രണ്ടിടങ്ങഴി--തകഴി ശിവശങ്കരപ്പിള്ള
*****************************************
ദസ്തയോസ്കിയുടെയും, ലിയോ ടോള്‍സ്റ്റോയിയുടെയും, കസന്ദ് സാക്കിസിന്‍റെയും, ആല്‍ബര്‍ട്ട് കമു-തുടങ്ങി എല്ലാ വിദേശ സാഹിത്യകാര്‍ക്കും
സ്വാഗതമേകിയ മലയാള മനസ്സുകളില്‍ തികച്ചും വ്യത്യസ്തമായി മലയാളിയുടെ മനസ്സില്‍ ഇടം തേടുന്ന അല്ലെങ്കില്‍ തേടിയ ഒരു കൃതിയാണ് തകഴിയുടെ രണ്ടിടങ്ങഴി. ഇത് വായിക്കുമ്പോള്‍ മണ്ണിനെ വാരിപ്പുണര്‍ന്ന. ചേറിനെ തന്‍റെ ഉപാസനയാക്കി മാറ്റിയ, ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് അന്നം വിളമ്പാന്‍ നെല്ല് വിളയിച്ച പറയന്റെയും പുലയന്റെയും അധ്വാനത്തിന്‍റെ ഒരു മണമുണ്ട്, മഴയും വെയിലും വകവക്കാതെ മണ്ണിന്നെ പുണര്‍ന്ന് കതിര് വിളയിച്ചു തബ്രാക്കളുടെ തീന്‍ മേശ നിറക്കുമ്പോഴും പുറത്ത് പരിഭവമോ പരാതിയോ ഇല്ലാതെ പാളയില്‍ കഞ്ഞിക്കായി കാത്തുനില്‍ക്കുന്ന പാവങ്ങളുടെ ജീവിത കഥ അതാണ് രണ്ടിടങ്ങഴി. കാലമാണ് ഒരാള്‍ ആരാണെന്നോ ആരായിരിക്കണമെന്നോ നിശ്ചയിക്കുന്നത്. 1948-ല്‍ പുറത്തു വന്ന
കഥ ഇന്നും വായിക്കുമ്പോള്‍ അനുവാചകന്‍റെ ഹൃദയത്തില്‍ ഒരു മിന്നല്‍ പിണര്‍ പായുന്നുവെങ്കില്‍ അതു തന്നെയാണ് ഈ കൃതിയുടെ വിജയവും. ചൂഷകര്‍ എന്നും ഈ മണ്ണ് അടക്കി വാണിട്ടുണ്ട്, കാലം മാറുന്നതനുസരിച്ച് അതിന്‍റെ സ്വഭാവത്തിന് വ്യത്യാസം വന്നുവെന്നെയുള്ളൂ.
മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ഹനിക്കയും ചൂഷണം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഏത് തണുത്ത മനസ്സും പ്രതികരിക്കും, പലപ്പോഴായി ഒറ്റപ്പെട്ടും കാലങ്ങള്‍ക്കപ്പുറം അത് സംഘടിതമായും പുറത്തുവരും അതിനെ വിപ്ലവമെന്നോ അടച്ചമര്‍ത്തപ്പെട്ടവന്‍റെ രോദനമെന്നോ വ്യാഖ്യനിക്കാം. ഈ കഥയിലൂടെ പോകുമ്പോള്‍ ഒരു ചരിത്രവും സംസ്കാരരവും പ്രണയവും രോദനവും വിപ്ലവവും എല്ലാം നമ്മള്‍ ഹൃദയത്തില്‍ സീകരിക്കേണ്ടി വരും, അതുനുമുപരി കുട്ടനാടിന്‍റെ മണ്ണില്‍നിന്നും അഭ്രപാളിയില്‍ ഒപ്പിയെടുത്ത ജീവിതങ്ങളും.
