2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

അറിയാത്ത സ്നേഹം

      അറിയാത്ത സ്നേഹം
     ************************

അനുഭവിച്ച സ്നേഹത്തെക്കാളും
അറിയാതെപോയസ്നേഹവും
കൊടുത്തസ്നേഹത്തെക്കാളുപരി
കൊടുക്കാതെപോയ സ്നേഹവും
അടുത്തിരുന്നിട്ടും അറിയാതെ
പോയവരെക്കുറിച്ചുള്ള
ചിന്തയുമാണിന്നെന്നെ
വേദനിപ്പിക്കുന്നത്--

മരുപ്പച്ച


2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

വിക്തോര്‍ യൂഗോ--നോത്രദാമിലെ കൂനന്‍---The Hunch Back of Notredame

വിക്തോര്‍ യൂഗോ--നോത്രദാമിലെ കൂനന്‍---The Hunch Back of Notredame
**********************************************************************

പാരിസിലെ രാജഭരണത്തിന് വിലങ്ങിട്ട  1830 ജൂലൈ വിപ്ലവത്തെ , പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗോഥിക് വാസ്തു ശില്പരീതിയില്‍ നിര്‍മ്മിച്ച  നോത്രദാം എന്ന ദേവാലയവുമായി ബന്ധപ്പെടുത്തി എഴുതിയ കഥയാണ്‌ നെത്രദാമിലെ കൂനന്‍.
അക്ഷരലോകത്തെ കുലപതിയും ഫ്രഞ്ച് സാഹിത്യത്തിലെ മുടിചൂടാമന്നനു മായ യൂഗോ എഴുതി ഇന്ന് നോത്രദാം ഉപേക്ഷിക്കപ്പെട്ടതും നിര്‍ജീവവും മൃതവുമാണ് എന്തോ അതില്‍ നിന്നു നഷ്ടപ്പെട്ടതായി ഒരാള്‍ക്ക് തോന്നും ആ ആപാരരൂപം ശൂന്യമാണ്. ആത്മാവ് അതില്‍ നിന്ന് വിട പറഞ്ഞിരിക്കുന്നു.
കണ്ണിന് വേണ്ടിയുള്ള ദ്വാരങ്ങളുള്ള തലയോട്ടിപോലെയാണ് പക്ഷെ കാഴ്ചയില്ല , നോത്രദാംദേവാലയത്തിലെ മണിയടിക്കാരനായ ഒറ്റക്കണ്ണന്‍ ക്വസിമോദോയെ അവതരിപ്പിച്ചു കൊണ്ട് യൂഗോ പറഞ്ഞ വാക്കുകള്‍ ശരിക്കും തകര്‍ന്ന പാരിസിനെ പറ്റിയായിരുന്നു. നിലവില്‍ നിന്നിരുന്ന  വ്യവസ്ഥിതികള്‍ക്ക് നേരെ വ്യവസ്തകളില്ലാതെ പ്രതികരിച്ച , വാക്ദേവതയുടെ വീരഭടന്‍, മനുഷ്യാവതാരമായി മനുഷ്യ മനസ്സില്‍ കുടിയേറിയ സാഹിത്യകാരന്‍, തന്‍റെ തൂലിക കൊണ്ട് ഒരു ഭരണ കൂടത്തെ വിറപ്പിച്ച ഒരു രാഷ്ട്രീയക്കാരന്‍---എല്ലാം വിക്ടര്‍ ഹൂഗോ ക്ക് സ്വന്തം. 1830-ലെ പാരിസിലെ കഥപറയാന്‍ 348 വര്‍ഷം പിന്നിലേക്ക്‌ നമ്മെ കൊണ്ട് പോയ വിക്ടര്‍ ഹുഗോയുടെ കഴിവ് ചിന്തകള്‍ക്ക് അതീതമാണ്.നോത്രദാമിലെ കൂനന്‍
വായനക്കാരെ പോലെ രാഷ്ട്രീയത്തിലും വലിയ ചലനം സൃഷ്ട്ടിച്ചു.

                                            നോത്രദാമിലെ പള്ളിയെക്കുറിച്ചും പള്ളിയിലെ ശില്‍പകലകളെക്കുറിച്ചും വളരെ ഗഹനമായ ഒരു  വിവരണം ഈ കൃതി യില്‍ കാണാം.ഇവിടുത്തെ ഓരോ ശില്പത്തിനും ചരിത്രം മാത്രമല്ല കലയുടെയും സയന്‍സിന്‍റെയും ചരിത്രമുണ്ട്.റോമന്‍ സന്യാസമഠം, ഗോഥിക് കല, സാക്സന്‍ കല, മാര്‍ട്ടിന്‍ ലൂഥറെ ഓര്‍മ്മിപ്പിക്കുന്ന നിഗൂഢശാസ്ത്രങ്ങള്‍ അങ്ങനെ പോകുന്നു വിവരണം.പാരിസിലെ പുരാതന ദേവാലയങ്ങള്‍ക്കിടയിലെ ഒരു വിചിത്രമായ സൃഷ്ടിയാണ് ഒരു മൃഗത്തിന്‍റെ ശിരസ്സും മറ്റൊന്നിന്‍റെ കൈകാലുകളും മൂന്നാമതൊന്നിന്‍റെ  ഉടലുമുള്ള ഒരു ജീവിയായ-നോത്രദാം -.

                                                     കാതടപ്പിക്കുന്ന മണിയൊച്ച കേട്ടാണ്  പാരിസ് നഗരം ഉണര്‍ന്നത്, പാരിസില്‍ വിഡ്ഢികളുടെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന ദിവസം ആണ് ഇന്ന്, ഈ അവസരത്തില്‍ ഒത്തിരി മനക്കോട്ടകള്‍ കെട്ടുന്നു നമ്മുടെ കവിയും നാടകകൃത്തുമായ പിയേര്‍ ഗ്രിന്‍ഷോര്‍, കാരണം തന്‍റെ നാടകം ഇന്ന് പാലസ്സ് ഓഫ് ജസ്റ്റിസില്‍ അരങ്ങേറുകയാണ്, വിജയിച്ചാല്‍ പാരിസില്‍ ഞാന്‍ അറിയപ്പെടും എന്‍റെ പട്ടിണി മാറും-എന്‍റെ സ്വപ്നങ്ങള്‍ എല്ലാം പൂവണിയും. പുറത്ത് ശബ്ദകോലാഹലങ്ങള്‍ എല്ലാം പ്രതീക്ഷക്ക് വിപരീതമായി നാടകം കാണാന്‍ വന്നവര്‍ പുറത്തേക്ക് പോകുന്നു,  പുറത്ത് വിഡ്ഢികളുടെ മാര്‍പ്പാപ്പയുടെ എഴുന്നള്ളത്ത്‌ നടക്കുന്നു, പോരാഞ്ഞിട്ട് സുന്ദരിയായ എസ്മൊറാല്‍ദ എന്ന ജിപ്സി പെണ്കുട്ടിയും പുറത്തുണ്ട്,  നോത്രദാം പള്ളിയിലെ ആര്‍ച്ച് ഡീക്കനായ ക്ലോദു ഫ്രോല്ലോ ദേത്തെടുത്ത് വളര്‍ത്തിയതാണ് ക്വസിമാദോയെ,  എല്ലപെരാലും നിരാകരിക്കപ്പെട്ട മനുഷ്യനായിരുന്നു. ഒരു കണ്ണിന്‍റെ സ്ഥാനത്ത് ഒരു കുഴി മാത്രം, വളഞ്ഞ കാലും, ബധിരനും, പിശാചിന്‍റെ അവതാരം , ഗര്‍ഭിണിയായ പെണ്ണുങ്ങള്‍ ആരും ഇവന്‍റെ കണ്‍വെട്ടത്തു വരരുത്, ശരിക്കും ഒരു ആള്‍ക്കുരങ്ങ് അങ്ങനെ പോകുന്നു ആള്‍ക്കാരുടെ വിലയിരുത്തല്‍. വികൃത രൂപം പൂണ്ട   ക്വസിമോദോ ആണ്   വിഡ്ഢികളുടെ മാര്‍പ്പാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടത്. ക്വസിമോദോയുടെ ലോകം നോത്രദാം പള്ളിയും പള്ളിയിലെ മണികളും മാത്രം.തന്‍റെ നാടകം പരാജയപ്പെട്ടതില്‍ നിരാശനായ ഗ്രിന്‍ഷോര്‍ പുറത്ത് അഗ്നികുണ്ഡo കൂട്ടി അതിന് ചുറ്റും നൃത്തം വയ്ക്കുന്ന ജിപ്സി പെണ്‍കുട്ടിയേയും അവളോടൊപ്പം ഒരു ജാലവിദ്യക്കാരാനെപ്പോലെ പെരുമാറുന്ന ജാലിയെന്ന ആട്ടിന്‍കുട്ടിയേയും നോക്കി ഇരുന്നു. അവസാനം രാത്രിയുടെ യാമങ്ങളില്‍ അവള്‍ കൂടണയാന്‍ യാത്രയായി--.ഈ സമയത്തും ജിപ്സി സമൂഹത്തെ ഒന്നാകെ ശപിച്ചു കൊണ്ട് തന്‍റെ നഷ്ടപ്പെട്ടുപോയ കുഞ്ഞിന്‍റെ ഒരു കാലിലെ ചെരുപ്പുമായി  ഒരമ്മ അലയുകയായിരുന്നു---സിസ്റ്റര്‍ ഗുദുല്‍---



