കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കഥ ഒരു പക്ഷേ കുട്ടനാടിന്‍റെയോ കേരളത്തിന്‍റെയോ ജനങ്ങളെ മാത്രം പ്രതിപാതിക്കുന്ന കഥയല്ല മറിച്ച് ലോകമെമ്പാടുമുള്ള പാര്‍ശ്വവല്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കഥയാണ്. ചൂഷണം ഈ ലോകമുള്ളടത്തോളം കാലം നിലനില്കും, കാലത്തിനനുസരിച്ച് അതിന്‍റെ ഭാവങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുമെന്ന് മാത്രം. ചൂഷണത്തിനെതിരെ മനുഷ്യര്‍ പ്രതികരിക്കാന്‍ തുടങ്ങിയത് തത്വശാസ്ത്രങ്ങള്‍ പഠിച്ചിട്ടല്ല മറിച്ച് ജീവിക്കാനുള്ള അവന്‍റെ സ്വതന്ത്ര്യത്തെ അമിതമായി ഹനിക്കുമ്പോള്‍ ആണ്.
ചൂഷകര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു പരിധി വരെ സഹായിച്ചത് തകഴിയെ പോലെയുള്ളവരുടെ തൂലികകള്‍ ആണെന്ന് പറയാം. നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് വേണം തകഴിയുടെ അവന്‍റെസ്മരണകള്‍ എന്ന കഥയെ നോക്കിക്കാണാന്‍. തെരുവില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണെന്ന് തോന്നുമെങ്കിലും അതിനെക്കാളുപരി ചൂഷണത്തിന് വിധേയമാക്കപ്പെടുന്നവരുടെ രോദനമാണ്.
തെരുവില്‍ ആരോ വലിച്ചെറിഞ്ഞ ഒരു കുഞ്ഞ്, അവന്‍ തെരുവിലെ പട്ടികളോടൊപ്പം എച്ചില്‍ കൂനയില്‍ നിന്ന് ആഹാരം കഴിച്ച് പട്ടികളുടെ സംരക്ഷണത്തില്‍ വളര്‍ന്നത് കൊണ്ട് പട്ടികുട്ടിയെന്ന പേരില്‍ വളരുന്നു. പട്ടിയോടൊപ്പം വളര്‍ന്നത് കൊണ്ട് നഗ്നതയെക്കുറിച്ച് അവന്‍ ചിന്തിച്ചിട്ടേയില്ല. തെരുവില്‍ അലഞ്ഞു നടന്നിരുന്ന ഒരു മാനസിക രോഗി അവന് ആദ്യമായി ഒരു കീറ് തുണി കൊടുത്തു അന്നാണ് നഗ്നന്‍ ആയിരുന്നുവെന്ന തോന്നല്‍ അവനുണ്ടായത്. തനിക്ക് ചൂടും കരുതലും തന്നിരുന്ന പട്ടി ചത്തു പോയപ്പോള്‍ തെരുവില്‍ അലഞ്ഞിരുന്ന കുട്ടികളോടൊപ്പം അവന്‍ ചേര്‍ന്നു അങ്ങനെ അവന്‍ ഒരു മനുഷ്യകുട്ടിയാണെന്ന തോന്നലുമുണ്ടായി. ഹോട്ടലില്‍ നിന്ന് വലിച്ചെറിയുന്ന ഇലയില്‍ നിന്നുള്ള എച്ചില്‍ തിന്ന് ജീവിക്കുന്നതിനിടയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ കൊടുത്ത ഒരു ഉരുള ചോറ് അയാള്‍ തന്‍റെ ആരോ ആണെന്നുള്ള തോന്നല്‍ അവനിലുണ്ടാക്കി .
തനിക്ക് തുണി തന്ന സ്ത്രീയെ അമ്മയായും ചോറ് തന്ന മനുഷ്യനെ അവന്‍ അച്ഛനായും കരുതി. കുറച്ച് ദിവസശേഷം അവര്‍ രണ്ട് പേരും അപ്രത്യക്ഷമായി. ആരെങ്കിലും വലിച്ചെറിയുന്ന ഇലയില്‍ നിന്ന് കിട്ടുന്ന ആഹാരം കഴിക്കുമ്പോള്‍ അവന് വേണ്ടി ആരെങ്കിലും മനപ്പൂര്‍വം വലിച്ചെറിഞ്ഞതായിരിക്കില്ലെന്ന അവന്‍റെ ചിന്ത ഹൃദയഭേദകവും സമൂഹത്തിന് നേരെപതിക്കുന്ന ഒരു ശരവുമാണ്. തെരുവില്‍ അവന് കിട്ടുന്ന കേശുവും ഔവ്വക്കരും അവന്‍റെ ജീവിതം പുതിയ വഴിയിലൂടെ നയിക്കുന്നു.തെരുവില്‍ ആരോ വലിച്ചെറിഞ്ഞ കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെടാത്ത തെരുവിന്‍റെ നന്മയെയാണ് തകഴി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കേശുവെന്ന സുഹൃത്തിനെ ഒരു മുതലാളി പുതുജീവന്‍ നല്കുന്നതും കേശു ഷംസുദീന്‍ ആകുന്നതും ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്ന അധാര്‍മികമായ ചിന്തയിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു.
