2017, ഡിസംബർ 14, വ്യാഴാഴ്‌ച

ദേശീയത

           
എന്‍റെ യെന്‍റെ മാത്രമെന്ന് ചൊല്ലി
എന്നിലേയ്ക്ക് ചുരുങ്ങും ജന്മമല്ല
ദേശബോധമെന്നോര്‍ക്കുക മനുജാ !

ജന്മദേശംമാത്രമല്ല നിന്‍റെ ദേശം
ലോകമേയെന്‍ തറവാടെന്ന്
ആര്‍ത്തുഘോഷിക്കുക നീ

വിപ്ലവത്തിനാരവമുയരുമ്പോള്‍
ചെഗുവേരയ്ക്ക് കൂട്ടാളിയായി
അഹിംസയ്ക്ക് കൂട്ടു കൂടുമ്പോള്‍
ഭാരതത്തിനാത്മാവ് തേടും ഞാന്‍

കറുത്തവനെ ചവിട്ടിയരയ്ക്കുമ്പോള്‍
ഞാനൊരാഫ്രിക്കക്കാരന്‍
തത്വചിന്തക്കിടം തേടുമ്പോള്‍
ഞാനൊരു ഗ്രീക്കുകാരന്‍


ഭാഷദേശ ഭേദമില്ല യക്ഷരത്തിന്
കാവ്യങ്ങള്‍ ചൊല്ലുവാന്‍ മടിയില്ല           
എഴുതിയതാരെന്നറിയില്ല
പാടിയാതാരെന്നറിയില്ല
മന്വന്തരങ്ങള്‍ താലോലിക്കുന്നു
ദേശമേതന്നറിയാതെ--!

കലകള്‍ വിടര്‍ത്തിയ നാടോടികള്‍
ദേശമില്ലാത്ത ദേശവാസികള്‍
കരുണയാണവരുടെ  ദേശബോധം
സ്നേഹമാണവരുടെ വര്‍ഗ്ഗമുദ്ര


യുദ്ധഭൂമിയിലെങ്ങും
പരാജിതന്‍ പക്ഷം
പൊരിയുന്ന വയറിന്
ചെറുവിരല്‍ സാന്ത്വനം
അതാണെന്‍റെ ദേശവാദം---

മരുപ്പച്ച








2017, ഡിസംബർ 8, വെള്ളിയാഴ്‌ച

പ്രകൃതി -ചൂഷണം

ആഴക്കടലില്‍ ജീവന്‍ തേടുമ്പോള്‍
ആരറിയുന്നു ഏകാന്തവേദന
കാണാക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍
കുഞ്ഞുകുരുന്നിലായ് പ്രതീക്ഷകള്‍

താതനെ തേടുന്ന കുഞ്ഞിന്‍റെ വേദന
കടലമ്മേ നിന്നെ  ശാന്തമാക്കില്ലേ !
കണവനെ തേടുന്ന പെണ്ണിന്‍റെ രോദനം
പ്രകമ്പനം കൊള്ളുന്നു ആഴിപ്പരപ്പിലായ്

ഭൂഗര്‍ഭ പാതയാല്‍ ഭൂമിയെ കൊന്നവര്‍
ആഴക്കടലില്‍ ബോംബുകള്‍ പൊട്ടിച്ചു
ധരണിയും ആഴിയുമൊന്നായി കരഞ്ഞ നാള്‍
ആര്‍ത്തട്ടഹസിച്ചു രാക്ഷസജന്മങ്ങള്‍

പ്രതികാരദാഹിയായ് ഭൂമിയുമാഴിയും
താണ്ഡവനൃത്തത്തിന്‍ നാളുകള്‍ വന്നിതാ
വിതച്ചത് കൊയ്യുന്ന കാലമടുത്തിതാ
നിഷ്പ്രഭരാകുന്നു മാനുഷജന്മങ്ങള്‍

മണലില്‍ പോലും നിറങ്ങള്‍ തേടി
കാശിന്‍റെ പിന്നാലെ പോയൊരു കൂട്ടര്‍
തീരങ്ങള്‍ വിറ്റവര്‍ തിരിഞ്ഞു നോക്കാതെ
നാളത്തെ തലമുറയെ തെരുവിലാക്കുന്നു

ധരണിയില്‍ വാടകക്കാരല്ലോ നമ്മള്‍
സ്ഥായിയാം പ്രകൃതിക്ക് കാവലാളി
മെല്ലെയെല്ലാം മറന്നു നമ്മള്‍
ഭൂമിക്കധികാരിയായിമാറി .

മരുപ്പച്ച






2017, ഡിസംബർ 7, വ്യാഴാഴ്‌ച

തകഴി-തോട്ടിയുടെ മകന്‍

                       
                   
കമ്പോളവല്കരണവും  ആര്‍ഭാട ജീവിതവും ഉപഭോഗസംസ്കാരവും നീരാളിയെപോലെ പിടിച്ചുലയ്ക്കുന്ന ആധുനിക യുഗത്തിലെ മലയാളിക്ക്
മറന്നു പോയ  രാഷ്ട്രീയവും സാമൂഹികവുമായ ഒരു പശ്ചാത്തലം കേരളത്തിനുണ്ട്. ഗ്ലാസ്നസ്തും പരിസ്ട്രോയിക്കയും ഒരു തത്വശാസ്ത്രത്തെ
തച്ചുടച്ചപ്പോള്‍ ലോകത്തിന്‍റെ ചെറിയ ഒരു കോണില്‍  കമ്മ്യൂണിസ്റ്റ് സിദ്ധാന്തം
കെട്ടിപ്പടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമൂഹവും ലോകത്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍  ഒരു കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തില്‍ വന്നതും ഈ കൊച്ചു കേരളത്തിലാണ്. നിലവില്‍ നിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ തച്ചുടക്കുവാനും കെട്ടിപ്പടുക്കുവാനും സാഹിത്യകാരന്മാര്‍ ചെയ്ത സംഭാവന വളരെ വലുതാണ്‌. ആലപ്പുഴയെന്ന ഒരു പ്രദേശത്തെ കേന്ദ്രബിന്ദുവാക്കി ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ കഥ പറയുന്ന തകഴി മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരവും , ഉദാഹരണവുമാണ്.
ഒരു കാലഘട്ടത്തില്‍ മനുഷ്യന്‍ ചെയ്യാന്‍ അറയ്ക്കുകയും വെറുക്കുകയും ചെയ്തിരുന്ന  ഒരു തൊഴിലായിരുന്നു തോട്ടിപ്പണി. ഒരു സമൂഹത്തിന്‍റെ വിസര്‍ജ്യങ്ങള്‍ ബക്കറ്റില്‍ കോരി മാറ്റുന്ന ഒരു വിഭാഗം, അവര്‍ക്ക് എന്നും  അധികാരത്തിന്‍റെ അമരത്തിലോ സമൂഹത്തിന്‍റെ നേര്‍വഴികളിലോ ദര്‍ശിക്കാനുള്ള അവകാശമില്ലായിരുന്നു. ഇത്തരം ചൂഷണത്തെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ കൊണ്ടുവന്ന കഥയാണ്‌ തോട്ടിയുടെ മകന്‍.

                                           മുപ്പത്‌ വര്‍ഷം തോട്ടി പണി ചെയ്ത ഇശക്കിമുത്തുവും മകന്‍ ചുടലമുത്തുവും, അവന്‍റെ മകന്‍ മോഹനനും അടങ്ങുന്ന മൂന്ന് തലമുറയിലൂടെയാണ് കഥ പോകുന്നത്. മൂന്ന് തലമുറകള്‍ വ്യത്യസ്തമായ മൂന്ന് ചിന്തകള്‍ പ്രദാനം ചെയ്യുന്നു. ഇശക്കി മുത്തുവിന് തീരെ സുഖമില്ല മൂന്ന് നാള്‍ ലീവ് വേണം അത് കൊടുക്കാന്‍ ഓവര്‍സീയര്‍ തയ്യാറല്ല വേറെ ആളേ നിയമിക്കുമെന്ന് ഓവര്‍സീയര്‍, മുപ്പത്‌ വര്‍ഷം ഞാന്‍ കഴുകിയ കക്കൂസ് കഴുകാന്‍ വേറെ ആളെ നിയമിക്കയോ ഇനി എങ്ങനയാ കഞ്ഞി കുടിക്കുക
ഇശക്കിമുത്തുവിന് സഹിക്കാന്‍ കഴിഞ്ഞില്ല , ഇശക്കി മുത്ത്‌ ഓവര്‍സീയറെ കണ്ടു ആ ജോലി മകന്‍ ചുടലമുത്തുവിന് കൊടുക്കാമെന്നേറ്റു, ബക്കറ്റും മണ്‍വെട്ടിയും മകനെയേല്പ്പിച്ച് ഇശക്കിമുത്തു മകനെ അനുഗ്രഹിച്ചു. ആദ്യമായി ജോലിയ്ക്ക് പോയ ചുടലമുത്തുവിന് പുതിയ അനുഭവങ്ങള്‍ ആയിരുന്നു ഹോട്ടലില്‍ ചെന്ന് ഇശക്കിമുത്തുവിന് ആഹാരം ചോദിച്ചപ്പോള്‍ എച്ചില്‍ കൂനയില്‍ പോയി കാത്തുനില്‍ക്കാനായിരുന്നു മറുപടി, കുറച്ചു കഞ്ഞിവെള്ളത്തിനായി പല വാതിലുകളും മുട്ടി ഫലമുണ്ടായില്ല. തോട്ടികളെ ആരും അടുപ്പിക്കാറില്ല, അന്ന് രാത്രി വീട്ടില്‍ വന്ന ചുടലമുത്തു കണ്ടത് മരിച്ച അപ്പന്റെ ശരീരമായിരുന്നു. അപ്പന്‍റെ ശവം അടക്കാന്‍ സ്ഥലമില്ലാതെ വലഞ്ഞ അവര്‍ പൊതുസ്ഥലത്ത് ഒരു മാവിന്‍ചുവട്ടില്‍  കുഴിച്ചിടുന്നു, രണ്ട് നാളുകള്‍ക്കു ശേഷം പട്ടികള്‍ ശവം മണ്ണുമാന്തി പുറത്തിടുന്നതും വീണ്ടും ചുടലമുത്തുവും കൂട്ടുകാരന്‍ പിച്ചാണ്ടിയും ചേര്‍ന്നു കുഴിച്ചിടുന്നതും ഓവര്‍സിയറുടെ ആക്രോശവും ഒരു കാലത്ത് തോട്ടികള്‍ അനുഭവിച്ചിരുന്ന കഷ്ടതകളെ നമ്മുടെ  മനസ്സിലേയ്ക്ക് തകഴി കൊണ്ടുവരുന്നു. തോട്ടികള്‍ക്ക് കൂലി നിശ്ചയിരുന്നത് ഓവര്‍സിയര്‍ ആയിരുന്നു എത്രയാണ് ശമ്പളമെന്ന് ചോദിക്കാനുള്ള അവകാശം പോലും അവര്‍ക്കില്ലായിരുന്നു, ചൂഷണം അതിന്‍റെ നെറുകയിലെത്തിയപ്പോള്‍ തോട്ടികള്‍ക്ക്  സംഘടിക്കണമെന്ന ബോധമുണ്ടായി. ചുടലമുത്ത്‌ പലപ്പോഴും ചിന്തിക്കാറുണ്ട് എന്ത് കൊണ്ട് തോട്ടികള്‍ക്കും മറ്റുള്ളവരെ പോലെ ആയിക്കൂടാ !ഇതൊക്കെ അവരുടെയുള്ളില്‍ സംഘടിക്കാനുള്ള  ത്വര വര്‍ധിപ്പിച്ചു. അങ്ങനെ ആദ്യമായി തോട്ടികളുടെ ശബ്ദം ആലപ്പുഴയില്‍ മുഴങ്ങി.

                                                        സംഘടിക്കുക എന്നുള്ളത് ഒരിക്കലും അധികാരി വര്‍ഗ്ഗങ്ങള്‍ക്ക്  അംഗീകരിക്കാന്‍ കഴിയില്ല അത്കൊണ്ടുതന്നെ തോട്ടികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച ചുടലമുത്തുവിനെ ഓവര്‍സിയറും  മുസിപ്പല്‍ പ്രസിഡന്റും ചേര്‍ന്നു വിലക്കെടുക്കുന്നു  ഉയര്‍ന്ന ജീവിതം സ്വപ്നം കണ്ടിരുന്ന ചുടലമുത്തുവിന് ഒരു വീടും സ്ഥലവും വാഗ്ദാനം ചെയ്യുന്നു, ചുടല മുത്തു അന്ന് മുതല്‍ തന്‍റെ മാസശമ്പളത്തിന്റെ ഒരോഹരി പ്രസിഡന്റിനെ ഏല്‍പ്പിച്ചു, എല്ലാം ചേര്‍ത്ത് മുത്തുവിന് വീട് കൊടുക്കാം ഇതാണ് കരാര്‍. ആലപ്പുഴയിലെ തോട്ടികള്‍ക്ക് പൈസക്ക് ആവശ്യം വന്നാല്‍ കടം കൊടുക്കുന്നത് ചുടലമുത്തുവാണ് അതിന് വേണ്ട പണം പ്രസിഡന്ട് കൊടുക്കും, കുറെ തോട്ടിപ്പണിക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുപ്രസിഡന്ട്, അങ്ങനെ മേലാളന്മാരുടെ ആഗ്രഹം സാധിച്ച് സംഘടന പൊളിച്ചു, അക്കങ്ങളുടെ വലിപ്പവും  നിറങ്ങളും ,ലോകത്ത് മനുഷ്യനെ മനുഷ്യനല്ലാതെയാക്കും  ചൂഷണം നില നിര്‍ത്തണമെങ്കില്‍ അങ്ങനെ പലതും പലര്‍ക്കും ചെയ്യേണ്ടി വരും. വള്ളിയെ വിവാഹം കഴിച്ചതോട് കൂടി  ചുടലമുത്തുവിന്റെ ജീവിതം വേറെ ദിശയില്‍ മാറുന്നു, മേലാളന്‍മാരുടെ പ്രിയങ്കരന്‍ അവരുടെ ജീവിതം അനുകരിക്കാന്‍ ശ്രമിക്കുന്നു അത് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.  അവരുടെ സ്വകാര്യ ജീവിതത്തേയും സ്ത്രീ സ്വതന്ത്യ്രത്തേയും കുറിച്ചുള്ള തകഴിയുടെ ചിന്തകള്‍ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എത്രത്തോളം മുന്നില്‍ ആയിരുന്നുവെന്ന് അതിശയോക്തിയോടെ മാത്രമേ കാണാന്‍ കഴിയൂ 

                                                  ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വേനല്‍ക്കാലവും വറുതിയും അവരെ പിടികൂടി , അതോടൊപ്പം പടര്‍ന്നുപിടിച്ച വസൂരി ഒത്തിരിപ്പേരെ മരണത്തിലേക്കയച്ചു. ചൂഷണം വീണ്ടും പാവം തോട്ടികളെ സംഘടിക്കാന്‍ പ്രേരിപ്പിച്ചു അതിന് നേത്രുത്വം കൊടുത്തത് പിച്ചാണ്ടി ആയിരുന്നു. മേലാളന്മാരുടെ ചെരുപ്പുനക്കിയായ ചുടലിമുത്തുവിന്‍റെ സഹായത്തോടെ പിച്ചാണ്ടിയെ മോഷണകേസില്‍ കുടുക്കുന്നതും നാടുകടത്തുന്നതും  പിച്ചണ്ടിയുടെ അഞ്ച് മക്കളും ഭാര്യയും പട്ടിണിയാകുന്നതും  ഇടറുന്ന  ഹൃദയത്തോടെ മാത്രമേ വായിക്കാന്‍ കഴിയൂ.
ചുടലമുത്തുവിന് ഒരു കുഞ്ഞ് പിറന്നു അവന്‍ അവനെ മോഹനന്‍ എന്ന് പേരിട്ടു. ഒരു തോട്ടിയുടെ ഒരു മകന് ആദ്യമായാണ് അങ്ങനെ ഒരു പേരിടുന്നത്.
മോഹനില്‍ അവന് വലിയ പ്രതീക്ഷ ആയിരുന്നു അവന്‍ ഒരു തോട്ടി ആകരുതെന്ന് അവന് നിര്‍ബന്ധമുണ്ടായിരുന്നു, മാത്രമല്ല അവന്‍ ഒരു തോട്ടിയുടെ മകന്‍ ആണെന്നു അവനോടു പറയാറുമില്ല. അയല്‍വാസികളായ തോട്ടികളുടെ വീടുകളുമായി സഹകരിക്കാന്‍ പോലും ചുടലമുത്ത് തയ്യാറല്ലായിരുന്നു. സ്കൂളില്‍ ചേര്‍ക്കാന്‍ സമയമായപ്പോള്‍ പല സ്കൂളുകളും തോട്ടിയുടെ മകനെ എടുക്കാന്‍ തയ്യാറായില്ല അവസാനം കുറച്ചു പണം കൊടുത്ത് ഒരു മാഷിന്‍റെ അടുത്താക്കുന്നു. തോട്ടിയുടെ മകന്‍ പഠിച്ചാല്‍ പിന്നെ തോട്ടിപ്പണി  ചെയ്യുന്നതാരാ ഇതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. മോഹനന് കൂട്ടുകാര്‍ ഇല്ലായിരുന്നു അവന്‍ അയവാസിയായ ഒരു ചെക്കനുമായി കൂട്ടുകൂടി അവന്‍റെ അച്ഛനും അമ്മയും അറിയാതെ. മോഹനന്‍ തോട്ടിയുടെ മകന്‍ ആണെന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവനെ കണ്ട് മൂക്ക് പൊത്താന്‍ തുടങ്ങി . അതൊക്കെ ചുടലമുത്തിനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു, മേലാളന്മാര്‍ക്ക് വേണ്ടി പിച്ചാണ്ടിയണ്ണനെ  ഒറ്റിയതുമെല്ലാം----.ഒരു പുനര്‍ വിചിന്തനം----പക്ഷേ സമയമേറെ വൈകിപ്പോയി-



                                            ആ സമയത്ത് പടര്‍ന്നു പിടിച്ച കാളറ എത്രപേരെ കൊണ്ടുപോയി എന്നറിയില്ല . ചുടലിമുത്ത്‌ തോട്ടിപ്പണി ഉപേക്ഷിച്ച് ചുടുകാടിന്‍റെ കാവല്‍ക്കാരനായി, അവന്‍റെ കണ്മുന്നില്‍ സുഹൃത്തുക്കളുടെ ചിതയൊരുങ്ങുന്നു  മുന്നില്‍ ദുര്‍ദിനങ്ങള്‍. പ്രസിഡന്റിന്റെ കയ്യില്‍ പലപ്പോഴായി കൊടുത്ത പണം തിരികെ വാങ്ങി  വേറെ നാട്ടിലേയ്ക്ക് പോകുവാന്‍ ഒരുങ്ങി , പക്ഷേ പ്രസിഡന്റ്‌ ആ പണം കൊടുത്തില്ല അവസാനം ചുടലമുത്തുവും ഭാര്യയും അവരുടെ സുഹൃത്തുക്കളെ പോലെ മരണത്തിന് കീഴടങ്ങി. മോഹനനും പിച്ചാണ്ടിയുടെ മകനും ഇന്ന് പുതു തലമുറയിലെ തോട്ടികളായി പഴയ തൊട്ടികള്‍ അല്ല കൂലി ചോദിച്ചു വാങ്ങുന്ന ചിന്തിക്കുന്ന തോട്ടികള്‍-. അവര്‍ സംഘടിച്ചു അവകാശങ്ങള്‍  ചോദിയ്ക്കാന്‍ തുടങ്ങി. മോഹനന് പ്രസിഡന്റിന്റെ മേല്‍ പ്രതികാര മനോഭാവം കൂടി വന്നു. തന്‍റെ അച്ഛന്‍ കൊടുത്ത പൈസക്ക് കണക്കില്ല -എത്രയെന്നറിയില്ല തിരിച്ചുകിട്ടാത്ത കണക്കുകള്‍----, അന്ന് പ്രസിടന്റിന്റെ സൌധം ഉദ്ഘാടനം ആയിരുന്നു. തൊഴിലാളികളുടെ ഒരു  പ്രകടനം അന്ന് നടക്കുകയായിരുന്നു അതിനെ പട്ടാളം പലയിടത്തും ചെറുത്തു അതൊന്നും ചെറുക്കാന്‍ കഴിഞ്ഞില്ല.  പാര്‍ട്ടിയുടെ  തീരുമാനത്തിനെതിരായി മോഹനന്‍ പ്രസിഡന്റിന്‍റെ വീട് അഗ്നിക്കിരയാക്കി, നഗരത്തിലൂടെ പോകുന്ന ഘോഷയാത്രക്ക് നേത്രുത്വം നല്‍കുന്നത് മോഹനന്‍ ആണ്. ഒത്തിരിപേര്‍ വെടിയുണ്ടക്ക്‌ മുന്നില്‍ വീണു എന്നിട്ടും അദ്ധ്വാനിക്കുന്നവന്‍റെ ശബ്ദം ആകാശത്തോളം ഉയര്‍ന്നു  വിപ്ലവം  ജയിക്കട്ടെ----



മരുപ്പച്ച












2017, ഡിസംബർ 4, തിങ്കളാഴ്‌ച

മതം

പ്രണയമേരുവിലലിയാന്‍
മതമെന്തിനു മാറണം പെണ്ണേ!
പ്രണയത്തിന്‍ തിലകക്കുറി
ഹൃദയത്തില്‍ ചാര്‍ത്തേണം


അമ്മയെ അറിയാന്‍ അമ്മയാകേണം
അച്ഛനെന്തന്നറിയാന്‍ കാലങ്ങള്‍ താണ്ടണം
കൊഴിയുന്നയിലയുടെ ആകുലത കാണുക
ഒരുനാള്‍ നീയും കൊഴിയുമെന്നോര്‍ക്കുക!

മതമൊന്നു മാറിയാല്‍ പ്രണയം കൊഴുക്കുമോ
കംബളം മാറിയാല്‍ ദൈവത്തെ കാണുമോ
പ്രണയത്തിനെന്തിന് വ്യവസ്ഥകള്‍ പെണ്ണേ
വ്യവസ്ഥകളുണ്ടായാല്‍ അസ്തിത്വമുണ്ടോ?

മനസ്സൊന്നു മാറാതെ മതമെത്രമാറിയാലും
ഫലമില്ല തെല്ലും ശ്വാനന്‍റെ വാല് പോല്‍

സൂര്യനെ തേടും പുല്‍നാമ്പുകളും
പുല്ലിനെ പുല്കും സൂര്യതേജസ്സും
യാത്രയാകും സായാന്തനങ്ങളും
വീണ്ടും പുലരും പ്രതീക്ഷകളും-

പ്രകൃതിക്കുമുണ്ടേപ്രണയ താളങ്ങള്‍
വ്യവസ്ഥകളില്ലാത്ത പ്രണയ മന്ത്രങ്ങള്‍

ശാപംഫലിച്ചാല്‍  പാറയും പിളര്‍ക്കും
മാതാവിന്‍ കണ്ണുനീര്‍ ശാപമാക്കീടല്ലേ
ഭ്രാന്തെന്ന രോഗം ചികിത്സിച്ചുമാറ്റാം
മതഭ്രാന്തിനാട്ടെ ചികിത്സയില്ല കൂട്ടേ !


മരുപ്പച്ച




2017, ഡിസംബർ 2, ശനിയാഴ്‌ച

വികസനം

വികാസമില്ലാത്ത മനസ്സിന്‍
വികലമാം ചിന്തകളൊരുക്കും
വാണിജ്യതന്ത്രമാണോ
ഇന്നിന്‍റെ വികസനം ?

കൊടിയുടെ മറവില്‍
കോടികള്‍ കൊയ്യുന്നവര്‍
ഉയര്‍ത്തുന്നു തെരുവുകള്‍
പരത്തുന്നു പാലായനങ്ങള്‍

ഉരുളുന്നു ബുള്‍ഡോസറുകള്‍
ഉരുകുന്നുവെങ്ങും ജീവിതങ്ങള്‍
ഉടയുന്നെങ്ങോ ചോറ്റുപാത്രങ്ങള്‍
ചിതറുന്നുവെങ്ങും വറ്റ് മണികള്‍

മണ്ണ് തുരന്നൊരു മണ്ണുമാന്തി
നെഞ്ചിനു നേരെ ഉയര്‍ന്നിടുന്നു
ഫണം വിടര്‍ത്തും നാഗം പോല്‍
നിയമങ്ങള്‍ നായാട്ടിനൊരുങ്ങുന്നു

കരുണ വറ്റിയ കാക്കി കരങ്ങള്‍
ആരാച്ചാരാകുന്നുവെങ്ങും
കാക്കിയുടെ കൈക്കരുത്തില്‍
ഒരുക്കുന്നു ഭരണത്തിനടിസ്ഥാനം

നിര്‍ദയം തകരുന്നുയെങ്ങും
അസ്ഥിത്തറയും തുളസിച്ചുവടുകളും
പിതാമഹന്മാര്‍ ഉറങ്ങിയ മണ്ണിതാ
പിത്രുതര്‍പ്പണത്തിനായി കേഴുന്നുവോ !

