2016, നവംബർ 26, ശനിയാഴ്‌ച

പൌലോ കൊയ്‌ലോ----ചെകുത്താനും ഒരു പെണ്‍കിടാവും

       പൌലോ കൊയ്‌ലോ----ചെകുത്താനും ഒരു പെണ്‍കിടാവും
      ***************************************************************            

ഈ ലോകത്ത് നന്മയാണോ തിന്മയാണോ ആദ്യം വന്നത് നന്മക്കാണോ തിന്മാക്കാണോ കൂടുതല്‍ സ്വാധീനം, എന്നും മനുഷ്യന്‍റെ മനസ്സിനെ ആകുലപ്പെടുത്തിയ രണ്ട് ചിന്തകളാണ്. ഒരു കഥയെഴുതുമ്പോള്‍ വായനക്കാരനെ ചിന്തയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നത് പൌലോകൊയ്‌ലോയുടെ ഒരു അനുഗ്രഹീതകഴിവാണ്. അതുകൊണ്ടാകും പൌലോയുടെ എഴുത്തുകളെ ദാര്‍ശനീകമായ ചിന്തകള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത്.ഇരുനൂറ്റിയെന്‍പത്തിയൊന്ന് പേര്‍ മാത്രമുള്ള വിസ്കോസ് എന്ന ഗ്രാമം പശ്ചാത്തലമാക്കി കഥ പറയുമ്പോള്‍ ശരിക്കും ഒരു മനുഷ്യന്‍റെ മനസ്സിന്‍റെ കഥയാണ്‌ പൗലോ പറയുന്നത്. തന്‍റെ ഗ്രാമത്തിന്‍റെ കാവല്‍ക്കാരിയെപ്പോലെയെന്നും വീടിന്‍റെ ഉമ്മറത്തിരുന്നു പുറത്തേക്ക് നോക്കിയിരിക്കുന്ന  വിധവയായ ബര്‍ത്ത് മുത്തശിയില്‍ കഥതുടങ്ങുന്നു.

                                                                    അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അപരിചിതന്‍ ആ ഗ്രാമത്തില്‍ കടന്നുവരുന്നു , വര്‍ഷങ്ങളായി പുറത്തേക്ക് കണ്ണും നട്ടിരുന്ന ബര്‍ത്ത് മുത്തശ്ശിക്ക് അയാളുടെ വരവില്‍ ചില പന്തികേട് തോന്നുന്നു സൂക്ഷ്മമായി അയാളെ വീക്ഷിക്കുന്ന ബര്‍ത്ത് മുത്തശ്ശിക്ക് ഒരു കാര്യം മനസ്സിലായി അയാളോടൊപ്പം ഒരു ചെകുത്താനുമുണ്ട്. പെട്ടെന്ന് കാലാവസ്ഥക്ക് ഉണ്ടാകുന്ന മാറ്റം മുത്തശ്ശിയുടെ മനസ്സിനെ വല്ലാതെയുലക്കുന്നു.അപരിചിതന്‍ നേരെ പോയത് ആ ഗ്രാമത്തില്‍ ഉള്ള ഒരു ഹോട്ടലിലേക്കാണ്, അതെ ഹോട്ടലിലെ ജീവനക്കാരിയാണ് ഈ കഥയിലെ മുഖ്യകഥാപാത്രം ഷാന്‍റെല്‍  എന്ന സുന്ദരിയായ പെണ്‍കുട്ടി. ഹോട്ടലില്‍ ഒരപരിചിതന്‍ താമസമാക്കിയെന്ന വിവരം ആ നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. ആ നാട്ടിലെത്തിയ അപരിചിതന്‍ നേരെ പോയത് ആ ഗ്രാമത്തിലെ കിഴക്കേ ഓരം ചേര്‍ന്ന് കിടക്കുന്ന മലയിലേക്കാണ്. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയശേഷം തന്‍റെ കയ്യില്‍  കരുതിയിരുന്ന സ്വര്‍ണ്ണക്കട്ടികള്‍ ആ മലയില്‍ കുഴിച്ചിട്ടശേഷം മടങ്ങുന്നു. മടക്കയാത്രയില്‍ കണ്ടുമുട്ടുന്ന ഷാന്‍റെലുമായി പരിച്ചപ്പെടുന്ന അപരിചിതന്‍   താന്‍ കുഴിച്ചിട്ട സ്വര്‍ണ്ണക്കട്ടികള്‍ കാണിച്ചു കൊടുക്കുന്നു. പ്രലോഭനങ്ങളിലൂടെ ആരെയും തെറ്റ് ചെയ്യിക്കാന്‍ കഴിയുമെന്നും അതാണ് തന്‍റെ ലക്ഷ്യമെന്നും വിവരിക്കുന്നു. വരുന്ന ഏഴ് ദിവസത്തിനുള്ളില്‍ ഗ്രാമത്തിലെ ഒരാളെ കൊല്ലുകയാണെങ്കില്‍ താന്‍ കുഴിച്ചിട്ട
സ്വര്‍ണ്ണക്കട്ടികള്‍ ഈ ഗ്രാമവാസികള്‍ക്കുള്ളതാകുമെന്നും ഇനിയുള്ള കാലം അധ്വാനിക്കാതെ സുഭിക്ഷമായി ജീവിക്കാമെന്നും വാഗ്ദാനം ചെയ്യുന്നു.


