2016, ജൂൺ 30, വ്യാഴാഴ്‌ച

സ്രഷ്ടി

മദ്യത്തെ സൃഷ്‌ടിച്ച മനുഷ്യനെ
മദ്യം കീഴടക്കി

പണത്തെ സൃഷ്‌ടിച്ച മനുഷ്യനെ
പണവും കീഴടക്കി

നിയമം നിര്‍മിച്ച മനുഷ്യനെ
നിയമം ഭരിക്കുന്നു

സൃഷ്ടി സ്രഷ്ടാവിനെ ഭരിക്കാന്‍
വെമ്പുന്ന ലോകം

2016, ജൂൺ 29, ബുധനാഴ്‌ച

രതി

മേഘപാളികള്‍ക്കിടയിലൂടെ
അരിച്ചിറങ്ങും സൂര്യകിരണംപോല്‍
പ്രകാശമാനമല്ലോ രതിയെന്ന ഭാവം

പ്രണയംതുളുമ്പും ഹൃദയത്തിന്‍
തരളിതഭാവമല്ലേ  രതി
അകലുന്നഹൃദയത്തെയടുപ്പിപ്പതും
അടുക്കുന്ന ഹൃദയത്തെപ്രണയത്താല്‍
ഊഷ്മളമാക്കുന്നതുംരതിയല്ലേ

തലമുറകളങ്കുരിക്കാനായി
ഹൃദയ തല്‍ല്പ്പത്തിലൊളിഞ്ഞിരിക്കും
ചെറുബീജമല്ലേയീ രതി

പ്രകാശത്തെ പ്രണയിക്കാന്‍കഴിയാതെ
തമസ്സിനെപുല്‍കുന്നോരിന്നു
രതിയെ വൈകൃതമാക്കീടുന്നു

പ്രണയമില്ലാകരങ്ങളില്‍ നിപതിക്കും
പ്രണയിനിയെ  കുരുതികൊടുക്കുന്നതും
രതിയെ വൈകൃതമാക്കുന്നോരല്ലേ

അമ്മ പെങ്ങളെ കാണാന്‍ കണ്ണില്ല
പിഞ്ചുകുഞ്ഞിന്‍റെ പുഞ്ചിരിക്ക് വിലയില്ല
 വികലമാം രതിവൈകൃതങ്ങള്‍

പാപപങ്കിലമാം രതിവൈകൃതത്താല്‍
ചാരമായൊരുസോദോം ഗോമോറപോല്‍
തകര്‍ന്നടിയുമോയെന്‍ മലയാളമണ്ണ്



2016, ജൂൺ 28, ചൊവ്വാഴ്ച

സൈക്കിള്‍

നടന്നു പോകേണ്ട ദൂരം ബൈക്കിലും
ബൈക്കില്‍ പോകേണ്ട ദൂരം കാറിലും
യാത്ര ചെയ്ത് പരിസര മലിനീകരണത്തെ
കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന
നമ്മള്‍ മറന്നുപോയി സൈക്കിള്‍ എന്ന
 യാഥാര്‍ത്ഥ്യത്തെ-----




2016, ജൂൺ 27, തിങ്കളാഴ്‌ച

പട്ടിണി

അകലെക്കാണും പട്ടിണിക്കാരനെ
നോക്കി നെടുവീര്‍പ്പിടുന്നോര്‍
അടുത്തുകാണും പട്ടിണിക്കാരന്‍റെ
രോദനമെന്തേ കേള്‍ക്കാതെ പോകുന്നു

നല്ല മനസ്സുണ്ടെങ്കിലെവിടെയും
ചെയ്യാംനന്മകള്‍  വാക്കല്ല പ്രവര്‍ത്തിയാണ്
മുഖ്യമെന്നു ഓര്‍ത്തീടുകില്‍ ---