മറയുന്നു കുന്നുകള്‍ ഉയരുന്നു മരുഭൂമി
ഉയരുന്നു പാലങ്ങള്‍  തെളിയുന്നു റോഡുകള്‍
കല്ലുകള്‍ നാട്ടുന്നു പേരിനും പെരുമയ്ക്കും
കാപട്യങ്ങളെങ്ങും വികസനമെന്നപ്പേരില്‍


മരുപ്പച്ച













2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

പോയ കാലം

     
കാന്താരിയില്ല കത്തിരിയില്ല
കണിയൊന്നു  കാണുവാന്‍
കണിക്കൊന്നയില്ല
കറിവേപ്പിലകാണുവാന്‍
കാനനം താണ്ടണം
കലികാലമാണെന്നറിയുന്നു ഞാന്‍

കാലങ്ങള്‍ പോയി കാട്ടാറ് പോയി
നന്മയുടെ ജീവിതം കാറ്റത്ത്‌ പോയി
ഗ്രാമത്തിന്‍ തനിമയറിയാത്ത കൂട്ടര്‍
പട്ടിയെ കൂട്ടി പട്ടണത്തില്‍ പോയി


ഉരള്‍ എന്ന് കേട്ടാല്‍ മുരളുന്ന സ്ത്രീകള്‍
അമ്മിയെന്തറിയാതെ മമ്മികളായവര്‍
പൊടിക്കുവാന്‍ പാറ്റുവാന്‍ യന്ത്രങ്ങളേറെ
ചലിക്കാതെ തുരുമ്പിക്കും ജീവിതങ്ങള്‍

ഇമ്പം നിലച്ചോരോ കുടുംബങ്ങളെങ്ങും
കമ്പനമേറുന്ന നാട്യങ്ങളെങ്ങും
ആഢ്യത്വമെങ്ങും കാട്ടിടുന്നു
ലാളിത്യമെങ്ങോ പോയ്‌ മറഞ്ഞു

പഴമയെ തള്ളി പുതുമകള്‍ തേടി
ഗുരുകുലം പൂട്ടി ഗുരുവിനെ മറന്ന്
അക്ഷരം മറന്നിവര്‍ അക്കങ്ങള്‍ തേടി
അക്ഷരങ്ങള്‍ക്കായി  വിലപേശിടുന്നു


മണ്ണെന്ന് കേട്ടാല്‍ നാണിക്കും മനുഷ്യര്‍
മണ്ണില്‍ ചവിട്ടുവാന്‍ മടിക്കുന്ന കൂട്ടര്‍
മണ്ണിന്‍റെ മണമാകെ പോയല്ലോ മര്‍ത്യാ !
 മരണത്തിന്‍ കാഹളം മുഴങ്ങുന്നു കൂട്ടേ

മരുപ്പച്ച








2017, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ചിന്ത

             

 തീപ്പൊരിവിതറും തോക്കിനേക്കാള്‍
ചിന്തയില്‍ വിടരുമഗ്നിക്കേറേ ഭംഗി
തൂലികത്തുമ്പൊടിക്കും അന്ധനാം മനുഷ്യാ
വ്യര്‍ത്ഥമല്ലോ നിന്നര്‍ത്ഥമില്ലാ മോഹങ്ങള്‍

വികടം വിതക്കുന്നു വര്‍ഗീയവാദികള്‍
നിറങ്ങള്‍ ചാര്‍ത്തുന്നു കൗപീനത്തിലും
വേദവും മന്ത്രവും ചാലിച്ചെടുക്കുന്നു
വേഷം കെട്ടിയ വേതാളന്മാര്‍

തോക്കില്‍ തകരുന്ന തൂലിക നാളങ്ങള്‍
ഉയര്‍ക്കുന്നു പടരുന്നു തീനാളമായി
ചൊരിയുന്ന രുധിരം ബീജങ്ങളാകുന്നു
പുലരുന്ന നാളില്‍ പുതു മുകുളമായ്

ദൈവം മറന്നൊരാലയങ്ങള്‍ക്കായി
ചുടുകാട് തീര്‍ത്ത് അധമന്മാര്‍ ഭൂവില്‍
 നിലച്ചിതാ   ശാന്തി മന്ത്രം  ഭൂവില്‍
പെരുകുന്നു ഗോട്സേമാരിവിടെ

രക്തം കൊടുത്ത് നേടിയ ചെങ്കോട്ട
രക്തകൊതിയന്മാര്‍ പങ്കിട്ടെടുക്കുന്നു
നിറത്തിന്‍റെ പേരില്‍ നിയമങ്ങളൊരുക്കുന്നു
അധിനിവേശങ്ങള്‍ സത്യമായിടുന്നു

പാല്‍ക്കടല്‍ പോലാകണം തൂലിക
പാശബന്ധത്തെയകറ്റിടേണം
പത്മബന്ധു പോല്‍ ജ്വലിച്ചിടട്ടെ
പരിഘം പോല്‍ ശക്തരായിടട്ടെ


വികടം-നരകം
പത്മബന്ധു-സൂര്യന്‍
പരിഘം  - ഇരുമ്പുലക്ക
പാശബന്ധം--കുരുക്കുകള്‍

മരുപ്പച്ച







2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഇടവപ്പാതി

               
ചിത്തനിര്‍വൃതിയാല്‍ നിറയുന്നു മാനസം
മരുസ്ഥലിയെ ഉര്‍വ്വരമാക്കുന്നു ഇടവം
നിറയുന്നു പാതകള്‍  കിണറുകള്‍
പര്‍ണ്ണങ്ങള്‍ ചാഞ്ചാടുന്നു മഴത്തുള്ളിയാല്‍

കാത്തിരുന്ന കാലവര്‍ഷമരികിലായി
കാവ്യങ്ങളൊരുങ്ങുന്നു തൂലികയില്‍
കൈവിരല്‍ തുമ്പിലായി പുല്‍കുന്നിതാ
ലാസ്യഭാവത്തില്‍ മഴ മങ്കമാര്‍ ഭൂവില്‍

ബന്ധൂരമായൊരു ഇടവപ്പാതീ നീ
ബന്ധനമായി മാറല്ലേയുലകില്‍
ലാസ്യഭാവം മറക്കാതെയെന്നും
ഗീതം പോല്‍ പൊഴിയണമുലകില്‍

പുളിനം കവര്‍ന്നൊരു മനുജനെ നോക്കി
പായുന്നു തോടുകള്‍ നദികളായി
കവര്‍ന്ന പുളിനം  തിരികെ പിടിക്കാന്‍
വരുമിനിയും ഇടവപ്പാതികള്‍

കളങ്കിതമായോരോ ആറുകളെല്ലാമേ
തെളിഞ്ഞു വിലസട്ടെ ഇടവപ്പാതിയാല്‍
നിറഞ്ഞുതുളുമ്പട്ടെ ആമ്പല്‍ കുളങ്ങളും
നീന്തിത്തുടിക്കട്ടെ പരല്‍ മീനുകളും

ചരിഞ്ഞും നിവര്‍ന്നുംതാളത്തില്‍ പെയ്യട്ടെ
കാറ്റിന്‍റെ കൂട്ടിനായ്‌ പോയിടാതെ
കാടിന്‍റെ മക്കളാടിത്തിമിര്‍ക്കട്ടെ
കാട്ടാറുകളെന്നും വറ്റാതൊഴുകട്ടെ

മരുപ്പച്ച








2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

മാവേലിയ്ക്കൊരു കത്ത്


   
അല്ല, എല്ലാവര്‍ഷവും വരാറുണ്ടല്ലോ അപ്പോള്‍ എന്തിനാ കത്ത് എന്നല്ലേ ?, ചിലപ്പോള്‍ നമ്മള്‍ പരസ്പരം കണ്ടില്ലെങ്കിലോ!. പാതാളജീവിതം
സുഖമല്ലേ ? അല്ല അങ്ങ് ഒരു വാമനനെയല്ലേ കണ്ടിട്ടുള്ളൂ . ഭൂമിയില്‍ ഇപ്പോള്‍ വാമാനന്മാര്‍ ദിനം പ്രതി കൂടുകയാണേ. ക്ഷമിക്കണം കഴിഞ്ഞവര്‍ഷം അങ്ങേക്ക് തന്ന ഓണപ്പൂക്കള്‍ പ്ലാസ്റ്റിക് പൂക്കളായിപ്പോയി ഒന്നും മനപ്പൂര്‍വമല്ലാട്ടോ ഇപ്പോള്‍ ഇവിടെ ഇതൊക്കേ കിട്ടാനുള്ളൂ. പിന്നെ അങ്ങ് കഴിഞ്ഞതവണ പറഞ്ഞിരുന്നല്ലോ ഇനി വരുമ്പോള്‍ ഒത്തിരി വസ്ത്രങ്ങള്‍ കൊണ്ട് വരാം  ഇവുടുത്തെ  കുട്ടികള്‍  കീറിയ വസ്ത്രം ധരിച്ചാണ് നടക്കുന്നത് എന്നൊക്കെ, അത് അങ്ങേക്ക് പിണഞ്ഞ തെറ്റിദ്ധാരണയാണ്. അതൊക്കെ നമ്മുടെ നാട്ടിലെ പുതിയ തലമുറയാ, ഫ്രീക്കന്മാരും, ഫ്രീക്കത്തികളുമാ, വസ്ത്രം ഊര്‍ന്നുപോകും പോലെ തോന്നും ഇതൊന്നും ആഹാരവും വസ്ത്രവും കുറഞ്ഞിട്ടല്ലാട്ടോ കൂടിയിട്ടാ, അല്ലാ ഇതൊക്കെ ഞാന്‍ പറഞ്ഞതായി അവര്‍ അറിയണ്ടാട്ടോ . പണ്ട് മാവേലി കൊമ്പത്ത് എന്നൊക്കെ പറഞ്ഞ് അങ്ങയെ പുകഴ്ത്തിയവരൊക്കെ ഇപ്പോള്‍ പുറത്തില്ലാട്ടോ.പിന്നെ സമരവും ഹര്‍ത്താലും മുറയ്ക്ക് നടക്കുന്നുണ്ട്, ഇപ്പോള്‍ ചില സമരത്തിന്‍റെ ശൈലിയൊക്കെ മാറിയിട്ടുണ്ട് അങ്ങ് മറൈന്‍ഡ്രൈവിലായിരുന്നു തുടക്കം. നാല്കാലികള്‍ക്ക് ഇപ്പോള്‍ പരിഗണന കൂടിയിട്ടുണ്ട്, അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സംവരണം വരുമെന്നൊക്കെ കേള്‍ക്കുന്നുണ്ട് ശരിക്കും അറിയില്ലാട്ടോ.  ഗോമൂത്രത്തില്‍ പ്രോട്ടീന്‍ ഉണ്ടെന്നാ പുതിയ കണ്ടുപിടുത്തം, ഗോക്കളുടെ പുറകെ പോയപ്പോള്‍ കുട്ടികളുടെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായത് അറിഞ്ഞില്ല, അല്ല തിരക്ക് കൊണ്ടായിരിക്കാം. വിലക്കയറ്റം സാധാരണ പോലെ തുടരുന്നു.ഒരു കാര്യം പറയാന്‍ വിട്ടുപോയി ഊണ് കഴിക്കാന്‍ ഒരു വാഴയില കഴിയുമെങ്കില്‍ കൊണ്ടുവരണേ, അങ്ങയെ ചെറുതാക്കാന്‍ പറഞ്ഞതല്ല ഇവിടെ ഇല്ലഞ്ഞിട്ടാണേ, തേങ്ങ ഞങ്ങള്‍ തമിഴന്‍റെ കയ്യില്‍ നിന്ന് വാങ്ങാം.ചക്ക വറുത്തത് വാങ്ങാന്‍ കിട്ടും, ഇപ്പോള്‍ ഞങ്ങള്‍ പച്ച ചക്ക മൂന്ന് രൂപയ്ക്കു തമിഴന് കൊടുക്കും, മുന്നൂറ് രൂപയ്ക്ക് ഞങ്ങള്‍ ചക്ക വറുത്തത് വാങ്ങും. ഞങ്ങളുടെ ചെറുകിട വ്യവസായം അങ്ങനെ വികസിക്കുകയാണേ.ചക്കക്കുരു, ചക്കയരി, ചക്ക വറുത്തത് എന്നൊക്കെ കവറില്‍ എഴുതിയാല്‍ ഞങ്ങള്‍ വാങ്ങില്ല കവറില്‍  JACK FRUIT, JACK FRUIT CHIPS, അങ്ങനെ  ഇഗ്ലീഷില്‍  എഴുതിയിരിക്കണം  കാരണം അങ്ങേയ്ക്കറിയാമല്ലോ  ഞങ്ങളുടെ  മക്കള്‍ പഠിക്കുന്നത് ഇഗ്ലീഷ് മീഡിയമാണ് മലയാളം ഞങ്ങള്‍  FORGET  ആയിത്തുടങ്ങി. I HOPE YOU UNDERSTAND,
ഇടയ്ക്ക് ഞങ്ങള്‍ അങ്ങനാ ഇഗ്ലീഷ് ചേര്‍ക്കും.വരുന്ന വഴിയില്‍ ഡല്‍ഹി വഴി വരണ്ട അവിടെ ഒരു ദൈവം ഇറങ്ങിയിരിക്കയാ മാവേലി അതൊന്നും കാണണ്ട, കേള്‍ക്കണ്ട, അതൊക്കെ കേട്ടാല്‍ ചിലപ്പോള്‍ അങ്ങ് വഴിപിഴച്ചുപോകും. ഈ കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് പറഞ്ഞ കാര്യം ആരും അറിയണ്ട പ്രത്യകിച്ച് ചാനല്‍ കാരും മുഖപുസ്തകത്തിലെ ആള്‍ക്കാരും. ചാനലുകാരറിഞ്ഞാല്‍ പിന്നെ ഇതാവും ചര്‍ച്ച അടുത്ത ഓണം വരേയും. മുഖപുസ്തകത്തിലെ കൂട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ അറിയാമല്ലോ
പിന്നെ ഷെയറിംഗ് ആവും, രണ്ടോമൂന്നോ മൂന്നോ പേര്‍ ഒരുമിച്ച് കൂടിയാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാകുമെന്നാ കേള്‍ക്കുന്നത്-----അപ്പോള്‍ എല്ലാം പറഞ്ഞപോലെ.

മരുപ്പച്ച








2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

ഉടല്‍ ഒരു സര്‍പ്പം


 
ഉടലുലഞ്ഞ് മനം നിറഞ്ഞ്
മെയ്യറിഞ്ഞ് പരിണയങ്ങള്‍
പരിധിയില്ല പ്രണയമേറും
താളമയമീ ചുംബനങ്ങള്‍

സമയമേറും ലാളനകള്‍
കപികയില്ലാ കുതിരപോലെ
തഴുകിയൊഴുകും പയസ്വിനിയായ്
കരുതലിന്‍ ശതകരങ്ങള്‍

താളം തെറ്റും കാമക്രീഡകള്‍
 പ്രായവുമില്ല പ്രണയവുമില്ല
കനിവിന്‍ കരുതലില്ലയെങ്കില്‍
ദംശനമേറ്റിടും നിശ്ചയമായും

ഗരളം ചീറ്റും നാഗം പോലെ
ദുഷ്കൃതമേറും നരജന്മം
പലവിധ കഞ്ചുകമണിഞ്ഞിവര്‍
അപരന് കണ്ണീര്‍ തീര്‍ക്കുന്നു

തലമുറ പലത് തീര്‍ക്കാനായ്‌
ദൈവം നല്കിയ ദാനമിതാ
കാലന്‍ കരിക്കും കാനനംപോല്‍
കാമ ചതിയാല്‍ നീറുന്നു

കാട്ടില്‍ കറങ്ങും ശാര്‍ദൂലം പോല്‍
നാട്ടില്‍ ചുറ്റും വേട്ടപ്പട്ടികള്‍
ചേഷ്ടകള്‍ വേഷ്ടികള്‍ പലതുമണിഞ്ഞ്‌
കാമക്കണ്ണികള്‍ നെയ്തീടുന്നു


ഗരളം---വിഷം
പയസ്വിനി---നദി
കപിക-കടിഞ്ഞാണ്‍
ദുഷ്കൃതം--പാപം

മരുപ്പച്ച

വിശപ്പ്‌

         

വിശപ്പൊരഗ്നിയാണ്
ജാതി മത ചിന്തകള്‍ക്കതീതമിത്
തത്വശാസ്ത്രങ്ങള്‍ക്ക് മേല്‍
പറക്കുന്ന യാഥാര്‍ഥ്യമിത്

ഒട്ടിയുണങ്ങിയ കണ്ണുനീരാല്‍
വറ്റി വരളുന്നു കപോലങ്ങള്‍
നീട്ടുവാന്‍ ശക്തിയില്ലീ കരത്തിന്
നീട്ടിയാലോ കിട്ടില്ലയൊന്നുമിന്ന്

ശ്വാനനും നിസ്വനും കൂടിയാലേ                
ശ്വാനനുമേന്മകളേറെയിന്ന്
ശയിക്കുവാനിടമില്ല മനുഷ്യനിന്ന്‍
ശ്വനനെ കരുതുവാന്‍ കരങ്ങളേറെ

കരുതുന്നു അന്നം തലമുറകള്‍ക്കായി
കരിയും വയറിന്‍ രോദനം കേട്ടിടാതെ
ആരുടെയോ അന്നം കട്ടെടുത്തിവര്‍
ആരാച്ചാരായി മാറിടുന്നോ ?

കാഞ്ചനം കരുതി കൂട്ടിലാക്കാന്‍
കാലങ്ങള്‍ കാത്തിരിക്കുന്നവര്‍
കാലത്തിനിരമ്പല്‍ കേട്ടിടാത്ത
കല്തൂണുകള്‍ മാത്രമാണോ ?

നീഡജകൂട്ടത്തെ ഓര്‍ത്തിടുവിന്‍
അന്നന്നത്തെ അന്നം  തേടുന്നിവര്‍
ആസക്തിയൊട്ടുമേയില്ലിവര്‍ക്ക്
തലമുറകള്‍ക്കായി കരുതുന്നില്ലിവര്‍

മരുപ്പച്ച





2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ശിശുരോദനം

                 ശിശുരോദനം
                ****************

ഹേറോദോസ്  വീണ്ടും ഉയര്‍ക്കുന്നുവോ!
കുഞ്ഞിന്‍ വിലാപമുയരുന്നു മണ്ണില്‍
മനുഷരൂപം പൂണ്ടയഞ്ജാത ഭൂതങ്ങള്‍
ആര്‍ത്തട്ടഹസിക്കുന്നുവോയിവിടെ ?

ഗോമൂത്രത്തില്‍ പാലാഴി കടഞ്ഞവര്‍
പൈതലിന്‍ രോദനം മറന്നുവോ
നാല്ക്കാലിക്കേകും കരുണപോലും
ഇരുകാലിയ്ക്കേകാന്‍ കഴിയുകില്ലേ ?

പ്രതിധ്വനിക്കുന്നു രോദനങ്ങള്‍
ശതകോടി വിങ്ങലായ് ധരണിയില്‍
അമ്മതന്‍ തേങ്ങല്‍ ആഴിയായുലകില്‍
അണയാത്തയഗ്നിയായ് പ്രതികാര ദാഹമായ്

പിളരട്ടെ ശിലകള്‍ ഭൂമിക്ക് ശാപമായ്‌
വിറയ്ക്കട്ടെ ദേവലോകം ശിശുരോദനത്താല്‍
തകരട്ടെ അന്ധമാം നീതിപീഠങ്ങള്‍
ഉലയട്ടെ അധികാരക്കൊതളങ്ങള്‍

മഴമേഘമേ നിങ്ങള്‍ ഓടിയൊളിച്ചുവോ ?
ശിശുരോദനത്താല്‍ ഭൂമി വരളുന്നുവോ
കടലേ നീ മൂടുന്നോ ഭൂമിയെ
ഋതുക്കളൊന്നായ് മാറി മറയുന്നോ !

പ്രതിമയ്ക്ക് മുന്നില്‍ കൂടുന്ന കൂട്ടരേ
നൈവേദ്യമെല്ലാം നിഷ്പ്രഭമല്ലയോ
ശിശുവിന്‍ രോദനം നെഞ്ചിലേറ്റുവിന്‍
ദൈവത്തിന്‍ സ്നേഹം അനുഭവിച്ചീടുവിന്‍ !

മരുപ്പച്ച














2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഒഴുകുന്ന വെള്ളം

ഒഴുകുന്ന വെള്ളത്തില്‍ ഏതെങ്കിലും മാലിന്യം കലര്‍ന്നാല്‍
ആ മാലിന്യം ഒഴുകുന്ന വെള്ളത്തോടൊപ്പം ചേര്‍ന്ന് കുറെ
യാത്ര ചെയ്യുമ്പോഴേയ്ക്കും നദിയുടെ തീരങ്ങളില്‍ അടിഞ്ഞോ
മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലോ വെള്ളവും മാലിന്യവും
വേര്‍തിരിക്കപ്പെടും. ഒഴുകാത്ത വെള്ളത്തില്‍ മാലിന്യം
വീണാല്‍ എന്നും മലിനജലമായി അവശേഷിക്കും. ജീവിതവും
ഇതുപോലെയാണ് നമുക്കുണ്ടാകുന്ന തിക്താനുഭവങ്ങളുമായി
നമ്മള്‍ ഒരിടത്തിരുന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കാര്‍ന്നു തിന്നും
മറിച്ച് ജീവിതത്തെ അതിന്‍റെ ഒഴിക്കിന് വിട്ടാല്‍ നമുക്കുണ്ടാകുന്ന
തിക്താനുഭവങ്ങളെ സര്‍ഗാത്മകമാക്കാന്‍ കഴിയും---.

മരുപ്പച്ച

2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച

പ്രകൃതി -

ഒരു വ്യക്തി ഈ ലോകത്ത് നിന്ന് വിടപറയുമ്പോള്‍
എത്ര വിലയേറിയ പെട്ടിയിലാണ് അടക്കം ചെയ്തതെന്നോ
എത്ര ചന്ദനമുട്ടികള്‍ നിനക്കായി കത്തിച്ചുവെന്നോ, എത്ര
ആര്‍ഭാടമായി ശവസംസ്കാരചടങ്ങുകള്‍ നടത്തിയെന്നോ
എന്നുള്ളതൊന്നും, ഭൂമിയില്‍ ജനിച്ചു മരിച്ചവന്‍റെ
വിലയിരുത്തലായി കാണാന്‍ കഴിയുമോ ? മറിച്ച്
നീന്‍റെ മരണത്തില്‍ നിന്നെ ഏറ്റുവാങ്ങിയ ഭൂമി നിനക്കായി
ഒരു നിമിഷമെങ്കിലും മൗനമായോ, പ്രപഞ്ചത്തില്‍
പാറിപ്പറന്നിരുന്ന അനേകം കുരുവികളില്‍ ഒരെണ്ണമെങ്കിലും
മൂകമായോ ? വൃക്ഷലതാതികളെ ഇളക്കിമറിച്ചിരുന്ന
ഇളം തെന്നല്‍ നിനക്കായി ശോകമൂകമായോ ? ഒരു                               വൃക്ഷമെങ്കിലും  നിനക്കായി ഒരു ഇലയെങ്കിലും പൊഴിച്ചോ ?
സകലതും വെട്ടിപ്പിടിക്കാന്‍ വെമ്പിയ സമയത്ത് നീ
ഒരു മരമെങ്കിലും വച്ചുപിടിപ്പിച്ചോ  നിനക്ക് ചിതയോരുക്കാന്‍
വേണ്ടിയെങ്കിലും,? നിന്നെ താങ്ങിയ ഭൂമിയെ, നിന്നെ                             ഏറ്റുവാങ്ങേണ്ടഭൂമിയെ നീ, കീറിമുറിച്ചില്ലേ
നിനക്ക് താങ്ങായിരുന്ന പ്രകൃതിയെ നീ മറന്നുപോയില്ലേ ?
ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയേറെയില്ലേ .
മാറിമറിയുന്ന തലമുറകള്‍ക്ക് ഇതൊരു പാഠമായെങ്കില്‍ -----.

മരുപ്പച്ച


രാഷ്ട്രീയം

                   
           
ഊര്‍ദ്ധശ്വാസം വലിക്കുന്നു ആദര്‍ശങ്ങള്‍
മരുഭൂവിലെ മണല്‍ത്തരിപോല്‍
അക്ഷരങ്ങളെ തള്ളിക്കളഞ്ഞിവര്‍
അക്കങ്ങല്‍ക്കായി പരക്കം പായുന്നുവോ ?

രാഷ്ട്രമീമാംസപഠിച്ചവര്‍
രാഷ്ട്രമെന്തന്നറിയാതെ അലയുന്നു
അര്‍ദ്ധനഗ്നനെ തെരുവില്‍ കളഞ്ഞിവര്‍
അര്‍ദ്ധരാത്രികള്‍ക്കായി കാത്തിരിക്കുന്നു

കോലായില്‍ ഉറങ്ങിയ ഉണ്‍മയെ
കോലാല്‍ തുരത്തിയിറക്കി
കൊടുവാളാല്‍ തീര്‍ക്കുന്നു നീതികള്‍
കാടത്തരത്തിന്‍ വക്താക്കളിവര്‍

സ്ത്രീത്വംവിറ്റ മങ്കയെ പോല്‍
പൈതൃകം വിറ്റ് പണമാക്കുന്നിവര്‍
പാദസരം വിറ്റ് കാമുകനെ തേടുംപോല്‍
തറവാട് വില്‍ക്കുവാന്‍ വെമ്പുന്നിവര്‍

പഞ്ഞമില്ലാതെ പാറുന്നകൊടികളും
മാറി മറയുന്ന  പല പല നിറങ്ങളും
ഘോഷകര്‍  വിളമ്പും തത്വങ്ങള്‍ പലതും
കൈതവം കൈമുതലാക്കിയ കൂട്ടരും

 പതിയുന്നു കണ്ണുനീര്‍ സിന്ദൂരത്തിലും
തേങ്ങുന്നു വസുന്ധര പിന്നേയും പിന്നേയും
അച്ഛന്‍റെ ഓര്‍മ്മയില്‍ വിതുമ്പുന്ന കുഞ്ഞും
ഗര്‍ഭമൊഴിഞ്ഞൊരമ്മയുടെ നീറ്റലും.

