2017, ഏപ്രിൽ 25, ചൊവ്വാഴ്ച

ആന്‍ ഫ്രാങ്ക്

                                 
                                     
                       
വംശവേറിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും പേരിലുള്ള അധിനിവേശവും കൈകടത്തലും പിടിച്ചടക്കലും മനുഷ്യക്കുരുതിയും
ദിനംപ്രതി കേട്ട് മനസ്സ് മരവിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്ന്
കടന്നുപൊയ്കൊണ്ടിരിക്കുന്നത്. സ്കഡും, പാട്രിയോട്ട് മിസൈലുകളും
ക്ലസ്റ്റര്‍ ബോംബുകളും ഇന്ന് പരിചിതമായിരിക്കുന്നു. ചാനലുകള്‍ മാറ്റി
നമ്മള്‍ യുദ്ധഭൂമിയിലെ വിശേഷങ്ങള്‍ അറിയുമ്പോള്‍ കാണാതെ പോകുന്ന
പലതുമുണ്ട്.പൗരത്വമോ പിതൃത്വമോ അറിയാതെ, താല്ക്കാലികമായി ഉണ്ടാക്കിയ പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന കുഞ്ഞുങ്ങള്‍, മാനത്തിന് വിലയില്ലാതെ ജീവിക്കുന്ന അമ്മ പെങ്ങന്‍മാര്‍, സകലതും നഷ്ടപ്പെട്ട്
പ്രതീക്ഷക്ക് വകയില്ലാത്ത, ജീവിക്കുന്ന രക്തസാക്ഷികള്‍---. യുദ്ധങ്ങളില്‍ എന്നും
പരാജയം മനുഷ്യന് തന്നെയാണ് കാലങ്ങള്‍ അത് തെളിയിക്കുന്നുണ്ട്. ഹിറ്റ്ലറുടെ നാസി ഭരണത്തിന്‍ കീഴില്‍ തകര്‍ത്തെറിഞ്ഞ ഒരു ജൂദ സമൂഹമുണ്ട് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള  ആന്‍ ഫ്രാങ്കെന്ന  പെണ്‍കുട്ടിയുടെ ടയറിക്കുറിപ്പിലൂടെ ലോകമറിഞ്ഞ വിവരങ്ങള്‍ പതിമൂന്ന് തലമുറ കഴിഞ്ഞാലും മനുഷ്യഹൃദയങ്ങളില്‍ നിന്ന് മാഞ്ഞുപോകില്ല. ഗ്യാസ് ചേമ്പറിലിട്ട്കൊന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ചിലപ്പോള്‍ വളരെ ഭാഗ്യം ചെയ്തവര്‍ ആയിരിക്കും, അത്ര ഭയാനകമായിരുന്നു ഹിറ്റ്ലറുടെ മറ്റ് ശിക്ഷാരീതികള്‍. , ചക്കില്‍ മുന്തിരിചാറു പിഴിഞ്ഞെടുക്കും പോലെ ഉരുകിയ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന നിണം കൊണ്ട് പകര്‍ത്തിയ ചില എഴുത്തുകള്‍ കാലാന്തരങ്ങള്‍ പിന്നിട്ടാലും വായനക്കാരുടെ ഹൃദയത്തില്‍ ഒരു കനല്‍ പരത്തികൊണ്ടിരിക്കും.
 

