2017, മാർച്ച് 30, വ്യാഴാഴ്‌ച

മാധ്യമ ധര്‍മ്മം

പത്ര മാധ്യമ ധര്‍മ്മം അപരനെ പാത്രത്തിലാക്കാനായി മാത്രം ഒരുക്കുന്ന
കെണിയായി അധപതിച്ചോ ? സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടവര്‍ അതൊക്കെ
മറന്ന് എങ്ങനെയും സമ്പത്ത് വര്‍ധിപ്പിക്കാനുള്ള വിദ്യകളുമായി മാധ്യമങ്ങളേയും വാണിജ്യവല്ക്കരിച്ചോ-? 1980- 2000 കാലാകാലങ്ങളില്‍ മലയാളമണ്ണ്‍ അടക്കി വാണിരുന്ന ഒരു ദുര്‍വിധി ആയിരുന്നു   - മ - പ്രസിദ്ധീകരണങ്ങള്‍. ഇന്ന് അതിനെയെല്ലാം കവച്ചുവയ്ക്കുന്ന രീതിയില്‍ വളര്‍ന്നു ദൃശ്യമാധ്യമങ്ങള്‍. ഒരു വ്യക്തിയെ കരിവാരിതേക്കാനും വ്യക്തിഹത്യ നടത്താനും ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അവരുമായി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാക്കുന്ന മാനഹാനി എത്രയെന്ന് വിലമതിക്കാന്‍ സാധിക്കുമോ ? ഒരു കാലത്ത് വായിച്ചു മാത്രം അറിവുണ്ടായിരുന്ന ഒരു വിഭാഗം ആണ് പപ്പരാസികള്‍ . അന്യന്‍റെ സ്വകാര്യതയില്‍ കൈ കടത്തുന്ന ഒരു വിഭാഗം .ചൂട് വാര്‍ത്തകള്‍ ഉണ്ടാക്കി ചൂടപ്പം പോലെ വിറ്റഴിക്കുന്നവര്‍. ഇവര്‍ കാരണം കൊടുക്കേണ്ടി വന്ന  വിലയാണ് ഡയാനയുടെ മരണം . ഇന്ന് ഇത്തരം വാര്‍ത്തകള്‍ നമ്മുടെ മലയാളമണ്ണിനെയും ഗ്രസിച്ചിരിക്കുന്നു . ഇത്തരക്കാര്‍ ശരിക്കും  സമൂഹത്തെ  കാര്‍ന്നുതിന്നുന്ന കാന്‍സര്‍ അല്ലേ ? രാഷ്ട്രീയമായ മുതലെടുപ്പിനുപരി സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസ്സായി ഇത്തരം നീക്കങ്ങളെ കാണാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

മരുപ്പച്ച

2017, മാർച്ച് 27, തിങ്കളാഴ്‌ച

നിയമം

ബ്രിട്ടീഷുകാരന്‍റെ തിരുശേഷിപ്പാം
കൗപീനത്താലെ തീര്‍ത്ത
നാല് കയ്യുള്ള ഉടുപ്പുമായി
കെട്ടിപ്പടുത്ത ബാര്‍ കൗണ്‍സിലുകള്‍
പാവമീയമ്മയെ തുറങ്കിലടക്കാന്‍
വെമ്പുന്നുവോ---?

ആസനത്തില്‍ വേരു മുളച്ചവരിന്ന്
ന്യായാസനത്തിന് കാവാലാളിയോ
തേടുന്നിവര്‍  വെള്ളിക്കാശുകള്‍
ദുഖ വെള്ളികള്‍ ആവര്‍ത്തിക്കാനായി---

മരുപ്പച്ച

സ്മരണ

ഞങ്ങളുടെ പൂര്‍വ്വികര്‍ മേഘങ്ങളുടെ 
ചലനം മനസ്സിലാക്കി മഴയുടെ
വരവ് അറിയിച്ചിരുന്നു പോലും
അവരൊന്നു കരഞ്ഞാല്‍ 
മഴ മേഘങ്ങള്‍ കനിഞ്ഞിരുന്നുവെന്ന്--------  തവളകള്‍


ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് കരുണയും
സ്നേഹവുമെന്ന അത്ഭുതസിദ്ധി
ഉണ്ടായിരുന്നുപോലും
ഒട്ടിയ വയറിന്‍റെ വിശപ്പ്‌
അവരറിഞ്ഞിരുന്നുവെന്ന്             ------    ആധുനിക മനുഷ്യന്‍


