2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

ഉടല്‍ ഒരു സര്‍പ്പം


 
ഉടലുലഞ്ഞ് മനം നിറഞ്ഞ്
മെയ്യറിഞ്ഞ് പരിണയങ്ങള്‍
പരിധിയില്ല പ്രണയമേറും
താളമയമീ ചുംബനങ്ങള്‍

സമയമേറും ലാളനകള്‍
കപികയില്ലാ കുതിരപോലെ
തഴുകിയൊഴുകും പയസ്വിനിയായ്
കരുതലിന്‍ ശതകരങ്ങള്‍

താളം തെറ്റും കാമക്രീഡകള്‍
 പ്രായവുമില്ല പ്രണയവുമില്ല
കനിവിന്‍ കരുതലില്ലയെങ്കില്‍
ദംശനമേറ്റിടും നിശ്ചയമായും

ഗരളം ചീറ്റും നാഗം പോലെ
ദുഷ്കൃതമേറും നരജന്മം
പലവിധ കഞ്ചുകമണിഞ്ഞിവര്‍
അപരന് കണ്ണീര്‍ തീര്‍ക്കുന്നു

തലമുറ പലത് തീര്‍ക്കാനായ്‌
ദൈവം നല്കിയ ദാനമിതാ
കാലന്‍ കരിക്കും കാനനംപോല്‍
കാമ ചതിയാല്‍ നീറുന്നു

കാട്ടില്‍ കറങ്ങും ശാര്‍ദൂലം പോല്‍
നാട്ടില്‍ ചുറ്റും വേട്ടപ്പട്ടികള്‍
ചേഷ്ടകള്‍ വേഷ്ടികള്‍ പലതുമണിഞ്ഞ്‌
കാമക്കണ്ണികള്‍ നെയ്തീടുന്നു


ഗരളം---വിഷം
പയസ്വിനി---നദി
കപിക-കടിഞ്ഞാണ്‍
ദുഷ്കൃതം--പാപം

മരുപ്പച്ച

വിശപ്പ്‌

         

വിശപ്പൊരഗ്നിയാണ്
ജാതി മത ചിന്തകള്‍ക്കതീതമിത്
തത്വശാസ്ത്രങ്ങള്‍ക്ക് മേല്‍
പറക്കുന്ന യാഥാര്‍ഥ്യമിത്

ഒട്ടിയുണങ്ങിയ കണ്ണുനീരാല്‍
വറ്റി വരളുന്നു കപോലങ്ങള്‍
നീട്ടുവാന്‍ ശക്തിയില്ലീ കരത്തിന്
നീട്ടിയാലോ കിട്ടില്ലയൊന്നുമിന്ന്

ശ്വാനനും നിസ്വനും കൂടിയാലേ                
ശ്വാനനുമേന്മകളേറെയിന്ന്
ശയിക്കുവാനിടമില്ല മനുഷ്യനിന്ന്‍
ശ്വനനെ കരുതുവാന്‍ കരങ്ങളേറെ

കരുതുന്നു അന്നം തലമുറകള്‍ക്കായി
കരിയും വയറിന്‍ രോദനം കേട്ടിടാതെ
ആരുടെയോ അന്നം കട്ടെടുത്തിവര്‍
ആരാച്ചാരായി മാറിടുന്നോ ?

കാഞ്ചനം കരുതി കൂട്ടിലാക്കാന്‍
കാലങ്ങള്‍ കാത്തിരിക്കുന്നവര്‍
കാലത്തിനിരമ്പല്‍ കേട്ടിടാത്ത
കല്തൂണുകള്‍ മാത്രമാണോ ?

നീഡജകൂട്ടത്തെ ഓര്‍ത്തിടുവിന്‍
അന്നന്നത്തെ അന്നം  തേടുന്നിവര്‍
ആസക്തിയൊട്ടുമേയില്ലിവര്‍ക്ക്
തലമുറകള്‍ക്കായി കരുതുന്നില്ലിവര്‍

മരുപ്പച്ച





2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ശിശുരോദനം

                 ശിശുരോദനം
                ****************

ഹേറോദോസ്  വീണ്ടും ഉയര്‍ക്കുന്നുവോ!
കുഞ്ഞിന്‍ വിലാപമുയരുന്നു മണ്ണില്‍
മനുഷരൂപം പൂണ്ടയഞ്ജാത ഭൂതങ്ങള്‍
ആര്‍ത്തട്ടഹസിക്കുന്നുവോയിവിടെ ?