2016, ജൂൺ 26, ഞായറാഴ്‌ച

ഭരണം



എല്ലാംശരിയാകുമെന്നൊരുകൂട്ടര്‍
എല്ലാം ശരിയാക്കാമെന്ന് മറ്റൊരുകൂട്ടര്‍

സ്വദേശിയുടെ വികാരമുരുക്കി പരദേശിക്ക്
പരവതാനി വിരിക്കുന്ന വേറൊരു കൂട്ടര്‍

എല്ലാറ്റിനും മൂകസാക്ഷിയായിയൊരു
ജനത പരിഹാരമില്ലാ പ്രശ്നങ്ങളുമായി----

2016, ജൂൺ 25, ശനിയാഴ്‌ച

മണി

ദൈവത്തെത്തേടി ദേവാലയത്തിലെത്തുന്നവര്‍
ദേവാലയത്തില്‍ മുഴങ്ങും മണി സഹിക്കുന്ന
വേദന പോലും സഹിക്കാന്‍ കഴിയാതെ
അസഹിഷ്ണുക്കളാകുന്നതെന്തേ-----

2016, ജൂൺ 24, വെള്ളിയാഴ്‌ച

കൊഴിഞ്ഞ പൂക്കള്‍

ഞെട്ടറ്റു വീഴും പൂക്കളെ പേറും കാറ്റും
നിലത്തുവീഴുമോരോ പൂക്കളെ താങ്ങും
ഭൂമിയും അറിയുന്നില്ലല്ലോ
പതിച്ചപൂവിന്‍ ഞെട്ടിന്‍റെ വേദന----


2016, ജൂൺ 16, വ്യാഴാഴ്‌ച

അപ്പനും അമ്മയും

അപ്പനും അമ്മയും
******************

ജന്മം കൊടുത്തോരെ
അനാഥത്തില്‍വിട്ടോര്‍
മാതാപിതാക്കളുടെ പടം
പ്രതിഷ്ടിച്ചു സായൂജ്യം നേടുന്നു

ആണ്ടുകുര്‍ബാന കൂടിയും
മെഴുകുതിരി കത്തിച്ചും
മഹിമകാട്ടുന്നോരിന്നു
യൂദാസിന്‍ പക്ഷംചേരുന്നു

നല്ല കാലത്ത് മമ്മിയും ഡാഡിയും
കാലമേറെ ചെല്ലുമ്പോള്‍
കിഴവനും കിഴവിയും

പേരക്കിടാങ്ങള്‍ക്ക് ചൊല്‍ക്കഥ
യേകിയോരിന്നു  വെറും
കഥയായി മാറീടുന്നു

മുന്തിയ സമ്മാനം മക്കള്‍ക്കായ്‌
നല്‍കാന്‍ കൊതിച്ചോര്‍ക്കിന്നു
പാഴ്വസ്തുവിന്‍ സ്ഥാനം മാത്രം

മുടക്കുമുതലിന് പലിശകൂട്ടുന്നോര്‍ക്കിന്നു
അപ്പനുമമ്മയും നഷ്ടക്കച്ചവടം മാത്രം.
കാലമൊന്ന് കഴിഞ്ഞെങ്കില്‍
പങ്കിടാം  അവശേഷിക്കുംചില്ലിത്തുട്ടുകള്‍

മരുപ്പച്ച


2016, ജൂൺ 14, ചൊവ്വാഴ്ച

ടച്ച് സ്ക്രീന്‍

പ്രായഭേദമന്യേ എന്തെ
എല്ലാപേരുമെന്നെ തലോടുന്നു
എന്‍റെ മേനിയേ തഴുകുവാന്‍
സമയവും കാലവുമില്ലല്ലോ
വിശ്രമമില്ലാത്ത ജീവിതം

