2017, ജൂലൈ 27, വ്യാഴാഴ്‌ച

അകലങ്ങള്‍

               
                     
ദൂരങ്ങള്‍ നമ്മെ ദൂരത്താക്കിയൊരു സമയം
ചിന്തക്ക് കൂട്ടായി ഞാനും നീയും
അടുത്തിരിക്കുവാന്‍ കൊതിച്ചു പലവട്ടം
അന്നകലങ്ങളിലായിരുന്നു നമ്മള്‍

 മൊഴിയൊന്നു കേള്‍ക്കുവാന്‍   കൊതിച്ചു
 സ്വപ്നങ്ങള്‍ പലതും  നെയ്തുണ്ടാക്കി
നിലാവില്‍ പടുത്തോരോ കിനാക്കളും
കൊഴിഞ്ഞുവല്ലോ  ഞാനറിയാതെ 

മറക്കുവാന്‍ ശ്രമിച്ചു പലവട്ടമെന്നിട്ടും
വളര്‍ന്നുവല്ലോ സ്വപ്‌നങ്ങള്‍ നീലിമയില്‍
തളരുന്ന മനസ്സിന് കൂട്ടായി കിനാവില്‍
നീ തന്നയോരോ ദര്‍ശനവും

നിന്‍ വിരളാലെയിന്നു  മെനയുന്നു
കാവ്യങ്ങള്‍  സത്യമോ മിഥ്യയോയെന്നറിയാതെ
കാണുന്നു നിന്‍ മുഖമിന്നു വരം ലഭിച്ചോരു
പഥിതന്‍ പോല്‍ കാണും കിനാക്കളിലെല്ലാം

മാറുന്നു ജന്മങ്ങള്‍  പ്രണയ സാഫല്യമോടെ
തുടിക്കുന്നയോരോ പരല്‍മീനുപോലെ
കാണുന്നു സകലത്തിലും നിന്‍ സാമീപ്യം
സൂര്യകിരണംപതിച്ചപുല്‍ക്കൊടിപോല്‍

ഇന്നെന്‍മുന്നിലണഞ്ഞപ്പോള്‍
ചൊല്ലുവാന്‍ കഴിയുന്നില്ലയൊന്നുമേ
സാകൂതം നോക്കി നില്‍ക്കുന്നു നിന്നെ
എന്നരികിലണഞ്ഞ  ശലഭം പോല്‍---

മരുപ്പച്ച











2017, ജൂലൈ 26, ബുധനാഴ്‌ച

കാല്‍വിരല്‍

കാല്‍ വിരലാല്‍ നാണിച്ച്
അന്ന് വൃത്തം വരച്ച പെണ്ണെ
ഇന്ന് കൈവിരലാല്‍
മൊബൈലില്‍ വൃത്തം
വരക്കുന്നുവോ

കാല്‍ വിരലാല്‍
വൃത്തം വരച്ച്
പണ്ട് നാണിച്ച്
നിന്ന പെണ്ണേ!
ഇന്ന് കൈവിരലാല്‍
മൊബൈലില്‍
വൃത്തം വരക്കുന്നുവോ ?

മരുപ്പച്ച

മൂന്ന് ഘടകങ്ങള്‍

 അത്യാവശ്യം,ആവശ്യം, അനാവശ്യം, മൂന്ന് ഘടകങ്ങള്‍ മനുഷ്യമനസ്സിനെ
എപ്പോഴും ചഞ്ചലപ്പെടുത്തും, അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റപ്പെട്ടാല്‍
പിന്നെ അവശ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ചിലര്‍ അതുകഴിഞ്ഞാല്‍,
പിന്നെ അനാവശ്യമായി തന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.ആര്‍ത്തിയിലേയ്ക്കും അത്യഗ്രഹത്തിലേക്കും മനുഷ്യനെ നയിക്കുന്നത്  മൂന്നാമത്തെ  ഘടകമാണ്. വെള്ളം കുടിക്കാന്‍ അരുവിക്കടുത്ത് എത്തുന്ന പക്ഷികളോ മാന്‍പേടയോ ഒരിക്കലും വെള്ളത്തില്‍ ഇറങ്ങാറില്ല, അരുവിയുടെ കരയില്‍ നിന്ന് സാവധാനം അതിന് ആവശ്യമായ വെള്ളം കുടിക്കും, ആവശ്യം നിറവേറ്റാന്‍ വെള്ളത്തില്‍ ഇറങ്ങേണ്ട കാര്യമില്ല, അത് കലക്കേണ്ട ആവശ്യവുമില്ല. മനുഷ്യന്‍ അങ്ങനെയാണോ? പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള വിവേകം പോലും  മനുഷ്യന് ഇല്ലാതെ പോയോ ?

മരുപ്പച്ച

2017, ജൂലൈ 24, തിങ്കളാഴ്‌ച

പക്ഷം


ഒരു പക്ഷിക്ക് ഇണയോടൊത്തും
ഒറ്റക്കും പറക്കാന്‍ സാധിക്കും
ഇണയോടൊത്തുള്ള പറക്കലിന്
ഒരു നിയന്ത്രണമോ, അതോ ഇണയുടെ
ഒരു ആകര്‍ഷണമോ ഉണ്ടാകാം
ഒറ്റയ്ക്കുള്ള പറക്കലിന് ഇത് രണ്ടും
ഉണ്ടാകില്ല, ഉയരങ്ങളില്‍ പറക്കാം
പക്ഷങ്ങളില്‍ കനല്‍ പകരും വരേയോ
പക്ഷം ഒടിയുന്നതുവരേയോ--!

മരുപ്പച്ച

ഒഴുക്ക്

ഒഴുക്കു നിലച്ച ജലത്തെ നദിയെന്നോ
തോടെന്നോ ഒരിക്കലും പറയില്ല
ഒരു പരിധിക്കുള്ളില്‍ കഴിയുന്ന
ജലം, ചെറു തടാകത്തിനോ,അതല്ലെങ്കില്‍
ഒരു ചെറുകുളത്തിനോ സമമായിരിക്കും
നദിയാകണോ, തടാകമാകണോ--
അത് ഓരോരുത്തരുടേയും ചിന്തയെ
ആശ്രയിച്ചിരിക്കും--ഒഴുകേണ്ട അല്ലെങ്കില്‍
ഒഴുക്കേണ്ട സ്നേഹം എങ്ങനെയൊക്കെയാണ്
നമ്മള്‍ വിനിയോഗിക്കുന്നത്---ചിന്തിക്കുക

മരുപ്പച്ച






നിക്കോസ് കസന്ദ്‌സക്കിസ്-സെയ്ന്‍റ് ഫ്രാന്‍സിസ്-വിവര്‍ത്തനം തോമസ്‌ മറ്റം.


                     
മലയാളസാഹിത്യത്തിലെ  മെഗാസ്റ്റാറുകളായാ ഡോ. ലീലാവതി, പ്രോഫ കെ പി അപ്പന്‍, സച്ചിദാനന്ദന്‍, എന്നിവര്‍ ഒരുമിച്ചു ഒരു പുസ്തകത്തെ മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കുക, മാത്രമല്ല അക്ഷരലോകത്തെ കുലപതികളായ പത്തോളം പേര്‍ ഒരു പുസ്തകത്തിന്‌ ആസ്വാദനം എഴുതുക , എല്ലാം ഒരു പുസ്തകത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന പ്രതിഭാസം,  തത്വചിന്തകന്മാര്‍ക്കും ബുദ്ധിരാക്ഷസന്മാര്‍ക്കും പിറവി കൊടുത്തിട്ടുള്ള മണ്ണാണല്ലോ ഗ്രീക്ക്. മഹാകവിയും പുരോഗമന രാഷ്ട്രീയ തല്പരനുമായ കസന്ദ്സാക്കിസ് വര്‍ത്തമാനകാലത്തും സമൂഹമനസ്സില്‍ കത്തിനില്ക്കുന്നുവെങ്കില്‍ വൈവിധ്യവും, വൈരുദ്ധ്യവും നിറഞ്ഞ ദാര്‍ശനികവും രാഷ്ട്രീയവുംആത്മീയവുമായ തന്‍റെ ദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തിലും കാലഹരണപ്പെട്ടിട്ടില്ല, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രസക്തിയേറുന്നു എന്നതുതന്നെ. ചാട്ടവാറടിയേറ്റ് തലയില്‍ മുള്‍മുടി ചൂടി മരക്കുരിശേന്തിയ യേശുവില്‍ നിന്ന് അകന്ന് സ്വര്‍ണ്ണക്കുരിശും ആര്‍ഭാട ജീവിതവുമായി   അനുയായികള്‍ അകന്ന ,12-ആം നൂറ്റാണ്ടില്‍ രണ്ടാം ക്രിസ്തുവായി  ദാരദ്ര്യത്തെ തന്‍റെ മണവാട്ടിയായി പുണര്‍ന്ന മണ്ണിനേയും മനുഷ്യനേയും ഷഡ്പദങ്ങളേയും സസ്യജലാദികളേയും സ്നേഹിച്ച പുണ്ണ്യവാനായ ഫ്രാന്‍സിസ്  അസ്സിസിയിലൂടെ നടക്കുകയാണ് കസന്ദ്സാക്കിസ്.
ഫ്രാന്‍സിസ് അസ്സിയുടെ ജീവിതം  ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്തമാണെന്ന് തീരുമാനിക്കേണ്ടത് അനുവാചകര്‍ക്ക് വിടുന്നു.
 പ്രലോഭനങ്ങളില്‍ നിന്ന് രക്ഷ നേടുവാന്‍ കഴിയുമോ എന്നറിയാനായി മാസിഡോണിയയിലെ മലഞ്ചരുവില്‍ ഒരു ആശ്രമത്തില്‍ സ്ത്രീകള്‍ എന്നല്ല,
ആ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷിമൃഗാദികളില്‍നിന്ന് പോലും അകന്ന് ഇന്ദ്രിയങ്ങളെ അടക്കി സന്യാസം അനുഷ്ടിക്കാന്‍ ശ്രമിച്ച കസന്ദ് സാക്കിസ്, തന്‍റെ കാമാസക്തികളെ കൂട്ടാനേ ആ ശ്രമം ഉപകരിച്ചുള്ളൂവെന്ന് മനസ്സിലാക്കുന്നു.
താന്‍ പരാജപ്പെട്ടയിടത്ത്ജയിച്ച അസ്സിസിയിലൂടെ സാക്കിസ് കടന്നുപോകുമ്പോള്‍ ആ എഴുത്തിന് നൈര്‍മല്യത കൂടുന്നു.താനല്ല ഫ്രാന്‍സിസിനെ പോലെ പത്തുപേരാണ് റഷ്യക്ക് ആവശ്യമെന്ന് ലെനിന്‍ പറഞ്ഞതായി ഇതില്‍ പ്രതിപാദിക്കുന്നു.ഔപനിഷദതേജസ്സില്‍ നിന്നുരുവായ അത്ഭുതതേജസ്സായിട്ടാണ് ഫ്രാന്‍സിസിനെ ഡോ. ലീലാവതി പറയുക.ഭാരിച്ച ആത്മീയ സാന്നിധ്യം ആവശ്യമായ പുസ്തകമാണിതെന്ന്‍ കെ പി അപ്പനും, അള്‍ത്താരയിലെ ദിവ്യഗ്നിയില്‍ സ്വയമര്‍പ്പിച്ച ഹവിസാണ് ഫ്രാന്‍സിസെന്ന്, ഓ ന്‍ വി കുറുപ്പും,ഈ പുസ്തകം എന്‍റെ ഉറക്കം കെടുത്തിയെന്നും ഈ മൊഴിമാറ്റം ഒരു ഈശ്വരാരാധനയെന്നും മലയാളിയുടെ കവയത്രി സുഗതകുമാരി അഭിപ്രായപ്പെടുന്നു. ഈ മൊഴിമാറ്റം കൈരളിക്ക്‌ അമൂല്യമായ ഒരു കണ്ഠഭരണമായി കമ്മുണിസ്റ്റ്‌ സൈദ്ധാന്തികനായ ഗോവിന്ദന്‍പിള്ളയും, മനസ്സ് കലുഷിതമാകുമ്പോള്‍ ഓരോ മലയാളിയും ഈ പുസ്തകം കൈയ്യിലെടുക്കട്ടെയെന്ന്‍ മയ്യഴിപ്പുഴയുടെ സ്വന്തം എം-മുകുന്ദനും പറയുന്നു.


