2016, നവംബർ 30, ബുധനാഴ്‌ച

മനുഷ്യന്‍

                               മനുഷ്യന്‍    
                            *************          

പഞ്ചനക്ഷത്രഹോട്ടലില്‍ പരവതാനിയില്‍ കാലൂന്നി
വെള്ളിക്കരണ്ടിയാലെ നീ ആഹാരം കഴിക്കുമ്പോള്‍
 ഭാഗ്യവാന്‍ ആണെന്ന് കരുതിയെങ്കില്‍ അല്ല
നീ ആഹാരത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു നേരത്തെ
അന്നത്തിന് വകയില്ലാത്തവനെക്കുറിച്ച് നീ ഓര്‍ക്കാറുണ്ടോ
എങ്കില്‍ നീയാണ് ഭാഗ്യവാന്‍. പട്ടുമെത്തയില്‍ നീ
കിടക്കുമ്പോള്‍  വിചാരിച്ചിരിക്കാം നീയാണ് നല്ല
 മനുഷ്യനെന്ന്, നിനക്കാണ് നല്ല ഉറക്കമെന്ന്, അല്ല,
 ഉറങ്ങാന്‍ കിടക്കുമ്പോള്‍ തെരുവില്‍ കഴിയുന്നവനെ
കുറിച്ച് നീ ചിന്തിക്കാറുണ്ടോ  അവരെയോര്‍ത്ത് നിന്‍റെ
നെഞ്ച് ഒരു നിമിഷമെങ്കിലും പിടയാറുണ്ടോ എങ്കില്‍
നീയാണ് യഥാര്‍ത്ഥ മനുഷ്യന്‍---സമ്പാദിക്കുന്നവനോ
വെട്ടിപ്പിടിക്കുന്നവനോ അല്ല, അപരന്‍റെ കണ്ണുനീരില്‍
പങ്കുചേരുന്നവനാണ് മനുഷ്യന്‍---

മരുപ്പച്ച


2016, നവംബർ 29, ചൊവ്വാഴ്ച

മരുഭൂമിയിലെ പ്രണയം

                    മരുഭൂമിയിലെ പ്രണയം 
                   *****************************
നല്ല പ്രണയങ്ങള്‍ മരുഭൂമിയിലെ കള്ളിമുള്‍ച്ചെടിപോലെയാണ്
വരണ്ട മരുഭൂമിയില്‍ എപ്പോഴെങ്കിലും കിട്ടുന്ന മഴയില്‍
തഴക്കുന്ന മുള്‍ച്ചെടികള്‍ക്ക് എത്ര കാലം വേണേലും നനവ്‌
സംഭരിച്ച് എത്ര ചൂടിനേയും അതിജീവിക്കാന്‍ കഴിയും
അതുപോലെയാണ് ചില പ്രണയ സ്പര്‍ശനങ്ങള്‍,
പ്രണയത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജത്തിന് എത്ര നിരാശനിറഞ്ഞ
മനസ്സിനെയും  ഈര്‍പ്പമുള്ളതാക്കാന്‍ കഴിയും, പ്രണയം
നിലനില്‍ക്കും കാലത്തോളം തളരാതെ തകരാതെ---
പ്രതീക്ഷകളുമായി മുന്നോട്ട് പോകാന്‍-
ഇലകൊഴിയാമരങ്ങളെ പോലെ
എന്നും നിലനില്‍ക്കാന്‍----


മരുപ്പച്ച

2016, നവംബർ 28, തിങ്കളാഴ്‌ച

തകരുന്ന നീതിബോധം

         തകരുന്ന നീതിബോധം
        *************************    

വിപ്ലവത്തിന്‍ പേരിലധികാരത്തിലേറിയവര്‍
വിപ്ലവകാരികളെ കൊന്നൊടുക്കുന്നു
അകലത്തെ നേതാവിന് ജയ്‌ വിളിക്കുന്നോര്‍
അരികില്‍ക്കാണും സഖാവിനെയറിയുന്നില്ല

മതവാദികള്‍ വിലസുന്നുയിവിടെ
നോക്കുകുത്തിയാകുന്നു നിയമങ്ങള്‍
മെനയുന്നു നിയമങ്ങളാര്‍ക്കോവേണ്ടി
കുരുങ്ങുന്നു നിസ്വന്‍റെ കൈകാലുകളില്‍

അരങ്ങുതകര്‍ക്കുന്നു തത്വശാസ്ത്രങ്ങള്‍
വയറുനിറക്കാത്ത പാഴ്വാക്കുകളായി
ഒട്ടിയവയറിനായിയൊച്ചവക്കുവാന്‍
നേരമില്ലയാര്‍ക്കുമേഭൂമിയില്‍

മാനവികതയില്ലാത്ത മനുജരിന്നു
മണ്ണടക്കി വാഴുമ്പോള്‍
മണ്ണിനവശികള്‍ മണ്ണില്ലാതലയുന്നു

മണിമന്ദിരങ്ങള്‍ പണിയുവാനായി
തെരുവിലെറിയപ്പെട്ടവര്‍ തെരുവിന്‍
മക്കളായി മുദ്രകുത്തീടുന്നു

കാലമാണ്  വൈദ്യന്‍ കാലമാണ്സത്യം
ഇന്ന് ചെയ്യുംവിനകളെല്ലാം
നാളെത്തിരിഞ്ഞു പല്ലിളിക്കുമ്പോള്‍
അറിയാതെ ചെയ്ത തിന്മകള്‍
തകര്‍ത്തിടുമൊരു നീതിശാസ്ത്രത്തെ

