2017, ജൂൺ 30, വെള്ളിയാഴ്‌ച

കര്‍ക്കടകം

           
       
രാമ രാമ മന്ത്രത്താല്‍ ധന്യമാകും
രാമായണമാസമല്ലോ കര്‍ക്കടകം
രാശികള്‍ മാറുന്ന അര്‍ക്കനും
പുനര്‍ജ്ജനിക്കും സസ്യങ്ങളും
കര്‍ക്കടകത്തിന്‍ കാഴ്ചകള്‍---

മഴയാലെ മാറുന്ന ഭൂമിയും
മണ്ണോടു ചേരുന്ന മനുഷ്യനും
കര്‍ക്കടകത്തിനോര്‍മകള്‍ മാത്രം


പൂമുഖ വാതില്ക്കല്‍ ദീപം തെളിച്ചും
ശീവോതിക്ക് വക്കലും ചന്ദനം ചാര്‍ത്തലും
നിറപറ വെറ്റില അടക്കയൊരുക്കിയും
ദശപുഷ്പത്താല്‍ കാത്തിരിക്കും കര്‍ക്കടകം

കഷ്ടനഷ്ടങ്ങളെന്ന് ചൊല്ലിയ കാലം
ഭക്തി സാന്ദ്രമാം പുണ്ണ്യമാസം
മാറും തലമുറ മറന്ന മാസം

ശ്രാദ്ധ മൊരുക്കിയും തുളസിയുതിര്‍ത്തും
പിതൃതര്‍പ്പണം ചെയ്യുന്ന പുണ്ണ്യമാസം
കാകനെ തേടിയും ജലധാരയോഴുക്കിയും
സൂക്തങ്ങലുരുവിടും നല്ല മാസം


പാലനം ചെയ്യുവാന്‍ നല്ല മാസം
പാലനത്തിന്‍ പേരില്‍ ചൂഷണം മാത്രം
ഔഷധസേവയും ആയുസ്സ് കൂട്ടലും
കച്ചവടത്തിന്‍ നേര്‍കാഴ്ചകല്‍


മരുപ്പച്ച





2017, ജൂൺ 28, ബുധനാഴ്‌ച

രക്തസാക്ഷികള്‍

             
                           
അപരന്‍റെകഴുത്തിലെ കുരുക്കഴിക്കാനായി
സ്വയമേവകുരുക്കേറ്റുവാങ്ങുന്നവരിവര്‍
ദേഹം വിട്ടു ദേഹി പുല്‍കും വരെ നെഞ്ചോടു
ചേര്‍ക്കുന്നിവര്‍ സോദരരെ

ജലംപോല്‍ ചിന്തുന്നിവര്‍ തന്‍ നിണം
ആരോരുമറിയുന്നില്ലിവരുടെ രോദനം
അപരന്‍റെ നന്മ കാംഷിക്കുന്നവര്‍-
ആര്‍ക്കോവേണ്ടി  ജീവിക്കുന്നവര്‍

സ്വാതന്ത്ര്യത്തിന്‍ തേര് തെളിക്കുന്നിവര്‍
ഒരുനാളന്യമാകുന്നു ആരോരുമറിയാതെ
അധികാരം കയ്യാളുവാനെത്തുന്നു
പുതുമുഖങ്ങള്‍ പുതുനീതിയുമായി

ഒറ്റുകാരൊരുക്കുന്നുയിവര്‍ക്ക് കുരിശും
വെടിയുണ്ടയും തൂക്കുകയറുംപിന്നെ
ചരിത്രങ്ങള്‍ മെനയുന്നു തന്നിഷ്ടപ്രകാരം
തൂക്കുന്നു ചുവരില്‍ ഘാതകന്‍ ചിത്രം

അധികാരമെന്തെന്നറിയുന്നില്ലിവര്‍
അധികാരികളാല്‍ ചവിട്ടേല്‍ക്കുന്നിവര്‍
ബൂട്ടിനും ലാത്തിക്കും തോക്കിനും
മുന്നിലിരകള്‍ മാത്രമിവര്‍-

വേണമെന്നുമൊരുകൂട്ടര്‍ക്ക് രക്തസാക്ഷികളും
 കസേരകളുറപ്പിക്കാന്‍രക്തക്കറയും
വര്‍ഷത്തിലൊരിക്കലൊരുക്കിന്നവര്‍
പുഷ്പച്ചക്രവും മുതലക്കണ്ണീരും----

മരുപ്പച്ച




2017, ജൂൺ 25, ഞായറാഴ്‌ച

കപട വിശ്വാസങ്ങള്‍

         
നീയല്ല ഞാനാണ് ശരിയെന്ന്‍-
ചൊല്ലി പതിഞ്ഞ വാക്കുകളാല്‍
മതവാദികള്‍ കൂട്ടുന്നു കുരുക്കുകള്‍
തെരുവോരങ്ങളില്‍-

അലഞ്ഞു നടക്കും ദൈവത്തെ
കാണാതെയലയുന്നൊരുകൂട്ടം
വിശക്കും മനുഷ്യനെ കാണാതെ--
നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നു-
കളിമണ്ണിനും ഉണക്ക മരത്തിനും

മതഭ്രാന്തിന് വളമായി കലര്‍ത്തുന്നു
ആത്മീയതയും രാഷ്ട്രീയവും
വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു
താന്താങ്കളുടെ വയറ്റിപ്പിഴപ്പിനായി

മരത്താലെ കുരിശുകള്‍  മെനയുന്നു
കുരിശിന്‍റെ മഹത്വമെന്തന്നറിയാതെ
സ്വയം കുരിശാകേണ്ടവരിന്ന്‍
അപരന് കുരിശാകുന്നു,
പുലമ്പുന്നു ആദര്‍ശങ്ങള്‍
ത്യാഗമെന്തെന്നറിയാതെ

ആകാശംമുട്ടെ ഉയര്‍ത്തുന്നു ദേവാലയങ്ങള്‍
എളിമയെന്ന പുണ്യമറിയാത്ത മനുഷ്യര്‍--
കവലതോറുമുയര്‍ത്തുന്നിവര്‍
ദൈവത്തിന്‍ പേരില്‍ കാണിക്ക വഞ്ചികള്‍