                                                 ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന ലിയോയിലൂടെയാണ് ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. അസ്സിസ്സി നഗരത്തിലെത്തിയ ലിയോക്ക് പറുദീസയിലെത്തിയ പ്രതീതിയായിരുന്നു .ജോര്‍ജിയ തെരുവിലെങ്ങും പൂക്കളുടെ പരിമളവും, പൊരിച്ച മാംസത്തിന്‍റെ മണവും, പലരുടെയും നേരെ കൈനീട്ടി ഭിക്ഷക്കായി, പരിഹാസമായിരുന്നു മറുപടി. അതില്‍ ഒരാള്‍ പറഞ്ഞു ബെര്‍ണാദീനോയുടെ മകന്‍ ഫ്രാന്‍സിസാണ്, നിനക്ക് ഭിക്ഷ തരിക സമ്പത്ത്  മുഴുവന്‍ നശിപ്പിച്ചവന്‍. അര്‍ദ്ധരാത്രി മെത്രാസനമന്ദിരത്തിത്തിന്‍റെ സമീപം  ഗിത്താറിന്‍റെയും പുല്ലാങ്കുഴലിന്‍റെയും ശബ്ദം, സ്കിഫി പ്രഭുവിന്‍റെ  മന്ദിരത്തിന് വെളിയിലാണ് പാട്ടും മേളവും ഉയരം കുറഞ്ഞ് തൊപ്പിയില്‍ തൊങ്ങല്‍ പിടിപ്പിച്ച് മനോഹരമായി, പ്രണയാര്‍ദ്രമായി പാടുന്നവന്‍, അവന്‍റെ ശ്രദ്ധ മുഴുവന്‍ സ്കിഫി പ്രഭുവിന്‍റെ മന്ദിരത്തിലെ ജാലകത്തിലേക്കാണ്, കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു ഫ്രാന്‍സിസ് ഇന്നിനി അവള്‍ ജാലകം തുറന്ന് നിനക്ക് റോസാപൂവ് തരുമെന്ന് തോന്നുന്നില്ല നമുക്ക് പോകാം---. ഒരിക്കല്‍ ഫ്രാന്‍സിസിന്‍റെ പ്രണയ തീരത്ത് പറന്നു നടന്നവള്‍. പിന്നെ ആധ്യാത്മികതയുടെ ഉത്തുംഗതയില്‍ ഫ്രാന്‍സിസ് എത്തിയപ്പോള്‍ ലൗകീകജീവിതം വെടിഞ്ഞ്  ഫ്രാന്‍സിസിനെ അനുധാവനം ചെയ്തവള്‍ അവള്‍ക്ക് വേണ്ടിയാണ് ഫ്രാന്‍സിസ് പാടിയത്----വിശുദ്ധയായ ക്ലാരാ. ഇത് ഫ്രാന്‍സിസ്,  വിശുദ്ധ  ഫ്രാന്‍സിസ് ആകുന്നതിന് മുമ്പുള്ള ജീവിതം-------.

                                                   പോര്‍സുങ്കലായുടെ ഉമ്മറപ്പടിയിരിക്കുന്ന ഫ്രാന്‍സിസിനെ തേടിയെത്തി, ബര്‍ണനീത്ത പ്രഭുവിന്‍റെ മകന്‍ വിശുദ്ധ ഫ്രാന്‍സിസ് എവിടെയാണ്,  സ്വയം വെളിപ്പെടുത്താതെ ഫ്രാന്‍സിസ് ലിയോയെ  കൂടെ കൂട്ടി കിടക്കാന്‍ ഇടം കൊടുത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാമിനികളോടൊപ്പം ആടി പാടി നടന്ന ഫ്രാന്‍സിസല്ലയിത്. നേരം പുലര്‍ന്നു സാന്ടുഫിനോ പള്ളിയിലെ കുര്‍ബാന സമയം ലിയോ ഭിക്ഷ യാചിക്കാനായി അങ്ങോട്ട്‌ പോയി, പള്ളിയില്‍ നിന്ന് ബര്‍ണനീത്തയും ഭാര്യ പിക്കാപ്രഭ്വിയും ലിയോ കൈകള്‍ നീട്ടി , പോയി എന്തെങ്കിലും പണി ചെയ്തുകൂടെയെന്നാണ് ഉത്തരം കിട്ടിയത്. അതാണ്‌ ഫ്രാന്‍സിസിന്‍റെ പിതാവ്.സെപ്റ്റംബര്‍- 23 - പള്ളിയില്‍ മണിയടിക്കുന്നു ഇന്ന് ദാമിയാനോ പുണ്യാളന്‍റെ തിരുനാളാണ്.കഴിഞ്ഞ രാത്രിയില്‍ ഫ്രാന്‍സിസ് വിശുദ്ധ ദാമിയാനെ സ്വപ്നം കാണുന്നു, കീറിയ വസ്ത്രവും നഗ്നപാദനായി ഊന്നുവടിയും താങ്ങി, ഫ്രാന്‍സിസിനോട് ചോദിച്ചു, സഭ അപകടത്തിലായ കാര്യം നീയറിഞ്ഞില്ലേ നിന്‍റെ കരത്താലെ അതിനെ താങ്ങി നിര്‍ത്തൂ.ലിയോയേയും കൂട്ടി സമതലങ്ങള്‍ താണ്ടി ദേവാലയത്തിലെത്തി, പക്ഷികള്‍ കൂട് കൂട്ടിയും ഭിത്തികല്‍ പൊളിഞ്ഞും കിടക്കുന്നു. അടുത്തായി മൂന്ന് പെണ്‍കുട്ടികള്‍ അവര്‍ കളിക്കാന്‍ വന്നതാണിവിടെ അതില്‍ മൂത്ത കുട്ടിയെ ഫ്രാന്‍സിസിന് നല്ല പരിചയം മുന്‍പ് അവളുടെ വീടിന്‍റെ ജാലകം നോക്കി പാട്ട് പാടി നടന്നിട്ടുണ്ട് അതാണ്‌ ക്ലാര.ഇന്ന് അവളുമായി സംസാരിക്കാന്‍ അയാള്‍ക്ക് ഇഷ്ടമില്ല, ക്ലാരയെ ഒഴിവാക്കി ഫ്രാന്‍സിസ് ദൗത്യത്തിലേക്ക് നീങ്ങുന്നു.ഇടിഞ്ഞ പള്ളിയുടെ പണി രണ്ടുപേരും ചേര്‍ന്ന് തുടങ്ങി, അന്തോണിയച്ചന്‍ അവര്‍ക്ക് കഴിക്കാന്‍ ആഹാരം കൊടുത്തു,
പര്യടനം കഴിഞ്ഞുവന്ന ബര്‍ണനീത്തോ പ്രഭുവിന് തന്‍റെ മകനിലുണ്ടായ മാറ്റം അംഗീകരിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം സാന്‍ ദാമിയാനോയിലെത്തി മകന്‍റെ കവിളില്‍ തല്ലി, അടികൊണ്ട ഫ്രാന്‍സിസ് പിതാവിനോട് പറഞ്ഞു മറ്റേ കവിളില്‍ കൂടി അടിക്കൂ---.


                                                        അന്ന് രാത്രി ഫ്രാന്‍സിസ് ഭവനത്തില്‍ പോയില്ല അടുത്തുള്ള ഒരു ഗുഹയില്‍ കഴിഞ്ഞു. രാത്രിയില്‍ ഇടിനാദം പോലെ കര്‍ത്താവിന്‍റെ സ്വരം ഫ്രാന്‍സിസ് നിന്‍റെ നഗരമായ അസ്സിസിയില്‍ പോകാമോ
എല്ലാപേരുടെയും മുന്നില്‍ എന്‍റെ നാമത്തെപ്രതി നിനക്ക് പാടാനും നൃത്തം ചെയ്യാനും കഴിയുമോ. ഫ്രാന്‍സിസ് ലിയോയുടെ എതിര്‍പ്പ്പോലും വകവയ്ക്കാതെ ആടാനും പാടാനും തുടങ്ങി, വിളിച്ചു കൂകി തെരുവിലെ കൂടിയവരോട്‌ ഒരു കല്ലേറിന് ഒരു അനുഗ്രഹം പത്ത് കല്ലേറിന് പത്തനുഗ്രഹം, കൂടിയവര്‍ കല്ലെറിയാന്‍ തുടങ്ങി ,ഉന്മത്തനായി ഒലിച്ച രക്തവുമായി ആടിതിമിര്‍ക്കുന്ന ഫ്രാന്‍സിസിനെ നോക്കി മട്ടുപ്പാവില്‍ ഹൃദയം തകര്‍ന്ന് ക്ലാര നില്ക്കുന്നുണ്ടായിരുന്നു.എല്ലാം കണ്ടിരുന്ന ബര്‍ണനീത്തോ പ്രഭു പരാതിയുമായി ബിഷപ്പിന്‍റെയടുത്ത് എത്തുന്നു. എല്ലാം ധൂര്‍ത്തടിച്ച മകനെ പിതാവ് തള്ളിപ്പറയുന്നു.പിതാവ് നല്കിയ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഊരി ഫ്രാന്‍സിസ് നഗ്നനാകുന്നു. ആ വസ്ത്രമെടുത്ത്ബര്‍ണനീത്തോ  നടക്കുന്നു.ബിഷപ്പ് പുറത്തിറങ്ങി തോട്ടക്കാരനില്‍ നിന്ന് ഒരു പഴകിയ വസ്ത്രം വാങ്ങി ഫ്രാന്‍സിസിന്‍റെ നഗ്നത മറച്ചു.വഴിയില്‍ കിട്ടിയ ഒരു മണിയും കിലുക്കി തെരുവില്‍ പാടി നടന്നു  മനുഷ്യരേയും പക്ഷികളേയും,വൃക്ഷങ്ങളെയും സര്‍വ്വോപരി ഭൂമിയേയും സ്നേഹിക്കണം.ഒരിക്കല്‍ സ്വപ്നത്തിലൂടെ ഫ്രാന്‍സിസിന് ഒരു സന്ദേശം കര്‍ത്താവില്‍ നിന്നുണ്ടായി, എഴുന്നേറ്റ് യാത്ര തുടരുക നിന്‍റെ വഴിയില്‍ ഞാന്‍ ഒരു കുഷ്ടരോഗിയെ അയക്കും നീ അവനെ കെട്ടിപ്പിടിക്കണം. ഫ്രാന്‍സിസ് നടന്നു, മുന്നില്‍ ഒരു മണികിലുക്കം ഒരു കുഷ്ടരോഗി, രണ്ട് കയ്യും വിരിച്ചുപിടിച്ച് മൂക്ക് പോലും ദ്രവിച്ച ആ രോഗിയെ ചുംബിക്കാന്‍ തുടങ്ങി ചുംബിക്കുന്ന ഓരോരോ മുറിവും അപ്രത്യക്ഷമായി, ഫ്രാന്‍സിസ് നിലത്തുകിടന്ന്‍ നിലവിളിച്ചു അത് ക്രിസ്തുവായിരുന്നല്ലോ-! ഫ്രാന്‍സിന്‍റെ ഈ അവസ്ഥ നീറിയ ഹൃദയവുമായാണ്‌ ക്ലാര കാണുക. പ്രണയത്തെ നിരസിക്കുന്നവന്‍ ദൈവ വിരോധിയാണ്‌ ക്ലാരയുടെ വാക്കുകളാണ്, ഇതൊന്നും ഫ്രാന്‍സിന്‍റെ യാത്രക്ക് തടസമല്ലായിരുന്നു. ഒരിക്കല്‍ ബര്‍ണാഡ് എന്ന മനുഷ്യന്‍ ഫ്രാന്‍സിസിനെ പരീക്ഷിക്കാനായി തന്‍റെ വീട്ടില്‍ ക്ഷണിച്ചു, ഫ്രാന്‍സിസ് സംസാരിക്കുമ്പോള്‍ ആ ഭവനത്തില്‍ ഒരു ദിവ്യപ്രകാശം പരക്കുന്നതായി കണ്ടു.പരീക്ഷണം മാനസാന്തരത്തിലേക്ക് മാറി.
വലിയ ഒരു വസ്ത്രവ്യാപാരിയായിരുന്ന അദ്ദേഹം തന്‍റെ വസ്ത്രക്കെട്ടുകള്‍ എല്ലാം പാവപ്പെട്ടവക്കായി തുറന്ന് കൊടുത്തിട്ട് ഫ്രാന്‍സിസിനെ അനുധാവനം ചെയ്തു.


