2017, ജൂൺ 24, ശനിയാഴ്‌ച

തക്ഷന്‍കുന്ന് സ്വരൂപം-യു കെ കുമാരന്‍

           
                
ഒരു ദേശത്തിന്‍റെ ജീവിതം അവരുടെ സംസ്കാരം നാളെ ചരിത്രമായി മാറിയേക്കാവുന്ന വസ്തുതകള്‍  അത് ഒപ്പിയെടുക്കുമ്പോള്‍ അതില്‍ കഥയുണ്ടാകാം ചരിത്രമുണ്ടാകാം കാവ്യാത്മകതയുണ്ടാകാം. ഇത് എല്ലാം ചേര്‍ന്ന ഒരു ജീവിതരീതിയെ അല്ലെങ്കില്‍ സംസ്കാരത്തെ താളുകളില്‍, അല്ലെങ്കില്‍ മറ്റൊരാളുടെ ഹൃദയത്തില്‍ എത്തിക്കുമ്പോള്‍മ്പോള്‍ അതൊരു ചരിത്രമായി മാറുന്നു. തക്ഷന്‍കുന്ന് എന്ന ഗ്രാമത്തിന്‍റെ സ്പന്ദനങ്ങള്‍ അതേപടി ഒപ്പിയെടുക്കുമ്പോള്‍ അതിന്‍റെ വൈകാരികവും സത്യസന്ധവുമായ അനുഭവങ്ങള്‍ ചേര്‍ക്കേണ്ടതായിട്ടുണ്ട് അതില്‍ യു കെ കുമാരന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ അലയടികള്‍ ഭാരതത്തിന്‍റെ ഒരു കോണില്‍ എത്രത്തോളം ഭംഗിയായി അലയടിച്ചിരുന്നുവെന്നും, വര്‍ത്തമാനകാലത്തില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോയ  പ്രതികരണശേഷിക്ക് മറുപടിയായി  സ്ത്രീത്വത്തിന് പര്യായമായി ചൂണ്ടികാട്ടുന്ന മദാമയെന്ന ചായക്കടക്കാരിയും, കല്യാണിയെന്ന സ്ത്രീയും ഈ കഥയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്.രാമര്‍ എന്ന കുട്ടിയിലൂടെ തുടങ്ങുന്ന കഥ അവസാനിക്കും വരെയും എല്ലാത്തിനും മൂകസാക്ഷിയായി നില്ക്കുന്ന ചെമ്പകം, കുട്ടിയായിരുന്നപ്പോള്‍ അതിനുചുറ്റും ഓടികളിച്ചിരുന്ന രാമര്‍ വയസ്സാകുമ്പോള്‍ അതിന്‍റെ ചുവട്ടില്‍ നിന്ന് ഒരു ചെമ്പകപൂവ് എടുക്കുന്നു, ഗ്രാമത്തിലെ  പ്രമാണിയായികഴിഞ്ഞിരുന്ന രാമറിനോട് ഒരു കുട്ടി ചോദിക്കുന്നു അങ്ങ് ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എത്ര പൂവ് വേണമെങ്കിലും വീട്ടില്‍ എത്തിക്കുമായിരുന്നല്ലോ ! ആധുനികയുഗത്തിലെ മലയാളിയുടെ ഉപഭോഗ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ കാണാം.

