2017, ഏപ്രിൽ 25, ചൊവ്വാഴ്ച

ആന്‍ ഫ്രാങ്ക്

                                 
                                     
                       
വംശവേറിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും പേരിലുള്ള അധിനിവേശവും കൈകടത്തലും പിടിച്ചടക്കലും മനുഷ്യക്കുരുതിയും
ദിനംപ്രതി കേട്ട് മനസ്സ് മരവിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്ന്
കടന്നുപൊയ്കൊണ്ടിരിക്കുന്നത്. സ്കഡും, പാട്രിയോട്ട് മിസൈലുകളും
ക്ലസ്റ്റര്‍ ബോംബുകളും ഇന്ന് പരിചിതമായിരിക്കുന്നു. ചാനലുകള്‍ മാറ്റി
നമ്മള്‍ യുദ്ധഭൂമിയിലെ വിശേഷങ്ങള്‍ അറിയുമ്പോള്‍ കാണാതെ പോകുന്ന
പലതുമുണ്ട്.പൗരത്വമോ പിതൃത്വമോ അറിയാതെ, താല്ക്കാലികമായി ഉണ്ടാക്കിയ പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന കുഞ്ഞുങ്ങള്‍, മാനത്തിന് വിലയില്ലാതെ ജീവിക്കുന്ന അമ്മ പെങ്ങന്‍മാര്‍, സകലതും നഷ്ടപ്പെട്ട്
പ്രതീക്ഷക്ക് വകയില്ലാത്ത, ജീവിക്കുന്ന രക്തസാക്ഷികള്‍---. യുദ്ധങ്ങളില്‍ എന്നും
പരാജയം മനുഷ്യന് തന്നെയാണ് കാലങ്ങള്‍ അത് തെളിയിക്കുന്നുണ്ട്. ഹിറ്റ്ലറുടെ നാസി ഭരണത്തിന്‍ കീഴില്‍ തകര്‍ത്തെറിഞ്ഞ ഒരു ജൂദ സമൂഹമുണ്ട് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള  ആന്‍ ഫ്രാങ്കെന്ന  പെണ്‍കുട്ടിയുടെ ടയറിക്കുറിപ്പിലൂടെ ലോകമറിഞ്ഞ വിവരങ്ങള്‍ പതിമൂന്ന് തലമുറ കഴിഞ്ഞാലും മനുഷ്യഹൃദയങ്ങളില്‍ നിന്ന് മാഞ്ഞുപോകില്ല. ഗ്യാസ് ചേമ്പറിലിട്ട്കൊന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ചിലപ്പോള്‍ വളരെ ഭാഗ്യം ചെയ്തവര്‍ ആയിരിക്കും, അത്ര ഭയാനകമായിരുന്നു ഹിറ്റ്ലറുടെ മറ്റ് ശിക്ഷാരീതികള്‍. , ചക്കില്‍ മുന്തിരിചാറു പിഴിഞ്ഞെടുക്കും പോലെ ഉരുകിയ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന നിണം കൊണ്ട് പകര്‍ത്തിയ ചില എഴുത്തുകള്‍ കാലാന്തരങ്ങള്‍ പിന്നിട്ടാലും വായനക്കാരുടെ ഹൃദയത്തില്‍ ഒരു കനല്‍ പരത്തികൊണ്ടിരിക്കും.
 

                                                 എനിക്കാറിയാത്തവര്‍ക്കുംകൂടി ഉപയോഗപ്പെടാന്‍ , ആഹ്ലാദം പകരാന്‍ എനിക്കാകണം ( I want to use full  or give pleasure to the people around me yet wo dont really know me. ).പതിമൂന്നാം വയസ്സില്‍ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ വിരിഞ്ഞ ചിന്തയാണ് -അതാണ്‌ ആന്‍ ഫ്രാങ്ക്.1929 മാര്‍ച്ച്‌ 12 ന് ഓട്ടോ ഫ്രാങ്ക് എഡിത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളായി ജര്‍മനിയില്‍ ജനിക്കുന്നു.
ജനിച്ച നാള്‍ മുതല്‍ രണ്ടാഴ്ച  നിര്‍ത്താതെ കരഞ്ഞിരുന്നു എന്നാണ് ചരിത്രം സക്ഷ്യപ്പെടുത്തുന്നത്, ഒരു ഈ ലോകത്തെ  തന്‍റെ ജീവിതം കൊണ്ട്എന്നും കരയിക്കാനായിരുന്നോ ആന്‍ അന്ന് അങ്ങനെ കരഞ്ഞത്----?  തലമുറകളായി ജര്‍മനിയില്‍ താമസിച്ചിരുന്ന ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍  തുടങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷമായിരുന്നു. യുദ്ധശേഷം ജര്‍മനിക്കേറ്റ പരാജയത്തിന് കാരണം ജൂദന്‍മാരായിരുന്നുവെന്ന് വലുതുപക്ഷക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു, പെട്ടെന്ന് ജര്‍മനിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ സാമ്പത്തിക നഷ്ടം ജൂദന്‍മാര്‍ക്കെതിരെയുള്ള ശത്രുതക്ക് ആക്കം കൂട്ടി. 1920-ല്‍ ഉദിച്ചുയര്‍ന്ന  NSDAP എന്ന പാര്‍ട്ടിയുടെ അമരത്ത് അഡോള്‍ഫ് ഹിറ്റ്ലര്‍ വന്നതോടെ ജൂദന്‍മാരുടെ ജീവിതം നരകതുല്യമായി. 1933 -ല്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ പദവിയില്‍ ഹിറ്റ്ലര്‍ എത്തിയ ഉടന്‍, ജൂദന്മാരായ  ഡോക്ടര്‍മാരെ യും അധ്യാപകരെയും , വക്കീലന്മാരേയും അങ്ങനെ എല്ലാ വിഭാഗക്കാരെയും ജോലിയുല്‍ നിന്ന് ഒഴിവാക്കാനും ജൂദന്മാരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും തുടങ്ങി. ജൂദന്‍മാരും നാസികളുമെന്ന് രണ്ട് വിഭാഗത്തെ സൃഷ്ടിക്കാന്‍ ഹിറ്റ്ലര്‍ക്ക് കഴിഞ്ഞു.  ഓട്ടോഫ്രാങ്ക് കുടുംബം തലമുറകളായി താമസിച്ചിരുന്ന ജര്‍മനി വിട്ട് ആമ്സ്ടര്‍ഡാമില്‍ കുടിയേറി , ഒപെക്ട എന്ന കമ്പനിയില്‍ മാനേജിംഗ് ഡയറക്ടര്‍ ആയി ജോലി തുടങ്ങി.. ആന്‍ ഫ്രാങ്കിന് തന്‍റെ ജീവിതത്തിലെ ഹീറോ അച്ഛന്‍ ആയിരുന്നു ജോലിതിരക്കിനിടയിലും മക്കളുടെ കൂടെ സമയം ചിലവഴിക്കുന്ന നല്ല മനുഷ്യന്‍ ആയിരുന്നു ഓട്ടോ ഫ്രാങ്ക്.

                                                             1939 സെപ്റ്റംബറില്‍ ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ച് പോളണ്ടിനെയും അതിലെ രണ്ട് ലക്ഷം യൂദന്‍മാരെയും വരുതിയില്‍ കൊണ്ടു വന്നു.ഇംഗ്ലണ്ടും ഫ്രാന്‍സും  പോളണ്ടും രക്ഷക്ക് വന്നതോടെ രണ്ടാം ലോകമഹായുദ്ധത്തിന് നാന്ദിയായി. 1940  മെയ്‌ 10 ന് ജര്‍മന്‍ പട്ടാളം പോളണ്ടില്‍ ഇറങ്ങുകയും, മെയ്‌ 14 ന് പോളണ്ട് കീഴടങ്ങുകയും ചെയതു. 1941 -ല്‍ ഓട്ടോ ഫ്രാങ്ക് തന്‍റെ കമ്പനിയുടെ ഷെയര്‍ ജോണ്‍സ് ക്ലീമാനെന്ന ഒരാള്‍ക്ക്‌ കൈമാറി.. ശരിക്കും  ഇതൊരു നയപരമായ സമീപനമായിരുന്നു. ജൂദകുട്ടികള്‍ക്ക് ഡച്ച് കുട്ടികളില്‍ നിന്ന് ഏല്ക്കേണ്ടി വന്ന ക്രൂരത ഭയാനകമായിരുന്നു. ജൂദന്മാര്‍ക്ക് പൊതുസ്ഥലത്ത് ഇരിക്കാനോ നടക്കാനോ അനുവാദമില്ലായിരുന്നു.1942 ഏപ്രില്‍ മുതല്‍ എല്ലാ യൂദന്മാരും മഞ്ഞനിറമുള്ള വസ്ത്രംധരിക്കണമെന്ന നിയമം വന്നു. മഞ്ഞ വസ്ത്രത്തില്‍ കറുത്ത നിറത്തില്‍ ജൂദന്‍ എന്ന് എഴുതിയിരിക്കണം. 1942 -ജൂണ്‍ 12 ആനിന് പതിമൂന്ന് വയസ്സ് തികഞ്ഞ ദിവസമായിരുന്നു, അന്നാണ് അവള്‍ക്ക് മനോഹരമായ ഒരു ഡയറി സമ്മാനമായി ലഭിച്ചതും, അവള്‍ ആദ്യമായി ജീവിതം ഡയറിയില്‍ കുറിക്കാന്‍ തുടങ്ങിയതും. ആ ഡയറിയാന് പില്‍ക്കാലത്ത്‌ ഹിറ്റ്ലര്‍ എന്ന  ക്രൂരമൃഗത്തെ ലോകത്തിന് തുറന്നുകാട്ടിയതും.ഇതേ കാലയളവില്‍ പോളണ്ടില്‍ ഉള്ള 16 നും 40 നുമിടയില്‍ പ്രായമുള്ള ജൂദന്മാരെ ലേബര്‍ സര്‍വീസിന്‍റെ ഭാഗമായി ജര്‍മനിയിലേക്ക്‌ നിര്‍ബന്ധമായി കൊണ്ടുപോകാന്‍ തുടങ്ങി. ഓട്ടോ ഫ്രാങ്ക് എല്ലാറ്റില്‍ നിന്ന് ബുദ്ധിപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു

                                                       
                                                നാസി ഭരണകൂടം ഫ്രാങ്കിന്‍റെ വീട്ടില്‍ ഒരു നോട്ടീസ് പതിക്കുന്നു അവര്‍ക്ക് ഇപ്പോള്‍ ആവശ്യം ആനിന്‍റെ സഹോദരിയായ മാര്‍ഗരിറ്റിനെ ആയിരുന്നു. മൂന്ന് ദിവസത്തേക്കുള്ള ആഹാരവും വസ്ത്രവുമായി എമൈഗ്രേഷന്‍ ഓഫീസില്‍ ബന്ധപ്പെടുക എന്നതായിരുന്നു.പിന്നെ ഒട്ടും താമസിക്കാതെ ഓട്ടോ ഫ്രാങ്കും കുടുംബവും ഒളിവില്‍ പോകാന്‍ തീരുമാനിച്ചു. തന്‍റെ പദ്ധതികള്‍ എല്ലാം ഓട്ടോ ഫ്രാങ്കിന്‍റെ സെക്രട്ടറിയായ മീപ്പിനോട് വിശദീകരിക്കുകയും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ മീപ്പ് തയ്യാറാകുകയും ചെയ്തു.1942 ജൂലായ്‌ 6 ന്അവര്‍ രഹസ്യ അറയിലേക്ക് താമസം മാറി. ഒരു ഓഫീസ്സ് മുറിയുടെ  താഴെ ആയിരുന്നു രഹസ്യ അറ, പകല്‍ ഓഫീസ് സമയം കഴിയുമ്പോള്‍ മീപ്പിനെ പോലെ ഉള്ള ചില സഹായികള്‍  ALL CLEAR എന്ന സിഗ്നല്‍ കൊടുക്കും. അപ്പോഴേക്കും അവര്‍ മുകളില്‍ വന്നു കുറച്ചു സ്വതന്ത്രമാകും.രഹസ്യഅറയില്‍ ഓട്ടോ ഫാമിലി കൂടാതെ പീറ്റര്‍ വാന്‍പെസ് എന്ന കുടുംബവും താമസക്കാരായി ഉണ്ടായിരുന്നു.അന്‍പത് ചതുരശ്രഅടിയില്‍ ( 50 sq ft ) ഏഴുപേര്‍ ഒളിച്ചു താമസിക്കുക എത്ര ദുഷ്കരം.1947 ഏപ്രില്‍-മാര്‍ച്ച്‌ -മാസങ്ങളിലെ ഡയറി കുറിപ്പില്‍ അവിടുത്തെ അവസ്ഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ചിറകുകള്‍ ക്ലിപ്പ് ചെയ്യപ്പെട്ട ഇരുട്ടില്‍ സ്വന്തം കൂടിന്‍റെ അഴികളില്‍ വീണ് പിടയുന്ന ഒരു പാട്ടുകാരിപക്ഷിയെപ്പോലെ എനിക്ക് തോന്നുന്നു--ആനിന്‍റെ ഒരു കുറിപ്പാണ്. 1942 -നവംബറില്‍ അവരുടെ കൂടെ വീണ്ടും ഒരാള്‍ എത്തി മീപ്പിന്‍റെ  സുഹൃത്തായ ഫിഫര്‍, ഇടുങ്ങിയതും സ്വതന്ത്ര്യമില്ലാത്തതുമായ അവസ്ഥയില്‍ മറ്റൊരാളുടെ വരവ് അവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ കൂട്ടി.ആനിന് അവളുടെ അമ്മയുമായും  മാര്‍ഗരറ്റുമായും ഒരിക്കലും പൊരുത്തപ്പെട്ടുപോകുവാന്‍ കഴിഞ്ഞിരുന്നില്ല,  അമ്മക്ക് ആനിനോട് സ്നേഹമില്ല എന്നുള്ള ചിന്തയും
ആനിനു കൗമാര പ്രായത്തില്‍ ഉണ്ടായ പ്രണയവും ഡയറില്‍യില്‍ പ്രതിപാദിക്കുന്നുണ്ട്.


                                       ബ്രിട്ടനും ഫ്രാന്‍സും നോര്‍മാടിയില്‍ എത്തിയെന്ന വാര്‍ത്ത അവരെ സന്തോഷവാന്മാരാക്കി, എന്നാലും അത് സാധ്യമാകാന്‍ ഇനിയും ഒരു വര്‍ഷമെങ്കിമെടുക്കും. ഈ സമയത്ത് അവര്‍ ഒളിസങ്കേതത്തില്‍ ഇരുപത്തിമൂന്ന് മാസം കഴിഞ്ഞിരുന്നു . ഹിറ്റ്ലറിന്‍റെ രഹസ്യപോലിസിന്‍റെ കയ്യില്‍പെട്ടാലുള്ള ശിക്ഷയെക്കുറിച്ച് അവര്‍ വല്ലാതെ ഭയന്നിരുന്നു. 1944-ആഗസ്റ്റ്‌ 4, അവര്‍ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. ജര്‍മന്‍ പോലിസ് അവരെ കണ്ടെത്തി, ഒളിവില്‍ കഴിഞ്ഞിരുന്ന എട്ട് പേരെയും സഹായിയായ ക്ലീമാനും അറസ്റ്റിലാകുന്നു. നാസി പോലീസിന് ആഘോഷത്തിന്‍റെ നിമിഷങ്ങള്‍ ആയിരുന്നു, 1944-സെപ്റ്റംബറില്‍ അവരെ ബെസ്റെര്‍ബോര്‍ക്കിലേക്ക് കൊണ്ടുപോകാനുള്ള വാഹനം വന്നു.കന്നുകാലികളെ കൊണ്ട് പോകുവാനുള്ള വാഹനമായിരുന്നു, ജനലുകള്‍ ഇല്ലാതെ വായു കയറാന്‍ രണ്ട് സുഷിരം മാത്രം, ഇരിക്കാന്‍ നിലത്ത് കുറച്ചു വൈക്കോല്‍ മാത്രം, അറുപതു മുതല്‍ എഴുപതുപേരാണ്--ഒരു ക്യാബിനില്‍, പ്രകാശമോ ആഹരമോ, ഇല്ലാത്ത യാത്ര, മൂന്നാം ദിവസം അവരെ എത്തിക്കേണ്ടത്‌ ട്രെയിന്‍ നിര്‍ത്തി. പിന്നെ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും വേര്‍തിരിച്ചു നിര്‍ത്തി, ഓട്ടോ ഫ്രാങ്ക് തന്‍റെ കുടുംബത്തെ അവസാനമായി കണ്ട നിമിഷമായിരുന്നു.

                                                         തടവില്‍ എത്തുന്നുവരുടെ മുടി മുണ്ഡനം ചെയ്യുക, പതിവായിരുന്നു പേന്‍ ബാധ ഒഴിവാക്കാനായിരുന്നു ഇത്, സ്ത്രീത്വത്തെ അപമാനിക്കാന്‍ സ്ത്രീകളെ ഇതിനായി പുരുഷ തടവുപുള്ളിളുടെ അടുത്തേക്ക് അയക്കുക പതിവായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മെഡിക്കല്‍ പരീക്ഷണത്തിന് അയക്കുക മറ്റൊരു രീതിയായിരുന്നു. കുളിമുറിയില്‍ കൂട്ടത്തോടെ ആള്‍ക്കാരെ തള്ളിവിടുകയും കുറച്ചു വെള്ളം പമ്പ്‌ ചെയ്യുക, കുളി എന്ന പ്രഹസനം നടപ്പിലാക്കുക ഇതൊക്കെ നാസികളുടെ ക്രൂരമായ വിനോദങ്ങള്‍ ആയിരുന്നു,. ക്യാമ്പില്‍ നിന്ന് 1944 -ഒക്ടോബര്‍ 28-ന് വടക്കേ ജര്‍മനിയിലേക്ക് 1308 ജൂദ സ്ത്രീകളെ കൊണ്ടുപോയി അതില്‍ ആനും മാര്‍ഗരറ്റും, ഉണ്ടായിരുന്നു,ആനും അമ്മയും അവസാനം കണ്ട ദിവസം അന്നായിരുന്നു, അമ്മയും മക്കളും പിരിയുന്നതും. അഞ്ചു രാവും അഞ്ചു പകലും അവര്‍ യാത്ര ചെയ്തു ട്രെയിനില്‍ ഇറങ്ങുമ്പോള്‍ അവര്‍ തണുത്ത് മരവിച്ചിരുന്നു. താല്‍ക്കാലികമായി ഉണ്ടാക്കിയ ടെന്റില്‍ ഒരു സൗകര്യവുമില്ലായിരുന്നു. കാറ്റത്ത്‌ പറന്നുപോയ ടെന്ടില്‍ തണുത്ത രാത്രി മുഴുവന്‍ കിടക്കേണ്ടി വന്ന അവസ്ഥ---നാസികളുടെ ക്രൂരത വിളിച്ചോതുന്നു.
മക്കളെ പിരിഞ്ഞ എഡിത്ത് ഒരു മാനസികരോഗിയെപ്പോലെയായി, കുടിക്കാന്‍ വെള്ളമില്ലാതെയും, ശരീരം മുഴുവന്‍ പേനരിച്ചും, ചൊറി പിടിച്ചു മരിക്കുന്നു.
ക്യാമ്പുകളില്‍ വച്ച് തന്‍റെ സുഹൃത്തായ ഹന്നെലിയെകണ്ടു മുട്ടിയ രംഗം  നുറുങ്ങിയ ഹൃദയത്തോടെ മാത്രമേ വായിക്കാന്‍ കഴിയൂ. 1943 -നവംബര്‍-27 ന് ആന്‍ അവളുടെ ഡയറിയില്‍ എഴുതി ഓ ആന്‍ നീ എന്തിന്നാണ് എന്നെ ഉപേക്ഷിച്ചത് എന്നെ സഹായിക്കൂ -എന്നെ സഹായിക്കൂ--എന്ന ഭാവം ഹന്നെലിയുടെ കണ്ണുകളിലുണ്ടായിരുന്നു. അവള്‍ എന്നെക്കാളും ദൈവ വിശ്വസി ആയിരുന്നു അവളെ മരിക്കാന്‍ വിട്ടിട്ട് എന്നെ എന്തിന് ജീവിക്കാന്‍ വിട്ടു-----അങ്ങനെ പോകുന്നു ഡയറികുറിപ്പുകള്‍.