ഗോമൂത്രത്തില്‍ പാലാഴി കടഞ്ഞവര്‍
പൈതലിന്‍ രോദനം മറന്നുവോ
നാല്ക്കാലിക്കേകും കരുണപോലും
ഇരുകാലിയ്ക്കേകാന്‍ കഴിയുകില്ലേ ?

പ്രതിധ്വനിക്കുന്നു രോദനങ്ങള്‍
ശതകോടി വിങ്ങലായ് ധരണിയില്‍
അമ്മതന്‍ തേങ്ങല്‍ ആഴിയായുലകില്‍
അണയാത്തയഗ്നിയായ് പ്രതികാര ദാഹമായ്

പിളരട്ടെ ശിലകള്‍ ഭൂമിക്ക് ശാപമായ്‌
വിറയ്ക്കട്ടെ ദേവലോകം ശിശുരോദനത്താല്‍
തകരട്ടെ അന്ധമാം നീതിപീഠങ്ങള്‍
ഉലയട്ടെ അധികാരക്കൊതളങ്ങള്‍

മഴമേഘമേ നിങ്ങള്‍ ഓടിയൊളിച്ചുവോ ?
ശിശുരോദനത്താല്‍ ഭൂമി വരളുന്നുവോ
കടലേ നീ മൂടുന്നോ ഭൂമിയെ
ഋതുക്കളൊന്നായ് മാറി മറയുന്നോ !

പ്രതിമയ്ക്ക് മുന്നില്‍ കൂടുന്ന കൂട്ടരേ
നൈവേദ്യമെല്ലാം നിഷ്പ്രഭമല്ലയോ
ശിശുവിന്‍ രോദനം നെഞ്ചിലേറ്റുവിന്‍
ദൈവത്തിന്‍ സ്നേഹം അനുഭവിച്ചീടുവിന്‍ !

മരുപ്പച്ച














2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഒഴുകുന്ന വെള്ളം

ഒഴുകുന്ന വെള്ളത്തില്‍ ഏതെങ്കിലും മാലിന്യം കലര്‍ന്നാല്‍
ആ മാലിന്യം ഒഴുകുന്ന വെള്ളത്തോടൊപ്പം ചേര്‍ന്ന് കുറെ
യാത്ര ചെയ്യുമ്പോഴേയ്ക്കും നദിയുടെ തീരങ്ങളില്‍ അടിഞ്ഞോ
മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലോ വെള്ളവും മാലിന്യവും
വേര്‍തിരിക്കപ്പെടും. ഒഴുകാത്ത വെള്ളത്തില്‍ മാലിന്യം
വീണാല്‍ എന്നും മലിനജലമായി അവശേഷിക്കും. ജീവിതവും
ഇതുപോലെയാണ് നമുക്കുണ്ടാകുന്ന തിക്താനുഭവങ്ങളുമായി
നമ്മള്‍ ഒരിടത്തിരുന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കാര്‍ന്നു തിന്നും
മറിച്ച് ജീവിതത്തെ അതിന്‍റെ ഒഴിക്കിന് വിട്ടാല്‍ നമുക്കുണ്ടാകുന്ന
തിക്താനുഭവങ്ങളെ സര്‍ഗാത്മകമാക്കാന്‍ കഴിയും---.