                                              അയ്യാപട്ടരുടെ ബാങ്കും , രജിസ്റ്റാര്‍ ആഫീസും , കോടതിയും,മദാമയുടെ ചായപീടികയും, കുഞ്ഞികേളുവിന്‍റെ തയ്യല്‍ കടയും, ഒരു ചെറിയ ചന്തയുമാണ്  തച്ചന്‍കുന്നിലെ പറയത്തക്ക സ്ഥാപനങ്ങള്‍. പെരിയവരുടെ മകളെ സ്കൂളില്‍ വച്ച് അധിക്ഷേപിച്ചതന് പിതാവില്‍ നിന്ന് പൊതിരെ തല്ല് കിട്ടി വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട്  ഒരു രാത്രി മുഴുവല്‍ ഇടവഴിയില്‍ കുറുകെയിട്ട മുളയുടെ പാലത്തില്‍ കിടന്ന് ആകാശത്തിലേക്ക് നോക്കി ഉറങ്ങിയ രാമര്‍ ആണ് ഈ കഥയിലെ പ്രധാന ബിന്ദു. സ്കൂളില്‍ പെരിയവരുടെ മകള്‍ക്ക് പ്രത്യേക ഇരിപ്പിടമാണ് അവള്‍ക്ക് ആരെയും കളിയാക്കാം, നിഷ്കളങ്കനായ രാമര്‍ക്ക് വലിപ്പ ചെരുപ്പ വ്യത്യാസങ്ങള്‍ അറിയില്ല, കരിങ്കുരങ്ങെ എന്ന സ്ഥിരം വിളി രാമര്‍ക്ക് അസഹനീയമായിരുന്നു.
ഇനിയെന്തായാലും ആ സ്കൂളിലെക്കില്ലയെന്ന്‍ രാമര്‍ തീരുമാനിച്ചു.അമ്മ മരിച്ചു പോയതിന് ശേഷം വന്ന രണ്ടാനമ്മ  തന്നെ ക്രൂരമായി തല്ലിയ അച്ഛന്‍, ആരെയും ആശ്രയികാതെ ജീവിക്കണം ഇതൊക്കെ പറയാന്‍ തനിക്കുള്ള ഏക കൂട്ട് കുഞ്ഞികേളു മാത്രേയുള്ളൂ. മദാമയുടെയും കുഞ്ഞികേളുവിന്‍റെയും സഹായത്താല്‍ ഇമ്പിച്ചിയുടെ കുതിരലായത്തില്‍ ജോലി കിട്ടി, പണ്ടേ രാമര്‍ക്ക് കുതിരകളെ വളരെ ഇഷ്ടമായിരുന്നു അതാവാം കുതിരയുമായുള്ള തന്‍റെ ബന്ധം ശക്തമാവുകയും ആ ജോലിയില്‍ നന്നായി ശോഭിക്കാനും കഴിഞ്ഞത്.
സ്വതന്ത്ര്യസമരം നാടൊട്ടൊക്ക് അലയടിക്കുന്ന സമയമായിരുന്നു. കേരളഗാന്ധി കേളപ്പജിയുടെ നിര്‍ദ്ദേശപ്രകാരം അവിടെ സേവനത്തിന് വന്ന ശ്രീധര്‍ ഡോക്ടര്‍ അവര്‍ക്ക് ദൈവതുല്യന്‍ ആയിരുന്നു. ഡോക്ടറുടെ  സേവനം അയാളുടെ ഭാര്യയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. കുതിരലായത്തില്‍ ജോലി ചെയ്യുമ്പോഴും രാമറുടെ മനസ്സില്‍ എപ്പോഴും ഒരു വേദന തളം കെട്ടികിടപ്പുണ്ടായിരുന്നു. തന്‍റെ അമ്മയുടെ ശരീരം അടക്കം ചെയ്തത് അച്ചന്‍റെ  സുഹൃത്തായ കണ്ണച്ചന്‍റെ പറമ്പിലാണ് അത് സ്വന്തമാക്കണം, അതിന്ഈ  ജോലിയൊന്നും പോരാ ! നാട്ടില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ആറാട്ട്‌ അടുത്തു. ആറാട്ടിന് ഒത്തിരി കന്നുകാലികളെ കൊണ്ട് വരാറുണ്ട് ആ നാട്ടിലെ വലിയ ഉത്സവം ആണത്. സുഹൃത്തായ ചേക്കുവുമായി ചേര്‍ന്ന് ആറാട്ടിന് എത്തുന്ന കാലികളുടെ ചാണകം  ശേഖരിച്ച് വില്പന നടത്തുന്നു. കിട്ടിയ വരുമാനം വീതിച്ചെടുത്ത ശേഷം ചേക്കു കോഴിക്കോട്ടേക്ക് വണ്ടി കയറി. രാമര്‍ തന്‍റെ വഴികാട്ടിയായ കുഞ്ഞി കേളുവിന്‍റെ സഹായത്താല്‍ കിട്ടിയ പണം ബാങ്കില്‍ നിക്ഷേപിക്കുന്നു. മനസ്സില്‍ ചിന്ത ഒന്നുമാത്രം അമ്മ കിടക്കുന്ന ഭൂമി സ്വന്തമാക്കണം.