                                         
                                                                ഒരു  പ്രകൃതി സ്നേഹിക്ക്  മാത്രമേ ദൈവത്തെ സ്നേഹിക്കാന്‍ കഴിയൂവെന്ന് ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ കഴിയുംവിധമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. മരച്ചില്ലയിലിരിക്കുന്ന പക്ഷിയെ നോക്കി സോദരിമാരെ പക്ഷികളെയെന്ന്‍ വിളിക്കാനും, കൂടെ കൂടുന്ന മാടപ്രവുകള്‍ക്ക് തന്‍റെ തോളില്‍ ഇരിക്കാന്‍ ഇടം കൊടുക്കുകയും സായന്തനത്തില്‍ കുരിവികളെ കുരിശ് വരച്ച് ഉറങ്ങാന്‍ കൂട്ടിലേക്ക് അയക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് ഇന്നിന്‍റെ കാലഘട്ടത്തില്‍ അനിവാര്യമായ ഒരു ഉത്തരമാണ്. കുരിശുയുദ്ധം നടക്കുമ്പോള്‍, യുദ്ധത്തിനെതിരെ പ്രതികരിക്കാനും സുല്‍ത്താനെ പോയി കാണാനും കാണിച്ച ധൈര്യവും, യുദ്ധം ക്രിസ്തുതത്വശാസ്ത്രത്തിന് എതിരാണെന്നുള്ള വിലയിരുത്തലും ഫ്രാന്‍സിസിന്‍റെ തേജസ്സ് ഉയര്‍ത്തിക്കാട്ടുന്നു.എന്നും ഹൃദയത്തില്‍ ഫ്രാന്‍സിസിന് മാത്രം ഇടം കൊടുത്തിരുന്ന ക്ലാര തന്‍റെ ജീവിതം സന്യാസത്തിലേക്ക് മാറ്റുന്നു. ഈ ലോകവുമായി ബന്ധപ്പെട്ടിരുന്ന അവളുടെ കബനീഭാരം എന്നേക്കുമായി മുറിച്ചുമാറ്റി, കറുത്ത വസ്ത്രമണിഞ്ഞ്‌ സിസ്റ്റര്‍ ക്ലാരയായി. ഒരിക്കല്‍ ഫാദര്‍ സില്‍വസ്റ്റര്‍  ഫ്രാന്‍സിസിനെ കാണാനെത്തി, അങ്ങ് സാന്‍ ദാമിയാനില്‍ ചെല്ലണം അവിടത്തെ ദിവ്യവചസ്സുകള്‍ കേള്‍ക്കാന്‍ ക്ലാര കാതോര്‍ത്തിരിക്കുന്നു. ഫ്രാന്‍സിസിന്‍റെ മറുപടിയിതായിരുന്നു, പോര്‍സുങ്കാലായില്‍ നിന്ന് സാന്‍ ദാമിയാനിലേക്കുള്ള വഴിയിലേക്ക്  ധവളപുഷ്പങ്ങള്‍  വിരിയുന്ന കാലത്ത് ഞാന്‍ വരാം. അതായത് ഒരിക്കലും പോകില്ലയെന്നല്ലേ ?. അടുത്തദിവസം സില്‍വസ്റ്റര്‍ അച്ഛന് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, വഴിക്കിരുപുറവും ധവളപുഷ്പങ്ങള്‍. ക്ലാരയുടെ മഠത്തിലെത്തിയ ഫ്രാന്‍സിന്‍റെ പ്രഘോഷണസമയത്ത് മഠത്തിന്‍റെ കൂരയ്ക്ക് തീ പിടിച്ച പോലെ എല്ലാപേര്‍ക്കും അനുഭവപ്പെട്ടു. തിരികെ പോകാന്‍ ഇറങ്ങിയ ഫ്രാന്‍സിസിനോട്    സന്യാസിനികള്‍ എന്ത് സമ്മാനം
വേണമെന്ന് ചോദിച്ചു, ദാരിദ്ര്യത്തെ  മണവാട്ടിയാക്കിയ ഫ്രാന്‍സിസിസിന് വേണ്ടത്, നിങ്ങള്‍ കാണുന്ന ഭിക്ഷക്കാരില്‍ നിന്നെല്ലാം കുറച്ച് കീറിയ പഴയതുണി വാങ്ങി എനിക്കൊരു കുപ്പായം ഉണ്ടാക്കിത്തരിക ----. ഇന്നത്തെ ക്രിസ്ത്യാനിക്ക് കൈമോശം വന്ന ചില ചിന്തകള്‍-----.
                                                             

                                                                   യാദനയും ക്ലേശവും സ്വയംപീഡനവും ഏറ്റുവാങ്ങി ഫ്രാന്‍സിസ്, ഒരിക്കല്‍ ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങള്‍ തന്‍റെ ശരീരത്തില്‍ പേറി, വിശുദ്ധന്‍റെ കരസ്പര്‍ശനത്തിനായി ദിനംപ്രതി ആള്‍ക്കാര്‍ കൂടി. ഫ്രാന്‍സിസിന്‍റെ അമ്മയായ പിക്കാ പ്രഭി മുടി മുറിച്ചു തന്‍റെ  സമ്പത്ത് പാവപ്പെട്ടവര്‍ക്ക് കൊടുത്തശേഷം സിസ്റ്റര്‍ പിക്ക ആയി.ദിനംപ്രതി ഫ്രാന്‍സിസിന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ആ വര്‍ഷം ക്രിസ്തുമസ്സ് വെള്ളിയാഴ്ചയായിരുന്നു. മുറ്റത്ത്‌ നമ്മുടെ സഹോദരരായ പക്ഷികള്‍ക്ക് ധാന്യം വിതരണമെന്നും കാലികളെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്, നല്ല ആഹാരം നല്കണമെന്നും ഫ്രാന്‍സിസ് നിഷ്കര്‍ഷിച്ചു. തന്‍റെ ഗുഹയില്‍ പുല്കൂടോരുക്കി കുര്‍ബാന നടത്തുമ്പോള്‍ അവിടെ ഒരു ദിവ്യപ്രകാശമുണ്ടായി.  പുല്ക്കൂടിന്‍റെ മഹത്വം എന്താണെന്നും, എങ്ങനെയാകണമെന്നും, ഒന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും, പ്രത്യകിച്ച് ക്രിസ്തുമസ് പോലും വാണിജ്യവല്കരിക്കപ്പെട്ട സമയത്ത്. ഫ്രാന്‍സിസിന്‍റെ ആരോഗ്യം ക്ഷയിച്ചു, എന്തും സംഭവിക്കാം, കൂടെ സിസ്റ്റര്‍ പിക്കായും ക്ലാരയും ലിയോയും, സുഹൃത്തുക്കളും, സഹോദരി മരണമേ വന്നാലും എന്നെ നിത്യ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നവളെ സ്വഗതം-----എന്ന വാക്കുകള്‍ ചൊല്ലി----------ആ പക്ഷി പറന്നു -പറന്നു -പോയി, അപ്പോഴും കുരുവികള്‍ വിലാപത്താല്‍ ഗാനം പൊഴിക്കുന്നുണ്ടായിരുന്നു--


മരുപ്പച്ച-.










                                  

നന്മ

                     
അമ്മയും നന്മയുമൊന്നുപോല്‍
മണ്ണില്‍പിറന്ന രണ്ട് സുകൃതങ്ങള്‍!
അമ്മ കുഞ്ഞിനെപേറുന്നപോല്‍
നന്മ പേറണമെല്ലാ മനസ്സിലും

തിന്മയെന്ന തമസ്സകറ്റാന്‍
നന്മയെന്ന ദീപം തെളിക്കാം
പെരുകുന്ന തിന്മയെ പഴിക്കാതെ
നന്മ പേറും ചെരാതുകളായീടാം

താങ്ങുന്ന ഭൂമിക്ക് തണലായ്
തകരുന്ന മനസ്സിന് താങ്ങായിടാം
സുഗന്ധം പരത്തുന്ന മാലേയം പോല്‍
നന്മയാല്‍ സുഗന്ധദായകരായിടാം

നന്മയാല്‍ മരണത്തെ തോല്പിച്ചിടാം
കണ്ണും കരളും ദാനമായേകിടാം
മാതൃകയേറും   മനുഷ്യരായ്
സ്വര്‍ഗ്ഗമീ ഭൂവില്‍ പണിതുയര്‍ത്തിടാം

അപരനായ്മധു കരുതും മധുപന്‍ പോല്‍
വരും തലമുറക്കായി പകരാം നന്മകള്‍
അന്നം കരുതാന്‍ നിരന്നിടുമുറുമ്പ് പോല്‍
സേവനം ചെയ്യാന്‍ നിരന്നിടാം കരുതലോടെ

കവിഞ്ഞൊഴുകും കല്ലോലിനിപോല്‍
നിറഞ്ഞൊഴുകണം നന്മയെന്നും
അനാഥരെന്ന്‍ മൊഴിയാത്തൊരു
കൈരളിയെ കൈകളിലേന്തിടാം-

മരുപ്പച്ച







2017, ജൂലൈ 21, വെള്ളിയാഴ്‌ച

ഊഷരമായ ജീവിതങ്ങള്‍

                       
മേഴ്സി അതായിരുന്നു അവളുടെ പേര്,പേര് പോലെ കരുണയുള്ളവളായിരുന്നു അവള്‍ എന്നും. ത്രസ്യമ്മാ പാപ്പച്ചന്‍ ദമ്പതികളുടെ മൂത്തമകള്‍. ഒരു പക്ഷെ മകള്‍ എന്നതിനേക്കാളേറെ അവള്‍
താഴെയുള്ള  അവളുടെ കൂടെപ്പിറപ്പുകള്‍ക്ക് അമ്മയായിരുന്നു. കൂലിപ്പണിക്കാരായ അപ്പനും അമ്മയും ജോലി കഴിഞ്ഞു വരുവോളം
അല്ലലറിയാതെ  അവളുടെ രണ്ട്  അനുജത്തിമാരെയും ആങ്ങളയെയും പോറ്റിയത് അവളായിരുന്നു. വീട്ടുകാര്യങ്ങള്‍ നോക്കുന്നതോടോപ്പം
പഠിക്കാനും മിടുക്കി ആയിരുന്നു അവള്‍. കൃത്യമായി ഫീസ് കൊടുക്കാനും
മക്കളെ നന്നായി പഠിപ്പിക്കാനും ആഗ്രഹം ഉണ്ടെങ്കിലും ത്രസ്യമ്മാ പാപ്പച്ചന്‍
ദമ്പതികള്‍ക്ക് അതിന് കഴിഞ്ഞില്ല.എല്ലാ കഷ്ടതയുടെ നടുവിലും മേഴ്സി
തന്‍റെ വലിയ ആഗ്രഹമായിരുന്ന നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. അവളുടെ മനസ്സിന്‍റെ ത്യാഗപൂര്‍ണ്ണമായ സ്നേഹം അതാവാം അവളെ ഒരു നഴ്സ് ആകാന്‍ പ്രേരിപ്പിച്ചത്. പഠിത്തം കഴിഞ്ഞ ഉടനെ തന്നെ അവള്‍ക്ക്  ഡല്‍ഹിയില്‍ ഒരു ജോലി തരപ്പെട്ടു കുറഞ്ഞ ശമ്പളമാണേലും അവള്‍ക്ക് അതൊരു വലിയ ആശ്വസമായിരുന്നു, ഒന്നുമില്ലാത്തവര്‍ക്ക് ഒരു കച്ചിത്തുരുമ്പും വലുതല്ലേ.നാട്ടില്‍നിന്നും ഡല്‍ഹിയിലേക്കുള്ള പറിച്ചു നടല്‍
അവള്‍ക്ക് ഒരു അനുഭവവും പുതുമയും ആയിരുന്നു.

