ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും തത്വശാസ്ത്രവും ഉണ്ടായതോ അല്ലെങ്കില്‍ നിലനില്ക്കുന്നതോ മാനവികതയെന്ന അടിസ്ഥാന മൂല്യത്തിലോ അല്ലങ്കില്‍ മൂല്യങ്ങള്‍ക്കോ വേണ്ടിയായിരിക്കും. അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളില്‍ നിന്നുയരുന്ന രോദനങ്ങള്‍ ഒരു പൊട്ടിത്തെറിയാകാന്‍ ഒരു തീപ്പൊരി മതിയാകും. ഒരു മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യപ്പെട്ടാലും ഒരു പരിധിവരെ അവന്‍ പിന്‍വലിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും, ആഹാരവും പാര്‍പ്പിടവും കിട്ടിയാല്‍ മതിയെന്ന് വിചാരിക്കുന്ന സമൂഹങ്ങളും അത്തരം സമൂഹത്തെപോലും ചൂഷണം ചെയ്യുന്ന അധിനിവേശങ്ങളും ചരിത്രത്തിലോ, വര്‍ത്തമാനകാലഘട്ടങ്ങളിലോ വായിച്ചെടുക്കാന്‍ സാധിക്കും. എന്നും മനുഷ്യമനസാക്ഷിയെ തൊട്ടറിഞ്ഞതും, അവനുവേണ്ടി ശബ്ദമുയര്‍ത്തിയവരേയും ഇടതുപക്ഷചിന്താഗതിയുള്ളവര്‍ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. 1928-ജൂണ്‍-2-ന് ജനിച്ച്-1967 -ഒക്ടോബര്‍-9,വരെ ജീവിച്ച് അമേരിക്കന്‍ അധിനിവേശത്തിനും കൊളോണിയന്‍ സമ്പത്ത് വ്യവസ്ഥകള്‍ക്കുമെതിരെ പോരാടി ഗ്രാമങ്ങള്‍ തോറും ചുറ്റി സഞ്ചരിച്ച് പാവപ്പെട്ടവന്‍റെ രോദനം മനസ്സിലാക്കി അവന്‍റെ കണ്ണുനീരൊപ്പി കുഷ്ഠരോഗികളെ ചികിത്സിച്ച്, മൂന്നാം ലോകരാജ്യങ്ങളുടെ നേതാവായി ഒരു നൂറ്റാണ്ടിന്‍റെ പ്രതിപുരുഷനായി ജനങ്ങളുടെ ഹൃദയത്തെ കീഴ്പ്പെടുത്തിയ ഏണസ്റ്റോ ചെഗുവേരയെ---- വായിക്കപ്പെടുമ്പോള്‍ അതിന്‍റെ പ്രസക്തി വര്‍ത്തമാനകാലത്തില്‍ ദിനം പ്രതി കൂടുകയാണ്. കുട്ടിക്കാലങ്ങളില്‍
ചെറിയ മുറിവുകള്‍ ഉണ്ടായാല്‍ അതില്‍ കമ്മുണിസ്റ്റ് പച്ചിലയെടുത്ത് അതിന്‍റെ നീര് പ്രയോഗിക്കാറുണ്ട്, എന്ത്കൊണ്ട് ആ പച്ചിലയ്ക്ക് കമ്മ്യുണിസ്റ്റ് പച്ചയെന്ന്‍ പേര് വന്നു ? ഒരു മുറിവുണക്കാന്‍ അത് സഹായിക്കുന്നു അതാണ് അതിനുത്തരം. മനുഷ്യരുടെ മുറിവുണക്കാന്‍ കഴിയുന്നവനാകണം ഓരോ കമ്മ്യുണിസ്റ്റ്കാരനുമെന്നാണ്. അപരനുവേണ്ടി സ്വയം ഇല്ലാതാകുന്ന ഒരവസ്ഥ അപ്പോള്‍ മാത്രമേ ഓരോ മനുഷ്യസ്നേഹിയും രൂപപ്പെടുകയുള്ളൂ---.
