കമ്പോളവല്കരണവും ആര്‍ഭാട ജീവിതവും ഉപഭോഗസംസ്കാരവും നീരാളിയെപോലെ പിടിച്ചുലയ്ക്കുന്ന ആധുനിക യുഗത്തിലെ മലയാളിക്ക്
മറന്നു പോയ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പശ്ചാത്തലം കേരളത്തിനുണ്ട്. ഗ്ലാസ്നസ്തും പരിസ്ട്രോയിക്കയും ഒരു തത്വശാസ്ത്രത്തെ
തച്ചുടച്ചപ്പോള്‍ ലോകത്തിന്‍റെ ചെറിയ ഒരു കോണില്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം
കെട്ടിപ്പടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമൂഹവും ലോകത്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തില്‍ വന്നതും ഈ കൊച്ചു കേരളത്തിലാണ്. നിലവില്‍ നിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ തച്ചുടക്കുവാനും കെട്ടിപ്പടുക്കുവാനും സാഹിത്യകാരന്മാര്‍ ചെയ്ത സംഭാവന വളരെ വലുതാണ്. ആലപ്പുഴയെന്ന ഒരു പ്രദേശത്തെ കേന്ദ്രബിന്ദുവാക്കി ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ കഥ പറയുന്ന തകഴി മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരവും , ഉദാഹരണവുമാണ്.
ഒരു കാലഘട്ടത്തില്‍ മനുഷ്യന്‍ ചെയ്യാന്‍ അറയ്ക്കുകയും വെറുക്കുകയും ചെയ്തിരുന്ന ഒരു തൊഴിലായിരുന്നു തോട്ടിപ്പണി. ഒരു സമൂഹത്തിന്‍റെ വിസര്‍ജ്യങ്ങള്‍ ബക്കറ്റില്‍ കോരി മാറ്റുന്ന ഒരു വിഭാഗം, അവര്‍ക്ക് എന്നും അധികാരത്തിന്‍റെ അമരത്തിലോ സമൂഹത്തിന്‍റെ നേര്‍വഴികളിലോ ദര്‍ശിക്കാനുള്ള അവകാശമില്ലായിരുന്നു. ഇത്തരം ചൂഷണത്തെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവന്ന കഥയാണ് തോട്ടിയുടെ മകന്‍.
മുപ്പത് വര്‍ഷം തോട്ടി പണി ചെയ്ത ഇശക്കിമുത്തുവും മകന്‍ ചുടലമുത്തുവും, അവന്‍റെ മകന്‍ മോഹനനും അടങ്ങുന്ന മൂന്ന് തലമുറയിലൂടെയാണ് കഥ പോകുന്നത്. മൂന്ന് തലമുറകള്‍ വ്യത്യസ്തമായ മൂന്ന് ചിന്തകള്‍ പ്രദാനം ചെയ്യുന്നു. ഇശക്കി മുത്തുവിന് തീരെ സുഖമില്ല മൂന്ന് നാള്‍ ലീവ് വേണം അത് കൊടുക്കാന്‍ ഓവര്‍സീയര്‍ തയ്യാറല്ല വേറെ ആളേ നിയമിക്കുമെന്ന് ഓവര്‍സീയര്‍, മുപ്പത് വര്‍ഷം ഞാന്‍ കഴുകിയ കക്കൂസ് കഴുകാന്‍ വേറെ ആളെ നിയമിക്കയോ ഇനി എങ്ങനയാ കഞ്ഞി കുടിക്കുക