                                              ഉപ്പ് സത്യാഗ്രഹവും ധര്‍ണ്ണയും പോലീസ് അറസ്റ്റുകളും തച്ചന്‍കുന്ന് ഗ്രാമത്തെയും നന്നായി ബാധിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതെല്ലാം ഡോക്ടറുടെ വീട്ടില്‍ വച്ചാണ്.രാമര്‍ കണ്ണച്ചന്‍റെ വീട്ടില്‍ കാര്യസ്ഥനായി നിയമിതനായി. കുറച്ചുകാലം കൊണ്ട് കണ്ണച്ചന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ എത്താന്‍ രാമര്‍ക്ക് കഴിഞ്ഞു. കോഴിക്കോട്ടെക്ക് കാളവണ്ടിയില്‍ തേങ്ങ കൊണ്ടു പോകുന്നതും അവിടെ വച്ച് തന്‍റെ പഴയ കൂട്ടുകാരന്‍ ചേക്കുവിനെ കാണുന്നതും വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്. ആ നാട്ടിലെ അറിയപ്പെടുന്ന തെങ്ങ് കയറ്റക്കാരനായ മൈനറുടെ ചില റോളുകള്‍ വായനക്കാര്‍ക്ക് ഒരു ഗ്രാമീണമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒരിക്കല്‍ ഡോക്ടറുടെ വീട്ടിലേക്ക് പോയ രാമറെ കുറച്ചുപേര്‍ വഴി തടഞ്ഞു കാരണം അതുവഴി വാഴുന്നോര്‍ വരുന്നു, ഇത്തരത്തിലുള്ള അനാചാരങ്ങള്‍ പലപ്പോഴും കേളുവുമായി രാമര്‍ ചര്‍ച്ച ചെയ്യാറുണ്ട്.
അപ്രതീക്ഷിതമായി പലതും തക്ഷന്‍കുന്നില്‍ സംഭവിച്ചുകൊണ്ടിരിന്നു. ചിരുകണ്ടനും രണ്ട് പെണ്മക്കളും ഭാര്യയും ബാങ്കിന്‍റെ മുന്നിലിരുന്നു കരയുന്നത് അവര്‍ കണ്ടത്. വാഴുന്നോര്‍ അവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു അതായിരുന്നു കാരണം. താഴ്ന്ന ജാതിക്കാരുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ പ്രായമായാല്‍ വാഴുന്നോരുടെ കുടുംബത്തിലെ ആണുങ്ങള്‍ അവരെ അടയാളം വയ്ക്കല്‍ എന്ന ഒരു പരിപാടിയുണ്ട് ( സംബന്ധം) അത് നടക്കാതെ വന്നാല്‍ അവരെ പുരയില്‍ നിന്ന് ഇറക്കിവിട്ട് വസ്തു ജന്മി കൈക്കലാക്കും. ചിരുകണ്ടന്‍റെ മകളുടെ ആത്മഹത്യ ഇത്തരം അനാചാരങ്ങള്‍ക്ക് എതിരെ ഒരു കാറ്റ് വീശാന്‍ കാരണമായി. കുതിരവണ്ടിയും കാളവണ്ടിയും മാത്രം ഉണ്ടായ തക്ഷന്‍കുന്നില്‍ ആദ്യമായി മദാമയുടെ ബസ് ഓടാന്‍ തുടങ്ങിയതും, താഴ്ന്ന  ജാതിയില്‍പ്പെട്ട മദാമ ബ്ലൌസ് ധരിക്കാന്‍ തുടങ്ങിയതും വലിയ ചര്‍ച്ചാവിഷയമായിരുന്നു.