                                                               തികച്ചും നടുക്കവും പ്രതിസന്ധിയും അനുഭവിക്കുന്ന ഒരു മനുഷ്യന്‍റെ വികാരം ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയിലൂടെ
പൌലോകൊയ്‌ലോ മനോഹരമായി തുറന്ന് കാട്ടുന്നു. എത്ര സ്നേഹബന്ധത്തില്‍  കഴിയുന്ന മനുഷ്യരും സ്വാര്‍ത്ഥതാല്പര്യത്തിനായി തന്‍റെ കൂടപ്പിറപ്പിനെപ്പോലും തള്ളിക്കളയുന്ന ഒരു കാലഘട്ടത്തെയോ അല്ലെങ്കില്‍ മനുഷ്യമനസ്സുകളെയോ വിവരിക്കുന്നതില്‍ പൌലോ കൊയ്‌ലോ വിജയിച്ചു.
തകര്‍ന്നു കിടന്നിരുന്ന വിസ്കോസ് നഗരം, ഇന്ന് കാണുന്ന ഒരു മനോഹരനഗരമാക്കി മാറ്റിയതിന് പിന്നില്‍ ഉള്ള ഒരു ചെറുകഥയും പുണ്യവാളനായ സാവിന്‍ വഴിയായി ആഹാബ് എന്ന മനുഷ്യന്‍റെ ജീവിത്തിലുണ്ടായ  മാറ്റവും അനുവാചകര്‍ക്ക് ജിജ്ഞാസ കൂട്ടുന്നു. സ്വര്‍ണ്ണം സ്വന്തമാകുന്നതോടെ തന്‍റെ നാട്ടില്‍ വരാന്‍ പോകുന്ന മാറ്റവും, ഭൗതികമായ ചിന്തകളും ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയെ പുതിയ ലോകത്തിലെത്തിച്ചു. തന്നില്‍ മാത്രം ഒതുങ്ങി നിന്ന രഹസ്യം വിസ്കോസ് എന്ന ഗ്രാമത്തിലെ മുഴുവന്‍ പേരെയും അറിയിക്കുന്നതോടെ കഥ പുതിയ തലത്തിലേക്ക് പോകുന്നു. ഇന്നലെ വരെയുള്ള തന്‍റെ ജീവിതവും വരാന്‍ പോകുന്ന തന്‍റെ ജീവിതവും ചേര്‍ത്ത് പുതിയ സ്വപ്നങ്ങള്‍ നെയത് ഉറക്കം പോലും നഷ്ടപ്പെടുന്നഷാന്‍റെല്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിന്‍റെ ഭാവങ്ങള്‍ മനോഹരമായി പൗലോ കൊയ്‌ലോ ഈ കഥയിലൂടെ തുറന്ന് കാട്ടുന്നു.

                                                           ഓരോ മനുഷ്യനും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിന് ചില പ്രത്യക സാഹചര്യങ്ങളുണ്ടാകാം, അതുപോലെ, തന്‍റെ കഴിഞ്ഞ ജീവിത സാഹചര്യങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നു അപരിചിതന്‍.  ഒരു ആയുധകമ്പനിയുടെ നടത്തിപ്പ്കാരനായിരുന്ന താന്‍ ഒത്തിരി പണം സമ്പാദിച്ച് ഈ ലോകത്തിന്‍റെ  എല്ലാ സുഖങ്ങളിലും വിരാജിച്ചിരുന്നുവെന്നും  അപ്രതീക്ഷിതമായി തന്‍റെ കമ്പനിയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ തീവ്രവാദികളുടെ കയ്യില്‍ എത്തിപ്പെട്ടുവെന്നും. ആ ആയുധങ്ങള്‍ തന്‍റെ ഭാര്യയുടെയും മക്കളുടെയും , ജീവനെടുത്തുവെന്ന വെളിപ്പെടുത്തല്‍ നമ്മളെ പുതിയ ചില ചിന്തകളിലേക്ക് പൌലോകൊയ്‌ലോ കൊണ്ടുപോകുന്നു.
നാട്ടില്‍ പുതിയ വികസനം വരുന്നതോടെ വലിയ റോഡുകളും പാലങ്ങളും ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും വരുമെന്നും അതോടെ വിസ്കോസ് നഗരം വിട്ട് നമ്മള്‍ പോകേണ്ടി വരുമെന്നും, അതിന്‍റെ ഗ്രാമീണതയും സത്യസന്ധതയും നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവര്‍ ഇന്നിന്‍റെ നേര്‍കാഴ്ചകള്‍ ആയി കാണാം.