മരുപ്പച്ച

2017, ജൂൺ 24, ശനിയാഴ്‌ച

പൗലോ കൊയ്‌ലോ-വാല്കെറീസ്


                               പൗലോ കൊയ്‌ലോ-വാല്കെറീസ്
                            **************************************    

പായുന്ന കുതിരയെ പൂട്ടനമെങ്കില്‍ കടിഞ്ഞാണ്‍ ആവശ്യമാണ്‌, അത് പോലെയാണ് മനസ്സ്, ചില വായനകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ട മനസ്സ് അത്യാവശ്യമാണ്. പൌലോ കൊയ്‌ലോoയുടെ  ആല്‍കെമിസ്റ്റ്, ഫിഫ്ത് മൌണ്ടന്‍, അങ്ങനെ പോകുന്ന മറ്റ് കൃതികള്‍ക്ക് നമ്മള്‍ കൊടുക്കുന്ന സൂക്ഷ്മതയെക്കാളുപരി വായനക്കാരന്‍റെ വൈകാരിക തലം ആവശ്യപ്പെടുന്ന
ഒരു നോവല്‍ ആണ് വാല്കെറിസ്. പൗലോ കൊയ്‌ലോയുടെ ജീവിതവുമായി
വളരെ ബന്ധപ്പെട്ടിരിക്കുന്ന ഒരു നോവല്‍ ആണിതെന്ന് പറയാം.സാത്താന്‍ സേവയും മാന്ത്രികവിദ്യയും നിഗൂഡ പാരമ്പര്യം തേടിയുള്ള യാത്രയും
ആത്മീമായ അന്വേഷണവുംപൌലോയുടെ ജീവിത വിഷയങ്ങള്‍ ആണല്ലോ.
ഒരു മാന്ത്രിക ദൈവജ്ഞന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ മനുഷ്യനെയാണ്‌ വാല്‍കെറീസിലൂടെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നത്.

                  പൗലോയും തന്‍റെ ഗുരുവായ ജെ എന്ന മനുഷ്യനുമായുള്ള സംഭാഷണത്തിലൂടെ തുടങ്ങുന്ന നോവല്‍ നിഗൂഡമായ ഏതോ രഹസ്യം തേടാന്‍ ഒരു യാത്ര ആരംഭിക്കുന്നു.ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടില്‍ നിന്ന്  തന്‍റെ ഭാര്യ ക്രിസുമായി ഒരു നീണ്ട യാത്ര, ക്രിസിനു പൗലോയുടെ  ജീവിതത്തെക്കുറിച്ച് വലിയ പിടുത്തമില്ലായിരുന്നു. ഒരോ മനുഷ്യനും അവരുടെ ഒരു രക്ഷിതാവായ ഒരു മാലാഘ ഉണ്ടാകുമെന്നും അവരുമായി സംവദിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും പൗലോ വെളിപ്പെടുത്തുന്നു. നീണ്ട യാത്രക്കുശേഷം  ബോറിഗോ സ്പ്രിംഗ് എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന മരുഭൂമി, പൗലോയും ക്രിസും പരസ്പരം കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നു. നക്ഷത്രങ്ങളെക്കുറിച്ചും നിശബ്ദതയില്‍ കേള്‍ക്കാന്‍ കഴിയുന്ന മാലാഖയുടെ സംസാരത്തെക്കുറിച്ചുമൊക്കെ നീണ്ടു അവരുടെ വിഷയം.അടുത്ത ദിവസം ജീന്‍ എന്ന ചെറുപ്പക്കാരന്‍ അവരുമായി കൂടുന്നു, മാലാഖയെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും സൂഫികഥകളും,  തന്‍റെ മാലാഖയെ കണ്ടെത്താന്‍ സഹായിച്ച വാല്കെരിസിനെ കുറിച്ചും അവരോട് പറയുന്നു. ക്രിസിനെ കൂടെ കൂട്ടിയത് ജീനിന് ഒട്ടും തന്നെ ഇഷ്ടമായില്ല കാരണം ഇത്തരം ചിന്തകളുമായി ഒരു
ബന്ധവും ക്രിസിനില്ല. തന്‍റെ ഭര്‍ത്താവിന്‍റെ ചിന്തകളുമായി തന്‍റെ ചിന്തകളും അടുത്തിരുന്നുവെങ്കില്‍ അവരുടെ ബന്ധം കുറെകൂടി ഊഷ്മളമാകില്ലേ എന്നവള്‍ ചിന്തിച്ചു, ആ കാരണങ്ങളാല്‍ അവള്‍ ഉപബോധമനസ്സിനിനെക്കുറിച്ചും ആഭിചാരത്തെക്കുറിച്ചും ജീനില്‍ നിന്ന് പഠിക്കാന്‍ തുടങ്ങി.മരുഭൂമിയും ചക്രവാളവും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ ക്രിസിന് കഴിഞ്ഞു, സൂക്ഷ്മമായി പ്രകൃതിയെ നിരീക്ഷിക്കാനും അതിലൂടെ തന്‍റെ ആത്മാവ് വളരുന്നതായും അവളറിഞ്ഞു. മരുഭൂമിയിലൂടെയുള്ള യാത്രയുടെ ആവേശം അവരെ വിവസ്ത്രയാക്കി നടക്കാന്‍ പ്രേരിപ്പിച്ചു. അവസാനം മരുഭൂമിയിലെ ചൂട് നിര്‍ജ്ജലീകരണത്തിന് ഇടയാക്കി പരസഹായത്തോടെ ഹോട്ടെലില്‍ എത്തിച്ചേര്‍ന്നു. മനുഷ്യന്‍റെ അമിതാവേശം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍---.പുതിയ അറിവുകള്‍  നേടാനാണ് എന്നും മാലഖമാരുമായി സംസാരിക്കുമായിരുന്നതെന്നാണ് ജീനിന്‍റെ ഭാഷ്യം. ദൈവം നമ്മുടെ കാര്യങ്ങളില്‍ സദാ ശ്രദ്ധാലുവാണെന്നും, എന്തെങ്കിലും ചെയ്യണമെങ്കില്‍ നമ്മുടെ കൈകള്‍ ദൈവത്തിന് വേണമെന്ന് ജീന്‍ പഠിപ്പിക്കുന്നു.