ഞാറ് നടാനും പായല്‍ തപ്പാനും കതിര് കൊയ്യാനും മിടുക്കിയാണ് ചിരുത, അതുകൊണ്ട് തന്നെ അവളെ വിവാഹം കഴിക്കാന്‍ പല ആലോചനകളും വന്നു തുടങ്ങി. തന്‍റെ മകളെ അങ്ങനെ കെട്ടിച്ചുവിടാന്‍ അവളുടെ അപ്പനായ കാളി തയ്യാറല്ല. എന്‍റെ പെണ്ണിനെ തരണമെങ്കില്‍ അന്‍പത്
രൂപയും ഇരിപത്തിയഞ്ച് പറ നെല്ലും തരണം . പണം കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടും സംഖ്യയുടെ വലിപ്പം വലുതായിട്ടും കോരന്‍ സമ്മതിച്ചു.കഴിഞ്ഞ കൊയ്ത്തു കാലത്ത് കോരനും ചിരുതയും ഒരേ വരിയില്‍ നിന്നാണ് കൊയ്തത് അവളുടെ ചിരിയും ചടുലതയും കോരന് അന്നേ പിടിച്ചു പോയി. അന്ന് തീരുമാനിച്ചതാ കല്യാണം കഴിച്ചാല്‍ അത്ചിരുതയെ മാത്രം.
പക്ഷേ ഇത്രയും വലിയ പണം കൊടുക്കണ്ടേ അതിന് ഇപ്പോള്‍ ചെയ്യുന്ന പണിയൊന്നും പോരാ. കോരന്‍റെ ഒരു സുഹൃത്ത് ചാത്തന്‍ വഴി പുഷ്പവേലിയില്‍ ഔസേപ്പ് മുതലാളിയുടെ അടുത്ത് ചെന്നു, പണം കൊടുക്കാന്‍ മുതലാളി തയ്യാര്‍ പക്ഷേ കര്‍ശനമായ നിബന്ധനകള്‍, വര്‍ഷത്തില്‍ നൂറ്റിയെന്‍പത് ദിവസം പണിചെയ്തിരിക്കണം ഒരു ദിവസത്തെ കൂലി രണ്ടിടങ്ങഴി നെല്ലാണ് വിശേഷാല്‍ ദിവസങ്ങളില്‍ ഒന്നും കൊടുക്കില്ല, കൊയ്ത്തുകാലത്ത് ഒന്നിടവിട്ട ദിവസം ഓരോ കറ്റ ചിലവിന് കൊടുക്കും,
എന്ത് കടുത്ത നിബന്ധനകള്‍ ആയാലും കോരന് പ്രശ്നമല്ല കാരണം ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കുക എന്നുള്ള ചിന്ത മാത്രമേ കൊരനുള്ളൂ.
അങ്ങനെ കോരന്‍ ആഗ്രഹിച്ചത് പോലെ ചിരുതയെ സ്വന്തമാക്കി .കല്യാണവും അതുമായി ബന്ധപ്പെട്ട കശപിശയും അവരുടെ ഇടയില്‍ നിലനിന്നിരുന്ന ആചാരങ്ങളും വളരെ ഭംഗിയായി ഒപ്പിഎടുത്തിട്ടുണ്ട് തകഴി .