                                                                    ഒരു കാലഘട്ടത്തില്‍ എഴുതിയ കഥകള്‍ മറ്റൊരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കണമെങ്കില്‍
വര്‍ത്ത‍മാനകാലത്തെ നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ അതിന് കഴിയണം അത്  തന്നെയാകും വിക്ടര്‍ ഹുഗോയുടെ ഈ കഥയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതും. മനുഷ്യന്‍റെ സ്വഭാവം എല്ലായിടത്തും എല്ലാകാലത്തും ഒന്നായിരുന്നോ ?. ഇവിടെ രാത്രി കൂടണയാന്‍ പോകുന്ന ജിപ്സി പെണ്‍കുട്ടിയെ കാമാവേശത്തോടെ  ഒറ്റക്കണ്ണന്‍ ക്വസോമോദോയുടെ സഹായത്തോടെ  പിന്‍തുടരുന്ന ഡീക്കന്‍ ക്ലോദു ഫ്രോലോയും. കവിയായ ഗ്രീന്‍ഷോറും ഇതിന് ഉദാഹരണം. ക്വസോമോദോയുടെ കയ്യിലകപ്പെട്ട എസ്മറാദോ എന്ന ജിപ്സി പെണ്‍കുട്ടിയെ അത്ഭുതകരമായി ക്യാപ്റ്റന്‍ ഫെബൂസ് രക്ഷപ്പെടുത്തുന്നു, അപകടത്തില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയ പട്ടാളക്കാരനുമായി  ജിപ്സിപെണ്‍കുട്ടി പ്രണയത്തിലാകുന്നു. എന്നാല്‍ കാപട്യത്തിന്‍റെ മുഖം മൂടിയണിഞ്ഞ ഫെബൂസ് തന്‍റെ കാമത്തിന്‍റെ ഒരു ഉപകരണം മാത്രമായി പെണ്‍കുട്ടിയെ കാണുന്നു. രാത്രി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന പിയേര്‍ ഗ്രിഷോര്‍ വഴിതെറ്റി ജിപ്സികളുടെ താവളത്തിലകപ്പെടുന്നു, ജിപ്സികളുടെ നിയമപ്രകാരം പുറത്തുനിന്നു താവളത്തില്‍ എത്തിയ കവി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു.ജിപ്സികളുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാം എന്ന ജിപ്സികളുടെ നിയമപ്രകാരം എസ്മറാദോ എന്ന  കരുണയുള്ള പെണ്‍കുട്ടി കവിയെ വിവാഹം കഴിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. ഫെബുസ്‌ എന്ന പട്ടാളക്കാരനെ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് കവിയെ ഒരിക്കലും പ്രണയിക്കാന്‍ കഴിയില്ല മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമാണ് വിവാഹംകഴിച്ചതെന്ന്  ജിപ്സി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.



                                                                കാമാവേശത്താല്‍ ജിപ്സി പെണ്‍കുട്ടിയെ ഒറ്റക്കണ്ണന്‍ ക്വസോമോദോയുടെ സഹായത്താല്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ആര്‍ച്ച് ഡീക്കന്‍, നിയമത്തിന് മുന്നില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കുറ്റത്തിന് ക്വസോമോദേയെ വിട്ടുകൊടുക്കുന്നു. ബധിരനായ ക്വസിമോദോയും, ബധിരനായ ഒരു ജഡ്ജിയും, വര്‍ത്തമാനത്തിന്‍റെ നീതിയില്ലാത്ത നീതിപീഠത്തെ സൂചിപ്പിക്കുന്നു. പരസ്പരം കേള്‍ക്കാന്‍ കഴിയാത്ത രണ്ട് തൂണുകള്‍, അവസാനം ക്വസിമോദേയെ ദണ്ഡണ ശിക്ഷക്ക് വിധിക്കുന്നു. കുറ്റവാളിയെ ഒരു ചക്രത്തില്‍ കിടത്തി കാലും കയ്യും ബന്ധിച്ച് കറക്കുന്ന ഒരു സംവിധാനമാണിത്. അവശനായ ഒറ്റക്കണ്ണന്‍ ക്വസോമോദോ ഒരിറ്റു വെള്ളത്തിനായി നിലവിളിക്കുമ്പോഴും സദാചാരവാദികള്‍ കല്ലെറിയുന്ന ക്രൂരമായ അവസ്ഥ ഹൃദഭേദകമായി വിവരിച്ചിരിക്കുന്നു. മരണവുമായി മല്ലിടുന്ന ക്വസിമോദക്ക് ദാഹജലവുമായി ജിപ്സി പെണ്‍കുട്ടിയെത്തുന്നു കരുണയുടെ മുഖം വീണ്ടും..

                                       ജിസ്പി പെണ്‍കുട്ടിയുമായി  ക്യാപ്റ്റന്‍ ഫെബ്യുസ്  രഹസ്യമായി  കൂടികാഴ്ചക്ക് ഒരുങ്ങുന്നു എന്നറിഞ്ഞ ആര്‍ച്ച് ഡീക്കന്‍ ചതിവിലൂടെ  ഫെബ്യുസിനെ കൊല്ലാന്‍ ശ്രമിക്കുന്നു, ഗുരുതരമായി പരുക്കേറ്റ
ഫെബ്യുസ് മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നു. ചതിയനായ ആര്‍ച്ച് ഡീക്കന്‍ തന്‍റെ വക്രബുദ്ധിയുപയോഗിച്ച് ജിപ്സി പെണ്‍കുട്ടിയെ കൊലകുറ്റത്തില്‍ അകപ്പെടുത്തുന്നു. ജയിലില്‍ അടക്കപ്പെട്ട ജിസ്പിയുമായി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഡീക്കന്‍ തന്‍റെ പദ്ധതികള്‍ പാളിയപ്പോള്‍ പെണ്‍കുട്ടിയെ ഒട്ടുകൊടുക്കുന്നു അവസാനം വധശിക്ഷക്ക് വിധിച്ച പെണ്‍കുട്ടിയെ അത്ഭുതകരമായി ഒറ്റക്കണ്ണന്‍ ക്വസിമോദോ രക്ഷപ്പെടുത്തുന്നു
അന്ന്‍ നിലനിന്നിരുന്ന നിയമപ്രകാരം- സാഗ്ചൊറി -സാഗ്ചൊറി  എന്ന് വിളിച്ചുകൊണ്ട് ആര് നോത്രദാമിലെ പള്ളിയില്‍ കയറിയാലും അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ല. എല്ലാപേരാലും വെറുക്കപ്പെടുകയ്യും വിരൂപനും ആയിരുന്ന ക്വസോമോദോയുടെ കരുണയുള്ള ഹൃദയം വെളിപ്പെടുത്തുന്ന പ്രവര്‍ത്തി ആയിരുന്നു ഇത്. ഒരു പക്ഷെ പള്ളിയുടെ ശിലകള്‍  സംസാരിച്ചാല്‍ ഓരോ ശിലയും പറയുന്ന പേര് ക്വസോമോദോ എന്നായിരിക്കും  . ജിപ്സിപെണ്‍കുട്ടിയെ തൂക്കിലേറ്റാന്‍ വിധിച്ചതറിഞ്ഞ് ജിപ്സികളുടെ  സംഘം പെണ്‍കുട്ടിയെ രക്ഷിക്കാനായി നോത്രദാം പള്ളി ആക്രമിക്കുന്നു. ബധിരനായ ക്വസോമോദോ അവര്‍ക്കെതിരെ പള്ളിയില്‍ നിലയുറപ്പിക്കുന്നു. ചതിയനായ ഡീക്കന്‍ കവിയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുറത്തുകൊണ്ട് പോകുന്നു, താന്‍ പ്രണയിക്കുന്ന ഫെബ്യുസ് അവളെ തള്ളികളയുന്നു, തന്നെ പ്രണയിക്കാത്തത്തിന്‍റെ പേരില്‍ ആര്‍ച്ച് ഡീക്കന്‍ പെണ്‍കുട്ടിയെ ചതിയിലൂടെ വധശിക്ഷക്ക് കൊടുക്കുന്നു വീണ്ടും. .