                                                       സഹോദങ്ങളുടെ പഠനം വാര്‍ധക്യത്തിന്‍റെ പിടിയില്‍ വീണുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍, ജോലിക്കിടയിലെ പിരിമുറുക്കം ഇതൊക്കെ ആയിരിക്കാം ചിലപ്പോള്‍ മേഴ്സിയെ ജോയിയുമായി അടുപ്പിച്ചത് അവളുടെ വിഷമങ്ങള്‍  പങ്കുവക്കാന്‍ ഒരാള്‍ ഇടയ്ക്കു തിരക്കിനിടയില്‍ അവര്‍ പരസ്പരം കാണുന്നത് പതിവായി .ആര്‍ക്കും എപ്പോള്‍ വേണേലും മെനയാന്‍ കഴിയുന്ന ഒന്നാണല്ലോ  സ്വപ്നങ്ങള്‍ അതിന് ആരുടേയും അനുവാദവും വേണ്ടല്ലോ-  അതുകൊണ്ടുതന്നെ അവരുടെ സ്വപ്നങ്ങള്‍ക്ക് അതിരില്ലായിരുന്നു. നാളുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു പുസ്തകത്തിലെ താളുകള്‍ വായനക്കാരന്‍ മറിക്കും പോലെ. . ആയിടക്കാണ് വിദേശത്തെ ഒരാശുപത്രിയില്‍ നഴ്സ് ആയി അവള്‍ക്ക് ഒരവസരം കിട്ടിയത്
അത് അവളുടെ മനസ്സില്‍ പുതിയ ദീപം തെളിക്കാനുള്ള ചെരാത് ആയി , തന്‍റെ താഴെയുള്ള രണ്ട് അനുജത്തിമാര്‍ ആങ്ങള അവരുടെ ഭാവി ശോഭനമാക്കാന്‍ കിട്ടുന്ന അവസരം പിന്നെ താനും ജോയിയുമായുള്ള വിവാഹം നല്ല കുടുംബ ജീവിതം  അങ്ങനെയെല്ലാം-.
     
                                                വിദേശത്ത് ചേക്കേറിയ മേഴ്സിക്ക് ഒരു പുതുജീവനായിരുന്നു തന്‍റെ സ്വപ്നങ്ങള്‍ എല്ലാം നിറവേറാന്‍ പോകുന്നു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. കുടുംബത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍ മെല്ലെ മാറിത്തുടങ്ങി വയസ്സായ അപ്പച്ചനോടും അമ്മച്ചിയോടും ഇനി കൂലിപ്പണിക്കൊന്നും പോകണ്ടയെന്ന്‍ മേഴ്സി നിഷ്കര്‍ഷിച്ചു. തന്‍റെ പാത പിന്‍തുടര്‍ന്ന് തന്‍റെ താഴെയുള്ള അന്നയേയും,  ഷേര്‍ളിയേയും നഴ്സിംഗ് പഠനത്തിന് അയച്ചു,  താന്‍ പോലും അറിയാതെ അവളുടെ ദിവസങ്ങള്‍  കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ എല്ലാ പ്രവാസികളെയും പോലെ അവള്‍ക്കും ഒരു സുദിനം അടുത്തു നാട്ടിലേക്ക് പോകാന്‍. താലോലിച്ച ഒത്തിരി സ്വപ്നങ്ങള്‍  തനിക്കായി കാത്തിരിക്കുന്ന
 തന്‍റെ ജോയിയെ, പിന്നെ തന്‍റെ കല്യാണം അങ്ങനെ എല്ലാം----. നാട്ടിലെത്തിയ
മേഴ്സി ഒത്തിരി സന്തോഷവാതിയായിരുന്നു മുന്‍പത്തെക്കാളുംവീടിന്‍റെ അവസ്ഥ മാറിയിരിക്കുന്നു. അന്ന് രാത്രി അത്താഴം കഴിഞ്ഞു അമ്മ കുശലന്വേഷണത്തിനുശേഷം മേഴ്സിയോട് പറഞ്ഞു അന്നാമ്മക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട് പയ്യന്‍ ദുബായിലാ അതൊന്നു നടത്തിയാല്‍ അമ്മയുടെഒരു ഭാരം ഒഴിഞ്ഞേനെ-. അവള്‍ ചിന്തിച്ചുഅമ്മ പറയുന്നതിലും
കാര്യമുണ്ട് പിന്നെ വേറെ ഒന്നും ചിന്തിച്ചില്ല അവളുടെ കല്യാണം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു അതുവരെ സമ്പാദിച്ചതും കടം വാങ്ങിയും എല്ലാം ചിലവാക്കി. അവളുടെ ആഗ്രഹങ്ങള്‍ എല്ലാം മറ്റിവച്ച് ഒരു ത്യാഗമായി. ഒത്തിരി ആകാംഷയോടെ തന്നെ കാത്തിരുന്ന ജോയിയെയും നിരാശപ്പെടുത്തി കുറച്ചു നാള്‍ കൂടി എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന അപേക്ഷയുമായി അവള്‍ വീണ്ടും ജോലിസ്ഥലത്തെക്ക് തിരിച്ചുപോയി,

                                               ഒരു വര്‍ഷത്തോളം വീണ്ടും കടന്നു പോയി അപ്പോഴേക്കും നാട്ടില്‍ നിന്ന് ജോയിയുടെ കത്ത് വന്നു ഇനിയും കാത്തിരിക്കാന്‍ കഴിയില്ല അത് മേസ്ഴിയുടെ തലയില്‍ ഒരു ഇടിത്തീ വീണ പോലെ ആയിരുന്നു, ഒരു തീരുമാനവും എടുക്കാന്‍ കഴിയാതെ ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലെ . നഷ്ടബോധവും സങ്കടവും അവളെ വല്ലാതെ അലട്ടി.എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി , അല്ലേലും  സഹനം പെണ്ണിന് കൂടെപ്പിറപ്പാണല്ലോ.  അടുത്ത് നാട്ടില്‍ പോകാനുള്ള സമയം വീണ്ടും അടുത്തു ഇത് പ്രവാസത്തിന്‍റെ ഒരു പ്രത്യകതയാണല്ലോ ഒരു പ്രശ്നം കഴിഞ്ഞുവരുമ്പോഴേക്കും അടുത്തത് വന്നുകഴിയും. ആ സമയത്താണ് അമ്മയുടെ കത്ത് വരുന്നത് .ഷേര്‍ളിയെകൂടെ  ആരുടെയെങ്കിലും കൈയ്യിലേല്‍പ്പിച്ചാല്‍ അമ്മക്കൊന്നു സമാധാനമായി കണ്ണടക്കാമല്ലോ--.
ഇപ്പോള്‍ നാട്ടില്‍ പോയാല്‍  എങ്ങനയാ മേഴ്സി ചിന്തിച്ചു നാട്ടിലുള്ളവര്‍ക്ക്
എന്‍റെ ആവശ്യം ഇല്ലല്ലോ  പണം അയച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമല്ലോ
അങ്ങനെ അമ്മയുടെ ആഗ്രഹം ഭംഗിയായി കഴിഞ്ഞു.ഷെര്‍ലിയും കുടുംബമായി. എല്ലാപേരും സന്തോഷിക്കുമ്പോഴും  ആരുടേയും ചിന്തയില്‍ സ്ഥാനം പിടിക്കാത്തവള്‍ ആയി മേഴ്സി. എല്ലാ ആഗ്രഹങ്ങളും മാറ്റി വച്ച് മേഴ്സി  കുറച്ചു ദിവസതെക്കായി നാട്ടിലേക്ക് തിരിച്ചു. തന്നോടുള്ള താല്പര്യം  കുടുംബക്കാര്‍ക്ക്‌ കുറയുന്നോ എന്നൊക്കെ ഒരു തോന്നല്‍. ഈ സമയത്ത് അവളുടെ കുഞ്ഞനിയന്‍ മത്തായിക്ക് സര്‍ക്കാര്‍ ജോലിയായി താന്‍ കഷ്ടപ്പെട്ട്
പഠിപ്പിച്ച തന്‍റെ അനുജന് ജോലിയായല്ലോ.  മത്തായിക്ക് ഒത്തിരി വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി  പക്ഷേ എല്ലാവര്‍ക്കും തടസ്സംമേഴ്സി ആയിരുന്നു. ഒരാള്‍ പുരനിറഞ്ഞു നില്‍ക്കുന്നു അപ്പോള്‍ എങ്ങനയാ മത്തായിക്ക് പെണ്ണ് കിട്ടുക, സഹനം മാറ്റി സ്വാര്‍ത്ഥത നിറച്ച മനസ്സുകള്‍ നിറഞ്ഞ ലോകമല്ലേ, മത്തായിക്ക് ഒരു ജീവിതം വേണമെങ്കില്‍ മേഴ്സിയുടെ
  വിവാഹം കഴിയണം .എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച മേഴ്സി വീട്ടുകാരുടെ ആഗ്രഹപ്രകാരം വിവാഹത്തിന് നിര്‍ബന്ധിതയായി. ചില സമയത്ത് ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കായി ബലികഴിക്കേണ്ടി വരും അത്തരക്കാരുടെ വേദന മറ്റൊരാള്‍ക്ക്‌ മനസ്സിലാകില്ലല്ലോ. വിവാഹശേഷമാണ് മേഴ്സി തിരിച്ചരിഞ്ഞത് തന്‍റെ ഭര്‍ത്താവ് തികഞ്ഞ ഒരു മദ്യപാനിയാണെന്ന്
അതുമാത്രമല്ല  തന്‍റെ അധ്വാനത്തില്‍ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവനും. മേഴ്സി ഇന്നും പ്രവാസിയായി ജീവിക്കുന്നു ആര്‍ക്കോവേണ്ടി----ഇതു പോലെ എത്രയോ മേഴ്സിമാര്‍ നമ്മുടെ സമൂഹത്തില്‍-.

ഡൊമിനിക് വര്‍ഗീസ്‌ (മരുപ്പച്ച)
y8

മരം

മനുഷ്യനെ താങ്ങുന്ന
മരത്തെ മുറിക്കുന്നു
മനുഷ്യനെ കൊല്ലും
മതഭ്രാന്തിനെ പാലൂട്ടുന്നു.