മരുപ്പച്ച







അഴിയാക്കുരുക്കുകള്‍-തകഴി ശിവശങ്കരപ്പിള്ള

                                 
മലയാള സാഹിത്യലോകത്തെ കുലപതിയും കഥാലോകത്തെ കാരണവരും
ലോകത്ത് വിപ്ലവത്തിലൂടെ കമ്മ്യുണിസം നിലവില്‍ വരാന്‍ ശ്രമിച്ചപ്പോള്‍
തന്‍റെ തൂലിക ചലിപ്പിച്ച് രണ്ടിടങ്ങഴി എന്ന കഥയിലൂടെ മലയാളിയുടെ മനസ്സില്‍ വിപ്ലവം സൃഷ്‌ടിച്ച തകഴിയുടെ അതിമനോഹരമായ ഒരു കഥയാണ്‌
അഴിയാക്കുരുക്ക്‌. യക്ഷികഥയില്‍ തുടങ്ങി മനുഷ്യന്‍റെ വൈകാരിക മണ്ഡലങ്ങളിലൂടെ നടത്തി അനുരാഗത്തിന്‍റെയും അനുഭൂതിയുടെയും ഒരു ലോകം അനുവാചകര്‍ക്ക് മുന്നില്‍ തുറന്നിടുന്നു. സുന്ദരിയായ ഒരു ഭാര്യയുടെ മേല്‍ ഒരു പുരുഷനുണ്ടാകുന്ന മാനസികഅസ്വസ്ഥതകളെ മുകുന്ദനെന്ന കഥാപാത്രത്തിലൂടെ നമ്മുടെ മനസ്സുകളിലൂടെ ഒരു നദിയാക്കി ഒഴുക്കുവാന്‍ തകഴിക്ക് ഈ കഥയിലൂടെ കഴിഞ്ഞു. മനുഷ്യജീവിതങ്ങള്‍ ഈ ലോകത്ത് ഉള്ളടത്തോളം കാലം ഇത്തരം കഥകളും കഥാപാത്രങ്ങളും പല പേരിലും പല രൂപത്തിലും ഭൂമിയിലുണ്ടാകും.


                                               കാറും കോളും നിറഞ്ഞ മനസ്സായിരുന്നു മുകുന്ദന്‍കുഞ്ഞിന് അന്ന്, ഒരു കൊലപാതകം നടത്താനുള്ള വ്യഗ്രത വെട്ടുകത്തിയും,കയറും തേടുന്നു, ഉറക്കം വരാത്ത രാത്രി അവന്‍ ഒരു ബീഡിയെടുത്ത് കത്തിച്ചു എന്നിട്ട് തന്‍റെ പുസ്തകമുറിയിലേയ്ക്ക് പോയി, പലതരത്തിലുള്ള പുസ്തങ്ങളുണ്ട്, കലുഷിതമായ മനസ്സ് ഒന്ന് ശാന്തമാക്കണ്ടേ, മഹാഭാരതം വായിച്ചു തുടങ്ങി, എല്ലാം ശാന്തമായപോലെ ലയിച്ചുള്ള വായന !. പെട്ടന്ന് ഒറ്റമുണ്ട് അരയില്‍ ചുറ്റി ഒരു സ്ത്രീ രൂപം, പാദത്തോളം നീണ്ടുകിടക്കുന്ന തലമുടി അയ്യോ യക്ഷി മുകുന്ദന്‍കുഞ്ഞ് പേടിച്ചുപോയി.സുന്ദരിയാണ് വശ്യമായ ചിരി, മനസ്സില്‍ വല്ലാത്ത ചിന്തകള്‍ യക്ഷി ചീന്തിക്കുടിച്ചാല്‍ പല്ലും നഖവും മാത്രമേ ബാക്കി വക്കൂ, ചിലപ്പോള്‍ അവളില്‍ ലയിക്കുന്നതാകാം, അവളില്‍ അലിഞ്ഞ് സായൂജ്യമടയുന്നതും. രാത്രിയുടെ രണ്ടാം യാമാമായിരുന്നു അത്. സാധാരണയായി രണ്ടാം യാമത്തില്‍ ഉണരുക,  മുകുന്ദനെ ഒന്ന് കേട്ടിപ്പുണരുകയെന്നത് അവളുടെ ആവശ്യമാണ്, അന്ന് അവളുടെ അടുത്ത് മുകുന്ദനെ കണ്ടില്ല , അവള്‍ എന്നേറ്റ് മുകുന്ദന്‍റെ അടുത്ത് ചെന്നതായിരുന്നു, വശ്യതയാര്‍ന്ന ചിരിയും മാദകത്വം നിറഞ്ഞ ശരീരവും, സരസ്സ, അതായിരുന്നു അവളുടെ പേര്. അവനെ കെട്ടിപ്പിടിച്ച് അവള്‍ കിടപ്പറയില്‍ കൊണ്ടുപോയി, മാറുന്ന രൂപ ഭാവങ്ങള്‍ മുകുന്ദനെ അവള്‍ പുണരുന്നു , കെട്ടിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകള്‍ക്ക് ഉരുക്കിന്‍റെ ശക്തിയുണ്ട്.നേരം പുലര്‍ന്നു മുകുന്ദന്‍ ഉണര്‍ന്നു സരസ്സ ഉറങ്ങുകയാണ് അവളുടെ മാംസദാഹം തണുത്തിരിക്കുന്നു.

                                         മുകുന്ദന്‍ തന്‍റെ മുത്തശ്ശി പറഞ്ഞ പഴയകഥയിലേക്ക് മനസ്സ് പായിച്ചു, ഒരു ആദിത്യക്ഷേത്രത്തെക്കുറിച്ച്, താമരപൂക്കളും അമ്പലക്കുളവുമുള്ള ഗ്രാമം. എത്ര ഓര്‍ത്തിട്ടും മുത്തശ്ശി പറഞ്ഞതൊന്നും ഓര്‍മ്മയില്‍ തെളിയുന്നില്ല. വടക്ക് കിഴക്ക് മലയില്‍ ഒരു കൂറ്റന്‍ അരയാല്‍ മരമുണ്ട് മുകുന്ദന്‍ അതിന്‍റെ ചുവട്ടില്‍ ഇരുന്നു, തന്‍റെ കൂട്ടാളി വേലുപ്പിള്ള ക്ഷേത്രത്തിലെ ശാന്തിക്കാരനെ കാണാന്‍ പോയി പഴയ തറവാടിനെക്കുറിച്ച് എന്തേലും വിവരം കിട്ടിയാലോ ?.പെട്ടെന്ന് അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ അവന് കഴിഞ്ഞില്ല, കനക വിഗ്രഹം പോലെ ഒരു സുന്ദരി, തലയ്ക്കു താങ്ങാന്‍ കഴിയാത്ത കേശഭാരം, നീല നയനങ്ങള്‍, അവള്‍ കുളിക്കടവില്‍ ഇറങ്ങി, അവളുടെ പാദസ്പന്ദനം താമരയുടെ ഇതളുകളെ ഇളക്കി. ഒരു സ്ത്രീയുടെ സൗന്ദര്യത്തെക്കുറിച്ചും ആ സാഹചര്യങ്ങളും പ്രകൃതിതി ഭംഗിയും വര്‍ണ്ണിക്കാനുള്ള തകഴിയുടെ കഴിവിനെ നമിക്കേണ്ടി വരും, ഈ ഭാഗങ്ങള്‍ വായിക്കുമ്പോള്‍.കുളി കഴിഞ്ഞ് ആ സൗന്ദര്യധാമം അപ്രത്യക്ഷമാകുന്നതും  മുകുന്ദന്‍ ഒരു കല്പ്രതിമപോലെ നോക്കി  നിന്നു.നിമിഷങ്ങള്‍കൊണ്ട് അവര്‍ പരസ്പരം ഹൃദയം കൈമാറിയെന്ന് വേലുപ്പിള്ളക്ക് മനസ്സിലായി.നേരം വൈകി വള്ളംവിടണം ഉച്ചകഴിഞ്ഞ് കാറ്റാണ്, മുകുന്ദന് ഇതൊന്നും കേള്‍ക്കാനുള്ള മനസ്സില്ല, നമുക്കിന്ന്‍ ഇവിടെ കഴിയാം നാളെ പുലര്‍ച്ചെ തൊഴുത ശേഷം പോകാം. ക്ഷേത്രത്തിലെ മാരാരില്‍ നിന്ന് മുകുന്ദന് പുതുമയാര്‍ന്ന പല യക്ഷിക്കഥകളും ചരിത്രവും പഠിക്കാന്‍ കഴിഞ്ഞു. വളരെ പണ്ട് ദേവദാസികളുടെ ഒരു തറവാട് ഉണ്ടായിരുന്നതായും, അവര്‍ ദേവ തുല്യരായിരുന്നുവെന്നും അവര്‍ നാട് ചുറ്റിയാല്‍ കാര്‍ഷിക വിളവ്‌ കൂടുമെന്നും നാട്ടുക്കാര്‍ വിശ്വസിച്ചിരുന്നു.അവരുടെ തലമുറ രണ്ടായിപ്പിരിഞ്ഞ് കറുത്തവരുടെ ഒരു തറവാടും വെളുത്തവരുടെ ഒരു തറവാടുമായിമാറി. അവിടെ വിവാഹം നടക്കാറില്ലായിരുന്നു പകരം പുടവ കൊടുത്ത് സംബന്ധമായിരുന്നു. ഒരിക്കല്‍ പോകുന്ന പുരുഷന്മാര്‍  തിരിച്ചുവരില്ലായിരുന്നു അവിടുത്തെ സുന്ദരിമാര്‍ അത്ര സ്നേഹമുള്ളവര്‍ ആയിരുന്നുവെന്നാണ് ചരിത്രം.

                                                           രാത്രിയുടെ യാമങ്ങളില്‍ എവിടെനിന്നോ മധുരമായ സംഗീതം ഒഴുകിവന്നു രാപ്പാടി തന്‍റെ ഇണയെ തേടുംപോലെ. അവന്‍ ആഗ്രഹിച്ചപോലെ പുടവ കൊടുത്ത് ആ സുന്ദരിയെ സ്വന്തമാക്കി.
ഏഴ് തിരികളിട്ട് കത്തിച്ച സ്വര്‍ണ്ണ നിറമുള്ള വിളക്കുകള്‍ അവരുടെ മുറിയില്‍ തൂങ്ങുന്നുണ്ടായിരുന്നു. സുഗന്ധം പരത്തുന്ന എണ്ണയായിരുന്നു  ആ വിളക്കില്‍ ഒഴിച്ചിരുന്നത്,ഒരു വാതിലില്‍കൂടി ആരോ അവളെ മണവറയില്‍ തള്ളിവിട്ടു.
പുറത്തു ചിലങ്കയുടെ ശബ്ദം, മുകുന്ദന് ഇതൊക്കെ പുതുമയല്ലേ, അവളുടെ അമ്മ പുറത്ത് നൃത്തം ചെയ്യുന്നു അവളുടെ അച്ഛന്‍ നൃത്തം കാണുന്നു. സരസ്സ പറഞ്ഞു ഞാന്‍ നൃത്തം വയ്ക്കാം, അല്ലെങ്കില്‍ വീണ വായിക്കാം, അല്ലെങ്കില്‍ കഥ പറയാം പുരുഷനെ സന്തോഷിപ്പിക്കുകയെന്നുള്ളത് ആ തറവാട്ടിലെ സ്ത്രീകളുടെ കടമയായി അവര്‍ വിശ്വസിക്കുന്നു. മുകുന്ദന് ഒന്നിലും ഒരു ഇഷ്ടമില്ലായ്മ. നേരം പുലര്‍ന്നു അമ്മ സരസ്സയെ നോക്കി നെറ്റിയില്‍ കുങ്കുമപൊട്ട് മാഞ്ഞില്ല, തലമുടിക്കെട്ട് അഴിഞ്ഞിട്ടില്ല, അമ്മ അവളോട്‌ ചോദിച്ചു നീ ഉറങ്ങുകയായിരുന്നോ അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞു, പതിവിന് വിപരീതമായി എന്തൊക്കെയോ സംഭവിക്കും പോലെ
മുത്തശ്ശി പറഞ്ഞു അവള്‍ക്ക് വശീകരിക്കാന്‍ അറിയില്ല അതാവും. പിറ്റേന്ന് തോട്ടത്തില്‍ അവള്‍ അവനെ കൂട്ടിക്കൊണ്ടു പോയി ഒരു ചില്ലയില്‍ ഇണയെത്തേടിയിരിക്കുന്ന പക്ഷിയെ കാണിച്ചുകൊടുത്തു. കാട്ടിലെ ചോലയില്‍ അവള്‍ നഗ്നയായി കുളിക്കാന്‍ ഇറങ്ങി, അവളെ കാണുമ്പോള്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രതിമയായാണ് അവന് തോന്നാറുള്ളത്, അവള്‍ എന്‍റെ തനത് സ്വത്തല്ലേ പക്ഷികളും പൂക്കളും തരുക്കളും അവളുടെ നഗ്നത കാണണ്ട വാ പോകാം അവന്‍ അവളെ വീട്ടിലേയ്ക്ക് കൂട്ടി. ഏഴ് തിരിയുള്ള ഒറ്റ വിളക്കേ അന്ന് കത്തുന്നുണ്ടായിരുന്നുള്ളൂ അവള്‍ കിടപ്പ്മുറിയില്‍ കയറി വാതിലും ജനാലയും അടച്ചു, വിളക്കുകള്‍ അവള്‍ അണച്ചു, മുകുന്ദന്‍ അന്ന് രാത്രി മുഴുവന്‍ അവളുടെ കരവലയത്തില്‍ ആയിരുന്നു.പിറ്റേന്ന് വെളുപ്പിന്  അമ്മയും മുത്തശ്ശിയും അവളെ സൂക്ഷിച്ചു നോക്കി അന്ന് കുങ്കുമം മാഞ്ഞു, മുടികെട്ട് അഴിഞ്ഞു സന്തോഷമായി.

                                             മുകുന്ദന്‍ ഓര്‍ത്തു അവര്‍ക്ക് മാത്രമായി ഒരു ഉദ്യാനം വേണം, സ്വന്തമായി ഒരു  സാമ്രാജ്യം വേണം, അവിടെ സരസ്സയെ നോക്കിയിരിക്കണം. അവള്‍ എന്‍റെ തനത് വകയാണ് അവളെ ആരും നോക്കാന്‍ പാടില്ല , അവള്‍ ആരെയും ഓര്‍ക്കാനും പാടില്ല, അവന്‍ അവളോട്‌ നിന്‍റെ മനസ്സില്‍ ആരാണ് നീ ആരെയാണ് ഓര്‍ക്കുന്നത്. അവിടെവിടെയോ അദൃശ്യനായി ആരോ ഉണ്ട്, കാമദേവന്‍റെ വിഹാരരംഗമാണ് കാടും അരുവിയും എല്ലാം കാമദേവനുള്ളതാണ്, ആരെ കാണാനാണ് അവളുടെ കണ്ണുകള്‍ ഉഴറുന്നത്. മുകുന്ദന്‍റെ മനസ്സിന്‍റെ വിഹ്വലതകള്‍ !.എല്ലായ്പ്പോഴും എല്ലാറ്റിനും അവള്‍ മുന്‍കൈയെടുക്കുന്നു ഭാര്യ ഭര്‍ത്താവിനെ ബലാല്‍സംഗം ചെയ്യുമോ, അവള്‍ എങ്ങനെ പഠിച്ചു ആര് പഠിപ്പിച്ചു, അവള്‍ അഭിനയിക്കയാണോ മനസ്സ് കാട് കയറുന്നു, ചുറ്റിലും മതില്‍ ഉയരുമ്പോള്‍ അവള്‍ പറയും പൊക്കം പോരാ ഇനിയുമുയരണം, മതിലുകള്‍ എത്ര പൊക്കിയാലും പല പുരുഷന്മാരും അവളെ ധ്യാനിച്ചിരിക്കും , മതിലില്‍ കിടന്നാലും വീണയും ചിലമ്പൊലിയും ഉണ്ടാകും. അവള്‍ക്ക് അവിടെയിരുന്നു കാമുകനെ സ്വപ്നം കാണാന്‍ കഴിയും  എന്നാല്‍ മതില്‍ കെട്ടുന്നില്ല---.അവളുടെ ഭാവങ്ങള്‍ വളരെയാണ് , യക്ഷിയാകും, ലക്ഷ്മിയാകും, അപ്സരസ്സ് ആകും, രാക്ഷസിയാകും, എന്തിന് നീ സുന്ദരിയായി ?  സുന്ദരിയെ ആണുങ്ങള്‍ നോക്കിയിരുന്നു പോകും , സുന്ദരിയായ ഭാര്യയുടെ കാല് തല്ലിയൊടിക്കണം, സുന്ദരിയായ ഭാര്യ ചിത്തശല്യമാണ്, അവന്‍റെ മനസ്സ് ഒരു കൊലപാതകിക്ക് തുല്യമായി. സരസ്സയെ ഒരാണിന്‍റെ വേഷം കെട്ടിച്ചു നോക്കി . അപ്സരസ്സില്‍ നിന്ന് പിറന്ന കുടംബത്തില്‍പ്പെട്ടവളാണ് സരസ്സ, ഭര്‍തൃപരിചരണം ഞങ്ങളുടെ കുലത്തൊഴില്‍  ഭര്‍ത്താവിന്‍റെ സംതൃപ്തിയാണ്   ഞങ്ങളുടെ കൈവല്യം, അത് കൊണ്ട് ഭര്‍ത്താവിന്‍റെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ അവള്‍ തയ്യാറായിരുന്നു. വിവാഹത്തിന് മുന്‍പ് നീ ആരെയെങ്കിലും മനസ്സില്‍ ധ്യനിച്ചിരുന്നോ, അവള്‍ പറഞ്ഞ് ഉവ്വ് അങ്ങ് പാറമേലിരുന്നു ഓടക്കുഴല്‍ വായിക്കുന്ന ഒരാളെ, ആരാണെന്ന് അറിയില്ല , അത് കാമദേവനോ ഗന്ധര്‍വനോ
ആയിരിക്കാം, അതൊന്നും വിശ്വസിക്കാന്‍ മുകുന്ദന്‍ തയ്യാറായില്ല, ഇതൊക്കെ വെറും യക്ഷികഥകള്‍.

                                             ചന്ദ്രിക പരന്നൊഴുകുന്ന രാത്രി നിലാവില്‍ ഒരു മധുരമായ വേണുനാദം അവന്‍ അവളോട്‌ ചോദിച്ചു നീയിതു കേള്‍ക്കുന്നുണ്ടോ,ഉവ്വ് അത് തോന്നലല്ല സത്യമാണ് മുരളീനാദം. അത് അവനാണ് പാറപ്പുറത്തിരുന്നു വായിക്കുന്നു, അവന്‍ എന്തിന് ഇവിടെ വന്നു എന്‍റെ ജീവിതം നശിപ്പിക്കാനോ അവള്‍ വിലപിച്ചു. അവന്‍ ഇവിടെനിന്നു പോകണം അവന്‍ പാടാന്‍ പാടില്ല മുകുന്ദന്‍ അലറി.മുകുന്ദന്‍ അവളേയും വലിച്ചിഴച്ചു മലയുടെ നെറുകയിലേക്ക് ഓടി വേണുനാദം അലയടിക്കുന്നു ആരെയും കാണാന്‍ കഴിയുന്നില്ല . രാക്ഷസഭാവം പൂണ്ട മുകുന്ദന്‍ അവളെ പിടിച്ചു ഒരു കൊക്കയിലേക്ക് തള്ളി , വേദന സഹിച്ചിട്ടും അവള്‍ അവനോടു പറഞ്ഞു എന്‍റെ അടുത്തായി കിടന്നേ നല്ല പുല്‍ത്തകിടിയാണ്.വേടന്‍ മാന്‍കിടാവിനെയെന്നപോലെ അവളെ തോളിലേറ്റി അയാള്‍ നടന്നു, എന്നെ തോളിലേറ്റിയകൊണ്ട് അങ്ങേക്ക് ക്ഷീണമില്ലേ ഈ കാണുന്ന അരുവിയില്‍ നിന്ന് കുടിച്ചേ ക്ഷീണം മാറും ഈ കാട്ടില്‍ ഒരു വള്ളിയുണ്ട് അത് മുറിച്ചാല്‍ തേനിന്‍റെ സ്വാദുള്ള കറ വരും അത് കുടിച്ചാല്‍ ഓജസ്സ് ഉണ്ടാകും, ഞാന്‍ കൊണ്ടുവരട്ടെ. അവള്‍ ഓടി  അവന്‍ ചോദിച്ചു എവിടെക്കാ അവള്‍ പറഞ്ഞു അമൃത് കൊണ്ട് വരാന്‍, അവന്‍ വിചാരിച്ചു മുരളീനാദം കേള്‍ക്കുന്ന ദിക്കില്‍ അവനെ കാണാനായിരിക്കും, , അവന്‍ അവളെ തിരിച്ചു വിളിച്ചു, അവര്‍ വീട്ടിലെത്തി, അവളെ തിരിച്ചു കിട്ടിയിരിക്കുന്നു എന്‍റെ സാമ്രാജ്യത്തിലേക്ക്, അവളില്ലാത്ത ലോകം ശൂന്യമാണ്, അവളെ കൊല്ലണം  എങ്ങനെ -അവന്‍റെ മനസ്സ് പിടച്ചു, വെട്ടുകത്തിയും കയറും ഉപേക്ഷിച്ചു --ഇപ്പോഴും മനസ്സ് പിടക്കുന്നു.


മരുപ്പച്ച

















2017, ജൂലൈ 27, വ്യാഴാഴ്‌ച

അകലങ്ങള്‍

               
                     
ദൂരങ്ങള്‍ നമ്മെ ദൂരത്താക്കിയൊരു സമയം
ചിന്തക്ക് കൂട്ടായി ഞാനും നീയും
അടുത്തിരിക്കുവാന്‍ കൊതിച്ചു പലവട്ടം
അന്നകലങ്ങളിലായിരുന്നു നമ്മള്‍

 മൊഴിയൊന്നു കേള്‍ക്കുവാന്‍   കൊതിച്ചു
 സ്വപ്നങ്ങള്‍ പലതും  നെയ്തുണ്ടാക്കി
നിലാവില്‍ പടുത്തോരോ കിനാക്കളും
കൊഴിഞ്ഞുവല്ലോ  ഞാനറിയാതെ 

മറക്കുവാന്‍ ശ്രമിച്ചു പലവട്ടമെന്നിട്ടും
വളര്‍ന്നുവല്ലോ സ്വപ്‌നങ്ങള്‍ നീലിമയില്‍
തളരുന്ന മനസ്സിന് കൂട്ടായി കിനാവില്‍
നീ തന്നയോരോ ദര്‍ശനവും

നിന്‍ വിരളാലെയിന്നു  മെനയുന്നു
കാവ്യങ്ങള്‍  സത്യമോ മിഥ്യയോയെന്നറിയാതെ
കാണുന്നു നിന്‍ മുഖമിന്നു വരം ലഭിച്ചോരു
പഥിതന്‍ പോല്‍ കാണും കിനാക്കളിലെല്ലാം

മാറുന്നു ജന്മങ്ങള്‍  പ്രണയ സാഫല്യമോടെ
തുടിക്കുന്നയോരോ പരല്‍മീനുപോലെ
കാണുന്നു സകലത്തിലും നിന്‍ സാമീപ്യം
സൂര്യകിരണംപതിച്ചപുല്‍ക്കൊടിപോല്‍

ഇന്നെന്‍മുന്നിലണഞ്ഞപ്പോള്‍
ചൊല്ലുവാന്‍ കഴിയുന്നില്ലയൊന്നുമേ
സാകൂതം നോക്കി നില്‍ക്കുന്നു നിന്നെ
എന്നരികിലണഞ്ഞ  ശലഭം പോല്‍---

മരുപ്പച്ച











2017, ജൂലൈ 26, ബുധനാഴ്‌ച

കാല്‍വിരല്‍

കാല്‍ വിരലാല്‍ നാണിച്ച്
അന്ന് വൃത്തം വരച്ച പെണ്ണെ
ഇന്ന് കൈവിരലാല്‍
മൊബൈലില്‍ വൃത്തം
വരക്കുന്നുവോ

കാല്‍ വിരലാല്‍
വൃത്തം വരച്ച്
പണ്ട് നാണിച്ച്
നിന്ന പെണ്ണേ!
ഇന്ന് കൈവിരലാല്‍
മൊബൈലില്‍
വൃത്തം വരക്കുന്നുവോ ?

മരുപ്പച്ച

മൂന്ന് ഘടകങ്ങള്‍

 അത്യാവശ്യം,ആവശ്യം, അനാവശ്യം, മൂന്ന് ഘടകങ്ങള്‍ മനുഷ്യമനസ്സിനെ
എപ്പോഴും ചഞ്ചലപ്പെടുത്തും, അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റപ്പെട്ടാല്‍
പിന്നെ അവശ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, ചിലര്‍ അതുകഴിഞ്ഞാല്‍,
പിന്നെ അനാവശ്യമായി തന്‍റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.ആര്‍ത്തിയിലേയ്ക്കും അത്യഗ്രഹത്തിലേക്കും മനുഷ്യനെ നയിക്കുന്നത്  മൂന്നാമത്തെ  ഘടകമാണ്. വെള്ളം കുടിക്കാന്‍ അരുവിക്കടുത്ത് എത്തുന്ന പക്ഷികളോ മാന്‍പേടയോ ഒരിക്കലും വെള്ളത്തില്‍ ഇറങ്ങാറില്ല, അരുവിയുടെ കരയില്‍ നിന്ന് സാവധാനം അതിന് ആവശ്യമായ വെള്ളം കുടിക്കും, ആവശ്യം നിറവേറ്റാന്‍ വെള്ളത്തില്‍ ഇറങ്ങേണ്ട കാര്യമില്ല, അത് കലക്കേണ്ട ആവശ്യവുമില്ല. മനുഷ്യന്‍ അങ്ങനെയാണോ? പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള വിവേകം പോലും  മനുഷ്യന് ഇല്ലാതെ പോയോ ?

മരുപ്പച്ച

2017, ജൂലൈ 24, തിങ്കളാഴ്‌ച

പക്ഷം


ഒരു പക്ഷിക്ക് ഇണയോടൊത്തും
ഒറ്റക്കും പറക്കാന്‍ സാധിക്കും
ഇണയോടൊത്തുള്ള പറക്കലിന്
ഒരു നിയന്ത്രണമോ, അതോ ഇണയുടെ
ഒരു ആകര്‍ഷണമോ ഉണ്ടാകാം
ഒറ്റയ്ക്കുള്ള പറക്കലിന് ഇത് രണ്ടും
ഉണ്ടാകില്ല, ഉയരങ്ങളില്‍ പറക്കാം
പക്ഷങ്ങളില്‍ കനല്‍ പകരും വരേയോ
പക്ഷം ഒടിയുന്നതുവരേയോ--!