വാഴുന്നോരുടെ ക്രൂരതകള്‍ക്കെതിരെ നാട്ടില്‍ പല ചുവരെഴുത്തുകളും രഹസ്യമായ പ്രതിഷേധങ്ങളുമുണ്ടായി, ഇതിനെല്ലാം പിന്നില്‍ കുഞ്ഞിക്കേളുവായിരുന്നുവെന്ന കാര്യം രാമര്‍ക്ക് പോലും അറിയില്ലായിരുന്നു.നാട്ടിലെ പ്രായം ചെന്നവരുടെ ഇടയിലെ മദ്യപാനം നിര്‍ത്തലാക്കാന്‍ രാമര്‍ നടത്തുന്ന ഇടപെടലുകള്‍  നാട്ടില്‍ രാമറുടെ വ്യക്തിത്വം വര്‍ധിപ്പിച്ചു.വെള്ളക്കാര്‍ ഭഗത്സിങ്ങിനെ തൂക്കികൊന്നതൊക്കെ ആ ഗ്രാമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. താഴ്ന്ന ജാതിക്കാര്‍ക്ക് സ്കൂളില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട്  കേളപ്പജിയുടെനേതൃത്വത്തില്‍ നടന്ന സമരവും അതില്‍ ഗ്രാമവാസികള്‍ വിജയിക്കുന്നതും തച്ചന്‍ കുന്ന് സ്വദേശത്തിന് സാംസ്കാരികമായി പുതുജീവന്‍  കിട്ടിയ പോലെയായി.രാമറുടെ ജീവിത  യാത്രയില്‍  കണ്ടുമുട്ടിയ കല്യാണിയെന്ന പെണ്‍കുട്ടി  രാമറുടെ ചിന്തകളെ മാറ്റി മറിച്ചു.                                                                                                                                                                                                                                                                                                                                                                   മദാമയുടെ, നാട് വിട്ട് പോയി എന്ന് കരുതിയ മകന്‍ ഒരു പ്രഭാതത്തില്‍  തക്ഷന്‍കുന്ന് ദേശത്ത് വരുന്നു. രാവിലെ തോക്കുമായി വേട്ടക്ക് പോകുന്നവന്‍ നാട്ടുകാരുമായി വലിയ ലോഹ്യം കൂടില്ലായിരുന്നു.
പട്ടാളക്കാരന്‍ എന്ന പേരില്‍ നാട്ടിലെ പല പെണ്ണുങ്ങളുമായി അവിഹിതബന്ധത്തിലാവുകയും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കയും ചെയ്യുന്നു. മക്കള്‍ ഇല്ലായിരുന്ന വാര്യരുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കയും  വാര്യരുടെ ഭാര്യ പട്ടാളക്കാരന്‍റെ ഒരു കുഞ്ഞിനെ പ്രസവിക്കയും , അതിന്‍റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുന്നതുള്‍പ്പെടെയുള്ള പല സംഭവങ്ങളും തനിമയോട്‌ കൂടി അവതരിപ്പിച്ചിരിക്കുന്നു. മദാമ ചായ പീടികയില്‍ നിന്നും ബസില്‍ നിന്നും സമ്പാദിച്ച എല്ലാ പണവുമായി മകന്‍ വീണ്ടും നാട് വിടുന്നു. രാമറുടെ രണ്ടാനമ്മ മറ്റൊരു പുരുഷനുമായി പോകുന്നതോടെ ആ കുടുംബത്തിലും പ്രശ്നങ്ങള്‍ തല പൊക്കുന്നു. ഒരു ഗ്രാമത്തിന്‍റെയോ അതല്ല ഒരു നഗരത്തിന്‍റെയോ കഥകളില്‍ ഹിതവും അവിഹിതവുമായി പലതുമുണ്ടാകും
അത് നാളെ ചരിത്രമാകണമെങ്കില്‍ അത് ഒപ്പിയെടുക്കുന്ന തൂലിക സത്യസന്ധമാകണം.അതില്‍ യു കെ കുമാരന്‍ വിജയിച്ചിരിക്കുന്നു. ഗാന്ധിജിയുടെയും കേളപ്പജിയുടെയും  ആദര്‍ശങ്ങള്‍ക്ക് പിന്നാലെ  ഗ്രാമവാസികള്‍ അണിനിരന്നപോലെ സുഭാഷ് ചന്ദ്ര ബോസിന്‍റെ കൂടെ അണിനിരക്കാന്‍ തച്ചന്‍കുന്നില്‍ നിന്ന് കണാരന്‍ എന്ന ഒരു വ്യക്തി പോയ കാര്യം ഇതില്‍ പ്രതിപാദിക്കുന്നു.  ഡോക്ടറുടെ ഭാര്യയുടെ തിരോധാനത്തോടെ നാടിന്‍റെ നാഡിയായിരുന്ന ഡോക്ടര്‍ തച്ചന്‍കുന്ന്‍ സ്വദേശം വിട്ട് പോകുന്നു.
നാട്ടില്‍ പെട്ടെന്ന് ബാധിച്ച കുരിപ്പ് രോഗത്തിന്‍റെ അണുക്കള്‍ ഒത്തിരി ജീവന്‍ കവര്‍ന്നു, കൂടെ രാമറുടെ അച്ഛന്‍റെയും. വസൂരി ബാധിച്ച രോഗികളെ പ്രത്യകം ഒരു സ്ഥലത്ത് ആക്കി രാമറുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു, നാട്ടിലെ നല്ല ജീവന്‍ പലതും പോയ്‌ക്കഴിഞ്ഞു. കേളപ്പന്‍റെ ഇടപെടലുകളും കുഞ്ഞികേളുവിന്‍റെ ദീര്‍ഘദൃഷ്ടിയും തച്ചന്‍കുന്ന് ഗ്രാമത്തില്‍ ഒരു ഡിസ്പെന്‍സറി വരുവാന്‍ ഇടയാക്കി.

                                                                  രാമറുടെ മനസ്സില്‍ പതിഞ്ഞ കല്യാണിയെന്ന പെണ്‍കുട്ടിയെ തന്‍റെ ജീവിതത്തില്‍ എത്തും മുന്നേ അവളുടെ രക്ഷകര്‍ത്താക്കള്‍  അവളെ മറ്റൊരാള്‍ക്ക്‌ കല്യാണം കഴിപ്പിച്ച് കൊടുത്തു.ആത്മാര്‍ത്ഥമായ ആഗ്രഹങ്ങള്‍ പലപ്പോഴും നന്മയിലേക്കും ആഗ്രഹ സഫലീകരണത്തിലേക്കും നയിക്കാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. പ്രസവിക്കാന്‍ കഴിവില്ല എന്ന പേരില്‍ കല്യാണിയെ വീട്ടില്‍ തിരിച്ചെത്തിക്കുന്നു. കല്യാണിയെ സ്വന്തമാക്കുന്നതോടെ രാമറുടെ ജീവിതം പുതിയ വഴിത്തിരുവിലെത്തുന്നു.