2017, മേയ് 13, ശനിയാഴ്‌ച

നഗരസന്ധ്യ

     
                 
ശ്വാനനും മനുജനും കെട്ടിപ്പുണര്‍ന്നു
യാമങ്ങള്‍ പങ്കിടുന്നു കടത്തിണ്ണയില്‍
കൂടണയാന്‍ പറക്കും പക്ഷിയെ നോക്കി
നെടുവീര്‍പ്പിടുന്നു നഗരജന്മങ്ങള്‍

അരണ്ടവെളിച്ചത്തില്‍ നൃത്തചുവടുകള്‍
വയ്ക്കുന്നു നഗ്നമാം മേനികള്‍-
ചുറ്റിലും കൂടും കാമഭൂതങ്ങള്‍ക്കായി

നീലവെളിച്ചത്തില്‍ ആസ്വദിക്കുന്നവര്‍
സൂര്യവെളിച്ചത്തില്‍ വിളിച്ചു കൂവുന്നു
അഴിഞാട്ടക്കാരികള്‍ വേശ്യകളിവര്‍

ആരൊ വിതറുന്ന അപ്പത്തിനായി
കാത്തിരിക്കുന്നു സായന്തനങ്ങള്‍
കിട്ടുന്നയപ്പത്തെ പങ്കിട്ടുനല്‍കുന്നു
ഒട്ടിയ വയറിന്‍ പശിയകറ്റുവാന്‍

അര്‍ദ്ധനഗ്നകള്‍ അരവയറിനായി
പാതയോരങ്ങള്‍ കൈയ്യടക്കുമ്പോള്‍
കൂട്ടികൊടുപ്പുകാര്‍ കുടപിടിക്കുന്നു
അധികാരമേറും കസേര പുല്കുവാന്‍

പകലിനും രാത്രിക്കും സീമകളില്ലിവിടെ
മനുഷ്യമനസ്സുകള്‍ക്കതിര്‍ത്തികള്‍ മാത്രം
ഭാണ്ഡങ്ങള്‍ പേറിയലയുന്നു കോലങ്ങള്‍
നഗരസന്ധ്യയിലേതോ തീരങ്ങള്‍ തേടി

നഗരങ്ങളുണ്ടാക്കി നരകങ്ങള്‍ തീര്‍ക്കുന്നു
നശ്വര സമ്പത്തിനുറവ തേടുന്നവര്‍---

മരുപ്പച്ച















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