ഗ്ലാസ്നസ്തും പരിസ്ട്രോയിക്കയും- രണ്ട് വാക്കുകള്‍ -ഒരു തത്വസംഹിതയെ തകര്‍ത്തത് അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമായ ഒരു സ്വപ്നത്തെ തച്ചുടച്ചത് അതായിരിക്കും ഒരു പക്ഷെ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലെ മറക്കാനാവാത്ത ഒരു സംഭവം. 2004-സെപ്റ്റംബറില്‍ ഒരിക്കല്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന അസര്‍ബെയ്ജാനില്‍ കാലുകുത്തുമ്പോള്‍ ഒരു
സ്വപ്നം യാഥാര്‍ഥ്യമായ അവിശ്വസനീയമായ പ്രതീതി ആയിരുന്നു. കുട്ടിക്കാലത്ത് വായിച്ച് മറഞ്ഞു പോയ ടോള്‍സ്റ്റോയ് കഥകളും കഥാപാത്രങ്ങളും പെട്ടെന്ന് മനസ്സിലൂടെ കടന്നുപോകുന്ന പ്രതീതിയായിരുന്നു
പെട്ടെന്നുള്ള കാഴ്ചകളില്‍ കേള്‍വിയില്‍ മാത്രം ഒതുങ്ങിക്കൂടിയ , വസന്തവും, ഗ്രീഷ്മവും, ശരത്കാലവും , ഹേമന്തവും ഋതുഭേദങ്ങള്‍ അനുഭവിക്കാന്‍ കിട്ടിയ ഭാഗ്യം ഒരു കുളിരുപോലെ ഇന്നും മനസ്സില്‍ തങ്ങുന്നു. പ്രണയികള്‍ക്ക് ഇരിപ്പിടം ഒരുക്കിയ ആരാമവും പ്രക്രിതിക്ക് കോട്ടം തട്ടാതെയുള്ള വികസനവും ഒരു പക്ഷെ റഷ്യന്‍ ഭരണകൂടത്തിന്‍റെ മാത്രം പ്രത്യേകതകള്‍ ആവാം. ഇന്ത്യാക്കാരോടുള്ള സ്നേഹവാത്സല്യം സാംസ്‌കാരികമായുള്ള ബന്ധം ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യ റഷ്യന്‍ ജനതയുടെ ഒരു അഭിഭാജ്യഘടകം ആയിരുന്നോ എന്ന് തോന്നിപ്പോകും. ആദ്യമായി പരിചയപ്പെട്ട സ്വദേശി ചോദിച്ചത് ഇന്ദിരാഗാന്ധിയെ പറ്റിയായിരുന്നു, ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വവും സ്വധീനവും അത്രക്ക് വലുതായിരുന്നു റഷ്യന്‍ ജനതകള്‍ക്കിടയില്‍
പേര്‍ഷ്യന്‍ ഭാഷയില്‍നിന്നു ഉത്‌ഭവിച്ചതാകാം കാറ്റ് എന്ന് അര്‍ത്ഥംവരുന്ന
ബാക്കു എന്ന പേര് എന്നാണ് അനുമാനം, ഇടക്കിടക്ക് വീശിയടിക്കുന്ന ശക്തിയായ കാറ്റ് ബാക്കു സിറ്റിയുടെ മാത്രം അവകാശപ്പെട്ടതാണ്
.കുട്ടിക്കാലത്ത് പഠിച്ചിരുന്ന കാസ്പിയന്‍ തടാകം നേരില്‍ കണ്ടപ്പോള്‍ തടാകമല്ല കടല്‍ ആണെന്ന തോന്നല്‍ ഒരു പക്ഷെ അതിശയോക്തിയായി തന്നെ ഇന്നും മനസ്സില്‍ നില്‍ക്കുന്നു. (ബാക്കു അസര്‍ബെയ്ജാന്‍റെ തലസ്ഥാനം)
പ്രകൃതി സൌന്ദര്യവും സാംസ്കാരികമായ ഉന്നതിയും പഴങ്ങളുടെ നാടെന്ന ഖ്യാതിയുംഉയര്‍ന്നു നില്‍ക്കുമ്പോഴും ഒരു നൂറ്റാണ്ടിന് മറക്കാന്‍ കഴിയാത്ത തിക്താനുഭവങ്ങളുമായിഒരു തലമുറ കടന്നുപോയി എന്നതാണ് വാസ്തവം. ഇന്നിന്‍റെ തലമുറക്ക് ആവശ്യമായിരുന്ന ധൂര്‍ത്തിന്‍റെ സ്വതന്ത്രവും നേടിയെടുത്തവര്‍ യാഥാര്‍ത്ഥ്യമായ ഒരു സ്വപ്നത്തെ കുഴിച്ചുമൂടി. അധ്വനശീലരായ ഒരു വിഭാഗം ജനത അത് തന്നെയാകണം കമ്മ്യൂണിസം എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്,മറുവശത്ത്