കോരന്‍റെ മടിയില്‍ തലവച്ച് കിടക്കുന്ന ചിരുതയെ നോക്കി കോരന് കൊച്ചു ആഗ്രഹങ്ങള്‍ ചിരുതയ്ക്ക് ഒരു പുതിയ ചട്ട വാങ്ങണം, ചിരുതക്കും ഒരാഗ്രഹം കോരന് ഓരു കുപ്പായം വാങ്ങണം എന്നിട്ട് രണ്ട് പേര്‍ക്കും കൂടി ആലപ്പുഴ പോയി ഒരു സിനിമാ കാണണം , പക്ഷേ ഇതിനൊക്കെ പണം വേണ്ടേ, അടുത്ത കൊയ്ത്തു കഴിയട്ടെ. ചാത്തന്‍റെ വീടിനോട് ചേര്‍ന്ന് ഓല ചരിച്ചാണ് ഇവരുടെ താമസം ഒരു കൂരയുണ്ടാക്കണം പട്ടിണിയൊന്നു മാറിയിട്ട് വേണ്ടേ ഇതൊക്കെ ചെയ്യാന്‍-? അങ്ങനെ തുലാവര്‍ഷം മഴ തുടങ്ങി കൃഷിക്ക് സമയം ആയി കൃഷിയിറക്കും മുന്‍പ് പറയനും പുലയനും വൃതം എടുക്കുന്നത് പതിവാണ്, നല്ല വിളവ് കിട്ടാനത്രേ, പറമ്പും വിളവും തംബ്രാന്‍റെ ആണേലും ഞാന്‍ പണി ചെയ്യുന്ന പാടത്ത് നൂറ് മേനി വിളയണം അതാണ് അവരുടെ മനസ്സ്, ശരിക്കും ഇവരല്ലേ മണ്ണിന്‍റെ മക്കള്‍ അല്ലെങ്കില്‍ മണ്ണിന്‍റെ അവകാശികള്‍.ഒരിക്കല്‍ പണി കഴിഞ്ഞു കോരന്‍ വരുന്ന വഴിക്ക് പുറത്തു നിന്ന് വന്ന രണ്ട് പേര്‍ ഔസേപിന്‍റെ കണ്ടം നോക്കി പറഞ്ഞു ഇതുവരെ ഈ പാടങ്ങള്‍ മാത്രം വിത്തിറക്കാറായില്ല, അത് കേട്ട കോരന് സഹിച്ചില്ല ആ പാടത്തിന്‍റെ നോട്ടക്കാരന്‍ കോരനല്ലേ , പിറ്റേന്ന് കോരന്‍ പുതിയ ആള്‍ക്കാരെ കൂട്ടി വേഗം കൃഷിയിറക്കി, ഇപ്പോള്‍ കുട്ടനാട്ടില്‍ അറിയപ്പെടുന്ന
കൃഷിക്കാരന്‍ കോരനാണ് അവന് കൃഷിയുടെ തഞ്ചവും തായവും അറിയാം.
പറിച്ചു നടല്‍ ആഘോഷപൂര്‍വ്വമായാണ് നടക്കാറ്, ചിരുതയാണ് പാട്ടുകാരി കൂടെ കോരനുമുണ്ട്, ചിരുതക്ക് എപ്പോഴും പരാതിയാ കോരന്‍ മിക്കപോഴും വീട്ടില്‍ വരാറില്ല പറമ്പിലാണ് സദാസമയവും ഔസേപ്പിന്‍റെ കൃഷി മികച്ചതാവണം. അത് മാത്രമേയുള്ളൂ കോരന്‍റെ ചിന്ത . ഒരിക്കല്‍ വീട്ടില്‍ വന്നു പോകുമ്പോള്‍ കണ്ടത്തില്‍ വല്ലാത്ത ബഹളം,ഔസേപിന്‍റെ കണ്ടത്തില്‍ മട വീണു, എല്ലാപേരും കോരനെ കുറ്റം പറഞ്ഞു കോരന് പെണ്ണുമായി സമ്പര്‍ക്കം ഉണ്ടായതാ കാരണമെന്ന്. തമ്പ്രാന്‍ അന്തപ്പുരത്ത് കഴിയുമ്പോഴും പറയനും പുലയനും വൃതമെടുത്തു തന്‍റെ പാടത്തെ സംരക്ഷിക്കണം---വല്ലാത്ത വൈരുധ്യം കുട്ടനാടില്‍ നില നിന്നിരുന്ന
രീതികള്‍----.
