2017, മേയ് 20, ശനിയാഴ്‌ച

നഷ്ടമാകുന്ന കേരളീയത


           നഷ്ടമാകുന്ന കേരളീയത
         **************************

അദ്വൈതമന്ത്രമുരുവിട്ട മണ്ണില്‍
അധര്‍മത്തിനാത്മാവ് വാഴുന്നുവോ !
ഒരു ജാതി ഒരു മതം ചൊല്ലിയ നാട്ടില്‍
ജാതി മതമിന്നളവുകോലായോ !

കായലോളത്തില്‍ നിഴല്‍ വിരിച്ചു
അരുണനെ നോക്കിയ കേരമില്ലിവിടെ
കായലോരത്തെ കായം വരുത്തി
കരിമണല്‍ കുഴിക്കുന്നു കരിങ്കാലികള്‍

വിഷമെന്ന് ചൊല്ലിയ മദ്യത്തെയിന്നിതാ
അമൃതായൊഴുക്കുന്നു കേരള മണ്ണില്‍
അഞ്ചഞ്ച്  വര്‍ഷങ്ങള്‍ പകുത്തെടുക്കുന്നവര്‍
തത്വശാസ്ത്രത്തിന്‍ പിന്‍ബലത്താല്‍

ഊട്ടുന്ന മുലയിലുമാസക്തിയേറുന്ന
കാമാഗ്നി പേറുന്ന കോമരങ്ങള്‍
ചട്ടങ്ങള്‍ മാറ്റുവാന്‍ വെമ്പുന്നവര്‍
രാഷ്ട്രീയക്കാരന്‍റെ ചട്ടുകമോ ?


നിയമത്തെ തേടുന്നനിസ്വനെ നോക്കി
പത്തിവിടര്‍ത്തുന്നു നീതി സിംഹാസനം
മണ്ണിനെ പുല്കുവാന്‍ മറന്നൊരു മലയാളി
മലയാള ഭാഷയും മറന്നുവല്ലോ-

ടവറുകള്‍ പൊക്കി ശലഭത്തെ കൊന്ന്
പൂക്കളില്ലാത്തൊരു നാടൊരുക്കി
പ്ലാസ്റ്റിക്ക് കൂമ്പാരം തോട്ടില്‍ നിറച്ച്
നീരമില്ലാത്തൊരു ഭൂമിയുണ്ടാക്കി

മരുപ്പച്ച











2017, മേയ് 13, ശനിയാഴ്‌ച

നഗരസന്ധ്യ

     
                 
ശ്വാനനും മനുജനും കെട്ടിപ്പുണര്‍ന്നു
യാമങ്ങള്‍ പങ്കിടുന്നു കടത്തിണ്ണയില്‍
കൂടണയാന്‍ പറക്കും പക്ഷിയെ നോക്കി
നെടുവീര്‍പ്പിടുന്നു നഗരജന്മങ്ങള്‍

അരണ്ടവെളിച്ചത്തില്‍ നൃത്തചുവടുകള്‍
വയ്ക്കുന്നു നഗ്നമാം മേനികള്‍-
ചുറ്റിലും കൂടും കാമഭൂതങ്ങള്‍ക്കായി

നീലവെളിച്ചത്തില്‍ ആസ്വദിക്കുന്നവര്‍
സൂര്യവെളിച്ചത്തില്‍ വിളിച്ചു കൂവുന്നു
അഴിഞാട്ടക്കാരികള്‍ വേശ്യകളിവര്‍

ആരൊ വിതറുന്ന അപ്പത്തിനായി
കാത്തിരിക്കുന്നു സായന്തനങ്ങള്‍
കിട്ടുന്നയപ്പത്തെ പങ്കിട്ടുനല്‍കുന്നു
ഒട്ടിയ വയറിന്‍ പശിയകറ്റുവാന്‍

അര്‍ദ്ധനഗ്നകള്‍ അരവയറിനായി
പാതയോരങ്ങള്‍ കൈയ്യടക്കുമ്പോള്‍
കൂട്ടികൊടുപ്പുകാര്‍ കുടപിടിക്കുന്നു
അധികാരമേറും കസേര പുല്കുവാന്‍

പകലിനും രാത്രിക്കും സീമകളില്ലിവിടെ
മനുഷ്യമനസ്സുകള്‍ക്കതിര്‍ത്തികള്‍ മാത്രം
ഭാണ്ഡങ്ങള്‍ പേറിയലയുന്നു കോലങ്ങള്‍
നഗരസന്ധ്യയിലേതോ തീരങ്ങള്‍ തേടി

