2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

ടോട്ടോ-ചാന്‍-ജനാലക്കരികിലെ വികൃതിക്കുട്ടി-തെത്സുകോ കുറോയാനകി

ടോട്ടോ-ചാന്‍-ജനാലക്കരികിലെ വികൃതിക്കുട്ടി-തെത്സുകോ കുറോയാനഗി
*****************************************************************************

ജപ്പാനിസ് ഭാഷയില്‍ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഒരു മഹത്തായ
പുസ്തകം. 1982 -ല്‍ പുറത്തിറങ്ങിയയീ പുസ്തകം ഇന്ന്‍ നമ്മള്‍ കാണുന്ന
കുത്തഴിഞ്ഞ അല്ലെങ്കില്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ
സമ്പ്രദായത്തിന് ഒരു വെല്ലുവിളിയോ അല്ലെങ്കില്‍ ഒരു ചോദ്യചിഹ്നമായോ
അതുമല്ലെങ്കില്‍ അനുവാചകരുടെ ഹൃദയത്തില്‍ തറക്കുന്ന ഒരു ചാട്ടുളിയോ
പോലെ നിലകൊള്ളുന്നു. ഒരു വിദ്യാര്‍ഥിക്ക് അറിവ് പകര്‍ന്നുകൊടുക്കുന്ന
അധ്യാപകന്‍ ആ വിദ്യാര്‍ഥിയെ അറിഞ്ഞിരിക്കണമെന്ന പ്രാപഞ്ചികസത്യം
മറന്നയീ നൂറ്റാണ്ടില്‍ തന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി നിറവേറ്റിയ ഒരു
സമൂഹത്തിന് മാതൃകയായ സോസോകു കോബായാഷി എന്ന അധ്യാപകന്‍റെ
സ്മരണക്ക് മുന്നില്‍ തന്‍റെ വികൃതിയായ ടോട്ടോ-ചാനെന്ന വിദ്യാര്‍ഥിയുടെ
സമര്‍പ്പണമാണ് ഈ പുസ്തകം. കുട്ടിത്തവും വികൃതിയും കാരണം ഒന്നാം
ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ ടോട്ടോച്ചാന്‍ ഒരു തലമുറയുടെ ഹൃദയം കവര്‍ന്ന
റ്റൊമോയെന്ന  വിദ്യാലയത്തിലൂടെ   -കോബോയാഷി മാഷിന്‍റെ കൈകളിലൂടെ -
യുണിസെഫിന്‍റെ ഗുഡ് വില്‍  അംബാസഡര്‍ പദവിയില്‍ എത്തി നില്‍ക്കുന്നു.

                                                                                     
                                                   അപ്രതീക്ഷിതമായിരുന്നു അത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ടോട്ടോച്ചാന്‍റെ അദ്ധ്യാപിക അമ്മയെ സ്കൂളില്‍ വിളിപ്പിക്കുന്നു
പരാതിക്ക് മേല്‍ പരാതി മാത്രമേ ടോട്ടോ-ചാനെ ക്കുറിച്ച് അധ്യാപകര്‍ക്ക്
പറയാനുള്ളൂ, ഇനി ഒരു വിധത്തിലും മുന്നോട്ടു പോകാന്‍ കഴിയില്ല അവളെ
കൊണ്ട് പൊറുതി മുട്ടി സ്കൂളില്‍ നിന്ന് പുറത്തുപോകണം, വേറെ മാര്‍ഗ്ഗമൊന്നുമില്ലാതെ ടോട്ടോ-ചാനുമായി പുറത്തേക്ക് വന്ന അമ്മ അവളോട്‌ ഒന്നും അറിയിക്കാതെ അവളെ മനസ്സിലാക്കുന്ന ഒരു സ്കൂള്‍ തേടുന്നു.  അവസാനം അവര്‍ എത്തുന്നു റ്റൊമോ -എന്ന സ്കൂളിലേക്ക്, നിര്‍ത്തിയിട്ടിരിക്കുന്ന ആറു റെയില്‍വേ ബോഗികളാണ് ഈ സ്കൂള്‍. ആദ്യമായി അവള്‍  കൊബായാഷി മാഷിനെ കാണുന്നു , അവളുമായി ഒരു നീണ്ട സംഭാഷണത്തിനുശേഷം മാഷ് അവളുടെ നെറ്റിത്തടത്തില്‍ കൈവച്ച ശേഷം പറഞ്ഞു ടോട്ടോ ഇന്നുമുതല്‍ നീ  ഈ സ്കൂളിലെ കുട്ടിയാണ്, ഈ വാക്കുകള്‍ അവള്‍ക്ക് വല്ലാതെ പ്രചോതനമേകി, ഓരോ ദിനവും അവള്‍ പ്രഭാതത്തിനായി കാത്തിരുന്നു.റ്റൊമോയിലെ വിദ്യാഭ്യാസ രീതി തികച്ചും വ്യത്യസ്തമായിരുന്നു ആരെയും ഒന്നും അടിച്ചേല്പ്പിക്കുന്ന ക്രമമായിരുന്നില്ല.കുട്ടികള്‍ക്ക് ഏത് വിഷയമാണോ താല്പര്യം അത് പഠിക്കാം അതിലൂടെ വളര്‍ച്ചക്കൊപ്പം സഹജമായ വാസനയും പുഷ്ടിപ്പെടുമായിരുന്നു.
                                                           