മരുപ്പച്ച

2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച

പ്രകൃതി -

ഒരു വ്യക്തി ഈ ലോകത്ത് നിന്ന് വിടപറയുമ്പോള്‍
എത്ര വിലയേറിയ പെട്ടിയിലാണ് അടക്കം ചെയ്തതെന്നോ
എത്ര ചന്ദനമുട്ടികള്‍ നിനക്കായി കത്തിച്ചുവെന്നോ, എത്ര
ആര്‍ഭാടമായി ശവസംസ്കാരചടങ്ങുകള്‍ നടത്തിയെന്നോ
എന്നുള്ളതൊന്നും, ഭൂമിയില്‍ ജനിച്ചു മരിച്ചവന്‍റെ
വിലയിരുത്തലായി കാണാന്‍ കഴിയുമോ ? മറിച്ച്
നീന്‍റെ മരണത്തില്‍ നിന്നെ ഏറ്റുവാങ്ങിയ ഭൂമി നിനക്കായി
ഒരു നിമിഷമെങ്കിലും മൗനമായോ, പ്രപഞ്ചത്തില്‍
പാറിപ്പറന്നിരുന്ന അനേകം കുരുവികളില്‍ ഒരെണ്ണമെങ്കിലും
മൂകമായോ ? വൃക്ഷലതാതികളെ ഇളക്കിമറിച്ചിരുന്ന
ഇളം തെന്നല്‍ നിനക്കായി ശോകമൂകമായോ ? ഒരു                               വൃക്ഷമെങ്കിലും  നിനക്കായി ഒരു ഇലയെങ്കിലും പൊഴിച്ചോ ?
സകലതും വെട്ടിപ്പിടിക്കാന്‍ വെമ്പിയ സമയത്ത് നീ
ഒരു മരമെങ്കിലും വച്ചുപിടിപ്പിച്ചോ  നിനക്ക് ചിതയോരുക്കാന്‍
വേണ്ടിയെങ്കിലും,? നിന്നെ താങ്ങിയ ഭൂമിയെ, നിന്നെ                             ഏറ്റുവാങ്ങേണ്ടഭൂമിയെ നീ, കീറിമുറിച്ചില്ലേ
നിനക്ക് താങ്ങായിരുന്ന പ്രകൃതിയെ നീ മറന്നുപോയില്ലേ ?
ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയേറെയില്ലേ .
മാറിമറിയുന്ന തലമുറകള്‍ക്ക് ഇതൊരു പാഠമായെങ്കില്‍ -----.

മരുപ്പച്ച


രാഷ്ട്രീയം

                   
           
ഊര്‍ദ്ധശ്വാസം വലിക്കുന്നു ആദര്‍ശങ്ങള്‍
മരുഭൂവിലെ മണല്‍ത്തരിപോല്‍
അക്ഷരങ്ങളെ തള്ളിക്കളഞ്ഞിവര്‍
അക്കങ്ങല്‍ക്കായി പരക്കം പായുന്നുവോ ?

രാഷ്ട്രമീമാംസപഠിച്ചവര്‍
രാഷ്ട്രമെന്തന്നറിയാതെ അലയുന്നു
അര്‍ദ്ധനഗ്നനെ തെരുവില്‍ കളഞ്ഞിവര്‍
അര്‍ദ്ധരാത്രികള്‍ക്കായി കാത്തിരിക്കുന്നു

കോലായില്‍ ഉറങ്ങിയ ഉണ്‍മയെ
കോലാല്‍ തുരത്തിയിറക്കി
കൊടുവാളാല്‍ തീര്‍ക്കുന്നു നീതികള്‍
കാടത്തരത്തിന്‍ വക്താക്കളിവര്‍

സ്ത്രീത്വംവിറ്റ മങ്കയെ പോല്‍
പൈതൃകം വിറ്റ് പണമാക്കുന്നിവര്‍
പാദസരം വിറ്റ് കാമുകനെ തേടുംപോല്‍
തറവാട് വില്‍ക്കുവാന്‍ വെമ്പുന്നിവര്‍

പഞ്ഞമില്ലാതെ പാറുന്നകൊടികളും
മാറി മറയുന്ന  പല പല നിറങ്ങളും
ഘോഷകര്‍  വിളമ്പും തത്വങ്ങള്‍ പലതും
കൈതവം കൈമുതലാക്കിയ കൂട്ടരും

 പതിയുന്നു കണ്ണുനീര്‍ സിന്ദൂരത്തിലും
തേങ്ങുന്നു വസുന്ധര പിന്നേയും പിന്നേയും
അച്ഛന്‍റെ ഓര്‍മ്മയില്‍ വിതുമ്പുന്ന കുഞ്ഞും
ഗര്‍ഭമൊഴിഞ്ഞൊരമ്മയുടെ നീറ്റലും.