                                                 എനിക്കാറിയാത്തവര്‍ക്കുംകൂടി ഉപയോഗപ്പെടാന്‍ , ആഹ്ലാദം പകരാന്‍ എനിക്കാകണം ( I want to use full  or give pleasure to the people around me yet wo dont really know me. ).പതിമൂന്നാം വയസ്സില്‍ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ വിരിഞ്ഞ ചിന്തയാണ് -അതാണ്‌ ആന്‍ ഫ്രാങ്ക്.1929 മാര്‍ച്ച്‌ 12 ന് ഓട്ടോ ഫ്രാങ്ക് എഡിത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളായി ജര്‍മനിയില്‍ ജനിക്കുന്നു.
ജനിച്ച നാള്‍ മുതല്‍ രണ്ടാഴ്ച  നിര്‍ത്താതെ കരഞ്ഞിരുന്നു എന്നാണ് ചരിത്രം സക്ഷ്യപ്പെടുത്തുന്നത്, ഒരു ഈ ലോകത്തെ  തന്‍റെ ജീവിതം കൊണ്ട്എന്നും കരയിക്കാനായിരുന്നോ ആന്‍ അന്ന് അങ്ങനെ കരഞ്ഞത്----?  തലമുറകളായി ജര്‍മനിയില്‍ താമസിച്ചിരുന്ന ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍  തുടങ്ങുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷമായിരുന്നു. യുദ്ധശേഷം ജര്‍മനിക്കേറ്റ പരാജയത്തിന് കാരണം ജൂദന്‍മാരായിരുന്നുവെന്ന് വലുതുപക്ഷക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു, പെട്ടെന്ന് ജര്‍മനിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ സാമ്പത്തിക നഷ്ടം ജൂദന്‍മാര്‍ക്കെതിരെയുള്ള ശത്രുതക്ക് ആക്കം കൂട്ടി. 1920-ല്‍ ഉദിച്ചുയര്‍ന്ന  NSDAP എന്ന പാര്‍ട്ടിയുടെ അമരത്ത് അഡോള്‍ഫ് ഹിറ്റ്ലര്‍ വന്നതോടെ ജൂദന്‍മാരുടെ ജീവിതം നരകതുല്യമായി. 1933 -ല്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ പദവിയില്‍ ഹിറ്റ്ലര്‍ എത്തിയ ഉടന്‍, ജൂദന്മാരായ  ഡോക്ടര്‍മാരെ യും അധ്യാപകരെയും , വക്കീലന്മാരേയും അങ്ങനെ എല്ലാ വിഭാഗക്കാരെയും ജോലിയുല്‍ നിന്ന് ഒഴിവാക്കാനും ജൂദന്മാരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും തുടങ്ങി. ജൂദന്‍മാരും നാസികളുമെന്ന് രണ്ട് വിഭാഗത്തെ സൃഷ്ടിക്കാന്‍ ഹിറ്റ്ലര്‍ക്ക് കഴിഞ്ഞു.  ഓട്ടോഫ്രാങ്ക് കുടുംബം തലമുറകളായി താമസിച്ചിരുന്ന ജര്‍മനി വിട്ട് ആമ്സ്ടര്‍ഡാമില്‍ കുടിയേറി , ഒപെക്ട എന്ന കമ്പനിയില്‍ മാനേജിംഗ് ഡയറക്ടര്‍ ആയി ജോലി തുടങ്ങി.. ആന്‍ ഫ്രാങ്കിന് തന്‍റെ ജീവിതത്തിലെ ഹീറോ അച്ഛന്‍ ആയിരുന്നു ജോലിതിരക്കിനിടയിലും മക്കളുടെ കൂടെ സമയം ചിലവഴിക്കുന്ന നല്ല മനുഷ്യന്‍ ആയിരുന്നു ഓട്ടോ ഫ്രാങ്ക്.