                      അവര്‍ വാല്‍കെരിസ് അഥവാ ദേവകന്യകമാരെ തേടി മരുഭൂമിയില്‍ അലയുകയാണ് ജീന്‍ മുന്‍പ് ദേവകന്യകമാരെ കണ്ട സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വാല്‍കെറിസുകള്‍ പോകുന്ന സ്ഥലങ്ങളില്‍ വ്യക്തമായി ഒരു അടയാളം അവശേഷിപ്പിക്കും അതാണ്‌ പൗലോയുടെയും ക്രിസിന്‍റെയും പ്രതീക്ഷ. അദൃശ്യലോകവുമായി ബന്ധപ്പെടാന്‍ മാധ്യമമുണ്ടാക്കുക എന്ന ഒരു പ്രയോഗം ഈ കഥയിടനീളം പറയുന്നുണ്ട്. മനസ്സിനെ പൂര്‍ണ്ണമായും ശൂന്യമാക്കാന്‍ അനുവദിക്കയും പിന്നെ മഹത്തായ ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവരിക, പിന്നെ അഞ്ജാതമായ ഏതോ ഉറവയില്‍ നിന്ന്  വരുന്ന  ജീവശ്വാസതെ സ്വീകരിക്കുക. കഠിനവും നിരന്തരവുമായുള്ള ശ്രമഫലമായി ക്രിസിന്‍റെ മനസ്സ് ഒരു പ്രത്യക രീതിയില്‍ രൂപാന്തരപ്പെട്ടു.ഇന്നിപ്പോള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അറിവിനെ കുറിച്ച് അവള്‍ കൂടുതല്‍ അഭിമാനിക്കാന്‍ തുടങ്ങി. അവര്‍ വിശ്രമിത്തിനായി അടുത്തുള്ള ഒരു ഭോജനശാലയില്‍ കയറി, ആഹാരം കഴിക്കുന്നതിനോടൊപ്പം അവര്‍ തിരക്കുകയായിരുന്നു ദേവകന്യകമാരെ ആരേലും കണ്ടിട്ടുണ്ടോ--? അപ്രതീക്ഷിതമായി ആയിരുന്നു മരുഭൂമിയെ നടുക്കിയ ശബ്ദം അവര്‍ കേട്ടത് , ശക്തിയേറിയ മോട്ടോര്‍സൈക്കിളില്‍ പോയ വാല്‍കെറിസ് ആയിരുന്നവത്.കറുത്ത വസ്ത്രങ്ങള്‍ ധരിച്ച എട്ട് സ്ത്രീകള്‍ അടങ്ങിയ സംഘമായിരുന്നു, അവരും അതെ ഭോജനശാലയില്‍ കയറി, നിമിഷനെരത്തെ കണ്ണുകള്‍ കൊണ്ടുള്ള  സംവാദം പൗലോയേയും ചുവപ്പ് വസ്ത്രം ധരിച്ചിരുന്ന
വാല്കെരിസുമായി അടുപ്പിച്ചു. പൌലോയുടെ കയ്യില്‍ കിടന്നിരുന്ന മോതിരത്തിന് സമാനമായ ഒരു മോതിരം വാല്‍കെറിസിന്‍റെ കയ്യിലുമുണ്ടായിരുന്നു.അവര്‍ പരസ്പരം പരിചയപ്പെട്ടു വാല്‍കെറി പറഞ്ഞു  അവളുടെ പേര് എം--അപ്പോള്‍ പൗലോ മറുപടി നല്കി എന്‍റെ പേര് എസ്, ശരിക്കും ഈ പേരുകള്‍ അവരുടെ മന്ത്രികനാമം മാത്രമാണ്.എം എന്ന് പേരായ വാല്‍കെറിയുടെ ശരിയായ പേര് മലാല എന്നായിരുന്നു.മലാലയും കൂട്ടരും പൗലോയേയും ക്രിസ്സിനെയും കൂട്ടി വളരെ പഴകിയ ഒരു സ്വര്‍ണ്ണഖനിയിലൂടെ താഴേക്ക്‌ നടന്നു അവിടെയെത്തിയ ശേഷം അര്‍ദ്ധനഗ്നയായ വലാല തന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഏലസ്സ് അഴിച്ചു പൌലോയുടെ കഴുത്തില്‍ അണിയാന്‍ ആവശ്യപ്പെടുന്നു അതിനുശേഷം അവിടെയുണ്ടായിരുന്ന വിളക്ക് കെടുത്തുന്നു.
അബോധമനസ്സിനെ പുതിയ ലോകത്തേക്ക് കൊണ്ടുപോകുന്ന വായനക്ക് രസം പകരുന്ന ഒത്തിരി സംഭവങ്ങള്‍ ഇവിടെ കാണാം.

                                         ഖനിയിലെ സംഭവങ്ങള്‍ക്കുശേഷം പൗലോയും ക്രിസും മാരുഭൂമിയില്‍ അവരെ പിന്തുടര്‍ന്നു, അവരെ മാലാഖയെ കാണുവാനുള്ള വിദ്യകള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി അതോടൊപ്പം വലാലയും പൗലോയും കൂടുതല്‍ അടുക്കാനും. വാല്‍കെരികള്‍ മരുഭൂമിയില്‍  പ്രസംഗിക്കാനും പ്രണയിക്കാനും സന്തോഷിക്കാനും വീഞ്ഞ്കുടിക്കാനും എല്ലാത്തിനും മുന്നില്‍ ആയിരുന്നു.പലതരത്തിലുള്ള പരിശീലങ്ങളും പരിശ്രമത്തിനുശേഷം ക്രിസും മലാലയെപോലെ ആകാന്‍ തുടങ്ങി മാലാലയുടെ ഭാഷ മനസ്സിലാക്കാനും അവളെ പോലെ വസ്ത്രം ധരിക്കാനും  അവരെപോലെ ഉപബോധമനസ്സിന്‍റെ ആഴങ്ങള്‍ മനസ്സിലാക്കാനും. മരുഭൂമിയിലെ നീണ്ട അലച്ചിലുകക്കും  തീവ്ര അഭിലാഷങ്ങള്‍ക്ക് ശേഷവും തന്‍റെ മാലാഖയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൌലോ വല്ലാത്ത നിരാശയില്‍ ആയിരുന്നു. ഒരിക്കല്‍ ആകാശത്ത് കണ്ട അഗ്നി ഗോളങ്ങള്‍ തന്നെ കാണാന്‍ വന്ന മാലഖയാണെന്ന്‍ ധരിച്ച് കാത്തിരുന്നതും പൌലോയെ നിരാശയില്‍ ആഴ്ത്തി.