താങ്ങുന്ന കരങ്ങളെ
വെട്ടിമുറിപ്പവന്‍
നാല്കാലിയെക്കാളും
ക്രൂരരല്ലേ  ?

മരുപ്പച്ച

2017, ജൂലൈ 20, വ്യാഴാഴ്‌ച

പ്രണയം

 സകല ചരാചരങ്ങള്‍ക്കും  പ്രകാശമേകി
കത്തിജ്വലിക്കുന്ന സൂര്യന്‍ സായന്തനത്തില്‍
സാഗരത്തിന്‍റെ അനന്തതയില്‍ ഒളിക്കാന്‍
തുടങ്ങുമ്പോള്‍  ചുവന്ന് തുടുത്ത് സുന്ദരി
ആകുന്നതും അരുണന്‍റെ കിരണമേറ്റ്
സാഗരം ചുവക്കുന്നതും വര്‍ണ്ണനയ്ക്ക്
അതീതമല്ലേ,അതുപോലെയല്ലേ ഞാനും
ഒരിക്കല്‍ നിന്നിലേക്ക് അലിയുമ്പോള്‍
എന്നിലുണ്ടാകുന്ന പ്രണയമാം പ്രകാശം
നമ്മെ രണ്ടുപേരെയും പ്രണയത്തിന്‍റെ
ആഴക്കടലില്‍ നീന്താന്‍ പ്രേരിപ്പിക്കുന്നത്.

മരുപ്പച്ച

ഓളങ്ങള്‍

                             

ഒഴുകുന്ന നദിയിലും. തടാകങ്ങളിലും ഓളങ്ങള്‍
സര്‍വ്വസാധാരണയായിരിക്കും. നദിയുടേയും
തടാകത്തിന്‍റെയും അടിത്തട്ട് കാണണമെങ്കില്‍
വെള്ളത്തിന്‌ തെളിച്ചവും ജലത്തിന്‍റെ മുകള്‍തട്ട്
ഓള വിമുക്തവും ആയിരിക്കണം.ഇത് പോലെയാണ്
മനുഷ്യജീവിതവും, പ്രശ്നങ്ങള്‍ കൊണ്ട് നിറഞ്ഞ
ജീവിതങ്ങളെ നേര്‍വഴിക്കാക്കണമെങ്കില്‍
ഓളങ്ങള്‍ ഒഴിഞ്ഞ ഒരു മനസ്സ് അനിവാര്യമാണ്
ശാന്തിയുള്ള മനസ്സിന് മാത്രമേ കാര്യങ്ങള്‍
ശരിയായി വിശകലനം ചെയ്യാന്‍ കഴിയൂ---

മരുപ്പച്ച


പൂക്കള്‍

നിറയെ പൂക്കളും കായ്കളും ഉള്ള വൃക്ഷങ്ങളെ
എല്ലാപേര്‍ക്കും ഇഷ്ടമാണ്, പ്രത്യക്ഷത്തില്‍ അത്
മനുഷ്യന് തരുന്ന നേട്ടങ്ങളെ മാത്രം നോക്കിയേ
നമ്മള്‍ വിലയിരുത്താറുള്ളൂ. അതേസമയം നിറയെ
പൂക്കളും കായ്കളും ഇല്ലാത്ത ചില മരങ്ങളെ
ശ്രദ്ധിച്ചാല്‍ മനസ്സിലാകും അത് പേറുന്ന
ഇലകല്‍ക്കടിയിലായി എത്രയോ ചെറു പക്ഷികള്‍ക്ക്
ഇടം കൊടുക്കുന്നു. ചിലപ്പോള്‍ എണ്ണത്തില്‍
ഇലകളേക്കാളേറെ പക്ഷികള്‍ ആയിരിക്കും
കൂടുതല്‍ . അപ്പോള്‍ ഏത് വൃക്ഷമാണ് കൂടുതല്‍
നല്ലത് എന്ന് വിലയിരുത്താന്‍ സാധിക്കുമോ ?
മനുഷ്യജീവിതത്തിലും ഇങ്ങനെയല്ലേ, ആര്
ആരെക്കാളും കേമന്‍ എന്ന വിലയിരുത്തല്‍
പലപ്പോഴും തെറ്റിപ്പോകാറില്ലേ --?
നിശബ്ദസേവനം നല്കുന്ന പലരെയും പലപ്പോഴും
നമ്മള്‍ മറന്നുപോകാറില്ലേ---?

മരുപ്പച്ച

വിചിന്തനം

കോലാഹലങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍
നിന്നുകൊണ്ട് പല കാര്യങ്ങളും മനസ്സിലാക്കാനും
വിശകലനം ചെയ്യാനും പ്രയാസമായിരിക്കും.
അത് കൊണ്ട് തന്നെ കുറച്ച് മാറി നിന്ന് പ്രശ്നങ്ങള്‍
മനസ്സിക്കാന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും.
വായിക്കാന്‍ എടുക്കുന്ന ഏത് ഭാഷയിലുള്ള
പുസ്തകമായാലും കണ്ണോട് ചേര്‍ത്ത് വച്ചാല്‍
വായിക്കാന്‍ കഴിയില്ല മുന്നില്‍ ഇരുട്ട്
 മാത്രമായിരിക്കും, മനുഷ്യ ജീവിതവും ഏറെക്കുറെ
ഇങ്ങനെയല്ലേ ?. കൂട്ടത്തില്‍ നിന്നോ ചേര്‍ന്ന് നിന്നോ
വിചിന്തനം ചെയ്യുന്നതിനേക്കാള്‍ ഒരു ചുവട്
പിന്നിലേക്ക്‌ മാറി നിന്ന് മനസ്സിലാക്കാന്‍ 
ശ്രമിക്കുന്നത് ഉചിതമായിരിക്കില്ലേ --?

മരുപ്പച്ച

കരയും -കടലും

അതിരുകള്‍ നിര്‍ണ്ണയിക്കേണ്ട മോഹങ്ങളും
സീമകള്‍ മാറ്റി ചിന്തക്ക് പുതിയ തലങ്ങള്‍
കണ്ടെത്തേണ്ടതും ജീവിതത്തിന് അനിവാര്യമാണ്
മോഹങ്ങളും മോഹഭംഗങ്ങളും ഇല്ലാത്ത
ജീവിതങ്ങള്‍ ഉണ്ടാകില്ല.അതിര്‍ത്തി വേണ്ടയിടത്ത്
അതിര്‍ത്തി നിര്‍ണ്ണയിക്കണം. കടല്‍ത്തിരകള്‍
കരയെ പുല്കുമ്പോള്‍ എന്നും അങ്ങനെ
ആയിരിക്കണമെന്ന് കര ആഗ്രഹിക്കാറുണ്ട്
പക്ഷേ, ഇടയ്ക്ക് ഉണ്ടാകുന്ന വേലിയേറ്റവും
വേലിയിറക്കവും ചില വിഘാതങ്ങള്‍
ഉണ്ടാക്കാറുണ്ട്.എപ്പോഴും തഴുകുന്ന മണല്‍
തിട്ടയെ വേലിയിറക്കസമയത്ത്  തിരകള്‍ക്ക്
തഴുക്കാന്‍ കഴിയില്ല. അത്തരം ചില
മോഹഭംഗങ്ങള്‍ ജീവിതത്തിലും ഉണ്ടാകാറുണ്ട്.
കടലില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങള്‍
പലപ്പോഴും കരയ്ക്ക് അടിയാറുണ്ട്, അത്
താങ്ങാന്‍ പറ്റില്ലെന്ന് കരയ്ക്ക്  പറയാന്‍
 കഴിയില്ല, അതുപോലെയാണ്
മനുഷ്യജീവിതങ്ങളും. രണ്ട് പേര്‍ക്കിടയിലുള്ള
ബന്ധങ്ങള്‍ അത് ഭാര്യ- ഭത്രു ബന്ധമായാലും
കമിതാക്കളായാലും, സുഹൃത്തുക്കളായാലും
ഒരാളുടെ കുറവ് മറ്റൊരാള്‍ പേറാന്‍ തയ്യാറാകണം
ഇടത് കയ്യില്‍ അഴുക്ക് പറ്റിയാല്‍ വലത് കൈയ്ക്ക്
മാറിനില്‍ക്കാന്‍ കഴിയില്ല, അത് കഴുകി
വൃത്തിയാക്കാന്‍ വലത് കൈയ്യുടെ സഹായം
വേണ്ടി വരും അത് പോലെ തിരിച്ചും.----


മരുപ്പച്ച







കാലങ്ങള്‍-

ആന നടന്നുപോകുമ്പോള്‍, അറിഞ്ഞോ അറിയാതെയോ
ഒത്തിരിയേറെ ചെറു പ്രാണികളേയും ഉറുമ്പുകളേയും
ചവിട്ടിമെതിക്കാറുണ്ട്. തന്‍റെ കാലിനടിയില്‍ പെട്ട്
വേദനിക്കുന്നയൊന്നിനെപ്പറ്റിയും  ചിന്തിക്കേണ്ട ആവശ്യം
ആനക്കില്ല, കാരണം ആന ശക്തനാണ്. എപ്പോഴെങ്കിലും
ഒരിക്കല്‍ ആന അവശയതയാല്‍ കിടന്നു പോയാല്‍
ഉറുമ്പും ചെറുപ്രാണികളും ആനയുടെ ശരീരത്തില്‍
തലങ്ങും വിലങ്ങും ഓടിനടക്കും, ഓരോന്നിന്‍റെയും
കഴിവനുസരിച്ച് അതിനെ ശല്യപ്പെടുത്തും,
ഇതുപോലെയാണ് മനുഷ്യരും, ആരോഗ്യവും , സമ്പത്തും
പ്രശസ്തിയും ഉള്ളപ്പോള്‍, അവരുടെ പ്രവര്‍ത്തിമൂലം
വേദനിക്കുന്നവരെ അവര്‍ ശ്രദ്ധിക്കാറില്ല. ജീവിതത്തിന്‍റെ
സായന്തനത്തിലോ, അല്ലെങ്കില്‍ എവിടെയെങ്കിലും
ഒന്ന് കാലിടറുമ്പോഴോ ചിലരില്‍നിന്നെങ്കിലും ചില
തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകാം, എത്ര ശക്തനായാലും
 ഒരു വേളയെങ്കിലും കഴിഞ്ഞ കാലം ചിന്തിക്കും
ഇത് പ്രകൃതി സത്യമാകാം------.

മരുപ്പച്ച

2017, ജൂലൈ 16, ഞായറാഴ്‌ച

സൗഹൃദം

       
         
പഴകും വീഞ്ഞ് പോല്‍ മധുരിക്കേണം
കാലാന്തരത്തില്‍ സുഹൃത്ബന്ധങ്ങള്‍
കരിയുന്ന കിനാവുമായ് നീറുന്ന മനസ്സിന്
പുതുജീവന്‍ നല്കും കുളിരാണ് സൗഹൃദം

രണ്ടുള്ളവന്‍ ഒന്നപരനായി കരുതി
സ്വര്‍ഗ്ഗവാതില്‍ തേടുന്നവനേത്രേ മിത്രം!
കൂടെപൊഴിക്കുവാനോ കരുതണം
ഒരു തുള്ളി കണ്ണുനീര്‍ ചഷകത്തിലെന്നും.