വൈഫിനെ നോക്കാന്‍ സമയമില്ല
വൈ ഫൈ  തേടുന്നവരനേകം

 ടച്ച്‌ സ്ക്രീനിന്‍റെ പരാതിയാണേ----





2016, ജൂൺ 13, തിങ്കളാഴ്‌ച

അവാര്‍ഡ്

കണ്ടം നികത്തി
ഫ്ലാറ്റ് കെട്ടി
ഫ്ലാറ്റിന്‍ മേലെ
ഗ്രോബാഗ്‌ വച്ചു
കര്‍ഷകനെന്ന
അവാര്‍ഡുംകിട്ടി---

2016, ജൂൺ 11, ശനിയാഴ്‌ച

മിഴി

                    മിഴി
                   ******
സാഗര സമതല പര്‍വ്വതനിരകളെ തല്പത്തിലേറ്റും
മഹാത്ഭുതമല്ലയോ മിഴികള്‍

പ്രണയകാവ്യങ്ങള്‍ നാന്ദി കുറിപ്പതും
പ്രണയം കൈമാറുന്നതും മിഴിയാലല്ലോ

എരിയുമോരോ ഹൃദയത്തിന്‍ വേദനയും
പുറമേ വായിക്കുന്നതും മിഴിയാലല്ലേ
സിരകളിലൊഴുകും ചുടുചോരപോല്‍
ചുടുകണ്ണീരൊഴുകുന്നതും മിഴിയാലല്ലേ

സന്തോഷത്തിനശ്രുബാഷ്പം പൊഴിപ്പതും
ചിന്തയുടെയഗ്നി സ്ഫുലിക്കുന്നതും
കാരുണ്യത്തിന്‍ ഭാവവും
കരുതലിന്‍ കാലൊച്ചയും
വിളയാടുന്നതുമീ മിഴികളിലല്ലേ

മൃതമായ മേനിയില്‍ തുടിക്കുമോരോ മിഴിയും
കാഴ്ചയില്ലാ മേനിയിലേകീടില്‍
ജ്വലിക്കുമോരോമിഴികളും തലമുറകളില്‍

മൂല്യമേറും മിഴികളെ ദാനമായി നല്‍കീടൂ
പലജന്മങ്ങളീ ഭൂവില്‍ പ്രകാശം പരത്തട്ടെ

2016, ജൂൺ 9, വ്യാഴാഴ്‌ച

പിറന്ന വീട്


        പിറന്ന വീട്
       **************

പിറന്നൊരു വീട് കാണാനായി
പറന്നു വന്നോരുനാളൊരു പക്ഷി
ദിശയറിയാതെയലഞ്ഞീടുന്നു

ശുഷ്കിച്ചതറവാട്ടില്‍
പൊട്ടിപ്പൊളിഞ്ഞ അസ്ഥിത്തറപോല്‍
വെട്ടിനിരത്തിയൊരു കാനനം

ഇലയില്ലാശിഖരവും
ചുക്കിച്ചുളിഞ്ഞതൊലിയും
നിലംപൊത്താന്‍ കൊതിക്കും
ശിഖരവും തായ്ത്തടിയും
ഇല്ലാത്തജലത്തെ തേടും വേരുകളും

പണിതിട്ടും പണിതിട്ടും
തീരാത്ത വീടുപോല്‍
അങ്ങിങ്ങായി കാണാം
പൊളിഞ്ഞോരോ കുലായങ്ങള്‍

സമീഥം പുല്‍കിയ കാനനംപോല്‍
സന്ത്രാസത്താലിന്നു നാല്‍ക്കാലികള്‍

സമീകം പതിച്ചൊരു സാരംഗം പോല്‍
നീരുറവ തേടുന്ന കാടിന്‍റെ  മക്കള്‍

ഭൂമിക്ക് കഞ്ചുകമാകേണ്ടവരിന്നു
ധരണിക്ക് അന്തകരായിത്തീരുന്നു

ഹൃദയമില്ലാത്തൊരുമനുഷ്യന്‍
തമസ്സിനെ പുല്‍കീടുന്നു
പ്രകാശമെന്തെന്നറിയാതെ.