                                                  മറ്റ് ഡച്ച് സ്ത്രീകളെപ്പോലെ ആനിനും ജോലി ചെയ്യേണ്ടിവന്നു, മണ്ണ് ചുമക്കലും കല്ലുപൊട്ടിക്കലും, അങ്ങനെയെല്ലാം. രാത്രിയില്‍ അന്‍പത്തിരണ്ട് കുതിരകളെ കിടത്താന്‍ ഒരുക്കിയിരുന്ന ലായത്തില്‍ ആയിരം സ്ത്രീകളായിരുന്നു കഴിഞ്ഞിരുന്നത്. ഒന്ന് തിരിഞ്ഞു കിടക്കാന്‍പോലും പറ്റാത്തയാവസ്ഥ.എല്ലാ തടവുകാരും പേനിന്‍റെ  ശല്യത്താള്‍ വലഞ്ഞിരുന്നു, എല്ലാ കീടനാശിനികളും ഇവയ്ക്ക് മുന്നില്‍ നിരവീര്യമായിരുന്നു, കൂടാതെ ചെറുപ്രാണികളും മുട്ടയും. ചൊറിഞ്ഞ് ആനിന്‍റെ ശരീരം വ്രണമാകുന്നു, ആനിനെ ചൊറി ചിരങ്ങ് പിടിച്ചവരുടെ ബ്ലോക്കിലേക്ക് മാറ്റി, ഭയാനകമായ ഒരു ബ്ലോക്ക്‌ ആയിരുന്നു അത്.വെളിച്ചമില്ലാത്ത മുറികള്‍ അലമുറയിട്ട് കരയുന്ന സ്ത്രീകള്‍, ഓടിക്കളിക്കുന്ന എലികള്‍-----.

                                                      ബസ്റ്റര്‍ ബോര്‍ക്കില്‍ നിന്ന് ഔഷ്വിക്കി ക്യാമ്പിലേക്കയച്ച 1019 തടവുകാരില്‍ ജീവനോടെ പുറത്തിറങ്ങിയത് 45 പുരുഷന്മാരും 182 സ്ത്രീകളുമായിരുന്നു. അതില്‍ ഒരാള്‍ ഓട്ടോഫ്രാങ്ക് ആയിരുന്നു,മാര്‍ച്ച്‌  1945-ല്‍ 17000-ത്തിലധികം പേര്‍ ബെര്‍ജന്‍ ബെര്‍സനില്‍ മരണമടഞ്ഞിരുന്നു. ആനിനെയും മാര്‍ഗരിറ്റിനേയും അപ്പോഴേക്കും ടൈഫസ് എന്ന സാക്രമിക രോഗം ബാധിച്ചിരുന്നു. 1945 -മാര്‍ച്ച്‌-ഏപ്രില്‍ മാസത്തില്‍ രണ്ട്പേരും മരണത്തിന് കീഴടങ്ങുന്നു. അവസാനം തന്‍റെ രണ്ട് മക്കളും, ഭാര്യയും മരിച്ചുപോയി എന്ന വിവരം ഓട്ടോ ഫ്രാങ്ക് കണ്ടെത്തുന്നു, എല്ലാം തകര്‍ന്ന ജീവിക്കുന്ന കുറെ രക്തസാക്ഷികള്‍ ബാക്കിയായി----. ആനിന്‍റെ ഡയറിക്കുറിപ്പിനെക്കുറിച്ചും, ഒളിതാവളം കണ്ടെത്താന്‍ നാസിപോലിസിനെ സഹായിച്ചവരെക്കുറിച്ച് ഒത്തിരി വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്-----ഇതില്‍ കൂടുതല്‍ ആന്‍ ഫ്രാങ്കിനെക്കുറിച്ച് എഴുതാന്‍ ഈ തൂലികക്കും കഴിയില്ല
രണ്ട് തുള്ളി കണ്ണു നീര്‍ മാറ്റി വയ്ക്കുന്നു---ലോകത്തെ എല്ലാ ആന്‍ ഫ്രാങ്ക്കള്‍ക്കായി----------

മരുപ്പച്ച















                                                             
                                      








2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

നഷ്ടമായ ശലഭങ്ങള്‍

കുഞ്ഞായിരുന്നപ്പോള്‍ എന്നെ പറ്റിച്ചു പറന്നു കളിച്ച
ചിത്രശലഭങ്ങളുടെ പിന്നാലെ ഞാന്‍ പോകുമായിരുന്നു
എനിക്കുചുറ്റും വട്ടമിട്ടു പറക്കുന്ന തുമ്പികളെ പിടിക്കാന്‍
ഞാന്‍ വെമ്പല്‍  കൊള്ളുമായിരുന്നു, ഒരിക്കലും നിങ്ങള്‍
എനിക്ക് പിടി തരാതെ എന്നെ കളിപ്പിക്കുന്നത് നിങ്ങള്‍ക്ക്
ഒരു ഹരമായിരുന്നു. ഞാന്‍ ഓടി തളരുമ്പോള്‍ എന്‍റെ
നെറ്റിയില്‍ വന്നു ഊഷ്മളമായി ചുംബിക്കാന്‍ നിങ്ങള്‍ക്ക്
ഇഷ്ടമായിരുന്നു, ഇന്ന് ഓടാതെ തളാരാതെ തഞ്ചത്തില്‍
നിങ്ങളെ പിടിക്കാനുള്ള ഉപായം ഞാന്‍ ഉപയോഗിക്കുന്നു
എന്നെ പറ്റിക്കാന്‍ പ്രകൃതിയെ ഞാന്‍ അനുവദിക്കില്ല
പകരം പ്രകൃതിയെ പറ്റിക്കാന്‍ ഞാനെന്ന മനുഷ്യന്‍
പഠിച്ചു--------പക്ഷേ അവസാനം ----പരാജയം ----
ഞാനെന്ന മനുഷ്യന്‍റെ നാശത്തിലേക്കാണോ------ഞാന്‍
പഠിച്ച വിദ്യകള്‍ എനിക്ക് വിനയാകുന്നോ--?

മരുപ്പച്ച



ടോട്ടോ-ചാന്‍-ജനാലക്കരികിലെ വികൃതിക്കുട്ടി-തെത്സുകോ കുറോയാനകി

ടോട്ടോ-ചാന്‍-ജനാലക്കരികിലെ വികൃതിക്കുട്ടി-തെത്സുകോ കുറോയാനഗി
*****************************************************************************

ജപ്പാനിസ് ഭാഷയില്‍ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഒരു മഹത്തായ
പുസ്തകം. 1982 -ല്‍ പുറത്തിറങ്ങിയയീ പുസ്തകം ഇന്ന്‍ നമ്മള്‍ കാണുന്ന
കുത്തഴിഞ്ഞ അല്ലെങ്കില്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ
സമ്പ്രദായത്തിന് ഒരു വെല്ലുവിളിയോ അല്ലെങ്കില്‍ ഒരു ചോദ്യചിഹ്നമായോ
അതുമല്ലെങ്കില്‍ അനുവാചകരുടെ ഹൃദയത്തില്‍ തറക്കുന്ന ഒരു ചാട്ടുളിയോ
പോലെ നിലകൊള്ളുന്നു. ഒരു വിദ്യാര്‍ഥിക്ക് അറിവ് പകര്‍ന്നുകൊടുക്കുന്ന
അധ്യാപകന്‍ ആ വിദ്യാര്‍ഥിയെ അറിഞ്ഞിരിക്കണമെന്ന പ്രാപഞ്ചികസത്യം
മറന്നയീ നൂറ്റാണ്ടില്‍ തന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി നിറവേറ്റിയ ഒരു
സമൂഹത്തിന് മാതൃകയായ സോസോകു കോബായാഷി എന്ന അധ്യാപകന്‍റെ
സ്മരണക്ക് മുന്നില്‍ തന്‍റെ വികൃതിയായ ടോട്ടോ-ചാനെന്ന വിദ്യാര്‍ഥിയുടെ
സമര്‍പ്പണമാണ് ഈ പുസ്തകം. കുട്ടിത്തവും വികൃതിയും കാരണം ഒന്നാം
ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ ടോട്ടോച്ചാന്‍ ഒരു തലമുറയുടെ ഹൃദയം കവര്‍ന്ന
റ്റൊമോയെന്ന  വിദ്യാലയത്തിലൂടെ   -കോബോയാഷി മാഷിന്‍റെ കൈകളിലൂടെ -
യുണിസെഫിന്‍റെ ഗുഡ് വില്‍  അംബാസഡര്‍ പദവിയില്‍ എത്തി നില്‍ക്കുന്നു.