ലിംഗഭേദമില്ലാതെ മാറണം സൗഹൃദം
ലിംഗത്തിന് വിലപേശുമീ ലോകത്തില്‍
മരുഭൂവിലലയും  മഹാഗളം പോല്‍
മരുപ്പച്ചയാകണം സൗഹൃദമെന്നും

കരുതലിന്‍ കഞ്ചുകമായിടേണം
കാരുണ്യമെന്നും നിറഞ്ഞിടേണം
കല്മഷമേല്ക്കാതെ വിളങ്ങീടണം
കാഞ്ചനം പോലെന്നും തിളങ്ങീടണം


തിരുത്തലിന്‍ തൂലികയായിടേണം
തുഷാരബിന്ദുപോല്‍ അലിഞ്ഞീടണം
താരാഗണങ്ങള്‍ പോല്‍ നിരന്നീടണം
തരളമായ്തല്പത്തില്‍ കരുതിടേണം


പശിയിലും പാശം നിറഞ്ഞീടണം
പണ്ഡിത പാമര ഭേദമില്ലാതെ
പര്‍ണ്ണം നിറഞ്ഞൊരു പര്‍വ്വതം പോല്‍
പാരിനലങ്കാരമായിടേണം !

മരുപ്പച്ച



2017, ജൂലൈ 10, തിങ്കളാഴ്‌ച

വിരഹം

             
അടര്‍ന്നുവീഴുന്നൊരു  കുസുമംപോല്‍
നീയെന്നില്‍നിന്നകലുമെന്നറിയുന്നു ഞാന്‍
മെനയുന്നു കനവുകള്‍ പല വര്‍ണ്ണങ്ങളില്‍
തിമിര്‍ത്തു പെയ്യുംപേമാരിയിലാണ്ടുപോകാതെ

വിരഹത്തിന്‍ വേദന കാണുന്നുയെന്‍ ഹൃത്തില്‍
അണയുവാന്‍ വെമ്പും ചെരാതുപോലെയെന്‍ മരണവും
ഏകാന്തയാത്ര കഴിയില്ലയെന്നാല്‍യീ ഭൂവില്‍
മൂടുന്നുവിഷാദമെന്‍ഹൃദയതല്പത്തിലെന്നും


സൗരഭ്യംപരത്തട്ടെയെന്നുംനിന്‍ വശ്യമാമോര്‍മ്മകള്‍
വാടാമലരുപോലെന്‍ മാനസകോവിലില്‍
പീതപുഷ്പങ്ങളാല്‍ മൂടിയ മഞ്ചകമെന്നും
അനുധാവനംചെയ്യുന്നുയെന്നോര്‍മ്മയില്‍

നിന്‍ സ്മരണകളൊരുക്കുന്നുതാജ്മഹലെന്‍മനസ്സില്‍
വെണ്ണക്കല്ലുപോല്‍ തിളങ്ങുന്നുമെനഞ്ഞോരോ സ്വപ്നവും
വിണ്ണില്‍ ജ്വലിക്കുമോരോനക്ഷത്രങ്ങള്‍ പോല്‍
എന്നില്‍ നിറയുന്നു നിന്നോര്‍മ്മകളെന്നും


ചൊല്ലുവാനേറെയുണ്ടെങ്കിലും
ചൊല്ലുവാന്‍കഴിഞ്ഞില്ലയൊന്നുമേ
കേള്‍ക്കണമെന്ന്നിനച്ച് ചൊല്ലിയതെല്ലാമേ
കേള്‍ക്കാതിരിക്കാനായി മറഞ്ഞുപോയില്ലേ

നമ്മളൊന്നായി കണ്ട പൗര്‍ണ്ണമി രാവുകളും
പാതയോരങ്ങളില്‍പൂത്തുലഞ്ഞ ലില്ലിയും
നീഹാരകണികയണിഞ്ഞ പുല്കൊടിയും
വിരഹവേദനയിലലിഞ്ഞു ചേര്‍ന്നോ--.

മരുപ്പച്ച






2017, ജൂലൈ 8, ശനിയാഴ്‌ച

അച്ഛനും-മകളും-കഥ

 
                       
വസന്തം പൂക്കള്‍ വര്‍ഷിച്ച സമയം മരുതും തേമ്പാവും കാട്ടുപൂക്കളും
നിറഞ്ഞ ഗ്രാമം, സുധാകരന് അന്ന് മനസ്സിനും പൂക്കാലമായിരുന്നു
സുധാകരന്‍ ഒരച്ഛന്‍ ആയ ദിവസം, മനസ്സില്‍ വിരിഞ്ഞ സന്തോഷത്തിന്
കൂട്ടായി പ്രകൃതിയും പൂക്കളമൊരുങ്ങി, അതങ്ങനെയാണല്ലോ കളങ്കമില്ലാത്ത
മനസ്സുകള്‍ക്ക് പ്രകൃതിയും കൂട്ടായിരിക്കും.കുഞ്ഞിന് മാലതിയെന്ന്‍ പേരിട്ടു
നല്ല ഒരു പിതാവ് ആയത്കൊണ്ടാകാം അച്ഛനും മകളും തമ്മിലുള്ള ബന്ധം
പാറപോലെയുറച്ചതും തേന്‍പോലെമധുരവും ആയിരുന്നു. കൂലിപ്പണിക്കാരനായിരുന്ന സുധാകരന്‍റെ ജീവിതം വളരെ സന്തോഷപൂര്‍ണ്ണമായിരുന്നു, ഭൂമിയില്‍ അത്യാഗ്രഹം ഇല്ലാത്തവരുടെ മനസ്സ് എന്നും ശാന്തിയുടെ വിളനിലമായിരിക്കുമല്ലോ !. മാലതിയെ നാട്ടിന്‍പുറത്തെ പള്ളിക്കൂടത്തിലാക്കി, വിദ്യാഭ്യാസം പട്ടണത്തിലായാലെ വിദ്യ നേടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. പഠിക്കാന്‍ വളരെ മിടുക്കിയായിരുന്നു മാലതി അധ്യാപകരുടെ കണ്ണിലുണ്ണി.
സന്തോഷപൂര്‍ണ്ണമായി കഴിഞ്ഞിരുന്ന അവരുടെ ജീവിതം നാട്ടില്‍പുറത്തുകാര്‍ക്കിടയില്‍ അസൂയപോലുമുണ്ടാക്കി, അത് മനുഷ്യസഹജമാണല്ലോ !.മാലതിയുടെ അമ്മ അടുത്തുള്ള ഒരു ഖാദി യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്, ജോലി ഉണ്ടെന്ന് പറയാം, അല്ലെങ്കില്‍ത്തന്നെ ഖാദിയൊക്കെ ആര്‍ക്കാ വേണ്ടത്, അത് ആ ഗാന്ധിജിക്ക് ഉള്ളതല്ലേ, അല്ലെങ്കില്‍ ഇനിയൊരു സ്വതന്ത്ര്യസമരം ഉണ്ടാകണം. മാലതിയുടെ അമ്മയുടെ പേര് പറഞ്ഞില്ലല്ലോ, സുഭദ്ര എന്നാണ് ട്ടോ. ആയിടക്കാണ്‌ സുഭദ്രക്ക്
ഒരു പനി തുടങ്ങി, ഒത്തിരി ചികിത്സകള്‍ക്കുശേഷവും രോഗം മാറിയില്ല, അവസാനം പട്ടണത്തിലെ ആശുപത്രിയില്‍ പോകേണ്ടിവന്നു. അവസാനം രോഗം കണ്ടുപിടിച്ചു, അപ്പോഴേക്കും സമയം വൈകിപോയിരുന്നു. ആ കുടുംബത്തിന്‍റെ  സന്തോഷം കെട്ടുപോകാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ?
ജീവിതം അങ്ങനെയാണല്ലോ , സന്തോഷം കൂടിയാല്‍ അവിടെ സങ്കടം പരത്താന്‍
ദൗര്‍ഭാഗ്യവും വരുമല്ലോ. ഏറെ താമസിയാതെ സുഭദ്ര ഈ ലോകത്തോട് വിട പറഞ്ഞു.അമ്മയുടെ രോഗവും, ആശുപത്രിയില്‍ പോലും കണ്ട വലിപ്പച്ചെറുപ്പവുമാകാം ആതുരസേവനത്തിലേക്ക് മാലതിയെ ആകര്‍ഷിച്ചത്. നന്മ ചെയ്യാനുള്ള തിടുക്കം, സേവനമനോഭാവം അങ്ങനെ പലതും.സാമ്പത്തികമായി ഒത്തിരി കഷ്ടപ്പെട്ടിട്ട് ആണെങ്കില്‍ പോലും സുധാകരന്‍ മകളെ നഴ്സിംഗ് പഠിക്കാന്‍ അയച്ചു. സുഭദ്രയുടെ മരണശേഷം ഏതാണ്ട് ഒറ്റപ്പെട്ടപോലെയായി സുധാകരന്‍. ഇന്നത്തെ കാലത്ത് ഒറ്റപ്പെട്ടവര്‍ക്ക് ആശ്വാസം മദ്യമാണല്ലോ ?. അല്ല എന്ത്കൊണ്ട് ഒരാള്‍ മദ്യപിക്കുന്നുവെന്ന് ആരും ചോദിക്കാറുമില്ല, സ്വന്തം കാര്യം മാത്രം  നോക്കുന്ന
സമൂഹത്തിന് അതിന്‍റെ ആവശ്യമില്ലല്ലോ ? ഓരോ ദിവസം കഴിയുംതോറും സുധാകരന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി മാലതി തിരിച്ചെത്തി, മിടുക്കിയായത്‌ കൊണ്ടാകാം പഠിച്ച സ്ഥാപനത്തില്‍ തന്നെ അവള്‍ക്ക് ജോലിയായി, മുങ്ങികൊണ്ടിരിക്കുന്ന വഞ്ചിക്ക് കിട്ടിയ ചെറിയ താങ്ങായിരുന്നു അത്. സുധാകരന്‍റെ ആരോഗ്യനില മോശമായി തുടങ്ങി, മദ്യപാനം അങ്ങനെയാണല്ലോ കുറേശേ കൊല്ലൂ, നിശബ്ദമായി. സുധാകരന് ഇനി ഒരാഗ്രഹമേയുള്ളൂ, മകളെ സുരക്ഷിതമായി ഒരാളെ ഏല്പ്പിക്കുക. നല്ല മനസ്സുകള്‍ക്ക് ദൈവം നന്മയേ വരുത്തൂ, മാലതിയെ അറിയുന്ന ഒരാളുമായി  അവളുടെ ഇഷ്ടപ്രകാരം വിവാഹം നടന്നു. ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ അന്ന് സന്തോഷിച്ചത്‌ സുധാകരന്‍ ആയിരിക്കും. ആഴ്ചകള്‍ക്ക് ശേഷം പെട്ടന്നായിരുന്നു സുധാകരന് ഒരു മോഹാലസ്യം ഉണ്ടായി, മാലതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു, കരളിനെ ബാധിച്ച രോഗം സൗഖ്യമാകുക എന്നത് ഒരു മരീചിക ആയിരുന്നു. മാലതിയുടെ തോളത്ത് ചാരിയിരുന്നു സുധാകരന്‍ ഈ ലോകം വിട്ടുപോയപ്പോള്‍, ചിലപ്പോള്‍ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെന്ന അച്ഛനും മകളും ഇവര്‍ ആയിരിക്കും-----.