                                      റ്റൊമോയിലെ ഉച്ചഭക്ഷണത്തിനും പ്രത്യകത ഉണ്ടായിരുന്നു
കരയില്‍ നിന്ന് ഒരു കല്ല്‌ കടലില്‍ നിന്ന് ഒരു കല്ല്‌ എന്നാ പറയുക അതായത്
കടലില്‍ നിന്നുള്ള മത്സ്യവും പിന്നെ കരയില്‍ നിന്നുള്ള പച്ചക്കറികളോ ഇറച്ചിയോ, സമീകൃത ആഹാരം കുട്ടികള്‍ക്ക് അനിവാര്യമെന്നാണ് മാഷിന്‍റെ പക്ഷം.ഉച്ചഭക്ഷണശേഷം പുറത്തേക്കുള്ള നടത്തം അരുവികളോടും വൃക്ഷങ്ങളോടുമുള്ള സല്ലപിക്കള്‍ ഇതൊക്കെ റ്റൊമോയിലെ പ്രത്യകതകള്‍ ആയിരുന്നു.ഒരിക്കല്‍ ടോട്ടോ-ചാന്‍ ടോയ്‌ലറ്റില്‍  പോയപ്പോള്‍ അവളുടെ പഴ്സ് അകത്തേക്ക് വീണുപോയി , അവള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പഴ്സ് ആയിരുന്നു അത് , ഒരിക്കലും ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല, അവള്‍ ഒരു  മണ്‍വെട്ടി   എടുത്ത് അഴുക്കുചാലില്‍ തന്‍റെ  പഴ്സ് തേടി, ഇത് കണ്ട മാഷ് ഒരിക്കലും അവളെ തടയാന്‍ പോയില്ല വളരെ വൈകിയും അവളുടെ ഉദ്യമം തുടര്‍ന്നു, സ്വന്തം ബാത്‌റൂമുപോലും വൃത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ പഠിപ്പിച്ചു പുറത്തിറക്കുന്ന പുതു തലമുറ സ്ക്കൂളുകള്‍ക്ക് റ്റൊട്ടോ ഒരു മാതൃകയാണ്. ടോറ്റൊയിലെ നീന്തല്‍കുളത്തിനുമുണ്ട് പ്രത്യകത വസ്ത്രം ഇല്ലാ എന്ന് വിചാരിച്ച് ആരും മാറിനില്‍ക്കേണ്ട നഗ്നയായി എല്ലാപേര്‍ക്കും കുളിക്കാം, പല രക്ഷകര്‍ത്താക്കള്‍ക്കും വിയോജിപ്പ്‌ ഉണ്ടായിരുന്നുവെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ച് പുലര്‍ത്താന്‍ പാടില്ലയെന്ന്‍ മാഷ് കരുതി.
റ്റോമോയുടെ പരിസരത്ത് ഒത്തിരി വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു ഒരോരുത്തരും
ഓരോ വൃക്ഷത്തിന്‍റെ ്‍അവകാശികള്‍ ആണ്. പോളിയോ ബാധിച്ച് വികലാംഗനായ യസോക്കിചാനെ ഒരവധിദിനം മരത്തില്‍ കയറ്റാന്‍ റ്റോട്ടോചാന്‍ ചെയ്യുന്ന ശ്രമം വളരെ രസകരമായി വിവരിച്ചിട്ടുണ്ട്.