*സമീഥം- അഗ്നി,   *സന്ത്രാസം--ഭയം,   *സമീകം-ശൂലം        * സാരംഗം-മാന്‍




2016, ജൂൺ 6, തിങ്കളാഴ്‌ച

പരിസ്ഥിതി

ശിഥിലമാകും പരിസ്ഥിതിയെചൊല്ലി
 മുതലക്കണ്ണീരൊഴുക്കുവാന്‍ഞാനില്ല

ഇന്നിന്‍റെ സമയവും ചിന്തയും കര്‍മ്മവും
പുതിയോരു സൃഷ്ടിക്കായി ഒരുക്കീടട്ടെ

നഷ്ടമായൊരു പിച്ചിയും തുളസിയും
ഇന്നെന്‍റെ മുറ്റത്തൊരുക്കീടും ഞാന്‍

വറ്റിവരണ്ടോരു  ആമ്പല്‍ കുളത്തിനു
പുതുജീവന്‍ നല്‍കാന്‍ശ്രമിച്ചീടും ഞാന്‍

ദാഹിച്ചു നില്‍ക്കുമോരോ പുല്‍ക്കൊടിക്കും
ദാഹമകറ്റാന്‍ വെള്ളം കൊടുത്തീടും ഞാന്‍

നശിച്ചുപോയോരോ കണ്ടല്‍കാടുകള്‍ക്കായി
പുതിയോരു പൊക്കുടനായി വര്‍ത്തിച്ചീടും

ഉരുകുന്ന ഹിമാലയ സാനുക്കള്‍ക്കായി
കുടപിടിക്കാന്‍ കഴിയില്ലെനിക്ക്

പകരം നടും ഞാനെന്‍ പറമ്പിലൊരു മരം
ദിനവുംപോറ്റിടുമെന്‍ കുഞ്ഞുപോല്‍

കളയുമെന്നേക്കുമായി പ്ലാസ്റ്റിക്കെന്ന വിഷത്തെ
വളര്‍ത്തും സൗരഭ്യം നിറയും പൂക്കള ഞാന്‍

