2016, മേയ് 7, ശനിയാഴ്‌ച

നേര്‍കാഴ്ചകള്‍

അടുത്ത സമയത്തായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അപലപിക്കപ്പെടേണ്ടതും നടക്കാന്‍ പാടില്ലാത്തതുമായ ചില സംഭവങ്ങളെക്കുറിച്ച് പറയാതെ വയ്യ. എന്തെങ്കിലും വിഷയം കിട്ടുമ്പോള്‍  ആഘോഷമാക്കാന്‍ ശ്രമിക്കുന്ന വാര്‍ത്താചാനലുകളും സാഹിത്യകാരും
പരസ്പരം ചെളിവാരിയെറിയാന്‍ നോക്കുന്ന രാഷ്ട്രീയക്കാരും രാഷ്ട്രീയത്തില്‍ ഇടപെടുന്ന മതനേതാക്കളും നിസംഗഭാവത്താല്‍ ഇതൊന്നും എന്‍റെ ഉത്തരവാദിത്തത്തിലുള്ള കാര്യമല്ല എന്ന് വിചാരിക്കുന്ന പൊതുസമൂഹവും
എല്ലാത്തിനും ഉത്തരവാദികളല്ലേ. പട്ടിണിയും ദാരിദ്ര്യവും മൂലം പലരും നട്ടം തിരിയുമ്പോള്‍ ആകാശംമുട്ടെ ആരാധനാലയങ്ങള്‍ പണിയുന്ന കപട ഭക്തരും
ചമ്മന്തിഅരക്കാന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന പാവങ്ങള്‍ക്ക് ഒരു തേങ്ങ
കൊടുക്കാത്ത മനുഷ്യന്‍ പലതിനും തേങ്ങയുടച്ച്‌ ദൈവ പ്രീതി നേടാന്‍ ശ്രമിക്കുന്നു, വൈദുതിയില്ലാത്ത ഭവനങ്ങള്‍ക് ഒരു മെഴുകുതിരി പ്രകാശം കൊടുക്കാത്തവര്‍ കൊച്ചുപള്ളിയില്‍ മെഴുകുതിരി കത്തിച്ചാല്‍ ദൈവ പ്രീതി
ഉണ്ടാകുമോ. സ്ത്രീസ്വതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍
സ്ത്രീകളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍ എത്ര കണ്ട് ഇടപെടുന്നു ?. ശീതീകരിച്ച മുറികളില്‍ ഇരുന്നു പ്രമേയം പാസ്സാക്കിയതുകൊണ്ടോ ചാനലില്‍ ഇരുന്നു ചര്‍ച്ച നടത്തിയ കൊണ്ടോ പ്രശ്നപരിഹാരം ഉണ്ടാകുമോ? . നല്ല മണ്ണും നല്ല വെള്ളവും കിടക്കാന്‍ ഒരു ഭവനവും ഓരോ പൌരന്‍റെയും അടിസ്ഥാന അവകാശമല്ലേ ? എന്തെങ്കിലും ഒരു സംഭവം ഉണ്ടായാല്‍  ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മുതലെടുപ്പ് നടത്താനുള്ള രാഷ്ട്രീയക്കാരുടെ നീക്കം
ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാപേര്‍ക്കും ഭരണഘടന
അനുശാസിക്കുന്ന തുല്യനീതി നടപ്പാക്കേണ്ടത് ഭരണയന്ത്രം ചലിപ്പിക്കുന്നവരുടെ ഉത്തരവാദിത്തമല്ലെ. എല്ലാറ്റിനുമുപരി നാം ജീവിക്കുന്ന പ്രദേശത്തെ സാമുഹിക പ്രശ്നങ്ങളെ കാണേണ്ടത് ഓരോരുത്തരുടേയും
ചുമതലയല്ലേ?



പത്ത് കിലോമീറ്റര്‍ നമ്മള്‍ റോഡിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം
വണ്ടിയോടിച്ചുപോയാല്‍  എത്രയോ മാനസികരോഗികളെയും, ഭിക്ഷക്കാരെയും കാണാം . ഒരു കിലോ അരി കൊണ്ട് അഞ്ച്പേരുടെ വിശപ്പടക്കാം എന്ന തിരിച്ചറിവ് എല്ലാപേര്‍ക്കും ഉണ്ടായാല്‍  കുറെ  പേരുടെ പട്ടിണി മാറ്റാന്‍ കഴിയില്ലേ, പ്രസംഗത്തെക്കാളും വലിയ വിപ്ലവം ഇതല്ലേ.ദിനംപ്രതി  രോഗം മൂലവും  കടക്കെണിമൂലവും ആത്മഹത്യയിലേക്ക് വീഴുന്ന  എത്രയോ കുടുംബങ്ങള്‍,   നമ്മുടെ കരങ്ങള്‍ ഇവരിലാരുടെയെങ്കിലും അടുത്ത് എത്താറുണ്ടോ ?.  വാക്കുകളെക്കാളും പ്രവര്‍ത്തിക്ക് പ്രാധാന്യം കൊടുക്കേണ്ട സമയം കഴിഞ്ഞു.   ഒരു കൊതുകിനെ കൊല്ലാന്‍ വടിവാള്‍ വേണ്ട എന്ന് പറയും പോലെ നമുക്കു ചുറ്റുമുള്ള ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കാം.    എന്തിനും ഏതിനും മറ്റുള്ളവരെ പഴിച്ച് നമ്മുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള മനോഭാവത്തിന് ഒരു മാറ്റം വരണം.അയല്‍വക്കക്കാരന് ഒരു ലോട്ടറി അടിച്ചാല്‍ ഉറക്കം വരാത്ത മലയാളി എന്തുകൊണ്ട് അയല്‍ക്കാരന്‍റെ വിഷമത്തില്‍ പങ്കാളിയാകന്നില്ല.   ഇനിയും  നമ്മുടെ നാട്ടില്‍ ഒരമ്മയുടെ കണ്ണുനീരു വീഴാന്‍ പാടില്ല -ഒരു സോദരിയും അപമാനിതയാകാന്‍ പാടില്ല.




                                               

                                                     


                                               






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