2017, ജൂലൈ 24, തിങ്കളാഴ്‌ച

നിക്കോസ് കസന്ദ്‌സക്കിസ്-സെയ്ന്‍റ് ഫ്രാന്‍സിസ്-വിവര്‍ത്തനം തോമസ്‌ മറ്റം.


                     
മലയാളസാഹിത്യത്തിലെ  മെഗാസ്റ്റാറുകളായാ ഡോ. ലീലാവതി, പ്രോഫ കെ പി അപ്പന്‍, സച്ചിദാനന്ദന്‍, എന്നിവര്‍ ഒരുമിച്ചു ഒരു പുസ്തകത്തെ മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കുക, മാത്രമല്ല അക്ഷരലോകത്തെ കുലപതികളായ പത്തോളം പേര്‍ ഒരു പുസ്തകത്തിന്‌ ആസ്വാദനം എഴുതുക , എല്ലാം ഒരു പുസ്തകത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന പ്രതിഭാസം,  തത്വചിന്തകന്മാര്‍ക്കും ബുദ്ധിരാക്ഷസന്മാര്‍ക്കും പിറവി കൊടുത്തിട്ടുള്ള മണ്ണാണല്ലോ ഗ്രീക്ക്. മഹാകവിയും പുരോഗമന രാഷ്ട്രീയ തല്പരനുമായ കസന്ദ്സാക്കിസ് വര്‍ത്തമാനകാലത്തും സമൂഹമനസ്സില്‍ കത്തിനില്ക്കുന്നുവെങ്കില്‍ വൈവിധ്യവും, വൈരുദ്ധ്യവും നിറഞ്ഞ ദാര്‍ശനികവും രാഷ്ട്രീയവുംആത്മീയവുമായ തന്‍റെ ദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തിലും കാലഹരണപ്പെട്ടിട്ടില്ല, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രസക്തിയേറുന്നു എന്നതുതന്നെ. ചാട്ടവാറടിയേറ്റ് തലയില്‍ മുള്‍മുടി ചൂടി മരക്കുരിശേന്തിയ യേശുവില്‍ നിന്ന് അകന്ന് സ്വര്‍ണ്ണക്കുരിശും ആര്‍ഭാട ജീവിതവുമായി   അനുയായികള്‍ അകന്ന ,12-ആം നൂറ്റാണ്ടില്‍ രണ്ടാം ക്രിസ്തുവായി  ദാരദ്ര്യത്തെ തന്‍റെ മണവാട്ടിയായി പുണര്‍ന്ന മണ്ണിനേയും മനുഷ്യനേയും ഷഡ്പദങ്ങളേയും സസ്യജലാദികളേയും സ്നേഹിച്ച പുണ്ണ്യവാനായ ഫ്രാന്‍സിസ്  അസ്സിസിയിലൂടെ നടക്കുകയാണ് കസന്ദ്സാക്കിസ്.
ഫ്രാന്‍സിസ് അസ്സിയുടെ ജീവിതം  ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്തമാണെന്ന് തീരുമാനിക്കേണ്ടത് അനുവാചകര്‍ക്ക് വിടുന്നു.
 പ്രലോഭനങ്ങളില്‍ നിന്ന് രക്ഷ നേടുവാന്‍ കഴിയുമോ എന്നറിയാനായി മാസിഡോണിയയിലെ മലഞ്ചരുവില്‍ ഒരു ആശ്രമത്തില്‍ സ്ത്രീകള്‍ എന്നല്ല,
ആ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷിമൃഗാദികളില്‍നിന്ന് പോലും അകന്ന് ഇന്ദ്രിയങ്ങളെ അടക്കി സന്യാസം അനുഷ്ടിക്കാന്‍ ശ്രമിച്ച കസന്ദ് സാക്കിസ്, തന്‍റെ കാമാസക്തികളെ കൂട്ടാനേ ആ ശ്രമം ഉപകരിച്ചുള്ളൂവെന്ന് മനസ്സിലാക്കുന്നു.
