2018, ഏപ്രിൽ 17, ചൊവ്വാഴ്ച

തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്--കെ പി അപ്പന്‍

             
മലയാള സാഹിത്യലോകത്ത്പ്രത്യേകിച്ച് നിരൂപണ സാഹിത്യമേഖലയില്‍ കെ പി അപ്പന്‍ എന്ന മഹാനെ മാറ്റി നിര്‍ത്തി   ഒരു ചരിത്രം അസാധ്യമാണ്. മലയാള നിരൂപണ സാഹിത്യത്തിലെ അപ്പോസ്തലനെ പറ്റി പഠിക്കുന്നത് മലയാളികള്‍ക്ക് പ്രത്യേകിച്ച് സാഹിത്യരംഗത്ത് വിരാജിക്കുന്നവര്‍ക്കും, സാഹിത്യരംഗത്ത് കാലെടുത്തുവയ്ക്കുന്നവര്‍ക്കും വളരെ ഉപകരിക്കും.  സാഹിത്യസൃഷ്ടികളെ    വ്യക്തിവിരോധം തീര്‍ക്കാനുള്ള ഉപായമാക്കി മാറ്റുകയും എന്തിനും ഏതിനും  ശരങ്ങള്‍ തൊടുത്ത്  അതിനെ വിമര്‍ശനമെന്ന ഓമന പേര് നല്കി മഹാനും മഹതികളുമായി നവ സാഹിത്യലോകത്ത് പേരുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു സുവിശേഷമാണ് കെ പി എന്ന ജീവിതം. ജീവചരിത്രങ്ങള്‍ എപ്പോഴും ഒരു കാലഘട്ടത്തിന്‍റെ പുസ്തകമാണ്,
അതുകൊണ്ടുതന്നെ കഴിഞ്ഞ കാലഖട്ടത്തിലെ മലയാള സാഹിത്യത്തെയും സാഹിത്യകാരന്മാരെയും കുറിച്ചുള്ള ഒരു സൂചികയായി ഇതിനെ കാണാം. സ്വര്‍ണ്ണം ഉലയില്‍ ശുദ്ധി വരുത്തി  മനോഹരമായ ആഭരണം ഉണ്ടാക്കുന്ന പോലെ  അക്ഷരങ്ങളെ  ചൂളയില്‍ വാര്‍ത്ത് മനോഹരങ്ങളായ വാക്കുകളും വരികളും ചേര്‍ത്തിണക്കാനുള്ള കഴിവ്കെ പി അപ്പന് സ്വന്തമാണ്,