                                                   ഹൃദയഭേദകമായ അനവധി രംഗങ്ങള്‍ക്ക് ശേഷം നഷ്ടപെട്ടുപോയ തന്‍റെ മകള്‍ എസ്മൊറാദോ എന്ന ജിപ്സി പെണ്‍കുട്ടിയാണെന്ന് സിസ്റ്റര്‍ ഗൂദുല്‍ മനസ്സിലാക്കുന്നു. ഒരമ്മ മകളെ കണ്ടെത്തി നിമിഷനേരങ്ങള്‍ക്കകം മകളെ വധശിക്ഷ നടപ്പിലാക്കാന്‍ കൊണ്ട് പോകുന്നു. പെണ്‍കുട്ടിയുടെ വധശിക്ഷ നടപ്പിലാക്കിയതറിഞ്ഞ് ഒറ്റക്കണ്ണന്‍ ക്വസോമോദോ തന്നെ എടുത്തു വളര്‍ത്തിയ ചതിയനായ ആര്‍ച്ച് ടീക്കനെ കൊല്ലുന്നു. വിരൂപനും നല്ല ഹൃദയത്തിന് ഉടമയും ഒരിക്കലും കരയാത്ത ക്വസോമോദോ ആദ്യമായി കരഞ്ഞു. ജിപ്സി പെണ്‍കുട്ടിയുടെ മരണശേഷം ക്വസോമോദോ അപ്രത്യക്ഷമായി. ഒരു വര്‍ഷത്തിനുശേഷം ജിസ്പ്സിപെണ്‍കുട്ടിയുടെ ശവശരീരം കിടന്നിരുന്നയിടത്ത് അതിനെ കെട്ടിപ്പുണര്‍ന്ന്‍ ഒരു പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു-----

മരുപ്പച്ച




2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

പട്ടിയെ പ്രണയിച്ച കൊച്ചമ്മ

പട്ടിയെ പ്രണയിച്ച കൊച്ചമ്മ
******************************
കെട്ടിയോനെ തട്ടിയേച്ച്
പട്ടിയോട്‌ കൂടെ
കെട്ടിപ്പിടിച്ചുറങ്ങുന്ന
കൊച്ചമ്മക്കറിയില്ല
കടയില്‍വച്ച് പട്ടി
കടിച്ച് മരിച്ച
കുട്ടപ്പന്‍ ചേട്ടന്‍റെ
കുടുംബത്തിന്‍റെ
വേദന----

മരുപ്പച്ച-

2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

കൊഴിഞ്ഞ ഇലകള്‍

കൊഴിഞ്ഞ ഇലകള്‍
**********************

കൊഴിഞ്ഞയിലയില്‍
പാദമുറപ്പിച്ച്
പച്ചയിലയുടെ തണല്‍
തേടുന്നമനുഷ്യര്‍
മറന്നുപോകുന്നു
കൊഴിഞ്ഞുപോയ
ഇലകള്‍ചെയ്ത നന്മകള്‍

മരുപ്പച്ച

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ന്യൂ ജെന്‍-പ്രണയം-

ന്യൂ ജെന്‍-പ്രണയം-
******************

ചാറ്റല്‍ മഴ പോലെ
ചാറ്റിയിരുന്ന നീ
എന്തേയിന്ന്
ബ്ലോക്കായപോലെയായി

വൈ ഫൈ പോലെ പറന്നു
നടന്ന നീ എന്തേയിന്നു
നെറ്റ് പോയപോലെയായി

ഐസ്ക്രീമിന്‍ കമ്പനി നോക്കി
ഐസ്ക്രീം നുണഞ്ഞിരുന്ന നീ
എന്തേയിന്ന്‍ ഐസ്ക്രീം
പോലെ തണുത്തുപോയി.        

ലൗവ് ലൗവ് എന്ന്  
ചൊല്ലിയിരുന്ന നീ
എന്തേയിന്ന് ബൈ ബൈ
ചൊല്ലി പിരിഞ്ഞുപോയി

പ്രണയം പ്രണയം
എന്ന് മൊഴിഞ്ഞോരിന്നു
വിരഹം വിരഹം എന്ന്
മാത്രം ചൊല്ലുന്നു-

പ്രണയം മൂത്ത്
പ്രഹരമാകുമ്പോള്‍
വാവല്‍ പോലത്തെ വക്കീലിനു
ലോട്ടറിയടിച്ചപോലെയായി--

ഞാന്‍ ചൊല്ലിയത് നീയറിഞ്ഞില്ല
നീ ചൊല്ലിയത് ഞാനുമറിഞ്ഞില്ല
അവസാനം   കണ്ടു മുട്ടി നമ്മള്‍
കുടുംബകോടതി വരാന്തയില്‍--

മരുപ്പച്ച

മധുരം നിന്‍റെ ജീവിതം --കെ പി അപ്പന്‍

                     മധുരം നിന്‍റെ ജീവിതം  --കെ പി അപ്പന്‍
                    ******************************************

ചില പുസ്തകങ്ങള്‍ കടലില്‍ പവിഴത്തിനായി മുങ്ങിത്തപ്പും പോലെയാണ് മുങ്ങുന്തോറും മൂല്യമേറിയ മുത്തുകള്‍ കിട്ടും ഒരിക്കലും ആഴക്കടലില്‍
മുത്തുകള്‍ക്ക് ക്ഷാമം ഉണ്ടാകില്ല അതുപോലെയാണ് കെ പി അപ്പന്‍റെ  2008 -ലെ
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മധുരം നിന്‍റെ ജീവിതം എന്ന
കൃതി. ഓരോ പ്രാവശ്യം വായിക്കുന്തോറും പുതിയ വെളിപ്പെടുത്തലുകള്‍.
1999-2000. കാലഘട്ടത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാറുണ്ടായിരുന്ന
ഉത്തരാധുനികത ( post moderisam) വായിച്ചതില്‍ നിന്നുള്ള വിലയിരുത്തല്‍ ആകാം കെ പി അപ്പന്‍റെ ഈയൊരു പുസ്തകം വായിക്കാന്‍ പ്രചോദനം ആയത്. സാഹിത്യമായ കണ്ണുകള്‍ കൊണ്ടും ആത്മീയമായ ചോദനകൊണ്ടും
ബൈബിളിനെയും വളര്‍ന്നു വരുന്ന മേരിവിഞാനീയത്തേയും മനോഹരമായി
കാട്ടാന്‍ അപ്പന് കഴിഞ്ഞു.പഠനകാലത്ത് തന്‍റെ അധ്യാപകനായിരുന്ന ഗില്‍ബര്‍ട്ട് അച്ഛന്‍ മനസ്സില്‍ കോറിയിട്ട ചിന്തകള്‍ പില്‍ക്കാലത്ത് കെ പി അപ്പനിലൂടെ മലയാള സാഹിത്യത്തിന് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. ബൈബിളില്‍ എത്ര മറിയം ഉണ്ടെന്ന അച്ഛന്‍റെ ചോദ്യവും അതിന് ഉത്തരമായി അച്ഛന്‍ തന്നെ നല്‍കുന്ന ഉത്തരവും ചിന്തനീയമാണ്. എല്ലാ മറിയമാരിലും വിശുദ്ധമറിയമുണ്ടെന്നും അല്ലെങ്കില്‍ അവരിലെല്ലാപേരിലും വിശുദ്ധ മറിയത്തിന്‍റെ നന്മകള്‍ ഉണ്ട് എന്നത് ഒരു  വിശാലമായ കാഴ്ചപ്പാടാണ്.  അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല മറിച്ച് ശകുന്തളയുടെ ഭാവങ്ങളാണ്.അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലുംനന്മനിറഞ്ഞ മറിയത്തിന്‍റെ സ്വഭാവത്തിലെ അംശമുണ്ട് എന്ന പരമമായ സത്യം മേരിവിഞ്ജാനീയത്തിലെ സത്തയാണ്.