ഇശക്കിമുത്തുവിന് സഹിക്കാന്‍ കഴിഞ്ഞില്ല , ഇശക്കി മുത്ത് ഓവര്‍സീയറെ കണ്ടു ആ ജോലി മകന്‍ ചുടലമുത്തുവിന് കൊടുക്കാമെന്നേറ്റു, ബക്കറ്റും മണ്‍വെട്ടിയും മകനെയേല്പ്പിച്ച് ഇശക്കിമുത്തു മകനെ അനുഗ്രഹിച്ചു. ആദ്യമായി ജോലിയ്ക്ക് പോയ ചുടലമുത്തുവിന് പുതിയ അനുഭവങ്ങള്‍ ആയിരുന്നു ഹോട്ടലില്‍ ചെന്ന് ഇശക്കിമുത്തുവിന് ആഹാരം ചോദിച്ചപ്പോള്‍ എച്ചില്‍ കൂനയില്‍ പോയി കാത്തുനില്‍ക്കാനായിരുന്നു മറുപടി, കുറച്ചു കഞ്ഞിവെള്ളത്തിനായി പല വാതിലുകളും മുട്ടി ഫലമുണ്ടായില്ല. തോട്ടികളെ ആരും അടുപ്പിക്കാറില്ല, അന്ന് രാത്രി വീട്ടില്‍ വന്ന ചുടലമുത്തു കണ്ടത് മരിച്ച അപ്പന്റെ ശരീരമായിരുന്നു. അപ്പന്‍റെ ശവം അടക്കാന്‍ സ്ഥലമില്ലാതെ വലഞ്ഞ അവര്‍ പൊതുസ്ഥലത്ത് ഒരു മാവിന്‍ചുവട്ടില്‍ കുഴിച്ചിടുന്നു, രണ്ട് നാളുകള്‍ക്കു ശേഷം പട്ടികള്‍ ശവം മണ്ണുമാന്തി പുറത്തിടുന്നതും വീണ്ടും ചുടലമുത്തുവും കൂട്ടുകാരന്‍ പിച്ചാണ്ടിയും ചേര്‍ന്നു കുഴിച്ചിടുന്നതും ഓവര്‍സിയറുടെ ആക്രോശവും ഒരു കാലത്ത് തോട്ടികള്‍ അനുഭവിച്ചിരുന്ന കഷ്ടതകളെ നമ്മുടെ മനസ്സിലേയ്ക്ക് തകഴി കൊണ്ടുവരുന്നു. തോട്ടികള്‍ക്ക് കൂലി നിശ്ചയിരുന്നത് ഓവര്‍സിയര്‍ ആയിരുന്നു എത്രയാണ് ശമ്പളമെന്ന് ചോദിക്കാനുള്ള അവകാശം പോലും അവര്‍ക്കില്ലായിരുന്നു, ചൂഷണം അതിന്‍റെ നെറുകയിലെത്തിയപ്പോള്‍ തോട്ടികള്‍ക്ക് സംഘടിക്കണമെന്ന ബോധമുണ്ടായി. ചുടലമുത്ത് പലപ്പോഴും ചിന്തിക്കാറുണ്ട് എന്ത് കൊണ്ട് തോട്ടികള്‍ക്കും മറ്റുള്ളവരെ പോലെ ആയിക്കൂടാ !ഇതൊക്കെ അവരുടെയുള്ളില്‍ സംഘടിക്കാനുള്ള ത്വര വര്‍ധിപ്പിച്ചു. അങ്ങനെ ആദ്യമായി തോട്ടികളുടെ ശബ്ദം ആലപ്പുഴയില്‍ മുഴങ്ങി.