താന്‍ പരാജപ്പെട്ടയിടത്ത്ജയിച്ച അസ്സിസിയിലൂടെ സാക്കിസ് കടന്നുപോകുമ്പോള്‍ ആ എഴുത്തിന് നൈര്‍മല്യത കൂടുന്നു.താനല്ല ഫ്രാന്‍സിസിനെ പോലെ പത്തുപേരാണ് റഷ്യക്ക് ആവശ്യമെന്ന് ലെനിന്‍ പറഞ്ഞതായി ഇതില്‍ പ്രതിപാദിക്കുന്നു.ഔപനിഷദതേജസ്സില്‍ നിന്നുരുവായ അത്ഭുതതേജസ്സായിട്ടാണ് ഫ്രാന്‍സിസിനെ ഡോ. ലീലാവതി പറയുക.ഭാരിച്ച ആത്മീയ സാന്നിധ്യം ആവശ്യമായ പുസ്തകമാണിതെന്ന്‍ കെ പി അപ്പനും, അള്‍ത്താരയിലെ ദിവ്യഗ്നിയില്‍ സ്വയമര്‍പ്പിച്ച ഹവിസാണ് ഫ്രാന്‍സിസെന്ന്, ഓ ന്‍ വി കുറുപ്പും,ഈ പുസ്തകം എന്‍റെ ഉറക്കം കെടുത്തിയെന്നും ഈ മൊഴിമാറ്റം ഒരു ഈശ്വരാരാധനയെന്നും മലയാളിയുടെ കവയത്രി സുഗതകുമാരി അഭിപ്രായപ്പെടുന്നു. ഈ മൊഴിമാറ്റം കൈരളിക്ക്‌ അമൂല്യമായ ഒരു കണ്ഠഭരണമായി കമ്മുണിസ്റ്റ്‌ സൈദ്ധാന്തികനായ ഗോവിന്ദന്‍പിള്ളയും, മനസ്സ് കലുഷിതമാകുമ്പോള്‍ ഓരോ മലയാളിയും ഈ പുസ്തകം കൈയ്യിലെടുക്കട്ടെയെന്ന്‍ മയ്യഴിപ്പുഴയുടെ സ്വന്തം എം-മുകുന്ദനും പറയുന്നു.


                                                 ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന ലിയോയിലൂടെയാണ് ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. അസ്സിസ്സി നഗരത്തിലെത്തിയ ലിയോക്ക് പറുദീസയിലെത്തിയ പ്രതീതിയായിരുന്നു .ജോര്‍ജിയ തെരുവിലെങ്ങും പൂക്കളുടെ പരിമളവും, പൊരിച്ച മാംസത്തിന്‍റെ മണവും, പലരുടെയും നേരെ കൈനീട്ടി ഭിക്ഷക്കായി, പരിഹാസമായിരുന്നു മറുപടി. അതില്‍ ഒരാള്‍ പറഞ്ഞു ബെര്‍ണാദീനോയുടെ മകന്‍ ഫ്രാന്‍സിസാണ്, നിനക്ക് ഭിക്ഷ തരിക സമ്പത്ത്  മുഴുവന്‍ നശിപ്പിച്ചവന്‍. അര്‍ദ്ധരാത്രി മെത്രാസനമന്ദിരത്തിത്തിന്‍റെ സമീപം  ഗിത്താറിന്‍റെയും പുല്ലാങ്കുഴലിന്‍റെയും ശബ്ദം, സ്കിഫി പ്രഭുവിന്‍റെ  മന്ദിരത്തിന് വെളിയിലാണ് പാട്ടും മേളവും ഉയരം കുറഞ്ഞ് തൊപ്പിയില്‍ തൊങ്ങല്‍ പിടിപ്പിച്ച് മനോഹരമായി, പ്രണയാര്‍ദ്രമായി പാടുന്നവന്‍, അവന്‍റെ ശ്രദ്ധ മുഴുവന്‍ സ്കിഫി പ്രഭുവിന്‍റെ മന്ദിരത്തിലെ ജാലകത്തിലേക്കാണ്, കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു ഫ്രാന്‍സിസ് ഇന്നിനി അവള്‍ ജാലകം തുറന്ന് നിനക്ക് റോസാപൂവ് തരുമെന്ന് തോന്നുന്നില്ല നമുക്ക് പോകാം---. ഒരിക്കല്‍ ഫ്രാന്‍സിസിന്‍റെ പ്രണയ തീരത്ത് പറന്നു നടന്നവള്‍. പിന്നെ ആധ്യാത്മികതയുടെ ഉത്തുംഗതയില്‍ ഫ്രാന്‍സിസ് എത്തിയപ്പോള്‍ ലൗകീകജീവിതം വെടിഞ്ഞ്  ഫ്രാന്‍സിസിനെ അനുധാവനം ചെയ്തവള്‍ അവള്‍ക്ക് വേണ്ടിയാണ് ഫ്രാന്‍സിസ് പാടിയത്----വിശുദ്ധയായ ക്ലാരാ. ഇത് ഫ്രാന്‍സിസ്,  വിശുദ്ധ  ഫ്രാന്‍സിസ് ആകുന്നതിന് മുമ്പുള്ള ജീവിതം-------.