മരുപ്പച്ച

ഒഴുക്ക്

ഒഴുക്കു നിലച്ച ജലത്തെ നദിയെന്നോ
തോടെന്നോ ഒരിക്കലും പറയില്ല
ഒരു പരിധിക്കുള്ളില്‍ കഴിയുന്ന
ജലം, ചെറു തടാകത്തിനോ,അതല്ലെങ്കില്‍
ഒരു ചെറുകുളത്തിനോ സമമായിരിക്കും
നദിയാകണോ, തടാകമാകണോ--
അത് ഓരോരുത്തരുടേയും ചിന്തയെ
ആശ്രയിച്ചിരിക്കും--ഒഴുകേണ്ട അല്ലെങ്കില്‍
ഒഴുക്കേണ്ട സ്നേഹം എങ്ങനെയൊക്കെയാണ്
നമ്മള്‍ വിനിയോഗിക്കുന്നത്---ചിന്തിക്കുക

മരുപ്പച്ച






നിക്കോസ് കസന്ദ്‌സക്കിസ്-സെയ്ന്‍റ് ഫ്രാന്‍സിസ്-വിവര്‍ത്തനം തോമസ്‌ മറ്റം.


                     
മലയാളസാഹിത്യത്തിലെ  മെഗാസ്റ്റാറുകളായാ ഡോ. ലീലാവതി, പ്രോഫ കെ പി അപ്പന്‍, സച്ചിദാനന്ദന്‍, എന്നിവര്‍ ഒരുമിച്ചു ഒരു പുസ്തകത്തെ മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കുക, മാത്രമല്ല അക്ഷരലോകത്തെ കുലപതികളായ പത്തോളം പേര്‍ ഒരു പുസ്തകത്തിന്‌ ആസ്വാദനം എഴുതുക , എല്ലാം ഒരു പുസ്തകത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന പ്രതിഭാസം,  തത്വചിന്തകന്മാര്‍ക്കും ബുദ്ധിരാക്ഷസന്മാര്‍ക്കും പിറവി കൊടുത്തിട്ടുള്ള മണ്ണാണല്ലോ ഗ്രീക്ക്. മഹാകവിയും പുരോഗമന രാഷ്ട്രീയ തല്പരനുമായ കസന്ദ്സാക്കിസ് വര്‍ത്തമാനകാലത്തും സമൂഹമനസ്സില്‍ കത്തിനില്ക്കുന്നുവെങ്കില്‍ വൈവിധ്യവും, വൈരുദ്ധ്യവും നിറഞ്ഞ ദാര്‍ശനികവും രാഷ്ട്രീയവുംആത്മീയവുമായ തന്‍റെ ദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തിലും കാലഹരണപ്പെട്ടിട്ടില്ല, വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രസക്തിയേറുന്നു എന്നതുതന്നെ. ചാട്ടവാറടിയേറ്റ് തലയില്‍ മുള്‍മുടി ചൂടി മരക്കുരിശേന്തിയ യേശുവില്‍ നിന്ന് അകന്ന് സ്വര്‍ണ്ണക്കുരിശും ആര്‍ഭാട ജീവിതവുമായി   അനുയായികള്‍ അകന്ന ,12-ആം നൂറ്റാണ്ടില്‍ രണ്ടാം ക്രിസ്തുവായി  ദാരദ്ര്യത്തെ തന്‍റെ മണവാട്ടിയായി പുണര്‍ന്ന മണ്ണിനേയും മനുഷ്യനേയും ഷഡ്പദങ്ങളേയും സസ്യജലാദികളേയും സ്നേഹിച്ച പുണ്ണ്യവാനായ ഫ്രാന്‍സിസ്  അസ്സിസിയിലൂടെ നടക്കുകയാണ് കസന്ദ്സാക്കിസ്.
ഫ്രാന്‍സിസ് അസ്സിയുടെ ജീവിതം  ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്തമാണെന്ന് തീരുമാനിക്കേണ്ടത് അനുവാചകര്‍ക്ക് വിടുന്നു.
 പ്രലോഭനങ്ങളില്‍ നിന്ന് രക്ഷ നേടുവാന്‍ കഴിയുമോ എന്നറിയാനായി മാസിഡോണിയയിലെ മലഞ്ചരുവില്‍ ഒരു ആശ്രമത്തില്‍ സ്ത്രീകള്‍ എന്നല്ല,
ആ വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷിമൃഗാദികളില്‍നിന്ന് പോലും അകന്ന് ഇന്ദ്രിയങ്ങളെ അടക്കി സന്യാസം അനുഷ്ടിക്കാന്‍ ശ്രമിച്ച കസന്ദ് സാക്കിസ്, തന്‍റെ കാമാസക്തികളെ കൂട്ടാനേ ആ ശ്രമം ഉപകരിച്ചുള്ളൂവെന്ന് മനസ്സിലാക്കുന്നു.
താന്‍ പരാജപ്പെട്ടയിടത്ത്ജയിച്ച അസ്സിസിയിലൂടെ സാക്കിസ് കടന്നുപോകുമ്പോള്‍ ആ എഴുത്തിന് നൈര്‍മല്യത കൂടുന്നു.താനല്ല ഫ്രാന്‍സിസിനെ പോലെ പത്തുപേരാണ് റഷ്യക്ക് ആവശ്യമെന്ന് ലെനിന്‍ പറഞ്ഞതായി ഇതില്‍ പ്രതിപാദിക്കുന്നു.ഔപനിഷദതേജസ്സില്‍ നിന്നുരുവായ അത്ഭുതതേജസ്സായിട്ടാണ് ഫ്രാന്‍സിസിനെ ഡോ. ലീലാവതി പറയുക.ഭാരിച്ച ആത്മീയ സാന്നിധ്യം ആവശ്യമായ പുസ്തകമാണിതെന്ന്‍ കെ പി അപ്പനും, അള്‍ത്താരയിലെ ദിവ്യഗ്നിയില്‍ സ്വയമര്‍പ്പിച്ച ഹവിസാണ് ഫ്രാന്‍സിസെന്ന്, ഓ ന്‍ വി കുറുപ്പും,ഈ പുസ്തകം എന്‍റെ ഉറക്കം കെടുത്തിയെന്നും ഈ മൊഴിമാറ്റം ഒരു ഈശ്വരാരാധനയെന്നും മലയാളിയുടെ കവയത്രി സുഗതകുമാരി അഭിപ്രായപ്പെടുന്നു. ഈ മൊഴിമാറ്റം കൈരളിക്ക്‌ അമൂല്യമായ ഒരു കണ്ഠഭരണമായി കമ്മുണിസ്റ്റ്‌ സൈദ്ധാന്തികനായ ഗോവിന്ദന്‍പിള്ളയും, മനസ്സ് കലുഷിതമാകുമ്പോള്‍ ഓരോ മലയാളിയും ഈ പുസ്തകം കൈയ്യിലെടുക്കട്ടെയെന്ന്‍ മയ്യഴിപ്പുഴയുടെ സ്വന്തം എം-മുകുന്ദനും പറയുന്നു.


                                                 ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന ലിയോയിലൂടെയാണ് ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. അസ്സിസ്സി നഗരത്തിലെത്തിയ ലിയോക്ക് പറുദീസയിലെത്തിയ പ്രതീതിയായിരുന്നു .ജോര്‍ജിയ തെരുവിലെങ്ങും പൂക്കളുടെ പരിമളവും, പൊരിച്ച മാംസത്തിന്‍റെ മണവും, പലരുടെയും നേരെ കൈനീട്ടി ഭിക്ഷക്കായി, പരിഹാസമായിരുന്നു മറുപടി. അതില്‍ ഒരാള്‍ പറഞ്ഞു ബെര്‍ണാദീനോയുടെ മകന്‍ ഫ്രാന്‍സിസാണ്, നിനക്ക് ഭിക്ഷ തരിക സമ്പത്ത്  മുഴുവന്‍ നശിപ്പിച്ചവന്‍. അര്‍ദ്ധരാത്രി മെത്രാസനമന്ദിരത്തിത്തിന്‍റെ സമീപം  ഗിത്താറിന്‍റെയും പുല്ലാങ്കുഴലിന്‍റെയും ശബ്ദം, സ്കിഫി പ്രഭുവിന്‍റെ  മന്ദിരത്തിന് വെളിയിലാണ് പാട്ടും മേളവും ഉയരം കുറഞ്ഞ് തൊപ്പിയില്‍ തൊങ്ങല്‍ പിടിപ്പിച്ച് മനോഹരമായി, പ്രണയാര്‍ദ്രമായി പാടുന്നവന്‍, അവന്‍റെ ശ്രദ്ധ മുഴുവന്‍ സ്കിഫി പ്രഭുവിന്‍റെ മന്ദിരത്തിലെ ജാലകത്തിലേക്കാണ്, കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു ഫ്രാന്‍സിസ് ഇന്നിനി അവള്‍ ജാലകം തുറന്ന് നിനക്ക് റോസാപൂവ് തരുമെന്ന് തോന്നുന്നില്ല നമുക്ക് പോകാം---. ഒരിക്കല്‍ ഫ്രാന്‍സിസിന്‍റെ പ്രണയ തീരത്ത് പറന്നു നടന്നവള്‍. പിന്നെ ആധ്യാത്മികതയുടെ ഉത്തുംഗതയില്‍ ഫ്രാന്‍സിസ് എത്തിയപ്പോള്‍ ലൗകീകജീവിതം വെടിഞ്ഞ്  ഫ്രാന്‍സിസിനെ അനുധാവനം ചെയ്തവള്‍ അവള്‍ക്ക് വേണ്ടിയാണ് ഫ്രാന്‍സിസ് പാടിയത്----വിശുദ്ധയായ ക്ലാരാ. ഇത് ഫ്രാന്‍സിസ്,  വിശുദ്ധ  ഫ്രാന്‍സിസ് ആകുന്നതിന് മുമ്പുള്ള ജീവിതം-------.

                                                   പോര്‍സുങ്കലായുടെ ഉമ്മറപ്പടിയിരിക്കുന്ന ഫ്രാന്‍സിസിനെ തേടിയെത്തി, ബര്‍ണനീത്ത പ്രഭുവിന്‍റെ മകന്‍ വിശുദ്ധ ഫ്രാന്‍സിസ് എവിടെയാണ്,  സ്വയം വെളിപ്പെടുത്താതെ ഫ്രാന്‍സിസ് ലിയോയെ  കൂടെ കൂട്ടി കിടക്കാന്‍ ഇടം കൊടുത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാമിനികളോടൊപ്പം ആടി പാടി നടന്ന ഫ്രാന്‍സിസല്ലയിത്. നേരം പുലര്‍ന്നു സാന്ടുഫിനോ പള്ളിയിലെ കുര്‍ബാന സമയം ലിയോ ഭിക്ഷ യാചിക്കാനായി അങ്ങോട്ട്‌ പോയി, പള്ളിയില്‍ നിന്ന് ബര്‍ണനീത്തയും ഭാര്യ പിക്കാപ്രഭ്വിയും ലിയോ കൈകള്‍ നീട്ടി , പോയി എന്തെങ്കിലും പണി ചെയ്തുകൂടെയെന്നാണ് ഉത്തരം കിട്ടിയത്. അതാണ്‌ ഫ്രാന്‍സിസിന്‍റെ പിതാവ്.സെപ്റ്റംബര്‍- 23 - പള്ളിയില്‍ മണിയടിക്കുന്നു ഇന്ന് ദാമിയാനോ പുണ്യാളന്‍റെ തിരുനാളാണ്.കഴിഞ്ഞ രാത്രിയില്‍ ഫ്രാന്‍സിസ് വിശുദ്ധ ദാമിയാനെ സ്വപ്നം കാണുന്നു, കീറിയ വസ്ത്രവും നഗ്നപാദനായി ഊന്നുവടിയും താങ്ങി, ഫ്രാന്‍സിസിനോട് ചോദിച്ചു, സഭ അപകടത്തിലായ കാര്യം നീയറിഞ്ഞില്ലേ നിന്‍റെ കരത്താലെ അതിനെ താങ്ങി നിര്‍ത്തൂ.ലിയോയേയും കൂട്ടി സമതലങ്ങള്‍ താണ്ടി ദേവാലയത്തിലെത്തി, പക്ഷികള്‍ കൂട് കൂട്ടിയും ഭിത്തികല്‍ പൊളിഞ്ഞും കിടക്കുന്നു. അടുത്തായി മൂന്ന് പെണ്‍കുട്ടികള്‍ അവര്‍ കളിക്കാന്‍ വന്നതാണിവിടെ അതില്‍ മൂത്ത കുട്ടിയെ ഫ്രാന്‍സിസിന് നല്ല പരിചയം മുന്‍പ് അവളുടെ വീടിന്‍റെ ജാലകം നോക്കി പാട്ട് പാടി നടന്നിട്ടുണ്ട് അതാണ്‌ ക്ലാര.ഇന്ന് അവളുമായി സംസാരിക്കാന്‍ അയാള്‍ക്ക് ഇഷ്ടമില്ല, ക്ലാരയെ ഒഴിവാക്കി ഫ്രാന്‍സിസ് ദൗത്യത്തിലേക്ക് നീങ്ങുന്നു.ഇടിഞ്ഞ പള്ളിയുടെ പണി രണ്ടുപേരും ചേര്‍ന്ന് തുടങ്ങി, അന്തോണിയച്ചന്‍ അവര്‍ക്ക് കഴിക്കാന്‍ ആഹാരം കൊടുത്തു,
പര്യടനം കഴിഞ്ഞുവന്ന ബര്‍ണനീത്തോ പ്രഭുവിന് തന്‍റെ മകനിലുണ്ടായ മാറ്റം അംഗീകരിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം സാന്‍ ദാമിയാനോയിലെത്തി മകന്‍റെ കവിളില്‍ തല്ലി, അടികൊണ്ട ഫ്രാന്‍സിസ് പിതാവിനോട് പറഞ്ഞു മറ്റേ കവിളില്‍ കൂടി അടിക്കൂ---.


                                                        അന്ന് രാത്രി ഫ്രാന്‍സിസ് ഭവനത്തില്‍ പോയില്ല അടുത്തുള്ള ഒരു ഗുഹയില്‍ കഴിഞ്ഞു. രാത്രിയില്‍ ഇടിനാദം പോലെ കര്‍ത്താവിന്‍റെ സ്വരം ഫ്രാന്‍സിസ് നിന്‍റെ നഗരമായ അസ്സിസിയില്‍ പോകാമോ
എല്ലാപേരുടെയും മുന്നില്‍ എന്‍റെ നാമത്തെപ്രതി നിനക്ക് പാടാനും നൃത്തം ചെയ്യാനും കഴിയുമോ. ഫ്രാന്‍സിസ് ലിയോയുടെ എതിര്‍പ്പ്പോലും വകവയ്ക്കാതെ ആടാനും പാടാനും തുടങ്ങി, വിളിച്ചു കൂകി തെരുവിലെ കൂടിയവരോട്‌ ഒരു കല്ലേറിന് ഒരു അനുഗ്രഹം പത്ത് കല്ലേറിന് പത്തനുഗ്രഹം, കൂടിയവര്‍ കല്ലെറിയാന്‍ തുടങ്ങി ,ഉന്മത്തനായി ഒലിച്ച രക്തവുമായി ആടിതിമിര്‍ക്കുന്ന ഫ്രാന്‍സിസിനെ നോക്കി മട്ടുപ്പാവില്‍ ഹൃദയം തകര്‍ന്ന് ക്ലാര നില്ക്കുന്നുണ്ടായിരുന്നു.എല്ലാം കണ്ടിരുന്ന ബര്‍ണനീത്തോ പ്രഭു പരാതിയുമായി ബിഷപ്പിന്‍റെയടുത്ത് എത്തുന്നു. എല്ലാം ധൂര്‍ത്തടിച്ച മകനെ പിതാവ് തള്ളിപ്പറയുന്നു.പിതാവ് നല്കിയ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഊരി ഫ്രാന്‍സിസ് നഗ്നനാകുന്നു. ആ വസ്ത്രമെടുത്ത്ബര്‍ണനീത്തോ  നടക്കുന്നു.ബിഷപ്പ് പുറത്തിറങ്ങി തോട്ടക്കാരനില്‍ നിന്ന് ഒരു പഴകിയ വസ്ത്രം വാങ്ങി ഫ്രാന്‍സിസിന്‍റെ നഗ്നത മറച്ചു.വഴിയില്‍ കിട്ടിയ ഒരു മണിയും കിലുക്കി തെരുവില്‍ പാടി നടന്നു  മനുഷ്യരേയും പക്ഷികളേയും,വൃക്ഷങ്ങളെയും സര്‍വ്വോപരി ഭൂമിയേയും സ്നേഹിക്കണം.ഒരിക്കല്‍ സ്വപ്നത്തിലൂടെ ഫ്രാന്‍സിസിന് ഒരു സന്ദേശം കര്‍ത്താവില്‍ നിന്നുണ്ടായി, എഴുന്നേറ്റ് യാത്ര തുടരുക നിന്‍റെ വഴിയില്‍ ഞാന്‍ ഒരു കുഷ്ടരോഗിയെ അയക്കും നീ അവനെ കെട്ടിപ്പിടിക്കണം. ഫ്രാന്‍സിസ് നടന്നു, മുന്നില്‍ ഒരു മണികിലുക്കം ഒരു കുഷ്ടരോഗി, രണ്ട് കയ്യും വിരിച്ചുപിടിച്ച് മൂക്ക് പോലും ദ്രവിച്ച ആ രോഗിയെ ചുംബിക്കാന്‍ തുടങ്ങി ചുംബിക്കുന്ന ഓരോരോ മുറിവും അപ്രത്യക്ഷമായി, ഫ്രാന്‍സിസ് നിലത്തുകിടന്ന്‍ നിലവിളിച്ചു അത് ക്രിസ്തുവായിരുന്നല്ലോ-! ഫ്രാന്‍സിന്‍റെ ഈ അവസ്ഥ നീറിയ ഹൃദയവുമായാണ്‌ ക്ലാര കാണുക. പ്രണയത്തെ നിരസിക്കുന്നവന്‍ ദൈവ വിരോധിയാണ്‌ ക്ലാരയുടെ വാക്കുകളാണ്, ഇതൊന്നും ഫ്രാന്‍സിന്‍റെ യാത്രക്ക് തടസമല്ലായിരുന്നു. ഒരിക്കല്‍ ബര്‍ണാഡ് എന്ന മനുഷ്യന്‍ ഫ്രാന്‍സിസിനെ പരീക്ഷിക്കാനായി തന്‍റെ വീട്ടില്‍ ക്ഷണിച്ചു, ഫ്രാന്‍സിസ് സംസാരിക്കുമ്പോള്‍ ആ ഭവനത്തില്‍ ഒരു ദിവ്യപ്രകാശം പരക്കുന്നതായി കണ്ടു.പരീക്ഷണം മാനസാന്തരത്തിലേക്ക് മാറി.
വലിയ ഒരു വസ്ത്രവ്യാപാരിയായിരുന്ന അദ്ദേഹം തന്‍റെ വസ്ത്രക്കെട്ടുകള്‍ എല്ലാം പാവപ്പെട്ടവക്കായി തുറന്ന് കൊടുത്തിട്ട് ഫ്രാന്‍സിസിനെ അനുധാവനം ചെയ്തു.


                                         
                                                                ഒരു  പ്രകൃതി സ്നേഹിക്ക്  മാത്രമേ ദൈവത്തെ സ്നേഹിക്കാന്‍ കഴിയൂവെന്ന് ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ കഴിയുംവിധമായിരുന്നു ഫ്രാന്‍സിസിന്‍റെ ജീവിതം. മരച്ചില്ലയിലിരിക്കുന്ന പക്ഷിയെ നോക്കി സോദരിമാരെ പക്ഷികളെയെന്ന്‍ വിളിക്കാനും, കൂടെ കൂടുന്ന മാടപ്രവുകള്‍ക്ക് തന്‍റെ തോളില്‍ ഇരിക്കാന്‍ ഇടം കൊടുക്കുകയും സായന്തനത്തില്‍ കുരിവികളെ കുരിശ് വരച്ച് ഉറങ്ങാന്‍ കൂട്ടിലേക്ക് അയക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് ഇന്നിന്‍റെ കാലഘട്ടത്തില്‍ അനിവാര്യമായ ഒരു ഉത്തരമാണ്. കുരിശുയുദ്ധം നടക്കുമ്പോള്‍, യുദ്ധത്തിനെതിരെ പ്രതികരിക്കാനും സുല്‍ത്താനെ പോയി കാണാനും കാണിച്ച ധൈര്യവും, യുദ്ധം ക്രിസ്തുതത്വശാസ്ത്രത്തിന് എതിരാണെന്നുള്ള വിലയിരുത്തലും ഫ്രാന്‍സിസിന്‍റെ തേജസ്സ് ഉയര്‍ത്തിക്കാട്ടുന്നു.എന്നും ഹൃദയത്തില്‍ ഫ്രാന്‍സിസിന് മാത്രം ഇടം കൊടുത്തിരുന്ന ക്ലാര തന്‍റെ ജീവിതം സന്യാസത്തിലേക്ക് മാറ്റുന്നു. ഈ ലോകവുമായി ബന്ധപ്പെട്ടിരുന്ന അവളുടെ കബനീഭാരം എന്നേക്കുമായി മുറിച്ചുമാറ്റി, കറുത്ത വസ്ത്രമണിഞ്ഞ്‌ സിസ്റ്റര്‍ ക്ലാരയായി. ഒരിക്കല്‍ ഫാദര്‍ സില്‍വസ്റ്റര്‍  ഫ്രാന്‍സിസിനെ കാണാനെത്തി, അങ്ങ് സാന്‍ ദാമിയാനില്‍ ചെല്ലണം അവിടത്തെ ദിവ്യവചസ്സുകള്‍ കേള്‍ക്കാന്‍ ക്ലാര കാതോര്‍ത്തിരിക്കുന്നു. ഫ്രാന്‍സിസിന്‍റെ മറുപടിയിതായിരുന്നു, പോര്‍സുങ്കാലായില്‍ നിന്ന് സാന്‍ ദാമിയാനിലേക്കുള്ള വഴിയിലേക്ക്  ധവളപുഷ്പങ്ങള്‍  വിരിയുന്ന കാലത്ത് ഞാന്‍ വരാം. അതായത് ഒരിക്കലും പോകില്ലയെന്നല്ലേ ?. അടുത്തദിവസം സില്‍വസ്റ്റര്‍ അച്ഛന് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, വഴിക്കിരുപുറവും ധവളപുഷ്പങ്ങള്‍. ക്ലാരയുടെ മഠത്തിലെത്തിയ ഫ്രാന്‍സിന്‍റെ പ്രഘോഷണസമയത്ത് മഠത്തിന്‍റെ കൂരയ്ക്ക് തീ പിടിച്ച പോലെ എല്ലാപേര്‍ക്കും അനുഭവപ്പെട്ടു. തിരികെ പോകാന്‍ ഇറങ്ങിയ ഫ്രാന്‍സിസിനോട്    സന്യാസിനികള്‍ എന്ത് സമ്മാനം
വേണമെന്ന് ചോദിച്ചു, ദാരിദ്ര്യത്തെ  മണവാട്ടിയാക്കിയ ഫ്രാന്‍സിസിസിന് വേണ്ടത്, നിങ്ങള്‍ കാണുന്ന ഭിക്ഷക്കാരില്‍ നിന്നെല്ലാം കുറച്ച് കീറിയ പഴയതുണി വാങ്ങി എനിക്കൊരു കുപ്പായം ഉണ്ടാക്കിത്തരിക ----. ഇന്നത്തെ ക്രിസ്ത്യാനിക്ക് കൈമോശം വന്ന ചില ചിന്തകള്‍-----.
                                                             

                                                                   യാദനയും ക്ലേശവും സ്വയംപീഡനവും ഏറ്റുവാങ്ങി ഫ്രാന്‍സിസ്, ഒരിക്കല്‍ ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങള്‍ തന്‍റെ ശരീരത്തില്‍ പേറി, വിശുദ്ധന്‍റെ കരസ്പര്‍ശനത്തിനായി ദിനംപ്രതി ആള്‍ക്കാര്‍ കൂടി. ഫ്രാന്‍സിസിന്‍റെ അമ്മയായ പിക്കാ പ്രഭി മുടി മുറിച്ചു തന്‍റെ  സമ്പത്ത് പാവപ്പെട്ടവര്‍ക്ക് കൊടുത്തശേഷം സിസ്റ്റര്‍ പിക്ക ആയി.ദിനംപ്രതി ഫ്രാന്‍സിസിന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ആ വര്‍ഷം ക്രിസ്തുമസ്സ് വെള്ളിയാഴ്ചയായിരുന്നു. മുറ്റത്ത്‌ നമ്മുടെ സഹോദരരായ പക്ഷികള്‍ക്ക് ധാന്യം വിതരണമെന്നും കാലികളെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്, നല്ല ആഹാരം നല്കണമെന്നും ഫ്രാന്‍സിസ് നിഷ്കര്‍ഷിച്ചു. തന്‍റെ ഗുഹയില്‍ പുല്കൂടോരുക്കി കുര്‍ബാന നടത്തുമ്പോള്‍ അവിടെ ഒരു ദിവ്യപ്രകാശമുണ്ടായി.  പുല്ക്കൂടിന്‍റെ മഹത്വം എന്താണെന്നും, എങ്ങനെയാകണമെന്നും, ഒന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും, പ്രത്യകിച്ച് ക്രിസ്തുമസ് പോലും വാണിജ്യവല്കരിക്കപ്പെട്ട സമയത്ത്. ഫ്രാന്‍സിസിന്‍റെ ആരോഗ്യം ക്ഷയിച്ചു, എന്തും സംഭവിക്കാം, കൂടെ സിസ്റ്റര്‍ പിക്കായും ക്ലാരയും ലിയോയും, സുഹൃത്തുക്കളും, സഹോദരി മരണമേ വന്നാലും എന്നെ നിത്യ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നവളെ സ്വഗതം-----എന്ന വാക്കുകള്‍ ചൊല്ലി----------ആ പക്ഷി പറന്നു -പറന്നു -പോയി, അപ്പോഴും കുരുവികള്‍ വിലാപത്താല്‍ ഗാനം പൊഴിക്കുന്നുണ്ടായിരുന്നു--


മരുപ്പച്ച-.