സംഘടിക്കുക എന്നുള്ളത് ഒരിക്കലും അധികാരി വര്‍ഗ്ഗങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല അത്കൊണ്ടുതന്നെ തോട്ടികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച ചുടലമുത്തുവിനെ ഓവര്‍സിയറും മുസിപ്പല്‍ പ്രസിഡന്റും ചേര്‍ന്നു വിലക്കെടുക്കുന്നു ഉയര്‍ന്ന ജീവിതം സ്വപ്നം കണ്ടിരുന്ന ചുടലമുത്തുവിന് ഒരു വീടും സ്ഥലവും വാഗ്ദാനം ചെയ്യുന്നു, ചുടല മുത്തു അന്ന് മുതല്‍ തന്‍റെ മാസശമ്പളത്തിന്റെ ഒരോഹരി പ്രസിഡന്റിനെ ഏല്‍പ്പിച്ചു, എല്ലാം ചേര്‍ത്ത് മുത്തുവിന് വീട് കൊടുക്കാം ഇതാണ് കരാര്‍. ആലപ്പുഴയിലെ തോട്ടികള്‍ക്ക് പൈസക്ക് ആവശ്യം വന്നാല്‍ കടം കൊടുക്കുന്നത് ചുടലമുത്തുവാണ് അതിന് വേണ്ട പണം പ്രസിഡന്ട് കൊടുക്കും, കുറെ തോട്ടിപ്പണിക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുപ്രസിഡന്ട്, അങ്ങനെ മേലാളന്മാരുടെ ആഗ്രഹം സാധിച്ച് സംഘടന പൊളിച്ചു, അക്കങ്ങളുടെ വലിപ്പവും നിറങ്ങളും ,ലോകത്ത് മനുഷ്യനെ മനുഷ്യനല്ലാതെയാക്കും ചൂഷണം നില നിര്‍ത്തണമെങ്കില്‍ അങ്ങനെ പലതും പലര്‍ക്കും ചെയ്യേണ്ടി വരും. വള്ളിയെ വിവാഹം കഴിച്ചതോട് കൂടി ചുടലമുത്തുവിന്റെ ജീവിതം വേറെ ദിശയില്‍ മാറുന്നു, മേലാളന്‍മാരുടെ പ്രിയങ്കരന്‍ അവരുടെ ജീവിതം അനുകരിക്കാന്‍ ശ്രമിക്കുന്നു അത് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അവരുടെ സ്വകാര്യ ജീവിതത്തേയും സ്ത്രീ സ്വതന്ത്യ്രത്തേയും കുറിച്ചുള്ള തകഴിയുടെ ചിന്തകള്‍ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എത്രത്തോളം മുന്നില്‍ ആയിരുന്നുവെന്ന് അതിശയോക്തിയോടെ മാത്രമേ കാണാന്‍ കഴിയൂ
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വേനല്‍ക്കാലവും വറുതിയും അവരെ പിടികൂടി , അതോടൊപ്പം പടര്‍ന്നുപിടിച്ച വസൂരി ഒത്തിരിപ്പേരെ മരണത്തിലേക്കയച്ചു. ചൂഷണം വീണ്ടും പാവം തോട്ടികളെ സംഘടിക്കാന്‍ പ്രേരിപ്പിച്ചു അതിന് നേത്രുത്വം കൊടുത്തത് പിച്ചാണ്ടി ആയിരുന്നു. മേലാളന്മാരുടെ ചെരുപ്പുനക്കിയായ ചുടലിമുത്തുവിന്‍റെ സഹായത്തോടെ പിച്ചാണ്ടിയെ മോഷണകേസില്‍ കുടുക്കുന്നതും നാടുകടത്തുന്നതും പിച്ചണ്ടിയുടെ അഞ്ച് മക്കളും ഭാര്യയും പട്ടിണിയാകുന്നതും ഇടറുന്ന ഹൃദയത്തോടെ മാത്രമേ വായിക്കാന്‍ കഴിയൂ.
ചുടലമുത്തുവിന് ഒരു കുഞ്ഞ് പിറന്നു അവന്‍ അവനെ മോഹനന്‍ എന്ന് പേരിട്ടു. ഒരു തോട്ടിയുടെ ഒരു മകന് ആദ്യമായാണ് അങ്ങനെ ഒരു പേരിടുന്നത്.