                                                     രാത്രി അയാള്‍ കിടക്കവിട്ട് എണീറ്റ്‌ ക്രിസിനോട് പറയാതെ മരുഭൂമിയിലേക്ക് യാത്രയായി, തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിയപോലെയൊരു തോന്നല്‍ അപ്പോഴേക്കും സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയപോലെ, തന്‍റെ തൂലികയുമായി നിശബ്ദമായി മരുഭൂമിയില്‍ ഇരിക്കാന്‍ തുടങ്ങി, ഏതോ ഒരു  അദൃശ്യകരം തൂലിക ചലിപ്പിക്കും പോലെ അയാള്‍ അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി, ഒരു ചിത്രശലഭം പറന്നു തന്‍റെ കയ്യില്‍ ഇരുന്നു മാലാഖയില്‍ നിന്നുള്ള രഹസ്യഅടയാളം പോലെ, പെട്ടെന്ന് പുറകില്‍ നിന്ന് ഒരു ശബ്ദം മുട്ടുകുത്തി നില്‍ക്കുക, അയാള്‍ മുട്ടുകുത്തി, പിന്നെ താന്‍ തുടച്ചുവൃത്തിയാക്കിയ തറയില്‍ ഒരു ഒരു സ്വര്‍ണ്ണകരം എഴുതാന്‍ തുടങ്ങി ഇതാണ് എന്‍റെ പേര് ശബ്ദം പറഞ്ഞു---------മരുഭൂമിയിലെ യാത്രയിലൂടെ ഉപബോധമനസ്സിന്‍റെ നിയന്ത്രണത്തിലൂടെ പ്രകൃതിയില്‍ അയാള്‍ മാലഖയെ കണ്ടെത്തി----------.

മരുപ്പച്ച





















തക്ഷന്‍കുന്ന് സ്വരൂപം-യു കെ കുമാരന്‍

           
                
ഒരു ദേശത്തിന്‍റെ ജീവിതം അവരുടെ സംസ്കാരം നാളെ ചരിത്രമായി മാറിയേക്കാവുന്ന വസ്തുതകള്‍  അത് ഒപ്പിയെടുക്കുമ്പോള്‍ അതില്‍ കഥയുണ്ടാകാം ചരിത്രമുണ്ടാകാം കാവ്യാത്മകതയുണ്ടാകാം. ഇത് എല്ലാം ചേര്‍ന്ന ഒരു ജീവിതരീതിയെ അല്ലെങ്കില്‍ സംസ്കാരത്തെ താളുകളില്‍, അല്ലെങ്കില്‍ മറ്റൊരാളുടെ ഹൃദയത്തില്‍ എത്തിക്കുമ്പോള്‍മ്പോള്‍ അതൊരു ചരിത്രമായി മാറുന്നു. തക്ഷന്‍കുന്ന് എന്ന ഗ്രാമത്തിന്‍റെ സ്പന്ദനങ്ങള്‍ അതേപടി ഒപ്പിയെടുക്കുമ്പോള്‍ അതിന്‍റെ വൈകാരികവും സത്യസന്ധവുമായ അനുഭവങ്ങള്‍ ചേര്‍ക്കേണ്ടതായിട്ടുണ്ട് അതില്‍ യു കെ കുമാരന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ അലയടികള്‍ ഭാരതത്തിന്‍റെ ഒരു കോണില്‍ എത്രത്തോളം ഭംഗിയായി അലയടിച്ചിരുന്നുവെന്നും, വര്‍ത്തമാനകാലത്തില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോയ  പ്രതികരണശേഷിക്ക് മറുപടിയായി  സ്ത്രീത്വത്തിന് പര്യായമായി ചൂണ്ടികാട്ടുന്ന മദാമയെന്ന ചായക്കടക്കാരിയും, കല്യാണിയെന്ന സ്ത്രീയും ഈ കഥയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്.രാമര്‍ എന്ന കുട്ടിയിലൂടെ തുടങ്ങുന്ന കഥ അവസാനിക്കും വരെയും എല്ലാത്തിനും മൂകസാക്ഷിയായി നില്ക്കുന്ന ചെമ്പകം, കുട്ടിയായിരുന്നപ്പോള്‍ അതിനുചുറ്റും ഓടികളിച്ചിരുന്ന രാമര്‍ വയസ്സാകുമ്പോള്‍ അതിന്‍റെ ചുവട്ടില്‍ നിന്ന് ഒരു ചെമ്പകപൂവ് എടുക്കുന്നു, ഗ്രാമത്തിലെ  പ്രമാണിയായികഴിഞ്ഞിരുന്ന രാമറിനോട് ഒരു കുട്ടി ചോദിക്കുന്നു അങ്ങ് ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എത്ര പൂവ് വേണമെങ്കിലും വീട്ടില്‍ എത്തിക്കുമായിരുന്നല്ലോ ! ആധുനികയുഗത്തിലെ മലയാളിയുടെ ഉപഭോഗ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ കാണാം.