മരുപ്പച്ച







അഴിയാക്കുരുക്കുകള്‍-തകഴി ശിവശങ്കരപ്പിള്ള

                                 
മലയാള സാഹിത്യലോകത്തെ കുലപതിയും കഥാലോകത്തെ കാരണവരും
ലോകത്ത് വിപ്ലവത്തിലൂടെ കമ്മ്യുണിസം നിലവില്‍ വരാന്‍ ശ്രമിച്ചപ്പോള്‍
തന്‍റെ തൂലിക ചലിപ്പിച്ച് രണ്ടിടങ്ങഴി എന്ന കഥയിലൂടെ മലയാളിയുടെ മനസ്സില്‍ വിപ്ലവം സൃഷ്‌ടിച്ച തകഴിയുടെ അതിമനോഹരമായ ഒരു കഥയാണ്‌
അഴിയാക്കുരുക്ക്‌. യക്ഷികഥയില്‍ തുടങ്ങി മനുഷ്യന്‍റെ വൈകാരിക മണ്ഡലങ്ങളിലൂടെ നടത്തി അനുരാഗത്തിന്‍റെയും അനുഭൂതിയുടെയും ഒരു ലോകം അനുവാചകര്‍ക്ക് മുന്നില്‍ തുറന്നിടുന്നു. സുന്ദരിയായ ഒരു ഭാര്യയുടെ മേല്‍ ഒരു പുരുഷനുണ്ടാകുന്ന മാനസികഅസ്വസ്ഥതകളെ മുകുന്ദനെന്ന കഥാപാത്രത്തിലൂടെ നമ്മുടെ മനസ്സുകളിലൂടെ ഒരു നദിയാക്കി ഒഴുക്കുവാന്‍ തകഴിക്ക് ഈ കഥയിലൂടെ കഴിഞ്ഞു. മനുഷ്യജീവിതങ്ങള്‍ ഈ ലോകത്ത് ഉള്ളടത്തോളം കാലം ഇത്തരം കഥകളും കഥാപാത്രങ്ങളും പല പേരിലും പല രൂപത്തിലും ഭൂമിയിലുണ്ടാകും.


                                               കാറും കോളും നിറഞ്ഞ മനസ്സായിരുന്നു മുകുന്ദന്‍കുഞ്ഞിന് അന്ന്, ഒരു കൊലപാതകം നടത്താനുള്ള വ്യഗ്രത വെട്ടുകത്തിയും,കയറും തേടുന്നു, ഉറക്കം വരാത്ത രാത്രി അവന്‍ ഒരു ബീഡിയെടുത്ത് കത്തിച്ചു എന്നിട്ട് തന്‍റെ പുസ്തകമുറിയിലേയ്ക്ക് പോയി, പലതരത്തിലുള്ള പുസ്തങ്ങളുണ്ട്, കലുഷിതമായ മനസ്സ് ഒന്ന് ശാന്തമാക്കണ്ടേ, മഹാഭാരതം വായിച്ചു തുടങ്ങി, എല്ലാം ശാന്തമായപോലെ ലയിച്ചുള്ള വായന !. പെട്ടന്ന് ഒറ്റമുണ്ട് അരയില്‍ ചുറ്റി ഒരു സ്ത്രീ രൂപം, പാദത്തോളം നീണ്ടുകിടക്കുന്ന തലമുടി അയ്യോ യക്ഷി മുകുന്ദന്‍കുഞ്ഞ് പേടിച്ചുപോയി.സുന്ദരിയാണ് വശ്യമായ ചിരി, മനസ്സില്‍ വല്ലാത്ത ചിന്തകള്‍ യക്ഷി ചീന്തിക്കുടിച്ചാല്‍ പല്ലും നഖവും മാത്രമേ ബാക്കി വക്കൂ, ചിലപ്പോള്‍ അവളില്‍ ലയിക്കുന്നതാകാം, അവളില്‍ അലിഞ്ഞ് സായൂജ്യമടയുന്നതും. രാത്രിയുടെ രണ്ടാം യാമാമായിരുന്നു അത്. സാധാരണയായി രണ്ടാം യാമത്തില്‍ ഉണരുക,  മുകുന്ദനെ ഒന്ന് കേട്ടിപ്പുണരുകയെന്നത് അവളുടെ ആവശ്യമാണ്, അന്ന് അവളുടെ അടുത്ത് മുകുന്ദനെ കണ്ടില്ല , അവള്‍ എന്നേറ്റ് മുകുന്ദന്‍റെ അടുത്ത് ചെന്നതായിരുന്നു, വശ്യതയാര്‍ന്ന ചിരിയും മാദകത്വം നിറഞ്ഞ ശരീരവും, സരസ്സ, അതായിരുന്നു അവളുടെ പേര്. അവനെ കെട്ടിപ്പിടിച്ച് അവള്‍ കിടപ്പറയില്‍ കൊണ്ടുപോയി, മാറുന്ന രൂപ ഭാവങ്ങള്‍ മുകുന്ദനെ അവള്‍ പുണരുന്നു , കെട്ടിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകള്‍ക്ക് ഉരുക്കിന്‍റെ ശക്തിയുണ്ട്.നേരം പുലര്‍ന്നു മുകുന്ദന്‍ ഉണര്‍ന്നു സരസ്സ ഉറങ്ങുകയാണ് അവളുടെ മാംസദാഹം തണുത്തിരിക്കുന്നു.