                                                                                     
                                                   അപ്രതീക്ഷിതമായിരുന്നു അത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ടോട്ടോച്ചാന്‍റെ അദ്ധ്യാപിക അമ്മയെ സ്കൂളില്‍ വിളിപ്പിക്കുന്നു
പരാതിക്ക് മേല്‍ പരാതി മാത്രമേ ടോട്ടോ-ചാനെ ക്കുറിച്ച് അധ്യാപകര്‍ക്ക്
പറയാനുള്ളൂ, ഇനി ഒരു വിധത്തിലും മുന്നോട്ടു പോകാന്‍ കഴിയില്ല അവളെ
കൊണ്ട് പൊറുതി മുട്ടി സ്കൂളില്‍ നിന്ന് പുറത്തുപോകണം, വേറെ മാര്‍ഗ്ഗമൊന്നുമില്ലാതെ ടോട്ടോ-ചാനുമായി പുറത്തേക്ക് വന്ന അമ്മ അവളോട്‌ ഒന്നും അറിയിക്കാതെ അവളെ മനസ്സിലാക്കുന്ന ഒരു സ്കൂള്‍ തേടുന്നു.  അവസാനം അവര്‍ എത്തുന്നു റ്റൊമോ -എന്ന സ്കൂളിലേക്ക്, നിര്‍ത്തിയിട്ടിരിക്കുന്ന ആറു റെയില്‍വേ ബോഗികളാണ് ഈ സ്കൂള്‍. ആദ്യമായി അവള്‍  കൊബായാഷി മാഷിനെ കാണുന്നു , അവളുമായി ഒരു നീണ്ട സംഭാഷണത്തിനുശേഷം മാഷ് അവളുടെ നെറ്റിത്തടത്തില്‍ കൈവച്ച ശേഷം പറഞ്ഞു ടോട്ടോ ഇന്നുമുതല്‍ നീ  ഈ സ്കൂളിലെ കുട്ടിയാണ്, ഈ വാക്കുകള്‍ അവള്‍ക്ക് വല്ലാതെ പ്രചോതനമേകി, ഓരോ ദിനവും അവള്‍ പ്രഭാതത്തിനായി കാത്തിരുന്നു.റ്റൊമോയിലെ വിദ്യാഭ്യാസ രീതി തികച്ചും വ്യത്യസ്തമായിരുന്നു ആരെയും ഒന്നും അടിച്ചേല്പ്പിക്കുന്ന ക്രമമായിരുന്നില്ല.കുട്ടികള്‍ക്ക് ഏത് വിഷയമാണോ താല്പര്യം അത് പഠിക്കാം അതിലൂടെ വളര്‍ച്ചക്കൊപ്പം സഹജമായ വാസനയും പുഷ്ടിപ്പെടുമായിരുന്നു.
                                                           
                                      റ്റൊമോയിലെ ഉച്ചഭക്ഷണത്തിനും പ്രത്യകത ഉണ്ടായിരുന്നു
കരയില്‍ നിന്ന് ഒരു കല്ല്‌ കടലില്‍ നിന്ന് ഒരു കല്ല്‌ എന്നാ പറയുക അതായത്
കടലില്‍ നിന്നുള്ള മത്സ്യവും പിന്നെ കരയില്‍ നിന്നുള്ള പച്ചക്കറികളോ ഇറച്ചിയോ, സമീകൃത ആഹാരം കുട്ടികള്‍ക്ക് അനിവാര്യമെന്നാണ് മാഷിന്‍റെ പക്ഷം.ഉച്ചഭക്ഷണശേഷം പുറത്തേക്കുള്ള നടത്തം അരുവികളോടും വൃക്ഷങ്ങളോടുമുള്ള സല്ലപിക്കള്‍ ഇതൊക്കെ റ്റൊമോയിലെ പ്രത്യകതകള്‍ ആയിരുന്നു.ഒരിക്കല്‍ ടോട്ടോ-ചാന്‍ ടോയ്‌ലറ്റില്‍  പോയപ്പോള്‍ അവളുടെ പഴ്സ് അകത്തേക്ക് വീണുപോയി , അവള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പഴ്സ് ആയിരുന്നു അത് , ഒരിക്കലും ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല, അവള്‍ ഒരു  മണ്‍വെട്ടി   എടുത്ത് അഴുക്കുചാലില്‍ തന്‍റെ  പഴ്സ് തേടി, ഇത് കണ്ട മാഷ് ഒരിക്കലും അവളെ തടയാന്‍ പോയില്ല വളരെ വൈകിയും അവളുടെ ഉദ്യമം തുടര്‍ന്നു, സ്വന്തം ബാത്‌റൂമുപോലും വൃത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ പഠിപ്പിച്ചു പുറത്തിറക്കുന്ന പുതു തലമുറ സ്ക്കൂളുകള്‍ക്ക് റ്റൊട്ടോ ഒരു മാതൃകയാണ്. ടോറ്റൊയിലെ നീന്തല്‍കുളത്തിനുമുണ്ട് പ്രത്യകത വസ്ത്രം ഇല്ലാ എന്ന് വിചാരിച്ച് ആരും മാറിനില്‍ക്കേണ്ട നഗ്നയായി എല്ലാപേര്‍ക്കും കുളിക്കാം, പല രക്ഷകര്‍ത്താക്കള്‍ക്കും വിയോജിപ്പ്‌ ഉണ്ടായിരുന്നുവെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ച് പുലര്‍ത്താന്‍ പാടില്ലയെന്ന്‍ മാഷ് കരുതി.
റ്റോമോയുടെ പരിസരത്ത് ഒത്തിരി വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു ഒരോരുത്തരും
ഓരോ വൃക്ഷത്തിന്‍റെ ്‍അവകാശികള്‍ ആണ്. പോളിയോ ബാധിച്ച് വികലാംഗനായ യസോക്കിചാനെ ഒരവധിദിനം മരത്തില്‍ കയറ്റാന്‍ റ്റോട്ടോചാന്‍ ചെയ്യുന്ന ശ്രമം വളരെ രസകരമായി വിവരിച്ചിട്ടുണ്ട്.

                                                               
                                           പാട്ടിനൊത്ത് നൃത്തം വക്കുന്ന യൂരിത്ത്മിക്സ് എന്ന സംഗീതവിദ്യയാണ് ടോമോയില്‍ നടപ്പിലാക്കിയിരിക്കുന്നത്.മനസ്സിനും ശരീരത്തിനും താളബോധമുണ്ടാക്കുന്നതിലൂടെ കുട്ടികളുടെ ഭാവനാലോകത്തെ
ഉണര്‍ത്തുകയും സര്‍ഗശേഷിയുടെ അതിര്‍ത്തി വലുതാക്കുക എന്നതാണ് ലക്‌ഷ്യം.കഴിവതും പഴയ വസ്ത്രങ്ങള്‍ അണിഞ്ഞ് കുട്ടികളെ സ്കൂളില്‍ അയക്കാനാണ് മാഷ് നിര്‍ദേശിക്കുന്നത് കാരണം വസ്ത്രത്തില്‍ അഴുക്ക് പിടിക്കുമേന്നോര്‍ത്തു കുട്ടികള്‍ കളികളില്‍ പങ്കെടുക്കാതെ മാറിനില്ക്കാന്‍ പാടില്ല.ഒരോ കുട്ടികളും  ഒരോ ദിവസവും അഭിമുഖീകരിക്കുന്ന  ഒരോ സംഭവങ്ങളും   എങ്ങനെ ജീവിതത്തില്‍ ഉപയുക്തമാക്കാം എന്നതാണ് ടോമോ സ്കൂളിന്‍റെ പ്രത്യകത.  റ്റൊമോയിലെ വിദ്യാര്‍ഥികള്‍ നന്നായി പ്രസംഗിക്കണമെന്നത് മാഷിന്‍റെ നിര്‍ബന്ധമായിരുന്നു
പ്രസംഗിക്കാന്‍ കഴിയാത്ത കുട്ടികളെ വളരെ സ്നേഹപൂര്‍വ്വം അവര്‍ നിത്യനെ ചെയ്യുന്ന കാര്യങ്ങള്‍ പറയിച്ച് ഒരിക്കലും കുറ്റപ്പെടുത്താതെ സ്നേഹത്തോടെ അനുമോദിക്കുന്നു അങ്ങനെ എല്ലാപേരും അപകര്‍ഷതയില്ലാത്ത മിടുക്കരായി മാറുന്നു.സ്കൂളിനെ സ്പോര്‍സിനുമുണ്ട് പ്രത്യകത എല്ലാപേരും മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വികലാംഗരായ കുട്ടികള്‍ ആയിരിക്കും എല്ലാം നിയന്ത്രിക്കുക. സമ്മാനങ്ങളായി നല്കിയിരുന്നത് പച്ചക്കറി കള്‍ ആയിരുന്നു.
അതിന് മാഷിന്‍റെ വിശദീകരണമിങ്ങനെ ആയിരുന്നു, കുട്ടികളുടെ അധ്വാനഫലം കൊണ്ട് ഒരു ദിവസം ആഹാരം കഴിക്കുക എന്നതായിരുന്നു.