                                              അയ്യാപട്ടരുടെ ബാങ്കും , രജിസ്റ്റാര്‍ ആഫീസും , കോടതിയും,മദാമയുടെ ചായപീടികയും, കുഞ്ഞികേളുവിന്‍റെ തയ്യല്‍ കടയും, ഒരു ചെറിയ ചന്തയുമാണ്  തച്ചന്‍കുന്നിലെ പറയത്തക്ക സ്ഥാപനങ്ങള്‍. പെരിയവരുടെ മകളെ സ്കൂളില്‍ വച്ച് അധിക്ഷേപിച്ചതന് പിതാവില്‍ നിന്ന് പൊതിരെ തല്ല് കിട്ടി വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട്  ഒരു രാത്രി മുഴുവല്‍ ഇടവഴിയില്‍ കുറുകെയിട്ട മുളയുടെ പാലത്തില്‍ കിടന്ന് ആകാശത്തിലേക്ക് നോക്കി ഉറങ്ങിയ രാമര്‍ ആണ് ഈ കഥയിലെ പ്രധാന ബിന്ദു. സ്കൂളില്‍ പെരിയവരുടെ മകള്‍ക്ക് പ്രത്യേക ഇരിപ്പിടമാണ് അവള്‍ക്ക് ആരെയും കളിയാക്കാം, നിഷ്കളങ്കനായ രാമര്‍ക്ക് വലിപ്പ ചെരുപ്പ വ്യത്യാസങ്ങള്‍ അറിയില്ല, കരിങ്കുരങ്ങെ എന്ന സ്ഥിരം വിളി രാമര്‍ക്ക് അസഹനീയമായിരുന്നു.
ഇനിയെന്തായാലും ആ സ്കൂളിലെക്കില്ലയെന്ന്‍ രാമര്‍ തീരുമാനിച്ചു.അമ്മ മരിച്ചു പോയതിന് ശേഷം വന്ന രണ്ടാനമ്മ  തന്നെ ക്രൂരമായി തല്ലിയ അച്ഛന്‍, ആരെയും ആശ്രയികാതെ ജീവിക്കണം ഇതൊക്കെ പറയാന്‍ തനിക്കുള്ള ഏക കൂട്ട് കുഞ്ഞികേളു മാത്രേയുള്ളൂ. മദാമയുടെയും കുഞ്ഞികേളുവിന്‍റെയും സഹായത്താല്‍ ഇമ്പിച്ചിയുടെ കുതിരലായത്തില്‍ ജോലി കിട്ടി, പണ്ടേ രാമര്‍ക്ക് കുതിരകളെ വളരെ ഇഷ്ടമായിരുന്നു അതാവാം കുതിരയുമായുള്ള തന്‍റെ ബന്ധം ശക്തമാവുകയും ആ ജോലിയില്‍ നന്നായി ശോഭിക്കാനും കഴിഞ്ഞത്.
സ്വതന്ത്ര്യസമരം നാടൊട്ടൊക്ക് അലയടിക്കുന്ന സമയമായിരുന്നു. കേരളഗാന്ധി കേളപ്പജിയുടെ നിര്‍ദ്ദേശപ്രകാരം അവിടെ സേവനത്തിന് വന്ന ശ്രീധര്‍ ഡോക്ടര്‍ അവര്‍ക്ക് ദൈവതുല്യന്‍ ആയിരുന്നു. ഡോക്ടറുടെ  സേവനം അയാളുടെ ഭാര്യയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. കുതിരലായത്തില്‍ ജോലി ചെയ്യുമ്പോഴും രാമറുടെ മനസ്സില്‍ എപ്പോഴും ഒരു വേദന തളം കെട്ടികിടപ്പുണ്ടായിരുന്നു. തന്‍റെ അമ്മയുടെ ശരീരം അടക്കം ചെയ്തത് അച്ചന്‍റെ  സുഹൃത്തായ കണ്ണച്ചന്‍റെ പറമ്പിലാണ് അത് സ്വന്തമാക്കണം, അതിന്ഈ  ജോലിയൊന്നും പോരാ ! നാട്ടില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ആറാട്ട്‌ അടുത്തു. ആറാട്ടിന് ഒത്തിരി കന്നുകാലികളെ കൊണ്ട് വരാറുണ്ട് ആ നാട്ടിലെ വലിയ ഉത്സവം ആണത്. സുഹൃത്തായ ചേക്കുവുമായി ചേര്‍ന്ന് ആറാട്ടിന് എത്തുന്ന കാലികളുടെ ചാണകം  ശേഖരിച്ച് വില്പന നടത്തുന്നു. കിട്ടിയ വരുമാനം വീതിച്ചെടുത്ത ശേഷം ചേക്കു കോഴിക്കോട്ടേക്ക് വണ്ടി കയറി. രാമര്‍ തന്‍റെ വഴികാട്ടിയായ കുഞ്ഞി കേളുവിന്‍റെ സഹായത്താല്‍ കിട്ടിയ പണം ബാങ്കില്‍ നിക്ഷേപിക്കുന്നു. മനസ്സില്‍ ചിന്ത ഒന്നുമാത്രം അമ്മ കിടക്കുന്ന ഭൂമി സ്വന്തമാക്കണം.