                                         മുകുന്ദന്‍ തന്‍റെ മുത്തശ്ശി പറഞ്ഞ പഴയകഥയിലേക്ക് മനസ്സ് പായിച്ചു, ഒരു ആദിത്യക്ഷേത്രത്തെക്കുറിച്ച്, താമരപൂക്കളും അമ്പലക്കുളവുമുള്ള ഗ്രാമം. എത്ര ഓര്‍ത്തിട്ടും മുത്തശ്ശി പറഞ്ഞതൊന്നും ഓര്‍മ്മയില്‍ തെളിയുന്നില്ല. വടക്ക് കിഴക്ക് മലയില്‍ ഒരു കൂറ്റന്‍ അരയാല്‍ മരമുണ്ട് മുകുന്ദന്‍ അതിന്‍റെ ചുവട്ടില്‍ ഇരുന്നു, തന്‍റെ കൂട്ടാളി വേലുപ്പിള്ള ക്ഷേത്രത്തിലെ ശാന്തിക്കാരനെ കാണാന്‍ പോയി പഴയ തറവാടിനെക്കുറിച്ച് എന്തേലും വിവരം കിട്ടിയാലോ ?.പെട്ടെന്ന് അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ അവന് കഴിഞ്ഞില്ല, കനക വിഗ്രഹം പോലെ ഒരു സുന്ദരി, തലയ്ക്കു താങ്ങാന്‍ കഴിയാത്ത കേശഭാരം, നീല നയനങ്ങള്‍, അവള്‍ കുളിക്കടവില്‍ ഇറങ്ങി, അവളുടെ പാദസ്പന്ദനം താമരയുടെ ഇതളുകളെ ഇളക്കി. ഒരു സ്ത്രീയുടെ സൗന്ദര്യത്തെക്കുറിച്ചും ആ സാഹചര്യങ്ങളും പ്രകൃതിതി ഭംഗിയും വര്‍ണ്ണിക്കാനുള്ള തകഴിയുടെ കഴിവിനെ നമിക്കേണ്ടി വരും, ഈ ഭാഗങ്ങള്‍ വായിക്കുമ്പോള്‍.കുളി കഴിഞ്ഞ് ആ സൗന്ദര്യധാമം അപ്രത്യക്ഷമാകുന്നതും  മുകുന്ദന്‍ ഒരു കല്പ്രതിമപോലെ നോക്കി  നിന്നു.നിമിഷങ്ങള്‍കൊണ്ട് അവര്‍ പരസ്പരം ഹൃദയം കൈമാറിയെന്ന് വേലുപ്പിള്ളക്ക് മനസ്സിലായി.നേരം വൈകി വള്ളംവിടണം ഉച്ചകഴിഞ്ഞ് കാറ്റാണ്, മുകുന്ദന് ഇതൊന്നും കേള്‍ക്കാനുള്ള മനസ്സില്ല, നമുക്കിന്ന്‍ ഇവിടെ കഴിയാം നാളെ പുലര്‍ച്ചെ തൊഴുത ശേഷം പോകാം. ക്ഷേത്രത്തിലെ മാരാരില്‍ നിന്ന് മുകുന്ദന് പുതുമയാര്‍ന്ന പല യക്ഷിക്കഥകളും ചരിത്രവും പഠിക്കാന്‍ കഴിഞ്ഞു. വളരെ പണ്ട് ദേവദാസികളുടെ ഒരു തറവാട് ഉണ്ടായിരുന്നതായും, അവര്‍ ദേവ തുല്യരായിരുന്നുവെന്നും അവര്‍ നാട് ചുറ്റിയാല്‍ കാര്‍ഷിക വിളവ്‌ കൂടുമെന്നും നാട്ടുക്കാര്‍ വിശ്വസിച്ചിരുന്നു.അവരുടെ തലമുറ രണ്ടായിപ്പിരിഞ്ഞ് കറുത്തവരുടെ ഒരു തറവാടും വെളുത്തവരുടെ ഒരു തറവാടുമായിമാറി. അവിടെ വിവാഹം നടക്കാറില്ലായിരുന്നു പകരം പുടവ കൊടുത്ത് സംബന്ധമായിരുന്നു. ഒരിക്കല്‍ പോകുന്ന പുരുഷന്മാര്‍  തിരിച്ചുവരില്ലായിരുന്നു അവിടുത്തെ സുന്ദരിമാര്‍ അത്ര സ്നേഹമുള്ളവര്‍ ആയിരുന്നുവെന്നാണ് ചരിത്രം.