                                                      പന്ത്രണ്ട് അദ്ധ്യായങ്ങളിലായി കോറിയിട്ട അനുഭവങ്ങള്‍ ഒരു കാവ്യമായി അനുവാചകന് അനുഭവപ്പെടും. കുട്ടിക്കാലത്ത്  തന്‍റെ ഗ്രാമീണജീവിതത്തില്‍ നിന്ന് സാഹിത്യവളര്‍ച്ചക്ക് കിട്ടിയ
അനുഭവങ്ങളിലൂടെ നമ്മെ നടത്തുന്നു.ബ്രഹ്മസമാജം പ്രവര്‍ത്തകനായിരുന്ന  കുഞ്ഞുരാമനുമായുള്ള അടുപ്പവും അവര്‍ക്കിടയില്‍ കടന്നുവരുന്ന വിക്തോര്‍ യോഗോ-യും പാവങ്ങളും നല്ല ചര്‍ച്ചകള്‍ക്ക് വളമേകുന്നു.കടപ്പുറത്ത് കഥപറഞ്ഞു നടന്നിരുന്ന കടലമ്മാവാന്‍ എന്ന മനുഷ്യനില്‍ നിന്ന് കിട്ടുന്ന ഒരു
തിമിംഗലങ്ങളെകുറിച്ചുള്ള  കഥയും അത് പിന്നീട് കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി പങ്കുവയ്ക്കുന്നതും, അതിന്‍റെ മിത്തിനെ കുറിച്ചുള്ള  പഠനവും സാഹിത്യ മേഖലയിലേയ്ക്ക് കടന്നുപോകുന്ന ഏതോരാല്‍ക്കും അനിവാര്യമാണ്. യു സി കോളേജിലെ പഠനകാലവും  ആ സമയത്ത് വായനയില്‍ കടന്നുവന്നിരുന്ന പാസ്കലും, ആല്‍ബെര്‍ട്ട്കമ്യുവും, നീത്ഷേയും, ദാസ്തയോവ്സ്കി, സാര്‍ത്രും, ആ നിര  എഴുത്തുകാരെക്കുറിച്ചുള്ള വിശകലനവും കാണാം. തുറവൂരില്‍ നടന്ന സാഹിത്യസമ്മേളനത്തില്‍വച്ച് റ്റി എന്‍ ജയചന്ദ്രനെതിരെ തെറ്റായ ഒരു വിമര്‍ശനം ഉന്നയിക്കുന്നതും കെ പി പിന്നീട് മാപ്പ് ചോദിക്കുന്നതും നിത്യചൈതന്യയതിയുമായി ഉണ്ടായ ഒരു പ്രശ്നത്തിന്‍റെ പേരില്‍ തന്‍റെ കുറവുകള്‍ ഏറ്റുപറയുന്നതും ഇന്നത്തെ എഴുത്തുകാര്‍ക്ക് നഷ്ടപ്പെട്ടുപോയ നന്മകളാണ്. പഠനകാലത്തെ അദ്ധ്യാപക വിദ്യാര്‍ഥി ബന്ധവും, വൈക്കം മുഹമ്മദ്‌ബഷീറുമായുള്ള കൂടികഴ്ചയും
നല്ല കുളിര്‍മ്മയുള്ള വായനാനുഭവം തരുന്നു
.
                                                                നാലാം അദ്ധ്യായത്തിലേയ്ക്ക് കടക്കുമ്പോള്‍ ബെര്‍ദിയേവ് എന്ന റഷ്യന്‍ ചിന്തകനും ടോള്‍സ്റ്റോയിയും  ദാസ്തയോസ്ക്കിയും തന്‍റെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരും കടന്നുവരുന്നു. പാര്‍ട്ടിക്ക് വേണ്ടി വിപ്ലവഗാനം എഴുതിയിരുന്ന ഭാസ്കരന്‍ സഖാവും
കുടുംബവും നാട്ടിന്‍പുറത്തെ ജീവിതങ്ങളും ചെറിയ പരിസ്ഥിതി പ്രശ്നങ്ങളും വളരെ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. തന്നെ പഠിപ്പിച്ച താണു സാറും, മുത്തശ്ശിയും  ജീവിതത്തില്‍ സ്വധീനിച്ച ഒത്തിരി എഴുത്തുകാരും ഇതില്‍ ഓരോ ഭാഗത്തും കടന്നുവരുന്നുണ്ട്, കാപട്യക്കാരയ സദാചാരവാദികള്‍ക്കുള്ള ഒരു ഉത്തരം കെ പി ആയിരുന്നു. മുപ്പത്തിയൊന്ന് വര്‍ഷം സെന്‍സര്‍ഷിപ്പ് നേരിട്ട  ഡി എച്ച് ലോറന്‍സിന്‍റെ  ചാട്ടര്‍ലി പ്രഭ്വിയുടെ കാമുകന്‍ എന്ന നോവല്‍ താന്‍ അദ്ധ്യാപകന്‍ ആയിരുന്ന കോളേജില്‍ കൊണ്ടുപോയപ്പോള്‍ സഹഅദ്ധ്യാപകരില്‍ നിന്നുണ്ടായ അനുഭവം  കപടസദാചാരം എല്ലാ മേഖലയിലും നിലനില്ക്കുന്നുവെന്ന് കെ പി ചൂണ്ടികാട്ടുന്നു,കൊല്ലം നഗരവും പ്രൊഫസര്‍  വൈക്കം ചന്ദ്രശേഖറും  വി കെ എന്‍----വാഗ്മിയായ കെ ദാമോദരനും അവരുടെ സാഹിത്യ ചര്‍ച്ചകളും നിറഞ്ഞുനില്ക്കുന്നു ഇതിന്‍റെ അവസാനഭാഗങ്ങളില്‍, സി വി രാമന്‍പിള്ള യേയും ആശാനെയും കുറിച്ചുള്ള ചര്‍ച്ചകളും ജി ശങ്കരപ്പിള്ളയുടെ പ്രസംഗങ്ങളുടെ പരാമര്‍ശവും കാണാം.ജോണ്‍ എബ്രഹാമുമായുള്ള കൂടികാഴ്ചയും  ലൈബ്രറിയില്‍ നിന്നുള്ള ചില അനുഭവക്കുറിപ്പുകളും നമ്മെ മാറി മാറി സാഹിത്യലോകത്തേയ്ക്ക് കൊണ്ടുപോകുന്നു.ഒ വി വിജയനും ധര്‍മ്മ പുരാണവും, എങ്ങനെ മലയാളസാഹിത്യലോകത്തെ സ്വധീനിച്ചിരുന്നുവെന്ന ചെറുവിവരണം ഇതില്‍ കാണാം