                                                             1939 സെപ്റ്റംബറില്‍ ഹിറ്റ്ലര്‍ പോളണ്ട് ആക്രമിച്ച് പോളണ്ടിനെയും അതിലെ രണ്ട് ലക്ഷം യൂദന്‍മാരെയും വരുതിയില്‍ കൊണ്ടു വന്നു.ഇംഗ്ലണ്ടും ഫ്രാന്‍സും  പോളണ്ടും രക്ഷക്ക് വന്നതോടെ രണ്ടാം ലോകമഹായുദ്ധത്തിന് നാന്ദിയായി. 1940  മെയ്‌ 10 ന് ജര്‍മന്‍ പട്ടാളം പോളണ്ടില്‍ ഇറങ്ങുകയും, മെയ്‌ 14 ന് പോളണ്ട് കീഴടങ്ങുകയും ചെയതു. 1941 -ല്‍ ഓട്ടോ ഫ്രാങ്ക് തന്‍റെ കമ്പനിയുടെ ഷെയര്‍ ജോണ്‍സ് ക്ലീമാനെന്ന ഒരാള്‍ക്ക്‌ കൈമാറി.. ശരിക്കും  ഇതൊരു നയപരമായ സമീപനമായിരുന്നു. ജൂദകുട്ടികള്‍ക്ക് ഡച്ച് കുട്ടികളില്‍ നിന്ന് ഏല്ക്കേണ്ടി വന്ന ക്രൂരത ഭയാനകമായിരുന്നു. ജൂദന്മാര്‍ക്ക് പൊതുസ്ഥലത്ത് ഇരിക്കാനോ നടക്കാനോ അനുവാദമില്ലായിരുന്നു.1942 ഏപ്രില്‍ മുതല്‍ എല്ലാ യൂദന്മാരും മഞ്ഞനിറമുള്ള വസ്ത്രംധരിക്കണമെന്ന നിയമം വന്നു. മഞ്ഞ വസ്ത്രത്തില്‍ കറുത്ത നിറത്തില്‍ ജൂദന്‍ എന്ന് എഴുതിയിരിക്കണം. 1942 -ജൂണ്‍ 12 ആനിന് പതിമൂന്ന് വയസ്സ് തികഞ്ഞ ദിവസമായിരുന്നു, അന്നാണ് അവള്‍ക്ക് മനോഹരമായ ഒരു ഡയറി സമ്മാനമായി ലഭിച്ചതും, അവള്‍ ആദ്യമായി ജീവിതം ഡയറിയില്‍ കുറിക്കാന്‍ തുടങ്ങിയതും. ആ ഡയറിയാന് പില്‍ക്കാലത്ത്‌ ഹിറ്റ്ലര്‍ എന്ന  ക്രൂരമൃഗത്തെ ലോകത്തിന് തുറന്നുകാട്ടിയതും.ഇതേ കാലയളവില്‍ പോളണ്ടില്‍ ഉള്ള 16 നും 40 നുമിടയില്‍ പ്രായമുള്ള ജൂദന്മാരെ ലേബര്‍ സര്‍വീസിന്‍റെ ഭാഗമായി ജര്‍മനിയിലേക്ക്‌ നിര്‍ബന്ധമായി കൊണ്ടുപോകാന്‍ തുടങ്ങി. ഓട്ടോ ഫ്രാങ്ക് എല്ലാറ്റില്‍ നിന്ന് ബുദ്ധിപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു

                                                       
                                                നാസി ഭരണകൂടം ഫ്രാങ്കിന്‍റെ വീട്ടില്‍ ഒരു നോട്ടീസ് പതിക്കുന്നു അവര്‍ക്ക് ഇപ്പോള്‍ ആവശ്യം ആനിന്‍റെ സഹോദരിയായ മാര്‍ഗരിറ്റിനെ ആയിരുന്നു. മൂന്ന് ദിവസത്തേക്കുള്ള ആഹാരവും വസ്ത്രവുമായി എമൈഗ്രേഷന്‍ ഓഫീസില്‍ ബന്ധപ്പെടുക എന്നതായിരുന്നു.പിന്നെ ഒട്ടും താമസിക്കാതെ ഓട്ടോ ഫ്രാങ്കും കുടുംബവും ഒളിവില്‍ പോകാന്‍ തീരുമാനിച്ചു. തന്‍റെ പദ്ധതികള്‍ എല്ലാം ഓട്ടോ ഫ്രാങ്കിന്‍റെ സെക്രട്ടറിയായ മീപ്പിനോട് വിശദീകരിക്കുകയും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ മീപ്പ് തയ്യാറാകുകയും ചെയ്തു.1942 ജൂലായ്‌ 6 ന്അവര്‍ രഹസ്യ അറയിലേക്ക് താമസം മാറി. ഒരു ഓഫീസ്സ് മുറിയുടെ  താഴെ ആയിരുന്നു രഹസ്യ അറ, പകല്‍ ഓഫീസ് സമയം കഴിയുമ്പോള്‍ മീപ്പിനെ പോലെ ഉള്ള ചില സഹായികള്‍  ALL CLEAR എന്ന സിഗ്നല്‍ കൊടുക്കും. അപ്പോഴേക്കും അവര്‍ മുകളില്‍ വന്നു കുറച്ചു സ്വതന്ത്രമാകും.രഹസ്യഅറയില്‍ ഓട്ടോ ഫാമിലി കൂടാതെ പീറ്റര്‍ വാന്‍പെസ് എന്ന കുടുംബവും താമസക്കാരായി ഉണ്ടായിരുന്നു.അന്‍പത് ചതുരശ്രഅടിയില്‍ ( 50 sq ft ) ഏഴുപേര്‍ ഒളിച്ചു താമസിക്കുക എത്ര ദുഷ്കരം.1947 ഏപ്രില്‍-മാര്‍ച്ച്‌ -മാസങ്ങളിലെ ഡയറി കുറിപ്പില്‍ അവിടുത്തെ അവസ്ഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ചിറകുകള്‍ ക്ലിപ്പ് ചെയ്യപ്പെട്ട ഇരുട്ടില്‍ സ്വന്തം കൂടിന്‍റെ അഴികളില്‍ വീണ് പിടയുന്ന ഒരു പാട്ടുകാരിപക്ഷിയെപ്പോലെ എനിക്ക് തോന്നുന്നു--ആനിന്‍റെ ഒരു കുറിപ്പാണ്. 1942 -നവംബറില്‍ അവരുടെ കൂടെ വീണ്ടും ഒരാള്‍ എത്തി മീപ്പിന്‍റെ  സുഹൃത്തായ ഫിഫര്‍, ഇടുങ്ങിയതും സ്വതന്ത്ര്യമില്ലാത്തതുമായ അവസ്ഥയില്‍ മറ്റൊരാളുടെ വരവ് അവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ കൂട്ടി.ആനിന് അവളുടെ അമ്മയുമായും  മാര്‍ഗരറ്റുമായും ഒരിക്കലും പൊരുത്തപ്പെട്ടുപോകുവാന്‍ കഴിഞ്ഞിരുന്നില്ല,  അമ്മക്ക് ആനിനോട് സ്നേഹമില്ല എന്നുള്ള ചിന്തയും
ആനിനു കൗമാര പ്രായത്തില്‍ ഉണ്ടായ പ്രണയവും ഡയറില്‍യില്‍ പ്രതിപാദിക്കുന്നുണ്ട്.