മരുപ്പച്ച






2016, നവംബർ 26, ശനിയാഴ്‌ച

പൌലോ കൊയ്‌ലോ----ചെകുത്താനും ഒരു പെണ്‍കിടാവും

       പൌലോ കൊയ്‌ലോ----ചെകുത്താനും ഒരു പെണ്‍കിടാവും
      ***************************************************************            

ഈ ലോകത്ത് നന്മയാണോ തിന്മയാണോ ആദ്യം വന്നത് നന്മക്കാണോ തിന്മാക്കാണോ കൂടുതല്‍ സ്വാധീനം, എന്നും മനുഷ്യന്‍റെ മനസ്സിനെ ആകുലപ്പെടുത്തിയ രണ്ട് ചിന്തകളാണ്. ഒരു കഥയെഴുതുമ്പോള്‍ വായനക്കാരനെ ചിന്തയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നത് പൌലോകൊയ്‌ലോയുടെ ഒരു അനുഗ്രഹീതകഴിവാണ്. അതുകൊണ്ടാകും പൌലോയുടെ എഴുത്തുകളെ ദാര്‍ശനീകമായ ചിന്തകള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത്.ഇരുനൂറ്റിയെന്‍പത്തിയൊന്ന് പേര്‍ മാത്രമുള്ള വിസ്കോസ് എന്ന ഗ്രാമം പശ്ചാത്തലമാക്കി കഥ പറയുമ്പോള്‍ ശരിക്കും ഒരു മനുഷ്യന്‍റെ മനസ്സിന്‍റെ കഥയാണ്‌ പൗലോ പറയുന്നത്. തന്‍റെ ഗ്രാമത്തിന്‍റെ കാവല്‍ക്കാരിയെപ്പോലെയെന്നും വീടിന്‍റെ ഉമ്മറത്തിരുന്നു പുറത്തേക്ക് നോക്കിയിരിക്കുന്ന  വിധവയായ ബര്‍ത്ത് മുത്തശിയില്‍ കഥതുടങ്ങുന്നു.

                                                                    അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അപരിചിതന്‍ ആ ഗ്രാമത്തില്‍ കടന്നുവരുന്നു , വര്‍ഷങ്ങളായി പുറത്തേക്ക് കണ്ണും നട്ടിരുന്ന ബര്‍ത്ത് മുത്തശ്ശിക്ക് അയാളുടെ വരവില്‍ ചില പന്തികേട് തോന്നുന്നു സൂക്ഷ്മമായി അയാളെ വീക്ഷിക്കുന്ന ബര്‍ത്ത് മുത്തശ്ശിക്ക് ഒരു കാര്യം മനസ്സിലായി അയാളോടൊപ്പം ഒരു ചെകുത്താനുമുണ്ട്. പെട്ടെന്ന് കാലാവസ്ഥക്ക് ഉണ്ടാകുന്ന മാറ്റം മുത്തശ്ശിയുടെ മനസ്സിനെ വല്ലാതെയുലക്കുന്നു.അപരിചിതന്‍ നേരെ പോയത് ആ ഗ്രാമത്തില്‍ ഉള്ള ഒരു ഹോട്ടലിലേക്കാണ്, അതെ ഹോട്ടലിലെ ജീവനക്കാരിയാണ് ഈ കഥയിലെ മുഖ്യകഥാപാത്രം ഷാന്‍റെല്‍  എന്ന സുന്ദരിയായ പെണ്‍കുട്ടി. ഹോട്ടലില്‍ ഒരപരിചിതന്‍ താമസമാക്കിയെന്ന വിവരം ആ നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. ആ നാട്ടിലെത്തിയ അപരിചിതന്‍ നേരെ പോയത് ആ ഗ്രാമത്തിലെ കിഴക്കേ ഓരം ചേര്‍ന്ന് കിടക്കുന്ന മലയിലേക്കാണ്. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയശേഷം തന്‍റെ കയ്യില്‍  കരുതിയിരുന്ന സ്വര്‍ണ്ണക്കട്ടികള്‍ ആ മലയില്‍ കുഴിച്ചിട്ടശേഷം മടങ്ങുന്നു. മടക്കയാത്രയില്‍ കണ്ടുമുട്ടുന്ന ഷാന്‍റെലുമായി പരിച്ചപ്പെടുന്ന അപരിചിതന്‍   താന്‍ കുഴിച്ചിട്ട സ്വര്‍ണ്ണക്കട്ടികള്‍ കാണിച്ചു കൊടുക്കുന്നു. പ്രലോഭനങ്ങളിലൂടെ ആരെയും തെറ്റ് ചെയ്യിക്കാന്‍ കഴിയുമെന്നും അതാണ് തന്‍റെ ലക്ഷ്യമെന്നും വിവരിക്കുന്നു. വരുന്ന ഏഴ് ദിവസത്തിനുള്ളില്‍ ഗ്രാമത്തിലെ ഒരാളെ കൊല്ലുകയാണെങ്കില്‍ താന്‍ കുഴിച്ചിട്ട
സ്വര്‍ണ്ണക്കട്ടികള്‍ ഈ ഗ്രാമവാസികള്‍ക്കുള്ളതാകുമെന്നും ഇനിയുള്ള കാലം അധ്വാനിക്കാതെ സുഭിക്ഷമായി ജീവിക്കാമെന്നും വാഗ്ദാനം ചെയ്യുന്നു.