ഒരു ദിവസം പള്ളിയിലേയും അമ്പലത്തിലേയും മണികള്‍ പതിവില്ലാതെ മുഴങ്ങി പ്രമാണിമാരും കൃഷിക്കാരും ഒരുമിച്ചു കൂടി
കാരണം എന്താന്നല്ലേ എല്ലാപേര്‍ക്കും വോട്ടവകാശം പ്രഖ്യാപിച്ച ദിവസം ആയിരുന്നു . പുറത്തു നിന്ന് ഒരാള്‍ പ്രസംഗിക്കാന്‍ ഉണ്ടായിരുന്നു അയാള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്തനും കോരനും ശമയനും വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പറയനും പുലയനും തംബ്രാനും ഒന്നാണ് പോലും .വോട്ടിന് വേണ്ടി തംബ്രക്കന്‍മ്മാര്‍ പൈസ കൊടുത്ത് കരഷകരെ വിലക്ക് വാങ്ങാന്‍ തുടങ്ങി.
കൂടാതെ ദൈവവിശ്വാസത്തിന്‍റെ പേരില്‍ മത പരിവര്‍ത്തനവും, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ ഹൈന്തവമതത്തിലേക്ക്
വീണ്ടും പരിവര്‍ത്തനം ചെയ്യുകയും നിരന്തരം മാറ്റങ്ങള്‍ക്ക് അവര്‍ വിധേയരാവുകയും ചെയ്തുകൊണ്ടിരുന്നു,ഔസേപ്പിന്‍റെ കണ്ടം വിളവെടുപ്പിന് സമയമായി വലിയ വിളവ് ഔസേപ്പിനായിരുന്നു, അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് കോരനായിരുന്നു. കോരാന്‍ ഔസേപ്പിനോട്
ചോദിച്ച് ഇപ്പ്രാവശ്യത്തെ വിളവ് എത്ര പറയാ --ഔസേപ്പിന് അത് ഇഷ്ടായില്ല
കോരനെ അവിടെ നിന്ന് ആട്ടിപായിക്കുന്നു, കോരന്‍റെ മനസ്സില്‍ ആദ്യമായി ചില ചിന്തകള്‍ കര്‍ഷകന്‍ പണിചെയ്ത പാടത്തെ വിളവ് അറിയാന്‍ കൃഷിക്കാരന് അവകാശമില്ലേ-? കൊയ്ത്തു കഴിഞ്ഞ് പോകുമ്പോള്‍ നെല്ല് കൊടുക്കുന്ന പതിവായിരുന്നു ഔസെപ്പ് നെല്ലിന് പകരം വെറും ചില്ലിക്കാശു കൊടുക്കുമായിരുന്നു ആ പൈസ കൊണ്ട് നാഴി അരി പോലും വാങ്ങാന്‍ കഴിയില്ല, കോരനും കൂട്ടര്‍ക്കും എന്നും കപ്പ തന്നെ ശരണം.
പാടത്ത് പണിയെടുക്കുന്നവരുടെ കണ്ണുനീരില്‍ കുതിര്‍ന്ന അനുഭവങ്ങള്‍ ഒപ്പിയെടുത്ത് അതേ പടി തകഴി പകര്‍ത്തിയിരിക്കുന്നു, ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഗദ്ഗതമോ കണ്ണുനീരോ ഒക്കെ അനുവാചകന് അനുഭവപ്പെടും. കോരന്‍റെ കല്യാണശേഷം
കോരന്‍റെ അപ്പന്‍ ആദ്യമായി പുരയില്‍ വന്നു, കണ്ണുനീരോടെ കുറെ കാലമായി
കുറച്ചു കഞ്ഞിവെള്ളം കുടിച്ചിട്ട് എന്നും കപ്പയാ മക്കളെ. ഒരു കാലത്ത് തംബ്രാക്കന്മാര്‍ക്ക് വേണ്ടി കഷ്ടപ്പെട്ടതാ---ഇന്നത്തെ അവസ്ഥ ഇങ്ങനെ. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം കോരന്‍റെ അപ്പന്‍ മരിക്കുന്നു, ശവമടക്കാന്‍