                                       ബ്രിട്ടനും ഫ്രാന്‍സും നോര്‍മാടിയില്‍ എത്തിയെന്ന വാര്‍ത്ത അവരെ സന്തോഷവാന്മാരാക്കി, എന്നാലും അത് സാധ്യമാകാന്‍ ഇനിയും ഒരു വര്‍ഷമെങ്കിമെടുക്കും. ഈ സമയത്ത് അവര്‍ ഒളിസങ്കേതത്തില്‍ ഇരുപത്തിമൂന്ന് മാസം കഴിഞ്ഞിരുന്നു . ഹിറ്റ്ലറിന്‍റെ രഹസ്യപോലിസിന്‍റെ കയ്യില്‍പെട്ടാലുള്ള ശിക്ഷയെക്കുറിച്ച് അവര്‍ വല്ലാതെ ഭയന്നിരുന്നു. 1944-ആഗസ്റ്റ്‌ 4, അവര്‍ ഭയപ്പെട്ടിരുന്നത് സംഭവിച്ചു. ജര്‍മന്‍ പോലിസ് അവരെ കണ്ടെത്തി, ഒളിവില്‍ കഴിഞ്ഞിരുന്ന എട്ട് പേരെയും സഹായിയായ ക്ലീമാനും അറസ്റ്റിലാകുന്നു. നാസി പോലീസിന് ആഘോഷത്തിന്‍റെ നിമിഷങ്ങള്‍ ആയിരുന്നു, 1944-സെപ്റ്റംബറില്‍ അവരെ ബെസ്റെര്‍ബോര്‍ക്കിലേക്ക് കൊണ്ടുപോകാനുള്ള വാഹനം വന്നു.കന്നുകാലികളെ കൊണ്ട് പോകുവാനുള്ള വാഹനമായിരുന്നു, ജനലുകള്‍ ഇല്ലാതെ വായു കയറാന്‍ രണ്ട് സുഷിരം മാത്രം, ഇരിക്കാന്‍ നിലത്ത് കുറച്ചു വൈക്കോല്‍ മാത്രം, അറുപതു മുതല്‍ എഴുപതുപേരാണ്--ഒരു ക്യാബിനില്‍, പ്രകാശമോ ആഹരമോ, ഇല്ലാത്ത യാത്ര, മൂന്നാം ദിവസം അവരെ എത്തിക്കേണ്ടത്‌ ട്രെയിന്‍ നിര്‍ത്തി. പിന്നെ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും വേര്‍തിരിച്ചു നിര്‍ത്തി, ഓട്ടോ ഫ്രാങ്ക് തന്‍റെ കുടുംബത്തെ അവസാനമായി കണ്ട നിമിഷമായിരുന്നു.