                                                പഴയ നിയമത്തിലേ 39 ഉംപുതിയ നിയമത്തിലെ   27ഉം പുസ്തകങ്ങള്‍ ചേര്‍ന്ന വിശുദ്ധ ബൈബിള്‍ ശരിക്കുമൊരു സാഹിത്യഗ്രന്ഥമാണ്. കവിതകള്‍,പ്രഭാഷണങ്ങള്‍, നിയമ സംഹിതകള്‍,വെളിപ്പെടുത്തലുകള്‍ എല്ലാം കാണാം. ബൈബിളിലെ തത്വചിന്തയെ ദസ്തയോവ്സ്കിയുടെ കാരമസോവ്‌ സഹോദര്‍ എന്ന കൃതിയിലൂടെ ഒരു ഉദാഹരണമായി അപ്പന്‍ കാട്ടുന്നു. യഹൂദകവിതയെ ഓര്‍മ്മിപ്പിക്കുന്ന  ബൈബിളിലെ ഗദ്യത്തിന്‍റെ താളം സാന്ദ്രവും തീവ്രവുമാണ്.
തന്‍റെ വിമര്‍ശന ഭാഷയെ രൂപപ്പെടുത്താനും  തന്‍റെ ബുദ്ധിയെ ചൈതന്യമുള്ളതാക്കാനും , മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനും , മതേതര പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യ നിര്‍മ്മിതിയിലും ബൈബിള്‍ തുണയായി എന്ന വെളിപ്പെടുത്തല്‍ ബൈബിളിലെ സര്‍ഗാത്മകത വിളിച്ചോതുന്നു,ലോകസാഹിത്യം വിശുദ്ധ മറിയത്തിലൂടെ സഞ്ചരിച്ചപ്പോള്‍ മലയാള സാഹിത്യം മറിയത്തില്‍ നിന്ന് എന്തേ അകന്ന്‍ നിന്നു എന്ന ചിന്ത കെ പി അപ്പനെ  ആകുലപ്പെടുത്തുന്നു. ഏറ്റവും സുന്ദരമായ നക്ഷത്രങ്ങളെക്കാള്‍സുന്ദരിയായ കന്യക എന്ന വേട്സ്വര്‍ത്ത്  വിശേഷിപ്പിച്ച മറിയത്തില്‍ നിന്ന് മലയാള ഭാവന എങ്ങനയോ അകന്നത് ദൈവിക മാതൃത്വത്തിന്‍റെ കവിതകള്‍ നമുക്ക് നഷ്ടമാകാന്‍ കാരണമായിയെന്ന്‍ കെ പി കണ്ടെത്തുന്നു.ആത്മീയതയുടെ പ്രതീകമായ മറിയത്തെ  നക്ഷത്രമായി കാട്ടുന്നതിനായി  കെ പി  അപ്പന്‍ -ടി സ് എല്യട്ടിന്‍റെ കവിതയെ  കൊണ്ടു വരുന്നു.  മറിയത്തിനുണ്ടാകുന്ന ദിവ്യദര്‍ശനത്തെ കുറിച്ച് വിവരിക്കുന്നതിലേക്കായി റ്റാനര്‍-ന്‍റെ (Henry  ossawa Tanner).  ചിത്രത്തെ പരിചയപ്പെടുത്തുന്ന  കെ-പി, ദൈവ വിളിക്ക് മുന്നില്‍ വിറയലോടെ നില്‍ക്കുന്ന മറിയത്തെ വിവരിക്കുന്നു


                                                 മറിയത്തിന്‍റെ മഹിമയെ മഹത്തരമായ വാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് ഒരു പക്ഷെ ബൈബിളിനെക്കാളും വിശുദ്ധ ഖുര്‍ആന്‍ ആണ്. ഈ പുസ്തകത്തില്‍ എന്നെ ഒത്തിരിയേറെ ആകര്‍ഷിച്ച നാലാമത്തെ അധ്യായം മറിയത്തെ പുകഴ്ത്തുന്ന ഖുര്‍ആന്‍-ലെ ഭാഗമാണ്. ജീവിതത്തില്‍ ഉഗ്രമായ അപമാനവും തീവ്രമായ ദാരിദ്ര്യവും, അനിര്‍വചനീയമായ വേദനയും, ദൈവപുത്രന്‍റെ മാതാവ് എന്ന രീതിയില്‍ അനുഭവിക്കേണ്ടി വന്നു.
ശിശുവായ യേശുവിനെ കയ്യിലെടുത്ത് , നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്‍റെ പ്രവചനം, യേശുവിന്‍റെ കുരിശുമരണത്തോളം കൂടെയുണ്ടായി.എന്‍റെ ദൈവമേ എന്‍റെ ദൈവമേ ഏന്തിനെന്നെ കൈവിട്ടു എന്ന കുരിശില്‍ കിടന്നുകൊണ്ടുള്ള ആര്‍ത്തനാദം ഒരു പക്ഷെ അധികമായി വേദനിപ്പിച്ചത് വിശുദ്ധ മാതാവിനെ ആയിരിക്കാം.ഈ ഭാഗം വിവരിക്കുന്നതിലേക്കായി കെ-പി അപ്പന്‍ - പ്രസിദ്ധ ദൈവശാസ്ത്രഞ്ജനായ ബല്‍ഥാസാറിന്‍റെ വാക്കുകള്‍ പരിചയപ്പെടുത്തുന്നു.

                                                    മറിയത്തെ മഹത്വപ്പെടുത്തുന്നതോടൊപ്പം പല കാലഘട്ടങ്ങളിലായി ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും കെ-പി ചൂണ്ടികാട്ടുന്നു,
മനുഷ്യര്‍ക്കും ദൈവത്തിനുമിടയില്‍ ക്രിസ്തുവല്ലാതെ വേറെയാരും ഇല്ലാ എന്ന മതപരിഷ്കരണവാദിയായമാര്‍ട്ടിന്‍ ലുതറും, ദൈവത്തെ പ്രസവിച്ചവള്‍ എന്ന  വാദത്തോട്  ഒരിക്കലും  യോജിക്കാത്തതായി ഓര്‍ബ് ഫിലിപ്സ് വര്‍ത്തിക്കുമ്പോഴും വിശുദ്ധ മറിയത്തിന്‍റെ കരുണ അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നു. വിനയവും ഭക്തിയും കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തിയവള്‍ എന്ന വാക്കുകള്‍ എന്നും വിശുദ്ധ മാറിയതിനുമാത്രമവകാശപ്പെട്ടതാകാം ബൈബിളില്‍.ഈ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത്‌ ടോള്‍സ്റ്റോയ്‌-സോണിയ ദമ്പതികളുടെ കുടുംബ ജീവിതവും, സോണിയക്ക് ഉണ്ടായ ഒരു സ്വപ്നവും അതിനെ വിശുദ്ധ മറിയത്തിന്റെ സഹനവുമായുള്ള കൂട്ടി വായിക്കലും കെ-പി നന്നായി അവതരിപ്പിച്ചിരിക്കുന്നു.മറിയത്തിന്റെ കരുണ പ്രതിപാദിക്കുന്ന രണ്ട് നാടോടികഥകള്‍ ചേര്‍ത്ത് എഴുതിയ കെ-പി അപ്പന്‍ സാഹിത്യത്തിന്‍റെ , സ്നേഹത്തിന്‍റെ,  കരുണയുടെ, മാതൃത്വത്തിന്‍റെ അറിവിന്‍റെ ----ആരും കയറാത്ത കൊടുമുടികളില്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു-----

മരുപ്പച്ച
                       


2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

പ്രണയമന്ത്രം

                   പ്രണയമന്ത്രം   
                 *****************      
രമിക്കാന്‍ വേണ്ടി പ്രണയിക്കുന്നവരും
പ്രണയിക്കാന്‍വേണ്ടി രമിക്കുന്നവരും-
രണ്ടിലുമില്ല തെല്ല്‌ സ്നേഹവും പ്രണയവും
ഉണരണം ഉരുകണം പ്രണയം ഹൃദയചെപ്പില്‍
കരുതലായി കരുണയായി വാത്സല്യമായി
ഒഴുകണം ലാവയായി ത്യാഗത്തിന്‍ ഭാവമായി-