                                              ഉപ്പ് സത്യാഗ്രഹവും ധര്‍ണ്ണയും പോലീസ് അറസ്റ്റുകളും തച്ചന്‍കുന്ന് ഗ്രാമത്തെയും നന്നായി ബാധിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതെല്ലാം ഡോക്ടറുടെ വീട്ടില്‍ വച്ചാണ്.രാമര്‍ കണ്ണച്ചന്‍റെ വീട്ടില്‍ കാര്യസ്ഥനായി നിയമിതനായി. കുറച്ചുകാലം കൊണ്ട് കണ്ണച്ചന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ എത്താന്‍ രാമര്‍ക്ക് കഴിഞ്ഞു. കോഴിക്കോട്ടെക്ക് കാളവണ്ടിയില്‍ തേങ്ങ കൊണ്ടു പോകുന്നതും അവിടെ വച്ച് തന്‍റെ പഴയ കൂട്ടുകാരന്‍ ചേക്കുവിനെ കാണുന്നതും വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്. ആ നാട്ടിലെ അറിയപ്പെടുന്ന തെങ്ങ് കയറ്റക്കാരനായ മൈനറുടെ ചില റോളുകള്‍ വായനക്കാര്‍ക്ക് ഒരു ഗ്രാമീണമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒരിക്കല്‍ ഡോക്ടറുടെ വീട്ടിലേക്ക് പോയ രാമറെ കുറച്ചുപേര്‍ വഴി തടഞ്ഞു കാരണം അതുവഴി വാഴുന്നോര്‍ വരുന്നു, ഇത്തരത്തിലുള്ള അനാചാരങ്ങള്‍ പലപ്പോഴും കേളുവുമായി രാമര്‍ ചര്‍ച്ച ചെയ്യാറുണ്ട്.
അപ്രതീക്ഷിതമായി പലതും തക്ഷന്‍കുന്നില്‍ സംഭവിച്ചുകൊണ്ടിരിന്നു. ചിരുകണ്ടനും രണ്ട് പെണ്മക്കളും ഭാര്യയും ബാങ്കിന്‍റെ മുന്നിലിരുന്നു കരയുന്നത് അവര്‍ കണ്ടത്. വാഴുന്നോര്‍ അവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു അതായിരുന്നു കാരണം. താഴ്ന്ന ജാതിക്കാരുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ പ്രായമായാല്‍ വാഴുന്നോരുടെ കുടുംബത്തിലെ ആണുങ്ങള്‍ അവരെ അടയാളം വയ്ക്കല്‍ എന്ന ഒരു പരിപാടിയുണ്ട് ( സംബന്ധം) അത് നടക്കാതെ വന്നാല്‍ അവരെ പുരയില്‍ നിന്ന് ഇറക്കിവിട്ട് വസ്തു ജന്മി കൈക്കലാക്കും. ചിരുകണ്ടന്‍റെ മകളുടെ ആത്മഹത്യ ഇത്തരം അനാചാരങ്ങള്‍ക്ക് എതിരെ ഒരു കാറ്റ് വീശാന്‍ കാരണമായി. കുതിരവണ്ടിയും കാളവണ്ടിയും മാത്രം ഉണ്ടായ തക്ഷന്‍കുന്നില്‍ ആദ്യമായി മദാമയുടെ ബസ് ഓടാന്‍ തുടങ്ങിയതും, താഴ്ന്ന  ജാതിയില്‍പ്പെട്ട മദാമ ബ്ലൌസ് ധരിക്കാന്‍ തുടങ്ങിയതും വലിയ ചര്‍ച്ചാവിഷയമായിരുന്നു.വാഴുന്നോരുടെ ക്രൂരതകള്‍ക്കെതിരെ നാട്ടില്‍ പല ചുവരെഴുത്തുകളും രഹസ്യമായ പ്രതിഷേധങ്ങളുമുണ്ടായി, ഇതിനെല്ലാം പിന്നില്‍ കുഞ്ഞിക്കേളുവായിരുന്നുവെന്ന കാര്യം രാമര്‍ക്ക് പോലും അറിയില്ലായിരുന്നു.നാട്ടിലെ പ്രായം ചെന്നവരുടെ ഇടയിലെ മദ്യപാനം നിര്‍ത്തലാക്കാന്‍ രാമര്‍ നടത്തുന്ന ഇടപെടലുകള്‍  നാട്ടില്‍ രാമറുടെ വ്യക്തിത്വം വര്‍ധിപ്പിച്ചു.വെള്ളക്കാര്‍ ഭഗത്സിങ്ങിനെ തൂക്കികൊന്നതൊക്കെ ആ ഗ്രാമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. താഴ്ന്ന ജാതിക്കാര്‍ക്ക് സ്കൂളില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട്  കേളപ്പജിയുടെനേതൃത്വത്തില്‍ നടന്ന സമരവും അതില്‍ ഗ്രാമവാസികള്‍ വിജയിക്കുന്നതും തച്ചന്‍ കുന്ന് സ്വദേശത്തിന് സാംസ്കാരികമായി പുതുജീവന്‍  കിട്ടിയ പോലെയായി.രാമറുടെ ജീവിത  യാത്രയില്‍  കണ്ടുമുട്ടിയ കല്യാണിയെന്ന പെണ്‍കുട്ടി  രാമറുടെ ചിന്തകളെ മാറ്റി മറിച്ചു.                                                                                                                                                                                                                                                                                                                                                                   മദാമയുടെ, നാട് വിട്ട് പോയി എന്ന് കരുതിയ മകന്‍ ഒരു പ്രഭാതത്തില്‍  തക്ഷന്‍കുന്ന് ദേശത്ത് വരുന്നു. രാവിലെ തോക്കുമായി വേട്ടക്ക് പോകുന്നവന്‍ നാട്ടുകാരുമായി വലിയ ലോഹ്യം കൂടില്ലായിരുന്നു.
പട്ടാളക്കാരന്‍ എന്ന പേരില്‍ നാട്ടിലെ പല പെണ്ണുങ്ങളുമായി അവിഹിതബന്ധത്തിലാവുകയും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കയും ചെയ്യുന്നു. മക്കള്‍ ഇല്ലായിരുന്ന വാര്യരുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കയും  വാര്യരുടെ ഭാര്യ പട്ടാളക്കാരന്‍റെ ഒരു കുഞ്ഞിനെ പ്രസവിക്കയും , അതിന്‍റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുന്നതുള്‍പ്പെടെയുള്ള പല സംഭവങ്ങളും തനിമയോട്‌ കൂടി അവതരിപ്പിച്ചിരിക്കുന്നു. മദാമ ചായ പീടികയില്‍ നിന്നും ബസില്‍ നിന്നും സമ്പാദിച്ച എല്ലാ പണവുമായി മകന്‍ വീണ്ടും നാട് വിടുന്നു. രാമറുടെ രണ്ടാനമ്മ മറ്റൊരു പുരുഷനുമായി പോകുന്നതോടെ ആ കുടുംബത്തിലും പ്രശ്നങ്ങള്‍ തല പൊക്കുന്നു. ഒരു ഗ്രാമത്തിന്‍റെയോ അതല്ല ഒരു നഗരത്തിന്‍റെയോ കഥകളില്‍ ഹിതവും അവിഹിതവുമായി പലതുമുണ്ടാകും
അത് നാളെ ചരിത്രമാകണമെങ്കില്‍ അത് ഒപ്പിയെടുക്കുന്ന തൂലിക സത്യസന്ധമാകണം.അതില്‍ യു കെ കുമാരന്‍ വിജയിച്ചിരിക്കുന്നു. ഗാന്ധിജിയുടെയും കേളപ്പജിയുടെയും  ആദര്‍ശങ്ങള്‍ക്ക് പിന്നാലെ  ഗ്രാമവാസികള്‍ അണിനിരന്നപോലെ സുഭാഷ് ചന്ദ്ര ബോസിന്‍റെ കൂടെ അണിനിരക്കാന്‍ തച്ചന്‍കുന്നില്‍ നിന്ന് കണാരന്‍ എന്ന ഒരു വ്യക്തി പോയ കാര്യം ഇതില്‍ പ്രതിപാദിക്കുന്നു.  ഡോക്ടറുടെ ഭാര്യയുടെ തിരോധാനത്തോടെ നാടിന്‍റെ നാഡിയായിരുന്ന ഡോക്ടര്‍ തച്ചന്‍കുന്ന്‍ സ്വദേശം വിട്ട് പോകുന്നു.
നാട്ടില്‍ പെട്ടെന്ന് ബാധിച്ച കുരിപ്പ് രോഗത്തിന്‍റെ അണുക്കള്‍ ഒത്തിരി ജീവന്‍ കവര്‍ന്നു, കൂടെ രാമറുടെ അച്ഛന്‍റെയും. വസൂരി ബാധിച്ച രോഗികളെ പ്രത്യകം ഒരു സ്ഥലത്ത് ആക്കി രാമറുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു, നാട്ടിലെ നല്ല ജീവന്‍ പലതും പോയ്‌ക്കഴിഞ്ഞു. കേളപ്പന്‍റെ ഇടപെടലുകളും കുഞ്ഞികേളുവിന്‍റെ ദീര്‍ഘദൃഷ്ടിയും തച്ചന്‍കുന്ന് ഗ്രാമത്തില്‍ ഒരു ഡിസ്പെന്‍സറി വരുവാന്‍ ഇടയാക്കി.