 കരുതുമൊരു പിടി  മണ്ണ് നല്ലനാളെക്കായി
വിഷമില്ലാത്തൊരുനേരത്തെ അന്നത്തിനായി



2016, ജൂൺ 5, ഞായറാഴ്‌ച

വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍- LES MISERABLES

കരുണയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും  സന്ദേശം ലോകത്തില്‍ വിളിച്ചറിയിക്കുന്ന ഉജ്ജ്വലമായ  ഒരു   കലാസൃഷ്ടി പേര് പോലെ
പാവപ്പെട്ടവന്‍റെ കഥ പറയുന്ന യുഗോ. ലോകത്തിലെ  സാമ്പത്തിക അസമത്വം
എത്രത്തോളം നിലനില്‍ക്കുമോ അത്രത്തോളം ഇത്തരത്തിലുള്ള എഴുത്തുകള്‍ക്ക് പ്രസക്തിയും ഉണ്ടായിരിക്കും. മെറിന്‍ എന്ന ബിഷപ്പിലൂടെ
ആരംഭിക്കുന്ന കഥ ഒരു  ബിഷപ്പ് എങ്ങനെ ആയിരിക്കണം എന്ന് സ്വന്ത ജീവിതത്തിലൂടെ കാണിച്ചു തരുന്നു. രോഗികള്‍ക്കായി സ്വന്ത ഭവനം വിട്ടുകൊടുക്കുന്ന മെറിന്‍ ലളിതമായ ജീവിതം  എന്തെന്ന് കാണിച്ചു തരുന്നു.
തുടക്കത്തില്‍ ചില അതിഭാവുകത്വം തോന്നിക്കുമെങ്കിലും മുന്നോട്ടുള്ള വായനക്ക് അത് അനിവാര്യമായിരുന്നു എന്ന് മനസ്സിലാകും. വിശപ്പിന്‍റെയും
അവഗണയുടെയും കയത്തില്‍ നിന്നു വരുന്ന ജീന്‍വാല്ജീന്‍ ആണ് ഇതിലെ മുഖ്യ കഥാപാത്രം. സഹോദരിയുടെ വിശന്നു പൊരിയുന്ന മക്കള്‍ക്ക് കൊടുക്കാന്‍ ഒരു റൊട്ടി മോഷ്ട്ടിക്കുന്ന ജിനെ അഞ്ച് വര്‍ഷത്തെ തടവിനു വിധിക്കുന്നു നിയമ കോടതി. പല വട്ടം ജയില്‍ ചാടാന്‍ ശ്രമിച്ചു എന്ന പേരില്‍
പത്തൊന്പത് വര്‍ഷമാക്കുന്നു ശിക്ഷ. ഒരു കുറ്റവാളിക്ക് ശിക്ഷയാണോ ശിക്ഷനമാണോ വേണ്ടത് എന്ന് ലോകത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല എഴുത്തുകള്‍ ഇവിടെ കാണാം.  ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു വരുന്ന ജീന്‍വാല്‍ജീന്‍ അന്തിയുറങ്ങാന്‍ ഒരിടത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന സാഹചര്യം, കിടക്കാനായി ഒരുങ്ങുമ്പോള്‍ താന്‍ കണ്ടെത്തിയ സ്ഥലം പട്ടികൂടാണെന്നു പട്ടിയുടെ ആക്രമണത്തിലൂടെ മനസിലാക്കിയ ജീന്‍, പണം കൊടുത്തിട്ടും ഭക്ഷണം കൊടുക്കാത്ത ഹോട്ടലുടമ, ജയില്‍ ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന വ്യക്തി---ഒരാളോട് സമൂഹം കാണിക്കുന്ന ക്രൂരതുടെ കാണാപ്പുറങ്ങള്‍ എല്ലാം തുറന്നു കാട്ടുന്നു.വര്‍ത്തമാന കാലത്തിലും പ്രസക്തമായ ചില ചോദ്യങ്ങള്‍, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന വ്യക്തിയോട് സമൂഹത്തിനുള്ള  പ്രതിബ്ധത, ശിക്ഷ കൊണ്ട് എന്ത് നേടി  -?.  അവസാനത്തെ ആശ്രയമായി കടന്നു ചെല്ലുന്ന ബിഷപ്പ്
മെര്‍വിന്‍റെ ആശ്രമം രണ്ട് കയ്യും നീട്ടിയുള്ള ബിഷപ്പിന്‍റെ സ്വീകരണം ജീനിന്‍റെ അവസാനത്തെ കച്ചിതുരുമ്പായിരുന്നു. കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ ഇടവും കൊടുത്ത  ബിഷപ്പിന്‍റെ ഭവനത്തില്‍ നിന്ന് രാത്രിയോട് കൂടി വെള്ളി കരണ്ടിയും പാത്രങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്ന ജീന്‍ പോലീസിന്‍റെ പിടിയിലാകുന്നതും തൊണ്ടിമുതലുമായി ബിഷപ്പിന്‍റെ ഭവനത്തില്‍  ജീനുമായി
എത്തുന്ന പോലീസിനോട് പാത്രങ്ങള്‍ മാത്രമല്ല ഈ വിളക്കുകാലുകളും ഞാന്‍
ജീനിന് കൊടുതതാനെണെന്നും എന്തേ അതുകൂടി എടുത്തില്ല എന്ന ബിഷപ്പിന്‍റെ മറുപടി പത്തൊന്പത് വര്‍ഷത്തെ ജയില്‍ ശിക്ഷയിലൂടെ മാറാത്ത ജീനിന്‍റെ ജീവിതം ഒരു പശ്ചാത്താപത്തിലേക്ക് നയിക്കപ്പെടുന്നു----അങ്ങനെ ഈ കഥയിലെ പ്രധാന ബിന്ദു ഇവിടെ തുടങ്ങുന്നു---  അതോടൊപ്പം   നിയമം നടപ്പാക്കപ്പെടെണ്ടതാണ് അതില്‍ മനുഷ്യത്വത്തിന്  വിലയില്ല എന്ന് ചിന്തിക്കുന്ന പോലീസ് ഓഫീസര്‍ ളവേര്‍---ഒരു വേട്ടപ്പട്ടിയെ പോലെ കഥയുടെ അവസാനം വരെ  ജീന്‍ വാല്‍ജീനെ പിന്‍തുടരുന്നു.

                                                                                    തകര്‍ന്നടിഞ്ഞ ഒരു ദേശത്ത് പെട്ടെന്ന്
കഠിനാധ്വാനിയും ദീര്‍ഘവീക്ഷണവും ഉള്ള  മദലിയന്‍ എന്ന് പേരായഒരു മനുഷ്യന്‍ കടന്നുവരുന്നു ആ ദേശത്തെ വ്യവസായത്തെ ഉത്തേജിപ്പിച്ചും ആള്‍ക്കാരുടെ പ്രശനങ്ങള്‍ക്ക് പാരിഹാരം കണ്ടും കണ്ണിലുണ്ണിയാകുന്നു. എല്ലാപേരെയും അത്ഭുതപ്പെടുത്തി ആ ദേശത്തിന്‍റെ മേയാറായി മാറുന്ന ആ മനുഷ്യന്‍ നമ്മുടെ കഥാനായകനായ ജീന്‍വാല്‍ജീന്‍ ആയിരുന്നു.

                                                                                      ജീവിതമാകുന്ന തോണിയുടെ ഒഴുക്ക്
പലര്‍ക്കും പല രീതിയിലാണ്, . ഒരു ജോലിതേടി പോകുന്ന ഫല്‍ദീന്‍ എന്ന യുവതി  കൊസേത് എന്ന പേരായ കുഞ്ഞിനെ തെനാദീര്‍ ദമ്പതികളെ ഏല്‍പ്പിക്കുന്നു  .ഒരു കുഞ്ഞിനെ വളര്‍ത്താന്‍ പാടുപെടുന്ന ഒരമ്മയുടെ വേദനയും അനുഭവവും നന്നായി വര്‍ണിക്കുന്നു ഇവിടെ. കിട്ടിയ അവസരം പാഴാക്കാത്ത തെനാദീര്‍ ദമ്പതികള്‍ ഫല്‍ദീനില്‍ നിന്ന് വല്ലാതെ പണം ഈടാക്കുന്നു.   ഒരു പ്രത്യക സാഹചര്യത്തില്‍
തെരുവിലെറിയപ്പെടുന്ന ഫല്‍ദീന്‍----ഉയര്‍ത്തുന്ന ചിന്തകള്‍ വാര്‍ത്ത‍മാനത്തിലെ ചിന്തകള്‍ക്ക് പ്രസക്തി കൂട്ടുന്നു. അന്നത്തിനായി തെരുവില്‍ ജീവിക്കുന്നവരെ ഗണികയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കയും പഞ്ചനക്ഷത്ര ഹോട്ടലില്‍  വ്യഭിചരിക്കുന്നവരെ  സലുട്ട് ചെയ്യുന്ന
പോലീസിന് പര്യായമായി ആയി ളവേര്‍ നില കൊള്ളുന്നു. നിയമത്തിന്‍റെ വലയില്‍പ്പെടുത്തി ജയിലിലടക്കപ്പെടുന്ന ഫല്‍ദീനെ മനുഷ്യത്വത്തിന്‍റെ പ്രതീകമായ മേയര്‍ രക്ഷപ്പെടുത്തുന്നു. ജയിലില്‍ നിന്നു പുറത്തു വരുന്ന ഫല്‍ദീന്‍ മരണത്തിനു കീഴടങ്ങുന്നു.