മരുപ്പച്ച

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

അനുകരണവും മാതൃകയും

                       അനുകരണവും മാതൃകയും
                   *********************************                    
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോഴേ അമ്മയുടെ ചലനങ്ങളില്‍ നിന്നും അമ്മയുടെ വിചാര വികാരങ്ങളില്‍ നിന്നും  പലതും കുഞ്ഞ്  അറിയാതെ പഠിക്കാറുണ്ട്. കുഞ്ഞ് പിറന്നുകഴിഞ്ഞാല്‍ പരിസരവുമായി ഇണങ്ങിച്ചേരുവാന്‍ ശ്രമിക്കുന്നു , എന്നും കാണുന്ന മാതപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ അല്ലെങ്കില്‍ സമൂഹമോ ഒക്കെ ഒരാളുടെ
സ്വഭാവരൂപീകരണത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാകും ഇന്നത്തെ
പരിഷ്കൃതസമൂഹം ശിക്ഷാവിധിയുടെ ഭാഗമായി നടപ്പിലാക്കുന്ന വധശിക്ഷയെ തള്ളിപ്പറയുന്നതും. ഒരു വ്യക്തിയുടെ സ്വഭാവം ജനിതകവും
വളരുന്ന ചുറ്റുപാടുകളേയും ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. ഒരു വ്യക്തി  അവന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പലതിനേയും അല്ലെങ്കില്‍ പലരെയും അനുകരിക്കാന്‍ ശ്രമിക്കും. അനുകരണം എങ്ങനെയാകണം ആരെയാകണം എന്നതൊക്കെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കണ്ണുകള്‍ അടച്ച് ഒരാളെ അനുകരിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്തുന്നവര്‍ ആയിരിക്കും. സാഹിത്യമേഖലയില്‍ വിരാജിച്ചിരുന്ന പല സാഹിത്യകാരും വ്യകതിപരമായ ജീവിതത്തില്‍ പരാജയപെട്ടിരിന്നു എന്ന് ചരിത്രം സാക്ഷ്യം നല്‍കുന്നു. സാഹിത്യലോകത്ത് പകരം വക്കാന്‍ മറ്റൊരാളില്ലാത്ത ലിയോ ടോല്‍സ്റ്റോയ് കുടുംബ ജീവിതത്തില്‍ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല മരണം റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ ആയിരുന്നു.ഏര്‍നസ്റ്റ് ഹെമിങ്ങവേയുടെ  മരണം ആത്മഹത്യയായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തെല്ല്‌ നടുക്കം അനുഭവപ്പെടും, ദസ്തയോവ്സ്കിയാകട്ടെ ചൂതാട്ടവും മദ്യാസക്തിയിലും ജീവിതം കളഞ്ഞ മനുഷ്യനും. മുന്‍പ് ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഒരാള്‍ ചോതിക്കയുണ്ടായി കഴിഞ്ഞ കാലങ്ങളില്‍ യുവാക്കള്‍ക്ക് അനുകരിക്കാന്‍ ഗാന്ധിജിയേയും, നെഹ്രുവിനെയും , പട്ടേലിനെയും- പോലെ നല്ല  നേതാക്കളുടെ ഒരു നിര ഉണ്ടായിരുന്നു, ഇന്ന് ഞങ്ങള്‍ക്ക് വഴികാട്ടിയായി എത്രപേരാണ് ഉള്ളത്, ഉത്തരമില്ലാതെ തലകുനിച്ച നേതാക്കളെയാണ് കണ്ടത്.ഈ കാലഘട്ടത്തില്‍ സ്വയം ചിന്തിക്കുക  സ്വയം വിളക്കാകുക മറ്റുള്ളവര്‍ക്ക് പ്രകാശം പരത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്ധകാരം പരത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം--

മരുപ്പച്ച

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

കര്‍മം

                 കര്‍മ്മം
               **********

ജീവിതമൊന്നു ഐശ്യര്യമാക്കീടാന്‍
കര്‍മ്മത്തിലതിഷ്ടിതമാക്കീടില്‍
കര്‍മ്മത്തെ മറന്ന് നര്‍മ്മത്താല്‍
ജീവിച്ചാല്‍ കഷ്ടനഷ്ടമേറും നിശ്ചയം

മരുപ്പച്ച


2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

വൃക്ഷച്ചില്ലയും മനുഷ്യനും

           
                  വൃക്ഷച്ചില്ലയും മനുഷ്യനും
                  ******************************
പ്രകൃതിയിലേക്കുള്ള ഒരു നോട്ടം അതാണ്‌ പലതും എനിക്ക് കാണാന്‍
കഴിഞ്ഞതും പഠിക്കാന്‍ ഞാന്‍ ശ്രമിച്ചതും, മുന്നില്‍ കാണുന്ന മരങ്ങള്‍
അതിന്‍റെ ചില്ലകള്‍ അടുത്തടുത്തായി നില്‍ക്കുന്ന മരങ്ങള്‍ പല കുടുംബത്തില്‍പ്പെട്ടവര്‍, വിദേശിയായ അക്കേഷ്യയും മാഞ്ചിയവും
പിന്നെ നമ്മുടെ നാടിന്‍റെ പ്ലാവും ആഞ്ഞിലിയും , കൊന്നയും പിന്നെ നമ്മുടെ
കേരവൃക്ഷവും എല്ലാംഅടുത്തടുത്തായി ആര്‍ക്കും ഒരു പരിഭവവുമില്ല. അവരുടെ വേരുകള്‍ ഭൂമിയില്‍ ജലം തേടുന്നു അവര്‍ക്കിടയില്‍ വര്‍ണ്ണങ്ങലില്ല , തീണ്ടലുകള്‍ ഇല്ല, സൂര്യനും ഭൂമിയും അവര്‍ക്ക് ഒന്നേയുള്ളൂ മനുഷ്യനും അതല്ലേ, പിന്നെ എന്തേ മനുഷ്യനിടയില്‍ അന്തരം, കാല് പതിച്ചിരിക്കുന്നത് മനുഷ്യനും ഭൂമിയിലല്ലേ, അതിന്‍റെ ശാഖകളിലേക്ക് ഒന്ന് നോക്കിയാല്‍ ചെറുകാറ്റത്ത് ഇളകിയാടുന്ന  ചില്ലകള്‍  വ്യത്യസ്തമായ താളത്തില്‍ മൂളിപ്പാട്ടോടെ നൃത്തം  ചെയ്യുന്നതാണോ എന്ന് തോന്നിപ്പോകും. വെവ്വേറെ മരച്ചില്ലകളെയൊന്ന്‍  വീക്ഷിച്ചാല്‍ ഓരോ മരങ്ങളുടെ ചില്ലയും വ്യത്യസ്തമായി ആകും കാറ്റിനോട് പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കാം.
എന്നിട്ടും പല താളങ്ങളിലായി കാറ്റിനോട് പ്രതികരിച്ച് സംഗീതം പുറപ്പെടുവിക്കും,   അതുപോലെ മനുഷ്യര്‍ എല്ലാപേരും ഒരു പോലെ ആയിരിക്കണം  പെരുമാറുന്നത് എന്ന് ശഠിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്
പക്ഷേ എങ്ങനെ ആയാലും അവനാല്‍ കഴിയും വിധം സംഗീതമാകുന്ന നന്മ പുറപ്പെടുവിക്കാന്‍ കഴിയണം. കാറ്റിനോടൊപ്പം പ്രതികരിക്കാതെ ഏതെങ്കിലും മരച്ചില്ലക്ക് നില നില്‍ക്കുവാന്‍ കഴിയുമോ, അങ്ങനെ നിന്നാല്‍ ആ ചില്ല ഒടിഞ്ഞു വീഴില്ലേ, അതുപോലെ മനുഷ്യരും സമൂഹത്തോട് അല്ലെങ്കില്‍ തന്‍റെ പ്രശ്നങ്ങളോട് തെല്ല്‌ വിട്ടുവീഴ്ച യോട്  അഭിമുഖീകരിച്ചാല്‍ സന്തോഷം ആകില്ലേ ജീവിതങ്ങള്‍, അതല്ല എല്ലാറ്റിനും എതിരെ മരുതലിച്ചു നിന്നാല്‍ ഒടിഞ്ഞുവീഴുന്ന ശിഖരം പോലെയാകില്ലേ--------,

മരുപ്പച്ച










2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ലഹരികള്‍

          ലഹരികള്‍
         ************
ലഹരിയ്ക്കായി ലഹരിയെത്തേടുന്ന
മനുഷ്യര്‍ ലഹരിയാലെമണ്ണടിയുന്നു
സിരകളില്‍പ്പകരും ലഹരികള്‍
ഫണംവിടര്‍ത്തുന്നു നാഗമായ്

ചുണ്ടോടടുപ്പിക്കും ജീവിതങ്ങള്‍
പലതുമേ  രുചിയറിയാതെ--
 ലഹരിയാലെ തകര്‍ന്നിടുന്നു
വൈധവ്യത്താലുഴലുന്ന ജീവിതങ്ങളും

നിമിഷനേരത്തെ സുഖത്തിനായി
പേറുന്നലഹരികള്‍ ശാപമായി
മാറുന്നു കുടുംബബന്ധങ്ങളില്‍

ഹൃദയഭാരമിറക്കാനായി
നുണയുന്നപുതുലഹരികള്‍
ഹൃദയതിലേറുന്നു പുതു
ഭാരമായി മണ്ണടിയും വരെ

വിരസമാംജീവിതമൊന്നു
സരസമാക്കീടുവാന്‍
തേടുന്നോരോ കുറുക്കുവഴികളും-
കൂടെക്കൂടുന്നുചുടലവരെ