യാത്രകളാണ് ജീവിതങ്ങളെ തൊട്ടറിയാനും ഞാനെന്ന അഹം കുറയ്ക്കാനും സഹായിക്കുന്നത് 1952-ല്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഏണസ്റ്റോ ചെഗുവേരയും ബയോകെമിസ്റ്റ് ആയ ആല്‍ബെര്‍ട്ട് ഗ്രനാദോയും ലാറ്റിന്‍ അമേരിക്കയുടെ ഹൃദയത്തുടിപ്പുകള്‍ മനസ്സിലാക്കാന്‍ നടത്തിയ യാത്ര ചരിത്രത്തിന്‍റെ ഭാഗമാവുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ച് കാണില്ല. ഈ പുസ്തകത്തിന്‍റെ ആമുഖത്തില്‍ ചെഗുവേരയുടെ മകള്‍ അലിഡാ ഗുവേര പറയും പോലെ ഈ ഡയറികുറിപ്പുകള്‍ വായിക്കുമ്പോള്‍ ഞാന്‍ ചെഗുവേരയുമായി അനുരാഗത്തിലേര്‍പ്പെടുന്നു, കൂടാതെ ആ മോട്ടോര്‍സൈക്കിളില്‍ അയാളോടൊപ്പം ഞാന്‍ യാത്ര ചെയ്യാറുണ്ട്, ചരിത്രമുറങ്ങുന്ന അര്‍ജന്‍റീന, ചിലി. പെറു.കൊളംബിയ വെനിസ്വോല, അമേരിക്കന്‍ ഐക്യനാടുകള്‍--ചുറ്റിയുള്ള യാത്ര -ഒരു ലോകം ചുറ്റല്‍ അല്ല മറിച്ച് കുഷ്ഠരോഗികളെ ചികിത്സിച്ചു ഓരോ ദേശത്തേയും മനുഷ്യഹൃദയങ്ങളേയും സംസ്കാരങ്ങളേയും തന്നിലേയ്ക്ക് ആവാഹിച്ച് ചൂഷണവും, വിദേശ സംസ്കാരങ്ങളുടെ കടന്നുകയറ്റവും ലോകജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ ഒന്‍പത് മാസം നീണ്ടുനിന്ന യാത്രയുടെ ഈ ഡയറികുറിപ്പുകള്‍ സഹായിക്കുന്നു. ആന്റീസ് പര്‍വ്വത നിരകളിലൂടെയുള്ള യാത്രയും ലഗുന ലാക്കാര്‍ തടാകവും അര്‍ജന്‍റീനയില്‍ നിന്നുള്ള യാത്രയയപ്പും, ജുനിന്‍ ഡി ലോസ് ആന്റിസ് എന്ന തടാകവും വനത്തില്‍ കൂടിയുള്ള യാത്രയും പരിവേക്ഷണവും ദുര്‍ഘടമായ വഴിയിലൂടെയുള്ള യാത്രയും പലപ്പോഴും യാത്രക്കിടയില്‍ തടസ്സം സൃഷ്ടിക്കുന്ന ബൈക്കിന്‍റെ രോഗവും വായനയ്ക്ക് നല്ല ഒരു തുടക്കവും സാഹസികതയും നല്കുന്നു. ചിലിയിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും കഠിനാധ്വാനവും അവരുടെ രീതികളും ചിലിയുടെ ഒരു ചിത്രം നമുക്ക് നല്കുന്നു. മുന്നോട്ടുള്ള യാത്രക്ക് തടസ്സമായ മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിക്കുന്നതും ആല്‍ബര്‍ട്ടോ യുടെ വികാരവും , ചേര്‍ന്ന് യാത്ര പുതിയ വഴികളിലേയ്ക്ക് നീങ്ങുന്നു.
ഉത്തര ചിലിയിലേയ്ക്കുള്ള യാത്ര തരപ്പെടുത്തിയത് ഒരു ബോട്ടില്‍ ആയിരുന്നു,മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്യുന്ന അവര്‍ പിടിക്കപ്പെടുന്നതും പരിഹാരമായി കപ്പലില്‍ ജോലി ചെയ്യുന്നതും യാത്രയോടുള്ള അവരുടെ തീവ്രമായ തീക്ഷ്ണത വെളിപ്പെടുത്തുന്നു. കപ്പലില്‍ നിന്ന് പുറത്ത് വന്ന ശേഷം തെരുവില്‍ ഉറങ്ങുന്നതും അവിടെ അവര്‍ ആദ്യമായി കാണുന്ന അധ്വനിക്കുന്നവരുടെ പ്രതീകമായ കമ്മ്യുണിസ്റ്റ് ദമ്പതികളേയും അവരുമായുള്ള ചര്‍ച്ചകളും , ഖനിതൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളും നന്നായി വിവരിക്കുന്നു. ചുക്വികമാറ്റ എന്ന ചിലിയിലെ പ്രധാന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഖനികള്‍ ഉള്ളത്. ലോകത്തില്‍ ഉല്പ്പാദിപ്പിക്കുന്ന ചെമ്പിന്‍റെ ഇരുപത് ശതമാനവും ചിലിയില്‍ നിന്നാണ് അതുകൊണ്ടുതന്നെ ഖനിയിലെ തൊഴിലാളികല്‍ക്കിടയിലെ ചൂഷണവും കൂടുതലാണ്.