ജോസഫ്‌ ഗ്രാന്‍ഡ്‌ എന്ന ക്ലാര്‍ക്കും. കാസ്റ്റല്‍-എന്ന ഡോക്ടറുടെ സഹപ്രവര്‍ത്തകനും ഒറാനിലെ സംഭങ്ങളിലൂടെ യാത്ര ചെയ്യുന്നു.ഒറാനില്‍ പലയിടത്തായി മരണങ്ങള്‍ സ്ഥിരീകരിച്ചു, എന്താണ് കാരണമെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല,അവസാനം ഇടിത്തീപോലെ ആ വാര്‍ത്ത സ്ഥിരീകരിച്ചു, കാരണം പ്ലേഗ്-, ലക്ഷക്കണക്കിനാളുകളെ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റിയ രോഗം.ദിനംപ്രതി രോഗികളും മരണവും വര്‍ധിച്ചു, ഒറാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു,നഗരത്തില്‍ നിന്ന് ആര്‍ക്കും പുറത്തുപോകാനോ പുറത്തുനിന്ന് നഗരത്തിലെയ്ക്കോ വരാന്‍ കഴിയില്ല. കത്തിടപാടുകള്‍ പോലും നിരോധിക്കപ്പെട്ടു, കത്തിലൂടെയും പ്ലേഗിന്‍റെ വൈറസ് പകരുമെത്രേ, ആശകളും പ്രതീക്ഷകളും നഷ്ടപ്പെട്ട ജനം ഒറ്റപ്പെട്ട ഒരു തുരുത്തായി.പ്രതീക്ഷയറ്റ ജനങ്ങളെ ചൂഷണം ചെയ്യാന്‍ എളുപ്പമാണല്ലോ, അതുകൊണ്ടുതന്നെ മദ്യശാലകള്‍ പൂര്‍വാധികം ഭംഗിയായി വളര്‍ന്നു, ഒരു പെഗ് കഴിച്ചാല്‍ പ്ലേഗ് മാറുമെന്ന് പരസ്യവും നല്കി, അതുപോലെ മനുഷ്യരെ സന്തോഷിപ്പിക്കാനെന്ന വ്യജേനെ സിനിമാശാലകളും, കാലവും ദേശവും മാറുന്നതനുസരിച്ച് ചൂഷണത്തിന്‍റെ രീതികള്‍ക്ക് മാത്രം മാറ്റം വരും ചൂഷണം അനസ്യൂതം തുടരും. ഇതൊക്കെ അനുവാചകര്‍ വര്‍ത്തമാനകാലവുമായി കൂട്ടി വായിക്കേണ്ടതാണ്.

                                           പത്രപ്രവര്‍ത്തകനായ റംബോര്‍ട്ട് തന്‍റെ പാരിസിലുള്ള ഭാര്യയെ കാണാന്‍ ഒത്തിരി ശ്രമം നടത്തി, പക്ഷേ നിയമങ്ങള്‍ എല്ലാം തനിക്കെതിരായി, ആര്‍ക്കും രാജ്യം വിട്ട് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥ. രോഗം വന്ന ആളിനെ വീട്ടില്‍ നിന്ന് ക്യാമ്പിലേയ്ക്ക് മാറ്റാറാണ് പതിവ് പലപ്പോഴും രോഗിയെ വിട്ടുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാകില്ല , അപ്പോള്‍ പോലീസിന്‍റെ സഹായത്താല്‍ ഡോക്റെര്‍ അവരെ മാറ്റാറുണ്ട്, വീട്ടില്‍ നിന്ന് പോകുന്ന രോഗികള്‍ ഒരിക്കലും തിരിച്ചുവരാറില്ല, അതുകൊണ്ടാകണം പലപ്പോഴും വീട്ടുകാര്‍ പ്ലേഗ്-നോടൊപ്പം ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങി. ടോറോയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി, ഗ്രാന്‍ഡ്‌-ഉം കൂടെ ചേര്‍ന്നു.