തുലാവര്‍ഷം കോരിച്ചൊരിയുമൊരുനാളില്‍
തിരക്കേറും സത്രത്തില്‍ കണ്ടുഞാനെന്‍ സോദരനെ
മുഷിഞ്ഞൊരു വസ്ത്രവും നീട്ടിയ ദീക്ഷയും
അലക്ഷ്യമായിപ്പറക്കും തലമുടിയും
ചിന്താശേഷി നഷ്ടപ്പെട്ടൊരുമനുഷ്യകോലം
ചടഞ്ഞിരിക്കുന്നു തിരക്കേറുമീ സത്രത്തില്‍
മഴയൊന്നു ശമിച്ചനേരം സത്രത്തില്‍
നിന്നവര്‍ കൊഴിഞ്ഞു ഓരോന്നായി
അവസാനമീസത്രത്തിലവശേഷിച്ചു
ഞാനെന്നുമെന്‍ സോദരനുംമാത്രം
തെല്ലൊരുശങ്കയുണ്ടെനിക്കെങ്കിലും
ഞാനവനെക്ഷണിച്ചുവൊരു കോപ്പ
ചായക്കായിയടുത്തപ്പീടികയില്‍
സന്തോഷമെന്നെപ്പിന്തുടര്‍ന്നസോദരനോട്
ചോദിച്ചുപലതും ഞാന്‍ ആകാംക്ഷയോടെ
എവിടെനിന്നുവരുന്നുയെവിടെക്ക്പോകുന്നു
ഒന്നിനുമുത്തരമില്ലവനില്‍,
ദിശാബോധം നഷ്ടപ്പെട്ടവര്‍ക്കെന്തുത്തരമീ
ഭൂവില്‍ ?
അത്താഴത്തിനെന്തെന്ന ചോദ്യത്തിനുമുന്നില്‍
നിര്‍വികാരനായിയൊരുനിമിനേരവന്‍
പതിനഞ്ചുറുപ്പിക തരുമോയെനിക്ക്
എന്നിലെ പശിയോന്നകറ്റട്ടെ-
വേണ്ട വേറൊന്നുമീഭൂമിയിലവനിന്ന്
ഒരു നേരംപശിയകറ്റേണമത്രമാത്രം
ഒരുനിമിഷം കണ്ടുഞാനവനുടെകണ്‍കളില്‍
ക്രുശിതനായയേശുവിന്‍ രൂപത്തെ
വയറുനിറക്കാന്‍ വകയുമായെന്നില്‍
നിന്നകലും സോദരനെ നിറകണ്ണുമായി
നോക്കിനിന്നു നിമിഷനേരം--
ഉമിത്തീയുടെ നീറ്റല്‍പോല്‍ നീറുമെന്‍
ഹൃദയമീ അനാഥര്‍ക്കായി-- അല്ല
തെരുവിലലയുമെന്‍ സോദരര്‍ക്കായി--