നഗരങ്ങളുണ്ടാക്കി നരകങ്ങള്‍ തീര്‍ക്കുന്നു
നശ്വര സമ്പത്തിനുറവ തേടുന്നവര്‍---

മരുപ്പച്ച















2017, മേയ് 12, വെള്ളിയാഴ്‌ച

വക്രബുദ്ധി


കര്‍മ്മത്തെ തള്ളി
അധര്‍മത്തെ പുല്കി
 സമ്പത്ത് തേടാന്‍
വെമ്പുന്ന കൂട്ടര്‍
കാച്ചിക്കുറുക്കുന്നു
പാഠവിഷയങ്ങള്‍
വാര്‍ത്തിറക്കുന്നു
കുയിലിന് സമമാം
വക്രബുദ്ധികളെ--

മരുപ്പച്ച

2017, മേയ് 8, തിങ്കളാഴ്‌ച

ഋതുഭേദങ്ങള്‍


               
പ്രകൃതിയൊരുക്കിയോരോ നന്മകള്‍ !
സര്‍വ്വ ചരാചര നന്മകള്‍ക്കായി  മന്നില്‍
കാലത്തിനതിര്‍ത്തി നിശ്ചയിച്ചീശന്‍
ഋതു ഭേദങ്ങളെന്നു പേര്‍വിളിച്ചു


കാലത്തിന്‍ തികവില്‍ കാത്തു നില്‍ക്കാതെ
ആഗ്രഹമേറി അത്യാഗ്രഹിയാകുന്നു
നേട്ടങ്ങള്‍ കൊയ്യുവാന്‍ വെമ്പല്‍ കൂട്ടുന്നു
കാലത്തിന്‍ ദീപമാം ഋതുക്കളെയറിയാതെ


വസന്തമെത്തുമ്പോള്‍ ഗ്രീഷ്മത്തെ പഴിക്കുന്നു
ഗ്രീഷ്മമെത്തുമ്പോള്‍ ശൈത്യത്തെ പഴിക്കുന്നു
കാലത്തെ പഴിച്ചിവര്‍ കാലം കഴിക്കുന്നു
കാലത്തിന്‍ നന്മയെ കണ്ടിടാതെ

ഇന്നിതാമാറുന്നു ഋതുക്കളെല്ലാം
ദിശയറിയാതെ പായുമുല്‍ക്കപോലെ
എന്തിന് പഴിക്കുന്നു നാമിന്ന് ഋതുക്കളെ
വാക്കുകള്‍ മാറ്റും മനുജര്‍ വാഴും മണ്ണില്‍


പൂവിടാന്‍ കൊതിക്കും മരങ്ങളും
ഇണതേടാന്‍ പറക്കും കുരുവികളും
നീന്തിത്തുടിക്കാന്‍ വെമ്പും പരല്‍മീനും
മാറുന്ന ഋതുക്കളാല്‍ മറഞ്ഞിടുന്നു--

ആദിത്യനും  അവനിയും  പിണങ്ങീടുന്നു
അരുണന്‍റെ കിരണത്താല്‍ നീറുന്നു ഭൂമി
ഭൂമിക്ക്ചൂടിയ കഞ്ചുകമില്ലിന്ന്
നാശത്തിന്‍ വക്കിലായ്‌ ധരണിയിന്ന്‍

മരുപ്പച്ച















2017, മേയ് 3, ബുധനാഴ്‌ച

മഴയില്ലാത്ത ഭൂമി

           മഴയില്ലാത്ത ഭൂമി
          *********************

പേമാരിമാറുന്നു മാരണമേറുന്നു
മരിക്കുന്ന ഭൂമിക്ക് കാവ്യങ്ങളേറുന്നു
വെട്ടിമുറിച്ചവര്‍ ഭാഗം വച്ചീടുന്നു
മാളിക പണിയുവാന്‍ കണ്ടം നികത്തുന്നു

ആദര്‍ശം  ചൊല്ലുവാന്‍ നാക്കുകളേറുന്നു 
കര്‍മ്മത്തെ പുണരുവാന്‍ മാനുഷരിന്നില്ല
വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും
കൂട്ടിചേര്‍ത്തിവര്‍ താണ്ഡവമാടുന്നു

വറ്റുന്ന സ്നേഹം പോല്‍ വരളുന്നു ഭൂമിയും
ഉരുകുന്ന  മനസ്സിലുമേറുന്നു ചാപല്യം
ചൂടെന്ന് ചൊല്ലി സൂര്യനെ പഴിക്കുന്നോര്‍
ചെയ്തതെല്ലാമേ മറന്നീടുന്നു