ഞങ്ങളുടെ മുന്‍ തലമുറക്കാര്‍
ഇഷ്ടാനുസരണം വിഹായസ്സില്‍
പറന്നിരുന്നുവെന്നും ഇഷ്ടമുള്ള
സ്ഥലങ്ങളില്‍ അവര്‍ക്ക് ഇരിക്കാന്‍
വൃക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നും
എങ്ങും ഫലങ്ങള്‍ ആയിരുന്നുവെന്നും -----പക്ഷികള്‍

മരുപ്പച്ച

2017, മാർച്ച് 25, ശനിയാഴ്‌ച

സ്വാര്‍ത്ഥത

പാഠശാലവിട്ട് വീട്ടിലെത്തും
കുഞ്ഞിനോടൊരു ചോദ്യം
മക്കളെ മാര്‍ക്കെത്ര കിട്ടി ?
ഉത്തരം കിട്ടിയാലടുത്ത ചോദ്യം
കൂട്ടുകാരനെത്രകിട്ടി  ?
അസ്വസ്ഥപ്പെടുന്ന മനസുകള്‍
കുഞ്ഞിലേ കുത്തിവക്കുന്നു
സ്വാര്‍ത്ഥമാം ബാലപാഠങ്ങള്‍

അഞ്ച് കൊടുത്തു പത്ത് വാങ്ങാന്‍
വെമ്പല്‍കൂട്ടുന്ന മാതാപിതാക്കളും
സമ്പാദ്യം മാത്രം ചിന്തയില്‍  പേറും
ദുഷിച്ചൊരു തലമുറയും

അച്ഛനെവിടെയെന്ന ചോദ്യത്തിനു
ഇവിടെയില്ലായെന്നു പറഞ്ഞേക്കൂ
എന്നച്ഛന്‍റെയുപദേശം--
പൊളിയുടെ  തുടക്കം  കുറിക്കുന്നു
കുഞ്ഞുമനസ്സില്‍-

വിശേഷനാളില്‍ കൂട്ടിനു കുപ്പിയും
കൂട്ടുകാരും തൊട്ടുകൂട്ടാനും
മാന്യനെന്നാല്‍ വേണമല്ലോയിതെല്ലാം
കാണുന്ന കുഞ്ഞുങ്ങള്‍  പഠിക്കുന്നു
പലതും----


ഓര്‍ക്കുക മനുജാ വിതച്ചതേ കൊയ്യൂ
കണ്ടതെ പഠിക്കൂ കേട്ടതേ ശീലിക്കൂ


മരുപ്പച്ച








2017, മാർച്ച് 21, ചൊവ്വാഴ്ച

ചാര്‍ലി ചാപ്ലിന്‍-എന്‍റെ കുട്ടിക്കാലം

                      ചാര്‍ലി ചാപ്ലിന്‍-എന്‍റെ കുട്ടിക്കാലം
                     *****************************************

ലോകത്തെ ഒരു നിമിഷം ചിന്തയുടെയും ചിരിയുടെയും നെറുകയില്‍
നിര്‍ത്തിയ ഒരു മനുഷ്യന്‍, ലണ്ടനിലെ ചേരികളില്‍നിന്ന്  ഒരു ഫീനിക്സ് പക്ഷിയെ പോലെ കലയുടെയും മാനവികതയുടെയും അനന്തവിസ്തൃതിയിലേക്ക് ഉയര്‍ന്ന ലോകം കണ്ട മഹാനായ നടന്‍റെ  കണ്ണ് നനയിക്കുന്ന ഹൃദയം നുറുക്കുന്ന ജീവിതത്തില്‍ നിരാശയിലാണ്ടിരിക്കുന്ന മനുഷ്യര്‍ക്ക്‌ പ്രത്യാശ നല്‍കുന്ന, സ്മരണകള്‍. ഒരു നടന്‍റെ ജീവചരിത്രം എന്നതിലുപരി, ഉള്ള് ഉരുകുമ്പോഴും  അപരന്‍റെ കണ്ണ് നനയാതെ അപരനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞ മഹാന്‍. ഒരു അമ്മയും രണ്ട് മക്കളും ജീവിതത്തില്‍ അനുഭവിച്ച  വേദനകള്‍, സ്നേഹം കൊണ്ട് മക്കളെ മൂടിയ ഒരമ്മ, ഒരു പക്ഷേ ഒരു ചാര്‍ലി ചാപ്ലിനെ ഈ ലോകത്ത് കിട്ടിയത് ഹന്നാ ഹില്‍ എന്ന അമ്മയുടെ മാതൃകയാര്‍ന്ന ജീവിതമായിരിക്കാം.