                                                                         പേര് മാറ്റി മദലിയനായി കഴിഞ്ഞിരുന്ന
ജീനിനെ  തേടി പെട്ടെന്നായിരുന്നു ആ വാര്‍ത്ത വന്നത്, ആപ്പിള്‍ മോഷ്ടിച്ചതിന്‍റെ
പേരില്‍ ജീന്‍വാല്‍ജീന്‍ അറസ്റ്റിലായി. ഷാഗ്മാത്തിയോവ് എന്ന നിരപരാധിയായ ഒരു മനുഷ്യനായിരുന്നു അത്. ജീനിന്‍റെ നീതി ബോധം -ധര്‍മ്മം
ഉണര്‍ന്നു . നിരപരാധിയായ മനുഷ്യനെ രക്ഷിക്കാന്‍ ജീന്‍ നീതിപീഠത്തിനു മുന്നില്‍ കീഴടങ്ങി. ഇതെല്ലാം ഒരു ആഘോഷമാക്കാന്‍ ളവേര്‍ എന്ന വേട്ടപ്പട്ടി ജീനിന്‍റെ പിന്നിലുണ്ടായി. ജയിലിലടക്കപ്പെട്ട ജീന്‍ കിട്ടിയ അവസരത്തില്‍ അവിടെ നിന്നു രക്ഷപ്പെടുന്നു.   അനാഥയായ കൊസേത്തിനെ  തെനാദിയാരുടെ കയ്യില്‍നിന്നുരക്ഷപ്പെടുത്തി ഒരു മഠത്തില്‍ അഭയം തേടുന്നതും തുടര്‍ന്ന് അവളെ വളര്‍ത്തി ഒരു യുവതി ആക്കുന്നതു വരെയുള്ള സംഭവങ്ങള്‍ അനിര്‍വചനീയമാണ്.യുവതിയായ കൊസെത്തിന് മരിയൂസ് എന്ന യുവാവുമായുള്ള പ്രണയം മഹത്തരമായ ഒരു കാവ്യമായി നിലനില്‍ക്കുന്നു.
മരിയൂസ് കൊസേത്തിന് ആദ്യമായി കൊടുക്കുന്ന പ്രണയ ലേഖനം ബൈബിളിലെ ഉത്തമഗീതമാണോ എന്ന് തോന്നി പോകും--ഒരു നിഷ്ക്കളങ്കമായ
പ്രണയം--തന്നിലേക്ക് മാത്രം ഭൂമി ചുരുങ്ങും പോലെ.
                                                             
                                                            ഒരിക്കല്‍ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ കഴിയുന്ന തെനാദിര്‍ കുടുംബത്തിന്‍റെ തകര്‍ച്ചയും നന്മ തിന്മയുടെ ഏറ്റക്കുരച്ചിലുകളും പട്ടിണി കോലങ്ങളെയും ദാരദ്ര്യത്തെയും വിവരിക്കുന്ന
യൂഗോ എക്കാലത്തേയും മാധ്യമം ആയി നിലകൊള്ളുന്നു. വാട്ടര്‍ലൂ യുദ്ധത്തെക്കുറിച്ചും ആല്‍പ്സ് പര്‍വ്വത നിരകളെക്കുറിച്ചും നല്ല ഒരു വിവരണം ഈ കഥയിലുടനീളം നല്‍കുന്നു. തെരുവിലെ  മനുഷ്യ ജീവിതവും തെരുവിന്‍റെ നന്മ-തിന്മകളും അവിസ്വസനീയമാം വണ്ണം വരച്ചുകാട്ടുന്നു. തെരുവ് യുദ്ധത്തില്‍ പങ്കെടുത്ത് മുറിവേല്‍ക്കുന്ന മരിയൂസിനെ രക്ഷപ്പെടുത്തി
കൊസേത്തിന്‍റെ അടുത്തെത്തിക്കുന്ന ജീന്‍ എക്കാലത്തേയും നന്മയുടെ   പ്രതീകമാകുന്നു.  എന്നും ഒരു നിഴല്‍ പോലെ ജീനിനെ പിന്‍തുടര്‍ന്ന ളവേര്‍ എന്ന പോലീസ് ഒരവസരത്തില്‍ മരണത്തിന്‍റെ നിഴലില്‍ അകപ്പെടുന്നതും ജീനിന്‍റെ അകമഴിഞ്ഞ കരുണ ലവേറിനെ തലോടുന്നതും ചിന്തയുടെ പുതിയ മേച്ചില്‍പ്പുറം തേടാന്‍ ളവേറിനെ സഹായിക്കുന്നു.മരണം പുല്‍കും വരെ സത്യവും കരുണയും ത്യാഗവും കരുതലും മാത്രമായി ജീവിച്ചഒരു മനുഷ്യന്‍---.
അതാണ് ജീന്‍, ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാതെ ഈ സാഹിത്യസൃഷ്ടി വായിച്ചു തീര്‍ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല.