                                                         പുതിയ ഒരു തീവണ്ടി മുറിയില്‍ സജ്ജമാക്കിയ ലൈബ്രറി റ്റൊമോയുടെ പ്രത്യകതയാണ്. എപ്പോള്‍ വേണമെങ്കിലും പുസ്തകമെടുത്ത്‌ വായിക്കാം ക്ലാസ്സ്‌ സമയമെന്നോ ഒഴുവ് സമയമെന്നോ നിയന്ത്രണമൊന്നുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വതന്ത്ര്യം ഉണ്ടായിരുന്നു. വരക്കുന്നവര്‍ക്ക് വരക്കാനും, പാടുന്നവര്‍ക്ക് പാടാനുമൊക്കെ . ഒരിക്കല്‍ മാഷ് പുതിയതായി ഒരു അധ്യാപകനെ പരിചയപ്പെടുത്തി, ഇന്നത്തെ നമ്മുടെ ക്ലാസ്സ്‌ കൃഷിയാണ് ടോട്ടോ-ചാന് ആളെ പെട്ടന്ന് മനസ്സിലായി തന്‍റെ ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ആയിരുന്നു . അതെ തൊഴിലില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്കെ കുട്ടികളെ
പഠിപ്പിക്കാന്‍ കഴിയൂഎന്ന് മാഷിന് അറിയാമായിരുന്നു,കൈക്കോട്ടുമായി കുട്ടികള്‍ ഞാറു നടീല്‍ പഠിച്ചു. അങ്ങനെ അവരുടെ മനസ്സില്‍ കൃഷിയും  കൃഷി മാഷും സ്ഥാനം പിടിച്ചു,കൃഷി മാത്രം പോരല്ലോ പാചകവും അറിഞ്ഞിരിക്കണ്ടേ കുട്ടികള്‍ മാഷ് അതിനായി ഒരു ദിവസം നിശ്ചയിച്ചു  കുട്ടികള്‍ എല്ലാപേരും പാചകത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവന്നു ഒരു തുറസ്സായ സ്ഥലത്ത് പാചകം തുടങ്ങി, എല്ലാ ജോ ലിയും കുട്ടികള്‍  ഏട്ടെടുത്തു
അങ്ങനെ കുട്ടികള്‍ പാചകത്തിലും മിടുക്കരായി, ഉന്നത വിദ്യാഭ്യാസം നേടി
അഞ്ചക്ക ശമ്പളം വാങ്ങുമ്പോള്‍ ഒരു ചമ്മന്തി പോലും ഉണ്ടാക്കാന്‍ കഴിയാത്ത ആള്‍ക്കാര്‍ ജീവിക്കുന്ന ലോകത്ത് റ്റൊമോയുടെ രീതികള്‍ എത്ര മഹത്തരം.

                                                            റ്റൊമോയിലെ കുട്ടികള്‍ ഒരിക്കലും മറ്റുള്ളവരുടെ ചുവരുകളോ സ്വന്തം വീടിന്‍റെ ചുവരുകളോ വരച്ച് വൃത്തികേടാക്കില്ല. എല്ലാ ദിവസവും മാഷ് ഒരോ ചോക്ക് വരക്കാന്‍ കൊടുക്കും അവരുടെ ഇഷ്ടാനുസരണം സ്കൂളില്‍ വരക്കാം. ടോട്ടോ-ചാന്‍റെ വികൃതിക്ക് ഒരു കുറവും റ്റൊമോയിലും ഉണ്ടായില്ല, എപ്പോഴൊക്കെ മാഷ് റ്റൊട്ടോചാനെ കാണുമോ അപ്പോഴെല്ലാം മാഷ് പറയുമായിരുന്നു ശരിക്കും നീയൊരു നല്ല കുട്ടിയാണ്.
ഇത് അവളില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കി. സന്തോഷകരമായ സ്കൂള്‍ ജീവിതത്തിനിടയില്‍ റ്റൊമോയിലെ  കുട്ടികളില്‍ കരിനിഴല്‍ വീഴ്ത്തിയത് അവരുടെ സഹപാഠിയായ യാസ്വക്കിചാന്‍റെ മരണമായിരുന്നു.   സഹപാഠിയുടെ മരണം ടോടോചാനെന്ന കുട്ടിയില്‍ ഉണ്ടാക്കിയ വികാരം
മനോഹരമായി ഈ പുസ്തകത്തില്‍ പകര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ എന്താകണമെന്നുള്ള ആഗ്രഹങ്ങള്‍ കുട്ടികളില്‍ മുളയെടുക്കുമ്പോള്‍ അതിനെ
ക്രിയാത്മകമായി കുട്ടികളെ സഹായിക്കുന്ന റ്റൊമോയിലെ രീതി അവര്‍ണ്ണനീയമാണ്. ജപ്പാനും അമേരിക്കയും തമ്മിലുള്ള യുദ്ധകാലത്താണ്
റ്റൊട്ടോയുടെ സ്കൂള്‍ ജീവിതവും. റ്റൊമോയിലെ പാറാവു കാരന്‍ യുദ്ധഭൂമിയിലേക്ക്‌ പോകുമ്പോള്‍ കൊടുക്കുന്ന യാത്രയയപ്പ് ഓരോ കുട്ടികളുടെ ജീവിതത്തിലും എത്രത്തോളം ആഴ്ന്നിറങ്ങി എന്നത് പ്രസക്തമാണ്.
ഒരോ കുട്ടികളും യാത്രയയപ്പില്‍  സ്വന്തമായി രണ്ട് വാക്ക് പറയുക എന്നത് കുട്ടികളുടെ ഭാവിയെ ഭാസുരമാക്കാന്‍  വേണ്ടിയുള്ള മാഷിന്‍റെ ദീര്‍വീക്ഷണമായിരുന്നു.
                                                        
                                       കുട്ടികളുടെ സ്വപ്ന കേദാരമായിരുന്ന റ്റൊമോ പള്ളിക്കൂടം 
അമേരിക്കന്‍ ബോംബറുകള്‍ തകര്‍ത്തു--എല്ലാറ്റിനും മൂകസാക്ഷിയായി മാഷും
1963-ല്‍ മാഷ് മരിക്കും വരേയും കുട്ടികളുടെ നന്മക്കായി  മാഷ് നിലകൊണ്ടു.
റ്റൊമോയില്‍ പഠിച്ച് ജീവിതം സാഫല്യമാക്കിയ ഒത്തിരിപേരുടെ ചരിത്രം ഈ പുസ്തകത്തിന്‍റെ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുണ്ട്. ഒരു പക്ഷേ ടാഗോറും ഗാന്ധിജിയും  ആഗ്രഹിച്ചിരുന്നത് ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം ആയിരിക്കാം-------. ഇന്ത്യക്ക് അഭികാമ്യവും---

മരുപ്പച്ച


കാപട്യമേറിയ ലോകം

വിശന്നു പൊരിഞ്ഞ വയറിനെത്തേടി
തെരുവിലലയണം-
കൂട്ടിനായി നല്ലൊരു
 പോട്ടം പിടിക്കണവനെ  കൂട്ടണം

വലതു കൈയ്യുകൊണ്ട് അപ്പം വിളമ്പണം
കാപട്യമേറും ചിരിയൊന്നു കാട്ടണം
പ്രകാശമേറും പോട്ടം പലതും പിടിക്കണം
പോട്ടങ്ങളെല്ലാം മുഖപുസ്തകത്തിന്‍
പല കോണിലായി വിതറണം

പോട്ടത്തിന്‍ കീഴെ നിറയുന്നും ലൈക്കും
കമന്ടും, മാന്യദേഹമെത്രയോ നല്ലവന്‍
സ്വര്‍ഗ്ഗരാജ്യമിവനല്ലോ അവകാശമെന്നും
അപ്പം കാട്ടി വിലസുന്നു കാപട്യങ്ങള്‍
പേരിനും പെരുമയ്ക്കും മാത്രമായി

പകലിന്‍റെ വെളിച്ചത്തില്‍ മിന്നുന്നു പുഞ്ചിരി
രാത്രിയില്‍ ചവിട്ടി മെതിക്കുവാന്‍ വെമ്പുന്നു
പെരുകുന്നു കോലങ്ങള്‍  നാടുനീളേ
യാചകനിന്നും യാചകന്‍ മാത്രം---

മരുപ്പച്ച



2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

കുരുത്തോലയില്‍ പോലും കച്ചവടം
 ഞാനുമിന്നാമാഘോഷിക്കുന്നു
ഓശാനപ്പെരുന്നാള്‍

ചടങ്ങുകള്‍ പൊടിപൊടിക്കുമ്പോള്‍
തീര്‍ക്കുന്നു വീണ്ടും കുരിശുകളേറെ
എന്നെ തേടിയവന്‍ കഴുതപ്പുറത്തലയുന്നു
ഞാനവനായി ഗാല്‍ഗുല്‍ത്താ പണിയുന്നു

വിദ്യപകര്‍ന്ന സിനഗോഗുകളിന്ന്‍
കച്ചവട കേന്ദ്രങ്ങളായോ-
ഒറ്റുകൊടുക്കാന്‍ വെമ്പുന്നു ഞാന്‍
കോഴി കൂവും വരെ കാക്കാതെ