                                  

നന്മ

                     
അമ്മയും നന്മയുമൊന്നുപോല്‍
മണ്ണില്‍പിറന്ന രണ്ട് സുകൃതങ്ങള്‍!
അമ്മ കുഞ്ഞിനെപേറുന്നപോല്‍
നന്മ പേറണമെല്ലാ മനസ്സിലും

തിന്മയെന്ന തമസ്സകറ്റാന്‍
നന്മയെന്ന ദീപം തെളിക്കാം
പെരുകുന്ന തിന്മയെ പഴിക്കാതെ
നന്മ പേറും ചെരാതുകളായീടാം

താങ്ങുന്ന ഭൂമിക്ക് തണലായ്
തകരുന്ന മനസ്സിന് താങ്ങായിടാം
സുഗന്ധം പരത്തുന്ന മാലേയം പോല്‍
നന്മയാല്‍ സുഗന്ധദായകരായിടാം

നന്മയാല്‍ മരണത്തെ തോല്പിച്ചിടാം
കണ്ണും കരളും ദാനമായേകിടാം
മാതൃകയേറും   മനുഷ്യരായ്
സ്വര്‍ഗ്ഗമീ ഭൂവില്‍ പണിതുയര്‍ത്തിടാം

അപരനായ്മധു കരുതും മധുപന്‍ പോല്‍
വരും തലമുറക്കായി പകരാം നന്മകള്‍
അന്നം കരുതാന്‍ നിരന്നിടുമുറുമ്പ് പോല്‍
സേവനം ചെയ്യാന്‍ നിരന്നിടാം കരുതലോടെ

കവിഞ്ഞൊഴുകും കല്ലോലിനിപോല്‍
നിറഞ്ഞൊഴുകണം നന്മയെന്നും
അനാഥരെന്ന്‍ മൊഴിയാത്തൊരു
കൈരളിയെ കൈകളിലേന്തിടാം-

മരുപ്പച്ച







2017, ജൂലൈ 21, വെള്ളിയാഴ്‌ച

ഊഷരമായ ജീവിതങ്ങള്‍

                       
മേഴ്സി അതായിരുന്നു അവളുടെ പേര്,പേര് പോലെ കരുണയുള്ളവളായിരുന്നു അവള്‍ എന്നും. ത്രസ്യമ്മാ പാപ്പച്ചന്‍ ദമ്പതികളുടെ മൂത്തമകള്‍. ഒരു പക്ഷെ മകള്‍ എന്നതിനേക്കാളേറെ അവള്‍
താഴെയുള്ള  അവളുടെ കൂടെപ്പിറപ്പുകള്‍ക്ക് അമ്മയായിരുന്നു. കൂലിപ്പണിക്കാരായ അപ്പനും അമ്മയും ജോലി കഴിഞ്ഞു വരുവോളം
അല്ലലറിയാതെ  അവളുടെ രണ്ട്  അനുജത്തിമാരെയും ആങ്ങളയെയും പോറ്റിയത് അവളായിരുന്നു. വീട്ടുകാര്യങ്ങള്‍ നോക്കുന്നതോടോപ്പം
പഠിക്കാനും മിടുക്കി ആയിരുന്നു അവള്‍. കൃത്യമായി ഫീസ് കൊടുക്കാനും
മക്കളെ നന്നായി പഠിപ്പിക്കാനും ആഗ്രഹം ഉണ്ടെങ്കിലും ത്രസ്യമ്മാ പാപ്പച്ചന്‍
ദമ്പതികള്‍ക്ക് അതിന് കഴിഞ്ഞില്ല.എല്ലാ കഷ്ടതയുടെ നടുവിലും മേഴ്സി
തന്‍റെ വലിയ ആഗ്രഹമായിരുന്ന നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. അവളുടെ മനസ്സിന്‍റെ ത്യാഗപൂര്‍ണ്ണമായ സ്നേഹം അതാവാം അവളെ ഒരു നഴ്സ് ആകാന്‍ പ്രേരിപ്പിച്ചത്. പഠിത്തം കഴിഞ്ഞ ഉടനെ തന്നെ അവള്‍ക്ക്  ഡല്‍ഹിയില്‍ ഒരു ജോലി തരപ്പെട്ടു കുറഞ്ഞ ശമ്പളമാണേലും അവള്‍ക്ക് അതൊരു വലിയ ആശ്വസമായിരുന്നു, ഒന്നുമില്ലാത്തവര്‍ക്ക് ഒരു കച്ചിത്തുരുമ്പും വലുതല്ലേ.നാട്ടില്‍നിന്നും ഡല്‍ഹിയിലേക്കുള്ള പറിച്ചു നടല്‍
അവള്‍ക്ക് ഒരു അനുഭവവും പുതുമയും ആയിരുന്നു.

                                                       സഹോദങ്ങളുടെ പഠനം വാര്‍ധക്യത്തിന്‍റെ പിടിയില്‍ വീണുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍, ജോലിക്കിടയിലെ പിരിമുറുക്കം ഇതൊക്കെ ആയിരിക്കാം ചിലപ്പോള്‍ മേഴ്സിയെ ജോയിയുമായി അടുപ്പിച്ചത് അവളുടെ വിഷമങ്ങള്‍  പങ്കുവക്കാന്‍ ഒരാള്‍ ഇടയ്ക്കു തിരക്കിനിടയില്‍ അവര്‍ പരസ്പരം കാണുന്നത് പതിവായി .ആര്‍ക്കും എപ്പോള്‍ വേണേലും മെനയാന്‍ കഴിയുന്ന ഒന്നാണല്ലോ  സ്വപ്നങ്ങള്‍ അതിന് ആരുടേയും അനുവാദവും വേണ്ടല്ലോ-  അതുകൊണ്ടുതന്നെ അവരുടെ സ്വപ്നങ്ങള്‍ക്ക് അതിരില്ലായിരുന്നു. നാളുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു പുസ്തകത്തിലെ താളുകള്‍ വായനക്കാരന്‍ മറിക്കും പോലെ. . ആയിടക്കാണ് വിദേശത്തെ ഒരാശുപത്രിയില്‍ നഴ്സ് ആയി അവള്‍ക്ക് ഒരവസരം കിട്ടിയത്
അത് അവളുടെ മനസ്സില്‍ പുതിയ ദീപം തെളിക്കാനുള്ള ചെരാത് ആയി , തന്‍റെ താഴെയുള്ള രണ്ട് അനുജത്തിമാര്‍ ആങ്ങള അവരുടെ ഭാവി ശോഭനമാക്കാന്‍ കിട്ടുന്ന അവസരം പിന്നെ താനും ജോയിയുമായുള്ള വിവാഹം നല്ല കുടുംബ ജീവിതം  അങ്ങനെയെല്ലാം-.
     
                                                വിദേശത്ത് ചേക്കേറിയ മേഴ്സിക്ക് ഒരു പുതുജീവനായിരുന്നു തന്‍റെ സ്വപ്നങ്ങള്‍ എല്ലാം നിറവേറാന്‍ പോകുന്നു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. കുടുംബത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍ മെല്ലെ മാറിത്തുടങ്ങി വയസ്സായ അപ്പച്ചനോടും അമ്മച്ചിയോടും ഇനി കൂലിപ്പണിക്കൊന്നും പോകണ്ടയെന്ന്‍ മേഴ്സി നിഷ്കര്‍ഷിച്ചു. തന്‍റെ പാത പിന്‍തുടര്‍ന്ന് തന്‍റെ താഴെയുള്ള അന്നയേയും,  ഷേര്‍ളിയേയും നഴ്സിംഗ് പഠനത്തിന് അയച്ചു,  താന്‍ പോലും അറിയാതെ അവളുടെ ദിവസങ്ങള്‍  കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ എല്ലാ പ്രവാസികളെയും പോലെ അവള്‍ക്കും ഒരു സുദിനം അടുത്തു നാട്ടിലേക്ക് പോകാന്‍. താലോലിച്ച ഒത്തിരി സ്വപ്നങ്ങള്‍  തനിക്കായി കാത്തിരിക്കുന്ന
 തന്‍റെ ജോയിയെ, പിന്നെ തന്‍റെ കല്യാണം അങ്ങനെ എല്ലാം----. നാട്ടിലെത്തിയ
മേഴ്സി ഒത്തിരി സന്തോഷവാതിയായിരുന്നു മുന്‍പത്തെക്കാളുംവീടിന്‍റെ അവസ്ഥ മാറിയിരിക്കുന്നു. അന്ന് രാത്രി അത്താഴം കഴിഞ്ഞു അമ്മ കുശലന്വേഷണത്തിനുശേഷം മേഴ്സിയോട് പറഞ്ഞു അന്നാമ്മക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട് പയ്യന്‍ ദുബായിലാ അതൊന്നു നടത്തിയാല്‍ അമ്മയുടെഒരു ഭാരം ഒഴിഞ്ഞേനെ-. അവള്‍ ചിന്തിച്ചുഅമ്മ പറയുന്നതിലും
കാര്യമുണ്ട് പിന്നെ വേറെ ഒന്നും ചിന്തിച്ചില്ല അവളുടെ കല്യാണം നടത്താനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു അതുവരെ സമ്പാദിച്ചതും കടം വാങ്ങിയും എല്ലാം ചിലവാക്കി. അവളുടെ ആഗ്രഹങ്ങള്‍ എല്ലാം മറ്റിവച്ച് ഒരു ത്യാഗമായി. ഒത്തിരി ആകാംഷയോടെ തന്നെ കാത്തിരുന്ന ജോയിയെയും നിരാശപ്പെടുത്തി കുറച്ചു നാള്‍ കൂടി എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന അപേക്ഷയുമായി അവള്‍ വീണ്ടും ജോലിസ്ഥലത്തെക്ക് തിരിച്ചുപോയി,

                                               ഒരു വര്‍ഷത്തോളം വീണ്ടും കടന്നു പോയി അപ്പോഴേക്കും നാട്ടില്‍ നിന്ന് ജോയിയുടെ കത്ത് വന്നു ഇനിയും കാത്തിരിക്കാന്‍ കഴിയില്ല അത് മേസ്ഴിയുടെ തലയില്‍ ഒരു ഇടിത്തീ വീണ പോലെ ആയിരുന്നു, ഒരു തീരുമാനവും എടുക്കാന്‍ കഴിയാതെ ചെകുത്താനും കടലിനും ഇടയില്‍ പെട്ടപോലെ . നഷ്ടബോധവും സങ്കടവും അവളെ വല്ലാതെ അലട്ടി.എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി , അല്ലേലും  സഹനം പെണ്ണിന് കൂടെപ്പിറപ്പാണല്ലോ.  അടുത്ത് നാട്ടില്‍ പോകാനുള്ള സമയം വീണ്ടും അടുത്തു ഇത് പ്രവാസത്തിന്‍റെ ഒരു പ്രത്യകതയാണല്ലോ ഒരു പ്രശ്നം കഴിഞ്ഞുവരുമ്പോഴേക്കും അടുത്തത് വന്നുകഴിയും. ആ സമയത്താണ് അമ്മയുടെ കത്ത് വരുന്നത് .ഷേര്‍ളിയെകൂടെ  ആരുടെയെങ്കിലും കൈയ്യിലേല്‍പ്പിച്ചാല്‍ അമ്മക്കൊന്നു സമാധാനമായി കണ്ണടക്കാമല്ലോ--.
ഇപ്പോള്‍ നാട്ടില്‍ പോയാല്‍  എങ്ങനയാ മേഴ്സി ചിന്തിച്ചു നാട്ടിലുള്ളവര്‍ക്ക്
എന്‍റെ ആവശ്യം ഇല്ലല്ലോ  പണം അയച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമല്ലോ
അങ്ങനെ അമ്മയുടെ ആഗ്രഹം ഭംഗിയായി കഴിഞ്ഞു.ഷെര്‍ലിയും കുടുംബമായി. എല്ലാപേരും സന്തോഷിക്കുമ്പോഴും  ആരുടേയും ചിന്തയില്‍ സ്ഥാനം പിടിക്കാത്തവള്‍ ആയി മേഴ്സി. എല്ലാ ആഗ്രഹങ്ങളും മാറ്റി വച്ച് മേഴ്സി  കുറച്ചു ദിവസതെക്കായി നാട്ടിലേക്ക് തിരിച്ചു. തന്നോടുള്ള താല്പര്യം  കുടുംബക്കാര്‍ക്ക്‌ കുറയുന്നോ എന്നൊക്കെ ഒരു തോന്നല്‍. ഈ സമയത്ത് അവളുടെ കുഞ്ഞനിയന്‍ മത്തായിക്ക് സര്‍ക്കാര്‍ ജോലിയായി താന്‍ കഷ്ടപ്പെട്ട്
പഠിപ്പിച്ച തന്‍റെ അനുജന് ജോലിയായല്ലോ.  മത്തായിക്ക് ഒത്തിരി വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി  പക്ഷേ എല്ലാവര്‍ക്കും തടസ്സംമേഴ്സി ആയിരുന്നു. ഒരാള്‍ പുരനിറഞ്ഞു നില്‍ക്കുന്നു അപ്പോള്‍ എങ്ങനയാ മത്തായിക്ക് പെണ്ണ് കിട്ടുക, സഹനം മാറ്റി സ്വാര്‍ത്ഥത നിറച്ച മനസ്സുകള്‍ നിറഞ്ഞ ലോകമല്ലേ, മത്തായിക്ക് ഒരു ജീവിതം വേണമെങ്കില്‍ മേഴ്സിയുടെ
  വിവാഹം കഴിയണം .എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച മേഴ്സി വീട്ടുകാരുടെ ആഗ്രഹപ്രകാരം വിവാഹത്തിന് നിര്‍ബന്ധിതയായി. ചില സമയത്ത് ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കായി ബലികഴിക്കേണ്ടി വരും അത്തരക്കാരുടെ വേദന മറ്റൊരാള്‍ക്ക്‌ മനസ്സിലാകില്ലല്ലോ. വിവാഹശേഷമാണ് മേഴ്സി തിരിച്ചരിഞ്ഞത് തന്‍റെ ഭര്‍ത്താവ് തികഞ്ഞ ഒരു മദ്യപാനിയാണെന്ന്
അതുമാത്രമല്ല  തന്‍റെ അധ്വാനത്തില്‍ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവനും. മേഴ്സി ഇന്നും പ്രവാസിയായി ജീവിക്കുന്നു ആര്‍ക്കോവേണ്ടി----ഇതു പോലെ എത്രയോ മേഴ്സിമാര്‍ നമ്മുടെ സമൂഹത്തില്‍-.

ഡൊമിനിക് വര്‍ഗീസ്‌ (മരുപ്പച്ച)
y8

മരം

മനുഷ്യനെ താങ്ങുന്ന
മരത്തെ മുറിക്കുന്നു
മനുഷ്യനെ കൊല്ലും
മതഭ്രാന്തിനെ പാലൂട്ടുന്നു.

താങ്ങുന്ന കരങ്ങളെ
വെട്ടിമുറിപ്പവന്‍
നാല്കാലിയെക്കാളും
ക്രൂരരല്ലേ  ?

മരുപ്പച്ച

2017, ജൂലൈ 20, വ്യാഴാഴ്‌ച

പ്രണയം

 സകല ചരാചരങ്ങള്‍ക്കും  പ്രകാശമേകി
കത്തിജ്വലിക്കുന്ന സൂര്യന്‍ സായന്തനത്തില്‍
സാഗരത്തിന്‍റെ അനന്തതയില്‍ ഒളിക്കാന്‍
തുടങ്ങുമ്പോള്‍  ചുവന്ന് തുടുത്ത് സുന്ദരി
ആകുന്നതും അരുണന്‍റെ കിരണമേറ്റ്
സാഗരം ചുവക്കുന്നതും വര്‍ണ്ണനയ്ക്ക്
അതീതമല്ലേ,അതുപോലെയല്ലേ ഞാനും
ഒരിക്കല്‍ നിന്നിലേക്ക് അലിയുമ്പോള്‍
എന്നിലുണ്ടാകുന്ന പ്രണയമാം പ്രകാശം
നമ്മെ രണ്ടുപേരെയും പ്രണയത്തിന്‍റെ
ആഴക്കടലില്‍ നീന്താന്‍ പ്രേരിപ്പിക്കുന്നത്.

മരുപ്പച്ച

ഓളങ്ങള്‍

                             

ഒഴുകുന്ന നദിയിലും. തടാകങ്ങളിലും ഓളങ്ങള്‍
സര്‍വ്വസാധാരണയായിരിക്കും. നദിയുടേയും
തടാകത്തിന്‍റെയും അടിത്തട്ട് കാണണമെങ്കില്‍
വെള്ളത്തിന്‌ തെളിച്ചവും ജലത്തിന്‍റെ മുകള്‍തട്ട്
ഓള വിമുക്തവും ആയിരിക്കണം.ഇത് പോലെയാണ്
മനുഷ്യജീവിതവും, പ്രശ്നങ്ങള്‍ കൊണ്ട് നിറഞ്ഞ
ജീവിതങ്ങളെ നേര്‍വഴിക്കാക്കണമെങ്കില്‍
ഓളങ്ങള്‍ ഒഴിഞ്ഞ ഒരു മനസ്സ് അനിവാര്യമാണ്
ശാന്തിയുള്ള മനസ്സിന് മാത്രമേ കാര്യങ്ങള്‍
ശരിയായി വിശകലനം ചെയ്യാന്‍ കഴിയൂ---

മരുപ്പച്ച


പൂക്കള്‍

നിറയെ പൂക്കളും കായ്കളും ഉള്ള വൃക്ഷങ്ങളെ
എല്ലാപേര്‍ക്കും ഇഷ്ടമാണ്, പ്രത്യക്ഷത്തില്‍ അത്
മനുഷ്യന് തരുന്ന നേട്ടങ്ങളെ മാത്രം നോക്കിയേ
നമ്മള്‍ വിലയിരുത്താറുള്ളൂ. അതേസമയം നിറയെ
പൂക്കളും കായ്കളും ഇല്ലാത്ത ചില മരങ്ങളെ
ശ്രദ്ധിച്ചാല്‍ മനസ്സിലാകും അത് പേറുന്ന
ഇലകല്‍ക്കടിയിലായി എത്രയോ ചെറു പക്ഷികള്‍ക്ക്
ഇടം കൊടുക്കുന്നു. ചിലപ്പോള്‍ എണ്ണത്തില്‍
ഇലകളേക്കാളേറെ പക്ഷികള്‍ ആയിരിക്കും
കൂടുതല്‍ . അപ്പോള്‍ ഏത് വൃക്ഷമാണ് കൂടുതല്‍
നല്ലത് എന്ന് വിലയിരുത്താന്‍ സാധിക്കുമോ ?
മനുഷ്യജീവിതത്തിലും ഇങ്ങനെയല്ലേ, ആര്
ആരെക്കാളും കേമന്‍ എന്ന വിലയിരുത്തല്‍
പലപ്പോഴും തെറ്റിപ്പോകാറില്ലേ --?
നിശബ്ദസേവനം നല്കുന്ന പലരെയും പലപ്പോഴും
നമ്മള്‍ മറന്നുപോകാറില്ലേ---?

മരുപ്പച്ച

വിചിന്തനം

കോലാഹലങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍
നിന്നുകൊണ്ട് പല കാര്യങ്ങളും മനസ്സിലാക്കാനും
വിശകലനം ചെയ്യാനും പ്രയാസമായിരിക്കും.
അത് കൊണ്ട് തന്നെ കുറച്ച് മാറി നിന്ന് പ്രശ്നങ്ങള്‍
മനസ്സിക്കാന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും.
വായിക്കാന്‍ എടുക്കുന്ന ഏത് ഭാഷയിലുള്ള
പുസ്തകമായാലും കണ്ണോട് ചേര്‍ത്ത് വച്ചാല്‍
വായിക്കാന്‍ കഴിയില്ല മുന്നില്‍ ഇരുട്ട്
 മാത്രമായിരിക്കും, മനുഷ്യ ജീവിതവും ഏറെക്കുറെ
ഇങ്ങനെയല്ലേ ?. കൂട്ടത്തില്‍ നിന്നോ ചേര്‍ന്ന് നിന്നോ
വിചിന്തനം ചെയ്യുന്നതിനേക്കാള്‍ ഒരു ചുവട്
പിന്നിലേക്ക്‌ മാറി നിന്ന് മനസ്സിലാക്കാന്‍ 
ശ്രമിക്കുന്നത് ഉചിതമായിരിക്കില്ലേ --?

മരുപ്പച്ച

കരയും -കടലും

അതിരുകള്‍ നിര്‍ണ്ണയിക്കേണ്ട മോഹങ്ങളും
സീമകള്‍ മാറ്റി ചിന്തക്ക് പുതിയ തലങ്ങള്‍
കണ്ടെത്തേണ്ടതും ജീവിതത്തിന് അനിവാര്യമാണ്
മോഹങ്ങളും മോഹഭംഗങ്ങളും ഇല്ലാത്ത
ജീവിതങ്ങള്‍ ഉണ്ടാകില്ല.അതിര്‍ത്തി വേണ്ടയിടത്ത്
അതിര്‍ത്തി നിര്‍ണ്ണയിക്കണം. കടല്‍ത്തിരകള്‍
കരയെ പുല്കുമ്പോള്‍ എന്നും അങ്ങനെ
ആയിരിക്കണമെന്ന് കര ആഗ്രഹിക്കാറുണ്ട്
പക്ഷേ, ഇടയ്ക്ക് ഉണ്ടാകുന്ന വേലിയേറ്റവും
വേലിയിറക്കവും ചില വിഘാതങ്ങള്‍
ഉണ്ടാക്കാറുണ്ട്.എപ്പോഴും തഴുകുന്ന മണല്‍
തിട്ടയെ വേലിയിറക്കസമയത്ത്  തിരകള്‍ക്ക്
തഴുക്കാന്‍ കഴിയില്ല. അത്തരം ചില
മോഹഭംഗങ്ങള്‍ ജീവിതത്തിലും ഉണ്ടാകാറുണ്ട്.
കടലില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങള്‍
പലപ്പോഴും കരയ്ക്ക് അടിയാറുണ്ട്, അത്
താങ്ങാന്‍ പറ്റില്ലെന്ന് കരയ്ക്ക്  പറയാന്‍
 കഴിയില്ല, അതുപോലെയാണ്
മനുഷ്യജീവിതങ്ങളും. രണ്ട് പേര്‍ക്കിടയിലുള്ള
ബന്ധങ്ങള്‍ അത് ഭാര്യ- ഭത്രു ബന്ധമായാലും
കമിതാക്കളായാലും, സുഹൃത്തുക്കളായാലും
ഒരാളുടെ കുറവ് മറ്റൊരാള്‍ പേറാന്‍ തയ്യാറാകണം
ഇടത് കയ്യില്‍ അഴുക്ക് പറ്റിയാല്‍ വലത് കൈയ്ക്ക്
മാറിനില്‍ക്കാന്‍ കഴിയില്ല, അത് കഴുകി
വൃത്തിയാക്കാന്‍ വലത് കൈയ്യുടെ സഹായം
വേണ്ടി വരും അത് പോലെ തിരിച്ചും.----


മരുപ്പച്ച







കാലങ്ങള്‍-

ആന നടന്നുപോകുമ്പോള്‍, അറിഞ്ഞോ അറിയാതെയോ
ഒത്തിരിയേറെ ചെറു പ്രാണികളേയും ഉറുമ്പുകളേയും
ചവിട്ടിമെതിക്കാറുണ്ട്. തന്‍റെ കാലിനടിയില്‍ പെട്ട്
വേദനിക്കുന്നയൊന്നിനെപ്പറ്റിയും  ചിന്തിക്കേണ്ട ആവശ്യം
ആനക്കില്ല, കാരണം ആന ശക്തനാണ്. എപ്പോഴെങ്കിലും
ഒരിക്കല്‍ ആന അവശയതയാല്‍ കിടന്നു പോയാല്‍
ഉറുമ്പും ചെറുപ്രാണികളും ആനയുടെ ശരീരത്തില്‍
തലങ്ങും വിലങ്ങും ഓടിനടക്കും, ഓരോന്നിന്‍റെയും
കഴിവനുസരിച്ച് അതിനെ ശല്യപ്പെടുത്തും,
ഇതുപോലെയാണ് മനുഷ്യരും, ആരോഗ്യവും , സമ്പത്തും
പ്രശസ്തിയും ഉള്ളപ്പോള്‍, അവരുടെ പ്രവര്‍ത്തിമൂലം
വേദനിക്കുന്നവരെ അവര്‍ ശ്രദ്ധിക്കാറില്ല. ജീവിതത്തിന്‍റെ
സായന്തനത്തിലോ, അല്ലെങ്കില്‍ എവിടെയെങ്കിലും
ഒന്ന് കാലിടറുമ്പോഴോ ചിലരില്‍നിന്നെങ്കിലും ചില
തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകാം, എത്ര ശക്തനായാലും
 ഒരു വേളയെങ്കിലും കഴിഞ്ഞ കാലം ചിന്തിക്കും
ഇത് പ്രകൃതി സത്യമാകാം------.

മരുപ്പച്ച

2017, ജൂലൈ 16, ഞായറാഴ്‌ച

സൗഹൃദം

       
         
പഴകും വീഞ്ഞ് പോല്‍ മധുരിക്കേണം
കാലാന്തരത്തില്‍ സുഹൃത്ബന്ധങ്ങള്‍
കരിയുന്ന കിനാവുമായ് നീറുന്ന മനസ്സിന്
പുതുജീവന്‍ നല്കും കുളിരാണ് സൗഹൃദം

രണ്ടുള്ളവന്‍ ഒന്നപരനായി കരുതി
സ്വര്‍ഗ്ഗവാതില്‍ തേടുന്നവനേത്രേ മിത്രം!
കൂടെപൊഴിക്കുവാനോ കരുതണം
ഒരു തുള്ളി കണ്ണുനീര്‍ ചഷകത്തിലെന്നും.