മരുപ്പച്ച















2017, ജൂലൈ 4, ചൊവ്വാഴ്ച

അഗ്നി സാക്ഷി--ലളിതാംബിക അന്തര്‍ജ്ജനം

                                   
                 
മലയാളസാഹിത്യലോകത്ത്  എന്നും തിളങ്ങിനില്ക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടമയായ  ലളിതാംബികാ അന്തര്‍ജനത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടോ എന്നത് പ്രസക്തിയില്ലാത്ത ചോദ്യമാണ്. ജീവിതത്തിന്‍റെ സായന്തനത്തില്‍ മലയാളിക്ക് ഹൃദയത്തിലേറ്റാന്‍ നല്കിയ നിത്യപരിമളം വീശുന്ന പൂച്ചെണ്ട് ആണ് അഗ്നിസാക്ഷി യെന്ന നോവല്‍. പേര് പോലെ തന്നെ അഗ്നിയില്‍ സ്പുടം ചെയ്തെടുത്ത അല്ലെങ്കില്‍, ജീവിതമാകുന്ന  ബലിപീഠത്തില്‍  ആര്‍ക്കോവേണ്ടി ബലിയായി തീരുന്ന ജ്വലിക്കുന്ന ചില ഹൃദയങ്ങളുടെ കഥയാണിത്‌. കഥക്കപ്പുറം ഒരു യാഥാര്‍ഥ്യവും.  ബ്രാഹ്മണ സമൂഹത്തില്‍ ഒരു കാലത്ത് അലിഖിത നിയമം പോലെ നടമാടിയിരുന്ന  സംബന്ധം എന്ന അസംബന്ധവും, അതിലുണ്ടാകുന്ന മക്കള്‍ക്ക്‌ തന്‍റെ പിതാവിനെ കാണാനോ സ്നേഹിക്കാനോ, പിതാവിന്‍റെ ശവശരീരത്തില്‍ തൊടാനോ സ്വതന്ത്ര്യം ഇല്ലായിരുന്ന വ്യവസ്ഥയും, തൊട്ടുകൂടായ്മയും, അടിച്ചമര്‍ത്തപ്പെട്ട ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകളുടെ കണ്ണുനീരുമാണിത്. ഈ കഥയെഴുതുന്ന കാലഘട്ടത്തില്‍ ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നത് പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ജീവജാലങ്ങളുടെ ഭാഗങ്ങള്‍ ഫോസിലുകലായി രൂപാന്തരം പ്രാപിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ആകുന്നപോലെ, ഒരു കഥാകൃത്തിന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന അനുഭവങ്ങള്‍ കാലാന്തരത്തില്‍  ഹൃദയ വിചാര വികാരങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച് ഉജ്ജ്വലമായ കൃതിയായി തീരുന്നു.


തേതിയേടത്തി, ദേവകി മാനമ്പള്ളി, ദേവീബഹന്‍  എന്നീ മൂന്നു പേരുകളില്‍ പരിചയപ്പെടുന്ന സുമിത്രാനന്ദ കഴിഞ്ഞ തലമുറയിലെ സ്ത്രീ ജീവിതത്തിലെ മൂന്ന് മുഖങ്ങളെയാണ് നമുക്ക് മുന്നില്‍ വരച്ചുകാട്ടുന്നത്. തേതിയേടത്തിക്കൊപ്പം ജീവിച്ച്, ജീവിതത്തില്‍  തന്‍റെതായ വഴി കണ്ടെത്തിയ, തങ്കം നായര്‍-  ജീവിത സായന്തനത്തില്‍ തേതിയേടത്തിയേ തേടി ഗംഗയുടെ തീരത്ത് എത്തുന്നു. തങ്കം നായരുടെ മനസ്സിലെ ഓര്‍മകളുടെ താഴ്വാരങ്ങളിലൂടെ ഈ കഥ യാനം ചെയ്യുന്നു മധ്യകേരളത്തിലെ പ്രസിദ്ധമായ മനയാണ് മാനമ്പള്ളി മന, മനയുടെ ഭരണം അപ്ഫന്‍ തമ്പുരാനാണ് നടത്തിയിരുന്നത്. അന്നത്തെ കാലത്ത് നായര്‍ സ്ത്രീകള്‍ പുറത്തിറങ്ങില്ല സംബന്ധത്തിനായി തമ്പുരാക്കന്മാര്‍ അങ്ങോട്ട്‌ പോവുകയാണ് പതിവ് അപ്ഫന്‍ തമ്പുരാനാന്‍ കുറച്ച് വ്യത്യസ്തനായിരുന്നു . നായര്‍ തറവാട്ടില്‍ നിന്ന് പതിനേഴ്‌ വയസ്സുള്ള അമ്മാളുവമ്മയെ നാല്‍പ്പത് വയസ്സുള്ള തമ്പുരാന്‍ തന്‍റെ പത്തായപ്പുരയില്‍ കൂട്ടി അതിലുള്ള മകളാണ് തങ്കം. തങ്കത്തെ  അപ്ഫന്‍ തമ്പുരാന്‍ എടുത്തതായിട്ടോ തൊട്ടു ലാളിച്ചതായിട്ടോ തങ്കത്തിന് ഓര്‍മ്മയില്ല തമ്പുരാന്‍ തികഞ്ഞ ബ്രഹ്മനനല്ലേ ? പിന്നെ തങ്കത്തിനോട് ആകെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നത്‌ ഉണ്ണിയേട്ടനോടാണ്. ഉണ്ണിയേട്ടന്‍റെ വേളി മംഗല്യസൂക്തങ്ങള്‍ മുഴങ്ങുന്നു വേളിയുടെ തിരക്കുകള്‍ ഏട്ടനെയും ഏട്ടത്തിയെയും കാണാനായി തങ്കം അകത്തോട്ട് കയറി, പെട്ടെന്ന് ആരോ വിളിച്ചു കൂവി എല്ലാം അശുദ്ധമാക്കി കാരണം തങ്കം  അപ്ഫന്‍ തമ്പുരാന്‍റെ  നായര്‍ സംബന്ധത്തിലുള്ളതല്ലേ ?,തങ്കം പടിപ്പുള്ളവള്‍ ആയിരുന്നു, തേതി ഏട്ടത്തി നല്ല വായനാശീലമുള്ള സ്ത്രീ ആയിരുന്നു, ഏകാന്തത അവരെ തങ്കവുമായി കൂടുതല്‍ അടുപ്പിച്ചു. ഉണ്ണിക്ക് എപ്പോഴും തേതേട്ടത്തിയുടെ അടുത്ത് ഇരിക്കാനോ കിടപ്പറയില്‍ പ്രവേശിക്കാനോ അനുവാദമില്ലായിരുന്നു. സന്താനാര്‍ത്ഥമല്ലാത്ത ഭര്‍തൃസംഗമം നിഷിദ്ധമായിരുന്നു. ഇല്ലത്ത് ഒരു ഭ്രാന്തിച്ചെറിയമ്മ ഉണ്ടായിരുന്നു അവര്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ആയിരുന്നു, അവരെ മുത്തപ്ഫന്‍ വേളി കഴിച്ചു, ആളിന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു, അവസാനം അവര്‍ ഇല്ലത്ത് ഒരു ഭ്രാന്തിയായി മാറി, ഇതൊക്കെ മനയിലെ ഭൂതകാലങ്ങളില്‍ ചിലത്.തേതേട്ടത്തിക്ക്കുട്ടികളെ വളരെ ഇഷ്ടമായിരുന്നു, വായനയുടെയും വിദ്യഭ്യാസത്തിന്‍റെയും ചലനമാകാം അവര്‍ ജാതിയോ മതമോ നോക്കാതെ എല്ലാപേരെയും സഹായിക്കുമായിരുന്നു ഇതെല്ലാം ഇല്ലത്തില്‍ തേതേട്ടത്തിക്ക് എതിരെ ഒരു പടയൊരുക്കം ഉണ്ടാക്കി.. ഒരിക്കല്‍ തേതേട്ടത്തി ഒരു കത്ത് തങ്കം വഴി പോസ്റ്റ്‌ ചെയ്യാന്‍ കൊടുത്തുവിട്ടു അതിലെ അഡ്രസ്‌ ഇങ്ങനെ ആയിരുന്നു പി കെ പി, നമ്പൂതിരി ഇല്ലം.അത് ഏട്ടത്തിയുടെ ഓപ്പക്കായിരുന്നു. പി കെ പി അന്നത്തെ ആനുകാലിക കാര്യങ്ങളില്‍ പ്രസക്തമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു നേതാവ് ആയിരുന്നു. ഓപ്പയുടെ മറുപടികള്‍ തേതേട്ടത്തിക്ക് ഒത്തിരി ആശ്വാസം പകര്‍ന്നുവെങ്കിലും ചിന്താശേഷിയുള്ള തേതേട്ടത്തിക്ക് ഇല്ലത്തെ അനാചാരങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

                                                         പഠിക്കാന്‍ മിടുക്കിയായിരുന്ന തങ്കം പത്താം തരം ജയിച്ചതോടെ വിവാഹാലോചനകള്‍ ആരംഭിച്ചു.പുറത്തേക്ക് പോയുള്ള പഠനം ഇല്ലത്തിന് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. തങ്കം അതില്‍ വിജയിച്ചു, അപ്ഫന്‍ തമ്പുരാന്‍ ഒത്തിരി എതിര്‍ത്തു തല്ലി, പക്ഷെ തങ്കത്തിന്‍റെ വാശിക്ക്  മുന്നില്‍ അനിവാര്യമായ മാറ്റമുണ്ടായി. ഉണ്ണിയുടെ സഹോദരന്‍ അനിയും പഠിക്കാന്‍ തയ്യാറായത് തങ്കത്തിനും സഹായകമായി. തന്നെ കാണാന്‍
ഇടയ്ക്കു വരാറുണ്ടായിരുന്ന അനികുട്ടനില്‍ നിന്നാണ് തങ്കം ആ വിവരം അറിഞ്ഞത് തേതിയേട്ടത്തി മന വിട്ട് പോയി. തേതേട്ടത്തിയുടെ അമ്മ മരിക്കാന്‍ കിടക്കുന്നു, അമ്മയെ കാണാന്‍ പോകാന്‍ അവരെ ഭര്‍ത്താവും കുടുംബക്കാരും അനുവദിക്കുന്നില്ല, അവര്‍ വീട് വിട്ട് പോയി. സ്വന്ത ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് പോയി അതിനാല്‍ തിരികെ വീട്ടില്‍ കയറ്റാന്‍ നമ്പൂതിരി ഇല്ലം തയ്യാറായില്ല.
 വീട് വിട്ട് പോയ തേതേട്ടത്തി ദേവകി മാനമ്പള്ളി എന്ന പേരില്‍ ഒരു കാലഘട്ടത്തിലെ  അടിച്ചമര്‍ത്തപ്പെട്ട  സ്ത്രീകളുടെ പ്രധിനിധിയായായി അവരുടെ ഉന്നമനത്തിനായി സമൂഹത്തില്‍ നിറഞ്ഞുനില്കാന്‍ തുടങ്ങി. ദേവകി മാനമ്പള്ളിയുടെ പടം ഇല്ലാത്ത ഒരു പത്രം പോലും അന്ന് ഉണ്ടായിരുന്നില്ല, അത്രയ്ക്ക് അവര്‍ ഉയരങ്ങളില്‍ എത്തി. ഈ അവസരത്തില്‍ അപ്ഫന്‍ നമ്പൂതിരിക്ക് അസുഖം കലശലായി അനിയേട്ടന്‍ തങ്കത്തെ കൂട്ടി വീട്ടിലേക്ക് പോയി. കിടക്കയില്‍ കിടക്കുന്ന അപ്ഫന്‍ തമ്പുരാനെ സ്പര്‍ശിക്കാനോ ശുശ്രീഷിക്കാനോ തങ്കത്തിന് അവകാശമില്ലായിരുന്നു കാരണം അവള്‍ നായര്‍ കുട്ടിയല്ലേ. അപ്ഫന്‍ മരണപ്പെടുന്നു  അതോടെ തങ്കത്തിന്‍റെ കൈപിടിച്ച് അമ്മ ഇല്ലത്തുനിന്നു പുറത്തേക്ക് പോയി, അമ്മ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു മകളെ മാനമ്പള്ളി തറവാടുമായുള്ള നമ്മുടെ ബന്ധം എന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ആ കാലഘട്ടത്തില്‍ വലിച്ചെറിയപ്പെട്ട ജീവിതത്തിന്‍റെ ഒരു അടയാളം മാത്രമാണ് തങ്കം നായര്‍. അച്ഛന്റെ ശവ ശരീരം പോലും കാണാന്‍ കഴിയാത്തവള്‍.....