അപരന്‍റെ യങ്കി അഴിക്കുന്നു ഞാനിന്ന്
അന്ന് നിന്‍റെയങ്കി പങ്കിട്ട പോലെ
വാക്കുകളാലെ മുള്‍ക്കിരീടം തീര്‍ക്കുന്നു
പീലാത്തോസ് നിനക്ക് ചാര്‍ത്തിയ പോല്‍

എന്നിലെ ക്രിസ്തുവിനെ ക്രൂശിച്ചു ഞാന്‍
ഞാനാകും ബറാബാസിന് ജീവിക്കാന്‍
കരുതുന്നുയെന്നും മുപ്പത് വെള്ളികാശ്
അവസരത്തിനൊത്ത്  കളിക്കുവാന്‍

വിധവയുടെ കാശിന് വിലയില്ലയിന്ന്
കുബേരനായി മാറുന്നു ആലയങ്ങള്‍
എന്നുമോശാന പാടുന്നു സമ്പന്നനായി
ചടങ്ങിനായിയൊരുനാള്‍ ഓശാന
പാടുന്നു നിനക്കായി---

വീണ്ടും വീണ്ടും ആണി തറക്കുന്നു
നിന്‍ ശിരസില്‍ ഞാന്‍---

മരുപ്പച്ച






2017, ഏപ്രിൽ 13, വ്യാഴാഴ്‌ച

പെസഹാ ആശംസകള്‍

              പെസഹാ ആശംസകള്‍
            ***************************

മുപ്പത് വെള്ളിക്കാശ് കീശയിലിട്ട് ഞാനിന്ന്
തെരുവില്‍ യൂദാസിനെ തേടുന്നു
കണ്ടവരെ യൂദാസെന്ന്‍ വിളിക്കുന്നു ഞാന്‍
എന്നിലെ യൂദാസിനെ മറയ്ക്കുവാന്‍
തുടരുന്നു  പെസഹായും അപ്പം മുറിക്കലും
മാറ്റമില്ലാതെ ഭൂമിയിലീ ഞാനും-------


മരുപ്പച്ച


2017, ഏപ്രിൽ 11, ചൊവ്വാഴ്ച

പെണ്ണേ നീയെന്നും ഉപഭോഗവസ്തുവാണോ ?

പെണ്ണേ!  നീയെന്നും ഉപഭോഗവസ്തുവോ ?
ഭോജന ശാലയിലും വേണം വളയിട്ട കൈകള്‍
ധനാട്യനും മന്ത്രിക്കും തന്ത്രിക്കും 
നാലാള്‍കൂടുമിടങ്ങളിലെല്ലാം
സ്വാഗതമേകുവാന്‍ വേണം നിന്‍ കരങ്ങള്‍


അറിയുന്നില്ലേ  പെണ്ണിന്  ശാപം പെണ്ണല്ലേ
പേരിനായി കുറെ പെണ്ണെഴുത്തുകാര്‍
പേറ്റ് നോവറിയാത്ത ഫെമിനിസ്റ്റുകള്‍
പെരുമ്പറ മുഴക്കുന്ന  കോലങ്ങള്‍

ലിംഗ സമത്വമെന്നാല്‍  വസ്ത്ര സമത്വമല്ല
ചിന്തയും കര്‍മ്മവുമുയരണം സോദരി
പെണ്ണേ--ചൂഷണമെന്തെന്നറിയണം
ചൂഷകനെതിരെ പ്രതികരിക്കേണം


ചേറില്‍ നിന്ന്ചേറിലേക്ക് യാനംചെയ്യും-
പന്നിപോലേകേണ്ട   ധരണിയില്‍
അപരന്‍റെ ഭാരം ചുമക്കും കഴുതയുമാകേണ്ട



ജ്വലിക്കണം നിന്‍ ചിന്തകളഗ്നിപോല്‍
പടുത്തുയര്‍‍ത്തണം പുതുയുഗം നിന്‍ കയ്യാലെ

ലാവപോലൊഴുകണം നിന്നില്‍ മാതൃസ്നേഹം
സഹനമെന്ന പുണ്യം നിറയണം ധാത്രി പോല്‍
 ഭാവങ്ങള്‍നിറയണം  നിന്നിലാഴിപോല്
നെരിപ്പോടോരുക്കണം പുതു തലമുറക്കായി  

മരുപ്പച്ച



2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

സുഹൃത്ത്

നിനക്ക്  നല്ല  ആരോഗ്യമുള്ള സമയത്തോ
സമ്പത്തുള്ള സമയത്തോ, സൗന്ദര്യമുള്ള
സമയത്തോ, മറ്റുള്ളവരുടെ മുന്നില്‍ നീ
കേമന്‍ ആയിരിക്കുന്ന സമയത്തോ നിന്നെ
പ്രശംസിക്കുന്ന മനുഷ്യര്‍  ഒരിക്കലും
നിന്‍റെ നല്ല സുഹൃക്കള്‍ ആയിരിക്കില്ല
മറിച്ച് നിന്‍റെ ഭാഗത്ത്‌ എന്തേലും വീഴ്ച
വരുമ്പോള്‍ കരുതലോടെ നിന്നെ തള്ളി
 പറയാതെ നിനക്ക് ആരെങ്കിലും
ആശ്വാസം പകരുന്നുവെങ്കില്‍ അതാണ്‌
നിന്‍റെ സുഹൃത്ത്-------

മരുപ്പച്ച

2017, ഏപ്രിൽ 5, ബുധനാഴ്‌ച

ആദര്‍ശം

അകലത്തെ ചെഗുവേരക്ക്
ജയ്‌ വിളിച്ചവരെന്തേ
അരികില്‍ കരയുമമ്മയുടെ
രോദനം കണ്ടില്ല---

കാക്കിയെ കാര്‍ക്കിച്ചു
തുപ്പിയവരിന്ന്‍
കാക്കിക്കടിയറവ്
പറഞ്ഞോ---

ആദര്‍ശ വാദം ചൊല്ലിയവരിന്ന്‍
ആദര്‍ശമില്ലാത്ത വാദം ചൊല്ലുന്നുവോ ?

മരുപ്പച്ച

രണ്ടിടങ്ങഴി--തകഴി ശിവശങ്കരപ്പിള്ള


                           രണ്ടിടങ്ങഴി--തകഴി ശിവശങ്കരപ്പിള്ള
                        *****************************************          


ദസ്തയോസ്കിയുടെയും, ലിയോ ടോള്‍സ്റ്റോയിയുടെയും, കസന്ദ് സാക്കിസിന്‍റെയും, ആല്‍ബര്‍ട്ട് കമു-തുടങ്ങി എല്ലാ  വിദേശ സാഹിത്യകാര്‍ക്കും
സ്വാഗതമേകിയ മലയാള മനസ്സുകളില്‍  തികച്ചും വ്യത്യസ്തമായി മലയാളിയുടെ മനസ്സില്‍ ഇടം തേടുന്ന അല്ലെങ്കില്‍ തേടിയ ഒരു കൃതിയാണ് തകഴിയുടെ രണ്ടിടങ്ങഴി. ഇത് വായിക്കുമ്പോള്‍ മണ്ണിനെ വാരിപ്പുണര്‍ന്ന. ചേറിനെ തന്‍റെ ഉപാസനയാക്കി മാറ്റിയ, ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക്‌  അന്നം വിളമ്പാന്‍ നെല്ല് വിളയിച്ച പറയന്റെയും പുലയന്റെയും അധ്വാനത്തിന്‍റെ ഒരു മണമുണ്ട്,  മഴയും വെയിലും വകവക്കാതെ മണ്ണിന്നെ പുണര്‍ന്ന് കതിര് വിളയിച്ചു  തബ്രാക്കളുടെ തീന്‍ മേശ നിറക്കുമ്പോഴും പുറത്ത് പരിഭവമോ പരാതിയോ ഇല്ലാതെ പാളയില്‍ കഞ്ഞിക്കായി കാത്തുനില്‍ക്കുന്ന പാവങ്ങളുടെ  ജീവിത കഥ അതാണ്‌ രണ്ടിടങ്ങഴി.  കാലമാണ് ഒരാള്‍ ആരാണെന്നോ ആരായിരിക്കണമെന്നോ നിശ്ചയിക്കുന്നത്. 1948-ല്‍ പുറത്തു വന്ന
കഥ ഇന്നും വായിക്കുമ്പോള്‍ അനുവാചകന്‍റെ ഹൃദയത്തില്‍ ഒരു മിന്നല്‍ പിണര്‍ പായുന്നുവെങ്കില്‍ അതു തന്നെയാണ്  ഈ   കൃതിയുടെ വിജയവും.  ചൂഷകര്‍ എന്നും ഈ മണ്ണ് അടക്കി വാണിട്ടുണ്ട്, കാലം മാറുന്നതനുസരിച്ച് അതിന്‍റെ സ്വഭാവത്തിന് വ്യത്യാസം വന്നുവെന്നെയുള്ളൂ.
മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ഹനിക്കയും ചൂഷണം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഏത് തണുത്ത മനസ്സും പ്രതികരിക്കും, പലപ്പോഴായി ഒറ്റപ്പെട്ടും കാലങ്ങള്‍ക്കപ്പുറം അത് സംഘടിതമായും പുറത്തുവരും അതിനെ  വിപ്ലവമെന്നോ  അടച്ചമര്‍ത്തപ്പെട്ടവന്‍റെ രോദനമെന്നോ വ്യാഖ്യനിക്കാം. ഈ കഥയിലൂടെ പോകുമ്പോള്‍ ഒരു ചരിത്രവും സംസ്കാരരവും  പ്രണയവും  രോദനവും വിപ്ലവവും എല്ലാം നമ്മള്‍ ഹൃദയത്തില്‍ സീകരിക്കേണ്ടി വരും, അതുനുമുപരി കുട്ടനാടിന്‍റെ മണ്ണില്‍നിന്നും അഭ്രപാളിയില്‍ ഒപ്പിയെടുത്ത  ജീവിതങ്ങളും.