                                                     വിമര്‍ശകന്‍ അനേകം കണ്ണുകളും കാതുകളുമുള്ള ഒരു നിരീക്ഷണജീവി ആയിരിക്കും, അതുകൊണ്ടുതന്നെ തന്‍റെ വായനയിലൂടെ കടക്കുമ്പോള്‍  ചില കഥാപാത്രത്തോടൊപ്പമോ അതല്ലങ്കില്‍ കഥാപാത്രമായോ സഞ്ചരിക്കാറുണ്ട്‌, ഒരു പരിധിവരെയെങ്കിലും അത് വിമര്‍ശകനെ സ്വധീനിക്കാറുണ്ട് ഇതിന് ഉദാഹരണമായി ഇയ്യോബിന്‍റെ പുസ്തകവും കാരമസോവ് സഹോദരരും ചൂണ്ടികാണിക്കപ്പെടുന്നു,ഏതൊരു സാഹിത്യസംവാദങ്ങള്‍ക്കായാലും വിമര്‍ശനങ്ങല്‍ക്കായാലും വിശ്വാസാഹിത്യത്തില്‍ തൊട്ടാല്‍ ടോള്‍സ്റ്റോയിയും, യുദ്ധവും സമാധാനവും, കാഫ്കയുടെ കഥകളൊക്കെ ചര്‍ച്ചയ്ക്ക് വരും, ആ ഒഴുക്ക് പോലെ കെ പിയുടെ പുസ്തകത്തിലും ഇതെല്ലം പരാമര്‍ശിക്കപ്പെടുന്നു.സ്ഥിരമായി മാതൃഭൂമിയിലും കൗമുദിയിലും പടിഞ്ഞാറന്‍ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ കെ പിക്ക് തിരിഞ്ഞ് ചിന്തിക്കാനുള്ള അവസരമായിരുന്നു നമ്മുടെ നാട്ടിലും കുറെ കിഴവന്‍മാര്‍ ഉണ്ടല്ലോ എന്ന കെ ബാലകൃഷ്ണന്‍റെ പരാമര്‍ശം. ഒരു നിരൂപകന്‍ വിമര്‍ശിക്കുക മാത്രമല്ല വിമര്‍ശനമേറ്റുവാങ്ങുകയും അത് തിരുത്താന്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരു പൂര്‍ണ്ണനായ മനുഷ്യനോ നിരൂപകനോ ആയിതീരുന്നത്. അറുപതു കഴിഞ്ഞ ജീവിതം ചിലര്‍ക്കെങ്കിലും  മരണഭയം ഉണ്ടാക്കാറുണ്ട്, ആ മരണഭയമായിരിക്കാം തോമസ്‌ അക്വനാസിന്‍റെ  ക്രിസ്ത്വനുകരണം എന്ന കൃതിയിലേയ്ക്ക് കൊണ്ടെത്തിച്ചത്, ഉത്തരാധുനികത എന്ന വാക്ക് മലയാളസാഹിത്യത്തില്‍ കൊണ്ടുവന്നതും സാഹിത്യലോകം മാറ്റത്തിന് തയ്യാറാകണമെന്ന  ചിന്ത നവഎഴുത്തുകാര്‍ക്ക് നല്കിയതും ഒരു പക്ഷേ കെ പി ആയിരിക്കാം, ഒരു തികഞ്ഞ സാഹിത്യസൃഷ്ടിയും, അക്ഷരസ്നേഹികളുടെ ഒരു സുവിശേഷവുമാണ് ഈ ജീവചരിത്രമെന്നുള്ളതിന് ഒരു സംശയവുമില്ല.

മരുപ്പച്ച









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