2017, ജൂലൈ 8, ശനിയാഴ്‌ച

അച്ഛനും-മകളും-കഥ

 
                       
വസന്തം പൂക്കള്‍ വര്‍ഷിച്ച സമയം മരുതും തേമ്പാവും കാട്ടുപൂക്കളും
നിറഞ്ഞ ഗ്രാമം, സുധാകരന് അന്ന് മനസ്സിനും പൂക്കാലമായിരുന്നു
സുധാകരന്‍ ഒരച്ഛന്‍ ആയ ദിവസം, മനസ്സില്‍ വിരിഞ്ഞ സന്തോഷത്തിന്
കൂട്ടായി പ്രകൃതിയും പൂക്കളമൊരുങ്ങി, അതങ്ങനെയാണല്ലോ കളങ്കമില്ലാത്ത
മനസ്സുകള്‍ക്ക് പ്രകൃതിയും കൂട്ടായിരിക്കും.കുഞ്ഞിന് മാലതിയെന്ന്‍ പേരിട്ടു
നല്ല ഒരു പിതാവ് ആയത്കൊണ്ടാകാം അച്ഛനും മകളും തമ്മിലുള്ള ബന്ധം
പാറപോലെയുറച്ചതും തേന്‍പോലെമധുരവും ആയിരുന്നു. കൂലിപ്പണിക്കാരനായിരുന്ന സുധാകരന്‍റെ ജീവിതം വളരെ സന്തോഷപൂര്‍ണ്ണമായിരുന്നു, ഭൂമിയില്‍ അത്യാഗ്രഹം ഇല്ലാത്തവരുടെ മനസ്സ് എന്നും ശാന്തിയുടെ വിളനിലമായിരിക്കുമല്ലോ !. മാലതിയെ നാട്ടിന്‍പുറത്തെ പള്ളിക്കൂടത്തിലാക്കി, വിദ്യാഭ്യാസം പട്ടണത്തിലായാലെ വിദ്യ നേടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. പഠിക്കാന്‍ വളരെ മിടുക്കിയായിരുന്നു മാലതി അധ്യാപകരുടെ കണ്ണിലുണ്ണി.
സന്തോഷപൂര്‍ണ്ണമായി കഴിഞ്ഞിരുന്ന അവരുടെ ജീവിതം നാട്ടില്‍പുറത്തുകാര്‍ക്കിടയില്‍ അസൂയപോലുമുണ്ടാക്കി, അത് മനുഷ്യസഹജമാണല്ലോ !.മാലതിയുടെ അമ്മ അടുത്തുള്ള ഒരു ഖാദി യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്, ജോലി ഉണ്ടെന്ന് പറയാം, അല്ലെങ്കില്‍ത്തന്നെ ഖാദിയൊക്കെ ആര്‍ക്കാ വേണ്ടത്, അത് ആ ഗാന്ധിജിക്ക് ഉള്ളതല്ലേ, അല്ലെങ്കില്‍ ഇനിയൊരു സ്വതന്ത്ര്യസമരം ഉണ്ടാകണം. മാലതിയുടെ അമ്മയുടെ പേര് പറഞ്ഞില്ലല്ലോ, സുഭദ്ര എന്നാണ് ട്ടോ. ആയിടക്കാണ്‌ സുഭദ്രക്ക്
ഒരു പനി തുടങ്ങി, ഒത്തിരി ചികിത്സകള്‍ക്കുശേഷവും രോഗം മാറിയില്ല, അവസാനം പട്ടണത്തിലെ ആശുപത്രിയില്‍ പോകേണ്ടിവന്നു. അവസാനം രോഗം കണ്ടുപിടിച്ചു, അപ്പോഴേക്കും സമയം വൈകിപോയിരുന്നു. ആ കുടുംബത്തിന്‍റെ  സന്തോഷം കെട്ടുപോകാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ?
ജീവിതം അങ്ങനെയാണല്ലോ , സന്തോഷം കൂടിയാല്‍ അവിടെ സങ്കടം പരത്താന്‍
ദൗര്‍ഭാഗ്യവും വരുമല്ലോ. ഏറെ താമസിയാതെ സുഭദ്ര ഈ ലോകത്തോട് വിട പറഞ്ഞു.അമ്മയുടെ രോഗവും, ആശുപത്രിയില്‍ പോലും കണ്ട വലിപ്പച്ചെറുപ്പവുമാകാം ആതുരസേവനത്തിലേക്ക് മാലതിയെ ആകര്‍ഷിച്ചത്. നന്മ ചെയ്യാനുള്ള തിടുക്കം, സേവനമനോഭാവം അങ്ങനെ പലതും.സാമ്പത്തികമായി ഒത്തിരി കഷ്ടപ്പെട്ടിട്ട് ആണെങ്കില്‍ പോലും സുധാകരന്‍ മകളെ നഴ്സിംഗ് പഠിക്കാന്‍ അയച്ചു. സുഭദ്രയുടെ മരണശേഷം ഏതാണ്ട് ഒറ്റപ്പെട്ടപോലെയായി സുധാകരന്‍. ഇന്നത്തെ കാലത്ത് ഒറ്റപ്പെട്ടവര്‍ക്ക് ആശ്വാസം മദ്യമാണല്ലോ ?. അല്ല എന്ത്കൊണ്ട് ഒരാള്‍ മദ്യപിക്കുന്നുവെന്ന് ആരും ചോദിക്കാറുമില്ല, സ്വന്തം കാര്യം മാത്രം  നോക്കുന്ന
സമൂഹത്തിന് അതിന്‍റെ ആവശ്യമില്ലല്ലോ ? ഓരോ ദിവസം കഴിയുംതോറും സുധാകരന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി മാലതി തിരിച്ചെത്തി, മിടുക്കിയായത്‌ കൊണ്ടാകാം പഠിച്ച സ്ഥാപനത്തില്‍ തന്നെ അവള്‍ക്ക് ജോലിയായി, മുങ്ങികൊണ്ടിരിക്കുന്ന വഞ്ചിക്ക് കിട്ടിയ ചെറിയ താങ്ങായിരുന്നു അത്. സുധാകരന്‍റെ ആരോഗ്യനില മോശമായി തുടങ്ങി, മദ്യപാനം അങ്ങനെയാണല്ലോ കുറേശേ കൊല്ലൂ, നിശബ്ദമായി. സുധാകരന് ഇനി ഒരാഗ്രഹമേയുള്ളൂ, മകളെ സുരക്ഷിതമായി ഒരാളെ ഏല്പ്പിക്കുക. നല്ല മനസ്സുകള്‍ക്ക് ദൈവം നന്മയേ വരുത്തൂ, മാലതിയെ അറിയുന്ന ഒരാളുമായി  അവളുടെ ഇഷ്ടപ്രകാരം വിവാഹം നടന്നു. ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ അന്ന് സന്തോഷിച്ചത്‌ സുധാകരന്‍ ആയിരിക്കും. ആഴ്ചകള്‍ക്ക് ശേഷം പെട്ടന്നായിരുന്നു സുധാകരന് ഒരു മോഹാലസ്യം ഉണ്ടായി, മാലതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു, കരളിനെ ബാധിച്ച രോഗം സൗഖ്യമാകുക എന്നത് ഒരു മരീചിക ആയിരുന്നു. മാലതിയുടെ തോളത്ത് ചാരിയിരുന്നു സുധാകരന്‍ ഈ ലോകം വിട്ടുപോയപ്പോള്‍, ചിലപ്പോള്‍ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെന്ന അച്ഛനും മകളും ഇവര്‍ ആയിരിക്കും-----.


മരുപ്പച്ച















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