                                                   പോര്‍സുങ്കലായുടെ ഉമ്മറപ്പടിയിരിക്കുന്ന ഫ്രാന്‍സിസിനെ തേടിയെത്തി, ബര്‍ണനീത്ത പ്രഭുവിന്‍റെ മകന്‍ വിശുദ്ധ ഫ്രാന്‍സിസ് എവിടെയാണ്,  സ്വയം വെളിപ്പെടുത്താതെ ഫ്രാന്‍സിസ് ലിയോയെ  കൂടെ കൂട്ടി കിടക്കാന്‍ ഇടം കൊടുത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാമിനികളോടൊപ്പം ആടി പാടി നടന്ന ഫ്രാന്‍സിസല്ലയിത്. നേരം പുലര്‍ന്നു സാന്ടുഫിനോ പള്ളിയിലെ കുര്‍ബാന സമയം ലിയോ ഭിക്ഷ യാചിക്കാനായി അങ്ങോട്ട്‌ പോയി, പള്ളിയില്‍ നിന്ന് ബര്‍ണനീത്തയും ഭാര്യ പിക്കാപ്രഭ്വിയും ലിയോ കൈകള്‍ നീട്ടി , പോയി എന്തെങ്കിലും പണി ചെയ്തുകൂടെയെന്നാണ് ഉത്തരം കിട്ടിയത്. അതാണ്‌ ഫ്രാന്‍സിസിന്‍റെ പിതാവ്.സെപ്റ്റംബര്‍- 23 - പള്ളിയില്‍ മണിയടിക്കുന്നു ഇന്ന് ദാമിയാനോ പുണ്യാളന്‍റെ തിരുനാളാണ്.കഴിഞ്ഞ രാത്രിയില്‍ ഫ്രാന്‍സിസ് വിശുദ്ധ ദാമിയാനെ സ്വപ്നം കാണുന്നു, കീറിയ വസ്ത്രവും നഗ്നപാദനായി ഊന്നുവടിയും താങ്ങി, ഫ്രാന്‍സിസിനോട് ചോദിച്ചു, സഭ അപകടത്തിലായ കാര്യം നീയറിഞ്ഞില്ലേ നിന്‍റെ കരത്താലെ അതിനെ താങ്ങി നിര്‍ത്തൂ.ലിയോയേയും കൂട്ടി സമതലങ്ങള്‍ താണ്ടി ദേവാലയത്തിലെത്തി, പക്ഷികള്‍ കൂട് കൂട്ടിയും ഭിത്തികല്‍ പൊളിഞ്ഞും കിടക്കുന്നു. അടുത്തായി മൂന്ന് പെണ്‍കുട്ടികള്‍ അവര്‍ കളിക്കാന്‍ വന്നതാണിവിടെ അതില്‍ മൂത്ത കുട്ടിയെ ഫ്രാന്‍സിസിന് നല്ല പരിചയം മുന്‍പ് അവളുടെ വീടിന്‍റെ ജാലകം നോക്കി പാട്ട് പാടി നടന്നിട്ടുണ്ട് അതാണ്‌ ക്ലാര.ഇന്ന് അവളുമായി സംസാരിക്കാന്‍ അയാള്‍ക്ക് ഇഷ്ടമില്ല, ക്ലാരയെ ഒഴിവാക്കി ഫ്രാന്‍സിസ് ദൗത്യത്തിലേക്ക് നീങ്ങുന്നു.ഇടിഞ്ഞ പള്ളിയുടെ പണി രണ്ടുപേരും ചേര്‍ന്ന് തുടങ്ങി, അന്തോണിയച്ചന്‍ അവര്‍ക്ക് കഴിക്കാന്‍ ആഹാരം കൊടുത്തു,
പര്യടനം കഴിഞ്ഞുവന്ന ബര്‍ണനീത്തോ പ്രഭുവിന് തന്‍റെ മകനിലുണ്ടായ മാറ്റം അംഗീകരിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം സാന്‍ ദാമിയാനോയിലെത്തി മകന്‍റെ കവിളില്‍ തല്ലി, അടികൊണ്ട ഫ്രാന്‍സിസ് പിതാവിനോട് പറഞ്ഞു മറ്റേ കവിളില്‍ കൂടി അടിക്കൂ---.