                                                                  രാമറുടെ മനസ്സില്‍ പതിഞ്ഞ കല്യാണിയെന്ന പെണ്‍കുട്ടിയെ തന്‍റെ ജീവിതത്തില്‍ എത്തും മുന്നേ അവളുടെ രക്ഷകര്‍ത്താക്കള്‍  അവളെ മറ്റൊരാള്‍ക്ക്‌ കല്യാണം കഴിപ്പിച്ച് കൊടുത്തു.ആത്മാര്‍ത്ഥമായ ആഗ്രഹങ്ങള്‍ പലപ്പോഴും നന്മയിലേക്കും ആഗ്രഹ സഫലീകരണത്തിലേക്കും നയിക്കാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. പ്രസവിക്കാന്‍ കഴിവില്ല എന്ന പേരില്‍ കല്യാണിയെ വീട്ടില്‍ തിരിച്ചെത്തിക്കുന്നു. കല്യാണിയെ സ്വന്തമാക്കുന്നതോടെ രാമറുടെ ജീവിതം പുതിയ വഴിത്തിരുവിലെത്തുന്നു.കല്യാണിയുടെ പ്രചോദനത്താല്‍ രാമര്‍ വായിക്കാനും എഴുതാനും പഠിക്കുന്നു. ഈ സമയത്താണ് രണ്ടാം ലോകമഹായുദ്ധം, പട്ടിണിയിലും ദാരിദ്ര്യത്തിലും ഉഴലുന്നവര്‍ക്ക് രാമറുടെ നേതൃത്വത്തില്‍ ഭക്ഷണം കൊടുക്കുന്നതും നാടിന്‍റെ രക്ഷകനായി രാമര്‍ മാറുന്നതും കാണാം. കുഞ്ഞുനാളുമുതലേ തന്‍റെ നിഴലായി കൂടെയുണ്ടായ കുഞ്ഞിക്കേളുവിന്‍റെ മരണം രാമറെ വല്ലാതെ തളര്‍ത്തി. കുഞ്ഞികേളുവിന്‍റെ അടക്കശേഷം രാമര്‍ വിഷാദ രോഗിയാകുന്നു. ഈ സമയത്തേക്കും രാമറിന്‍റെ വ്യവസായങ്ങള്‍  വളര്‍ന്നിരുന്നു. വെറും അടുക്കളയില്‍ മാത്രം ഒതുങ്ങി നിന്ന കല്യാണി രാമറിന്‍റെ കച്ചവടങ്ങള്‍ ഭംഗിയായി നടത്തുന്നു. സത്രീത്വത്തിന്‍റെ പ്രതീകമായി യു കെ കുമാരന്‍ ഉയര്‍ത്തികാട്ടുന്ന സ്ത്രീ കല്യാണിയാണ്. ഒരു സാഹചര്യത്തില്‍ കിണറ്റില്‍ വീണ തന്‍റെ കുഞ്ഞിന്‍റെ അടുത്തിരുന്ന രാമര്‍ക്ക് തന്‍റെ നഷ്ടപ്പെട്ട കഴിവുകള്‍ തിരിച്ചു കിട്ടുന്നു. നാട്ടില്‍ വീണ്ടും  നടന്ന ആഘോഷപൂര്‍വ്വമായ ആറാട്ടില്‍  ഓല  മേഞ്ഞ സ്റ്റാളുകള്‍ക്ക് തീ പിടിക്കുന്നു. അതിനകത്ത് അകപ്പെട്ട കുഞ്ഞുങ്ങളുടെ    അമ്മയുടെ രോദനം  രാമാറെ  തീയിലേക്ക്   ചാടാന്‍  പ്രേരിപ്പിച്ചു.   കുഞ്ഞുങ്ങളെ      രക്ഷപ്പെടുത്തിയ   രാമര്‍ക്ക്  നഷ്ട്ടമായാത് ഒരു   കണ്ണ്   ആയിരുന്നു.
                                                         
                                                       ഒരു കണ്ണ് കൊണ്ട് ലോകത്തെ കാണാനായിരുന്നു പിന്നെ രാമറുടെ യോഗം. തന്‍റെ അഭിലാഷം പോലെ അമ്മയുറങ്ങുന്ന മണ്ണ് വാങ്ങി, പട്ടിണിയില്‍ തുടങ്ങി പണക്കരാനായ നല്ല  മനുഷ്യന്‍ രാമര്‍, തച്ചന്‍കുന്ന് ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍, തന്‍റെ ഒറ്റക്കണ്ണിലൂടെ കാണുന്നു ഒരു പാട് മാറി പോയ തന്‍റെ ഗ്രാമം.കല്യാണി പോയി, കണ്ണച്ചന്‍ പോയി, മൈനര്‍ പോയി, കുഞ്ഞികേളു പോയി,  തന്‍റെ വലിയ വീട് വിട്ട് താന്‍ വളര്‍ന്ന ചാണകം തേച്ച കോലായില്‍ പിന്നെ തന്‍റെ അച്ഛനും അമ്മയും ഇരുന്നിടത്ത് ഇരുന്നു പിന്നെ തല തെക്കോട്ട് വച്ച് കിടന്നു പിന്നെ ഈ പ്രപഞ്ചത്തിന്‍റെ ഭാഗമായി---------------..