                                             
                                                   ഞാറ്  നടാനും പായല്‍ തപ്പാനും കതിര് കൊയ്യാനും മിടുക്കിയാണ് ചിരുത, അതുകൊണ്ട് തന്നെ അവളെ വിവാഹം കഴിക്കാന്‍ പല ആലോചനകളും വന്നു തുടങ്ങി. തന്‍റെ മകളെ അങ്ങനെ കെട്ടിച്ചുവിടാന്‍ അവളുടെ അപ്പനായ കാളി തയ്യാറല്ല. എന്‍റെ പെണ്ണിനെ തരണമെങ്കില്‍ അന്‍പത്
രൂപയും ഇരിപത്തിയഞ്ച് പറ നെല്ലും തരണം . പണം കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടും  സംഖ്യയുടെ വലിപ്പം വലുതായിട്ടും കോരന്‍   സമ്മതിച്ചു.കഴിഞ്ഞ കൊയ്ത്തു  കാലത്ത് കോരനും ചിരുതയും ഒരേ വരിയില്‍  നിന്നാണ് കൊയ്തത് അവളുടെ ചിരിയും ചടുലതയും കോരന് അന്നേ പിടിച്ചു പോയി. അന്ന് തീരുമാനിച്ചതാ കല്യാണം കഴിച്ചാല്‍  അത്ചിരുതയെ മാത്രം.
പക്ഷേ ഇത്രയും വലിയ പണം കൊടുക്കണ്ടേ അതിന് ഇപ്പോള്‍ ചെയ്യുന്ന പണിയൊന്നും പോരാ. കോരന്‍റെ ഒരു സുഹൃത്ത്‌ ചാത്തന്‍ വഴി പുഷ്പവേലിയില്‍ ഔസേപ്പ് മുതലാളിയുടെ അടുത്ത് ചെന്നു, പണം കൊടുക്കാന്‍ മുതലാളി തയ്യാര്‍ പക്ഷേ കര്‍ശനമായ നിബന്ധനകള്‍, വര്‍ഷത്തില്‍ നൂറ്റിയെന്‍പത് ദിവസം പണിചെയ്തിരിക്കണം ഒരു ദിവസത്തെ കൂലി രണ്ടിടങ്ങഴി നെല്ലാണ് വിശേഷാല്‍ ദിവസങ്ങളില്‍ ഒന്നും കൊടുക്കില്ല, കൊയ്ത്തുകാലത്ത്  ഒന്നിടവിട്ട ദിവസം ഓരോ കറ്റ ചിലവിന് കൊടുക്കും,
എന്ത് കടുത്ത നിബന്ധനകള്‍ ആയാലും കോരന് പ്രശ്നമല്ല കാരണം ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കുക എന്നുള്ള ചിന്ത മാത്രമേ കൊരനുള്ളൂ.
                                           

                                          അങ്ങനെ കോരന്‍ ആഗ്രഹിച്ചത്‌ പോലെ ചിരുതയെ സ്വന്തമാക്കി .കല്യാണവും അതുമായി ബന്ധപ്പെട്ട കശപിശയും അവരുടെ ഇടയില്‍ നിലനിന്നിരുന്ന  ആചാരങ്ങളും വളരെ ഭംഗിയായി ഒപ്പിഎടുത്തിട്ടുണ്ട് തകഴി .കോരന്‍റെ മടിയില്‍ തലവച്ച് കിടക്കുന്ന ചിരുതയെ നോക്കി കോരന് കൊച്ചു  ആഗ്രഹങ്ങള്‍ ചിരുതയ്ക്ക്‌ ഒരു   പുതിയ ചട്ട വാങ്ങണം, ചിരുതക്കും ഒരാഗ്രഹം കോരന് ഓരു കുപ്പായം വാങ്ങണം എന്നിട്ട് രണ്ട് പേര്‍ക്കും കൂടി ആലപ്പുഴ  പോയി ഒരു സിനിമാ കാണണം , പക്ഷേ ഇതിനൊക്കെ   പണം വേണ്ടേ, അടുത്ത കൊയ്ത്തു കഴിയട്ടെ.    ചാത്തന്‍റെ വീടിനോട് ചേര്‍ന്ന് ഓല ചരിച്ചാണ് ഇവരുടെ   താമസം ഒരു കൂരയുണ്ടാക്കണം പട്ടിണിയൊന്നു മാറിയിട്ട് വേണ്ടേ ഇതൊക്കെ ചെയ്യാന്‍-? അങ്ങനെ തുലാവര്‍ഷം മഴ തുടങ്ങി കൃഷിക്ക് സമയം ആയി കൃഷിയിറക്കും മുന്‍പ് പറയനും പുലയനും വൃതം എടുക്കുന്നത് പതിവാണ്, നല്ല വിളവ്‌ കിട്ടാനത്രേ, പറമ്പും വിളവും തംബ്രാന്‍റെ ആണേലും ഞാന്‍ പണി ചെയ്യുന്ന പാടത്ത് നൂറ് മേനി വിളയണം അതാണ്‌ അവരുടെ മനസ്സ്, ശരിക്കും ഇവരല്ലേ മണ്ണിന്‍റെ മക്കള്‍ അല്ലെങ്കില്‍ മണ്ണിന്‍റെ അവകാശികള്‍.ഒരിക്കല്‍ പണി കഴിഞ്ഞു കോരന്‍ വരുന്ന വഴിക്ക് പുറത്തു നിന്ന് വന്ന രണ്ട് പേര്‍ ഔസേപിന്‍റെ കണ്ടം നോക്കി പറഞ്ഞു ഇതുവരെ ഈ പാടങ്ങള്‍ മാത്രം വിത്തിറക്കാറായില്ല, അത് കേട്ട കോരന് സഹിച്ചില്ല ആ പാടത്തിന്‍റെ നോട്ടക്കാരന്‍ കോരനല്ലേ , പിറ്റേന്ന് കോരന്‍ പുതിയ ആള്‍ക്കാരെ കൂട്ടി വേഗം കൃഷിയിറക്കി, ഇപ്പോള്‍ കുട്ടനാട്ടില്‍ അറിയപ്പെടുന്ന
കൃഷിക്കാരന്‍ കോരനാണ് അവന് കൃഷിയുടെ തഞ്ചവും തായവും അറിയാം.
പറിച്ചു നടല്‍ ആഘോഷപൂര്‍വ്വമായാണ് നടക്കാറ്, ചിരുതയാണ് പാട്ടുകാരി കൂടെ കോരനുമുണ്ട്, ചിരുതക്ക് എപ്പോഴും പരാതിയാ കോരന്‍ മിക്കപോഴും വീട്ടില്‍ വരാറില്ല പറമ്പിലാണ് സദാസമയവും ഔസേപ്പിന്‍റെ കൃഷി മികച്ചതാവണം.   അത് മാത്രമേയുള്ളൂ കോരന്‍റെ ചിന്ത . ഒരിക്കല്‍ വീട്ടില്‍ വന്നു പോകുമ്പോള്‍ കണ്ടത്തില്‍ വല്ലാത്ത ബഹളം,ഔസേപിന്‍റെ കണ്ടത്തില്‍ മട വീണു, എല്ലാപേരും കോരനെ കുറ്റം പറഞ്ഞു കോരന് പെണ്ണുമായി സമ്പര്‍ക്കം ഉണ്ടായതാ കാരണമെന്ന്. തമ്പ്രാന്‍ അന്തപ്പുരത്ത് കഴിയുമ്പോഴും പറയനും പുലയനും വൃതമെടുത്തു തന്‍റെ പാടത്തെ സംരക്ഷിക്കണം---വല്ലാത്ത വൈരുധ്യം കുട്ടനാടില്‍ നില നിന്നിരുന്ന
രീതികള്‍----.