പ്ലേഗിന്‍റെ രോഗാണുക്കളെ നേരിടാന്‍ കാസ്റ്റിലിന്‍റെ നേതൃത്വത്തില്‍ പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗ്രാന്‍ഡ്‌-ഓരോ ദിനത്തെ കാര്യങ്ങള്‍ വ്യക്തമായി ഗ്രാഫ് പോലെ രേഖപ്പെടുത്തി, മരണവും രോഗവുമെല്ലാം, ഓഫീസിലെ ജോലി കഴിഞ്ഞു രാത്രിയോളം ശുചീകരണപ്രവര്‍ത്തനവുമായി ഗ്രാന്‍ഡ്‌  മുന്നോട്ട് പോയി. റേഡിയോ-യില്‍ ദിനവുംപ്ലേഗിനെ കുറിച്ചുള്ള  ആത്മാര്‍ഥതയില്ലാത്ത കുറെ പരിപാടികളും സര്‍ക്കാര്‍ വകുപ്പിലെ ചില നേര്‍ച്ചപോലെയുള്ള ബോധവല്ക്കരണവും റിയു വിനെയോ ടറോ, ഗ്രാന്‍ഡ്‌ എന്നിവരെ പോലെയോ ഉള്ള ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്നവരുടെ മനോവീര്യം കെടുത്തുകയാണുണ്ടായത്.റംബോര്‍ട്ട് കോട്ടാര്‍ട്-എന്ന -ചെറിയ ഒരു കള്ളക്കടത്ത്കാരനുമായി  ചേര്‍ന്ന് തുറമുഖം വഴി നാടുവിടാന്‍ നടത്തുന്ന ശ്രമം കഥയിലൂടെ തുടരുന്നുണ്ട്. പകര്‍ച്ചവ്യാധി ബാധിച്ച ഒരു നാടിന്‍റെ എല്ലാ ചലനങ്ങളും എഴുത്തുകാരന്‍ അതിശയകരമാം വിധം ഒപ്പിയെടുത്തിട്ടുണ്ട്.മരിച്ചവരെ അടക്കാന്‍ തുടക്കത്തില്‍ ശവപ്പെട്ടി ഉപയോഗിച്ചിരുന്നു പിന്നീട് മരണസംഖ്യ കൂടിയപ്പോള്‍ അതൊന്നും പ്രായോഗികമല്ലെന്നായി അത്രമാത്രം മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരുന്നു.നഗരത്തിന്‍റെ ഒരു ഭാഗത്ത്‌ ശവം കൊണ്ടുപോകാന്‍ ട്രെയിന്‍ ഉപയോഗിച്ചിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതിന്‍റെ വ്യാപ്തി എത്രയോ വലുതാണ്‌.കൊള്ളക്കാരനായ കൊട്ടാര്‍ഡും റംബോര്‍ട്ടും ഗ്രാന്‍ഡി-നോടൊപ്പം ശുചീകരണപ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകുന്നു, കൊള്ളക്കാരനെന്നു പറയുമ്പോഴും നന്മയുടെ ഒരു മരമായി മുന്നോട്ട് കൊട്ടാര്‍ടിനെ കഥയില്‍ കാണാം.

                                                      കാസ്റ്റ്ല്‍ പുതുതായി ഉണ്ടാക്കിയ മരുന്ന് ഒരു രോഗിയായ കുഞ്ഞിന്‍റെ ശരീരത്തില്‍ പ്രയോഗിക്കുന്നതും ആ കുഞ്ഞ് രോഗം കാരണം അനുഭവിക്കുന്ന കഷ്ടതകളും  ശരിക്കും പതിയ്ക്കുന്നത്‌ അനുവാചകന്‍റെ  ഹൃദയത്തിലാണ്.  പുതിയ മരുന്ന് ഫലപ്രാപ്തിയിലെത്തിയില്ലയെന്ന്‍ വായിക്കുമ്പോള്‍ ശരിക്കും നിരാശപ്പെടുന്നത് കാസ്റ്റ്ല്‍ എന്ന മനുഷ്യനെക്കാളുപരി വായനക്കാരനാണ്.