മരുപ്പച്ച




         




ഇടവപ്പാതി

             
വിരിയുന്നിതാ മഴവില്ല്  നഭസില്‍
നൃത്തമാടുന്നു പഞ്ചമങ്ങള്‍ ശോഭയില്‍
ധരണിക്കു പൂണാരം ചാര്‍ത്തുന്നു മേഘം
പുളകിതയാകുന്നു പുല്‍നാമ്പുകളും

കാര്‍മേഘങ്ങള്‍ പാളിയായ് മൂടിടുമ്പോള്‍
കീനാശനന്മാര്‍ ആമോദം പുല്‍കിടുന്നു
താളവും മേളവും കൂട്ടിക്കുഴച്ചിതാ
കാരാളര്‍ കൈദാരകം ഒരുക്കീടുന്നു

മുളച്ചും തളിര്‍ത്തും സസ്യലതാതികള്‍
മുകുളം വല്ലരി   പലവിധമായി
പൂമ്പൊടി പൂന്തേന്‍ പരാഗണമായി
സുന്ദരം കാനനം ഇടവപ്പാതിയാല്‍


മഹീജം കാറ്റത്ത്‌ ആടിയുലയുന്നു
ശാഖകള്‍ വേരുകള്‍ തെന്നിമറയുന്നു
പക്ഷിയും മക്ഷിയും കൂടുകള്‍ തേടുന്നു
ഭാവവും രൂപവും മാറി മറിയുന്നു

മനവും തനുവും നിറഞ്ഞുകവിഞ്ഞു
കടലും വനവും പൊട്ടിച്ചിരിക്കുന്നു
സൂര്യനും മേഘവും മാറി മറയുന്നു
ആതപം തേടുന്നു പതംഗകുഞ്ഞുങ്ങള്‍


അരുണ കിരണം തുരക്കും  കൂരകള്‍
കമ്പളം  കൊടുംകാറ്റിനാല്‍ മാറിടുമ്പോള്‍
നിലയം ഭവനം ഇടവപ്പാതിയില്‍
നിസ്വനും ശ്വനനും പെരുവഴിയാവും-

മരുപ്പച്ച








2017, ജൂൺ 5, തിങ്കളാഴ്‌ച

വേനല്‍

                                                         
കാതങ്ങള്‍ താണ്ടുവാന്‍ വെമ്പുന്ന മാനുഷര്‍
വേനലില്‍ ചൂടിനാല്‍ കുഴഞ്ഞു വീഴുന്നു
ഉച്ചിയില്‍ പതിക്കുന്ന സൂര്യനെ നോക്കി
ഉന്മേഷവാനാകാന്‍ കഴിയാതെ കൂട്ടര്‍

പൂവായ് കനിയായ് കൊഴിയേണ്ട തളിരുകള്‍
ആതപ താപത്താല്‍ കരിഞ്ഞുണങ്ങുന്നു
പക്ഷം കരിഞ്ഞൊരാ  പക്ഷിക്കൂട്ടവും
വാല്മീകത്തിലേ കരിയുന്ന ശലഭങ്ങളും

കാടായ കാടെല്ലാം വെട്ടിയൊതുക്കി
കാടിന്‍റെ മക്കളെ നാട്ടിലാക്കി--
ആവാസവ്യവസ്ഥക്ക് ഭംഗം വരുത്തിയോര്‍
വേനലില്‍ ചൂടിനാക്കം കൂട്ടി

ബാഷ്പീകരിക്കുന്നു കണ്ണുനീര്‍ തുള്ളികള്‍
ബാഷ്പമാകാതെ ഹൃദയവ്യഥകളും
വെയിലേറ്റു വാടുന്ന ജീവനെക്കാളേറെ
വ്യഥയോര്‍ത്തു കൊഴിയുന്ന ജീവിതമേറെ

ധരണിക്ക് കഞ്ചുകമായൊരു കമ്പളം
ലാഭകൊതിയന്മാര്‍ ഉരിഞ്ഞു മാറ്റി
ധരണിയെ നഗ്നമാക്കിയപോലിവര്‍
നാരിക്ക് പിന്നാലെ പാഞ്ഞിടുന്നു

ഉരഗത്തിന്‍  ശല്ക്കങ്ങളുരുകുന്നു വേനലില്‍
ഉരിയാടാകാലികള്‍ വെന്തു നീറുന്നു
നീഹാരകുളിരില്‍ തളിര്‍ത്തോരാ തൃണമിന്ന്
നീര്‍കുമിളപോല്‍ മണ്‍മറയുന്നു


മരുപ്പച്ച




ആരണ്യകം

           
           
ആരണ്യമേ നിനക്ക് തിലകക്കുറി ചാര്‍ത്തിയാ
കുഞ്ഞു കാട്ടാറുകളിന്ന്‍ കേഴുന്നുവോ
അരുണനെ മറച്ച് കണ്ണുപൊത്തി കളിച്ചൊരു
ഇലച്ചാര്‍ത്തുകളെങ്ങോ പോയി മറഞ്ഞു !

 കലമാനും  ചെമ്പോത്തും കൂമനും കുരങ്ങനും
കലപില കൂട്ടിയ കാനനമിന്നുറങ്ങിയോ
കളകുജനം  പാടിയാ കുരുവികളിന്ന്‍
പാട്ടിന്‍റെ താളം മറന്നു പോയോ

വരുണന് വിരുന്നേകി കാനനം ചുട്ടവര്‍
മനുജന്‍റെ ചിതക്കായി വഴിയൊരുക്കി
ശൂലം പതിച്ചൊരു മാന്‍പേട പോലിതാ
പാലായനത്തിലായി നാല്‍ക്കാലികള്‍

തപസ്സിനിടം തേടി താപസരലയുന്നു
അമൂല്യമാം കാനനം ഓര്‍മ്മയായോ
വേദങ്ങളുരുവായ ആരണ്യമേ നീ            
അകാല മൃത്യുവിലാണ്ടു പോയോ ?

കാട്ടിലെ മക്കള്‍ നാട്ടിലിറങ്ങുന്നു
കാട്ടിലെ ജീവിതം കഷ്ടമായോ !
പാമ്പിന്‍റെ മാളത്തില്‍ കൈയിട്ട് മാനവന്‍
പാമ്പിനെ പോലും വിറ്റഴിച്ചു

അകലങ്ങളിലെങ്ങോ കേള്‍ക്കുന്നു രോദനം
വസന്തവും ശൈത്യവും മാറിമറിയുന്നു
വറുതിയേറുന്ന നാളുകളിന്നിതാ
ഉമ്മറകോലായില്‍ മുട്ടിവിളിക്കുന്നു  !

മരുപ്പച്ച