                                                               
                                           പാട്ടിനൊത്ത് നൃത്തം വക്കുന്ന യൂരിത്ത്മിക്സ് എന്ന സംഗീതവിദ്യയാണ് ടോമോയില്‍ നടപ്പിലാക്കിയിരിക്കുന്നത്.മനസ്സിനും ശരീരത്തിനും താളബോധമുണ്ടാക്കുന്നതിലൂടെ കുട്ടികളുടെ ഭാവനാലോകത്തെ
ഉണര്‍ത്തുകയും സര്‍ഗശേഷിയുടെ അതിര്‍ത്തി വലുതാക്കുക എന്നതാണ് ലക്‌ഷ്യം.കഴിവതും പഴയ വസ്ത്രങ്ങള്‍ അണിഞ്ഞ് കുട്ടികളെ സ്കൂളില്‍ അയക്കാനാണ് മാഷ് നിര്‍ദേശിക്കുന്നത് കാരണം വസ്ത്രത്തില്‍ അഴുക്ക് പിടിക്കുമേന്നോര്‍ത്തു കുട്ടികള്‍ കളികളില്‍ പങ്കെടുക്കാതെ മാറിനില്ക്കാന്‍ പാടില്ല.ഒരോ കുട്ടികളും  ഒരോ ദിവസവും അഭിമുഖീകരിക്കുന്ന  ഒരോ സംഭവങ്ങളും   എങ്ങനെ ജീവിതത്തില്‍ ഉപയുക്തമാക്കാം എന്നതാണ് ടോമോ സ്കൂളിന്‍റെ പ്രത്യകത.  റ്റൊമോയിലെ വിദ്യാര്‍ഥികള്‍ നന്നായി പ്രസംഗിക്കണമെന്നത് മാഷിന്‍റെ നിര്‍ബന്ധമായിരുന്നു
പ്രസംഗിക്കാന്‍ കഴിയാത്ത കുട്ടികളെ വളരെ സ്നേഹപൂര്‍വ്വം അവര്‍ നിത്യനെ ചെയ്യുന്ന കാര്യങ്ങള്‍ പറയിച്ച് ഒരിക്കലും കുറ്റപ്പെടുത്താതെ സ്നേഹത്തോടെ അനുമോദിക്കുന്നു അങ്ങനെ എല്ലാപേരും അപകര്‍ഷതയില്ലാത്ത മിടുക്കരായി മാറുന്നു.സ്കൂളിനെ സ്പോര്‍സിനുമുണ്ട് പ്രത്യകത എല്ലാപേരും മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വികലാംഗരായ കുട്ടികള്‍ ആയിരിക്കും എല്ലാം നിയന്ത്രിക്കുക. സമ്മാനങ്ങളായി നല്കിയിരുന്നത് പച്ചക്കറി കള്‍ ആയിരുന്നു.
അതിന് മാഷിന്‍റെ വിശദീകരണമിങ്ങനെ ആയിരുന്നു, കുട്ടികളുടെ അധ്വാനഫലം കൊണ്ട് ഒരു ദിവസം ആഹാരം കഴിക്കുക എന്നതായിരുന്നു.

                                                         പുതിയ ഒരു തീവണ്ടി മുറിയില്‍ സജ്ജമാക്കിയ ലൈബ്രറി റ്റൊമോയുടെ പ്രത്യകതയാണ്. എപ്പോള്‍ വേണമെങ്കിലും പുസ്തകമെടുത്ത്‌ വായിക്കാം ക്ലാസ്സ്‌ സമയമെന്നോ ഒഴുവ് സമയമെന്നോ നിയന്ത്രണമൊന്നുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വതന്ത്ര്യം ഉണ്ടായിരുന്നു. വരക്കുന്നവര്‍ക്ക് വരക്കാനും, പാടുന്നവര്‍ക്ക് പാടാനുമൊക്കെ . ഒരിക്കല്‍ മാഷ് പുതിയതായി ഒരു അധ്യാപകനെ പരിചയപ്പെടുത്തി, ഇന്നത്തെ നമ്മുടെ ക്ലാസ്സ്‌ കൃഷിയാണ് ടോട്ടോ-ചാന് ആളെ പെട്ടന്ന് മനസ്സിലായി തന്‍റെ ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ആയിരുന്നു . അതെ തൊഴിലില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്കെ കുട്ടികളെ
പഠിപ്പിക്കാന്‍ കഴിയൂഎന്ന് മാഷിന് അറിയാമായിരുന്നു,കൈക്കോട്ടുമായി കുട്ടികള്‍ ഞാറു നടീല്‍ പഠിച്ചു. അങ്ങനെ അവരുടെ മനസ്സില്‍ കൃഷിയും  കൃഷി മാഷും സ്ഥാനം പിടിച്ചു,കൃഷി മാത്രം പോരല്ലോ പാചകവും അറിഞ്ഞിരിക്കണ്ടേ കുട്ടികള്‍ മാഷ് അതിനായി ഒരു ദിവസം നിശ്ചയിച്ചു  കുട്ടികള്‍ എല്ലാപേരും പാചകത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവന്നു ഒരു തുറസ്സായ സ്ഥലത്ത് പാചകം തുടങ്ങി, എല്ലാ ജോ ലിയും കുട്ടികള്‍  ഏട്ടെടുത്തു
അങ്ങനെ കുട്ടികള്‍ പാചകത്തിലും മിടുക്കരായി, ഉന്നത വിദ്യാഭ്യാസം നേടി
അഞ്ചക്ക ശമ്പളം വാങ്ങുമ്പോള്‍ ഒരു ചമ്മന്തി പോലും ഉണ്ടാക്കാന്‍ കഴിയാത്ത ആള്‍ക്കാര്‍ ജീവിക്കുന്ന ലോകത്ത് റ്റൊമോയുടെ രീതികള്‍ എത്ര മഹത്തരം.