                                                         തടവില്‍ എത്തുന്നുവരുടെ മുടി മുണ്ഡനം ചെയ്യുക, പതിവായിരുന്നു പേന്‍ ബാധ ഒഴിവാക്കാനായിരുന്നു ഇത്, സ്ത്രീത്വത്തെ അപമാനിക്കാന്‍ സ്ത്രീകളെ ഇതിനായി പുരുഷ തടവുപുള്ളിളുടെ അടുത്തേക്ക് അയക്കുക പതിവായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മെഡിക്കല്‍ പരീക്ഷണത്തിന് അയക്കുക മറ്റൊരു രീതിയായിരുന്നു. കുളിമുറിയില്‍ കൂട്ടത്തോടെ ആള്‍ക്കാരെ തള്ളിവിടുകയും കുറച്ചു വെള്ളം പമ്പ്‌ ചെയ്യുക, കുളി എന്ന പ്രഹസനം നടപ്പിലാക്കുക ഇതൊക്കെ നാസികളുടെ ക്രൂരമായ വിനോദങ്ങള്‍ ആയിരുന്നു,. ക്യാമ്പില്‍ നിന്ന് 1944 -ഒക്ടോബര്‍ 28-ന് വടക്കേ ജര്‍മനിയിലേക്ക് 1308 ജൂദ സ്ത്രീകളെ കൊണ്ടുപോയി അതില്‍ ആനും മാര്‍ഗരറ്റും, ഉണ്ടായിരുന്നു,ആനും അമ്മയും അവസാനം കണ്ട ദിവസം അന്നായിരുന്നു, അമ്മയും മക്കളും പിരിയുന്നതും. അഞ്ചു രാവും അഞ്ചു പകലും അവര്‍ യാത്ര ചെയ്തു ട്രെയിനില്‍ ഇറങ്ങുമ്പോള്‍ അവര്‍ തണുത്ത് മരവിച്ചിരുന്നു. താല്‍ക്കാലികമായി ഉണ്ടാക്കിയ ടെന്റില്‍ ഒരു സൗകര്യവുമില്ലായിരുന്നു. കാറ്റത്ത്‌ പറന്നുപോയ ടെന്ടില്‍ തണുത്ത രാത്രി മുഴുവന്‍ കിടക്കേണ്ടി വന്ന അവസ്ഥ---നാസികളുടെ ക്രൂരത വിളിച്ചോതുന്നു.
മക്കളെ പിരിഞ്ഞ എഡിത്ത് ഒരു മാനസികരോഗിയെപ്പോലെയായി, കുടിക്കാന്‍ വെള്ളമില്ലാതെയും, ശരീരം മുഴുവന്‍ പേനരിച്ചും, ചൊറി പിടിച്ചു മരിക്കുന്നു.
ക്യാമ്പുകളില്‍ വച്ച് തന്‍റെ സുഹൃത്തായ ഹന്നെലിയെകണ്ടു മുട്ടിയ രംഗം  നുറുങ്ങിയ ഹൃദയത്തോടെ മാത്രമേ വായിക്കാന്‍ കഴിയൂ. 1943 -നവംബര്‍-27 ന് ആന്‍ അവളുടെ ഡയറിയില്‍ എഴുതി ഓ ആന്‍ നീ എന്തിന്നാണ് എന്നെ ഉപേക്ഷിച്ചത് എന്നെ സഹായിക്കൂ -എന്നെ സഹായിക്കൂ--എന്ന ഭാവം ഹന്നെലിയുടെ കണ്ണുകളിലുണ്ടായിരുന്നു. അവള്‍ എന്നെക്കാളും ദൈവ വിശ്വസി ആയിരുന്നു അവളെ മരിക്കാന്‍ വിട്ടിട്ട് എന്നെ എന്തിന് ജീവിക്കാന്‍ വിട്ടു-----അങ്ങനെ പോകുന്നു ഡയറികുറിപ്പുകള്‍.

