ആരണ്യമേ നിനക്ക് തിലകക്കുറി ചാര്‍ത്തിയാ
കുഞ്ഞു കാട്ടാറുകളിന്ന്‍ കേഴുന്നുവോ
അരുണനെ മറച്ച് കണ്ണുപൊത്തി കളിച്ചൊരു
ഇലച്ചാര്‍ത്തുകളെങ്ങോ പോയി മറഞ്ഞു !
കലമാനും ചെമ്പോത്തും കൂമനും കുരങ്ങനും
കലപില കൂട്ടിയ കാനനമിന്നുറങ്ങിയോ
കളകുജനം പാടിയാ കുരുവികളിന്ന്‍
പാട്ടിന്‍റെ താളം മറന്നു പോയോ
വരുണന് വിരുന്നേകി കാനനം ചുട്ടവര്‍
മനുജന്‍റെ ചിതക്കായി വഴിയൊരുക്കി
ശൂലം പതിച്ചൊരു മാന്‍പേട പോലിതാ
പാലായനത്തിലായി നാല്‍ക്കാലികള്‍
തപസ്സിനിടം തേടി താപസരലയുന്നു
അമൂല്യമാം കാനനം ഓര്‍മ്മയായോ
വേദങ്ങളുരുവായ ആരണ്യമേ നീ
അകാല മൃത്യുവിലാണ്ടു പോയോ ?
കാട്ടിലെ മക്കള്‍ നാട്ടിലിറങ്ങുന്നു
കാട്ടിലെ ജീവിതം കഷ്ടമായോ !
പാമ്പിന്‍റെ മാളത്തില്‍ കൈയിട്ട് മാനവന്‍
പാമ്പിനെ പോലും വിറ്റഴിച്ചു
അകലങ്ങളിലെങ്ങോ കേള്‍ക്കുന്നു രോദനം
വസന്തവും ശൈത്യവും മാറിമറിയുന്നു
വറുതിയേറുന്ന നാളുകളിന്നിതാ
ഉമ്മറകോലായില്‍ മുട്ടിവിളിക്കുന്നു !
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