                                                        അന്ന് രാത്രി ഫ്രാന്‍സിസ് ഭവനത്തില്‍ പോയില്ല അടുത്തുള്ള ഒരു ഗുഹയില്‍ കഴിഞ്ഞു. രാത്രിയില്‍ ഇടിനാദം പോലെ കര്‍ത്താവിന്‍റെ സ്വരം ഫ്രാന്‍സിസ് നിന്‍റെ നഗരമായ അസ്സിസിയില്‍ പോകാമോ
എല്ലാപേരുടെയും മുന്നില്‍ എന്‍റെ നാമത്തെപ്രതി നിനക്ക് പാടാനും നൃത്തം ചെയ്യാനും കഴിയുമോ. ഫ്രാന്‍സിസ് ലിയോയുടെ എതിര്‍പ്പ്പോലും വകവയ്ക്കാതെ ആടാനും പാടാനും തുടങ്ങി, വിളിച്ചു കൂകി തെരുവിലെ കൂടിയവരോട്‌ ഒരു കല്ലേറിന് ഒരു അനുഗ്രഹം പത്ത് കല്ലേറിന് പത്തനുഗ്രഹം, കൂടിയവര്‍ കല്ലെറിയാന്‍ തുടങ്ങി ,ഉന്മത്തനായി ഒലിച്ച രക്തവുമായി ആടിതിമിര്‍ക്കുന്ന ഫ്രാന്‍സിസിനെ നോക്കി മട്ടുപ്പാവില്‍ ഹൃദയം തകര്‍ന്ന് ക്ലാര നില്ക്കുന്നുണ്ടായിരുന്നു.എല്ലാം കണ്ടിരുന്ന ബര്‍ണനീത്തോ പ്രഭു പരാതിയുമായി ബിഷപ്പിന്‍റെയടുത്ത് എത്തുന്നു. എല്ലാം ധൂര്‍ത്തടിച്ച മകനെ പിതാവ് തള്ളിപ്പറയുന്നു.പിതാവ് നല്കിയ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഊരി ഫ്രാന്‍സിസ് നഗ്നനാകുന്നു. ആ വസ്ത്രമെടുത്ത്ബര്‍ണനീത്തോ  നടക്കുന്നു.ബിഷപ്പ് പുറത്തിറങ്ങി തോട്ടക്കാരനില്‍ നിന്ന് ഒരു പഴകിയ വസ്ത്രം വാങ്ങി ഫ്രാന്‍സിസിന്‍റെ നഗ്നത മറച്ചു.വഴിയില്‍ കിട്ടിയ ഒരു മണിയും കിലുക്കി തെരുവില്‍ പാടി നടന്നു  മനുഷ്യരേയും പക്ഷികളേയും,വൃക്ഷങ്ങളെയും സര്‍വ്വോപരി ഭൂമിയേയും സ്നേഹിക്കണം.ഒരിക്കല്‍ സ്വപ്നത്തിലൂടെ ഫ്രാന്‍സിസിന് ഒരു സന്ദേശം കര്‍ത്താവില്‍ നിന്നുണ്ടായി, എഴുന്നേറ്റ് യാത്ര തുടരുക നിന്‍റെ വഴിയില്‍ ഞാന്‍ ഒരു കുഷ്ടരോഗിയെ അയക്കും നീ അവനെ കെട്ടിപ്പിടിക്കണം. ഫ്രാന്‍സിസ് നടന്നു, മുന്നില്‍ ഒരു മണികിലുക്കം ഒരു കുഷ്ടരോഗി, രണ്ട് കയ്യും വിരിച്ചുപിടിച്ച് മൂക്ക് പോലും ദ്രവിച്ച ആ രോഗിയെ ചുംബിക്കാന്‍ തുടങ്ങി ചുംബിക്കുന്ന ഓരോരോ മുറിവും അപ്രത്യക്ഷമായി, ഫ്രാന്‍സിസ് നിലത്തുകിടന്ന്‍ നിലവിളിച്ചു അത് ക്രിസ്തുവായിരുന്നല്ലോ-! ഫ്രാന്‍സിന്‍റെ ഈ അവസ്ഥ നീറിയ ഹൃദയവുമായാണ്‌ ക്ലാര കാണുക. പ്രണയത്തെ നിരസിക്കുന്നവന്‍ ദൈവ വിരോധിയാണ്‌ ക്ലാരയുടെ വാക്കുകളാണ്, ഇതൊന്നും ഫ്രാന്‍സിന്‍റെ യാത്രക്ക് തടസമല്ലായിരുന്നു. ഒരിക്കല്‍ ബര്‍ണാഡ് എന്ന മനുഷ്യന്‍ ഫ്രാന്‍സിസിനെ പരീക്ഷിക്കാനായി തന്‍റെ വീട്ടില്‍ ക്ഷണിച്ചു, ഫ്രാന്‍സിസ് സംസാരിക്കുമ്പോള്‍ ആ ഭവനത്തില്‍ ഒരു ദിവ്യപ്രകാശം പരക്കുന്നതായി കണ്ടു.പരീക്ഷണം മാനസാന്തരത്തിലേക്ക് മാറി.