ലിംഗഭേദമില്ലാതെ മാറണം സൗഹൃദം
ലിംഗത്തിന് വിലപേശുമീ ലോകത്തില്‍
മരുഭൂവിലലയും  മഹാഗളം പോല്‍
മരുപ്പച്ചയാകണം സൗഹൃദമെന്നും

കരുതലിന്‍ കഞ്ചുകമായിടേണം
കാരുണ്യമെന്നും നിറഞ്ഞിടേണം
കല്മഷമേല്ക്കാതെ വിളങ്ങീടണം
കാഞ്ചനം പോലെന്നും തിളങ്ങീടണം


തിരുത്തലിന്‍ തൂലികയായിടേണം
തുഷാരബിന്ദുപോല്‍ അലിഞ്ഞീടണം
താരാഗണങ്ങള്‍ പോല്‍ നിരന്നീടണം
തരളമായ്തല്പത്തില്‍ കരുതിടേണം


പശിയിലും പാശം നിറഞ്ഞീടണം
പണ്ഡിത പാമര ഭേദമില്ലാതെ
പര്‍ണ്ണം നിറഞ്ഞൊരു പര്‍വ്വതം പോല്‍
പാരിനലങ്കാരമായിടേണം !

മരുപ്പച്ച



2017, ജൂലൈ 10, തിങ്കളാഴ്‌ച

വിരഹം

             
അടര്‍ന്നുവീഴുന്നൊരു  കുസുമംപോല്‍
നീയെന്നില്‍നിന്നകലുമെന്നറിയുന്നു ഞാന്‍
മെനയുന്നു കനവുകള്‍ പല വര്‍ണ്ണങ്ങളില്‍
തിമിര്‍ത്തു പെയ്യുംപേമാരിയിലാണ്ടുപോകാതെ

വിരഹത്തിന്‍ വേദന കാണുന്നുയെന്‍ ഹൃത്തില്‍
അണയുവാന്‍ വെമ്പും ചെരാതുപോലെയെന്‍ മരണവും
ഏകാന്തയാത്ര കഴിയില്ലയെന്നാല്‍യീ ഭൂവില്‍
മൂടുന്നുവിഷാദമെന്‍ഹൃദയതല്പത്തിലെന്നും


സൗരഭ്യംപരത്തട്ടെയെന്നുംനിന്‍ വശ്യമാമോര്‍മ്മകള്‍
വാടാമലരുപോലെന്‍ മാനസകോവിലില്‍
പീതപുഷ്പങ്ങളാല്‍ മൂടിയ മഞ്ചകമെന്നും
അനുധാവനംചെയ്യുന്നുയെന്നോര്‍മ്മയില്‍

നിന്‍ സ്മരണകളൊരുക്കുന്നുതാജ്മഹലെന്‍മനസ്സില്‍
വെണ്ണക്കല്ലുപോല്‍ തിളങ്ങുന്നുമെനഞ്ഞോരോ സ്വപ്നവും
വിണ്ണില്‍ ജ്വലിക്കുമോരോനക്ഷത്രങ്ങള്‍ പോല്‍
എന്നില്‍ നിറയുന്നു നിന്നോര്‍മ്മകളെന്നും


ചൊല്ലുവാനേറെയുണ്ടെങ്കിലും
ചൊല്ലുവാന്‍കഴിഞ്ഞില്ലയൊന്നുമേ
കേള്‍ക്കണമെന്ന്നിനച്ച് ചൊല്ലിയതെല്ലാമേ
കേള്‍ക്കാതിരിക്കാനായി മറഞ്ഞുപോയില്ലേ

നമ്മളൊന്നായി കണ്ട പൗര്‍ണ്ണമി രാവുകളും
പാതയോരങ്ങളില്‍പൂത്തുലഞ്ഞ ലില്ലിയും
നീഹാരകണികയണിഞ്ഞ പുല്കൊടിയും
വിരഹവേദനയിലലിഞ്ഞു ചേര്‍ന്നോ--.

മരുപ്പച്ച






2017, ജൂലൈ 8, ശനിയാഴ്‌ച

അച്ഛനും-മകളും-കഥ

 
                       
വസന്തം പൂക്കള്‍ വര്‍ഷിച്ച സമയം മരുതും തേമ്പാവും കാട്ടുപൂക്കളും
നിറഞ്ഞ ഗ്രാമം, സുധാകരന് അന്ന് മനസ്സിനും പൂക്കാലമായിരുന്നു
സുധാകരന്‍ ഒരച്ഛന്‍ ആയ ദിവസം, മനസ്സില്‍ വിരിഞ്ഞ സന്തോഷത്തിന്
കൂട്ടായി പ്രകൃതിയും പൂക്കളമൊരുങ്ങി, അതങ്ങനെയാണല്ലോ കളങ്കമില്ലാത്ത
മനസ്സുകള്‍ക്ക് പ്രകൃതിയും കൂട്ടായിരിക്കും.കുഞ്ഞിന് മാലതിയെന്ന്‍ പേരിട്ടു
നല്ല ഒരു പിതാവ് ആയത്കൊണ്ടാകാം അച്ഛനും മകളും തമ്മിലുള്ള ബന്ധം
പാറപോലെയുറച്ചതും തേന്‍പോലെമധുരവും ആയിരുന്നു. കൂലിപ്പണിക്കാരനായിരുന്ന സുധാകരന്‍റെ ജീവിതം വളരെ സന്തോഷപൂര്‍ണ്ണമായിരുന്നു, ഭൂമിയില്‍ അത്യാഗ്രഹം ഇല്ലാത്തവരുടെ മനസ്സ് എന്നും ശാന്തിയുടെ വിളനിലമായിരിക്കുമല്ലോ !. മാലതിയെ നാട്ടിന്‍പുറത്തെ പള്ളിക്കൂടത്തിലാക്കി, വിദ്യാഭ്യാസം പട്ടണത്തിലായാലെ വിദ്യ നേടാന്‍ കഴിയൂ എന്ന് ചിന്തിക്കുന്ന കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. പഠിക്കാന്‍ വളരെ മിടുക്കിയായിരുന്നു മാലതി അധ്യാപകരുടെ കണ്ണിലുണ്ണി.
സന്തോഷപൂര്‍ണ്ണമായി കഴിഞ്ഞിരുന്ന അവരുടെ ജീവിതം നാട്ടില്‍പുറത്തുകാര്‍ക്കിടയില്‍ അസൂയപോലുമുണ്ടാക്കി, അത് മനുഷ്യസഹജമാണല്ലോ !.മാലതിയുടെ അമ്മ അടുത്തുള്ള ഒരു ഖാദി യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്, ജോലി ഉണ്ടെന്ന് പറയാം, അല്ലെങ്കില്‍ത്തന്നെ ഖാദിയൊക്കെ ആര്‍ക്കാ വേണ്ടത്, അത് ആ ഗാന്ധിജിക്ക് ഉള്ളതല്ലേ, അല്ലെങ്കില്‍ ഇനിയൊരു സ്വതന്ത്ര്യസമരം ഉണ്ടാകണം. മാലതിയുടെ അമ്മയുടെ പേര് പറഞ്ഞില്ലല്ലോ, സുഭദ്ര എന്നാണ് ട്ടോ. ആയിടക്കാണ്‌ സുഭദ്രക്ക്
ഒരു പനി തുടങ്ങി, ഒത്തിരി ചികിത്സകള്‍ക്കുശേഷവും രോഗം മാറിയില്ല, അവസാനം പട്ടണത്തിലെ ആശുപത്രിയില്‍ പോകേണ്ടിവന്നു. അവസാനം രോഗം കണ്ടുപിടിച്ചു, അപ്പോഴേക്കും സമയം വൈകിപോയിരുന്നു. ആ കുടുംബത്തിന്‍റെ  സന്തോഷം കെട്ടുപോകാന്‍ ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് ?
ജീവിതം അങ്ങനെയാണല്ലോ , സന്തോഷം കൂടിയാല്‍ അവിടെ സങ്കടം പരത്താന്‍
ദൗര്‍ഭാഗ്യവും വരുമല്ലോ. ഏറെ താമസിയാതെ സുഭദ്ര ഈ ലോകത്തോട് വിട പറഞ്ഞു.അമ്മയുടെ രോഗവും, ആശുപത്രിയില്‍ പോലും കണ്ട വലിപ്പച്ചെറുപ്പവുമാകാം ആതുരസേവനത്തിലേക്ക് മാലതിയെ ആകര്‍ഷിച്ചത്. നന്മ ചെയ്യാനുള്ള തിടുക്കം, സേവനമനോഭാവം അങ്ങനെ പലതും.സാമ്പത്തികമായി ഒത്തിരി കഷ്ടപ്പെട്ടിട്ട് ആണെങ്കില്‍ പോലും സുധാകരന്‍ മകളെ നഴ്സിംഗ് പഠിക്കാന്‍ അയച്ചു. സുഭദ്രയുടെ മരണശേഷം ഏതാണ്ട് ഒറ്റപ്പെട്ടപോലെയായി സുധാകരന്‍. ഇന്നത്തെ കാലത്ത് ഒറ്റപ്പെട്ടവര്‍ക്ക് ആശ്വാസം മദ്യമാണല്ലോ ?. അല്ല എന്ത്കൊണ്ട് ഒരാള്‍ മദ്യപിക്കുന്നുവെന്ന് ആരും ചോദിക്കാറുമില്ല, സ്വന്തം കാര്യം മാത്രം  നോക്കുന്ന
സമൂഹത്തിന് അതിന്‍റെ ആവശ്യമില്ലല്ലോ ? ഓരോ ദിവസം കഴിയുംതോറും സുധാകരന്‍റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി മാലതി തിരിച്ചെത്തി, മിടുക്കിയായത്‌ കൊണ്ടാകാം പഠിച്ച സ്ഥാപനത്തില്‍ തന്നെ അവള്‍ക്ക് ജോലിയായി, മുങ്ങികൊണ്ടിരിക്കുന്ന വഞ്ചിക്ക് കിട്ടിയ ചെറിയ താങ്ങായിരുന്നു അത്. സുധാകരന്‍റെ ആരോഗ്യനില മോശമായി തുടങ്ങി, മദ്യപാനം അങ്ങനെയാണല്ലോ കുറേശേ കൊല്ലൂ, നിശബ്ദമായി. സുധാകരന് ഇനി ഒരാഗ്രഹമേയുള്ളൂ, മകളെ സുരക്ഷിതമായി ഒരാളെ ഏല്പ്പിക്കുക. നല്ല മനസ്സുകള്‍ക്ക് ദൈവം നന്മയേ വരുത്തൂ, മാലതിയെ അറിയുന്ന ഒരാളുമായി  അവളുടെ ഇഷ്ടപ്രകാരം വിവാഹം നടന്നു. ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ അന്ന് സന്തോഷിച്ചത്‌ സുധാകരന്‍ ആയിരിക്കും. ആഴ്ചകള്‍ക്ക് ശേഷം പെട്ടന്നായിരുന്നു സുധാകരന് ഒരു മോഹാലസ്യം ഉണ്ടായി, മാലതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു, കരളിനെ ബാധിച്ച രോഗം സൗഖ്യമാകുക എന്നത് ഒരു മരീചിക ആയിരുന്നു. മാലതിയുടെ തോളത്ത് ചാരിയിരുന്നു സുധാകരന്‍ ഈ ലോകം വിട്ടുപോയപ്പോള്‍, ചിലപ്പോള്‍ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെന്ന അച്ഛനും മകളും ഇവര്‍ ആയിരിക്കും-----.


മരുപ്പച്ച















2017, ജൂലൈ 4, ചൊവ്വാഴ്ച

അഗ്നി സാക്ഷി--ലളിതാംബിക അന്തര്‍ജ്ജനം

                                   
                 
മലയാളസാഹിത്യലോകത്ത്  എന്നും തിളങ്ങിനില്ക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടമയായ  ലളിതാംബികാ അന്തര്‍ജനത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടോ എന്നത് പ്രസക്തിയില്ലാത്ത ചോദ്യമാണ്. ജീവിതത്തിന്‍റെ സായന്തനത്തില്‍ മലയാളിക്ക് ഹൃദയത്തിലേറ്റാന്‍ നല്കിയ നിത്യപരിമളം വീശുന്ന പൂച്ചെണ്ട് ആണ് അഗ്നിസാക്ഷി യെന്ന നോവല്‍. പേര് പോലെ തന്നെ അഗ്നിയില്‍ സ്പുടം ചെയ്തെടുത്ത അല്ലെങ്കില്‍, ജീവിതമാകുന്ന  ബലിപീഠത്തില്‍  ആര്‍ക്കോവേണ്ടി ബലിയായി തീരുന്ന ജ്വലിക്കുന്ന ചില ഹൃദയങ്ങളുടെ കഥയാണിത്‌. കഥക്കപ്പുറം ഒരു യാഥാര്‍ഥ്യവും.  ബ്രാഹ്മണ സമൂഹത്തില്‍ ഒരു കാലത്ത് അലിഖിത നിയമം പോലെ നടമാടിയിരുന്ന  സംബന്ധം എന്ന അസംബന്ധവും, അതിലുണ്ടാകുന്ന മക്കള്‍ക്ക്‌ തന്‍റെ പിതാവിനെ കാണാനോ സ്നേഹിക്കാനോ, പിതാവിന്‍റെ ശവശരീരത്തില്‍ തൊടാനോ സ്വതന്ത്ര്യം ഇല്ലായിരുന്ന വ്യവസ്ഥയും, തൊട്ടുകൂടായ്മയും, അടിച്ചമര്‍ത്തപ്പെട്ട ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകളുടെ കണ്ണുനീരുമാണിത്. ഈ കഥയെഴുതുന്ന കാലഘട്ടത്തില്‍ ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നത് പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ജീവജാലങ്ങളുടെ ഭാഗങ്ങള്‍ ഫോസിലുകലായി രൂപാന്തരം പ്രാപിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ആകുന്നപോലെ, ഒരു കഥാകൃത്തിന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന അനുഭവങ്ങള്‍ കാലാന്തരത്തില്‍  ഹൃദയ വിചാര വികാരങ്ങളിലൂടെ രൂപാന്തരം പ്രാപിച്ച് ഉജ്ജ്വലമായ കൃതിയായി തീരുന്നു.


തേതിയേടത്തി, ദേവകി മാനമ്പള്ളി, ദേവീബഹന്‍  എന്നീ മൂന്നു പേരുകളില്‍ പരിചയപ്പെടുന്ന സുമിത്രാനന്ദ കഴിഞ്ഞ തലമുറയിലെ സ്ത്രീ ജീവിതത്തിലെ മൂന്ന് മുഖങ്ങളെയാണ് നമുക്ക് മുന്നില്‍ വരച്ചുകാട്ടുന്നത്. തേതിയേടത്തിക്കൊപ്പം ജീവിച്ച്, ജീവിതത്തില്‍  തന്‍റെതായ വഴി കണ്ടെത്തിയ, തങ്കം നായര്‍-  ജീവിത സായന്തനത്തില്‍ തേതിയേടത്തിയേ തേടി ഗംഗയുടെ തീരത്ത് എത്തുന്നു. തങ്കം നായരുടെ മനസ്സിലെ ഓര്‍മകളുടെ താഴ്വാരങ്ങളിലൂടെ ഈ കഥ യാനം ചെയ്യുന്നു മധ്യകേരളത്തിലെ പ്രസിദ്ധമായ മനയാണ് മാനമ്പള്ളി മന, മനയുടെ ഭരണം അപ്ഫന്‍ തമ്പുരാനാണ് നടത്തിയിരുന്നത്. അന്നത്തെ കാലത്ത് നായര്‍ സ്ത്രീകള്‍ പുറത്തിറങ്ങില്ല സംബന്ധത്തിനായി തമ്പുരാക്കന്മാര്‍ അങ്ങോട്ട്‌ പോവുകയാണ് പതിവ് അപ്ഫന്‍ തമ്പുരാനാന്‍ കുറച്ച് വ്യത്യസ്തനായിരുന്നു . നായര്‍ തറവാട്ടില്‍ നിന്ന് പതിനേഴ്‌ വയസ്സുള്ള അമ്മാളുവമ്മയെ നാല്‍പ്പത് വയസ്സുള്ള തമ്പുരാന്‍ തന്‍റെ പത്തായപ്പുരയില്‍ കൂട്ടി അതിലുള്ള മകളാണ് തങ്കം. തങ്കത്തെ  അപ്ഫന്‍ തമ്പുരാന്‍ എടുത്തതായിട്ടോ തൊട്ടു ലാളിച്ചതായിട്ടോ തങ്കത്തിന് ഓര്‍മ്മയില്ല തമ്പുരാന്‍ തികഞ്ഞ ബ്രഹ്മനനല്ലേ ? പിന്നെ തങ്കത്തിനോട് ആകെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നത്‌ ഉണ്ണിയേട്ടനോടാണ്. ഉണ്ണിയേട്ടന്‍റെ വേളി മംഗല്യസൂക്തങ്ങള്‍ മുഴങ്ങുന്നു വേളിയുടെ തിരക്കുകള്‍ ഏട്ടനെയും ഏട്ടത്തിയെയും കാണാനായി തങ്കം അകത്തോട്ട് കയറി, പെട്ടെന്ന് ആരോ വിളിച്ചു കൂവി എല്ലാം അശുദ്ധമാക്കി കാരണം തങ്കം  അപ്ഫന്‍ തമ്പുരാന്‍റെ  നായര്‍ സംബന്ധത്തിലുള്ളതല്ലേ ?,തങ്കം പടിപ്പുള്ളവള്‍ ആയിരുന്നു, തേതി ഏട്ടത്തി നല്ല വായനാശീലമുള്ള സ്ത്രീ ആയിരുന്നു, ഏകാന്തത അവരെ തങ്കവുമായി കൂടുതല്‍ അടുപ്പിച്ചു. ഉണ്ണിക്ക് എപ്പോഴും തേതേട്ടത്തിയുടെ അടുത്ത് ഇരിക്കാനോ കിടപ്പറയില്‍ പ്രവേശിക്കാനോ അനുവാദമില്ലായിരുന്നു. സന്താനാര്‍ത്ഥമല്ലാത്ത ഭര്‍തൃസംഗമം നിഷിദ്ധമായിരുന്നു. ഇല്ലത്ത് ഒരു ഭ്രാന്തിച്ചെറിയമ്മ ഉണ്ടായിരുന്നു അവര്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ആയിരുന്നു, അവരെ മുത്തപ്ഫന്‍ വേളി കഴിച്ചു, ആളിന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു, അവസാനം അവര്‍ ഇല്ലത്ത് ഒരു ഭ്രാന്തിയായി മാറി, ഇതൊക്കെ മനയിലെ ഭൂതകാലങ്ങളില്‍ ചിലത്.തേതേട്ടത്തിക്ക്കുട്ടികളെ വളരെ ഇഷ്ടമായിരുന്നു, വായനയുടെയും വിദ്യഭ്യാസത്തിന്‍റെയും ചലനമാകാം അവര്‍ ജാതിയോ മതമോ നോക്കാതെ എല്ലാപേരെയും സഹായിക്കുമായിരുന്നു ഇതെല്ലാം ഇല്ലത്തില്‍ തേതേട്ടത്തിക്ക് എതിരെ ഒരു പടയൊരുക്കം ഉണ്ടാക്കി.. ഒരിക്കല്‍ തേതേട്ടത്തി ഒരു കത്ത് തങ്കം വഴി പോസ്റ്റ്‌ ചെയ്യാന്‍ കൊടുത്തുവിട്ടു അതിലെ അഡ്രസ്‌ ഇങ്ങനെ ആയിരുന്നു പി കെ പി, നമ്പൂതിരി ഇല്ലം.അത് ഏട്ടത്തിയുടെ ഓപ്പക്കായിരുന്നു. പി കെ പി അന്നത്തെ ആനുകാലിക കാര്യങ്ങളില്‍ പ്രസക്തമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു നേതാവ് ആയിരുന്നു. ഓപ്പയുടെ മറുപടികള്‍ തേതേട്ടത്തിക്ക് ഒത്തിരി ആശ്വാസം പകര്‍ന്നുവെങ്കിലും ചിന്താശേഷിയുള്ള തേതേട്ടത്തിക്ക് ഇല്ലത്തെ അനാചാരങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

                                                         പഠിക്കാന്‍ മിടുക്കിയായിരുന്ന തങ്കം പത്താം തരം ജയിച്ചതോടെ വിവാഹാലോചനകള്‍ ആരംഭിച്ചു.പുറത്തേക്ക് പോയുള്ള പഠനം ഇല്ലത്തിന് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. തങ്കം അതില്‍ വിജയിച്ചു, അപ്ഫന്‍ തമ്പുരാന്‍ ഒത്തിരി എതിര്‍ത്തു തല്ലി, പക്ഷെ തങ്കത്തിന്‍റെ വാശിക്ക്  മുന്നില്‍ അനിവാര്യമായ മാറ്റമുണ്ടായി. ഉണ്ണിയുടെ സഹോദരന്‍ അനിയും പഠിക്കാന്‍ തയ്യാറായത് തങ്കത്തിനും സഹായകമായി. തന്നെ കാണാന്‍
ഇടയ്ക്കു വരാറുണ്ടായിരുന്ന അനികുട്ടനില്‍ നിന്നാണ് തങ്കം ആ വിവരം അറിഞ്ഞത് തേതിയേട്ടത്തി മന വിട്ട് പോയി. തേതേട്ടത്തിയുടെ അമ്മ മരിക്കാന്‍ കിടക്കുന്നു, അമ്മയെ കാണാന്‍ പോകാന്‍ അവരെ ഭര്‍ത്താവും കുടുംബക്കാരും അനുവദിക്കുന്നില്ല, അവര്‍ വീട് വിട്ട് പോയി. സ്വന്ത ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് പോയി അതിനാല്‍ തിരികെ വീട്ടില്‍ കയറ്റാന്‍ നമ്പൂതിരി ഇല്ലം തയ്യാറായില്ല.
 വീട് വിട്ട് പോയ തേതേട്ടത്തി ദേവകി മാനമ്പള്ളി എന്ന പേരില്‍ ഒരു കാലഘട്ടത്തിലെ  അടിച്ചമര്‍ത്തപ്പെട്ട  സ്ത്രീകളുടെ പ്രധിനിധിയായായി അവരുടെ ഉന്നമനത്തിനായി സമൂഹത്തില്‍ നിറഞ്ഞുനില്കാന്‍ തുടങ്ങി. ദേവകി മാനമ്പള്ളിയുടെ പടം ഇല്ലാത്ത ഒരു പത്രം പോലും അന്ന് ഉണ്ടായിരുന്നില്ല, അത്രയ്ക്ക് അവര്‍ ഉയരങ്ങളില്‍ എത്തി. ഈ അവസരത്തില്‍ അപ്ഫന്‍ നമ്പൂതിരിക്ക് അസുഖം കലശലായി അനിയേട്ടന്‍ തങ്കത്തെ കൂട്ടി വീട്ടിലേക്ക് പോയി. കിടക്കയില്‍ കിടക്കുന്ന അപ്ഫന്‍ തമ്പുരാനെ സ്പര്‍ശിക്കാനോ ശുശ്രീഷിക്കാനോ തങ്കത്തിന് അവകാശമില്ലായിരുന്നു കാരണം അവള്‍ നായര്‍ കുട്ടിയല്ലേ. അപ്ഫന്‍ മരണപ്പെടുന്നു  അതോടെ തങ്കത്തിന്‍റെ കൈപിടിച്ച് അമ്മ ഇല്ലത്തുനിന്നു പുറത്തേക്ക് പോയി, അമ്മ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു മകളെ മാനമ്പള്ളി തറവാടുമായുള്ള നമ്മുടെ ബന്ധം എന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ആ കാലഘട്ടത്തില്‍ വലിച്ചെറിയപ്പെട്ട ജീവിതത്തിന്‍റെ ഒരു അടയാളം മാത്രമാണ് തങ്കം നായര്‍. അച്ഛന്റെ ശവ ശരീരം പോലും കാണാന്‍ കഴിയാത്തവള്‍.....


                                               ഒരു കാലത്ത് ജ്വലിച്ചുനിന്നിരുന്ന പി കെ പി നമ്പൂതിരി ഇന്ന് ഒന്നുമല്ലാതായി, ജീവിക്കാനുള്ള തന്ത്രപാടില്‍ ഒതുങ്ങി.എന്നാല്‍ സ്വാതന്ത്ര്യം കാംഷിച്ചിരുന്ന ദേവകി മാനമ്പള്ളി ദേവി ബഹന്‍ എന്ന പേരില്‍ എല്ലാപേരും അറിയപ്പെടാന്‍ തുടങ്ങി. ഗാന്ധിക്കും നെഹൃവിനുമൊപ്പം സ്വതന്ത്ര്യസമരത്തില്‍ അമരക്കാരിയായി വളര്‍ന്നു.തന്‍റെ ആശ്രമത്തില്‍ അഭയം കൊടുത്ത ഒരു മനുഷ്യനില്‍ നിന്നുണ്ടായ ഒരു തിക്താനുഭവത്തിന്‍റെ പേരില്‍ ആശ്രമം വിട്ട ദേവി ബഹന്‍  സ്വയം പീഡനത്തിനും ഉപവാസത്തിലേക്കും തിരിഞ്ഞു. തങ്കം നായര്‍ നാട്ടിലേക്ക്  വരുന്നതും ഉണ്ണിയേട്ടനെയും പി കെ പി യേയും കാണുന്നതും അവര്‍ക്ക് വന്ന മാറ്റവും വികാരോജ്വലമായി വര്‍ണ്ണിച്ചിട്ടുണ്ട്. കൂടെ ചില കവിതാ ശകലങ്ങളും കാണാം. ഉണ്ണിയേട്ടന്‍ തേതിയേട്ടത്തിയുടെ  കഴുത്തില്‍  അണിയിച്ച മംഗല്യസൂത്രം  തിരിച്ചു കൊടുക്കുമ്പോള്‍ കൂടെ അയച്ച കത്ത് ഒരു പക്ഷേ ഈ നോവലിന്‍റെ  അച്ചുതണ്ടായി ഞാന്‍ കാണുന്നു. പിരിഞ്ഞിരിന്നപ്പോഴും മംഗല്യസൂത്രം എനിക്ക് ശക്തിയായിരുന്നു വിളക്കായിരുന്നു, അങ്ങയുടെ ആയുസ്സിനായി ഇതില്‍ പിടിച്ച് ഞാന്‍ ലക്ഷോപലക്ഷം മന്ത്രങ്ങള്‍ ഉരുവിട്ടു എന്ന വാക്കുകള്‍, നമ്മെ ഓര്‍മ്മിപ്പിക്കുന്നത്  ഭാരതസ്ത്രീതന്‍ ഭാവ ശുദ്ധിയേയാണ്. ഉണ്ണിയേട്ടന്‍റെ മരണശേഷം സഹോദരനായ അനിയേട്ടനാണ് മംഗല്യസൂത്രം തങ്കത്തിന് അയച്ചുകൊടുക്കുന്നത്.  മഗല്യസൂത്രം കണ്ടതുമുതല്‍ തങ്കം നായരുടെ തകര്‍ന്ന മനസ്സ് ആ യോഗിനിയെ ഒരു മാത്ര കാണുവാനായി കൊതിച്ചുകൊണ്ടിരുന്നു.