നുകരുന്ന വിഷലഹരിയില്‍
തിമിര്‍ത്താടുന്നു മാനുഷര്‍
സര്‍പ്പത്തിന്‍ തുല്ല്യരായ് ഇഴയുന്നു
 പാരിതില്‍ മൂല്യങ്ങളില്ലാതെ

മരുപ്പച്ച














2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പൌലോ കൊയ്‌ലോ- ആല്‍കെസ്റ്റ്

                           

എഴുപത്തിയൊന്നു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ആറര കോടി കോപ്പികള്‍ വിറ്റഴിയുകയും ചെയ്ത വിഖ്യാതമായ ഒരു നോവല്‍ പരിചയപ്പെടുത്തുന്നത് അനിവാര്യമാണോ എന്ന് തെല്ല്‌ സംശയമുണ്ട്,  സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയബാലന്‍റെ കഥയാണ്‌ പൌലോ കൊയ്‌ലോ പറയുന്നത്.മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന്‌ ഒന്ന് കൂടി മാറ്റ് കൂട്ടുന്നത്‌ ആമുഖമായി കൊയ്‌ലോയുടെ സൃഷ്ടികളെക്കുറിച്ചുള്ള  പഠനം വിവരിക്കുന്ന കെ എം വേണുഗോപാലിന്റെ എഴുത്താണ്. ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍റെ വികാസത്തിന് പുതിയ ദര്‍ശനങ്ങള്‍ തന്നത് സിഗ്മണ്ട് ഫ്രോയ്ഡ്, കാറല്‍ മാര്‍ക്ക്സ്, ഫ്രെഡ്രിക് നീത്ഷെ എന്നിവരാണല്ലോ. ഇവര്‍ക്ക് മൂന്നു പേര്‍ക്കും മതത്തെക്കുറിച്ചും മതവിശ്വാസത്തെക്കുറിച്ചും, ദൈവവിശ്വാസത്തെക്കുറിച്ചും വ്യതസ്തമായ നിലപാടുകള്‍ ആയിരുന്നു. ഒരു പക്ഷെ യുക്തിചിന്തകള്‍ ആയിരിക്കാം എല്ലാത്തിനും അടിസ്ഥാനം. ഇതിനൊക്കെ വ്യത്യസ്തമായിയാണ് പൌലോ കൊയ്‌ലോയുടെ കണ്ടെത്തലുകള്‍, സര്‍ഗാത്മകതയുള്ള ഓരോ മനുഷ്യനും അവരുടെതായ മാര്‍ഗങ്ങളില്‍ ദൈവത്തെ കണ്ടെത്തിയവരായിരിക്കും. പ്രകൃതിയെ ദൈവത്തിന്‍റെ ഒരു പര്യായമായോ കൈവെള്ളയായോ കാണാന്‍ അവര്‍ക്ക്‌ കഴിയും. ഇത്തരം ചിന്തകള്‍ ആയിരിക്കാം പൌലോ കൊയലോയുടെ എഴുത്തുകളെ നോവല്‍ അല്ല ദാര്‍ശനീക  ചിന്തകള്‍ എന്നൊക്കെ വിമര്‍ശകര്‍
പറയുന്നത്. സാത്താന്‍ ആരാധനയില്‍ ഒരു ഘട്ടത്തില്‍ ആയിരുന്ന പൌലോ കൊയ്‌ലോ നല്ല ഒരു ദൈവവിശ്വാസി ആകുന്നത് ചിലപ്പോള്‍ ദൈവത്തിന്‍റെ ഇടപെടല്‍ ആയിരിക്കാം--- ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോള്‍ എഴുത്തുകാരനെ മറ്റൊരു സംസ്കാരത്തില്‍ ആയിരിക്കുന്നവരുടെ മനസ്സില്‍ കുടിയിരുത്തുക എന്നൊക്കെ നമുക്ക് വ്യാഖ്യനിക്കാം, അക്കാര്യത്തില്‍ പരിഭാഷ നിര്‍വഹിച്ച രമാമേനോന്‍ വിജയിച്ചിരിക്കുന്നു.
                                                   
      , തന്‍റെ ജോലിയോടും കൂറും വിശ്വസ്തയും ഉള്ള ഇടയ ബാലനാണ് സാന്റിയാഗോ, കൂടെയുള്ള ഓരോ ആടുകളുടെ ഹൃദയസ്പന്ദനം തിരിച്ചറിയാന്‍ കഴിയുന്നവന്‍. ആട്ടിന്‍ രോമം വില്‍ക്കാന്‍ ആടുമായി പോകുന്ന  സമയത്ത് കണ്ടുമുട്ടുന്ന ആണ്ടുലീസക്കാരിയായ പെണ്‍കുട്ടി തെല്ല്‌ സമയത്തേക്കെങ്കിലും അവന്‍റെ മനം കവര്‍ന്നു. എപ്പോഴും  ബുക്കുകള്‍ കയ്യില്‍ കരുതുകയും, ഇനിയുള്ള സമയം കുറെ വലിയ ബുക്കുകള്‍ വാങ്ങണം എന്ന ചിന്തയും നിധിതേടിപ്പോകുന്ന ഇടയബാലന്‍റെ പ്രത്യകതയായി കൊയ്‌ലോ ചൂണ്ടികാട്ടുന്നു. സ്വപ്നങ്ങള്‍ വിശകലം ചെയുന്നതിനായി ഒരു സ്ത്രീയുടെ അടുക്കല്‍ എത്തുന്ന ഇടയബാലന്‍ ശരിക്കും സന്ദേഹിയായ ഒരു മനുഷ്യനെ
വരച്ചുകാട്ടുവാനുള്ള  കൊയലോയുടെ ശ്രമമായി കാണാം.  യാത്രയുടെ തുടക്കത്തില്‍ കണ്ടു മുട്ടുന്ന സലെമിലെ രാജാവെന്ന്  സ്വയം പരിചയപ്പെടുത്തിയ മനുഷ്യന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇടയ ബാലന്‍റെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു, ഈ ലോകത്തിലുള്ള എല്ലാ സുഖങ്ങളും അനുഭവിക്കുന്നതോടൊപ്പം കയ്യില്‍ മൂല്യമെന്ന രണ്ട് തുള്ളി എണ്ണ എപ്പോഴും
കരുതണമെന്ന ഉപദേശം ഒരു ഉദാഹരണത്തിലൂടെ വിവരിക്കുന്നത് ഈ നോവലിന്‍റെ ഒരു ആകര്‍ഷണബിന്ദുവാണ്.യാത്രക്കിടയില്‍  സഹായിയായി കൂടെ കൂടിയസുഹൃത്ത്  തന്‍റെ കയ്യിലെ സമ്പത്ത് മുഴുവന്‍ തട്ടിയെടുത്ത് മുങ്ങുമ്പോള്‍  സാന്റിയാഗോ പുതിയ ഒരു വഴിത്തിരുവില്‍ എത്തുന്നു. നിധി തേടിയുള്ള യാത്രക്ക് തല്ക്കാലം വിരാമം ഇട്ടുകൊണ്ട് സാന്റിയാഗോ ഒരു ഗ്ലാസ്‌ കടയില്‍ ജീവനക്കാരനായി. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും നിലനില്‍പ്പിനുവേണ്ടിയുള്ള ശ്രമവും ചേര്‍ന്നപ്പോള്‍  കടയുടെ നിലവാരവും അവസ്ഥയും മാറി അതോടൊപ്പം സാന്റിയാഗോയുടെ സമ്പാദ്യവും കൂടി.
ഒരു വര്‍ഷത്തെ  സമ്പാദ്യവുമായി തിരിച്ചു നാട്ടിലേക്ക് പോയി വീണ്ടും ആട്ടിടയനായി ജീവിക്കുക എന്ന തീരുമാനവുമായി ജോലി വിടുന്ന സാന്റിയാഗോ, മുന്‍പ് കണ്ട സ്വപ്നത്തെക്കുറിച്ച് ഓര്‍ക്കുന്നു, നിധിയും പിന്നെ എല്ലാം,- എല്ലാം അറിയുന്ന ആല്‍കെമിയും--മരുഭൂമി കടക്കണം പിരമിഡിന്‍റെ അടുത്ത് എത്തണം നിധി സ്വന്തമാക്കണം-----