അത്രമാത്രം വേദനാജനകമായ വഴികളിലൂടെയാണ് ആല്‍ബെര്‍ട്ട് കമു നമ്മെ നടത്തുന്നത്.ആതുരസേവനത്തില്‍ ജാഗ്രത പുലര്‍ത്തിയ ഫാ-പനെലൂവും, ഡോക്ടര്‍ റിച്ചാര്‍ഡും പ്ലേഗിന് അടിമപ്പെട്ട് യാത്രയായി. ശരത്കാലം തുടങ്ങി
മരണ സംഖ്യകുറഞ്ഞുവെങ്കിലും ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യവും കച്ചവടക്കാരുടെ പൂഴ്ത്തിവയ്പ്പും ഒറാലിനെ ദുരിത പൂര്‍ണ്ണമാക്കി. ടറോ എന്ന വ്യക്തിയുടെ ജീവിതവും തത്വചിന്താപരമായ വ്യാഖ്യാനങ്ങളും നമ്മെ ചിന്തയുടെ വഴിയിലൂടെ നടത്തുന്നു. ഓരോരുത്തരുടെ ഉള്ളിലും പ്ലേഗുണ്ട്, ആരും ഇത്തരം അണുക്കളില്‍ നിന്ന് മുക്തരല്ല, ഓരോ മനുഷ്യരും ശ്രദ്ധിക്കുക, അല്ലെങ്കില്‍ അശ്രദ്ധയോടെ ഏതെങ്കിലുമൊരു നിമിഷം മറ്റൊരാളുടെ മുന്നില്‍ ശ്വസം വിടും.നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്ലേഗ് എന്താണ്, എല്ലാപേരും ചിന്തികേണ്ട വിഷയമാണ്, സ്വയം നന്നാവുക , സ്വയം വിളക്കാകുക--പ്ലേഗെന്ന ബിംബം നമുക്ക് മുന്നില്‍ വയ്ക്കുന്ന ചിന്തകള്‍ ആണ്.
ജനുവരിയോടു കൂടി പ്ലേഗിന്‍റെ ആധിക്യവും മരണനിരക്കും കുറഞ്ഞുതുടങ്ങി, അപ്പോഴേയ്ക്കും ആയിരങ്ങള്‍ക്ക് സഹായഹസ്തം നീട്ടിയ ടറോയെ പ്ലേഗ് കീഴ്പ്പെടുത്തി, അവസാനം ആ ശബ്ദവും നിലച്ചു.ടറോയുടെ വേര്‍പാടില്‍ കഴിഞ്ഞ ഡോക്റ്റര്‍ റിയുവിന് തന്‍റെ ഭാര്യയുടെ മരണവാര്‍ത്തയുമായപ്പോള്‍
ദുഖം താങ്ങാന്‍ കഴിയാതെയായി--.


                                                     ഫെബ്രുവരിയോടെ പ്ലേഗ് വിട്ടൊഴിഞ്ഞു, നഗരം പഴയപോലെ തിരികെ വരാന്‍ തുടങ്ങി.വാഹനങ്ങള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങി, നഗരകവാടം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു,കപ്പലുകള്‍ തുറമുഖത്ത് നിരന്നു, കാമുകീ കാമുകന്മാര്‍ ഇടവേളയ്ക്കുശേഷം നഗരത്തെ വര്‍ണ്ണാഭമാക്കി, ബാന്‍ഡ്മേളവും ഡാന്‍സും--റെയില്‍വേ സ്റെഷനുകള്‍ നിറഞ്ഞു, ശുചീകരണപ്രവര്‍ത്തനങ്ങളില്‍  സജീവമായിരുന്ന കൊട്ടാര്‍ട്-എന്ന മനുഷ്യനെ പോലീസ് മുന്‍പത്തെ ഏതോ കേസില്‍ പിന്തുടരുന്നതും പുതുജീവിതം ആഗ്രഹിച്ച കൊട്ടാര്‍ഡിന്‍റെ അവസ്ഥയും---വായനയെ തെല്ല് ശല്യപ്പെടുത്തുന്നു, നീതിയുടെ പേരില്‍ ചില ജീവിതങ്ങനെ നശിപ്പിക്കുന്ന നീതിപാലകര്‍---.നഗരം സന്തോഷത്തിമിര്‍പ്പില്‍ ആയിരിക്കുമ്പോഴും പ്ലേഗ് ഇനിയും വരില്ലേയെന്ന ശങ്കയോടെ ഡോക്ടര്‍ റിയുവും----.


മരുപ്പച്ച