                                                 തങ്കം നായരിലൂടെ യാത്ര ചെയ്ത കഥ അതിന്‍റെ മൂര്‍ത്തീ ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ യോഗിനിയായ സുമിത്രാനന്ദയിലേക്ക് എത്തുന്നു.ശ്രാവണമാസത്തിലെ പൌര്‍ണ്ണമി നാളില്‍ പതിവില്ലാതെ ഇന്ദ്രിയങ്ങള്‍ കെട്ടുപൊട്ടിക്കുംപോലെ , ബോധമണ്ഡലം വിറകൊള്ളുന്നു  നിയന്ത്രണംവിട്ടപോലെ.വളരെനാള്‍ ഏകാന്ത തപം ചെയ്ത് ശക്തി നേടിയവരാണ്. തീര്‍ഥഘട്ടത്തില്‍ വന്നതില്‍ പിന്നെ ഒരു മാറ്റം വന്നപോലെ. ആശ്രമത്തിനടുത്തുനിന്നുള്ള ഉടജത്തില്‍ നിന്ന് ഒഴുകിയ സ്തോത്രാലാപം അവരെ ഭൂതകാലത്തിലേക്ക് കൂട്ടികൊണ്ട് പോയി, ഒരു സന്യസിനിക്ക്‌ പൂര്‍വ്വാശ്രമം ഇല്ല,എന്നാല്‍ ഓരോ പരമാണുവിലും അത് മുഴങ്ങുന്നു. ഈ ലോകത്തെ നിരസിക്കുന്നവര്‍ക്ക് പരലോകവും ഇല്ലാതാകും.കഴിഞ്ഞ കാലങ്ങളിലേക്ക് മനസ്സ് പായുന്നു.സമുദായത്തെ ഉദ്ധരിക്കാന്‍ , നാടിനെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടു ഇന്ന് എവിടെ നില്‍ക്കുന്നു. ലോകത്തിന്‍റെ മായകള്‍, സ്നേഹം പോലും  സ്വര്‍ഥമല്ലേ ? സകല ജീവജാലങ്ങളിലും അന്തര്‍ലീനമായ സൃഷ്ടിവാസനയെ വെറുക്കാന്‍ കഴിയുമോ അമ്മ എന്ന വാക്ക്.
അമ്മേ എന്ന് വിളിക്കുന്ന ഒരു കുട്ടിയെയെങ്കിലും കണ്ടിരുന്നുവെങ്കില്‍. അവര്‍ ഗംഗയില്‍ സ്നാനം നടത്തി അവര്‍ നെറ്റി നിലത്ത് മുട്ടിച്ച് ജഗദീശരനോട് പ്രാര്‍ത്ഥിച്ചു. സുമിത്രാനാന്ദയുടെ പര്‍ണ്ണശാല മറ്റ് സന്യസിനികളുടെ ആശ്രമത്തെക്കാളും വ്യത്യസ്തമായിരുന്നു. കെടാത്ത ഒരു അഗ്നികുണ്ഡം  ഉണ്ടായിരുന്നു അവരുടെ ധ്യനമുറിയില്‍, അവര്‍ക്ക് കിട്ടുന്ന പാരിതോഷികങ്ങളുടെ ഒരു പങ്ക് എപ്പോഴും അഗ്നിക്ക് കൊടുക്കുമായിരുന്നു.
അന്നതിന്‍റെ ഒരംശം വിശ്വജീവന് സമര്‍പ്പിക്കണം അഗ്നി വിശപ്പിന്‍റെ  പ്രതീകമാണ് ഇതാണ് അവരുടെ സങ്കല്പ്പം. യവനപുരാണത്തിലെ പ്രോമിത്യൂസിനെ കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഈ ഭാഗങ്ങളില്‍ എഴുത്തുകാരി നല്ല ചില വിവരണങ്ങള്‍ നല്‍കുന്നുണ്ട്.


                                  ശ്രാവണദിവസം പ്രഭാതം മാതാജി ഇന്ന് പാരണ വീടും, ഗ്രാമവാസികളെ ഇന്ന് കാണും, ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചു.യോഗിനിമാതാവ് ധ്യനത്തിലായിരുന്നു. കണ്ണ് തുറക്കുമ്പോള്‍ ഭക്തരുടെ ഉപഹാരം സ്വീകരിക്കുകയും കുറച്ച് അഗ്നിക്ക് നാല്കയുംബാക്കി വിതരണം ചെയ്യാന്‍ ശിഷ്യകളെ ഏല്പിച്ചു. പെട്ടെന്ന് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ഒരു സ്ത്രീ ബോധം കെട്ട് നിലത്ത് വീഴുന്നുണ്ടായിരുന്നു, അവര്‍ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു--എന്‍റെ ഏട്ടത്തിയമ്മ--ഏട്ടത്തിയമ്മ-----.അവര്‍ യോഗിനിയുടെ കൈയില്‍ പിടിച്ച് പറഞ്ഞു അങ്ങ് ദൂരെ കേരളത്തില്‍ എനിക്കൊരു ഗുരുവുണ്ടായിരുന്നു , എന്‍റെ അനന്തരാവകാശി ഒരു സ്ത്രീയാണ്, നിന്‍റെ മകളാണ് അതിന്‍റെ തുടര്‍ച്ച ദേവകി എന്നാണ് പേര്, ദേവകി പുത്രാ രക്ഷിക്കണേ എന്ന് പറഞ്ഞാണ് അദ്ദേഹം അന്തരിച്ചത്‌. സുമിത്രാനന്ദക്ക് ഒരു ഭാവമാറ്റവുമുണ്ടായില്ല, എന്നിട്ട് അവര്‍ മൊഴിഞ്ഞു സര്‍വ്വസംഗ പരിത്യാഗിയായ ഈ താപസിനിയെ എന്തിനാണ് പിന്തുടരുന്നത് ? ആ സ്ത്രീ തന്‍റെ കൈസഞ്ചി തുറന്ന് ഒരു പൊതിയെടുത്തു , ഇത് എന്‍റെ കുട്ടിക്ക് ഗുരു സമ്മാനമായി നല്‍കിയതാണ് , ദുഖകരമായ നെടുമംഗല്യത്തിന്‍റെ മുദ്രയുണ്ടിതില്‍ ത്രിക്കൈകൊണ്ട് അനുഗ്രഹിക്കയോ തിരസ്കരിക്കയോ ചെയ്താലും. യോഗിനിമാതാവ് പൊതി തുറന്നു മുഷിഞ്ഞ നൂലില്‍ കോര്‍ത്ത ചെറുതാലിയായിരുന്നു. അവര്‍ അതിനെ അഗ്നികുണ്ഡത്തില്‍ എറിഞ്ഞു. അതിനുശേഷം അവര്‍ അതെടുത്ത് കുട്ടിയുടെ കൈയില്‍ കൊടുത്തു കുട്ടീ ഉരുക്കി ഇനി നിന്‍റെ തലമുറയ്ക്ക് ഇഷ്ടമുള്ളത് പണിയൂ, ഒരിക്കലും ഇതിന്‍റെ മാറ്റ് കുറക്കരുത്--

                                                 യോഗിനിമാതാവിന്‍റെ കണ്ണുകള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു, ബ്രഹ്മത്തില്‍ ലയിച്ചപോലെ, ഉയരത്തിലേക്ക് പറക്കാന്‍ പോകുന്ന മാലാഖയെപ്പോലെ ,  ഈ സമയത്ത് തീര്‍ഥാടകരുടെ നടുവില്‍ നിന്ന് ഒരു മാന്യന്‍ മുന്നോട്ട് വന്ന്, സാഷ്ടാംഗം പ്രണമിച്ച്‌ വിളിച്ചു പറഞ്ഞു അമ്മേ തിരിച്ചു വരൂ അമ്മേ തിരിച്ചു വരൂ ഞാനിതാ വന്നിരിക്കുന്നു, മാതാജി ആകാശത്തില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ചു അവന്‍റെ ശിരസ്സില്‍ തലോടി ശിഷ്യനല്ല, ആരാധകനല്ല സാക്ഷാല്‍ മകന്‍---മകനെ എന്‍റെ മകനെ -അമ്മേ എന്ന വിളികളാല്‍ മുഴങ്ങിയവിടം--ചരാചരങ്ങള്‍ മുഴുവന്‍ കേട്ടിരിക്കണം തപസ്സിന്‍റെ അന്ത്യം.-----


മരുപ്പച്ച




















2017, ജൂൺ 30, വെള്ളിയാഴ്‌ച

കര്‍ക്കടകം

           
       
രാമ രാമ മന്ത്രത്താല്‍ ധന്യമാകും
രാമായണമാസമല്ലോ കര്‍ക്കടകം
രാശികള്‍ മാറുന്ന അര്‍ക്കനും
പുനര്‍ജ്ജനിക്കും സസ്യങ്ങളും
കര്‍ക്കടകത്തിന്‍ കാഴ്ചകള്‍---

മഴയാലെ മാറുന്ന ഭൂമിയും
മണ്ണോടു ചേരുന്ന മനുഷ്യനും
കര്‍ക്കടകത്തിനോര്‍മകള്‍ മാത്രം


പൂമുഖ വാതില്ക്കല്‍ ദീപം തെളിച്ചും
ശീവോതിക്ക് വക്കലും ചന്ദനം ചാര്‍ത്തലും
നിറപറ വെറ്റില അടക്കയൊരുക്കിയും
ദശപുഷ്പത്താല്‍ കാത്തിരിക്കും കര്‍ക്കടകം

കഷ്ടനഷ്ടങ്ങളെന്ന് ചൊല്ലിയ കാലം
ഭക്തി സാന്ദ്രമാം പുണ്ണ്യമാസം
മാറും തലമുറ മറന്ന മാസം

ശ്രാദ്ധ മൊരുക്കിയും തുളസിയുതിര്‍ത്തും
പിതൃതര്‍പ്പണം ചെയ്യുന്ന പുണ്ണ്യമാസം
കാകനെ തേടിയും ജലധാരയോഴുക്കിയും
സൂക്തങ്ങലുരുവിടും നല്ല മാസം


പാലനം ചെയ്യുവാന്‍ നല്ല മാസം
പാലനത്തിന്‍ പേരില്‍ ചൂഷണം മാത്രം
ഔഷധസേവയും ആയുസ്സ് കൂട്ടലും
കച്ചവടത്തിന്‍ നേര്‍കാഴ്ചകല്‍


മരുപ്പച്ച





2017, ജൂൺ 28, ബുധനാഴ്‌ച

രക്തസാക്ഷികള്‍

             
                           
അപരന്‍റെകഴുത്തിലെ കുരുക്കഴിക്കാനായി
സ്വയമേവകുരുക്കേറ്റുവാങ്ങുന്നവരിവര്‍
ദേഹം വിട്ടു ദേഹി പുല്‍കും വരെ നെഞ്ചോടു
ചേര്‍ക്കുന്നിവര്‍ സോദരരെ

ജലംപോല്‍ ചിന്തുന്നിവര്‍ തന്‍ നിണം
ആരോരുമറിയുന്നില്ലിവരുടെ രോദനം
അപരന്‍റെ നന്മ കാംഷിക്കുന്നവര്‍-
ആര്‍ക്കോവേണ്ടി  ജീവിക്കുന്നവര്‍

സ്വാതന്ത്ര്യത്തിന്‍ തേര് തെളിക്കുന്നിവര്‍
ഒരുനാളന്യമാകുന്നു ആരോരുമറിയാതെ
അധികാരം കയ്യാളുവാനെത്തുന്നു
പുതുമുഖങ്ങള്‍ പുതുനീതിയുമായി

ഒറ്റുകാരൊരുക്കുന്നുയിവര്‍ക്ക് കുരിശും
വെടിയുണ്ടയും തൂക്കുകയറുംപിന്നെ
ചരിത്രങ്ങള്‍ മെനയുന്നു തന്നിഷ്ടപ്രകാരം
തൂക്കുന്നു ചുവരില്‍ ഘാതകന്‍ ചിത്രം

അധികാരമെന്തെന്നറിയുന്നില്ലിവര്‍
അധികാരികളാല്‍ ചവിട്ടേല്‍ക്കുന്നിവര്‍
ബൂട്ടിനും ലാത്തിക്കും തോക്കിനും
മുന്നിലിരകള്‍ മാത്രമിവര്‍-

വേണമെന്നുമൊരുകൂട്ടര്‍ക്ക് രക്തസാക്ഷികളും
 കസേരകളുറപ്പിക്കാന്‍രക്തക്കറയും
വര്‍ഷത്തിലൊരിക്കലൊരുക്കിന്നവര്‍
പുഷ്പച്ചക്രവും മുതലക്കണ്ണീരും----

മരുപ്പച്ച




2017, ജൂൺ 25, ഞായറാഴ്‌ച

കപട വിശ്വാസങ്ങള്‍

         
നീയല്ല ഞാനാണ് ശരിയെന്ന്‍-
ചൊല്ലി പതിഞ്ഞ വാക്കുകളാല്‍
മതവാദികള്‍ കൂട്ടുന്നു കുരുക്കുകള്‍
തെരുവോരങ്ങളില്‍-

അലഞ്ഞു നടക്കും ദൈവത്തെ
കാണാതെയലയുന്നൊരുകൂട്ടം
വിശക്കും മനുഷ്യനെ കാണാതെ--
നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നു-
കളിമണ്ണിനും ഉണക്ക മരത്തിനും

മതഭ്രാന്തിന് വളമായി കലര്‍ത്തുന്നു
ആത്മീയതയും രാഷ്ട്രീയവും
വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു
താന്താങ്കളുടെ വയറ്റിപ്പിഴപ്പിനായി

മരത്താലെ കുരിശുകള്‍  മെനയുന്നു
കുരിശിന്‍റെ മഹത്വമെന്തന്നറിയാതെ
സ്വയം കുരിശാകേണ്ടവരിന്ന്‍
അപരന് കുരിശാകുന്നു,
പുലമ്പുന്നു ആദര്‍ശങ്ങള്‍
ത്യാഗമെന്തെന്നറിയാതെ

ആകാശംമുട്ടെ ഉയര്‍ത്തുന്നു ദേവാലയങ്ങള്‍
എളിമയെന്ന പുണ്യമറിയാത്ത മനുഷ്യര്‍--
കവലതോറുമുയര്‍ത്തുന്നിവര്‍
ദൈവത്തിന്‍ പേരില്‍ കാണിക്ക വഞ്ചികള്‍

മരുപ്പച്ച

2017, ജൂൺ 24, ശനിയാഴ്‌ച

പൗലോ കൊയ്‌ലോ-വാല്കെറീസ്


                               പൗലോ കൊയ്‌ലോ-വാല്കെറീസ്
                            **************************************    

പായുന്ന കുതിരയെ പൂട്ടനമെങ്കില്‍ കടിഞ്ഞാണ്‍ ആവശ്യമാണ്‌, അത് പോലെയാണ് മനസ്സ്, ചില വായനകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ട മനസ്സ് അത്യാവശ്യമാണ്. പൌലോ കൊയ്‌ലോoയുടെ  ആല്‍കെമിസ്റ്റ്, ഫിഫ്ത് മൌണ്ടന്‍, അങ്ങനെ പോകുന്ന മറ്റ് കൃതികള്‍ക്ക് നമ്മള്‍ കൊടുക്കുന്ന സൂക്ഷ്മതയെക്കാളുപരി വായനക്കാരന്‍റെ വൈകാരിക തലം ആവശ്യപ്പെടുന്ന
ഒരു നോവല്‍ ആണ് വാല്കെറിസ്. പൗലോ കൊയ്‌ലോയുടെ ജീവിതവുമായി
വളരെ ബന്ധപ്പെട്ടിരിക്കുന്ന ഒരു നോവല്‍ ആണിതെന്ന് പറയാം.സാത്താന്‍ സേവയും മാന്ത്രികവിദ്യയും നിഗൂഡ പാരമ്പര്യം തേടിയുള്ള യാത്രയും
ആത്മീമായ അന്വേഷണവുംപൌലോയുടെ ജീവിത വിഷയങ്ങള്‍ ആണല്ലോ.
ഒരു മാന്ത്രിക ദൈവജ്ഞന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ മനുഷ്യനെയാണ്‌ വാല്‍കെറീസിലൂടെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നത്.

                  പൗലോയും തന്‍റെ ഗുരുവായ ജെ എന്ന മനുഷ്യനുമായുള്ള സംഭാഷണത്തിലൂടെ തുടങ്ങുന്ന നോവല്‍ നിഗൂഡമായ ഏതോ രഹസ്യം തേടാന്‍ ഒരു യാത്ര ആരംഭിക്കുന്നു.ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടില്‍ നിന്ന്  തന്‍റെ ഭാര്യ ക്രിസുമായി ഒരു നീണ്ട യാത്ര, ക്രിസിനു പൗലോയുടെ  ജീവിതത്തെക്കുറിച്ച് വലിയ പിടുത്തമില്ലായിരുന്നു. ഒരോ മനുഷ്യനും അവരുടെ ഒരു രക്ഷിതാവായ ഒരു മാലാഘ ഉണ്ടാകുമെന്നും അവരുമായി സംവദിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും പൗലോ വെളിപ്പെടുത്തുന്നു. നീണ്ട യാത്രക്കുശേഷം  ബോറിഗോ സ്പ്രിംഗ് എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന മരുഭൂമി, പൗലോയും ക്രിസും പരസ്പരം കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നു. നക്ഷത്രങ്ങളെക്കുറിച്ചും നിശബ്ദതയില്‍ കേള്‍ക്കാന്‍ കഴിയുന്ന മാലാഖയുടെ സംസാരത്തെക്കുറിച്ചുമൊക്കെ നീണ്ടു അവരുടെ വിഷയം.അടുത്ത ദിവസം ജീന്‍ എന്ന ചെറുപ്പക്കാരന്‍ അവരുമായി കൂടുന്നു, മാലാഖയെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും സൂഫികഥകളും,  തന്‍റെ മാലാഖയെ കണ്ടെത്താന്‍ സഹായിച്ച വാല്കെരിസിനെ കുറിച്ചും അവരോട് പറയുന്നു. ക്രിസിനെ കൂടെ കൂട്ടിയത് ജീനിന് ഒട്ടും തന്നെ ഇഷ്ടമായില്ല കാരണം ഇത്തരം ചിന്തകളുമായി ഒരു
ബന്ധവും ക്രിസിനില്ല. തന്‍റെ ഭര്‍ത്താവിന്‍റെ ചിന്തകളുമായി തന്‍റെ ചിന്തകളും അടുത്തിരുന്നുവെങ്കില്‍ അവരുടെ ബന്ധം കുറെകൂടി ഊഷ്മളമാകില്ലേ എന്നവള്‍ ചിന്തിച്ചു, ആ കാരണങ്ങളാല്‍ അവള്‍ ഉപബോധമനസ്സിനിനെക്കുറിച്ചും ആഭിചാരത്തെക്കുറിച്ചും ജീനില്‍ നിന്ന് പഠിക്കാന്‍ തുടങ്ങി.മരുഭൂമിയും ചക്രവാളവും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ ക്രിസിന് കഴിഞ്ഞു, സൂക്ഷ്മമായി പ്രകൃതിയെ നിരീക്ഷിക്കാനും അതിലൂടെ തന്‍റെ ആത്മാവ് വളരുന്നതായും അവളറിഞ്ഞു. മരുഭൂമിയിലൂടെയുള്ള യാത്രയുടെ ആവേശം അവരെ വിവസ്ത്രയാക്കി നടക്കാന്‍ പ്രേരിപ്പിച്ചു. അവസാനം മരുഭൂമിയിലെ ചൂട് നിര്‍ജ്ജലീകരണത്തിന് ഇടയാക്കി പരസഹായത്തോടെ ഹോട്ടെലില്‍ എത്തിച്ചേര്‍ന്നു. മനുഷ്യന്‍റെ അമിതാവേശം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍---.പുതിയ അറിവുകള്‍  നേടാനാണ് എന്നും മാലഖമാരുമായി സംസാരിക്കുമായിരുന്നതെന്നാണ് ജീനിന്‍റെ ഭാഷ്യം. ദൈവം നമ്മുടെ കാര്യങ്ങളില്‍ സദാ ശ്രദ്ധാലുവാണെന്നും, എന്തെങ്കിലും ചെയ്യണമെങ്കില്‍ നമ്മുടെ കൈകള്‍ ദൈവത്തിന് വേണമെന്ന് ജീന്‍ പഠിപ്പിക്കുന്നു.


                      അവര്‍ വാല്‍കെരിസ് അഥവാ ദേവകന്യകമാരെ തേടി മരുഭൂമിയില്‍ അലയുകയാണ് ജീന്‍ മുന്‍പ് ദേവകന്യകമാരെ കണ്ട സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വാല്‍കെറിസുകള്‍ പോകുന്ന സ്ഥലങ്ങളില്‍ വ്യക്തമായി ഒരു അടയാളം അവശേഷിപ്പിക്കും അതാണ്‌ പൗലോയുടെയും ക്രിസിന്‍റെയും പ്രതീക്ഷ. അദൃശ്യലോകവുമായി ബന്ധപ്പെടാന്‍ മാധ്യമമുണ്ടാക്കുക എന്ന ഒരു പ്രയോഗം ഈ കഥയിടനീളം പറയുന്നുണ്ട്. മനസ്സിനെ പൂര്‍ണ്ണമായും ശൂന്യമാക്കാന്‍ അനുവദിക്കയും പിന്നെ മഹത്തായ ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവരിക, പിന്നെ അഞ്ജാതമായ ഏതോ ഉറവയില്‍ നിന്ന്  വരുന്ന  ജീവശ്വാസതെ സ്വീകരിക്കുക. കഠിനവും നിരന്തരവുമായുള്ള ശ്രമഫലമായി ക്രിസിന്‍റെ മനസ്സ് ഒരു പ്രത്യക രീതിയില്‍ രൂപാന്തരപ്പെട്ടു.ഇന്നിപ്പോള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അറിവിനെ കുറിച്ച് അവള്‍ കൂടുതല്‍ അഭിമാനിക്കാന്‍ തുടങ്ങി. അവര്‍ വിശ്രമിത്തിനായി അടുത്തുള്ള ഒരു ഭോജനശാലയില്‍ കയറി, ആഹാരം കഴിക്കുന്നതിനോടൊപ്പം അവര്‍ തിരക്കുകയായിരുന്നു ദേവകന്യകമാരെ ആരേലും കണ്ടിട്ടുണ്ടോ--? അപ്രതീക്ഷിതമായി ആയിരുന്നു മരുഭൂമിയെ നടുക്കിയ ശബ്ദം അവര്‍ കേട്ടത് , ശക്തിയേറിയ മോട്ടോര്‍സൈക്കിളില്‍ പോയ വാല്‍കെറിസ് ആയിരുന്നവത്.കറുത്ത വസ്ത്രങ്ങള്‍ ധരിച്ച എട്ട് സ്ത്രീകള്‍ അടങ്ങിയ സംഘമായിരുന്നു, അവരും അതെ ഭോജനശാലയില്‍ കയറി, നിമിഷനെരത്തെ കണ്ണുകള്‍ കൊണ്ടുള്ള  സംവാദം പൗലോയേയും ചുവപ്പ് വസ്ത്രം ധരിച്ചിരുന്ന
വാല്കെരിസുമായി അടുപ്പിച്ചു. പൌലോയുടെ കയ്യില്‍ കിടന്നിരുന്ന മോതിരത്തിന് സമാനമായ ഒരു മോതിരം വാല്‍കെറിസിന്‍റെ കയ്യിലുമുണ്ടായിരുന്നു.അവര്‍ പരസ്പരം പരിചയപ്പെട്ടു വാല്‍കെറി പറഞ്ഞു  അവളുടെ പേര് എം--അപ്പോള്‍ പൗലോ മറുപടി നല്കി എന്‍റെ പേര് എസ്, ശരിക്കും ഈ പേരുകള്‍ അവരുടെ മന്ത്രികനാമം മാത്രമാണ്.എം എന്ന് പേരായ വാല്‍കെറിയുടെ ശരിയായ പേര് മലാല എന്നായിരുന്നു.മലാലയും കൂട്ടരും പൗലോയേയും ക്രിസ്സിനെയും കൂട്ടി വളരെ പഴകിയ ഒരു സ്വര്‍ണ്ണഖനിയിലൂടെ താഴേക്ക്‌ നടന്നു അവിടെയെത്തിയ ശേഷം അര്‍ദ്ധനഗ്നയായ വലാല തന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഏലസ്സ് അഴിച്ചു പൌലോയുടെ കഴുത്തില്‍ അണിയാന്‍ ആവശ്യപ്പെടുന്നു അതിനുശേഷം അവിടെയുണ്ടായിരുന്ന വിളക്ക് കെടുത്തുന്നു.
അബോധമനസ്സിനെ പുതിയ ലോകത്തേക്ക് കൊണ്ടുപോകുന്ന വായനക്ക് രസം പകരുന്ന ഒത്തിരി സംഭവങ്ങള്‍ ഇവിടെ കാണാം.