                                                            റ്റൊമോയിലെ കുട്ടികള്‍ ഒരിക്കലും മറ്റുള്ളവരുടെ ചുവരുകളോ സ്വന്തം വീടിന്‍റെ ചുവരുകളോ വരച്ച് വൃത്തികേടാക്കില്ല. എല്ലാ ദിവസവും മാഷ് ഒരോ ചോക്ക് വരക്കാന്‍ കൊടുക്കും അവരുടെ ഇഷ്ടാനുസരണം സ്കൂളില്‍ വരക്കാം. ടോട്ടോ-ചാന്‍റെ വികൃതിക്ക് ഒരു കുറവും റ്റൊമോയിലും ഉണ്ടായില്ല, എപ്പോഴൊക്കെ മാഷ് റ്റൊട്ടോചാനെ കാണുമോ അപ്പോഴെല്ലാം മാഷ് പറയുമായിരുന്നു ശരിക്കും നീയൊരു നല്ല കുട്ടിയാണ്.
ഇത് അവളില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കി. സന്തോഷകരമായ സ്കൂള്‍ ജീവിതത്തിനിടയില്‍ റ്റൊമോയിലെ  കുട്ടികളില്‍ കരിനിഴല്‍ വീഴ്ത്തിയത് അവരുടെ സഹപാഠിയായ യാസ്വക്കിചാന്‍റെ മരണമായിരുന്നു.   സഹപാഠിയുടെ മരണം ടോടോചാനെന്ന കുട്ടിയില്‍ ഉണ്ടാക്കിയ വികാരം
മനോഹരമായി ഈ പുസ്തകത്തില്‍ പകര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ എന്താകണമെന്നുള്ള ആഗ്രഹങ്ങള്‍ കുട്ടികളില്‍ മുളയെടുക്കുമ്പോള്‍ അതിനെ
ക്രിയാത്മകമായി കുട്ടികളെ സഹായിക്കുന്ന റ്റൊമോയിലെ രീതി അവര്‍ണ്ണനീയമാണ്. ജപ്പാനും അമേരിക്കയും തമ്മിലുള്ള യുദ്ധകാലത്താണ്
റ്റൊട്ടോയുടെ സ്കൂള്‍ ജീവിതവും. റ്റൊമോയിലെ പാറാവു കാരന്‍ യുദ്ധഭൂമിയിലേക്ക്‌ പോകുമ്പോള്‍ കൊടുക്കുന്ന യാത്രയയപ്പ് ഓരോ കുട്ടികളുടെ ജീവിതത്തിലും എത്രത്തോളം ആഴ്ന്നിറങ്ങി എന്നത് പ്രസക്തമാണ്.
ഒരോ കുട്ടികളും യാത്രയയപ്പില്‍  സ്വന്തമായി രണ്ട് വാക്ക് പറയുക എന്നത് കുട്ടികളുടെ ഭാവിയെ ഭാസുരമാക്കാന്‍  വേണ്ടിയുള്ള മാഷിന്‍റെ ദീര്‍വീക്ഷണമായിരുന്നു.
                                                        
                                       കുട്ടികളുടെ സ്വപ്ന കേദാരമായിരുന്ന റ്റൊമോ പള്ളിക്കൂടം 
അമേരിക്കന്‍ ബോംബറുകള്‍ തകര്‍ത്തു--എല്ലാറ്റിനും മൂകസാക്ഷിയായി മാഷും
1963-ല്‍ മാഷ് മരിക്കും വരേയും കുട്ടികളുടെ നന്മക്കായി  മാഷ് നിലകൊണ്ടു.
റ്റൊമോയില്‍ പഠിച്ച് ജീവിതം സാഫല്യമാക്കിയ ഒത്തിരിപേരുടെ ചരിത്രം ഈ പുസ്തകത്തിന്‍റെ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുണ്ട്. ഒരു പക്ഷേ ടാഗോറും ഗാന്ധിജിയും  ആഗ്രഹിച്ചിരുന്നത് ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം ആയിരിക്കാം-------. ഇന്ത്യക്ക് അഭികാമ്യവും---

മരുപ്പച്ച


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