                                                  മറ്റ് ഡച്ച് സ്ത്രീകളെപ്പോലെ ആനിനും ജോലി ചെയ്യേണ്ടിവന്നു, മണ്ണ് ചുമക്കലും കല്ലുപൊട്ടിക്കലും, അങ്ങനെയെല്ലാം. രാത്രിയില്‍ അന്‍പത്തിരണ്ട് കുതിരകളെ കിടത്താന്‍ ഒരുക്കിയിരുന്ന ലായത്തില്‍ ആയിരം സ്ത്രീകളായിരുന്നു കഴിഞ്ഞിരുന്നത്. ഒന്ന് തിരിഞ്ഞു കിടക്കാന്‍പോലും പറ്റാത്തയാവസ്ഥ.എല്ലാ തടവുകാരും പേനിന്‍റെ  ശല്യത്താള്‍ വലഞ്ഞിരുന്നു, എല്ലാ കീടനാശിനികളും ഇവയ്ക്ക് മുന്നില്‍ നിരവീര്യമായിരുന്നു, കൂടാതെ ചെറുപ്രാണികളും മുട്ടയും. ചൊറിഞ്ഞ് ആനിന്‍റെ ശരീരം വ്രണമാകുന്നു, ആനിനെ ചൊറി ചിരങ്ങ് പിടിച്ചവരുടെ ബ്ലോക്കിലേക്ക് മാറ്റി, ഭയാനകമായ ഒരു ബ്ലോക്ക്‌ ആയിരുന്നു അത്.വെളിച്ചമില്ലാത്ത മുറികള്‍ അലമുറയിട്ട് കരയുന്ന സ്ത്രീകള്‍, ഓടിക്കളിക്കുന്ന എലികള്‍-----.

                                                      ബസ്റ്റര്‍ ബോര്‍ക്കില്‍ നിന്ന് ഔഷ്വിക്കി ക്യാമ്പിലേക്കയച്ച 1019 തടവുകാരില്‍ ജീവനോടെ പുറത്തിറങ്ങിയത് 45 പുരുഷന്മാരും 182 സ്ത്രീകളുമായിരുന്നു. അതില്‍ ഒരാള്‍ ഓട്ടോഫ്രാങ്ക് ആയിരുന്നു,മാര്‍ച്ച്‌  1945-ല്‍ 17000-ത്തിലധികം പേര്‍ ബെര്‍ജന്‍ ബെര്‍സനില്‍ മരണമടഞ്ഞിരുന്നു. ആനിനെയും മാര്‍ഗരിറ്റിനേയും അപ്പോഴേക്കും ടൈഫസ് എന്ന സാക്രമിക രോഗം ബാധിച്ചിരുന്നു. 1945 -മാര്‍ച്ച്‌-ഏപ്രില്‍ മാസത്തില്‍ രണ്ട്പേരും മരണത്തിന് കീഴടങ്ങുന്നു. അവസാനം തന്‍റെ രണ്ട് മക്കളും, ഭാര്യയും മരിച്ചുപോയി എന്ന വിവരം ഓട്ടോ ഫ്രാങ്ക് കണ്ടെത്തുന്നു, എല്ലാം തകര്‍ന്ന ജീവിക്കുന്ന കുറെ രക്തസാക്ഷികള്‍ ബാക്കിയായി----. ആനിന്‍റെ ഡയറിക്കുറിപ്പിനെക്കുറിച്ചും, ഒളിതാവളം കണ്ടെത്താന്‍ നാസിപോലിസിനെ സഹായിച്ചവരെക്കുറിച്ച് ഒത്തിരി വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്-----ഇതില്‍ കൂടുതല്‍ ആന്‍ ഫ്രാങ്കിനെക്കുറിച്ച് എഴുതാന്‍ ഈ തൂലികക്കും കഴിയില്ല
രണ്ട് തുള്ളി കണ്ണു നീര്‍ മാറ്റി വയ്ക്കുന്നു---ലോകത്തെ എല്ലാ ആന്‍ ഫ്രാങ്ക്കള്‍ക്കായി----------

മരുപ്പച്ച















                                                             
                                      








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