അസ്ഥിപോലുരുകുന്ന ധരണിയും
ഞരമ്പുപോല്‍ വലിയുന്ന  നദികളും
പാട്ട് മറന്നൊരോ പച്ചക്കിളികളും
പച്ചപ്പ്‌ മറഞ്ഞോരോ പാടങ്ങളും

 സ്നേഹവും സത്യവും കഥയായി ഭൂവില്‍
ഭൂമിക്കും നാരിക്കുംവിലപേശും ജന്മങ്ങള്‍
ദൈവങ്ങളെങ്ങോ ഓടി ഒളിക്കുന്നു
ദൈവത്തിന്‍ പേരില്‍ കുരുതികളേറുന്നു

മരുപ്പച്ച











യുദ്ധങ്ങള്‍---

                             
തീ തുപ്പും തോക്കുകളെന്നിനി ചോറ് വിളമ്പി-
അന്നദാതാവായിടുമൊട്ടിയ വയറുകള്‍ക്ക്‌ !
മനുഷ്യക്കുരുതിക്കായ് ഉന്നം പിടിപ്പവര്‍
മനുഷ്യ രക്ഷക്കായ് കണ്ണു തുറന്നെങ്കില്‍ !

അതിര്‍ത്തി തകര്‍ക്കും ബുള്‍ഡോസറെന്നിനി
കര്‍ഷകനുതകും കലപ്പയായിടും ഭൂവില്‍
മൈന്‍ വിതറും കരങ്ങളെന്ന്‍ വിത്ത് വിതച്ച്
വിതക്കാരനായി ശോഭിക്കുമീ ഭൂവില്‍

ബോംബ്‌ വര്‍ഷിക്കും വിമാനമെന്നിനി
പട്ടിണിയകറ്റുവാനപ്പം വര്‍ഷിക്കും
 ബോംബുകള്‍ ഭൂമിയില്‍ നിറച്ചൊരു മാനവര്‍
തേടുന്നുയിടങ്ങള്‍ സൗരയൂഥത്തിലും

ആയുധം വാങ്ങുവാന്‍  വെമ്പുന്ന മനസ്സുകള്‍
അന്നത്തിനേകുവാന്‍ കാശില്ല കൈകളില്‍
യുദ്ധ കൊതിയന്മാര്‍  മെനയുന്നു തന്ത്രങ്ങള്‍
ശാപമീ ലോകത്തിനെന്നുമെന്നും

നടക്കുവാന്‍ കാലില്ല പിടിക്കുവാന്‍ കയ്യില്ല
യുദ്ധത്തിനടയാളമായിഴയുന്ന ജീവതങ്ങള്‍
അനസ്യൂതം തുടരുന്നു പാലയനങ്ങള്‍
ലക്ഷ്യമില്ലാത്തൊരു തീരം തേടി-

കലിംഗയുദ്ധങ്ങള്‍ തുടരുന്നുയനവരതം
പിറക്കുന്നില്ല അശോകനിനിയുമിവിടെ
ശാന്തി പരത്തുവാന്‍ ശാന്തി സേനകള്‍
വിതറുന്നു ബോംബുകളവരും ധരണിയില്‍

മരുപ്പച്ച





2017, മേയ് 1, തിങ്കളാഴ്‌ച

പ്രണയ മഴ

സൂര്യ രശ്മിയേറ്റ് സമുദ്രജലം നീരാവിയായി
മേഘങ്ങളില്‍ തട്ടി മഴ പെയ്യുന്ന പോലെ
നിന്‍റെ തീഷ്ണമായ പ്രണയത്തിന്‍റെ
ചൂടില്‍ ഒരുനാള്‍ എനിക്കും ഉരുകി
നീരാവിയാകണം, ഉയരങ്ങളിലേക്ക്
ഉയരണം മേഘപാളികളോടും
മല മടക്കുകളോടും  വൃക്ഷങ്ങളോടും
 നമ്മുടെ പ്രണയത്തെക്കുറിച്ച്
വാചാലനാകണം പിന്നെ മഴയായി
പൊഴിയണം നിന്നെ ആവോളം
നനക്കണം ----എന്‍റെ പ്രണയ മഴ
ഭൂമിയെ കുതിര്‍ക്കണം-----അതില്‍
അനേകം പ്രണയ പുഷ്പങ്ങള്‍
നിര നിരയായി വിരിയണം-----