മോഹനില്‍ അവന് വലിയ പ്രതീക്ഷ ആയിരുന്നു അവന്‍ ഒരു തോട്ടി ആകരുതെന്ന് അവന് നിര്‍ബന്ധമുണ്ടായിരുന്നു, മാത്രമല്ല അവന്‍ ഒരു തോട്ടിയുടെ മകന്‍ ആണെന്നു അവനോടു പറയാറുമില്ല. അയല്‍വാസികളായ തോട്ടികളുടെ വീടുകളുമായി സഹകരിക്കാന്‍ പോലും ചുടലമുത്ത് തയ്യാറല്ലായിരുന്നു. സ്കൂളില്‍ ചേര്‍ക്കാന്‍ സമയമായപ്പോള്‍ പല സ്കൂളുകളും തോട്ടിയുടെ മകനെ എടുക്കാന്‍ തയ്യാറായില്ല അവസാനം കുറച്ചു പണം കൊടുത്ത് ഒരു മാഷിന്‍റെ അടുത്താക്കുന്നു. തോട്ടിയുടെ മകന്‍ പഠിച്ചാല്‍ പിന്നെ തോട്ടിപ്പണി ചെയ്യുന്നതാരാ ഇതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. മോഹനന് കൂട്ടുകാര്‍ ഇല്ലായിരുന്നു അവന്‍ അയവാസിയായ ഒരു ചെക്കനുമായി കൂട്ടുകൂടി അവന്‍റെ അച്ഛനും അമ്മയും അറിയാതെ. മോഹനന്‍ തോട്ടിയുടെ മകന്‍ ആണെന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവനെ കണ്ട് മൂക്ക് പൊത്താന്‍ തുടങ്ങി . അതൊക്കെ ചുടലമുത്തിനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു, മേലാളന്മാര്‍ക്ക് വേണ്ടി പിച്ചാണ്ടിയണ്ണനെ ഒറ്റിയതുമെല്ലാം----.ഒരു പുനര്‍ വിചിന്തനം----പക്ഷേ സമയമേറെ വൈകിപ്പോയി-
ആ സമയത്ത് പടര്‍ന്നു പിടിച്ച കാളറ എത്രപേരെ കൊണ്ടുപോയി എന്നറിയില്ല . ചുടലിമുത്ത് തോട്ടിപ്പണി ഉപേക്ഷിച്ച് ചുടുകാടിന്‍റെ കാവല്‍ക്കാരനായി, അവന്‍റെ കണ്മുന്നില്‍ സുഹൃത്തുക്കളുടെ ചിതയൊരുങ്ങുന്നു മുന്നില്‍ ദുര്‍ദിനങ്ങള്‍. പ്രസിഡന്റിന്റെ കയ്യില്‍ പലപ്പോഴായി കൊടുത്ത പണം തിരികെ വാങ്ങി വേറെ നാട്ടിലേയ്ക്ക് പോകുവാന്‍ ഒരുങ്ങി , പക്ഷേ പ്രസിഡന്റ് ആ പണം കൊടുത്തില്ല അവസാനം ചുടലമുത്തുവും ഭാര്യയും അവരുടെ സുഹൃത്തുക്കളെ പോലെ മരണത്തിന് കീഴടങ്ങി. മോഹനനും പിച്ചാണ്ടിയുടെ മകനും ഇന്ന് പുതു തലമുറയിലെ തോട്ടികളായി പഴയ തൊട്ടികള്‍ അല്ല കൂലി ചോദിച്ചു വാങ്ങുന്ന ചിന്തിക്കുന്ന തോട്ടികള്‍-. അവര്‍ സംഘടിച്ചു അവകാശങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. മോഹനന് പ്രസിഡന്റിന്റെ മേല്‍ പ്രതികാര മനോഭാവം കൂടി വന്നു. തന്‍റെ അച്ഛന്‍ കൊടുത്ത പൈസക്ക് കണക്കില്ല -എത്രയെന്നറിയില്ല തിരിച്ചുകിട്ടാത്ത കണക്കുകള്‍----, അന്ന് പ്രസിടന്റിന്റെ സൌധം ഉദ്ഘാടനം ആയിരുന്നു. തൊഴിലാളികളുടെ ഒരു പ്രകടനം അന്ന് നടക്കുകയായിരുന്നു അതിനെ പട്ടാളം പലയിടത്തും ചെറുത്തു അതൊന്നും ചെറുക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയുടെ തീരുമാനത്തിനെതിരായി മോഹനന്‍ പ്രസിഡന്റിന്‍റെ വീട് അഗ്നിക്കിരയാക്കി, നഗരത്തിലൂടെ പോകുന്ന ഘോഷയാത്രക്ക് നേത്രുത്വം നല്‍കുന്നത് മോഹനന്‍ ആണ്. ഒത്തിരിപേര്‍ വെടിയുണ്ടക്ക് മുന്നില്‍ വീണു എന്നിട്ടും അദ്ധ്വാനിക്കുന്നവന്‍റെ ശബ്ദം ആകാശത്തോളം ഉയര്‍ന്നു വിപ്ലവം ജയിക്കട്ടെ----
മരുപ്പച്ച


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