ചിലിയിലെ കൊടും ചൂടില്‍ 60 കിലോമീറ്റര്‍ നടന്ന വാല്‍ഡിയയും സീസറുമൊക്കെ ഈ ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ചിലിയുടെ അന്നത്തെ രാഷ്ട്രീയ പാശ്ചാത്തലവും ഭൂമിശാസ്ത്രവും കുറെയേറെ വായിച്ചെടുക്കാന്‍ കഴിയും.പെറുവിലേയ്ക്കുള്ള ട്രക്ക് യാത്രയും എസ്താക്ക് എന്ന പ്രദേശവും മലനിരകളും അവിടുത്തെ സംസ്കാരവും മുന്നോട്ടുള്ള വായനയില്‍ കാണാം. പെറുവില്‍ വസിക്കുന്ന ഇന്ത്യന്‍ വംശജരായവരെക്കുരിച്ചുള്ള നല്ല ഒരു പഠനം ഇതില്‍ ഉണ്ട്.പെറുവില്‍ വച്ച് കണ്ടുമുട്ടുന്ന ഒരു അദ്ധ്യാപകനിലൂടെ അവിടുത്തെ രാഷ്ട്രീയമായ അന്തരീക്ഷം വെളിവാക്കപ്പെടുന്നു. ഇന്ത്യന്‍ വംശജരുടെ അധപതനവും, ലാറ്റിന്‍ അമേരിക്കയുടെ വിദ്യഭ്യാസമേഖലയിലെ കുറവുകളുമെല്ലാം ചര്‍ച്ചയില്‍ വരുന്നു.പശ്ചത്യവിദ്യാഭ്യാസം ഒരു വ്യക്തിയെ തകര്‍ക്കുമെന്നും, ഒരു ജോലി നേടുക എന്നതില്‍ കവിഞ്ഞ് വേറെ ഒരു ചിന്തയും ഉണ്ടാകില്ലെന്ന് വിശദീകരിക്കുന്നു. ഈ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ എങ്ങനെയാണെന്നു കൂടി അനുവാചകര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. കുസ്കോ നഗരവും ഇന്‍ക സംസ്കാരവും , ആദിമചരിത്രവും അതെകുറിച്ചുള്ള ബിംഗ്ഹാമിന്റെ പഠനവും മുന്നോട്ടൂള്ള വായനയില്‍ കാണാം.
വിശപ്പും ദാഹവും കിടക്കാനുള്ള ഒരു സ്ഥലത്തിന് വേണ്ടിയുള്ള കഷ്ടതയും ഓരോ യാത്രയിലും നേരിടുന്ന യാതനകളും വായിക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. അത്തരം കഷ്ടപ്പാടുകളെ അവഗണിച്ച് ഓരോ നാട്ടിലെ ജനങ്ങളുമായി സംവദിക്കയും അവരുടെ ജീവിതത്തെ പഠിക്കയും ചെയ്യുന്നതിന് ഉദാഹരണമായി കുസ്കൊയുടെയും ലിമയെന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരണങ്ങളെ കാണാം.സാന്‍പാബ്ലോയെന്ന കുഷ്ടരോഗാശുപത്രിയിലെ സേവനവും, കോളനി സന്ദര്‍ശനവും മാനവികത ഉയര്‍ത്തിപ്പിടിച്ച ഒരു ലോകനേതാവിന്‍റെ എടുത്തുപറയേണ്ട ഗുണങ്ങളിലൊന്നാണ്, മെക്സിക്കോ മുതല്‍ മെഗല്ലന്‍ ഉള്‍ക്കടല്‍ വരെ നീളുന്ന പ്രദേശത്ത് ജീവിക്കുന്നവരെല്ലാം മെസ്റ്റിസൊ സങ്കരയിനത്തില്‍പ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തെ ദുര്‍ബലവും കാല്പനികവുമായ മതിലുകള്‍ കൊണ്ട് വേര്‍തിരിച്ചത് സാങ്കല്പികമായ ഒരു പ്രവര്‍ത്തിയാണെന്ന് ഈ യാത്രയിലൂടെ അടിവരയിടുന്നു.ഗ്വോട്ടിമാലയില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവര്‍മെന്റിനെ അമേരിക്കയുടെ സഹായത്തോടെ താഴെയിറക്കിയപ്പോള്‍ ചെഗുവേര തീവ്രവാദരാഷ്ട്രീയത്തിലേയ്ക്ക് തിരിയുന്നു.ക്യുബയില്‍ കാസ്ട്രോയുമായി ചേര്‍ന്ന് ഗറില്ല സമരം നയിക്കുന്നു.കോങ്ഗോയിലേയ്ക്കും ബൊളിവിയയിലേയ്ക്കും തന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.അമേരിക്കന്‍ കുതന്ത്രത്താല്‍ വധിക്കപ്പെടും വരെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി, ചൂഷണമില്ലാത്ത ഒരു രാജ്യം സ്വപ്നംകണ്ട് മനുഷ്യനുവേണ്ടി ജീവിച്ച ഒരു രക്തസാക്ഷിയാകുമ്പോള്‍, ശരിക്കും മരിക്കയല്ല ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലൂടെ ചെഗുവേര ഉയരത്തെഴുന്നേല്ക്കയാണ് ചെയ്തത്,
മരുപ്പച്ച