യുവത്വത്തിലേയ്ക്ക് കടക്കുമ്പോള്‍ തന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന റിക്ഷാക്കാരന്‍ ചാക്കോയെന്ന സുഹൃത്ത് ജീവിതത്തെ പുതിയ ദിശയിലേയ്ക്ക് നയിക്കുന്നു. റിക്ഷ വലിക്കുന്ന ജോലിയിലേയ്ക്ക് ഏര്‍പ്പെടുന്നവന്‍ ആദ്യമായി മദ്യഷാപ്പില്‍ പോകുന്നതും. ഷാപ്പുകാരിയുടെ മാദകത്വത്തില്‍ വീഴുന്നതും അതിലേയ്ക്കായി അമിതമായി അധ്വനിച്ച് പണം കണ്ടെത്തുന്നതും പോയ വഴിയില്‍ ചെളി പറ്റാതെയുള്ള തിരിച്ചു വരവും ഒരു തെരുവിനെക്കുറിച്ചുള്ള സത്യസന്ധമായ എഴുത്തുകളാണ്. നാല്പത് വര്‍ഷം മുന്‍പ് കള്ള് ഷാപ്പും അതിലെ മദ്യവില്പനക്കാരിയും ചൂഷണത്തിന് പര്യായമായപ്പോള്‍ ഇന്നതിന്‍റെ സ്ഥാനം, പഞ്ചനക്ഷത്രഹോട്ടലുകളും ബാറുകളുമായി മാറിയിരിക്കുന്നു. ആലപ്പുഴയിലെ വലിയ മുതലാളിമാര്‍ക്ക് രാത്രി ബംഗ്ലാവില്‍ പെണ്ണുങ്ങളെ എത്തിക്കുക അവരെ തിരിച്ചു കൊണ്ടുവിടുകയെന്ന ജോലിയൊക്കെ ഈ രിക്ഷാക്കാരനില്‍ നിക്ഷിപ്തമായിരുന്നു. തന്‍റെ സുഹൃത്തായ ചാക്കോചേട്ടന് പെട്ടെന്ന് അസുഖം ബാധിക്കുന്നതും ആ കുടുംബത്തിന്‍റെ ഭാരമേറ്റെടുക്കുന്നതും ചാക്കോചേട്ടന്‍റെ മരണവും ഈ കഥയെ ഒരു കുടുംബപശ്ചാത്തലത്തിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു. കുരുമുളക് കച്ചവടക്കാരനായ ഗോപാലന്‍ മുതാളായിയെ അപമാനിക്കാന്‍ റഹ്മാന്‍ മുതലാളി അവനെ ഉപയോഗിക്കുന്നത് എക്കാലത്തെയും മുതലാളിമാര്‍ തമ്മിലുള്ള കുടിപ്പകയെ സൂചിപ്പിക്കുമ്പോള്‍ റഹ്മാന്‍ കൊടുക്കുന്ന 500 രൂപ ചാക്കോയുടെ ഭാര്യയായ ക്ലാരയെ ഏല്പിക്കുന്നതും ഇത്തരം ജോലി ഇനി മേല്‍ ചെയ്യരുതെന്ന് പറയുന്ന നല്ല ഒരു സ്ത്രീയും എക്കാലത്തേയും വൈരുധ്യങ്ങളാണ്.
സേട്ടിന്‍റെ പണ്ടകശാലയില്‍ ജോലിക്ക് പോയിരുന്ന 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയോട് കൊച്ചുമുതലാളിയെന്ന ബേബികുട്ടിക്കുണ്ടാകുന്ന താല്പര്യം, പട്ടികുട്ടിയെന്ന റിക്ഷാക്കാരനിലൂടെ നിവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു.പാവപ്പെട്ടവന്‍റെ മുന്നില്‍ പ്രലോഭനങ്ങള്‍ ഉളവാക്കി ചൂഷണം ചെയ്യുന്ന ഒരു വിഭാഗം എന്നും ഉണ്ടായിട്ടുണ്ട്. വസ്ത്രവും സമ്മാനവുമായി ആ വീട്ടില്‍ ചെല്ലുന്ന പട്ടികുട്ടിയേയും, സമ്പത്തിനായി തന്‍റെ മകളെ മുതലാളിയുടെ കൂടെ പോകാന്‍ നിര്‍ബന്ധിക്കുന്ന അമ്മയും , ആനുകാലികവാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന കഥാപാത്രങ്ങളല്ലേ ?. താന്‍ അമ്മാവനെ പോലെ കാണുന്ന മനുഷ്യനാണ് റിക്ഷാക്കാരനെന്നും പെണ്‍കുട്ടി നല്ലവള്‍ ആണെന്നുള്ള തോന്നല്‍ അവനെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു സാഹചര്യത്തില്‍ മുതലാളിയുടെ കിടപ്പറയില്‍ കാണുന്ന പെണ്‍കുട്ടിയെ കണ്ട് റിക്ഷാക്കാരന്‍ അതിശയിച്ചു, അന്നവളെ അവിടെ എത്തിച്ചത് അവളുടെ കെട്ടിയവന്‍ ആയിരുന്നു കണ്ണുനീരോടെ നിന്നിരുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ റിക്ഷാക്കാരന്‍ നിസ്സഹായന്‍----..അവന്‍റെ മനസ്സില്‍ ഇടിത്തീപോലെയായിരുന്നു ആ ചിന്ത, താന്‍ വളര്‍ത്തുന്ന ചാക്കോചേട്ടന്‍റെ മകള്‍ ത്രേസ്യ എന്നെ അമ്മാവാ എന്നല്ലേ വിളിക്കുക, അവളേയും മുതലാളി വീട്ടില്‍ വിളിച്ചാലോ, അവരെ അവന്‍ അവിടെ നിന്ന് ചങ്ങനാശ്ശേരിയില്‍ ക്ലാരയുടെ ബന്ധുവിന്‍റെ അടുത്തേയ്ക്ക് അയക്കുന്നു. ചാക്കോയുടെ മരണ ശേഷം അല്ലലില്ലാതെ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്‍റെ വേര്‍പിരിയല്‍.
പുലയന്‍ പറമ്പില്‍ മുതലാളിക്ക് പുര പണിയണം, അതിനായി അവിടെയുള്ള വരെ പുറത്താക്കണം, അവിടുത്തെ സ്ത്രീകള്‍ എന്നും മുതലാളിയുടെ ചൂഷണവസ്തുക്കള്‍ ആയിരുന്നു. ചേരിയൊഴിപ്പിക്കല്‍ വളരെ നന്നായി തകഴി വിവരിക്കുന്നുണ്ട്.ചേരിയില്‍ മുതലാളിക്ക് മറിയയെന്ന സ്ത്രീയില്‍ ഒരു കുഞ്ഞുണ്ട്. കൊച്ചുമുതലാളിയുടെ ഭാര്യ ഒരാണ്‍കുഞ്ഞിന് ജന്മമേകിയ ദിവസം, അവരുടെ വീട്ടൂ പടിയില്‍ ഒരു കുട്ടിയുടെ ജഡം കാണുന്നു, അത് ചേരിയിലെ മറിയത്തിന്‍റെ മകന്‍ ആയിരുന്നു.അന്ന് രാത്രി അവിടുത്തെ ജോലിക്കാരന്‍ മത്തായി കൊല്ലപ്പെടുന്നു. ആ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം പട്ടികുട്ടിയുടെ തലയില്‍ വയ്ക്കുന്നു . വലിയ മുതലാളി അവനോട് പറയുന്നു കോടതി നിന്നെ ശിക്ഷിക്കില്ല ഞാന്‍ രക്ഷിക്കാം . മുതലാളിയുടെ മകന്‍ ബേബികുട്ടിയാണ് ഇതിന് പിന്നിലെന്ന് അറിയാമായിരുന്നിട്ടും ആ കുറ്റം അവന്‍ ഏറ്റെടുക്കുന്നു.അവസാനം അവന്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു. കാലശേഷം മോചിതനായ അവനെ ആലപ്പുഴ കൊണ്ടുവിട്ടു അന്ന് അധ്വനിക്കുന്നവരുടെ ഒരു ജാഥ പോകുന്നുണ്ടായിരുന്നു അവന്‍ അറിയുന്ന പല സ്ത്രീകളും അതില്‍ ഉണ്ടായിരുന്നു എല്ലാപേരും വയസ്സായിരിക്കുന്നു, ഇപ്പോഴും മുതലാളിക്ക് വേണ്ടി ബംഗ്ലാവില്‍ കൂട്ടികൊണ്ടുപോകാന്‍ അവനെ പോലെ പട്ടികുട്ടികള്‍ ഉണ്ടാകുമോ----...ചൂഷണം തകരട്ടെ--അവനും കൂടി ആ ജാഥയില്‍.--
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