                                               ഒരു കാലത്ത് ജ്വലിച്ചുനിന്നിരുന്ന പി കെ പി നമ്പൂതിരി ഇന്ന് ഒന്നുമല്ലാതായി, ജീവിക്കാനുള്ള തന്ത്രപാടില്‍ ഒതുങ്ങി.എന്നാല്‍ സ്വാതന്ത്ര്യം കാംഷിച്ചിരുന്ന ദേവകി മാനമ്പള്ളി ദേവി ബഹന്‍ എന്ന പേരില്‍ എല്ലാപേരും അറിയപ്പെടാന്‍ തുടങ്ങി. ഗാന്ധിക്കും നെഹൃവിനുമൊപ്പം സ്വതന്ത്ര്യസമരത്തില്‍ അമരക്കാരിയായി വളര്‍ന്നു.തന്‍റെ ആശ്രമത്തില്‍ അഭയം കൊടുത്ത ഒരു മനുഷ്യനില്‍ നിന്നുണ്ടായ ഒരു തിക്താനുഭവത്തിന്‍റെ പേരില്‍ ആശ്രമം വിട്ട ദേവി ബഹന്‍  സ്വയം പീഡനത്തിനും ഉപവാസത്തിലേക്കും തിരിഞ്ഞു. തങ്കം നായര്‍ നാട്ടിലേക്ക്  വരുന്നതും ഉണ്ണിയേട്ടനെയും പി കെ പി യേയും കാണുന്നതും അവര്‍ക്ക് വന്ന മാറ്റവും വികാരോജ്വലമായി വര്‍ണ്ണിച്ചിട്ടുണ്ട്. കൂടെ ചില കവിതാ ശകലങ്ങളും കാണാം. ഉണ്ണിയേട്ടന്‍ തേതിയേട്ടത്തിയുടെ  കഴുത്തില്‍  അണിയിച്ച മംഗല്യസൂത്രം  തിരിച്ചു കൊടുക്കുമ്പോള്‍ കൂടെ അയച്ച കത്ത് ഒരു പക്ഷേ ഈ നോവലിന്‍റെ  അച്ചുതണ്ടായി ഞാന്‍ കാണുന്നു. പിരിഞ്ഞിരിന്നപ്പോഴും മംഗല്യസൂത്രം എനിക്ക് ശക്തിയായിരുന്നു വിളക്കായിരുന്നു, അങ്ങയുടെ ആയുസ്സിനായി ഇതില്‍ പിടിച്ച് ഞാന്‍ ലക്ഷോപലക്ഷം മന്ത്രങ്ങള്‍ ഉരുവിട്ടു എന്ന വാക്കുകള്‍, നമ്മെ ഓര്‍മ്മിപ്പിക്കുന്നത്  ഭാരതസ്ത്രീതന്‍ ഭാവ ശുദ്ധിയേയാണ്. ഉണ്ണിയേട്ടന്‍റെ മരണശേഷം സഹോദരനായ അനിയേട്ടനാണ് മംഗല്യസൂത്രം തങ്കത്തിന് അയച്ചുകൊടുക്കുന്നത്.  മഗല്യസൂത്രം കണ്ടതുമുതല്‍ തങ്കം നായരുടെ തകര്‍ന്ന മനസ്സ് ആ യോഗിനിയെ ഒരു മാത്ര കാണുവാനായി കൊതിച്ചുകൊണ്ടിരുന്നു.


                                                 തങ്കം നായരിലൂടെ യാത്ര ചെയ്ത കഥ അതിന്‍റെ മൂര്‍ത്തീ ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ യോഗിനിയായ സുമിത്രാനന്ദയിലേക്ക് എത്തുന്നു.ശ്രാവണമാസത്തിലെ പൌര്‍ണ്ണമി നാളില്‍ പതിവില്ലാതെ ഇന്ദ്രിയങ്ങള്‍ കെട്ടുപൊട്ടിക്കുംപോലെ , ബോധമണ്ഡലം വിറകൊള്ളുന്നു  നിയന്ത്രണംവിട്ടപോലെ.വളരെനാള്‍ ഏകാന്ത തപം ചെയ്ത് ശക്തി നേടിയവരാണ്. തീര്‍ഥഘട്ടത്തില്‍ വന്നതില്‍ പിന്നെ ഒരു മാറ്റം വന്നപോലെ. ആശ്രമത്തിനടുത്തുനിന്നുള്ള ഉടജത്തില്‍ നിന്ന് ഒഴുകിയ സ്തോത്രാലാപം അവരെ ഭൂതകാലത്തിലേക്ക് കൂട്ടികൊണ്ട് പോയി, ഒരു സന്യസിനിക്ക്‌ പൂര്‍വ്വാശ്രമം ഇല്ല,എന്നാല്‍ ഓരോ പരമാണുവിലും അത് മുഴങ്ങുന്നു. ഈ ലോകത്തെ നിരസിക്കുന്നവര്‍ക്ക് പരലോകവും ഇല്ലാതാകും.കഴിഞ്ഞ കാലങ്ങളിലേക്ക് മനസ്സ് പായുന്നു.സമുദായത്തെ ഉദ്ധരിക്കാന്‍ , നാടിനെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടു ഇന്ന് എവിടെ നില്‍ക്കുന്നു. ലോകത്തിന്‍റെ മായകള്‍, സ്നേഹം പോലും  സ്വര്‍ഥമല്ലേ ? സകല ജീവജാലങ്ങളിലും അന്തര്‍ലീനമായ സൃഷ്ടിവാസനയെ വെറുക്കാന്‍ കഴിയുമോ അമ്മ എന്ന വാക്ക്.
അമ്മേ എന്ന് വിളിക്കുന്ന ഒരു കുട്ടിയെയെങ്കിലും കണ്ടിരുന്നുവെങ്കില്‍. അവര്‍ ഗംഗയില്‍ സ്നാനം നടത്തി അവര്‍ നെറ്റി നിലത്ത് മുട്ടിച്ച് ജഗദീശരനോട് പ്രാര്‍ത്ഥിച്ചു. സുമിത്രാനാന്ദയുടെ പര്‍ണ്ണശാല മറ്റ് സന്യസിനികളുടെ ആശ്രമത്തെക്കാളും വ്യത്യസ്തമായിരുന്നു. കെടാത്ത ഒരു അഗ്നികുണ്ഡം  ഉണ്ടായിരുന്നു അവരുടെ ധ്യനമുറിയില്‍, അവര്‍ക്ക് കിട്ടുന്ന പാരിതോഷികങ്ങളുടെ ഒരു പങ്ക് എപ്പോഴും അഗ്നിക്ക് കൊടുക്കുമായിരുന്നു.
അന്നതിന്‍റെ ഒരംശം വിശ്വജീവന് സമര്‍പ്പിക്കണം അഗ്നി വിശപ്പിന്‍റെ  പ്രതീകമാണ് ഇതാണ് അവരുടെ സങ്കല്പ്പം. യവനപുരാണത്തിലെ പ്രോമിത്യൂസിനെ കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഈ ഭാഗങ്ങളില്‍ എഴുത്തുകാരി നല്ല ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്.


                                  ശ്രാവണദിവസം പ്രഭാതം മാതാജി ഇന്ന് പാരണ വീടും, ഗ്രാമവാസികളെ ഇന്ന് കാണും, ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചു.യോഗിനിമാതാവ് ധ്യനത്തിലായിരുന്നു. കണ്ണ് തുറക്കുമ്പോള്‍ ഭക്തരുടെ ഉപഹാരം സ്വീകരിക്കുകയും കുറച്ച് അഗ്നിക്ക് നാല്കയുംബാക്കി വിതരണം ചെയ്യാന്‍ ശിഷ്യകളെ ഏല്പിച്ചു. പെട്ടെന്ന് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ഒരു സ്ത്രീ ബോധം കെട്ട് നിലത്ത് വീഴുന്നുണ്ടായിരുന്നു, അവര്‍ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു--എന്‍റെ ഏട്ടത്തിയമ്മ--ഏട്ടത്തിയമ്മ-----.അവര്‍ യോഗിനിയുടെ കൈയില്‍ പിടിച്ച് പറഞ്ഞു അങ്ങ് ദൂരെ കേരളത്തില്‍ എനിക്കൊരു ഗുരുവുണ്ടായിരുന്നു , എന്‍റെ അനന്തരാവകാശി ഒരു സ്ത്രീയാണ്, നിന്‍റെ മകളാണ് അതിന്‍റെ തുടര്‍ച്ച ദേവകി എന്നാണ് പേര്, ദേവകി പുത്രാ രക്ഷിക്കണേ എന്ന് പറഞ്ഞാണ് അദ്ദേഹം അന്തരിച്ചത്‌. സുമിത്രാനന്ദക്ക് ഒരു ഭാവമാറ്റവുമുണ്ടായില്ല, എന്നിട്ട് അവര്‍ മൊഴിഞ്ഞു സര്‍വ്വസംഗ പരിത്യാഗിയായ ഈ താപസിനിയെ എന്തിനാണ് പിന്തുടരുന്നത് ? ആ സ്ത്രീ തന്‍റെ കൈസഞ്ചി തുറന്ന് ഒരു പൊതിയെടുത്തു , ഇത് എന്‍റെ കുട്ടിക്ക് ഗുരു സമ്മാനമായി നല്‍കിയതാണ് , ദുഖകരമായ നെടുമംഗല്യത്തിന്‍റെ മുദ്രയുണ്ടിതില്‍ ത്രിക്കൈകൊണ്ട് അനുഗ്രഹിക്കയോ തിരസ്കരിക്കയോ ചെയ്താലും. യോഗിനിമാതാവ് പൊതി തുറന്നു മുഷിഞ്ഞ നൂലില്‍ കോര്‍ത്ത ചെറുതാലിയായിരുന്നു. അവര്‍ അതിനെ അഗ്നികുണ്ഡത്തില്‍ എറിഞ്ഞു. അതിനുശേഷം അവര്‍ അതെടുത്ത് കുട്ടിയുടെ കൈയില്‍ കൊടുത്തു കുട്ടീ ഉരുക്കി ഇനി നിന്‍റെ തലമുറയ്ക്ക് ഇഷ്ടമുള്ളത് പണിയൂ, ഒരിക്കലും ഇതിന്‍റെ മാറ്റ് കുറക്കരുത്--

                                                 യോഗിനിമാതാവിന്‍റെ കണ്ണുകള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു, ബ്രഹ്മത്തില്‍ ലയിച്ചപോലെ, ഉയരത്തിലേക്ക് പറക്കാന്‍ പോകുന്ന മാലാഖയെപ്പോലെ ,  ഈ സമയത്ത് തീര്‍ഥാടകരുടെ നടുവില്‍ നിന്ന് ഒരു മാന്യന്‍ മുന്നോട്ട് വന്ന്, സാഷ്ടാംഗം പ്രണമിച്ച്‌ വിളിച്ചു പറഞ്ഞു അമ്മേ തിരിച്ചു വരൂ അമ്മേ തിരിച്ചു വരൂ ഞാനിതാ വന്നിരിക്കുന്നു, മാതാജി ആകാശത്തില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ചു അവന്‍റെ ശിരസ്സില്‍ തലോടി ശിഷ്യനല്ല, ആരാധകനല്ല സാക്ഷാല്‍ മകന്‍---മകനെ എന്‍റെ മകനെ -അമ്മേ എന്ന വിളികളാല്‍ മുഴങ്ങിയവിടം--ചരാചരങ്ങള്‍ മുഴുവന്‍ കേട്ടിരിക്കണം തപസ്സിന്‍റെ അന്ത്യം.-----


മരുപ്പച്ച