2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

അന്യര്‍

അന്യനല്ലെന്ന് ചൊല്ലുവരേറെ
അന്നം കൊടുക്കുവാന്‍
കൈകളില്ലെങ്ങും
അന്യമായ് തീരുന്ന ലോകം
ആരാലും മാറ്റുവാന്‍ കഴിയില്ലയിന്ന്-

വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ വിലപേശുന്നുവെങ്ങും
ഭാഷകള്‍ ദേശങ്ങള്‍ വാദങ്ങളാകുന്നു
ദേശവാദങ്ങള്‍ മുളയ്ക്കുന്നുവെങ്ങും
ശാന്തിമന്ത്രങ്ങള്‍ പാഴ്വാക്കാകുന്നു

വീഥികളിന്നിതാ യുദ്ധക്കളങ്ങളാകുന്നു
ശാന്തിസേനകള്‍ പെരുകുന്നുവെങ്ങും
ശാന്തിതന്‍ പേരിലും കുരുതികളേറുന്നു
പക്ഷം പിടിക്കുവാന്‍ ദൈവങ്ങളേറുന്നു

തീക്കലം പോലുരുകുന്ന ജന്മങ്ങള്‍
ഉല്‍ക്കകള്‍ പേറുന്ന ബാല്യങ്ങളെങ്ങും
അനാഥത്വത്തിന്‍ കയ്പുനീരെങ്ങും
കിനാവ് പോലും ഓടിയൊളിക്കുന്നു

പലായനങ്ങള്‍ പെരുകുന്നുവെങ്ങും
അന്ത്യമില്ലാത്ത യാത്രകളെങ്ങും
ലക്ഷ്യം കാണാതെയലയുന്ന ജന്മങ്ങള്‍
പുതുയുഗത്തിന്‍ സൃഷ്ടികളല്ലോ !


മനസ്സുകളെങ്ങും കമ്പോളമാകുന്നു
മനുഷ്യത്വമെങ്ങും മരവിച്ചുപോയോ
ലാളിത്യമില്ലാത്ത ചിന്തകളെങ്ങും
അധിനിവേശങ്ങള്‍ക്ക് കളമൊരുക്കുന്നുവോ ?

മരുപ്പച്ച














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