                                                           രാത്രിയുടെ യാമങ്ങളില്‍ എവിടെനിന്നോ മധുരമായ സംഗീതം ഒഴുകിവന്നു രാപ്പാടി തന്‍റെ ഇണയെ തേടുംപോലെ. അവന്‍ ആഗ്രഹിച്ചപോലെ പുടവ കൊടുത്ത് ആ സുന്ദരിയെ സ്വന്തമാക്കി.
ഏഴ് തിരികളിട്ട് കത്തിച്ച സ്വര്‍ണ്ണ നിറമുള്ള വിളക്കുകള്‍ അവരുടെ മുറിയില്‍ തൂങ്ങുന്നുണ്ടായിരുന്നു. സുഗന്ധം പരത്തുന്ന എണ്ണയായിരുന്നു  ആ വിളക്കില്‍ ഒഴിച്ചിരുന്നത്,ഒരു വാതിലില്‍കൂടി ആരോ അവളെ മണവറയില്‍ തള്ളിവിട്ടു.
പുറത്തു ചിലങ്കയുടെ ശബ്ദം, മുകുന്ദന് ഇതൊക്കെ പുതുമയല്ലേ, അവളുടെ അമ്മ പുറത്ത് നൃത്തം ചെയ്യുന്നു അവളുടെ അച്ഛന്‍ നൃത്തം കാണുന്നു. സരസ്സ പറഞ്ഞു ഞാന്‍ നൃത്തം വയ്ക്കാം, അല്ലെങ്കില്‍ വീണ വായിക്കാം, അല്ലെങ്കില്‍ കഥ പറയാം പുരുഷനെ സന്തോഷിപ്പിക്കുകയെന്നുള്ളത് ആ തറവാട്ടിലെ സ്ത്രീകളുടെ കടമയായി അവര്‍ വിശ്വസിക്കുന്നു. മുകുന്ദന് ഒന്നിലും ഒരു ഇഷ്ടമില്ലായ്മ. നേരം പുലര്‍ന്നു അമ്മ സരസ്സയെ നോക്കി നെറ്റിയില്‍ കുങ്കുമപൊട്ട് മാഞ്ഞില്ല, തലമുടിക്കെട്ട് അഴിഞ്ഞിട്ടില്ല, അമ്മ അവളോട്‌ ചോദിച്ചു നീ ഉറങ്ങുകയായിരുന്നോ അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞു, പതിവിന് വിപരീതമായി എന്തൊക്കെയോ സംഭവിക്കും പോലെ
മുത്തശ്ശി പറഞ്ഞു അവള്‍ക്ക് വശീകരിക്കാന്‍ അറിയില്ല അതാവും. പിറ്റേന്ന് തോട്ടത്തില്‍ അവള്‍ അവനെ കൂട്ടിക്കൊണ്ടു പോയി ഒരു ചില്ലയില്‍ ഇണയെത്തേടിയിരിക്കുന്ന പക്ഷിയെ കാണിച്ചുകൊടുത്തു. കാട്ടിലെ ചോലയില്‍ അവള്‍ നഗ്നയായി കുളിക്കാന്‍ ഇറങ്ങി, അവളെ കാണുമ്പോള്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രതിമയായാണ് അവന് തോന്നാറുള്ളത്, അവള്‍ എന്‍റെ തനത് സ്വത്തല്ലേ പക്ഷികളും പൂക്കളും തരുക്കളും അവളുടെ നഗ്നത കാണണ്ട വാ പോകാം അവന്‍ അവളെ വീട്ടിലേയ്ക്ക് കൂട്ടി. ഏഴ് തിരിയുള്ള ഒറ്റ വിളക്കേ അന്ന് കത്തുന്നുണ്ടായിരുന്നുള്ളൂ അവള്‍ കിടപ്പ്മുറിയില്‍ കയറി വാതിലും ജനാലയും അടച്ചു, വിളക്കുകള്‍ അവള്‍ അണച്ചു, മുകുന്ദന്‍ അന്ന് രാത്രി മുഴുവന്‍ അവളുടെ കരവലയത്തില്‍ ആയിരുന്നു.പിറ്റേന്ന് വെളുപ്പിന്  അമ്മയും മുത്തശ്ശിയും അവളെ സൂക്ഷിച്ചു നോക്കി അന്ന് കുങ്കുമം മാഞ്ഞു, മുടികെട്ട് അഴിഞ്ഞു സന്തോഷമായി.