                                                തീഷ്ണമായ ആഗ്രഹത്തോട്‌ കൂടി നിധി തേടുവാനായി ഒരു ഒട്ടകവുമായി മരുഭൂമിയില്‍ ഇരുന്നൂറോളം വരുന്ന കൂട്ടത്തോടൊപ്പം യാത്രയാകുന്നതോടെ കഥ പുതിയ മാനങ്ങള്‍ തേടുകയായി. അനന്തമായ മരുഭൂമിയിലൂടെയുള്ള യാത്ര , അവനെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. യാത്രക്കിടയില്‍ ഉണ്ടായ വെള്ളപ്പൊക്കവും , മരുഭൂമിയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ചിന്തയുണ്ടായി എങ്കിലും കൂട്ടത്തില്‍ ഉണ്ടായ ഒട്ടകക്കാരന്‍റെ ഉപദേശം പ്രതിസന്ധികളെ തരണം  ചെയ്യുവാനുള്ള ബലം നല്‍കി. ഈ  ലോകത്തിലുള്ള സകലചരാചരങ്ങള്‍ക്കും അതിന്‍റെതായ ആത്മാവ് ഉണ്ടെന്നും അതൊന്നും കണ്ടില്ല എന്ന് നടിക്കരുത് എന്ന വാക്കുകള്‍ കൂടെയുണ്ടായിരുന്ന ഇംഗ്ലീഷ് കാരനില്‍ നിന്നു കിട്ടിയതാവാം സാന്റിയാഗോക്ക്.   ഇംഗ്ലീഷ്കാരന്‍റെ കയ്യിലുണ്ടായിരുന്ന പുസ്തകത്താളുകളില്‍ നിന്നു മരുഭൂമിയിലെ  ആല്‍കെമിസ്റ്റിനെ കുറിച്ച് കിട്ടിയ  പുതിയ അറിവുകള്‍ നിധിയോടൊപ്പം ആല്‍കെമിസ്റ്റിനെ തേടാനും അവരില്‍അതിയായ ആഗ്രഹം ഉണ്ടാക്കി. മരുഭൂമിയില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ ഫാത്തിമ എന്ന പെണ്‍കുട്ടിയില്‍ തുടങ്ങുന്ന അനുരാഗവും ഫാത്തിമയിലൂടെ ആല്‍കെമിസ്റ്റിനെ കണ്ടെത്തുന്നതും  മരുഭൂമിയിലെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധവും അനുവാചകരെ കൊയ്‌ലോ പുതിയ ലോകത്തിലേക്ക്‌ കൂട്ടികൊണ്ട്പോകുന്നു.
വരാന്‍പോകുന്ന  ഒരു യുദ്ധത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഒരു ഗോത്രത്തിന് സാന്റിയാഗോ നല്‍കിയത് മരുഭൂമിയില്‍ ജീവിക്കുന്ന ഗോത്രതലവനെ പോലും അത്ഭുതത്തിലാഴ്ത്തി. പ്രക്രിതി നല്‍കുന്ന ഓരോ ചലനവും തള്ളികളയേണ്ടതല്ല അതെല്ലാം സൂക്ഷ്മമായി അവലോകനം ചെയ്യണം എന്ന സത്യത്തിലേക്കിത് വെളിച്ചം വീശുന്നു. ഒരു വേള  ഫാത്തിമയെ
കണ്ടെത്തിയത്തോടെ നിധിതേടാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്ന സാന്റിയാഗോ ആല്‍കെമിസ്റ്റിന്‍റെ ഉപദേശത്താള്‍  മുന്നോട്ട് .പോകുന്നു തുടര്‍ന്ന്‍
ആല്‍കെമിസ്റ്റു മൊത്തുള്ള യാത്രയും ഇടയബാലന്‍ നേടിയെടുക്കുന്ന ഒത്തിരിയേറെ അറിവുകളും ദാര്‍ശനികാമായ ചിന്തകളും ജിജ്ഞാസയോടെ വായനയെ മുന്നോട്ട് കൊണ്ട് പോകുന്നു. അവസാനം യാത്ര തുടങ്ങിയസ്ഥലത്ത് തിരിച്ചെത്തിയ സാന്റിയാഗോ ഒരു സിക്കമൂര്‍ മരത്തിന്‍റെ  ചുവട്ടില്‍ നിന്ന് നിധി കണ്ടെത്തുന്നു----തന്‍റെ പ്രണയിനി ഫാത്തിമ നിന്നെ കാണാന്‍ വരുന്നേ എന്ന മധുര മൊഴിയോടെ കഥ അവസാനിക്കുന്നു---,

                                                           ഇതിനെ വെറുമൊരു കഥയായി വായിക്കണ മെന്നുള്ളവര്‍ക്ക് കഥയും അതല്ല ആഴങ്ങളിലേക്ക് ഇറങ്ങിയാന്‍, തത്വചിന്തയും, ജീവിതത്തിന്‍റെ വഴികാട്ടിയും ആയിരിക്കും--- എന്തെങ്കിലം നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ്ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും-- ഈ കഥയിലെ പ്രാധാനആശയം  ഇതാണ്---


മരുപ്പച്ച




                                               

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സംവരണവും--പട്ടിപ്രേമവും

സംവരണവും--പട്ടിപ്രേമവും
*******************************
സംവരണങ്ങള്‍ പലരീതിയിലാണ് പോലും
സ്ത്രീ സംവരണം പുരുഷസംവരണം
മേല്‍ ജാതി കീഴ്ജാതി അങ്ങനെ എല്ലാം
ചേര്‍ത്ത് നൂറ്റി നാല്പത് , ഇനി വരും
നിയമസഭയില്‍ പട്ടിക്കൊരു സീറ്റ്
സംവരണമായാലോ--അപ്പോളത്
ഡോബാര്‍മാനോ, പൊമേറിയനോ---
ഒരു സന്ദേഹമാണേ---

മരുപ്പച്ച

2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ആദര്‍ശമില്ലാത്ത രാഷ്ട്രീയം

ആദര്‍ശമില്ലാത്ത രാഷ്ട്രീയം
****************************

രാഷ്ട്രമെന്തന്നറിയാത്തവര്‍
രാഷ്ട്രീയക്കാരനാകുമ്പോള്‍
പൂമാലയേന്തി പല്ലിളിക്കുന്ന
കുരങ്ങനല്ലോയിതിലും
ഭേദമെന്ന് തോന്നിപ്പോകും--

മരുപ്പച്ച

ശിലായുഗത്തിലെ രാഷ്ട്രീയക്കാരന്‍

 ശിലായുഗത്തിലെ രാഷ്ട്രീയക്കാരന്‍
************************************

ശിലായുഗത്തിലെ വനവാസം മാറി
പുതുയുഗം വന്നതറിഞ്ഞില്ലേ
രാഷ്ട്രീയക്കാരാ - -
ഇനിയുമെങ്കിലും
നിര്‍ത്തിക്കൂടെയീ രാഷ്ട്രീയത്തിന്‍
പേരിലെ നരഹത്യ-
ഓര്‍ക്കുക നിങ്ങള്‍  --
അനാഥത്വം വിതറും കുഞ്ഞുങ്ങളും
വൈധവ്യം പേറുമമ്മമാരുടെ
നിലവിളിയും മണ്ണില്‍ വീഴുമോരോ
 തുള്ളി  കണ്ണുനീരിനും ---എന്ത് വിലയാ
നല്‍കുക-----

മരുപ്പച്ച


2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

വിജയ പരാജയങ്ങള്‍

     വിജയ പരാജയങ്ങള്‍
      ***********************
എന്നും എനിക്ക് വിജയത്തെക്കാളേറെ
ഇഷ്ടം പരാജയത്തോടായിരുന്നു
ഇഷ്ടത്തോടെയുള്ള എന്‍റെ ഓരോ
പരാജയവും ഉയരങ്ങളിലേക്കുള്ള
ചവിട്ടു പടികള്‍ ആയിരുന്നുവെന്ന്
അറിഞ്ഞതാവാം  എന്‍റെ  വിജയം--

മരുപ്പച്ച




2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പക്ഷപാതം

                 പക്ഷപാതം
                 ************  
സ്വജനപക്ഷപാതവും പരജനപക്ഷപാതവും
പറഞ്ഞ് അധികാരത്തിലേറിയവരിന്നു
പക്ഷപാതം കാട്ടുമ്പോള്‍ അധികാരത്തിലേറ്റിയ
പാവം  ജനങ്ങളിന്നു പക്ഷാഘാതത്താല്‍
വലയുന്നു------

മരുപ്പച്ച

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഗാന്ധിജി

       ഗാന്ധിജി
      **********
ആര്‍ക്കോവേണ്ടി വസ്ത്രം
ഉപേക്ഷിച്ചൊരുവൃദ്ധന്‍
വേണ്ട വിദേശിയെന്നു
ചൊല്ലിയൊരു വൃദ്ധന്‍
അഹിംസയെന്നൊരു മന്ത്രം
ചൊല്ലിയൊരു വൃദ്ധന്‍----