അധികാരമോഹികലായിരുന്നോ അതിനെ തച്ചുടച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ജീവിതചക്രത്തിന്‍റെ പകുതി കഴിഞ്ഞവരോട് ആരാഞ്ഞാല്‍ നിസംശയം പറയും കഴിഞ്ഞനാളുകള്‍ വരണം ഇനിയുമെന്ന്.. പ്രായവ്യത്യസമില്ലാതെ ജോലിയോട് കാണിക്കുന്ന കൂറും അനാവശ്യമായി ആരോടും കാട്ടാത്ത പ്രതിപത്തിയും റഷ്യന്‍ ജനതയോടുള്ള എന്‍റെ ബഹുമാനം ഒത്തിരി വര്‍ദ്ധിപ്പിച്ചു, ഒത്തിരി പ്രായം ചെന്ന അമ്മച്ചിമാര്‍ അവരാല്‍ കഴിയുന്ന ജോലി ചെയ്തു ജീവിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാ അവരെ സ്നേഹിക്കാന്‍ കഴിയാതിരിക്ക.അതേസമയം അധ്വാനിക്കാതെ കമ്മ്യൂണിസം സ്വപ്നം കാണുന്ന നമ്മുടെ രീതിയോട് വെറുപ്പും തോന്നും.
പൂജ്യത്തിനു പോകുന്ന തണുപ്പിന്‍റെ ആധിക്യം കൊണ്ടാകാം മദ്യം ഒരു നിത്യോപയോഗസാധനമായി മാറിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളെക്കാള്‍ അധികമായി വീഞ്ഞിനും വോട്ക്കക്കും സ്ഥാനം എല്ലാ കടകളിലും കൊടുത്തിട്ടുണ്ട്. ഇത്രയും സുലഭമായും വിലകുറച്ചും മദ്യം ലഭിച്ചിട്ടും മദ്യാസക്തി ജനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന്‍ ഞാന്‍ പലപ്പോഴും ചിന്തിക്കുകയും മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട് ഉത്തരം അല്ല എന്നുതന്നെ.
തണുപ്പുകാലത്ത്ദളങ്ങളെ പ്രണയിക്കാന്‍ വെമ്പുന്ന മഞ്ഞുതുള്ളികളും അസൂയയോടെ അതിനെ താഴേക്ക് തള്ളിയിടുന്ന സൂര്യകിരണങ്ങളും --ഒരു പ്രണയാന്തരീക്ഷം തീര്‍ക്കുന്നു. വിശ്രമത്തിനായി ഒരുക്കിയിരിക്കുന്ന ഉദ്യാനങ്ങള്‍ വളരെ ഭംഗിയായി സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി കരുതുന്നു എന്നത് ഒരു പ്രസക്തമായ കാര്യമായി ചൂണ്ടികാട്ടട്ടെ.
റോഡിന്‍റെ ഇരുവശങ്ങളിലായി കാണുന്ന മുന്തിരി പടര്‍പ്പുകളും ആപ്പിള്‍ മരങ്ങള്‍, ഒലിവ് മരങ്ങള്‍ എല്ലാം ഇന്നും കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.
പ്രവാസജീവിത്തില്‍ നിന്ന് കിട്ടിയ തിക്തമായ അനുഭവമാണോ അതോ ആ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളോടുള്ള സ്നേഹമാണോ എന്നറിയില്ല ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയം സഹപ്രവര്‍ത്തകര്‍ സ്നേഹപൂര്‍വ്വം നല്‍കുന്ന ശീതളപാനീയങ്ങളും പഴങ്ങളും
സംഭരിച്ചു ബാക്കു സിറ്റിയിലെ ഭിക്ഷ കാര്‍ക്ക് കൊടുക്കുക ഒരു പതിവായിരുന്നു. പല നല്ല ഓര്‍മ്മകളും മനസ്സില്‍ നിറയുമ്പോള്‍ റഷ്യയിലെ പഴയ തലമുറയോടൊപ്പം ഞാനും സ്വപ്നം കാണുന്നു നഷ്ടപ്പെട്ട നാളുകള്‍ ഇനിയും വരില്ലേ ---?
മരുപ്പച്ച