                                             മുകുന്ദന്‍ ഓര്‍ത്തു അവര്‍ക്ക് മാത്രമായി ഒരു ഉദ്യാനം വേണം, സ്വന്തമായി ഒരു  സാമ്രാജ്യം വേണം, അവിടെ സരസ്സയെ നോക്കിയിരിക്കണം. അവള്‍ എന്‍റെ തനത് വകയാണ് അവളെ ആരും നോക്കാന്‍ പാടില്ല , അവള്‍ ആരെയും ഓര്‍ക്കാനും പാടില്ല, അവന്‍ അവളോട്‌ നിന്‍റെ മനസ്സില്‍ ആരാണ് നീ ആരെയാണ് ഓര്‍ക്കുന്നത്. അവിടെവിടെയോ അദൃശ്യനായി ആരോ ഉണ്ട്, കാമദേവന്‍റെ വിഹാരരംഗമാണ് കാടും അരുവിയും എല്ലാം കാമദേവനുള്ളതാണ്, ആരെ കാണാനാണ് അവളുടെ കണ്ണുകള്‍ ഉഴറുന്നത്. മുകുന്ദന്‍റെ മനസ്സിന്‍റെ വിഹ്വലതകള്‍ !.എല്ലായ്പ്പോഴും എല്ലാറ്റിനും അവള്‍ മുന്‍കൈയെടുക്കുന്നു ഭാര്യ ഭര്‍ത്താവിനെ ബലാല്‍സംഗം ചെയ്യുമോ, അവള്‍ എങ്ങനെ പഠിച്ചു ആര് പഠിപ്പിച്ചു, അവള്‍ അഭിനയിക്കയാണോ മനസ്സ് കാട് കയറുന്നു, ചുറ്റിലും മതില്‍ ഉയരുമ്പോള്‍ അവള്‍ പറയും പൊക്കം പോരാ ഇനിയുമുയരണം, മതിലുകള്‍ എത്ര പൊക്കിയാലും പല പുരുഷന്മാരും അവളെ ധ്യാനിച്ചിരിക്കും , മതിലില്‍ കിടന്നാലും വീണയും ചിലമ്പൊലിയും ഉണ്ടാകും. അവള്‍ക്ക് അവിടെയിരുന്നു കാമുകനെ സ്വപ്നം കാണാന്‍ കഴിയും  എന്നാല്‍ മതില്‍ കെട്ടുന്നില്ല---.അവളുടെ ഭാവങ്ങള്‍ വളരെയാണ് , യക്ഷിയാകും, ലക്ഷ്മിയാകും, അപ്സരസ്സ് ആകും, രാക്ഷസിയാകും, എന്തിന് നീ സുന്ദരിയായി ?  സുന്ദരിയെ ആണുങ്ങള്‍ നോക്കിയിരുന്നു പോകും , സുന്ദരിയായ ഭാര്യയുടെ കാല് തല്ലിയൊടിക്കണം, സുന്ദരിയായ ഭാര്യ ചിത്തശല്യമാണ്, അവന്‍റെ മനസ്സ് ഒരു കൊലപാതകിക്ക് തുല്യമായി. സരസ്സയെ ഒരാണിന്‍റെ വേഷം കെട്ടിച്ചു നോക്കി . അപ്സരസ്സില്‍ നിന്ന് പിറന്ന കുടംബത്തില്‍പ്പെട്ടവളാണ് സരസ്സ, ഭര്‍തൃപരിചരണം ഞങ്ങളുടെ കുലത്തൊഴില്‍  ഭര്‍ത്താവിന്‍റെ സംതൃപ്തിയാണ്   ഞങ്ങളുടെ കൈവല്യം, അത് കൊണ്ട് ഭര്‍ത്താവിന്‍റെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ അവള്‍ തയ്യാറായിരുന്നു. വിവാഹത്തിന് മുന്‍പ് നീ ആരെയെങ്കിലും മനസ്സില്‍ ധ്യനിച്ചിരുന്നോ, അവള്‍ പറഞ്ഞ് ഉവ്വ് അങ്ങ് പാറമേലിരുന്നു ഓടക്കുഴല്‍ വായിക്കുന്ന ഒരാളെ, ആരാണെന്ന് അറിയില്ല , അത് കാമദേവനോ ഗന്ധര്‍വനോ
ആയിരിക്കാം, അതൊന്നും വിശ്വസിക്കാന്‍ മുകുന്ദന്‍ തയ്യാറായില്ല, ഇതൊക്കെ വെറും യക്ഷികഥകള്‍.