                                      ഒരു കൊലപാതകം ചെയ്താലും കുഴപ്പമില്ല സ്വര്‍ണ്ണം സ്വന്തമാക്കിയാല്‍ മതിയെന്ന ചിന്തയില്‍ നാട്ടുകാര്‍ എത്തിച്ചേരുന്നു. എങ്ങും സംഭവിക്കും പോലെ രാഷ്ട്രീയക്കാരനായ മേയറും വികാരിയച്ചനും തുടര്‍നടപടികള്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്നു. വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടും, പൊള്ളത്തരങ്ങളും നന്നായി കാണാന്‍ കഴിയും കഥയുടെ ഈ ഭാഗങ്ങളില്‍.  മാമോദീസയും കുര്‍ബാനയും നടക്കുന്ന സമയത്ത് ഒരിക്കല്‍ പോലും നിറയാതിരുന്ന പള്ളി പുതിയ സംഭവത്തോടെ നിറഞ്ഞു കവിഞ്ഞുകാണുമ്പോള്‍,  സമ്പത്തിന് വേണ്ടിയുള്ള കപട  വിശ്വാസത്തെ വിമര്‍ശനാത്മകമായി ചിത്രീകരിക്കാന്‍ ഈ കഥയുടെ അവസാന ഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ആരെ കൊല്ലും എന്ന ചിന്തക്ക് അവര്‍ വിരാമമിടുന്നത് വിസ്കോസ് ഗ്രാമത്തിന് എന്നും കാവക്കാരിയായ, വിളക്കായ, വിധവയായ ബര്‍ത്ത് മുത്തശ്ശിലൂടെയാണ്. വിധവയാണെങ്കിലും
തന്‍റെ മരിച്ചുപോയ ഭര്‍ത്താവുമായി നിരന്തരം സംസാരിക്കുന്ന, ബര്‍ത്ത് മുത്തശ്ശിക്ക്   ആ ഗ്രാമത്തില്‍ വന്നേക്കാവുന്ന എല്ലാ അപകടവും മുന്‍കൂട്ടി അറിയാനുള്ള ഒരു ദിവ്യമായ കഴിവ് ഉണ്ടായിരുന്നു.

                                                       വികാരിയച്ചന്‍റെ സാന്നിധ്യത്തില്‍ നാടിന് വന്നുചേരാന്‍ പോകുന്ന സമ്പത്തിന് വേണ്ടി ബര്‍ത്ത് മുത്തശ്ശിയെ കൊല്ലുവാനായി മയക്കുന്ന ഗുളികകള്‍ കൊടുക്കുന്നു, നന്മക്ക് മേല്‍ തിന്മ സ്വാധീനം ചെലുത്തിയ സമയം.മഞ്ചലില്‍ മുത്തശ്ശിയെ കിടത്തി അവര്‍ മലയിലേക്ക് യാത്രയായി. കൊല ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ബലിയാടായി മുത്തശ്ശിയേയും  വാഗ്ദാനം ചെയ്ത സ്വര്‍ണ്ണക്കട്ടിയും എത്തിക്കുന്നു. പുതിയ സ്വപ്നങ്ങളുമായി കൊലപാതകത്തിന് ആജ്ഞ പുറപ്പെടുവിക്കാന്‍ കാത്തിരുന്ന മേയര്‍ക്ക് മുന്നിലായി ചില വാഗ്വാദങ്ങളുമായി ഷാന്റല്‍ എത്തുന്നു. ജൂലിയസ് സീസറിലെ മാര്‍ക്ക് ആന്റണിയെ പ്പോലെ മനോഹരമായ ഒരു പ്രസംഗത്തിലൂടെ  കൊലപാതകം ഒഴിവാക്കുന്ന ഷാന്‍റെല്‍ പുതിയ ചിന്തയിലൂടെ  ജനങ്ങളെ തിരിച്ചയക്കുന്നു. പെട്ടെന്ന് വന്നുചേരുന്ന വഴിവിട്ട സമ്പത്ത് നമുക്ക് വേണ്ടയെന്ന തീരുമാനവുമായി ജനങ്ങള്‍ പിരിയുന്നതും ബര്‍ത്ത് മുത്തശ്ശിയെ സ്വതന്ത്രമാക്കുന്നതും  അനുവാചകരെ ഈ കഥ പുതിയ തലത്തിലെത്തിക്കുന്നു. അവസാനം തന്‍റെ സ്വത്ത് മുഴുവന്‍ അപരിചിതന്‍ ഷാന്‍റെല്‍ എന്ന പെണ്‍കുട്ടിക്ക് കൊടുത്തശേഷം  അവര്‍ ഒരുമിച്ച് നാട് വിട്ടുപോകുന്നതോടെ  കഥയവസാനിക്കുന്നു.

മരുപ്പച്ച



.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