                                                               തികച്ചും നടുക്കവും പ്രതിസന്ധിയും അനുഭവിക്കുന്ന ഒരു മനുഷ്യന്‍റെ വികാരം ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയിലൂടെ
പൌലോകൊയ്‌ലോ മനോഹരമായി തുറന്ന് കാട്ടുന്നു. എത്ര സ്നേഹബന്ധത്തില്‍  കഴിയുന്ന മനുഷ്യരും സ്വാര്‍ത്ഥതാല്പര്യത്തിനായി തന്‍റെ കൂടപ്പിറപ്പിനെപ്പോലും തള്ളിക്കളയുന്ന ഒരു കാലഘട്ടത്തെയോ അല്ലെങ്കില്‍ മനുഷ്യമനസ്സുകളെയോ വിവരിക്കുന്നതില്‍ പൌലോ കൊയ്‌ലോ വിജയിച്ചു.
തകര്‍ന്നു കിടന്നിരുന്ന വിസ്കോസ് നഗരം, ഇന്ന് കാണുന്ന ഒരു മനോഹരനഗരമാക്കി മാറ്റിയതിന് പിന്നില്‍ ഉള്ള ഒരു ചെറുകഥയും പുണ്യവാളനായ സാവിന്‍ വഴിയായി ആഹാബ് എന്ന മനുഷ്യന്‍റെ ജീവിത്തിലുണ്ടായ  മാറ്റവും അനുവാചകര്‍ക്ക് ജിജ്ഞാസ കൂട്ടുന്നു. സ്വര്‍ണ്ണം സ്വന്തമാകുന്നതോടെ തന്‍റെ നാട്ടില്‍ വരാന്‍ പോകുന്ന മാറ്റവും, ഭൗതികമായ ചിന്തകളും ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയെ പുതിയ ലോകത്തിലെത്തിച്ചു. തന്നില്‍ മാത്രം ഒതുങ്ങി നിന്ന രഹസ്യം വിസ്കോസ് എന്ന ഗ്രാമത്തിലെ മുഴുവന്‍ പേരെയും അറിയിക്കുന്നതോടെ കഥ പുതിയ തലത്തിലേക്ക് പോകുന്നു. ഇന്നലെ വരെയുള്ള തന്‍റെ ജീവിതവും വരാന്‍ പോകുന്ന തന്‍റെ ജീവിതവും ചേര്‍ത്ത് പുതിയ സ്വപ്നങ്ങള്‍ നെയത് ഉറക്കം പോലും നഷ്ടപ്പെടുന്നഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിന്‍റെ ഭാവങ്ങള്‍ മനോഹരമായി പൗലോ കൊയ്‌ലോ ഈ കഥയിലൂടെ തുറന്ന് കാട്ടുന്നു.

                                                           ഓരോ മനുഷ്യനും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിന് ചില പ്രത്യക സാഹചര്യങ്ങളുണ്ടാകാം, അതുപോലെ, തന്‍റെ കഴിഞ്ഞ ജീവിത സാഹചര്യങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നു അപരിചിതന്‍.  ഒരു ആയുധകമ്പനിയുടെ നടത്തിപ്പ്കാരനായിരുന്ന താന്‍ ഒത്തിരി പണം സമ്പാദിച്ച് ഈ ലോകത്തിന്‍റെ  എല്ലാ സുഖങ്ങളിലും വിരാജിച്ചിരുന്നുവെന്നും  അപ്രതീക്ഷിതമായി തന്‍റെ കമ്പനിയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ തീവ്രവാദികളുടെ കയ്യില്‍ എത്തിപ്പെട്ടുവെന്നും. ആ ആയുധങ്ങള്‍ തന്‍റെ ഭാര്യയുടെയും മക്കളുടെയും , ജീവനെടുത്തുവെന്ന വെളിപ്പെടുത്തല്‍ നമ്മളെ പുതിയ ചില ചിന്തകളിലേക്ക് പൌലോകൊയ്‌ലോ കൊണ്ടുപോകുന്നു.
നാട്ടില്‍ പുതിയ വികസനം വരുന്നതോടെ വലിയ റോഡുകളും പാലങ്ങളും ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും വരുമെന്നും അതോടെ വിസ്കോസ് നഗരം വിട്ട് നമ്മള്‍ പോകേണ്ടി വരുമെന്നും, അതിന്‍റെ ഗ്രാമീണതയും സത്യസന്ധതയും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവര്‍ ഇന്നിന്‍റെ നേര്‍കാഴ്ചകള്‍ ആയി കാണാം.

                                      ഒരു കൊലപാതകം ചെയ്താലും കുഴപ്പമില്ല സ്വര്‍ണ്ണം സ്വന്തമാക്കിയാല്‍ മതിയെന്ന ചിന്തയില്‍ നാട്ടുകാര്‍ എത്തിച്ചേരുന്നു. എങ്ങും സംഭവിക്കും പോലെ രാഷ്ട്രീയക്കാരനായ മേയറും വികാരിയച്ചനും തുടര്‍നടപടികള്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്നു. വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടും, പൊള്ളത്തരങ്ങളും നന്നായി കാണാന്‍ കഴിയും കഥയുടെ ഈ ഭാഗങ്ങളില്‍.  മാമോദീസയും കുര്‍ബാനയും നടക്കുന്ന സമയത്ത് ഒരിക്കല്‍ പോലും നിറയാതിരുന്ന പള്ളി പുതിയ സംഭവത്തോടെ നിറഞ്ഞു കവിഞ്ഞുകാണുമ്പോള്‍,  സമ്പത്തിന് വേണ്ടിയുള്ള കപട  വിശ്വാസത്തെ വിമര്‍ശനാത്മകമായി ചിത്രീകരിക്കാന്‍ ഈ കഥയുടെ അവസാന ഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ആരെ കൊല്ലും എന്ന ചിന്തക്ക് അവര്‍ വിരാമമിടുന്നത് വിസ്കോസ് ഗ്രാമത്തിന് എന്നും കാവക്കാരിയായ, വിളക്കായ, വിധവയായ ബര്‍ത്ത് മുത്തശ്ശിലൂടെയാണ്. വിധവയാണെങ്കിലും
തന്‍റെ മരിച്ചുപോയ ഭര്‍ത്താവുമായി നിരന്തരം സംസാരിക്കുന്ന, ബര്‍ത്ത് മുത്തശ്ശിക്ക്   ആ ഗ്രാമത്തില്‍ വന്നേക്കാവുന്ന എല്ലാ അപകടവും മുന്‍കൂട്ടി അറിയാനുള്ള ഒരു ദിവ്യമായ കഴിവ് ഉണ്ടായിരുന്നു.

                                                       വികാരിയച്ചന്‍റെ സാന്നിധ്യത്തില്‍ നാടിന് വന്നുചേരാന്‍ പോകുന്ന സമ്പത്തിന് വേണ്ടി ബര്‍ത്ത് മുത്തശ്ശിയെ കൊല്ലുവാനായി മയക്കുന്ന ഗുളികകള്‍ കൊടുക്കുന്നു, നന്മക്ക് മേല്‍ തിന്മ സ്വാധീനം ചെലുത്തിയ സമയം.മഞ്ചലില്‍ മുത്തശ്ശിയെ കിടത്തി അവര്‍ മലയിലേക്ക് യാത്രയായി. കൊല ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ബലിയാടായി മുത്തശ്ശിയേയും  വാഗ്ദാനം ചെയ്ത സ്വര്‍ണ്ണക്കട്ടിയും എത്തിക്കുന്നു. പുതിയ സ്വപ്നങ്ങളുമായി കൊലപാതകത്തിന് ആജ്ഞ പുറപ്പെടുവിക്കാന്‍ കാത്തിരുന്ന മേയര്‍ക്ക് മുന്നിലായി ചില വാഗ്വാദങ്ങളുമായി ഷാന്റല്‍ എത്തുന്നു. ജൂലിയസ് സീസറിലെ മാര്‍ക്ക് ആന്റണിയെ പ്പോലെ മനോഹരമായ ഒരു പ്രസംഗത്തിലൂടെ  കൊലപാതകം ഒഴിവാക്കുന്ന ഷാന്‍റെല്‍ പുതിയ ചിന്തയിലൂടെ  ജനങ്ങളെ തിരിച്ചയക്കുന്നു. പെട്ടെന്ന് വന്നുചേരുന്ന വഴിവിട്ട സമ്പത്ത് നമുക്ക് വേണ്ടയെന്ന തീരുമാനവുമായി ജനങ്ങള്‍ പിരിയുന്നതും ബര്‍ത്ത് മുത്തശ്ശിയെ സ്വതന്ത്രമാക്കുന്നതും  അനുവാചകരെ ഈ കഥ പുതിയ തലത്തിലെത്തിക്കുന്നു. അവസാനം തന്‍റെ സ്വത്ത് മുഴുവന്‍ അപരിചിതന്‍ ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിക്ക് കൊടുത്തശേഷം  അവര്‍ ഒരുമിച്ച് നാട് വിട്ടുപോകുന്നതോടെ  കഥയവസാനിക്കുന്നു.

മരുപ്പച്ച



.


2016, നവംബർ 20, ഞായറാഴ്‌ച

എന്‍റെ റോസാപ്പൂവ്

          എന്‍റെ റോസാപ്പൂവ്
           *********************
റോസാപൂവിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു
എന്തിനാണ് നിനക്കീ മുള്ളുകളെന്ന്, നീ അറിയാതെ
നിന്നില്‍ നിന്ന് തേന്‍ നുകരുന്ന വണ്ടുകള്‍ക്ക്
നിന്‍റെ മുള്ളുകളെ പേടിയില്ല, ഒന്നിനും
വേണ്ടിയല്ലേലും പൂക്കളെ അടര്‍ത്തി കളയുന്നവര്‍ക്ക്
നിന്‍റെ മുള്ളിനെ പേടിയില്ല, അപ്പോള്‍ പിന്നെ
തണ്ടിന് കാവലായാണോ? ആയിരിക്കാം അല്ലെ ?
ഇതുപോലൊരു മുള്ള്  എന്‍റെ പ്രണയിനി നിന്‍റെ
ശരീരത്തിലോ മനസ്സിലോ ഉണ്ടായിരുന്നുവെങ്കില്‍,
നിന്നെ പലപ്പോഴും ഞാന്‍ വേദനിപ്പിച്ചപ്പോള്‍
അതിന്‍റെ ഒരംശം എനിക്കും കിട്ടുമായിരുന്നല്ലോ,
അതോ മുള്ളുണ്ടായിട്ടും നീ പ്രതികരിക്കാത്തതാണോ
അങ്ങനെയാവാമല്ലേ -----? ഒരു പക്ഷേ ഞാന്‍ നല്‍കുന്ന
വേദന സഹിക്കുന്നതാവും നിന്‍റെ സ്നേഹോപകാരം -






2016, നവംബർ 11, വെള്ളിയാഴ്‌ച

എന്നിലെ കഥാപാത്രങ്ങള്‍

                      എന്നിലെ കഥാപാത്രങ്ങള്‍ 
                *********************************

എനിക്കൊരു കഥയെഴുതണം എന്‍റെ കഥാപാത്രത്തിന്
പ്രാപഞ്ചികവും അമൂല്യവുമായ സത്ഗുണങ്ങള്‍ ഉണ്ടാകണം
എന്‍റെ നായകന്‍ മദ്യപാനിയും പുകവലിക്കുന്നവനും
ആഭാസകനും ആകരുത് അത് അഭിനയം പോലെ ജീവിതത്തിലും
മൂല്യങ്ങള്‍ പുലര്‍ത്തണം. അതുപോലെ എന്‍റെ നായിക
  സ്ത്രീത്വത്തിന്‍റെ സമസ്ത ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവള്‍
ആയിരിക്കണം അവള്‍ ജീവിത്തിലും അഭിനയത്തിലും
വിജയിച്ചവളും. പക്ഷെ എനിക്ക് രണ്ട്പേരെയും ഈ
ഭൂമിയില്‍ കിട്ടിയില്ല , ജീവിതവും അഭിനയവും ഒരുപോലെ
ചെയ്തവരെ എവിടെ കിട്ടും  അവസാനം ഞാനറിഞ്ഞു
എല്ലാം തികഞ്ഞത്  സൃഷ്ടാവാണെന്ന്,പക്ഷെ ആ സൃഷ്ടാവിനെ
 കാണാന്‍ ഞാന്‍ എവിടെ പോകണം, അങ്ങനെ വീണ്ടും
ഞാന്‍ അലയാന്‍ തുടങ്ങി , അനന്തമായ അലച്ചിലിന്ശേഷം
വീണ്ടും ഞാന്‍ പരാജയപ്പെട്ടു, ഞാന്‍ തേടുന്നത് എന്തോ
എന്‍റെ അടുത്തോ അതോ എന്നിലോ ഉള്ളത് പോലെ-
അവസാനം ഞാന്‍ തേടുന്നത് എന്നിലുണ്ടെന്നൊരു
തോന്നല്‍, അത് കാണാന്‍, അത് അറിയാന്‍ എന്‍റെ
തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കഴിയുന്നില്ലല്ലോ
കണ്ണിന് കാഴ്ചയും ഹൃദയത്തില്‍ കരുണയും
വേണമെന്നുള്ള തിരിച്ചറിവ് വളരെ വൈകിയാണ്
ഞാനറിഞ്ഞത്---ഇനി എന്‍റെ കഥയെഴുതുവാന്‍
കഴിയുമോയെനിക്ക്---

മരുപ്പച്ച




2016, നവംബർ 8, ചൊവ്വാഴ്ച

ചിതയെന്ന സത്യം

         ചിതയെന്ന സത്യം
         ********************
ധരണി നല്‍കിയദേഹത്തെ
മടക്കിനല്‍കുന്നുധരണിക്ക്
ചിതയെന്നസത്യത്തെ
മറക്കുവാനാകാതെ-

സമസ്തവുംവരും വീണ്ടും
ഓര്‍മകള്‍ക്ക്കരുത്തായി
എരിയുന്നചിതമാത്രം-
വരികില്ലൊരിക്കലും

എരിയുന്നചിതയുംപേറി
ഉന്തുന്നുജീവിതങ്ങള്‍
അവസാനചിതയെന്ന്‍
കാണുമെന്നറിയാതെ

എരിയുന്നചിതയില്‍ നിന്നു
പകരുന്നുചതിവിന്‍റെയഗ്നി
തെളിക്കുവാന്‍ വെമ്പുന്നു                                      
വീണ്ടുമപരന്‍റെ നെഞ്ചില്‍

എരിയുന്നചിതയൊന്നു
ശമിക്കുവാന്‍കാക്കാതെ
കൂടുന്നുബന്ധങ്ങള്‍
കൂട്ടിക്കിഴിക്കലുമായ്

വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും
പോരില്ലൊരിക്കലുംകൂട്ടിന്-
എനിക്കെന്ന് ചൊല്ലുവാന്‍ക്കൂട്ടിന്
സത്യമാംചിതയൊന്നുമാത്രം ---

മരുപ്പച്ച






2016, നവംബർ 7, തിങ്കളാഴ്‌ച

പീഡനങ്ങള്‍

 പീഡനങ്ങള്‍
****************
നോക്കില്‍ പീഡനം
വാക്കില്‍ പീഡനം
പീഠത്തിലിരുന്നാലും
പീഡനം
പീഠം വിട്ടാലും
പീഡനം
ജാതിയില്ല, മതമില്ല
പ്രായഭേദമില്ലയീ
പീഡനത്തിന്
പീഡനകഥകള്‍
മുടിക്കുന്നു നാടിനെ-

മരുപ്പച്ച


2016, നവംബർ 6, ഞായറാഴ്‌ച

പ്രക്രിതിയിലെ കാഴ്ചകള്‍

                             പ്രക്രിതിയിലെ കാഴ്ചകള്‍   
                         **********************************        

അപ്രതീക്ഷിതമായി കാണുന്ന ചില കാഴ്ചകള്‍ ചിലപ്പോള്‍ നമുക്ക്
ഒരു കൂട്ടം വിഷയങ്ങള്‍ ചിന്തിക്കാന്‍ തന്നേക്കാം. എന്നും കാണുന്ന
മരച്ചില്ലകള്‍ , പക്ഷികള്‍, പൂക്കള്‍. ഇളം കാറ്റ്, അങ്ങനെ പലതുകൊണ്ടും
നിറഞ്ഞ ഒരു പാഠശാലയാണ് പ്രകൃതി.എല്ലാദിവസവും ഉണരുമ്പോള്‍
കാഴ്ചകാണുന്ന നീല സാഗരം, അതിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ ചില നാളുകളില്‍ കരയുമായി പിണങ്ങി വേലിയിറക്കം എന്ന പേരില്‍
വിരഹദുഖം പ്രകടിപ്പിക്കും, ചിലപ്പോള്‍ കരയുമായി സല്ലപിക്കും
വേലിയേറ്റമെന്ന പേരില്‍. ചില ദിവസങ്ങളിലെ സൂര്യോദയം മനസ്സിനും
ചിന്തക്കും ഒത്തിരി ഊര്‍ജ്ജം പകരാറുണ്ട് അത്ര മനോഹരമാണ് ആ കാഴ്ച
ഓരോ ദിവസവും നമ്മുടെ ജീവിതത്തില്‍ വ്യത്യസ്തമായിരിക്കും
 അത് പലതും നമുക്ക് വേണ്ടി കരുതാറുണ്ട്‌ എന്ന പൌലോകൊയ്‌ലോയുടെ വാക്കുകള്‍ പ്രസക്തമാണെന്ന് പലപ്പോഴും ഞാന്‍
ചിന്തിക്കാറുണ്ട്. പക്ഷികളുടെ കല പില ശബ്ദമായിരുന്നു എന്നെ ഇന്ന് ആ വൃക്ഷചില്ലകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.  ഇലകള്‍ കൊണ്ട്
നിബിഡമായ ചില്ലകള്‍,   , ഓരോ കുരുവികളും ഓരോ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കയാണോ എന്നൊരു തോന്നല്‍-  എത്രയോ പക്ഷികള്‍ക്ക് കൂട് കൂട്ടാന്‍
അവസരം ഒരുക്കി വൃക്ഷച്ചില്ലകള്‍ -വല്ലാത്തൊരു ബഹുമാനം തോന്നിയെനിക്ക് ആ വൃക്ഷത്തോട്, എത്രത്തോളം നാം വളര്‍ന്നു എന്നതല്ല എത്രപേര്‍ക്ക് കൂട് കൂട്ടാന്‍ നമ്മള്‍ ഇടം നല്കി, അതല്ലേ വളരെ പ്രധാനം. ഇതേ വൃക്ഷത്തില്‍ ഒരു ഉണക്ക ശിഖരം കുടുംബത്തിലെ കാരണവരെപ്പോലെ വിടചൊല്ലാന്‍ കാത്തിരിക്കും പോലെ അഗ്രത്തിലായി ഒന്ന് ചരിഞ്ഞ് കാണുന്നു, അതില്‍ കുറച്ച് കുരുവികള്‍ ഇരുന്ന്  ഉല്ലസിക്കുന്നു സൂര്യോദയം വീക്ഷിക്കും പോലെ എത്ര മനോഹരമായ കാഴ്ച. ജീവിതാവസാനത്തില്‍പ്പോലും നന്മ ചെയ്യുന്ന ശിഖരം-----ഇത് സ്വപ്നമല്ല പച്ചയായ സത്യം,മനുഷ്യനുമിതുപോലെ നന്മ  ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍---വെറുതെ ആശിച്ചുപോകുന്നു--

മരുപ്പച്ച


2016, നവംബർ 5, ശനിയാഴ്‌ച

അകലങ്ങളിലെ പ്രണയം

           അകലങ്ങളിലെ പ്രണയം
           ****************************

ഭൂമിയില്‍ ചിലപ്പോള്‍ അങ്ങനെയും ചില പ്രണയം
ഉണ്ടാകുമായിരിക്കും, പ്രണയിനി അറിയാതെ
പ്രണയിക്കുന്നുവര്‍ എന്നെങ്കിലും ഒരിക്കല്‍
അവളുടെ ശബ്ദമെങ്കിലും കേള്‍ക്കാമെന്ന
പ്രതീക്ഷയോടെ, വളരെ അകലങ്ങളില്‍ ആണ്
എന്നറിയാമെന്നാലും, അവള്‍ മറ്റൊരാളെ
പ്രണയിക്കുന്നുവെന്ന് അറിഞ്ഞിട്ടും, മക്ഷികളെ
പിടിക്കാനായി എട്ടുകാലി കൂട്ടിയ വലപോലെ
ഒന്നില്‍ അവള്‍ അകപ്പെട്ടിട്ടും, എന്നെങ്കിലും
തിരിച്ചെത്തുംഎന്ന പ്രതീക്ഷയോടെ, നിധി
തേടി പോകുന്ന ആല്‍കെമിസ്റ്റ് പോലെ, കാണുന്ന
പൂക്കളിലും, ചെറു കാറ്റിലും അവളുടെ സ്പന്ദനം
മാത്രമനുഭവച്ച്, അവളറിയാതെ അവളുടെ
ആത്മാവുമായി അനുനിമിഷം സംവദിക്കുന്ന
ഒരു പ്രണയം, അവസാനം പ്രകൃതി പോലും
അവന്‍റെ കൂടെ കൂടുന്നു അവനെ സഹായിക്കാനായി
ആ സ്നേഹം അവള്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍
ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിച്ചവന്‍
അവസാനം അവളെ കാണുന്ന നിമിഷങ്ങള്‍
ഉണ്ടാകുമോ ഇത്തരം പ്രണയങ്ങളീ ഭൂവില്‍--

മരുപ്പച്ച


2016, നവംബർ 4, വെള്ളിയാഴ്‌ച

മുലപ്പാല്‍

          മുലപ്പാല്‍
          ***********
അമ്മയുടെയുദരത്തില്‍
പിറന്ന കുഞ്ഞിന്‍റെ
തന്തയാരായാലും
മുലപ്പാല്‍ കുഞ്ഞിന്‍റെ
ജന്മാവകാശവും
മുലകൊടുക്കല്‍
അമ്മയുടെ കടമയും

മരുപ്പച്ച

മാനത്തിന് വിലപേശുന്നവര്‍

മാനത്തിന് വിലപേശുന്നവര്‍
*******************************
കാക്കിയിട്ട പോലീസും
കോട്ടിട്ട വക്കീലും
ഭരണത്തില്‍ തൂങ്ങും
രാഷ്ട്രീയക്കാരനും
സ്ത്രീത്വത്തിന് വില
പേശുന്നു-
വയറ്റാട്ടി വയറ്റത്തടിച്ചാല്‍
വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്
പോലും കേടല്ലേ-

മരുപ്പച്ച

2016, നവംബർ 3, വ്യാഴാഴ്‌ച

അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട്---

        ചുമ്മാ ഒരു പാരഡി
      ************************

 അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട് -എന്ന നാടകഗാനം പോലെ

നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്  (2)

പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത്     (2)


ഒരു കെട്ട് നോട്ടുമായി  ചേട്ടായി
നാട്ടിലേക്ക് പോരുന്നുണ്ടോ (2)

പ്രവാസിയാണേലും ഞങ്ങള്‍
ജോണിവാക്കര്‍ തരാം    (2)

ജോണി വാക്കര്‍ അടിച്ചാലെ
ഞങ്ങടെ കാര്യംനടത്തി തരുമോ?

ജോണിവാക്കറടിച്ചിട്ട് ഞങ്ങളെ
വഴിയാധാരമാക്കീടല്ലേ----- (2)

നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)

തുട്ട് തീര്‍ന്നിട്ടിപ്പോള്‍ നിങ്ങള്‍
വീട്ടിലിരിപ്പാണോ----(2)

നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്-----

പേപ്പര്‍പോലത്തെ വസ്ത്രങ്ങള്‍
ധരിക്കുന്ന രാഷ്ട്രീയക്കാരാ (2)

കാറീന്നിറങ്ങീട്ട് ഒന്ന് കാണാന്‍
കഴിയുന്നീല്ലാല്ലോ--        (2)


മലയാളി പാടിപ്പുകഴ്തും
സോളാര്‍ നിങ്ങള്‍  കാണുന്നില്ലേ          (2)

നാട്ടിന്നു പോരുമ്പോള്‍ എനിക്കൊരു
സോളാര്‍കൊണ്ടുവരുമോ-                   (2)

നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്  (2)

പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത്     (2)