                             ചാള്‍സ് ചാപ്ലിന്‍റെയും ഹന്നാ ഹില്ലിന്‍റെയും മകനായി 1889 ലാണ്
ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന്‍ എന്ന  ചാര്‍ലി     ചാപ്ലിന്‍റെ ജനനം.മാതാപിതാക്കള്‍  നാടകത്തില്‍ അഭിനയിക്കുന്നവര്‍ ആയിരുന്നു അവരുടെ ഏക വരുമാനമാര്‍ഗ്ഗവും നാടകത്തില്‍ നിന്നായിരുന്നു. മൂന്ന് മുറിയില്‍ തുടങ്ങിയ ജീവിതം രണ്ട് മുറിയിലേക്കും പിന്നെ ഒരു മുറിയിലേക്കും  അവസാനം തെരുവിലും അനാഥാലയങ്ങളിലും വലിച്ചെറിയപ്പെട്ടു. പിതാവിന്‍റെ രണ്ടാം വിവാഹവും അമിതമായ മദ്യപാനവും ചാപ്ലിനെയും സഹോദരന്‍ സിഡ്നിയേയും തെരുവിലേക്കും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മാനസിക രോഗം  ഹന്നായെ മാനസിക രോഗാശുപത്രിയിലും എത്തിച്ചു.മാനവികതയും കരുണയും  കൈമുതലായുള്ള ഒരു ജീവിത മായിരുന്നു ചാപ്ലിന്‍റെത് എന്ന് തെളിയിക്കാന്‍ ഒത്തിരി സംഭവങ്ങള്‍ ഉണ്ട്. ഒരിക്കല്‍ അറവുശാലയിലേക്ക് കൊണ്ടുപോയ ഒരാട്ടിന്‍കുട്ടി പിടിവിട്ടു അവിടെനിന്ന് ഓടി രക്ഷപ്പെടുന്നു, അതിനെ പിന്തുടര്‍ന്ന മനുഷ്യര്‍ അതിനെ കൊലക്കായി അറവുശാലയിലേക്ക് കൊണ്ടുവരുന്നു, ഇതിനെല്ലാം  മൂകസാക്ഷിയായ ചാപ്ലിന്‍ തന്‍റെ അമ്മയോട് വന്ന് പരാതി പറയുന്നു, ഈ ആട്ടിന്‍ കുട്ടിയെ അവര്‍ കൊല്ലില്ലേ- ? ഈ സംഭവം തന്‍റെ ജീവിതത്തെ വല്ലാതെ സ്വധീനിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നാടക നടിയായ അമ്മയുടെ
ശബ്ദം ഇടറാന്‍ തുടങ്ങിയ മുതല്‍ അവരുടെ അവസരങ്ങള്‍ കുറയാന്‍ തുടങ്ങുന്നു, അമ്മയോടൊപ്പം നാടകശാലയില്‍ പോയിരുന്ന ചാപ്ലിന്‍  അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്, ജന്മസിദ്ധമായ കഴിവിലൂടെ  കാണികളുടെ കരഘോഷവും  നാണയവും നേടുന്നത് അന്നായിരുന്നു.

