2017, ഡിസംബർ 4, തിങ്കളാഴ്‌ച

മതം

പ്രണയമേരുവിലലിയാന്‍
മതമെന്തിനു മാറണം പെണ്ണേ!
പ്രണയത്തിന്‍ തിലകക്കുറി
ഹൃദയത്തില്‍ ചാര്‍ത്തേണം


അമ്മയെ അറിയാന്‍ അമ്മയാകേണം
അച്ഛനെന്തന്നറിയാന്‍ കാലങ്ങള്‍ താണ്ടണം
കൊഴിയുന്നയിലയുടെ ആകുലത കാണുക
ഒരുനാള്‍ നീയും കൊഴിയുമെന്നോര്‍ക്കുക!

മതമൊന്നു മാറിയാല്‍ പ്രണയം കൊഴുക്കുമോ
കംബളം മാറിയാല്‍ ദൈവത്തെ കാണുമോ
പ്രണയത്തിനെന്തിന് വ്യവസ്ഥകള്‍ പെണ്ണേ
വ്യവസ്ഥകളുണ്ടായാല്‍ അസ്തിത്വമുണ്ടോ?

മനസ്സൊന്നു മാറാതെ മതമെത്രമാറിയാലും
ഫലമില്ല തെല്ലും ശ്വാനന്‍റെ വാല് പോല്‍

സൂര്യനെ തേടും പുല്‍നാമ്പുകളും
പുല്ലിനെ പുല്കും സൂര്യതേജസ്സും
യാത്രയാകും സായാന്തനങ്ങളും
വീണ്ടും പുലരും പ്രതീക്ഷകളും-

പ്രകൃതിക്കുമുണ്ടേപ്രണയ താളങ്ങള്‍
വ്യവസ്ഥകളില്ലാത്ത പ്രണയ മന്ത്രങ്ങള്‍

ശാപംഫലിച്ചാല്‍  പാറയും പിളര്‍ക്കും
മാതാവിന്‍ കണ്ണുനീര്‍ ശാപമാക്കീടല്ലേ
ഭ്രാന്തെന്ന രോഗം ചികിത്സിച്ചുമാറ്റാം
മതഭ്രാന്തിനാട്ടെ ചികിത്സയില്ല കൂട്ടേ !


മരുപ്പച്ച




1 അഭിപ്രായം: