2017, ജൂൺ 24, ശനിയാഴ്‌ച

ഇടവപ്പാതി

             
വിരിയുന്നിതാ മഴവില്ല്  നഭസില്‍
നൃത്തമാടുന്നു പഞ്ചമങ്ങള്‍ ശോഭയില്‍
ധരണിക്കു പൂണാരം ചാര്‍ത്തുന്നു മേഘം
പുളകിതയാകുന്നു പുല്‍നാമ്പുകളും

കാര്‍മേഘങ്ങള്‍ പാളിയായ് മൂടിടുമ്പോള്‍
കീനാശനന്മാര്‍ ആമോദം പുല്‍കിടുന്നു
താളവും മേളവും കൂട്ടിക്കുഴച്ചിതാ
കാരാളര്‍ കൈദാരകം ഒരുക്കീടുന്നു

മുളച്ചും തളിര്‍ത്തും സസ്യലതാതികള്‍
മുകുളം വല്ലരി   പലവിധമായി
പൂമ്പൊടി പൂന്തേന്‍ പരാഗണമായി
സുന്ദരം കാനനം ഇടവപ്പാതിയാല്‍


മഹീജം കാറ്റത്ത്‌ ആടിയുലയുന്നു
ശാഖകള്‍ വേരുകള്‍ തെന്നിമറയുന്നു
പക്ഷിയും മക്ഷിയും കൂടുകള്‍ തേടുന്നു
ഭാവവും രൂപവും മാറി മറിയുന്നു

മനവും തനുവും നിറഞ്ഞുകവിഞ്ഞു
കടലും വനവും പൊട്ടിച്ചിരിക്കുന്നു
സൂര്യനും മേഘവും മാറി മറയുന്നു
ആതപം തേടുന്നു പതംഗകുഞ്ഞുങ്ങള്‍


അരുണ കിരണം തുരക്കും  കൂരകള്‍
കമ്പളം  കൊടുംകാറ്റിനാല്‍ മാറിടുമ്പോള്‍
നിലയം ഭവനം ഇടവപ്പാതിയില്‍
നിസ്വനും ശ്വനനും പെരുവഴിയാവും-

മരുപ്പച്ച








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