                                             
                                                 അനാഥമന്ദിരത്തിലേക്കുള്ള അമ്മയുടെയും രണ്ട് മക്കളുടെയും യാത്രയും,അവിടെ എത്തിയശേഷം അമ്മയില്‍ നിന്ന് രണ്ട് മക്കളേ മാറ്റി പാര്‍പ്പിക്കുന്ന അധികാരികളെയും അമ്മയെ ഒരു നോക്ക് കാണാന്‍ വിതുമ്പുന്ന ചാപ്ലിന്റെയും സഹോദരനായ സിഡ്നിയുടെയും
വികാരങ്ങളും അനാഥ മന്ദിരത്തില്‍ അനുഭവിച്ച യാതനകളും ഒരു പക്ഷേ അനുവാചകര്‍ക്ക് അവിശ്വസനീയമായിരിക്കും. കോടതി വിധി പ്രകാരം പിതാവിനോടൊപ്പം ജീവിതം തുടങ്ങിയ ചാര്‍ളിയും സിഡ്നിയും രണ്ടാനമ്മയുടെ ക്രൂരത കാരണം വീണ്ടും തെരുവില്‍ എറിയപ്പെടുന്നു,
തെരുവിലെ ഓരോ ദിനവുംചാപ്ലിന് സര്‍വ്വകലാശാല പോലെ ആയിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള തീവ്രമായ ആഗ്രഹത്തിന് ഉദാഹരണമാണ്അഷ്ടലങ്കഷെയര്‍ എന്ന  ഗ്രൂപ്പ്, കാണികളുടെ അംഗീകാരം നേടിയെടുക്കാന്‍ ചാപ്ലിന് കുട്ടിക്കാലത്തെ കഴിഞ്ഞുവെന്നത് അതിശയോക്തിയോടെ കാണേണ്ടിവരും. കൂടെപ്പിറപ്പായ പട്ടിണിയകറ്റാന്‍
ഒരു തരി പരിചയം പോലുമില്ലാത്ത ജോലിയില്‍ ഏര്‍പ്പെടുന്നതും പിരിഞ്ഞു പോകുന്നതും ചാപ്ലിന്റെ കുട്ടിക്കാലത്തെ നിരന്തരം പിടിച്ചുലച്ച സംഭവങ്ങളിലൊന്നാണ്. മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരിക്കുന്ന തന്‍റെ പിതാവിന്‍റെ  ശരീരം മറവ് ചെയ്യാന്‍ കഴിയാതെ തരിച്ചു നില്‍ക്കുന്ന ചാപ്ലിനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിന്‍റെ മനോവികാരവും, പിതാവിന്‍റെ ശവസംസ്കാരശേഷം വീട്ടിലെത്തുന്ന മൂന്നംഗകുടംബം വിശപ്പിന്‍റെ മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നതും ചാപ്ല്ലിന്റെ കുട്ടിക്കാലം
എത്രമാത്രം വേദനാജനകമായിരുന്നുവെന്ന്   മനസ്സിലാക്കാം.

                                                   ചാപ്ലിന്റെ സഹോദരനായ സിഡ്നി ക്ക്  ആഫ്രിക്കയിലേക്ക് പോകുന്ന ഒരു കപ്പലില്‍ ജോലി തരപ്പെടുന്നതും ആദ്യ അവധിക്ക് നാട്ടില്‍ വരുന്നതും ഇഷ്ടാനുസരണം ഐസ്ക്രീമും കേക്കും കഴിക്കുന്നതും വളരെ ആഹ്ലാദത്തോടെയാണ്‌ ജീവചരിത്രത്തില്‍ ചാപ്ലിന്‍ ഓര്‍ക്കുന്നത്. അവധി കഴിഞ്ഞ് സിഡ്നി    ജോലിക്ക് പോയശേഷം അമ്മയുടെ മാനസികരോഗം വീണ്ടും മൂര്ച്ചിക്കയും ആരോരുമില്ലാതെ ചാപ്ലിന്‍ വീണ്ടും തെരുവില്‍ എറിയപ്പെടുകയും ചെയ്യുന്നു. ജോലി ഉപേക്ഷിച്ച് തിരിച്ചെത്തുന്ന സിട്നിയെ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന ചാപ്ലിന്റെ വസ്ത്രത്തെക്കുറിച്ചുള്ള വിവരണം മാത്രം മതി ആ ബാല്യകാലം ഓര്‍ക്കാന്‍.
സിഡ്നി വാങ്ങിക്കൊടുത്ത പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ബെഡ്ഫോര്‍ഡിലെ ബ്ലാക്ക്  മൂര്‍സ്നാ ടക എജെന്‍സിയിലേക്കുള്ള യാത്ര ചാപ്ലിന്റെ ജീവിതത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ തുറന്നു. പതിനൊന്നര വയസ്സ് മാത്രം പ്രായമുള്ള ചാപ്ലിന്‍ പതിനാല് വയസ്സായി എന്ന് പറഞ്ഞ് അവിടെ ചേരുന്നു. ഷെര്‍ലെക്ക് ഹോംസിന്‍റെ കഥയിലെ ബില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചാപ്ലിന്‍
എല്ലാപേരുടെയും അഭിനന്ദനത്തിന് പാത്രമായി.

                                                           
                                                                     പിന്നീടുള്ള നാളുകള്‍ ചാപ്ലിന് തിരക്കുകളുടെതായിരുന്നു.ഷേര്‍ലേക്ക് ഹോംസ് നാടകവുമായി പര്യടനങ്ങള്‍
ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ ഓരോന്നായി  തേടിയെത്തി.കാസെസ് സര്‍ക്കസ് കമ്പനിയില്‍ ചേര്‍ന്ന് ഹാസ്യനടനിലേക്കുള്ള യാത്ര. നിരന്തരം നാടക കമ്പനികളുമായി  പാരിസിലെക്കും മറ്റു രാജ്യങ്ങളിലേക്കും യാത്രകള്‍ പത്തൊന്പത് വയസ്സോടെ ഹാസ്യനടനെന്ന രീതിയില്‍ പ്രശസ്ന്‍. അമേരിക്കയില്‍ ചേക്കേറിയ ചാപ്ളില്‍ കാര്‍ണോയുടെ നാടകത്തില്‍ പകരക്കരനില്ലാത്തവണ്ണം പേരെടുത്തു, പിന്നിട് രാഷ്ട്രീയപരമായ  കാരണങ്ങളാല്‍ അമേരിക്കന്‍ പൗരത്വം നഷ്ടപ്പെടുകയും തിരിച്ച് ലണ്ടനില്‍ വന്നശേഷം സ്വിസ്സര്‍ലണ്ടില്‍ താമസമാക്കി.1975-ല്‍ സര്‍ പദവി നല്‍കി ബ്രിട്ടീഷ്‌ രാജ്ഞി ആദരിക്കുന്നു. തന്‍റെ വളര്‍ച്ചയുടെ എല്ലാ കാലത്തും സിട്നിയെയും അമ്മയെയും കൂടെ നിര്‍ത്താന്‍ ഒരിക്കലും മറക്കാത്ത ചാപ്ലിന്‍  ലോകത്തിന്
ശരിയായ ഒരു മാതൃകയായിരുന്നു.ചാപ്ലിനും നടിയായ മാട്രിനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം,പൌളറ്റുമായുള്ള ബന്ധവും വേര്‍പിരിയുന്നു ഊനയുമായുള്ള വിവാഹബന്ധം ചാപ്ലിന് സന്തോഷമേകിയെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ലോകത്തിന് കഠിനമായ പ്രയത്നത്തിലൂടെ മാതൃക കാട്ടിയ പകരക്കാരനില്ലാത്ത ചാപ്ലിന്‍ 1977 -ഡിസംബറിലെ ക്രിസ്തുമസ്സ് ദിനത്തില്‍-ലോകത്തോട്‌ വിട പറഞ്ഞു---

മരുപ്പച്ച



2017, മാർച്ച് 19, ഞായറാഴ്‌ച

വിഹായസിലെ പക്ഷി

അനന്തവിഹായസിലേക്ക് ഉയര്‍ന്നു പൊങ്ങുന്ന
പക്ഷിയുടെ പക്ഷങ്ങള്‍ എന്നും സ്വതന്ത്രമായിരിക്കും
പക്ഷിയുടെ ചിറകിന് പ്രകൃത്യാലുള്ളതിനെക്കാള്‍
ഭാരക്കൂടുതലോ  അല്ലാതെ എന്തേലും കുരുക്കോ
പിണഞ്ഞാല്‍ ഉയരങ്ങളിലേക്കുള്ള യാത്ര
സുഗമാമാവില്ല---. ഇതു പോലെയാണ് ഓരോ
മനുഷ്യജന്മവും. സൃഷ്ടാവ് ഭൂമിയില്‍ മനുഷ്യന്
ആവശ്യമുള്ളതെല്ലാം തന്നിട്ടുണ്ട് --അതിനുമുപരി
അത്യാഗ്രഹവും അഹങ്കാരവും പിണഞ്ഞാല്‍
അവന്‍റെ വളര്‍ച്ചയും മുരടിക്കും ---അത് കൂടുതല്‍
ബാധിക്കുന്നത്  ഭൗതികമായ വളര്‍ച്ചയെക്കാളുപരി
ചിന്താമണ്ഡലത്തെ ആയിരിക്കും----

മരുപ്പച്ച


2017, മാർച്ച് 18, ശനിയാഴ്‌ച

അസ്തമയം

അസ്തമയ സൂര്യന്‍റെ കിരണങ്ങളേല്‍ക്കുന്ന
ജലാശയത്തിന്‍റെ മനോഹാരിത പലപ്പോഴും
വര്‍ണ്ണനക്ക് അതീതമായിരിക്കും, സൂര്യന്‍റെ
സാന്നിധ്യം മറഞ്ഞാല്‍ ജലാശയത്തിന്
നഷ്ടമാകും നേടിയ സൗന്ദര്യം,മനുഷ്യനും
ഇത് പോലെയല്ലേ --ചിലരോട് ചേര്‍ന്ന്
നില്‍ക്കുമ്പോഴുള്ള പ്രകാശം അവര്‍ അകന്നാല്‍
നഷ്ടമാകില്ലേ-----?

മരുപ്പച്ച

സംഹാരകന്‍

മിസ്രയീമിലെ മനുഷ്യരേയും കടിഞ്ഞൂലുകളെയും
സംഹരിക്കാനായി സംഹാരദൂതന്‍ മിസ്രയീലൂടെ
കടന്നു പോയപ്പോള്‍ ആ ദുരന്തത്തില്‍ നിന്ന്
ഇസ്രായേല്‍ ഒഴിവാക്കപ്പെട്ടത് ന്യൂനതയില്ലാത്ത
ഒരു കുഞ്ഞാടിന്‍റെ രക്തം അവരുടെ വാതില്‍പ്പടിയില്‍
ഉണ്ടായിരുന്നകൊണ്ടാണ്. ഇന്ന് സൗമ്യയിലൂടെയും
മിഷേലിലൂടെയും സംഹാരകന്‍ താണ്ഡവമാടി
എന്‍റെയും നിങ്ങളുടെയും പടിവാതില്‍ക്കല്‍
എത്തി നില്‍ക്കുമ്പോള്‍ ഞാന്‍ ആരുടെ രക്തമാണ്
പടിവാതിലില്‍ പുരട്ടേണ്ടത്---ഇനിയും കണ്ണടക്കണമോ
സംഹാരകന്‍റെ താണ്ഡവത്തിന് നേരെ---നിയമത്തിന്‍റെ
പഴുതുകള്‍ക്ക് വിട്ടുകൊടുക്കണമോ  ഇവരെ -?

മരുപ്പച്ച

2017, മാർച്ച് 14, ചൊവ്വാഴ്ച

വേദന

അറിഞ്ഞോ അറിയാതെയോ നമ്മെ
സ്നേഹിക്കുന്നവരെ നമ്മള്‍
വേദനിപ്പിക്കയും അത് എപ്പോഴെങ്കിലും
നമ്മള്‍ തിരിച്ചറിയുകയും ചെയ്‌താല്‍
ചിലപ്പോള്‍ നമ്മള്‍ അവര്‍ക്ക്
കൊടുത്തതിനെക്കാളും വലിയ വേദന
ആയിരിക്കും നമ്മള്‍  അനുഭവിക്കുക
ആ വേദന ആയിരിക്കും നമ്മള്‍
അവരോട് ചെയ്യുന്ന  പരിഹാരവും.


മരുപ്പച്ച




2017, മാർച്ച് 11, ശനിയാഴ്‌ച

അരികിലെ പ്രണയം

      അരികിലെ പ്രണയം
    ************************

ഇത്രനാള്‍ തേടിയലഞ്ഞ പ്രണയമേ
ഇന്ന് നീയെന്‍ അരികിലല്ലയോ
നിര്‍മ്മലമാം നിന്നാത്മാവുമായി
സംവദിച്ചു പലനാള്‍  നീയറിയാതെ

പെയ്യാതെ പോയ കാര്‍മേഘമായ്
അകന്ന് കഴിഞ്ഞില്ലേ പല യാമങ്ങള്‍
കിനാവ്‌ പോലണഞ്ഞു മൗനമായ്
 കിനാവ്‌ പോല്‍ മാഞ്ഞുപോയില്ലേ

 സപ്ത വര്‍ണ്ണങ്ങളില്‍ മഴവില്ലായ്
എന്നകതാരില്‍ വിടര്‍ന്നു നീയൊരിക്കല്‍
നിമിഷനേരത്തിലസ്തമിക്കാന്‍-
വെമ്പുന്നുവോ നീയിന്ന്‍ ഏകാകിയായി-

അനുവാദമില്ലാതെ കൊഴിയുന്ന
ഹിമകണം പോല്‍ പൊഴിക്കുന്നു-
പ്രണയാശ്രുപുഷ്പങ്ങള്‍ നിന്‍
 വഴിത്താരയിലിന്നു ഞാന്‍

അകലെയെന്നറിഞ്ഞിട്ടും തേടി
നിന്നെ ഞാനെന്‍ യാത്രയില്‍
നിമിഷനേരമെങ്കിലും നീയെന്നെ
അനുയാത്ര ചെയ്തിരുന്നുവോ

അകലാതെയെന്നെ തഴുകണം
ശോഭയേറും അംബുജംപോല്‍
മനതാരിലുണര്‍വേകിയെന്നെ
ജ്വലിക്കും പുതുനാളമായ്

സൗരഭ്യമാകണം മുല്ലപോലെന്നും
അണയാത്ത ദീപമായി
അക്ഷയ ഖനിയായ്
കൈരളിക്കലങ്കാരമായിയെന്നും-

മരുപ്പച്ച







സമരം

ചുണ്ടേ ചുണ്ടേ ചുംബിക്കാമോ
വേണ്ടാ വേണ്ടാ ചുംബിക്കണ്ട
എന്തേ എന്തേ കാരണമേന്തെ
അച്ഛനുമമ്മയും കാണുന്നുണ്ടെ
എന്നാല്‍ പിന്നെ പോയേക്കാം
ദൂരെ ദൂരെ കൊച്ചിയിലേക്ക്
മറൈന്‍ഡ്രൈവെന്ന താവളമുണ്ടേ--

മരുപ്പച്ച

2017, മാർച്ച് 10, വെള്ളിയാഴ്‌ച

വാണിഭം

വാണിഭമെങ്ങും പൊടിപൊടിക്കുന്നു
നാരിയില്‍ പിറന്നവന്‍ നാരിക്കായി
നാരായവേരുകള്‍ തോണ്ടുന്നു

കാലങ്ങളേറുമ്പോള്‍ വാണിഭമെന്നും
നഗ്നയാം നാരിയില്‍ ചെന്നെത്തുന്നു
വാത്സല്യമേറും പേരുകള്‍ തേടിയവര്‍
പെണ്‍വാണിഭമെന്ന് പേരിട്ടിരിക്കുന്നു

സോപ്പിന് ചീപ്പിന് കണ്ണടക്ക്
കാലിക്കൊരുക്കും തീറ്റക്കുപോലും
നാരിതന്‍ ചിത്രം ആകര്‍ഷകം

പരസ്യമില്ലാത്തൊരു വസ്തുവില്ല
പരസ്യത്തിനാണേല്‍ സ്ത്രീ തന്നെ
വേണം പോലും--

മരുപ്പച്ച

2017, മാർച്ച് 9, വ്യാഴാഴ്‌ച

ഒരു ഭരണിയില്‍ കരുതിയിരിക്കുന്ന ജലം
അതിലുണ്ടായ ചെറിയ സുഷിരം വഴി
ചോര്‍ന്നു പോകുന്നുവെങ്കില്‍ അതിന്‍റെ
അര്‍ത്ഥം സുഷിരമുണ്ടായ ഭാഗം ശക്തി
കുറഞ്ഞു എന്നാണല്ലോ ? അതുപോലെ
രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍
വിള്ളല്‍ ഉണ്ടാകുന്നുവെങ്കില്‍ അത്
അവരെ തമ്മില്‍ അടുപ്പിച്ചിരുന്ന  സ്നേഹമെന്ന
 പ്രകൃതിയുടെ അമൂര്‍ത്തമായ ഭാവത്തിന്
എന്തോ കുറവ് വന്നു എന്നുള്ളതാവാം
സ്നേഹമെന്ന കവചം പരസ്പരം മൂടാന്‍
കഴിഞ്ഞാല്‍ മനുഷ്യജീവിതം എത്ര
ധന്യമായേനേ--

മരുപ്പച്ച

2017, മാർച്ച് 8, ബുധനാഴ്‌ച

ചിതലരിച്ച ചില പുസ്തകങ്ങളില്‍ നിന്ന്
ചിലപ്പോള്‍ നമുക്ക് വിലയേറിയ ചില
വാക്കുകളോ ആശയങ്ങളോ കിട്ടിയേക്കാം
അതുപോലെ ചവിട്ടിയരക്കപ്പെട്ട ചില
ജീവിതങ്ങള്‍ നമുക്ക് നല്ല മാതൃകകളും
ചിന്തകളും തന്നേക്കാം , നമ്മള്‍
കണ്ടെത്തുമ്പോള്‍ ചിലപ്പോള്‍ വൈകിയേക്കാം