ഔസേപ്പിനോട് ആറടി മണ്ണ് ചോദിച്ചു തമ്പ്രാന്‍ അത് നിഷേധിച്ചു. അപ്പന്‍റെ ശവവുമായി കോരന്‍ കായലിലേക്ക് പോയി ഒരു വലിയ കല്ല് കെട്ടി ശവം കായലിന്‍റെ നടുക്ക് തള്ളി. ഈ അനുഭവങ്ങള്‍ കോരനില്‍ ഒരു വിപ്ലവകാരിയെ സൃഷ്ടിക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നിലവില്‍ വന്നു, പ്രമാണിമാരെല്ലാം അതില്‍ അംഗങ്ങള്‍ ആയി. ഒരു രാത്രി കര്‍ഷകന് നെല്ല് നിഷേധിച്ച കൂട്ടര്‍ വള്ളത്തില്‍ നെല്ല് കടത്തികൊണ്ടുപോകുന്നത് പിടിക്കുന്നു. അങ്ങനെ കുട്ടനാടിന്‍റെ പല ഭാഗത്തും പ്രമാണികളും കര്‍ഷകരും ഏറ്റുമുട്ടലിന്‍റെ പാതയില്‍ എത്തുന്നു, കോരാന്‍ തമ്പ്രാക്കളുടെ കണ്ണിലെ കരടായി മാറി. എന്നും അടിമായികഴിഞ്ഞിരുന്ന പറയരുടെയും പുലയരുടെയും പെണ്ണുങ്ങളെ പോലും തംബ്രക്കാന്‍മാര്‍ വെറുതെ വിട്ടില്ല.ചിരുതയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ച ഔസേപ്പിന്‍റെ മകന്‍ ചാക്കോയെ കോരന്‍ തല്ലിക്കൊല്ലുന്നു ഇതോടെ എങ്ങും സംഘര്‍ഷം തുടങ്ങി, പറയനും പുലയനും കൂലി ചോദിക്കാന്‍ തുടങ്ങി, കോരനും കൂട്ടരും ഒളിവില്‍ പോയി വര്‍ഷങ്ങള്‍. കുട്ടനാടില്‍ നെല്‍കൃഷി നിലച്ചാല്‍ അത് നാട്ടിലെ ജനങ്ങളുടെ അന്നത്തെ ബാധിക്കും, അതുകൊണ്ടാവാം സര്‍ക്കാരിന്‍റെ സഹായത്തോടെ സമരം ക്രൂരമായി അടിച്ചമര്‍ത്താന്‍ തുടങ്ങി.നാട്ടിലെങ്ങും വിപ്ലവപ്രസ്ഥാനത്തിന്‍റെ വേരോട്ടം കൂടി.
അന്ന് കോരന്‍റെ ഭാര്യ ഒരു കുഞ്ഞിന് ജന്മംനല്‍കി, കോരന്‍ ഒളിവിലും. എങ്ങും സമരം അടിച്ചമര്‍ത്താന്‍ പോലീസിന്‍റെ ക്രൂരത,
പടച്ചാല്‍ എന്ന സ്ഥലത്ത് പോലിസ് നടത്തിയ വെടിവയ്പ്പില്‍ ആയിരങ്ങള്‍ മരിച്ചു വീണു, അത് ലോകത്തെ നടുക്കിയ ഒരു സംഭവം ആയി മാറി. സര്‍ക്കാരിന്‍റെ നേര്‍ക്ക് സകല വിരലും ചൂണ്ടാന്‍ തുടങ്ങി , വര്‍ഗ്ഗബോധമുള്ളവര്‍ ഒരുമിച്ചു ചിന്താശേഷി കൂടുതല്‍ ശക്തമായി അടിമായി കഴിയാന്‍ സാധിക്കില്ല എന്നവര്‍ തീരുമാനിച്ചു-----അങ്ങനെ കുട്ടനാടിന്‍റെ മണ്ണില്‍ പുതിയ തത്വശാസ്ത്രം ഉടലെടുത്തു---
മണ്ണില്‍ പുതിയ മുദ്രാവാക്യം മുഴങ്ങി
വിപ്ലവം ജയിക്കട്ടെ
കൃഷിഭൂമി കര്‍ഷകന്
ഒരു കാലഘട്ടത്തെ തുറന്നു കാട്ടിയ തകഴിക്ക് പ്രണാമം
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