                                                              




2016, ജൂൺ 4, ശനിയാഴ്‌ച

നിയമം

നിയമം ദരിദ്രനെ നോക്കി
കൊഞ്ഞനം കുത്തും

സമ്പന്നന്‍റെ മുന്നില്‍
നാണിച്ചുനില്‍ക്കും

നിഷേധിയുടെ മുന്നില്‍
അടിയറവ് പറയും



2016, ജൂൺ 2, വ്യാഴാഴ്‌ച

ഭ്രാന്ത്

ഭ്രമണപഥം തെറ്റിയലയുന്നൊരു മനുഷ്യന്‍
ഭ്രാന്തമാം ചിന്തയിലൊതിങ്ങീടുന്നു
ഭ്രാന്തനാം മനുജന് ജന്മമേകിയൊരമ്മതന്‍
കണ്ണുനീര്‍ ധരണിയെ വെണ്ണീറാക്കിടുന്നു

സോദരര്‍പോലും തള്ളിക്കളഞ്ഞിടുന്നു
തമോഗര്‍ത്തത്തില്‍ പതിച്ചോരു ജീവിതം
സ്രഷ്ടാവിന്‍ കരുണയില്ലാ കരങ്ങളാല്‍
മെനഞ്ഞൊരു ഭ്രാന്തനാം മാനവന്‍
ഒരു നുള്ള് സ്നേഹത്തിനായി  കേണിടുന്നു

 എച്ചില്‍തിരഞ്ഞുംകല്ലേറ്കൊണ്ടും
 രക്തംപൊടിഞ്ഞുംചാവാലിക്കൊപ്പം
കടത്തിണ്ണയില്‍ തേടുന്നു സ്വര്‍ഗരാജ്യം

അന്നത്തിനായി കൈനീട്ടും ഭ്രാന്തിയെ
അനാശാസ്യത്തിനായി ക്ഷണിച്ചീടുന്നു
പൊരിയുന്ന വയറിന്‍ വിശപ്പകറ്റാന്‍
അറവുമാടുപോല്‍ ഗമിച്ചീടുന്നു

സ്വാര്‍ത്ഥനാം മനുജന്‍ മെനഞ്ഞെടുത്തൊരു
തത്വശാസ്ത്രം തച്ചുടക്കാന്‍ ശ്രമിച്ചീടും
മനീഷിയെപോലും ഭ്രാന്തെന്ന് വിളിച്ച്
ചങ്ങലക്കിട്ടീടുന്നു

ഇല്ല ഭ്രാന്തെന്ന്‍ചൊല്ലി പലവട്ടം
കേള്‍ക്കാനാരുമില്ലയുലകില്‍
കയ്യാമംവക്കാനോരുങ്ങിടുന്നു
ഭ്രാന്തമാംതത്വശാസ്ത്രങ്ങള്‍