                                         ഖനിയിലെ സംഭവങ്ങള്‍ക്കുശേഷം പൗലോയും ക്രിസും മാരുഭൂമിയില്‍ അവരെ പിന്തുടര്‍ന്നു, അവരെ മാലാഖയെ കാണുവാനുള്ള വിദ്യകള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി അതോടൊപ്പം വലാലയും പൗലോയും കൂടുതല്‍ അടുക്കാനും. വാല്‍കെരികള്‍ മരുഭൂമിയില്‍  പ്രസംഗിക്കാനും പ്രണയിക്കാനും സന്തോഷിക്കാനും വീഞ്ഞ്കുടിക്കാനും എല്ലാത്തിനും മുന്നില്‍ ആയിരുന്നു.പലതരത്തിലുള്ള പരിശീലങ്ങളും പരിശ്രമത്തിനുശേഷം ക്രിസും മലാലയെപോലെ ആകാന്‍ തുടങ്ങി മാലാലയുടെ ഭാഷ മനസ്സിലാക്കാനും അവളെ പോലെ വസ്ത്രം ധരിക്കാനും  അവരെപോലെ ഉപബോധമനസ്സിന്‍റെ ആഴങ്ങള്‍ മനസ്സിലാക്കാനും. മരുഭൂമിയിലെ നീണ്ട അലച്ചിലുകക്കും  തീവ്ര അഭിലാഷങ്ങള്‍ക്ക് ശേഷവും തന്‍റെ മാലാഖയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൌലോ വല്ലാത്ത നിരാശയില്‍ ആയിരുന്നു. ഒരിക്കല്‍ ആകാശത്ത് കണ്ട അഗ്നി ഗോളങ്ങള്‍ തന്നെ കാണാന്‍ വന്ന മാലഖയാണെന്ന്‍ ധരിച്ച് കാത്തിരുന്നതും പൌലോയെ നിരാശയില്‍ ആഴ്ത്തി.

                                                     രാത്രി അയാള്‍ കിടക്കവിട്ട് എണീറ്റ്‌ ക്രിസിനോട് പറയാതെ മരുഭൂമിയിലേക്ക് യാത്രയായി, തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിയപോലെയൊരു തോന്നല്‍ അപ്പോഴേക്കും സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയപോലെ, തന്‍റെ തൂലികയുമായി നിശബ്ദമായി മരുഭൂമിയില്‍ ഇരിക്കാന്‍ തുടങ്ങി, ഏതോ ഒരു  അദൃശ്യകരം തൂലിക ചലിപ്പിക്കും പോലെ അയാള്‍ അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി, ഒരു ചിത്രശലഭം പറന്നു തന്‍റെ കയ്യില്‍ ഇരുന്നു മാലാഖയില്‍ നിന്നുള്ള രഹസ്യഅടയാളം പോലെ, പെട്ടെന്ന് പുറകില്‍ നിന്ന് ഒരു ശബ്ദം മുട്ടുകുത്തി നില്‍ക്കുക, അയാള്‍ മുട്ടുകുത്തി, പിന്നെ താന്‍ തുടച്ചുവൃത്തിയാക്കിയ തറയില്‍ ഒരു ഒരു സ്വര്‍ണ്ണകരം എഴുതാന്‍ തുടങ്ങി ഇതാണ് എന്‍റെ പേര് ശബ്ദം പറഞ്ഞു---------മരുഭൂമിയിലെ യാത്രയിലൂടെ ഉപബോധമനസ്സിന്‍റെ നിയന്ത്രണത്തിലൂടെ പ്രകൃതിയില്‍ അയാള്‍ മാലഖയെ കണ്ടെത്തി----------.

മരുപ്പച്ച





















തക്ഷന്‍കുന്ന് സ്വരൂപം-യു കെ കുമാരന്‍

           
                
ഒരു ദേശത്തിന്‍റെ ജീവിതം അവരുടെ സംസ്കാരം നാളെ ചരിത്രമായി മാറിയേക്കാവുന്ന വസ്തുതകള്‍  അത് ഒപ്പിയെടുക്കുമ്പോള്‍ അതില്‍ കഥയുണ്ടാകാം ചരിത്രമുണ്ടാകാം കാവ്യാത്മകതയുണ്ടാകാം. ഇത് എല്ലാം ചേര്‍ന്ന ഒരു ജീവിതരീതിയെ അല്ലെങ്കില്‍ സംസ്കാരത്തെ താളുകളില്‍, അല്ലെങ്കില്‍ മറ്റൊരാളുടെ ഹൃദയത്തില്‍ എത്തിക്കുമ്പോള്‍മ്പോള്‍ അതൊരു ചരിത്രമായി മാറുന്നു. തക്ഷന്‍കുന്ന് എന്ന ഗ്രാമത്തിന്‍റെ സ്പന്ദനങ്ങള്‍ അതേപടി ഒപ്പിയെടുക്കുമ്പോള്‍ അതിന്‍റെ വൈകാരികവും സത്യസന്ധവുമായ അനുഭവങ്ങള്‍ ചേര്‍ക്കേണ്ടതായിട്ടുണ്ട് അതില്‍ യു കെ കുമാരന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ അലയടികള്‍ ഭാരതത്തിന്‍റെ ഒരു കോണില്‍ എത്രത്തോളം ഭംഗിയായി അലയടിച്ചിരുന്നുവെന്നും, വര്‍ത്തമാനകാലത്തില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോയ  പ്രതികരണശേഷിക്ക് മറുപടിയായി  സ്ത്രീത്വത്തിന് പര്യായമായി ചൂണ്ടികാട്ടുന്ന മദാമയെന്ന ചായക്കടക്കാരിയും, കല്യാണിയെന്ന സ്ത്രീയും ഈ കഥയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്.രാമര്‍ എന്ന കുട്ടിയിലൂടെ തുടങ്ങുന്ന കഥ അവസാനിക്കും വരെയും എല്ലാത്തിനും മൂകസാക്ഷിയായി നില്ക്കുന്ന ചെമ്പകം, കുട്ടിയായിരുന്നപ്പോള്‍ അതിനുചുറ്റും ഓടികളിച്ചിരുന്ന രാമര്‍ വയസ്സാകുമ്പോള്‍ അതിന്‍റെ ചുവട്ടില്‍ നിന്ന് ഒരു ചെമ്പകപൂവ് എടുക്കുന്നു, ഗ്രാമത്തിലെ  പ്രമാണിയായികഴിഞ്ഞിരുന്ന രാമറിനോട് ഒരു കുട്ടി ചോദിക്കുന്നു അങ്ങ് ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എത്ര പൂവ് വേണമെങ്കിലും വീട്ടില്‍ എത്തിക്കുമായിരുന്നല്ലോ ! ആധുനികയുഗത്തിലെ മലയാളിയുടെ ഉപഭോഗ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ കാണാം.

                                              അയ്യാപട്ടരുടെ ബാങ്കും , രജിസ്റ്റാര്‍ ആഫീസും , കോടതിയും,മദാമയുടെ ചായപീടികയും, കുഞ്ഞികേളുവിന്‍റെ തയ്യല്‍ കടയും, ഒരു ചെറിയ ചന്തയുമാണ്  തച്ചന്‍കുന്നിലെ പറയത്തക്ക സ്ഥാപനങ്ങള്‍. പെരിയവരുടെ മകളെ സ്കൂളില്‍ വച്ച് അധിക്ഷേപിച്ചതന് പിതാവില്‍ നിന്ന് പൊതിരെ തല്ല് കിട്ടി വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട്  ഒരു രാത്രി മുഴുവല്‍ ഇടവഴിയില്‍ കുറുകെയിട്ട മുളയുടെ പാലത്തില്‍ കിടന്ന് ആകാശത്തിലേക്ക് നോക്കി ഉറങ്ങിയ രാമര്‍ ആണ് ഈ കഥയിലെ പ്രധാന ബിന്ദു. സ്കൂളില്‍ പെരിയവരുടെ മകള്‍ക്ക് പ്രത്യേക ഇരിപ്പിടമാണ് അവള്‍ക്ക് ആരെയും കളിയാക്കാം, നിഷ്കളങ്കനായ രാമര്‍ക്ക് വലിപ്പ ചെരുപ്പ വ്യത്യാസങ്ങള്‍ അറിയില്ല, കരിങ്കുരങ്ങെ എന്ന സ്ഥിരം വിളി രാമര്‍ക്ക് അസഹനീയമായിരുന്നു.
ഇനിയെന്തായാലും ആ സ്കൂളിലെക്കില്ലയെന്ന്‍ രാമര്‍ തീരുമാനിച്ചു.അമ്മ മരിച്ചു പോയതിന് ശേഷം വന്ന രണ്ടാനമ്മ  തന്നെ ക്രൂരമായി തല്ലിയ അച്ഛന്‍, ആരെയും ആശ്രയികാതെ ജീവിക്കണം ഇതൊക്കെ പറയാന്‍ തനിക്കുള്ള ഏക കൂട്ട് കുഞ്ഞികേളു മാത്രേയുള്ളൂ. മദാമയുടെയും കുഞ്ഞികേളുവിന്‍റെയും സഹായത്താല്‍ ഇമ്പിച്ചിയുടെ കുതിരലായത്തില്‍ ജോലി കിട്ടി, പണ്ടേ രാമര്‍ക്ക് കുതിരകളെ വളരെ ഇഷ്ടമായിരുന്നു അതാവാം കുതിരയുമായുള്ള തന്‍റെ ബന്ധം ശക്തമാവുകയും ആ ജോലിയില്‍ നന്നായി ശോഭിക്കാനും കഴിഞ്ഞത്.
സ്വതന്ത്ര്യസമരം നാടൊട്ടൊക്ക് അലയടിക്കുന്ന സമയമായിരുന്നു. കേരളഗാന്ധി കേളപ്പജിയുടെ നിര്‍ദ്ദേശപ്രകാരം അവിടെ സേവനത്തിന് വന്ന ശ്രീധര്‍ ഡോക്ടര്‍ അവര്‍ക്ക് ദൈവതുല്യന്‍ ആയിരുന്നു. ഡോക്ടറുടെ  സേവനം അയാളുടെ ഭാര്യയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. കുതിരലായത്തില്‍ ജോലി ചെയ്യുമ്പോഴും രാമറുടെ മനസ്സില്‍ എപ്പോഴും ഒരു വേദന തളം കെട്ടികിടപ്പുണ്ടായിരുന്നു. തന്‍റെ അമ്മയുടെ ശരീരം അടക്കം ചെയ്തത് അച്ചന്‍റെ  സുഹൃത്തായ കണ്ണച്ചന്‍റെ പറമ്പിലാണ് അത് സ്വന്തമാക്കണം, അതിന്ഈ  ജോലിയൊന്നും പോരാ ! നാട്ടില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ആറാട്ട്‌ അടുത്തു. ആറാട്ടിന് ഒത്തിരി കന്നുകാലികളെ കൊണ്ട് വരാറുണ്ട് ആ നാട്ടിലെ വലിയ ഉത്സവം ആണത്. സുഹൃത്തായ ചേക്കുവുമായി ചേര്‍ന്ന് ആറാട്ടിന് എത്തുന്ന കാലികളുടെ ചാണകം  ശേഖരിച്ച് വില്പന നടത്തുന്നു. കിട്ടിയ വരുമാനം വീതിച്ചെടുത്ത ശേഷം ചേക്കു കോഴിക്കോട്ടേക്ക് വണ്ടി കയറി. രാമര്‍ തന്‍റെ വഴികാട്ടിയായ കുഞ്ഞി കേളുവിന്‍റെ സഹായത്താല്‍ കിട്ടിയ പണം ബാങ്കില്‍ നിക്ഷേപിക്കുന്നു. മനസ്സില്‍ ചിന്ത ഒന്നുമാത്രം അമ്മ കിടക്കുന്ന ഭൂമി സ്വന്തമാക്കണം.

                                              ഉപ്പ് സത്യാഗ്രഹവും ധര്‍ണ്ണയും പോലീസ് അറസ്റ്റുകളും തച്ചന്‍കുന്ന് ഗ്രാമത്തെയും നന്നായി ബാധിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതെല്ലാം ഡോക്ടറുടെ വീട്ടില്‍ വച്ചാണ്.രാമര്‍ കണ്ണച്ചന്‍റെ വീട്ടില്‍ കാര്യസ്ഥനായി നിയമിതനായി. കുറച്ചുകാലം കൊണ്ട് കണ്ണച്ചന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ എത്താന്‍ രാമര്‍ക്ക് കഴിഞ്ഞു. കോഴിക്കോട്ടെക്ക് കാളവണ്ടിയില്‍ തേങ്ങ കൊണ്ടു പോകുന്നതും അവിടെ വച്ച് തന്‍റെ പഴയ കൂട്ടുകാരന്‍ ചേക്കുവിനെ കാണുന്നതും വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്. ആ നാട്ടിലെ അറിയപ്പെടുന്ന തെങ്ങ് കയറ്റക്കാരനായ മൈനറുടെ ചില റോളുകള്‍ വായനക്കാര്‍ക്ക് ഒരു ഗ്രാമീണമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒരിക്കല്‍ ഡോക്ടറുടെ വീട്ടിലേക്ക് പോയ രാമറെ കുറച്ചുപേര്‍ വഴി തടഞ്ഞു കാരണം അതുവഴി വാഴുന്നോര്‍ വരുന്നു, ഇത്തരത്തിലുള്ള അനാചാരങ്ങള്‍ പലപ്പോഴും കേളുവുമായി രാമര്‍ ചര്‍ച്ച ചെയ്യാറുണ്ട്.
അപ്രതീക്ഷിതമായി പലതും തക്ഷന്‍കുന്നില്‍ സംഭവിച്ചുകൊണ്ടിരിന്നു. ചിരുകണ്ടനും രണ്ട് പെണ്മക്കളും ഭാര്യയും ബാങ്കിന്‍റെ മുന്നിലിരുന്നു കരയുന്നത് അവര്‍ കണ്ടത്. വാഴുന്നോര്‍ അവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു അതായിരുന്നു കാരണം. താഴ്ന്ന ജാതിക്കാരുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ പ്രായമായാല്‍ വാഴുന്നോരുടെ കുടുംബത്തിലെ ആണുങ്ങള്‍ അവരെ അടയാളം വയ്ക്കല്‍ എന്ന ഒരു പരിപാടിയുണ്ട് ( സംബന്ധം) അത് നടക്കാതെ വന്നാല്‍ അവരെ പുരയില്‍ നിന്ന് ഇറക്കിവിട്ട് വസ്തു ജന്മി കൈക്കലാക്കും. ചിരുകണ്ടന്‍റെ മകളുടെ ആത്മഹത്യ ഇത്തരം അനാചാരങ്ങള്‍ക്ക് എതിരെ ഒരു കാറ്റ് വീശാന്‍ കാരണമായി. കുതിരവണ്ടിയും കാളവണ്ടിയും മാത്രം ഉണ്ടായ തക്ഷന്‍കുന്നില്‍ ആദ്യമായി മദാമയുടെ ബസ് ഓടാന്‍ തുടങ്ങിയതും, താഴ്ന്ന  ജാതിയില്‍പ്പെട്ട മദാമ ബ്ലൌസ് ധരിക്കാന്‍ തുടങ്ങിയതും വലിയ ചര്‍ച്ചാവിഷയമായിരുന്നു.വാഴുന്നോരുടെ ക്രൂരതകള്‍ക്കെതിരെ നാട്ടില്‍ പല ചുവരെഴുത്തുകളും രഹസ്യമായ പ്രതിഷേധങ്ങളുമുണ്ടായി, ഇതിനെല്ലാം പിന്നില്‍ കുഞ്ഞിക്കേളുവായിരുന്നുവെന്ന കാര്യം രാമര്‍ക്ക് പോലും അറിയില്ലായിരുന്നു.നാട്ടിലെ പ്രായം ചെന്നവരുടെ ഇടയിലെ മദ്യപാനം നിര്‍ത്തലാക്കാന്‍ രാമര്‍ നടത്തുന്ന ഇടപെടലുകള്‍  നാട്ടില്‍ രാമറുടെ വ്യക്തിത്വം വര്‍ധിപ്പിച്ചു.വെള്ളക്കാര്‍ ഭഗത്സിങ്ങിനെ തൂക്കികൊന്നതൊക്കെ ആ ഗ്രാമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. താഴ്ന്ന ജാതിക്കാര്‍ക്ക് സ്കൂളില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട്  കേളപ്പജിയുടെനേതൃത്വത്തില്‍ നടന്ന സമരവും അതില്‍ ഗ്രാമവാസികള്‍ വിജയിക്കുന്നതും തച്ചന്‍ കുന്ന് സ്വദേശത്തിന് സാംസ്കാരികമായി പുതുജീവന്‍  കിട്ടിയ പോലെയായി.രാമറുടെ ജീവിത  യാത്രയില്‍  കണ്ടുമുട്ടിയ കല്യാണിയെന്ന പെണ്‍കുട്ടി  രാമറുടെ ചിന്തകളെ മാറ്റി മറിച്ചു.                                                                                                                                                                                                                                                                                                                                                                   മദാമയുടെ, നാട് വിട്ട് പോയി എന്ന് കരുതിയ മകന്‍ ഒരു പ്രഭാതത്തില്‍  തക്ഷന്‍കുന്ന് ദേശത്ത് വരുന്നു. രാവിലെ തോക്കുമായി വേട്ടക്ക് പോകുന്നവന്‍ നാട്ടുകാരുമായി വലിയ ലോഹ്യം കൂടില്ലായിരുന്നു.
പട്ടാളക്കാരന്‍ എന്ന പേരില്‍ നാട്ടിലെ പല പെണ്ണുങ്ങളുമായി അവിഹിതബന്ധത്തിലാവുകയും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കയും ചെയ്യുന്നു. മക്കള്‍ ഇല്ലായിരുന്ന വാര്യരുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കയും  വാര്യരുടെ ഭാര്യ പട്ടാളക്കാരന്‍റെ ഒരു കുഞ്ഞിനെ പ്രസവിക്കയും , അതിന്‍റെ പേരില്‍ അവര്‍ ആത്മഹത്യ ചെയ്യുന്നതുള്‍പ്പെടെയുള്ള പല സംഭവങ്ങളും തനിമയോട്‌ കൂടി അവതരിപ്പിച്ചിരിക്കുന്നു. മദാമ ചായ പീടികയില്‍ നിന്നും ബസില്‍ നിന്നും സമ്പാദിച്ച എല്ലാ പണവുമായി മകന്‍ വീണ്ടും നാട് വിടുന്നു. രാമറുടെ രണ്ടാനമ്മ മറ്റൊരു പുരുഷനുമായി പോകുന്നതോടെ ആ കുടുംബത്തിലും പ്രശ്നങ്ങള്‍ തല പൊക്കുന്നു. ഒരു ഗ്രാമത്തിന്‍റെയോ അതല്ല ഒരു നഗരത്തിന്‍റെയോ കഥകളില്‍ ഹിതവും അവിഹിതവുമായി പലതുമുണ്ടാകും
അത് നാളെ ചരിത്രമാകണമെങ്കില്‍ അത് ഒപ്പിയെടുക്കുന്ന തൂലിക സത്യസന്ധമാകണം.അതില്‍ യു കെ കുമാരന്‍ വിജയിച്ചിരിക്കുന്നു. ഗാന്ധിജിയുടെയും കേളപ്പജിയുടെയും  ആദര്‍ശങ്ങള്‍ക്ക് പിന്നാലെ  ഗ്രാമവാസികള്‍ അണിനിരന്നപോലെ സുഭാഷ് ചന്ദ്ര ബോസിന്‍റെ കൂടെ അണിനിരക്കാന്‍ തച്ചന്‍കുന്നില്‍ നിന്ന് കണാരന്‍ എന്ന ഒരു വ്യക്തി പോയ കാര്യം ഇതില്‍ പ്രതിപാദിക്കുന്നു.  ഡോക്ടറുടെ ഭാര്യയുടെ തിരോധാനത്തോടെ നാടിന്‍റെ നാഡിയായിരുന്ന ഡോക്ടര്‍ തച്ചന്‍കുന്ന്‍ സ്വദേശം വിട്ട് പോകുന്നു.
നാട്ടില്‍ പെട്ടെന്ന് ബാധിച്ച കുരിപ്പ് രോഗത്തിന്‍റെ അണുക്കള്‍ ഒത്തിരി ജീവന്‍ കവര്‍ന്നു, കൂടെ രാമറുടെ അച്ഛന്‍റെയും. വസൂരി ബാധിച്ച രോഗികളെ പ്രത്യകം ഒരു സ്ഥലത്ത് ആക്കി രാമറുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു, നാട്ടിലെ നല്ല ജീവന്‍ പലതും പോയ്‌ക്കഴിഞ്ഞു. കേളപ്പന്‍റെ ഇടപെടലുകളും കുഞ്ഞികേളുവിന്‍റെ ദീര്‍ഘദൃഷ്ടിയും തച്ചന്‍കുന്ന് ഗ്രാമത്തില്‍ ഒരു ഡിസ്പെന്‍സറി വരുവാന്‍ ഇടയാക്കി.

                                                                  രാമറുടെ മനസ്സില്‍ പതിഞ്ഞ കല്യാണിയെന്ന പെണ്‍കുട്ടിയെ തന്‍റെ ജീവിതത്തില്‍ എത്തും മുന്നേ അവളുടെ രക്ഷകര്‍ത്താക്കള്‍  അവളെ മറ്റൊരാള്‍ക്ക്‌ കല്യാണം കഴിപ്പിച്ച് കൊടുത്തു.ആത്മാര്‍ത്ഥമായ ആഗ്രഹങ്ങള്‍ പലപ്പോഴും നന്മയിലേക്കും ആഗ്രഹ സഫലീകരണത്തിലേക്കും നയിക്കാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. പ്രസവിക്കാന്‍ കഴിവില്ല എന്ന പേരില്‍ കല്യാണിയെ വീട്ടില്‍ തിരിച്ചെത്തിക്കുന്നു. കല്യാണിയെ സ്വന്തമാക്കുന്നതോടെ രാമറുടെ ജീവിതം പുതിയ വഴിത്തിരുവിലെത്തുന്നു.കല്യാണിയുടെ പ്രചോദനത്താല്‍ രാമര്‍ വായിക്കാനും എഴുതാനും പഠിക്കുന്നു. ഈ സമയത്താണ് രണ്ടാം ലോകമഹായുദ്ധം, പട്ടിണിയിലും ദാരിദ്ര്യത്തിലും ഉഴലുന്നവര്‍ക്ക് രാമറുടെ നേതൃത്വത്തില്‍ ഭക്ഷണം കൊടുക്കുന്നതും നാടിന്‍റെ രക്ഷകനായി രാമര്‍ മാറുന്നതും കാണാം. കുഞ്ഞുനാളുമുതലേ തന്‍റെ നിഴലായി കൂടെയുണ്ടായ കുഞ്ഞിക്കേളുവിന്‍റെ മരണം രാമറെ വല്ലാതെ തളര്‍ത്തി. കുഞ്ഞികേളുവിന്‍റെ അടക്കശേഷം രാമര്‍ വിഷാദ രോഗിയാകുന്നു. ഈ സമയത്തേക്കും രാമറിന്‍റെ വ്യവസായങ്ങള്‍  വളര്‍ന്നിരുന്നു. വെറും അടുക്കളയില്‍ മാത്രം ഒതുങ്ങി നിന്ന കല്യാണി രാമറിന്‍റെ കച്ചവടങ്ങള്‍ ഭംഗിയായി നടത്തുന്നു. സത്രീത്വത്തിന്‍റെ പ്രതീകമായി യു കെ കുമാരന്‍ ഉയര്‍ത്തികാട്ടുന്ന സ്ത്രീ കല്യാണിയാണ്. ഒരു സാഹചര്യത്തില്‍ കിണറ്റില്‍ വീണ തന്‍റെ കുഞ്ഞിന്‍റെ അടുത്തിരുന്ന രാമര്‍ക്ക് തന്‍റെ നഷ്ടപ്പെട്ട കഴിവുകള്‍ തിരിച്ചു കിട്ടുന്നു. നാട്ടില്‍ വീണ്ടും  നടന്ന ആഘോഷപൂര്‍വ്വമായ ആറാട്ടില്‍  ഓല  മേഞ്ഞ സ്റ്റാളുകള്‍ക്ക് തീ പിടിക്കുന്നു. അതിനകത്ത് അകപ്പെട്ട കുഞ്ഞുങ്ങളുടെ    അമ്മയുടെ രോദനം  രാമാറെ  തീയിലേക്ക്   ചാടാന്‍  പ്രേരിപ്പിച്ചു.   കുഞ്ഞുങ്ങളെ      രക്ഷപ്പെടുത്തിയ   രാമര്‍ക്ക്  നഷ്ട്ടമായാത് ഒരു   കണ്ണ്   ആയിരുന്നു.
                                                         
                                                       ഒരു കണ്ണ് കൊണ്ട് ലോകത്തെ കാണാനായിരുന്നു പിന്നെ രാമറുടെ യോഗം. തന്‍റെ അഭിലാഷം പോലെ അമ്മയുറങ്ങുന്ന മണ്ണ് വാങ്ങി, പട്ടിണിയില്‍ തുടങ്ങി പണക്കരാനായ നല്ല  മനുഷ്യന്‍ രാമര്‍, തച്ചന്‍കുന്ന് ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍, തന്‍റെ ഒറ്റക്കണ്ണിലൂടെ കാണുന്നു ഒരു പാട് മാറി പോയ തന്‍റെ ഗ്രാമം.കല്യാണി പോയി, കണ്ണച്ചന്‍ പോയി, മൈനര്‍ പോയി, കുഞ്ഞികേളു പോയി,  തന്‍റെ വലിയ വീട് വിട്ട് താന്‍ വളര്‍ന്ന ചാണകം തേച്ച കോലായില്‍ പിന്നെ തന്‍റെ അച്ഛനും അമ്മയും ഇരുന്നിടത്ത് ഇരുന്നു പിന്നെ തല തെക്കോട്ട് വച്ച് കിടന്നു പിന്നെ ഈ പ്രപഞ്ചത്തിന്‍റെ ഭാഗമായി---------------..

മരുപ്പച്ച