കല്യാണിയുടെ പ്രചോദനത്താല്‍ രാമര്‍ വായിക്കാനും എഴുതാനും പഠിക്കുന്നു. ഈ സമയത്താണ് രണ്ടാം ലോകമഹായുദ്ധം, പട്ടിണിയിലും ദാരിദ്ര്യത്തിലും ഉഴലുന്നവര്‍ക്ക് രാമറുടെ നേതൃത്വത്തില്‍ ഭക്ഷണം കൊടുക്കുന്നതും നാടിന്‍റെ രക്ഷകനായി രാമര്‍ മാറുന്നതും കാണാം. കുഞ്ഞുനാളുമുതലേ തന്‍റെ നിഴലായി കൂടെയുണ്ടായ കുഞ്ഞിക്കേളുവിന്‍റെ മരണം രാമറെ വല്ലാതെ തളര്‍ത്തി. കുഞ്ഞികേളുവിന്‍റെ അടക്കശേഷം രാമര്‍ വിഷാദ രോഗിയാകുന്നു. ഈ സമയത്തേക്കും രാമറിന്‍റെ വ്യവസായങ്ങള്‍  വളര്‍ന്നിരുന്നു. വെറും അടുക്കളയില്‍ മാത്രം ഒതുങ്ങി നിന്ന കല്യാണി രാമറിന്‍റെ കച്ചവടങ്ങള്‍ ഭംഗിയായി നടത്തുന്നു. സത്രീത്വത്തിന്‍റെ പ്രതീകമായി യു കെ കുമാരന്‍ ഉയര്‍ത്തികാട്ടുന്ന സ്ത്രീ കല്യാണിയാണ്. ഒരു സാഹചര്യത്തില്‍ കിണറ്റില്‍ വീണ തന്‍റെ കുഞ്ഞിന്‍റെ അടുത്തിരുന്ന രാമര്‍ക്ക് തന്‍റെ നഷ്ടപ്പെട്ട കഴിവുകള്‍ തിരിച്ചു കിട്ടുന്നു. നാട്ടില്‍ വീണ്ടും  നടന്ന ആഘോഷപൂര്‍വ്വമായ ആറാട്ടില്‍  ഓല  മേഞ്ഞ സ്റ്റാളുകള്‍ക്ക് തീ പിടിക്കുന്നു. അതിനകത്ത് അകപ്പെട്ട കുഞ്ഞുങ്ങളുടെ    അമ്മയുടെ രോദനം  രാമാറെ  തീയിലേക്ക്   ചാടാന്‍  പ്രേരിപ്പിച്ചു.   കുഞ്ഞുങ്ങളെ      രക്ഷപ്പെടുത്തിയ   രാമര്‍ക്ക്  നഷ്ട്ടമായാത് ഒരു   കണ്ണ്   ആയിരുന്നു.
                                                         
                                                       ഒരു കണ്ണ് കൊണ്ട് ലോകത്തെ കാണാനായിരുന്നു പിന്നെ രാമറുടെ യോഗം. തന്‍റെ അഭിലാഷം പോലെ അമ്മയുറങ്ങുന്ന മണ്ണ് വാങ്ങി, പട്ടിണിയില്‍ തുടങ്ങി പണക്കരാനായ നല്ല  മനുഷ്യന്‍ രാമര്‍, തച്ചന്‍കുന്ന് ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍, തന്‍റെ ഒറ്റക്കണ്ണിലൂടെ കാണുന്നു ഒരു പാട് മാറി പോയ തന്‍റെ ഗ്രാമം.കല്യാണി പോയി, കണ്ണച്ചന്‍ പോയി, മൈനര്‍ പോയി, കുഞ്ഞികേളു പോയി,  തന്‍റെ വലിയ വീട് വിട്ട് താന്‍ വളര്‍ന്ന ചാണകം തേച്ച കോലായില്‍ പിന്നെ തന്‍റെ അച്ഛനും അമ്മയും ഇരുന്നിടത്ത് ഇരുന്നു പിന്നെ തല തെക്കോട്ട് വച്ച് കിടന്നു പിന്നെ ഈ പ്രപഞ്ചത്തിന്‍റെ ഭാഗമായി---------------..

മരുപ്പച്ച




         




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