വലിയ ഒരു വസ്ത്രവ്യാപാരിയായിരുന്ന അദ്ദേഹം തന്‍റെ വസ്ത്രക്കെട്ടുകള്‍ എല്ലാം പാവപ്പെട്ടവക്കായി തുറന്ന് കൊടുത്തിട്ട് ഫ്രാന്‍സിസിനെ അനുധാവനം ചെയ്തു.


                                         
                                                                ഒരു  പ്രകൃതി സ്നേഹിക്ക്  മാത്രമേ ദൈവത്തെ സ്നേഹിക്കാന്‍ കഴിയൂവെന്ന് ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ കഴിയുംവിധമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. മരച്ചില്ലയിലിരിക്കുന്ന പക്ഷിയെ നോക്കി സോദരിമാരെ പക്ഷികളെയെന്ന്‍ വിളിക്കാനും, കൂടെ കൂടുന്ന മാടപ്രവുകള്‍ക്ക് തന്‍റെ തോളില്‍ ഇരിക്കാന്‍ ഇടം കൊടുക്കുകയും സായന്തനത്തില്‍ കുരിവികളെ കുരിശ് വരച്ച് ഉറങ്ങാന്‍ കൂട്ടിലേക്ക് അയക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് ഇന്നിന്‍റെ കാലഘട്ടത്തില്‍ അനിവാര്യമായ ഒരു ഉത്തരമാണ്. കുരിശുയുദ്ധം നടക്കുമ്പോള്‍, യുദ്ധത്തിനെതിരെ പ്രതികരിക്കാനും സുല്‍ത്താനെ പോയി കാണാനും കാണിച്ച ധൈര്യവും, യുദ്ധം ക്രിസ്തുതത്വശാസ്ത്രത്തിന് എതിരാണെന്നുള്ള വിലയിരുത്തലും ഫ്രാന്‍സിസിന്‍റെ തേജസ്സ് ഉയര്‍ത്തിക്കാട്ടുന്നു.എന്നും ഹൃദയത്തില്‍ ഫ്രാന്‍സിസിന് മാത്രം ഇടം കൊടുത്തിരുന്ന ക്ലാര തന്‍റെ ജീവിതം സന്യാസത്തിലേക്ക് മാറ്റുന്നു. ഈ ലോകവുമായി ബന്ധപ്പെട്ടിരുന്ന അവളുടെ കബനീഭാരം എന്നേക്കുമായി മുറിച്ചുമാറ്റി, കറുത്ത വസ്ത്രമണിഞ്ഞ്‌ സിസ്റ്റര്‍ ക്ലാരയായി. ഒരിക്കല്‍ ഫാദര്‍ സില്‍വസ്റ്റര്‍  ഫ്രാന്‍സിസിനെ കാണാനെത്തി, അങ്ങ് സാന്‍ ദാമിയാനില്‍ ചെല്ലണം അവിടത്തെ ദിവ്യവചസ്സുകള്‍ കേള്‍ക്കാന്‍ ക്ലാര കാതോര്‍ത്തിരിക്കുന്നു. ഫ്രാന്‍സിസിന്‍റെ മറുപടിയിതായിരുന്നു, പോര്‍സുങ്കാലായില്‍ നിന്ന് സാന്‍ ദാമിയാനിലേക്കുള്ള വഴിയിലേക്ക്  ധവളപുഷ്പങ്ങള്‍  വിരിയുന്ന കാലത്ത് ഞാന്‍ വരാം. അതായത് ഒരിക്കലും പോകില്ലയെന്നല്ലേ ?. അടുത്തദിവസം സില്‍വസ്റ്റര്‍ അച്ഛന് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, വഴിക്കിരുപുറവും ധവളപുഷ്പങ്ങള്‍. ക്ലാരയുടെ മഠത്തിലെത്തിയ ഫ്രാന്‍സിന്‍റെ പ്രഘോഷണസമയത്ത് മഠത്തിന്‍റെ കൂരയ്ക്ക് തീ പിടിച്ച പോലെ എല്ലാപേര്‍ക്കും അനുഭവപ്പെട്ടു. തിരികെ പോകാന്‍ ഇറങ്ങിയ ഫ്രാന്‍സിസിനോട്    സന്യാസിനികള്‍ എന്ത് സമ്മാനം