മരുപ്പച്ച

2017, മാർച്ച് 7, ചൊവ്വാഴ്ച

വിരഹം

പരസ്പരം മനസ്സിലാക്കാത്ത രണ്ട് ഹൃദയങ്ങള്‍
ശരീരം കൊണ്ട് എത്ര അടുത്തായിരുന്നാലും
അവരുടെയിടയില്‍ അനുഭവിക്കുന്ന
ഏകാന്തത ആയിരിക്കും ജീവിതത്തിലെ
വലിയ വിരഹം. ഒരേ ഹൃദയമായി
ജീവിക്കുന്നവരില്‍ നിന്ന് ഒരാളെ മൃത്യു
പുല്കിയാലും ബോധമനസ്സിന്
സാവധാനമെങ്കിലും അത് ഉള്‍കൊള്ളാന്‍
കഴിയും, ജീവിച്ചിരിക്കുമ്പോള്‍ രണ്ടുപേരും
ഒരു ഒരുമിച്ചനുഭവിക്കുന്ന വേദന
അകലുന്ന ഹൃദയങ്ങള്‍ക്ക്‌ മാത്രമായിരിക്കും.

മരുപ്പച്ച

2017, മാർച്ച് 5, ഞായറാഴ്‌ച

മുറിവേറ്റ പക്ഷി

ചിറകിന് മുറിവേറ്റ പക്ഷി അത് ആദ്യം കാണുന്ന
മരച്ചില്ലയില്‍ കൂട് കൂട്ടുകയോ വിശ്രമിക്കയോ
ചെയ്തേക്കാം അത് വെറും താല്ക്കാലികമായ
ചേക്കേറല്‍ മാത്രമായിരിക്കും. ചിറകിലെ മുറിവ്
ഉണങ്ങി പറക്കുവാനുള്ള കഴിവ് വീണ്ടെടുത്താല്‍
അത് വീണ്ടും ഉയരങ്ങളിലേക്ക് പറന്ന് മറ്റ്
ചില്ലകള്‍ തേടാം, പക്ഷി എന്‍റെതാണ് എന്ന്
മരച്ചില്ല പറഞ്ഞാല്‍ ലോകത്തിലെ വലിയ വിഡ്ഢി
മരച്ചില്ല ആയിരിക്കും-

മരപ്പച്ച


2017, മാർച്ച് 2, വ്യാഴാഴ്‌ച

മണ്ണിന്‍റെ മണമുള്ള സാഹിത്യം

                മണ്ണിന്‍റെ മണമുള്ള സാഹിത്യം
                ********************************

അടച്ച ശീതീകരിച്ചമുറിയിലിരുന്നു ഭാവനയുടെ ലോകത്ത്
മേയുന്ന തൂലികളാണോ ശരിക്കും സാഹിത്യലോകത്ത്
വിരാജിക്കേണ്ടത് ? അതോ മണ്ണിനെ പ്രണയിച്ച് മനുഷ്യന്‍റെ
പട്ടിണിയകറ്റാന്‍ അരവയറാകുന്നവന്‍റെ മനസ്സില്‍ വിരിയുന്ന
നന്മകളുടെ  വരികളാണോ ? . മണ്ണിനെ പ്രണയിച്ച് വിത്തിന്‍റെ
ചലനമറിഞ്ഞ് , ആകാശത്ത് ഉരുണ്ട് കൂടുന്ന മേഘപാളികളുടെ
ഭാഷയറിഞ്ഞ് , മണ്ഡൂകം പോലെ പ്രവചനം നടത്തി കൃഷി
ചെയ്യുന്നവന്‍, അവന്‍റെ മനസ്സില്‍ വിരിയുന്ന വാക്കുകള്‍
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് മനുഷ്യ നന്മക്കായി
ഉപകരിക്കുമ്പോള്‍ അതല്ലേ യഥാര്‍ത്ഥ സാഹിത്യം, വെറും
ഭാവനകള്‍  മലര്‍പ്പൊടിക്കാരന്‍റെ  സ്വപ്നം പോലെ ആവുകയും
മനുഷ്യ നന്മക്ക് ഉപകരിക്കാതെ വരികയും, ഭാവനയില്‍
വിരാജിച്ച തൂലികകള്‍ കഴിഞ്ഞ കാലത്തെ തള്ളിപ്പറയുകയും
ചെയ്യുമ്പോള്‍  ചില പൊളിച്ചെഴുത്തുകള്‍ക്ക് അവസരം
ഒരുങ്ങുന്നില്ലേ---?

മരുപ്പച്ച