മരുപ്പച്ച


2016, നവംബർ 2, ബുധനാഴ്‌ച

വിശപ്പും -തുല്യതയും

                               വിശപ്പും -തുല്യതയും
                               ************************

ചിലതൊക്കെ ചിലപ്പോഴെങ്കിലുംമനസ്സിന്‍റെ ആഴങ്ങളില്‍ നിന്ന് തികട്ടികൊണ്ടിരിക്കും, തിക്തമെന്ന് തോന്നുന്ന പലതും ചിലപ്പോള്‍ ജീവിതത്തില്‍ സര്‍ഗാത്മകതയായോ അല്ലെങ്കില്‍ പുതിയ പാഠങ്ങള്‍ ആയോ  ഭവിക്കാറുണ്ട്  പ്രവാസത്തിന്‍റെ പ്രയാണം ആരംഭിച്ച വര്‍ഷം, , അല്ലെങ്കില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമം ആരഭിച്ച സമയം. 1992 -മുതല്‍ 1993 ജൂലൈ വരെയുള്ള സമയമായിരിക്കാം  ജീവിതത്തില്‍ മറക്കാനാകാത്തതും ഒരു പക്ഷേ പ്രവാസത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങള്‍ കണ്ടതും, തീയില്‍ കൂടി നടന്നവര്‍ക്ക് മാത്രമേ തീയുടെ ചൂട് അറിയാന്‍ കഴിയൂ അല്ലാത്തവര്‍ക്ക് അതൊക്കെ കേട്ടുകേള്‍വി മാത്രമായിരിക്കും. ഒരേ തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശയകൈമാറ്റം വാക്കുകളിലൂടെ ആയിരിക്കില്ല അത് ഹൃദയങ്ങള്‍ തമ്മിലുള്ള സംവദിക്കല്‍ ആകാം. സൗദിഅറേബ്യയുടെ തലസ്ഥാനമായ   റിയാദിനടുത്ത് ബദിയ എന്ന
സ്ഥലത്ത് താമസിക്കുന്ന സമയം, എന്‍റെ റൂമില്‍ നിന്ന് കഷ്ടി ഒരു
 കിലോമീറ്റര്‍ നടന്നാല്‍ മരുഭൂമിയാണ്ആടുകളെ കൂട്ടമായി സംരക്ഷിക്കുന്ന ഒത്തിരി കൂടാരങ്ങള്‍ ഉണ്ട്, സാധാരണ നാല് ചുറ്റും  വേലി കെട്ടി അതിനകത്ത് ആടും അതിനടുത്തായി ഒരു മനുഷ്യന്‍, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള സാഹചര്യം ഇല്ലാതെ,  ആടിനും മനുഷ്യനും കുടിക്കാന്‍ ഒരു ടാങ്കില്‍ വെള്ളം , മനുഷ്യനും മൃഗത്തിനും വ്യത്യാസം ഇല്ലാതെ  ഒത്തിരിയിടം . ഇടക്ക് സമയം കിട്ടുമ്പോള്‍ അവരോടൊപ്പം ഞാന്‍ സമയം ചിലവഴിക്കുക പതിവായിരുന്നു,  എന്‍റെ ജോലി ആട് മേക്കുന്ന ജോലി അല്ലായെന്ന്‍ പറയാമെങ്കിലും പല കാര്യങ്ങളിലും തുല്യ ദുഖിതരായിരുന്നു. അതുകൊണ്ടാകണം ഞങ്ങളുടെ സുഹൃത് ബന്ധങ്ങള്‍ക്ക് അത്ര തീവ്രത ഉണ്ടായതും.ചില ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു ഒരു വലിയ പാത്രത്തില്‍ ആണ് ആഹാരം കഴിക്കാറ്, ആ സമയത്ത് ആരും ആരുടെ ദേശമോ ജാതിയോ അറിഞ്ഞിരുന്നില്ല, അന്ന് ഞങ്ങളുടെ ജാതിയും, മതവും, ദേശവും എല്ലാം ഞങ്ങളുടെ വിശപ്പും പ്രശ്നങ്ങളും ആയിരുന്നു.


                                       മദര്‍ തെരേസയുടെ ജീവചരിത്രത്തില്‍ അവരുടെ ഹൃദയം കൊണ്ട് കോറിയിട്ട ഒരു സംഭവം ഉണ്ട്. ഒരു  ഹൈന്ദവ സഹോദരന്‍ തന്‍റെ  ആറു  മക്കള്‍ അടങ്ങുന്ന കുടുംബം ദിവസങ്ങളായി പട്ടിണിയിലാണെന്നും സഹായിക്കണമെന്നും മദറിനോട്പറയുന്നു , അവര്‍ക്ക് വേണ്ട എല്ലാ ആഹാരസാധനങ്ങളുമായിമദര്‍  അവരുടെ വീട്ടില്‍ എത്തുന്നു, ആഹാരം കിട്ടിയ ഉടനെ ആ ആഹാരത്തിന്‍റെ നേര്‍ പകുതിയെടുത്ത് ആ വീട്ടിലെ കുടുംബിനി പുറത്തേക്ക് പോകുന്നു, തിരുച്ചുവന്ന ആ സ്ത്രീയോട് മദര്‍ ചോതിച്ചു, പട്ടിണിലായിരുന്ന നിങ്ങളുടെ മക്കള്‍ക്ക്‌  കൊടുക്കാനുള്ള  ആഹാരം എടുത്ത് എങ്ങോട്ടാ പോയതെന്ന്. അവരുടെ മറുപടി ഇങ്ങനെയായിരുന്നു , അയല്‍വാസിയായ ഒരു മുസ്ലിം കുടുംബം രണ്ട് ദിവസമായി പട്ടിണിയിലായിരുന്നു അവരുടെ മക്കള്‍ക്ക്‌ കൊടുക്കാനാ പോയത്. വിശക്കുന്നവനെ വിശപ്പിന്‍റെ വിളി അറിയൂ, സ്നേഹവും സമത്വവും, പിന്നെ ആരാധിക്കുന്ന ദൈവവും ഇങ്ങനെയുള്ളവരുടെ മനസ്സിലാണ്. പഠിച്ച ഒരു തത്വശാസ്ത്രങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒരു  വ്യക്തിയെ മനുഷ്യനാക്കാന്‍ന്‍ കഴിയില്ല, എല്ലാ നീതിശാസ്ത്രങ്ങളുടെ, പിന്നിലും കരുണയുടെയും, സ്നേഹത്തിന്‍റെയും, കരുതലിന്‍റെയും , ഒരു കൂടിചേരലുണ്ട്   അത് പ്രായോഗികമാവുകയും മനുഷ്യന് ഉപകാരപ്രദമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഏത് തത്വശാസ്ത്രങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ. നിയമനിര്‍മ്മാണ സഭകളില്‍  മത്തായിക്കും-,മാധവനും-ബഷീറിനും ഒരു നിയമത്തിനായി  നമ്മള്‍ മുറവിളി  കൂട്ടുമ്പോഴും എന്തെ മനുഷ്യന് അങ്ങനെ ആകാന്‍ കഴിയുന്നില്ല, നിയമത്തെക്കാളുപരി ഹൃദയ വിശാലതയാണ് ആവശ്യം -എപ്പോഴോ നമുക്ക് നഷ്ടപ്പെട്ട കരുണ-സ്നേഹം-കരുതല്‍---ഇതൊക്കെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം----



മരുപ്പച്ച