ഓര്‍മകളില്‍ നിന്നകന്നൊരു
താപസനിന്നൊരു കറന്‍സിയില്‍
മാത്രമൊതുങ്ങീടുന്നു-

വീണുടഞ്ഞൊരു കണ്ണടയും
നിലച്ചു പോയൊരു ഘടികാരവും
രാമ-രാമ--ഉച്ചരണിയും
മുഴങ്ങുന്നു എങ്ങോ--
ആരോരുമറിയാതെ----



സമാന്തരമായ കുന്നുകള്‍

                       സമാന്തരമായ കുന്നുകള്‍
                        **************************
ഉയരമുള്ള മലമുകളില്‍ ഇരുന്നു വീക്ഷിക്കുന്നവര്‍ പലപ്പോഴും അതിന് സമാന്തരമായോ അല്ലെങ്കില്‍ അതിനെക്കാളും ഉയരത്തിലോ മാത്രമേ
നോക്കാറുള്ളൂ താഴേക്ക്‌ നോക്കുന്നുവെങ്കില്‍ യാദൃശ്ചികമാകാം
ഇതുപോലെയാണ് ഇന്നത്തെ മനുഷ്യ ജന്മവും. എന്നും മനുഷ്യര്‍
അവന്‍റെ  തോളോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിവുള്ളവരെയോ അല്ല
എങ്കില്‍ അവരെക്കാളും മുകളില്‍ ആയിരിക്കുന്നവരെയും ആയിരിക്കും
നോക്കുക.മലയുടെ മുകളിലിരുന്നു താഴേക്ക്‌ നോക്കിയാല്‍ ഒഴുകുന്ന
ചെറിയ കാട്ടാറും പൂക്കളും താഴ്വാരങ്ങളില്‍ കാണാന്‍ കഴിയും
താഴെക്കിറങ്ങിയാല്‍ കുറച്ചുകൂടി വ്യക്തമായി സൌന്ദര്യം ആസ്വദിക്കാം.
അതുപോലെയാണ്  നമ്മുടെ താഴെക്കിടയില്‍ കഴിയുന്ന മനുഷ്യരുടെ ഇടയില്‍
സ്നേഹത്തിന്‍റെ കരുതലിന്‍റെ നിസ്വാര്‍ത്ഥതയുടെ ആര്‍ത്തിയില്ലാത്ത കുറെ
നല്ല മനസ്സുകള്‍ കാണാം----ഒന്ന് താഴെക്കിറങ്ങിയാല്‍-എല്ലാപേരെയും സമന്മാരായി കാണാന്‍ കഴിഞ്ഞാല്‍  ---കുറച്ചു കരുണ കാണിച്ചാല്‍  അപരന്‍റെ ജീവിതത്തില്‍ കൈത്താങ്ങാകാന്‍ കഴിഞ്ഞാല്‍  ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകില്ലേ---? ജീവിതത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈഗോയാകുന്ന കുന്നുകളെ നിരപ്പാക്കിക്കൂടെ----?

മരുപ്പച്ച

2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

കന്യകാമാതാവ്

     കന്യകാമാതാവ്
    *******************
അക്ഷരത്തിന് കാവലായ
കന്യാമറിയമേയെന്‍
തൂലികക്ക് കാവലായിരിക്കേണമേ
നല്‍ ചിന്തകളും പ്രവര്‍ത്തിയാലുമെന്‍
ജീവിതം സാഫല്യമാക്കീടാന്‍
കൂട്ടായിരിക്കേണമേ---

വചനമാം അഗ്നിയെന്നില്‍ജ്വലിച്ചീടുവാന്‍
എന്നിലെ തമസ്സൊന്നു മാറ്റീടണമേ
കരയുന്ന മനുജന്‍റെ കണ്ണുനീരോപ്പുവാനെന്‍
ഹൃദയ ജാലകം തുറന്നീടണേ-

അപരന്‍റെ കുരിശൊന്നു താങ്ങുവാന്‍
സ്വാര്‍ത്ഥമാം മോഹങ്ങള്‍ നീക്കിടണെ            
വിളങ്ങുമൊരു ശമരിയാക്കാരനാകുവാനെന്‍
ചിന്തകള്‍ക്ക്തെളിച്ചമേകേണമേ

നിസ്വനായിപിറന്നൊരേശുവിനമ്മേ
ലാളിത്യമെന്നില്‍ നിറക്കേണമേ
എന്‍ ജീവിതമാകും കാനായില്‍
അമ്മേ  മധ്യസ്ഥയാകേണമേ

സഹനത്തിന്‍ മാതൃകയാമെന്നമ്മേ
ക്ഷമയെന്നപുണ്ണ്യത്താലെന്നെ
നിറയുവാന്‍ കനിയേണമേ
അപമാനിതനാകുംവേളകളില്‍
എന്‍കരംപ്പിടിച്ചെന്നെ നടത്തേണമേ





മരുപ്പച്ച






2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

നിരോധനാജ്ഞ

        നിരോധനാജ്ഞ
       ******************
നാല് മനുഷ്യരൊരുമിച്ചു കൂടുമ്പോള്‍
നിരോധനാജ്ഞ പ്രഖ്യപിക്കും
ഭരണകൂടമേ -- മനുഷ്യരെക്കൊല്ലും
പട്ടികളൊരുമിച്ചുകൂടിയാലെന്തേ-
നിങ്ങള്‍ കര്‍ഫ്യൂ പ്രഖ്യപിക്കാത്തെ -

മരുപ്പച്ച

സ്വാശ്രയകോളേജ്

       സ്വാശ്രയകോളേജ്
      *******************
സ്വാശ്രയക്കാരും പരാശ്രയക്കാരും
സര്‍ക്കാരും ചേര്‍ന്ന് പാവപ്പെട്ട
മലയാളി പിള്ളേരുടെ ഭാവി
ആശ്രയമില്ലാതാക്കി---


വാര്‍ത്ത

മെനയുന്ന വാര്‍ത്തകള്‍
***********************
വാര്‍ത്തകള്‍ക്കായി
വാര്‍ത്തകള്‍മെനഞ്ഞ്
വാര്‍ത്തകള്‍ക്കായി
കാതോര്‍ക്കുന്നവരെ
വിഡ്ഢിയാക്കൊന്നൊരു
കൂട്ടര്‍---

വാര്‍ത്തയെ കുലംകക്ഷം കീറി
മുറിക്കുന്നൊരുകൂട്ടര്‍
ഊഹങ്ങള്‍ മെനയുന്നു പലതും
അതല്ലേയിതെന്ന് ചോദ്യശരങ്ങള്‍
പിന്നെ വാക്കില്‍പിടിക്കുന്നു
പുതിയവാര്‍ത്തകള്‍ മെനയുന്നു

ചര്‍ച്ചകള്‍ക്കായിഒരുക്കുന്നു
ഇടങ്ങള്‍പലതുമിവര്‍
നേരുംനെറിയുമില്ലാത്ത കൂട്ടര്‍

വിശപ്പറിയാത്തവര്‍
വിശപ്പിനെക്കുറിച്ച്

നീതിബോധമില്ലാത്തവര്‍
നീതിയെക്കുറിച്ച്

പ്രണയമില്ലാത്തവര്‍
പ്രണയത്തെക്കുറിച്ച്

പേറ്റുനോവറിയാത്തവര്‍പോലും
വാചാലരാകുന്നുവേദികളില്‍
പ്രസവമെന്നപുണ്യത്തെക്കുറിച്ച്

കാമിനികള്‍ക്കാട്ടും വിക്രിയപോലും
മഹത്വവല്ക്കരിക്കുന്നിവര്‍
ദിനരാത്രങ്ങള്‍ പോലും മാറ്റിവക്കുന്നു
ചര്‍ച്ചകള്‍ക്കായി----

മാനവര്‍ക്ക് ജിഹ്വയായിരുന്നവര്‍
മാനവര്‍ക്ക് ഭാരമായീടുന്നു----
തന്ത്രങ്ങള്‍ മെനയുന്നിവര്‍--
കച്ചവടങ്ങല്‍ക്കായി----

മരുപ്പച്ച







2016, ഒക്‌ടോബർ 1, ശനിയാഴ്‌ച

കൊടി വച്ച രാഷ്ട്രീയം

കൊടി വച്ച രാഷ്ട്രീയം
*********************

കൊടി വച്ച കാറിലഞ്ച് വര്‍ഷം
പാറി പറന്നു നടക്കുന്നവരും

കൊടി വച്ച കാറിലഞ്ചുവര്‍ഷം
കയറാനായി  പാടുപെടുന്നവരും

ചേര്‍ന്നൊരുക്കിയ പരസ്പ്പര
സഹകരണമാണ്  നമ്മുടെ രാഷ്ട്രീയം--


മരുപ്പച്ച