                                                                         
                                                 ഒരു ദിവസം പള്ളിയിലേയും അമ്പലത്തിലേയും മണികള്‍ പതിവില്ലാതെ മുഴങ്ങി  പ്രമാണിമാരും കൃഷിക്കാരും ഒരുമിച്ചു കൂടി
കാരണം എന്താന്നല്ലേ എല്ലാപേര്‍ക്കും വോട്ടവകാശം പ്രഖ്യാപിച്ച ദിവസം ആയിരുന്നു . പുറത്തു നിന്ന് ഒരാള്‍ പ്രസംഗിക്കാന്‍ ഉണ്ടായിരുന്നു അയാള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്തനും കോരനും ശമയനും വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പറയനും പുലയനും തംബ്രാനും ഒന്നാണ് പോലും .വോട്ടിന് വേണ്ടി തംബ്രക്കന്‍മ്മാര്‍ പൈസ കൊടുത്ത് കരഷകരെ വിലക്ക് വാങ്ങാന്‍ തുടങ്ങി.
കൂടാതെ ദൈവവിശ്വാസത്തിന്‍റെ പേരില്‍ മത പരിവര്‍ത്തനവും, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ ഹൈന്തവമതത്തിലേക്ക്
വീണ്ടും പരിവര്‍ത്തനം ചെയ്യുകയും നിരന്തരം മാറ്റങ്ങള്‍ക്ക് അവര്‍ വിധേയരാവുകയും ചെയ്തുകൊണ്ടിരുന്നു,ഔസേപ്പിന്‍റെ കണ്ടം വിളവെടുപ്പിന് സമയമായി വലിയ വിളവ്‌ ഔസേപ്പിനായിരുന്നു, അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്‌ കോരനായിരുന്നു. കോരാന്‍ ഔസേപ്പിനോട്
ചോദിച്ച് ഇപ്പ്രാവശ്യത്തെ വിളവ്‌ എത്ര പറയാ --ഔസേപ്പിന് അത് ഇഷ്ടായില്ല
കോരനെ അവിടെ നിന്ന് ആട്ടിപായിക്കുന്നു, കോരന്‍റെ മനസ്സില്‍ ആദ്യമായി ചില ചിന്തകള്‍ കര്‍ഷകന്‍ പണിചെയ്ത പാടത്തെ വിളവ്‌ അറിയാന്‍ കൃഷിക്കാരന് അവകാശമില്ലേ-? കൊയ്ത്തു കഴിഞ്ഞ് പോകുമ്പോള്‍  നെല്ല് കൊടുക്കുന്ന പതിവായിരുന്നു  ഔസെപ്പ് നെല്ലിന് പകരം വെറും ചില്ലിക്കാശു കൊടുക്കുമായിരുന്നു ആ പൈസ കൊണ്ട് നാഴി അരി പോലും വാങ്ങാന്‍ കഴിയില്ല, കോരനും കൂട്ടര്‍ക്കും എന്നും കപ്പ തന്നെ ശരണം.
                                                         
                                                     പാടത്ത് പണിയെടുക്കുന്നവരുടെ കണ്ണുനീരില്‍ കുതിര്‍ന്ന അനുഭവങ്ങള്‍  ഒപ്പിയെടുത്ത് അതേ പടി തകഴി പകര്‍ത്തിയിരിക്കുന്നു, ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഗദ്ഗതമോ കണ്ണുനീരോ ഒക്കെ അനുവാചകന് അനുഭവപ്പെടും. കോരന്‍റെ കല്യാണശേഷം
കോരന്‍റെ അപ്പന്‍ ആദ്യമായി  പുരയില്‍ വന്നു, കണ്ണുനീരോടെ കുറെ കാലമായി
കുറച്ചു കഞ്ഞിവെള്ളം കുടിച്ചിട്ട് എന്നും കപ്പയാ മക്കളെ.  ഒരു കാലത്ത് തംബ്രാക്കന്മാര്‍ക്ക് വേണ്ടി കഷ്ടപ്പെട്ടതാ---ഇന്നത്തെ അവസ്ഥ ഇങ്ങനെ. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം കോരന്‍റെ അപ്പന്‍ മരിക്കുന്നു, ശവമടക്കാന്‍
ഔസേപ്പിനോട് ആറടി മണ്ണ് ചോദിച്ചു തമ്പ്രാന്‍ അത് നിഷേധിച്ചു.  അപ്പന്‍റെ ശവവുമായി കോരന്‍ കായലിലേക്ക് പോയി ഒരു വലിയ കല്ല്‌ കെട്ടി ശവം കായലിന്‍റെ നടുക്ക് തള്ളി. ഈ അനുഭവങ്ങള്‍ കോരനില്‍ ഒരു വിപ്ലവകാരിയെ സൃഷ്ടിക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നിലവില്‍ വന്നു, പ്രമാണിമാരെല്ലാം അതില്‍ അംഗങ്ങള്‍ ആയി. ഒരു രാത്രി കര്‍ഷകന് നെല്ല് നിഷേധിച്ച കൂട്ടര്‍  വള്ളത്തില്‍  നെല്ല്  കടത്തികൊണ്ടുപോകുന്നത്  പിടിക്കുന്നു. അങ്ങനെ കുട്ടനാടിന്‍റെ പല ഭാഗത്തും പ്രമാണികളും കര്‍ഷകരും ഏറ്റുമുട്ടലിന്‍റെ പാതയില്‍ എത്തുന്നു, കോരാന്‍ തമ്പ്രാക്കളുടെ കണ്ണിലെ കരടായി മാറി. എന്നും അടിമായികഴിഞ്ഞിരുന്ന പറയരുടെയും പുലയരുടെയും പെണ്ണുങ്ങളെ പോലും തംബ്രക്കാന്‍മാര്‍ വെറുതെ വിട്ടില്ല.ചിരുതയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ച ഔസേപ്പിന്‍റെ മകന്‍ ചാക്കോയെ കോരന്‍ തല്ലിക്കൊല്ലുന്നു ഇതോടെ എങ്ങും സംഘര്‍ഷം തുടങ്ങി, പറയനും പുലയനും കൂലി ചോദിക്കാന്‍ തുടങ്ങി, കോരനും കൂട്ടരും ഒളിവില്‍ പോയി വര്‍ഷങ്ങള്‍. കുട്ടനാടില്‍ നെല്‍കൃഷി നിലച്ചാല്‍ അത് നാട്ടിലെ ജനങ്ങളുടെ അന്നത്തെ ബാധിക്കും, അതുകൊണ്ടാവാം സര്‍ക്കാരിന്‍റെ സഹായത്തോടെ സമരം ക്രൂരമായി അടിച്ചമര്‍ത്താന്‍ തുടങ്ങി.നാട്ടിലെങ്ങും വിപ്ലവപ്രസ്ഥാനത്തിന്‍റെ വേരോട്ടം കൂടി.

                                                             അന്ന് കോരന്‍റെ ഭാര്യ ഒരു കുഞ്ഞിന് ജന്മംനല്‍കി, കോരന്‍ ഒളിവിലും. എങ്ങും സമരം അടിച്ചമര്‍ത്താന്‍ പോലീസിന്‍റെ ക്രൂരത,
പടച്ചാല്‍ എന്ന സ്ഥലത്ത് പോലിസ് നടത്തിയ വെടിവയ്പ്പില്‍ ആയിരങ്ങള്‍ മരിച്ചു വീണു, അത് ലോകത്തെ നടുക്കിയ ഒരു സംഭവം ആയി മാറി. സര്‍ക്കാരിന്‍റെ നേര്‍ക്ക്‌ സകല വിരലും ചൂണ്ടാന്‍ തുടങ്ങി , വര്‍ഗ്ഗബോധമുള്ളവര്‍ ഒരുമിച്ചു ചിന്താശേഷി കൂടുതല്‍ ശക്തമായി അടിമായി  കഴിയാന്‍ സാധിക്കില്ല എന്നവര്‍ തീരുമാനിച്ചു-----അങ്ങനെ കുട്ടനാടിന്‍റെ മണ്ണില്‍ പുതിയ  തത്വശാസ്ത്രം ഉടലെടുത്തു---
മണ്ണില്‍ പുതിയ മുദ്രാവാക്യം മുഴങ്ങി
വിപ്ലവം  ജയിക്കട്ടെ
കൃഷിഭൂമി കര്‍ഷകന്
ഒരു കാലഘട്ടത്തെ തുറന്നു കാട്ടിയ തകഴിക്ക് പ്രണാമം

മരുപ്പച്ച



2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

നിറം മാറ്റം

നിറം മാറ്റത്തില്‍ ഓന്തിനെ
തോല്‍പ്പിച്ച മനുഷ്യന്‍
ചതിവിന്‍റെ കാര്യത്തില്‍
കുയിലിനേയും തോല്‍പ്പിച്ചു

മനുഷ്യ നിണം നുകരും
കൊതുക് പോലും
ആള്‍ക്കഹോളിക്കായി
ചാകുന്നു പോലും----

മരുപ്പച്ച

മരം ഒരു വഴികാട്ടി

മനുഷ്യന്‍റെ ജീവിതത്തെ സ്വാധീനിക്കുന്ന
നല്ല ഗുരു എപ്പോഴും പ്രകൃതിയാണ്.
പല തരത്തിലുള്ള വൃക്ഷങ്ങള്‍ നമുക്ക്
പല പാഠങ്ങള്‍ ആണ് തരിക. ഒന്ന്
മറ്റൊന്നിനേക്കാള്‍ തികച്ചും വ്യത്യസ്ഥമായിരിക്കും
ഉയരങ്ങളിലേക്ക് വളരുന്ന മരങ്ങള്‍ക്ക് കീഴെ-
ചെറിയ ചെടികള്‍ക്ക് വളരാനുള്ള അവസരം
കൂടുതലാണ്. എന്നാല്‍ വളരെ ഉയരത്തില്‍
വളരാതെ  ശിഖരങ്ങള്‍ താഴേക്ക്‌ ചൂടി നില്‍ക്കുന്ന
മരങ്ങളുടെ കീഴെ കുഞ്ഞു ചെടികള്‍ക്ക് വളരാനുള്ള
സാധ്യത വിരളമാണ്. ഇത് പോലെയല്ലേ മനുഷ്യരും
ആഴത്തില്‍ ചിന്തിക്കയും ഉയരങ്ങളില്‍ സ്പ്നം
കാണാന്‍ ശ്രമിക്കയും ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക്
മാതൃകയും മറ്റുള്ളവര്‍ക്ക് വളരാനുള്ള അവസരം
ഉണ്ടാക്കുകയും ചെയ്യും. ഇടുങ്ങിയ ചിന്താഗതിയുള്ള
മനുഷ്യര്‍ താഴേക്ക്‌  വളരുന്ന  ശിഖരം പോലെയാണ്
മറ്റുള്ളവരുടെ വളര്‍ച്ചയെ എപ്പോഴും
 തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും

മരുപ്പച്ച