വേണമെന്ന് ചോദിച്ചു, ദാരിദ്ര്യത്തെ  മണവാട്ടിയാക്കിയ ഫ്രാന്‍സിസിസിന് വേണ്ടത്, നിങ്ങള്‍ കാണുന്ന ഭിക്ഷക്കാരില്‍ നിന്നെല്ലാം കുറച്ച് കീറിയ പഴയതുണി വാങ്ങി എനിക്കൊരു കുപ്പായം ഉണ്ടാക്കിത്തരിക ----. ഇന്നത്തെ ക്രിസ്ത്യാനിക്ക് കൈമോശം വന്ന ചില ചിന്തകള്‍-----.
                                                             

                                                                   യാദനയും ക്ലേശവും സ്വയംപീഡനവും ഏറ്റുവാങ്ങി ഫ്രാന്‍സിസ്, ഒരിക്കല്‍ ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങള്‍ തന്‍റെ ശരീരത്തില്‍ പേറി, വിശുദ്ധന്‍റെ കരസ്പര്‍ശനത്തിനായി ദിനംപ്രതി ആള്‍ക്കാര്‍ കൂടി. ഫ്രാന്‍സിസിന്‍റെ അമ്മയായ പിക്കാ പ്രഭി മുടി മുറിച്ചു തന്‍റെ  സമ്പത്ത് പാവപ്പെട്ടവര്‍ക്ക് കൊടുത്തശേഷം സിസ്റ്റര്‍ പിക്ക ആയി.ദിനംപ്രതി ഫ്രാന്‍സിസിന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ആ വര്‍ഷം ക്രിസ്തുമസ്സ് വെള്ളിയാഴ്ചയായിരുന്നു. മുറ്റത്ത്‌ നമ്മുടെ സഹോദരരായ പക്ഷികള്‍ക്ക് ധാന്യം വിതരണമെന്നും കാലികളെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്, നല്ല ആഹാരം നല്കണമെന്നും ഫ്രാന്‍സിസ് നിഷ്കര്‍ഷിച്ചു. തന്‍റെ ഗുഹയില്‍ പുല്കൂടോരുക്കി കുര്‍ബാന നടത്തുമ്പോള്‍ അവിടെ ഒരു ദിവ്യപ്രകാശമുണ്ടായി.  പുല്ക്കൂടിന്‍റെ മഹത്വം എന്താണെന്നും, എങ്ങനെയാകണമെന്നും, ഒന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും, പ്രത്യകിച്ച് ക്രിസ്തുമസ് പോലും വാണിജ്യവല്കരിക്കപ്പെട്ട സമയത്ത്. ഫ്രാന്‍സിസിന്‍റെ ആരോഗ്യം ക്ഷയിച്ചു, എന്തും സംഭവിക്കാം, കൂടെ സിസ്റ്റര്‍ പിക്കായും ക്ലാരയും ലിയോയും, സുഹൃത്തുക്കളും, സഹോദരി മരണമേ വന്നാലും എന്നെ നിത്യ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നവളെ സ്വഗതം-----എന്ന വാക്കുകള്‍ ചൊല്ലി----------ആ പക്ഷി പറന്നു -പറന്നു -പോയി, അപ്പോഴും കുരുവികള്‍ വിലാപത്താല്‍ ഗാനം പൊഴിക്കുന്നുണ്ടായിരുന്നു--


മരുപ്പച്ച-.










                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