                                             ചന്ദ്രിക പരന്നൊഴുകുന്ന രാത്രി നിലാവില്‍ ഒരു മധുരമായ വേണുനാദം അവന്‍ അവളോട്‌ ചോദിച്ചു നീയിതു കേള്‍ക്കുന്നുണ്ടോ,ഉവ്വ് അത് തോന്നലല്ല സത്യമാണ് മുരളീനാദം. അത് അവനാണ് പാറപ്പുറത്തിരുന്നു വായിക്കുന്നു, അവന്‍ എന്തിന് ഇവിടെ വന്നു എന്‍റെ ജീവിതം നശിപ്പിക്കാനോ അവള്‍ വിലപിച്ചു. അവന്‍ ഇവിടെനിന്നു പോകണം അവന്‍ പാടാന്‍ പാടില്ല മുകുന്ദന്‍ അലറി.മുകുന്ദന്‍ അവളേയും വലിച്ചിഴച്ചു മലയുടെ നെറുകയിലേക്ക് ഓടി വേണുനാദം അലയടിക്കുന്നു ആരെയും കാണാന്‍ കഴിയുന്നില്ല . രാക്ഷസഭാവം പൂണ്ട മുകുന്ദന്‍ അവളെ പിടിച്ചു ഒരു കൊക്കയിലേക്ക് തള്ളി , വേദന സഹിച്ചിട്ടും അവള്‍ അവനോടു പറഞ്ഞു എന്‍റെ അടുത്തായി കിടന്നേ നല്ല പുല്‍ത്തകിടിയാണ്.വേടന്‍ മാന്‍കിടാവിനെയെന്നപോലെ അവളെ തോളിലേറ്റി അയാള്‍ നടന്നു, എന്നെ തോളിലേറ്റിയകൊണ്ട് അങ്ങേക്ക് ക്ഷീണമില്ലേ ഈ കാണുന്ന അരുവിയില്‍ നിന്ന് കുടിച്ചേ ക്ഷീണം മാറും ഈ കാട്ടില്‍ ഒരു വള്ളിയുണ്ട് അത് മുറിച്ചാല്‍ തേനിന്‍റെ സ്വാദുള്ള കറ വരും അത് കുടിച്ചാല്‍ ഓജസ്സ് ഉണ്ടാകും, ഞാന്‍ കൊണ്ടുവരട്ടെ. അവള്‍ ഓടി  അവന്‍ ചോദിച്ചു എവിടെക്കാ അവള്‍ പറഞ്ഞു അമൃത് കൊണ്ട് വരാന്‍, അവന്‍ വിചാരിച്ചു മുരളീനാദം കേള്‍ക്കുന്ന ദിക്കില്‍ അവനെ കാണാനായിരിക്കും, , അവന്‍ അവളെ തിരിച്ചു വിളിച്ചു, അവര്‍ വീട്ടിലെത്തി, അവളെ തിരിച്ചു കിട്ടിയിരിക്കുന്നു എന്‍റെ സാമ്രാജ്യത്തിലേക്ക്, അവളില്ലാത്ത ലോകം ശൂന്യമാണ്, അവളെ കൊല്ലണം  എങ്ങനെ -അവന്‍റെ മനസ്സ് പിടച്ചു, വെട്ടുകത്തിയും കയറും ഉപേക്ഷിച്ചു --ഇപ്പോഴും മനസ്സ് പിടക്കുന്നു.


മരുപ്പച്ച